ആത്മസഖി
രചന: ഭാവനാ ബാബു
“എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….”
അതിരാവിലെ തന്നെ അവളുടെ മെസ്സേജ് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…
“ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർത്താൽ നാളേക്ക് വല്ലോം ബാക്കി വയ്ക്കണ്ടെടെ….”അവളെ ചൊടിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു.
അത് വായിക്കുമ്പോൾ അവൾ പതിവ് പോലെ എന്നോട് തല്ല് കൂടുമെന്നാണ് കരുതിയത്…. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി അവൾ ഒന്നും മിണ്ടാതെ പോയി.
ചിലപ്പോഴൊക്കെ അവളുടെ സ്വഭാവം ഇങ്ങനെയാണെന്ന് ഞാനോർത്തു. തല്ല് കൂടിയും പിണങ്ങിയും പരിഭവിച്ചും വർ ഷങ്ങളായി അവളെന്റെ സുഹൃത്തായി എന്റെ ഒപ്പമുണ്ട്.
നഗരത്തിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ വച്ചാണ് ഞാനാദ്യം സ്വാതിയെ കണ്ടു മുട്ടുന്നത്. എന്നെപ്പോലെ അവളും അവിടെ ജോയിൻ ചെയ്യാൻ വന്നതായിരുന്നു. ഏഴ് പേരുള്ള ഗ്രൂപ്പിന്റെ ലീഡർ ഞാനായിരുന്നു. പലപ്പോഴും ക്ലൈന്റിനെ മാനേജ് ചെയ്യാനും, മീറ്റിംഗ് അറ്റൻഡ് ചെയ്യാനും പൊതുവെ ഇൻട്രോവേർട്ട് ആയ അവൾക്ക് സാധിച്ചി രുന്നില്ല….
“ഹലോ സ്വാതി, എന്റെ പേര് ശ്രീ രാഗ് “ഒരു ദിവസം ലഞ്ചിന്റെ ഇടവേളയിലാണ് ഞാൻ അവളെ നേരിട്ട് പരിചയപ്പെടുന്നത്….
“ഉം… എനിക്കറിയാം ഞങ്ങളുടെ ടീമിന്റെ ലീഡർ അല്ലെ?ഞാൻ കാരണം നിങ്ങളുടെയും പോയ്ന്റ്സ് കുറയുന്നുണ്ടല്ലേ “?
വിഷത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് എനിക്കും സങ്കടമായി…. ഏകദേശം ഒന്ന് രണ്ട് മണിക്കൂർ നീണ്ട വാർത്തമാനത്തിനൊടു വിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
ആ കമ്പനിയിൽ ഒരു ടെലി കോളറുടെ ജോലി, അതായിരുന്നു അവളുടെ ലക്ഷ്യം.ശമ്പളം തീരെ കുറവായിരുന്നെങ്കിലും അത് നേടണമെങ്കിൽ സ്വന്തമായി ഒരു പോളിസി എങ്കിലും എടുക്കണം.ഭർത്താവിനെ ഡിപെൻഡ് ചെയ്യാതെ മോനെ വളർത്തണം അത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം.
ഏകദേശം ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ കൂടെയുള്ള എല്ലാവർക്കും നാലോ അഞ്ചോ പോളിസി കിട്ടി. സ്വാതിക്ക് മാത്രം ഒന്നും കിട്ടിയില്ല. അങ്ങനെ കൂട്ടുകാരുടെ കളിയാക്കലിന് അവളൊരു കാരണമായി. ഇതെല്ലാം കണ്ട് സഹിക്കാൻ കഴിയാതെയാണ് ഞാനെന്റെ ചില കസ്റ്റമേഴ്സിനെ അവളുടെ അടുത്തേക്ക് പറഞ്ഞയച്ചത്.
അങ്ങനെ അവൾക്കും പോളിസി കിട്ടി…. വൈകാതെ അവളുടെ ആഗ്രഹം പോലെ ടെലി കൊള്ളർ ആയി ജോലിയും കിട്ടി. അത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. അവളുടെ വളർച്ചയിൽ അഭിമാനിക്കുന്നൊരു മനസ്സ് എന്റെയുള്ളിൽ വളരുന്നുണ്ടായിരുന്നു
എന്റെ സന്തോഷത്തിന് പക്ഷെ ആയുസ്സ് തീരെ ഉണ്ടായില്ല. ഞാൻ കാരണമാണ് അവൾക്ക് ആ പോളിസിയൊക്കെ കിട്ടിയതെന്ന് അവളെങ്ങനെയോ അറിഞ്ഞു. അന്നാദ്യമായി അവളെന്നോട് വഴക്കിട്ടു. രണ്ട് ദിവസം മിണ്ടാതെ മാറിയിരുന്നു. എന്നാൽ എല്ലാം മനസ്സിലാക്കി അവളെന്റെ അടുക്കലേക്ക് തിരിച്ചെത്തുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
ഒന്ന് രണ്ട് ആഴ്ചകൾക്ക് ശേഷം എനിക്ക് മറ്റൊരു നഗരത്തിൽ നല്ലൊരു ജോലി കിട്ടി. പെട്ടെന്ന് ജോയിൻ ചെയ്യണമെന്നുള്ളത് കൊണ്ട് അവളോട് യാത്ര പറയാൻ പോലും കഴിഞ്ഞില്ല. വളരെ സങ്കടത്തോടെയാണ് ഞാനന്ന് ജോലിക്ക് കേറിയത്. തുടരെ തുടരെ ഞാൻ അവളെ വിളി ച്ചെങ്കിലും ഫോൺ സ്വിച്ചഡ് ഓഫ്.
ഇടക്ക് കൊച്ചിയിലേക്ക് പോയപ്പോൾ ഞാൻ അവളെ കാണാനായി ഇൻഷുറൻസ് ഓഫീസിൽ പോയിരുന്നു. അപ്പോൾ അവളും എന്നെ പോലെ ജോലി മതിയാക്കി നാട്ടിലേക്ക് പോയെന്ന് അറിഞ്ഞു.
മാസങ്ങളോളം ഉണ്ടായിരുന്ന ഞങ്ങളുടെ സൗഹൃദം അങ്ങനെ ഒന്നുമാകാതെ രണ്ടു വഴിയ്ക്കായി. ഇടക്കൊക്കെ ഞാൻ അവളെ ഓർക്കുമ്പോൾ ഫോണിലേക്ക് ആവേശത്തോടെ നോക്കും. അവളുടെ കോളോ മെസ്സേജോ വല്ലതും ഉണ്ടോയെന്നു. നിരാശ മാത്രമായിരുന്നു ഫലം.
“കഥയും, കവിതയും നേരം പോക്കലുകളുമായി ഫേസ് ബുക്കിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് ഒരു ദിവസം ഇൻബോക്സിൽ ഒരു ‘ഹായ്’ വന്നത്. അത്ര ഉന്മേഷം ഒന്നുമില്ലാതെ അയച്ച ആളുടെ ഡിപി നോക്കിയപ്പോൾ അത് സ്വാതി ആയിരുന്നു. ആദ്യം ഞാൻ കുറേ തെറിയാണ് അയച്ചത്. അവളുടെ റിപ്ലൈ ഒന്നും നോക്കാതെ ഞാൻ തുരു തുരാ അയച്ചു കൊണ്ടേയിരുന്നു.
കമ്പനിയിലെ ചില പ്രോബ്ലംസ് കാരണം അവൾ ജോലി മതിയാക്കിയതും ഒടുവിൽ അവരുടെ ശല്യം കാരണം അവൾ സിം മാറ്റിയതുമെല്ലാം ഒറ്റ ശ്വാസത്തിൽ അവളെന്നോട് പറഞ്ഞു.ഇപ്പോൾ അവൾ മറ്റൊരു ഷോപ്പിലാണ് വർക്ക് ചെയ്യുന്നത് അങ്ങനെ ഇനിയൊരിക്കലും കണ്ടില്ലെന്ന് വിശ്വസിച്ചിരുന്ന അവളെ വീണ്ടും ഞാൻ സോഷ്യൽ മീഡിയയിലൂടെ കണ്ടു മുട്ടി. ആ സൗഹൃദം ഇന്നിപ്പോൾ അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു…
എന്റെ മെസ്സേജ് കണ്ടിട്ടും എന്താകും അവൾ മുഖം വീർപ്പിക്കാതെ പോയത്. അപ്പോൾ അത് മാത്രമായിരുന്നു എന്റെ ചിന്ത. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവൾ പറഞ്ഞത് പോലെ നല്ലൊരു ഇയർ ഫോണും വാങ്ങി. അല്ലെങ്കിൽ പിന്നെ അത് മതി അതിനെന്നോട് വഴക്ക് കൂടാൻ. ആ വഴക്ക് കൂടലുകളും, പിണങ്ങിപോകുമൊക്കെ ഓർത്തപ്പോൾ ആൾക്കൂട്ടത്തിനിടയിലും ഞാൻ അറിയാതെ ചിരിച്ചുപോയി.
രാത്രി ഏറെ വൈകി റൂമിലെത്തിയപ്പോൾ കൂടെയുള്ളവൻ പുതച്ചു മൂടി സോഫായിൽ നീണ്ടു നിവർന്നു ഉറക്കത്തിലാണ്…..
ആദ്യം നടുവ് നോക്കി ആഞ്ഞൊരു ചവിട്ട് കൊടുക്കാനാണ് തോന്നിയത്. അതുപിന്നെ എനിക്ക് തന്നെ ഏണി ആകുമെന്ന് തോന്നിയപ്പോൾ ഞാനവനെ മെല്ലെ തട്ടി വിളിച്ചെഴുന്നേൽപ്പിച്ചു.
“എട്ടു മണിയായപ്പോഴേക്കും കതകും മലർക്കെ തുറന്നു വച്ചു നീ ഉറക്കമായോ? ഇനിയിപ്പോ ചോറും കറിയുമൊക്കെ ക്ഷീണിച്ചു വന ഞാൻ തന്നെ വയ്ക്കണം അല്ലെ? ദേഷ്യത്തോടെ ഞാൻ അവനോട് ചോദിച്ചു.
എന്റെ ചോദ്യം കേട്ടിട്ടും അവനൊരു കൂസലുമില്ല. കൊതുകിന്റെ മൂളൽ കൂടിയത് കൊണ്ടാകും, അവൻ പുതപ്പ് വലിച്ചു തലയിലേക്കിട്ട് തിരിഞ്ഞു കിടപ്പായി.
അവനെന്നെ തീർത്തും അവഗണിക്കുന്നെന്ന് തോന്നിയപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു. തുറന്നു കിടന്ന ഡോർ ഞാൻ വലിച്ചടച്ചു. സന്ധ്യ ആകുമ്പോഴേക്ക് കതകും ജനാലയു മൊക്കെ അടച്ചിടണമെന്ന് പറഞ്ഞാൽ ആര് കേൾക്കാൻ? നീ ഒറ്റ ഒരുത്തനാണ് ഇവിടെ ഇക്കണ്ട കൊതൂനെയൊക്കെ കേറ്റുന്നത്.
ഞാൻ ഉറക്കെ പറയുന്നത് കേട്ടിട്ടും അവനൊരു കുലുക്കവുമില്ല. അങ്ങനെയാണ് ഞാൻ ദേഷ്യത്തോടെ അവന്റെ പുതിപ്പ് വലിച്ചെടുത്തു ദൂരേക്ക് എറിഞ്ഞത്.
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…..? ഓ… നിന്റെ അവളിന്ന് വിളിച്ചില്ലായിരിക്കും. അപ്പോഴാണല്ലോ നീയിങ്ങനെ മൂട്ടിൽ തീപിടിച്ചും കൊണ്ട് ഓരോന്ന് ചെയ്യുന്നത്.
എന്റെ പ്രവർത്തിയിൽ ദേഷ്യം പിടിച്ചു അവൻ ചാടിയെണീറ്റ് ആക്രോശിച്ചു കൊണ്ട് ചോദിച്ചു.
അവന്റെ ചോദ്യം കേട്ടപ്പോഴാണ് നേരം ഒൻപതര കഴിഞ്ഞിട്ടും അവളെന്നെ വിളിച്ചില്ലല്ലോ എന്ന് ഞാനോർത്തത്. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഞാനവളെ വിളിച്ചു. ഫോൺ സ്വിച്ചഡ് ഓഫ്.
രാവിലെ മുതൽക്കേ അവളുടെ പെരുമാറ്റത്തിൽ എനിക്കെന്തൊക്കെയോ പന്തികേട് തോന്നിയിരുന്നു. അന്ന് ജോലിയൊക്കെ കഴിഞ്ഞ് കുറച്ചു ആസ്വസ്ഥനായിട്ടാണ് ഞാൻ കിടന്നുറങ്ങിയത്.
പിറ്റേദിവസം ഞായറാഴ്ച ആയതിനാൽ വൈകിയാണ് ഞാൻ ഉറക്കമെഴുന്നേറ്റത്.ഉണർന്ന പാടെ ഞാൻ ഫോൺ എടുത്തു നോക്കി. വാട്ട്സ് ആപ്പിൽ അവളുടെ വോയ്സ് നോട്ട് കണ്ടതും സന്തോഷത്തോടെ ഞാൻ അത് ഓൺ ചെയ്ത് ചെവിയോട് ചേർത്തു പിടിച്ചു.
“ശ്രീ ഇന്നലെ എന്റെ കോൾസും, മെസ്സേജും കാണാത്തത് കൊണ്ട് നീ എന്നോട് പരിഭവിച്ചിരിക്കുകയാകും. എനിക്കറിയാം. നിന്നെ വിളിക്കുകയാണെങ്കിൽ എനിക്ക് കള്ളം പറയാൻ ഇനിയും വയ്യ. സത്യത്തിൽ രണ്ട് ദിവസങ്ങളായി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.
ഇന്നലെ വൈകുന്നേരം ഞാൻ ഡിസ്ചാർജ് ആയി.വീട്ടിൽ അമ്മയോട് സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് നെഞ്ച് വേദന കൂടി. ചെക്ക് അപ്പും, സ്കാനിങ്ങും ഒക്കെ കഴിഞ്ഞു. റിസൾട്ടും വന്നു. അന്ന് മാറ്റിവച്ച സർജറി ഉടനെ നടത്തണമെന്നാണ് ഡോക്ടർ പറയുന്നത്.
ഏറിയാൽ 2 ആഴ്ച്ചയ്ക്കുള്ളിൽ. അതൊന്നും എനിക്ക് പ്രശ്നമില്ല. പക്ഷെ അഞ്ചാറ് ലക്ഷം രൂപയാകും. പൈസയ്ക്ക് ഇപ്പൊ ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇതൊക്കെ കേട്ടപ്പോൾ അമ്മയ്ക്കാണ് വല്ലാത്ത വിഷമം ഞാൻ പറഞ്ഞു “കൂടിപ്പോയാൽ അങ്ങ് ചത്തുപോകും അത്രയല്ലേ ഉള്ളൂ “. അതോടെ അമ്മ കരച്ചിലോട് കരച്ചിൽ.
അവൾ ഒരു തമാശയോടെ അവസാനം പറഞ്ഞ വാക്കുകൾ കേട്ട് എന്റെ നെഞ്ചോന്നു പിടഞ്ഞു. അവളെ നഷ്ടപ്പെടുന്ന കാര്യം സ്വപ്നത്തിൽ പോലും എനിക്കോർക്കാൻ കഴിഞ്ഞില്ല. എങ്ങനെയും പൈസ ഒപ്പിച്ചു അവളെ രക്ഷിക്കണം അപ്പോൾ അത് മാത്രമായിരുന്നു എന്റെ മനസ്സിൽ.
സ്വാതിയുടെ ഭർത്താവ് പ്രകാശ് ഒരു സബ് കോൺട്രാക്ടർ ആണ് ബി. ആർ. ബിൽഡേ ഴ്സിന്റെ വർക്കുകളൊക്കെ അയാളാണ് ചെയ്യുന്നതെന്ന് ഒരിക്കൽ സ്വാതി പറഞ്ഞത് ഞാനോർത്തു. സെപറേറ്റഡ് ആണെങ്കിലും അവർ ലീഗലി ഡിവോഴ്സ്ഡ് അല്ല. നെറ്റിൽ നിന്നും നമ്പർ തപ്പിയെടുത്ത് ഞാൻ അയാളെ വിളിച്ചു. സ്വന്തം കുഞ്ഞിന്റെ അമ്മയോട് അയാൾക്ക് ഇത്തിരി സ്നേഹമൊക്കെ മനസ്സിൽ ബാക്കി ഉണ്ടാകില്ലേ.
ആ ധൈര്യത്തിലാണ് ഞാനയാളെ വിളിച്ചത്. സ്വാതിയുടെ ഓർണമെൻറ്സ് പണയം വച്ചാണ് അയാൾ ബിസിനസ് തുടങ്ങിയത്. ബിസിനസ് വളരുന്നതനുസരിച്ച് അയാളുടെ സ്വഭാവത്തിലും മാറ്റം വന്നു. അങ്ങനെയാണ് ഒരു ദിവസം സഹികെട്ടു സ്വാതി മോനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വന്നത്.
ഒന്ന് രണ്ട് റിങ്ങിനുമപ്പുറം പ്രകാശ് കോൾ അറ്റൻഡ് ചെയ്തു.
“ഹലോ “അയാളുടെ പരുക്കൻ ശബ്ദം കേട്ട് ആദ്യം ഞാനൊന്ന് പരുങ്ങിയെങ്കിലും ധൈര്യം സംഭരിച്ചു ഞാനും തിരിച്ചു ഹലോ പറഞ്ഞു.
“ബിൽഡിംഗ് കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട് വിളിച്ചതാണോ, അല്ല, ഈ നമ്പർ ഫമിലിയർ അല്ല അതുകൊണ്ട് ചോദിച്ചതാണ് “പ്രകാശിന്റെ ചോദ്യം കേട്ടിട്ടും അയാളോട് എന്ത് പറയണമെന്ന അവസ്ഥയിലായിരുന്നു ഞാൻ.
“ഞാൻ സ്വാതിയുടെ ഫ്രണ്ട് ആണ്…. അവളെ കുറിച്ചൊരു കാര്യം………………”
“സോറി, അവളെപ്പറ്റി ഒന്നും അറിയാനോ കേൾക്കാനോ എനിക്കിപ്പോൾ സമയമില്ല, താല്പര്യവുമില്ല ”
എന്റെ വാക്കുകൾ പൂർത്തിയാക്കും മുന്നെ അതും പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ അയാൾ ഫോൺ കട്ട് ചെയ്തു.
എന്തൊരു മനുഷ്യനാണ് ഇയാൾ….. പ്രകാശിനെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് പൈസ ഉണ്ടാക്കാനുള്ള അടുത്ത വഴി ഞാൻ തേടികൊണ്ടിരുന്നു.
ഒട്ടും സമയം കളയാതെ ഞാൻ സ്വാതിയുടെ അമ്മയെ വിളിച്ചു.ഇത്രയും വർഷങ്ങൾക്കിടെ ആകെ ഒന്നോ രണ്ടോ പ്രാവശ്യമാണ് ഞാൻ അമ്മയോട് സംസാരിച്ചിട്ടുള്ളത്.അതു കൊണ്ടുതന്നെ മടിച്ചു മടിച്ചാണ് ഞാൻ അമ്മയെ വിളിച്ചത്.
ഏറെ നേരം വിളിച്ചിട്ടും മറുപടി ഇല്ലെന്ന് കണ്ടപ്പോൾ ഞാനാകെ നിരാശനായി സോഫയിലേക്ക് ചാഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ കോൾ കണ്ടപ്പോൾ ഉത്സാഹത്തോടെ ഞാനത് അറ്റൻഡ് ചെയ്തു.
“ഹലോ ആരാ… ഫോണിൽ അമ്മയുടെ ക്ഷീണിച്ച സ്വരം.
“അമ്മേ, ഞാൻ ശ്രീരാഗ്, അമ്മയ്ക്കെന്നെ ഓർമ്മയുണ്ടോ ആവോ. സ്വാതിക്കൊപ്പം വർക്ക് ചെയ്തിട്ടുള്ള ശ്രീ….”
“ഓ ശ്രീ മോനോ. ഓർമ്മയുണ്ട് ഓർമ്മയുണ്ട്. എന്താ മോനെ കാര്യം “?
“അമ്മേ സ്വാതി എവിടെയാണ്, അമ്മയുടെ അടുത്ത് നിൽക്കുന്നുണ്ടോ “?
“അവൾ ടാബ്ലെറ്റും കഴിച്ച് റൂമിൽ നല്ല ഉറക്കമാണ് ”
സ്വാതി അമ്മയുടെ അടുത്ത് ഇല്ലെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി.
“മോൻ സ്വാതിയുടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നോ? ദുഃഖം അടക്കി വച്ചു കൊണ്ട് അമ്മ ചോദിച്ചു.
“അവൾ പറഞ്ഞിരുന്നു. ഓപ്പറേഷൻ ഒട്ടും വൈകേണ്ടെന്നാണ് എന്റെ അഭിപ്രായം.സമയം കഴിയുന്തോറും കാര്യങ്ങൾ കൈവിട്ട് പോകില്ലേ “? അധിയോടെ ഞാൻ അമ്മയോട് ചോദിച്ചു.
“ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോനെ. പൈസ ഉണ്ടായിരുന്നെങ്കിൽ ഇന്നലെത്തന്നെ ഓപ്പറേഷൻ ചെയ്തേനെ. എഫ്.ടി.യിൽ കിടന്ന നാല് ലക്ഷം രൂപ കഴിഞ്ഞ മാസം ഞാനെന്റെ ചേച്ചിയുടെ മോന് വിദേശത്തു പോകാൻ കൊടുത്തു. അവൻ അത് തിരിച്ചു തരും.
പക്ഷെ സമയം എടുക്കും. ഇങ്ങനെ ഒക്കെ വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇനിയെന്ത് ചെയ്യുമെന്ന് എനിക്കൊരു പിടിയുമില്ല. പൈസ ഇല്ലാത്ത ഒറ്റകാരണം കൊണ്ട് എനിക്കെന്റെ മോളെ നഷ്ടമാകുമോ മോനെ?”
കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു അമ്മ. ഒടുവിൽ എന്തൊക്കെയോ പറഞ്ഞു ഞാനമ്മയെ സമാധാനിപ്പിച്ചു. ഈശ്വരൻ ഒരു വഴി കാണിച്ചു തരുമായിരിക്കും അല്ലെ… സത്യത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ കൈയിലും ഇല്ലായിരുന്നു.
“എടാ നിന്റെ കൈയിൽ ഒരു അഞ്ചു ലക്ഷം രൂപ എടുക്കാനുണ്ടോ “?
റൂം മേറ്റായ അരുണിനോടായിരുന്നു എന്റെ ചോദ്യം.
എന്റെ ചോദ്യം കേട്ട് അവനൊന്നമ്പരന്നു.
“നീയെന്താ നട്ടുച്ചക്ക് ആളെ വടിയാക്കുകയാണോ. രണ്ട് മാസം മുന്നെ എന്റെ പെങ്ങളുടെ കല്യാണം നടത്താൻ നിന്റെ കൈയിൽ നിന്നല്ലേ ഞാൻ ഒന്നര ലക്ഷം രൂപ കടം വാങ്ങിയത്.”?
അപ്പോഴാണ് ഞാൻ അവന്റെ അവസ്ഥ ഓർത്തത്.
“എടാ ആ പൈസ നിനക്കിപ്പോ തിരിച്ചു തരാൻ ഉണ്ടാകുമോ? ഇല്ലെങ്കിൽ നീയാരുടെ കൈയിൽ നിന്നെങ്കിലും പലിശക്ക് വാങ്ങി തന്നാലും മതി “.
“എന്താ അളിയാ, കാര്യം സീരിയസ് ആണോ? വസ്തുവിന്റെ പ്രമാണം ബാങ്കിൽ പണയം വച്ച് ഞാനൊരു ലോണിന് അപ്ലൈ ചെയ്തിട്ടുണ്ട്. പക്ഷെ പൈസ കിട്ടാൻ മൂന്നാല് ആഴ്ചയെടുക്കും.”
അവൻ പറഞ്ഞത് കേട്ട് എനിക്കാകെ സങ്കടമായി. പലരോടും കടം ചോദിച്ചെങ്കിലും സമയത്തിന് കിട്ടാനുള്ള സാധ്യത ഒട്ടുമില്ലായിരുന്നു.
ഒന്നും ചെയ്യാൻ കഴിയാതെ നാലഞ്ച് ദിവസങ്ങൾ കടന്നുപോയി. സ്വാതിയുടെ ആരോഗ്യം വല്ലാതെ വഷളായി കൊണ്ടിരുന്നു. മരണം എന്ന യഥാർഥ്യത്തെ അവൾ ഏറെ കുറേ മനസ്സു കൊണ്ട് അംഗീകരിച്ച കഴിഞ്ഞു. അപ്പോഴും ഞാൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
ഒരു ദിവസം ജോലി കഴിഞ്ഞു റൂമിൽ റെസ്റ്റ് എടുക്കുമ്പോഴാണ് അമ്മാവന്റെ കോൾ എന്നെ തേടി വരുന്നത്. ആളൊരു പാവം ആയിരുന്നെങ്കിലും മൂപ്പരുടെ ദീർഘ നേരം നീണ്ടു നിൽക്കുന്ന സംസാരം പലപ്പോഴുമെന്നെ ബോറടിപ്പിച്ചിരുന്നു.
സ്വാതിയുടെ ചിന്തകൾ എന്നെ അലട്ടിയിരുന്നത് കൊണ്ട് എനിക്കെന്തോ അമ്മാവനോട് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. അത് കൊണ്ട് കോൾ കട്ട് ചെയ്തു ഞാൻ കിച്ചനിലേക്ക് നടന്നു.
അമ്മാവൻ തുടരെ തുടരെ നിർത്താതെ എന്നെ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ സഹികെട്ടു ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“എന്താടാ നിനക്കെന്റെ കോൾ ഒന്നെടുത്താല്. എത്ര നേരമായിട്ട് ഞാൻ നിന്നെ വിളിക്കുന്നു.”?
ദേഷ്യം കൊണ്ട് കലി തുള്ളുകയായിരുന്നു അമ്മാവനപ്പോൾ. തിരിച്ചൊന്നും പ്രതികരിക്കാതെ ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു.
“അമ്മാവനെന്താ വിളിച്ചത്? കാര്യം പറയ് “അസംതൃപ്തിയോടെ ഞാൻ ചോദിച്ചു
“എടാ, നമ്മൾ വർഷങ്ങളായി ഒരു കേസ് നടത്തികൊണ്ടിരുന്നില്ലേ “?
ഓ തൊടങ്ങി കേസും കൂട്ടവും. ദേഷ്യം ഇരച്ചു കേറി വന്നെങ്കിലും അതൊന്നും പുറമെ കാണിക്കാതെ എല്ലാം ഉളിലടക്കി ഞാനെല്ലാം കേട്ടു നിന്നു.
“കേസ് നമ്മൾ തോറ്റോ “? ഒട്ടും ഉന്മേഷം ഇല്ലാതെ ഞാൻ ചോദിച്ചു
“ഒന്ന് പോടാ… കേസൊക്കെ നമ്മളെന്നോ ജയിച്ചു. പൈസ ബാങ്കിൽ ക്രെഡിറ്റ് ആയത് ഇന്നലെയാണ്. ഓരോരുത്തർക്ക് പത്ത് ലക്ഷം രൂപയുണ്ട്. നിന്റെ പെങ്ങളെ വിളിച്ചു അകൗണ്ട് നമ്പർ വാങ്ങി നിന്റെ വിഹിതം പത്ത് ലക്ഷം നിന്റെ അകൗണ്ടിൽ ഞാൻ ഇട്ടിട്ടുണ്ട്.
അമ്മാവൻപറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചിരുന്നു.
“എന്റെ അകൗണ്ടിൽ പത്ത് ലക്ഷം രൂപയോ? അതും ഒറ്റ ദിവസം കൊണ്ട്.കൂടുതലൊന്നും ചോദിക്കാനോ, പറയാനോ നിൽക്കാതെ കോൾ കട്ട് ചെയ്ത് ഞാൻ അകൗണ്ട് ചെക്ക് ചെയ്തു. അമ്മാവൻ പറഞ്ഞത് ശേരിയാണ്. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.
പിന്നെ കാര്യങ്ങളൊക്കെ വളരെ വേഗത്തിലാണ് നീങ്ങിയത്. തല്ക്കാലം പൈസ മുടക്കുന്നത് ഞാനാണെന്ന് സ്വാതി അറിയരുതെന്ന് ഞാൻ അമ്മയോട് റിക്വസ്റ്റ് ചെയ്തു.
ഇന്ന് സ്വാതിയുടെ ഒപ്പറേഷനാണ്. കുറച്ചു കോംപ്ലിക്കേറ്റഡ് സർജറി ആണെന്നോർത്തപ്പോൾ ഇരിക്കുപ്പൊറുതി ഇല്ലാതെയാണ് ഞാനീ അമ്പല നടയിലെത്തിയത്. അമ്മ വയ്യാണ്ട് ഇരുന്നപ്പോഴാണ് ഒടുവിലായി ഞാനിങ്ങനെ സങ്കടത്തോടെ കൈകൂപ്പി നിന്നത്. അന്ന് ഈശ്വരന്മാർ എന്റെ പ്രാർത്ഥന കേട്ടില്ല. അങ്ങനെ ഈ പരിപാടി ഞാനന്ന് അവസാനിപ്പിച്ചതാണ്.
പക്ഷെ സ്വാതിയെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യത ഓർത്തപ്പോൾ എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അടിയുലഞ്ഞ മനസ്സിനെ ശാന്തമാക്കി റൂമിലേക്ക് നടക്കുമ്പോഴും, സ്വാതിയുടെ അമ്മയുടെ ഗുഡ് ന്യൂസിന് കാതോർത്തു കൊണ്ട് ഞാൻ ഫോൺ കൈയിൽ തന്നെ പിടിച്ചു.
ഏകദേശം എട്ട് മണിയോടെയാണ് അമ്മയുടെ കോൾ വന്നത്. നല്ലത് മാത്രം സംഭവിച്ചിരിക്കണേ എന്ന് മനസ്സിൽ പലവട്ടം ഉരുവിട്ട് കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
“മോനെ…. സർജറി സക്സസ്സ് ആയിരുന്നു. എങ്ങനെയാ ഞാൻ മോനോട് നന്ദി പറയുക? സന്തോഷം കൊണ്ട് ആ കണ്ണുകൾ നനയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതിനൊപ്പം ഞാനും.
ഏഴ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്വാതി ഡിസ്ചാർജ് ആയി. മെസ്സേജിലൂടെ അവൾ ഇടയ്ക്കിടെ വിവരങ്ങൾ അറിയിച്ചു കൊണ്ടിരുന്നു.
“നീയെന്താടാ എന്നെ കാണാൻ വരാത്തത്?സ്നേഹമില്ലാത്ത തെണ്ടി ”
“അതെ, എനിക്ക് സ്നേഹമില്ലെന്ന് തനി ക്കറിഞ്ഞുകൂടെ? ചിരിക്കുന്ന സ്മൈലിയോടെയുള്ള എന്റെ റിപ്ലൈ കണ്ടതും, മുഖം വീർപ്പിച്ചും കൊണ്ടവൾ പരിഭവിച്ചു പോയി.
രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ഞാൻ അവളെ കാണാൻ പോയത്. എന്നെ കണ്ട എക്സൈറ്റ്മെന്റ് ഉള്ളിലൊതുക്കി ,ഒരൽപ്പം ഭയത്തോടെ അവൾ അമ്മയെ നോക്കി. ഫ്രണ്ട്സ് എന്നും പറഞ്ഞു ആരും അവളെ കാണാൻ വരുന്നത് അമ്മക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷെ അമ്മയുടെ സന്തോഷം കണ്ടപ്പോൾ അവളാകെ അമ്പരന്നു.
“എന്താ മോനെ വന്ന കാലിൽ നിൽക്കുന്നത്. ദാ ഇങ്ങോട്ടിരി മോനെ. എന്റെ മുന്നിലേക്ക് ചെയർ വലിച്ചിട്ടും കൊണ്ട് അമ്മ പറഞ്ഞു. കുറച്ചു നേരത്തേക്ക് അടുക്കളയിലേക്ക് പോയ അമ്മ തിരികെ വന്നത് ഒരു ട്രേയിൽ നിറയെ ചായയും, പലഹാരങ്ങളുമായിട്ടായിരുന്നു
“അയ്യോ അമ്മേ ഇതൊന്നും വേണ്ടായിരുന്നല്ലോ? സ്നേഹത്തോടെ ഞാൻ പറഞ്ഞു.
“മോൻ ചോറൊക്കെ ഉണ്ടിട്ടല്ലേ പോകൂ. ഞാൻ അപ്പോഴേക്കും കടയിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങിയിട്ട് വരാം.”
ഞാനെന്തെങ്കിലും പറയും മുന്നെ അമ്മ സഞ്ചിയുമെടുത്ത് നടന്നു കഴിഞ്ഞിരുന്നു.
വിശാലമായ ഹാളിൽ ഞാനും അവളും മാത്രം. വല്ലാത്തൊരു നിശബ്ദത ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നു.
“നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? പെട്ടെന്നവളുടെ ചോദ്യം കേട്ട് ഞാൻ വെറുതെ ഒന്ന് ചിരിച്ചു
“നീ അമ്മയെ ഒക്കെ എപ്പോഴാ മണിയടിച്ചു കൈയിലെടുത്തുവച്ചേ “?
അവളുടെയാ ചോദ്യം ഞാൻ കേട്ടില്ലെന്നു നടിച്ചു.
“മോനെവിടെ? കണ്ടില്ലല്ലോ “ചുറ്റിലും തിരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.
“അവനിപ്പോൾ നൈൻത് എത്തിയല്ലോ. ക്ളാസുകൾ ഒത്തിരി മിസ്സ് ആയി. അത് കൊണ്ട് ഞാനിപ്പോൾ അവനെ ഇവിടെ അടുത്തൊരു ട്യൂഷന് ചേർത്തു.
ഞാനപ്പോഴാണ് സ്വാതിയെ ശ്രദ്ധിച്ചത്. മുഖത്ത് ചെറിയൊരു ക്ഷീണമുണ്ട്. എങ്കിലും ആ പതിവ് ചിരി മായാതെ ഇപ്പോഴുമാ മുഖത്തുണ്ട്.
“ശ്രീ, നീ എങ്ങനെയാടാ പൈസ ഒപ്പിച്ചത്? പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.
അമ്മയാകും എല്ലാംപറഞ്ഞത്. ഞാൻ ഇവളോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞതാണല്ലോ?
എന്റെ മനസ്സിലെ ചിന്ത അപ്പോൾ അതായിരുന്നു
“നീ കരുതുന്നത് പോലെ അമ്മ എന്നോടൊന്നും പറഞ്ഞിട്ടില്ല. പാല് വാങ്ങാൻ അമ്മയുടെ പേഴ്സ് തപ്പിയപ്പോൾ ബാങ്കിന്റെ റെസിപ്റ്റ് കിട്ടി. നിന്റെ അകൗണ്ട് നമ്പർ കണ്ടപ്പോൾ കാര്യങ്ങളെല്ലാം എനിക്ക് ഏതാണ്ട് വ്യക്തമായി.”
“അഞ്ചു ലക്ഷം രൂപ ഓസിനൊന്നുമല്ല തന്നത്. രണ്ട് മാസം കൂടി കഴിഞ്ഞിട്ട് ജോലിയെടുത്ത് എന്റെ കടം വീട്ടണം ”
ഒരു തമാശ പോലെ ഞാനെല്ലാം പറഞ്ഞിട്ടും അവൾ കണ്ണിമയ്ക്കാതെ എന്നെ നോക്കി കൊണ്ടിരുന്നു. അവളുടെ സ്നേഹം നിറഞ്ഞ ഈ നോട്ടം നേരിടാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങോട്ടുള്ള എന്റെ വരവ് പോലും വൈകിയതെന്ന് ഞാനോർത്തു .
‘താനെന്താടോ എന്നെ നോക്കി പേടിപ്പിക്കുന്നോ “? തമാശ മട്ടിൽ ഞാൻ ചോദിച്ചു.”
“നിന്റെ പൈസയൊക്കെ ഞാൻ തിരിച്ചു തരും ചെക്കാ.എന്നാലും എന്റെ ശ്രീ, ഒരു ഫൈവ് സ്റ്റാർ വാങ്ങി തന്നാൽ പോലും എച്ചി കണക്ക് പറയുന്ന നീ ചുമ്മാ എനിക്ക് അഞ്ചു ലക്ഷം രൂപ തന്നെന്നറിഞ്ഞപ്പോൾ, സർജറിക്ക് മുന്നെ അറ്റാക്ക് വരുമെന്നാണ് ഞാൻ കരുതിയത് ”
അപ്പോഴും ഞാൻ പതിവ് പോലെ ചിരിച്ചു നിന്നതേയുള്ളു. പിന്നെയും അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടക്കൊക്കെ അവളുടെ കണ്ണുകൾ നിറയുകയും, ചുണ്ടുകൾ വിറയ്ക്കുന്നുമുണ്ടായിരുന്നു.
ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത പ്രാണനോളം വലുപ്പത്തിൽ എന്റെ ഹൃദയത്തിലെവിടെയോ ആത്മാംശമായി എന്നും നീയുണ്ടാകും. നിശ്ബ്ദമായി എന്റെ മനസ്സവളോട് മന്ത്രിക്കുന്നത് അറിയാതെ അവളെന്തൊക്കെയോ നിർത്താതെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് . ആ നിഷ്കളങ്കത നോക്കിയിരുന്നു ഒട്ടൊരു കൗതു കത്തോടെ തൊട്ടരികിലായ് ഞാനും…….