ഒന്നിനും കൊള്ളാത്തവൻ
(രചന: Gopi Krishnan)
ശ്രീക്കുട്ടനും അപ്പുവും കൂടി അമ്പലക്കുളത്തിലേക്ക് നടക്കുവായിരുന്നു..” പെട്ടന്ന് വന്നേക്കണേന്ന് അമ്മ പറഞ്ഞിട്ടുണ്ട് വേഗം നടക്ക ചെക്കാ ” എന്നും പറഞ്ഞുകൊണ്ട് അവൻ അനിയനെ ഉന്തിത്തള്ളി വിട്ടു….
അപ്പോഴാണ് അടുത്ത വീട്ടിലെ ഉണ്ണിക്കുട്ടൻ അവരുടെ അടുത്തേക്ക് ഓടിവന്നത്…”ശ്രീക്കുട്ടാ നീയറിഞ്ഞോ നമ്മുടെ രമേശേട്ടന്റെ ഭാര്യ പറമ്പിലെ പണിക്കാരന്റെ കൂടെ ചാടിപ്പോയി ന്ന് ”
അതും പറഞ്ഞ് കുളത്തിലേക്ക് ഓടിയ അവനെ കണ്ട ശ്രീക്കുട്ടൻ ആകെ ഒന്നു ഞെട്ടി….
ഇരുപതുവയസുകാരനായ താനും കുടുംബവും ഈ നാട്ടിൽ വന്നിട്ട് രണ്ട വർഷമേ ആയിട്ടുള്ളൂ..
ഈ സമയത്തിനിടക്ക് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ” ഭാര്യയും ഭർത്താവും ആണേൽ രമേശനെയും ഇന്ദുവിനെയും പോലെ ജീവിക്കണം ” എന്ന്…
സ്നേഹിച്ച പെണ്ണിനെ കെട്ടി ഈ നാട്ടിൽ വന്നതും ഇത്തിരി സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ ഗൾഫിൽ പോയതും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭാര്യയും ഒരു കുരുന്നു മാലാഖയും….
ആ കുടുംബത്തിന്റെ സ്നേഹം കണ്ടു ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും…
എന്നാലും.. ഇന്ദുച്ചേച്ചി…… സ്വന്തം പെങ്ങളെപ്പോലെ കണ്ട അവർ ഇങ്ങനൊരു പ്രവർത്തി ചെയ്തത് ഓർത്തപ്പോൾ ശ്രീക്കുട്ടൻ അനിയനെ കുളിക്കാൻ വിട്ട് അവരുടെ വീട്ടിലേക്ക് നടന്നു
രമേശൻ വന്നിട്ടുണ്ടെന്ന് പോണ വഴിക്ക് ആരോ പറയുന്ന കേട്ടു.. സ്വന്തം പെണ്ണിനെ നിലക്ക് നിർത്താൻ കഴിവില്ലാത്ത ആ ഒന്നിനും കൊള്ളാത്തവന് പോയി ചത്തൂടെ ന്ന് നാട്ടുകാരുടെ സംസാരം കേട്ടപ്പോൾ ശ്രീക്കുട്ടന്റെ മനസ്സിൽ വിഷമം തോന്നി..
ചെന്നു കയറിയപ്പോൾ തന്നെ ഉമ്മറത്തിണ്ണയിൽ അമ്മുക്കുട്ടിയെ നെഞ്ചോട് ചേർത്ത രമേശേട്ടൻ ഇരിക്കുന്നത് അവൻ കണ്ടു
ഓടിച്ചെന്നപ്പോ നാലുവയസുകാരി അമ്മുക്കുട്ടി അവന്റെ കയ്യിലേക്ക് ചാടി…. അവളെയുമെടുത്തു രമേശന്റെ മുന്നിൽ ചെന്ന് എന്തുപറയും എന്നോർത്തു നിന്നപ്പോൾ കരഞ്ഞുകൊണ്ട് അയാൾ അവനെ കെട്ടിപിടിച്ചു
” ശ്രീക്കുട്ടാ അവള് എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത് ഇന്നേവരെ അവൾക്ക് ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല..
ശമ്പളം കിട്ടാത്ത സമയങ്ങളിൽ പോലും കടം വാങ്ങി കുടുംബം നോക്കിയവനാ ഞാൻ പൊള്ളുന്ന ചൂടിലും.. കൂടിയ തണുപ്പിലും ജോലി ചെയ്യുമ്പോളും അവളും മോളും നന്നായി ഇരിക്കണം എന്നേ ഞാൻ ചിന്തിച്ചിട്ടുള്ളൂ….
അവളു പോയി എന്നറിഞ്ഞപ്പോൾ ഞാനോർത്തത് എന്റെ മോളെയാണ് ബന്ധുക്കൾ എല്ലാരും ഈ കല്യാണത്തിന്റെ പേരിൽ എന്നോട് എതിർപ്പ് ആണ്..
ഇത്തിരി പോന്ന കുഞ്ഞുങ്ങളെ പോലും മറ്റൊരു കണ്ണിൽ കാണുന്ന ഈ കാലത്ത് എന്റെ മോളെ തനിച്ചാക്കി ഞാനിനി എവിടെയും പോകില്ല.. ആരൊക്കെ ഒന്നിനും കൊള്ളാത്തവൻ എന്ന് വിളിച്ചാലും എനിക്ക് ജീവിക്കണം അവൾക്ക് വേണ്ടി……..
ഇതും പറഞ്ഞ് കുഞ്ഞിനേയും വാങ്ങി അകത്തേക്ക് നടന്ന രമേശേട്ടനെ നിറഞ്ഞ കണ്ണുകളോടെ ശ്രീക്കുട്ടൻ നോക്കി നിന്നു….
വേനലും വർഷവും മാറിമാറി കാലങ്ങൾ ഒത്തിരി മുന്നോട്ട് പോയി ശ്രീക്കുട്ടൻ ജോലിക്ക് വേണ്ടി നഗരത്തിലേക്ക് ചേക്കേറി….
ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും വീട്ടിൽ സുഖമായി ഇരിക്കുന്നു അനുജൻ വിവാഹം കഴിഞ്ഞു വിദേശത്ത് ജീവിക്കുന്നു….
സ്വന്തം ബൈക്കുമായി നഗരത്തിലൂടെ പോകുമ്പോഴാണ് സ്കൂളിൽ നിന്നും കയ്യടികൾ കേട്ടത് വണ്ടി ഒതുക്കി വെച്ചു ശ്രീക്കുട്ടൻ അങ്ങോട്ട് നടന്നു…..
പത്താം ക്ലാസിലെ ഉന്നത വിജയത്തിന് സമ്മാനം വാങ്ങിയ ഒരു പെൺകുട്ടിയെ അനുമോദിക്കുന്ന ചടങ്ങ് ആയിരുന്നു അവിടെ…..
ഒരുപാട് സമ്മാനങ്ങൾ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്ന ആ അച്ഛനെയും മകളെയും കണ്ട് ശ്രീക്കുട്ടൻ ഒരു നിമിഷം അമ്പരന്നു നിന്നു….
രമേശേട്ടനും അമ്മുക്കുട്ടിയും അടുത്തേക്ക് ചെന്നു വിളിച്ചപ്പോൾ രമേശേട്ടൻ പുഞ്ചിരിച്ചുകൊണ്ട് അവനെനോക്കി….
കുശലാന്വേഷണങ്ങൾക്ക് ശേഷം അവൻ അയാളോട് ചോദിച്ചു….
” അന്ന് ഇവളേം പിടിച്ചു അകത്തേക്ക് പോയ നിങ്ങളെ പിന്നെ കാണുന്നത് ഇന്നാണ്.. എവിടെ ആയിരുന്നു രമേശേട്ടാ കുറെ കാലം”…?
” ഒന്നിനും കൊള്ളാത്തവൻ എന്ന പേരിൽ ആ നാട്ടിൽ കഴിയാൻ പിന്നെ മനസ്സുവന്നില്ല… ആരേം അറിയിക്കാതെ ഞങ്ങൾ ഇങ്ങു പോന്നു അവിടുത്തെ വീട് വിറ്റു ഒരു കുഞ്ഞുവീട് ഇവിടെ വാങ്ങി ബാക്കി പണം കൊണ്ട് ഒരു കട തുടങ്ങി…
ഇന്ന് എന്റെ മോള് പത്താം ക്ലാസിലെ മികച്ച വിജയത്തിന് സമ്മാനം വാങ്ങിച്ചു… നാളെ ഇവളിലൂടെ ഇതിലും വലിയ അംഗീകാരങ്ങൾ ഞാൻ നേടിയെടുക്കും” …..
അച്ഛൻ പറഞ്ഞതിന് ശരിയെന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ അമ്മുക്കുട്ടി തലയാട്ടി
ഏത് മലയും ഓടിക്കേറുമെന്നുള്ള ആത്മവിശ്വാസത്തോടെ നിൽക്കുന്ന അവളോട് അഭിനന്ദനങ്ങൾ പറഞ്ഞ് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ബഹളം കേട്ട് അവർ തിരിഞ്ഞു നോക്കിയത്
ഭ്രാന്തിയായ ഒരു സ്ത്രീയെ ഏതാനും പേർ ചേർന്ന് ഓടിക്കുന്നു… മുഷിഞ്ഞ വസ്ത്രങ്ങൾ ഉടുത്തു കുതിച്ചോടിയ ആ മുഖം കണ്ട് അവർ ഞെട്ടലോടെ നിന്നു…….. ഇന്ദു…
അകന്നുപോയ അവരെ നോക്കി അവർ ആ കടയിലേക്ക് നടന്നു ആ കടക്കാരനോട് അന്വേഷിച്ചു…
” അതൊരു ഭ്രാന്തിയാ സാറേ.. പണ്ടെങ്ങോ കെട്ടിയോനേം കൊച്ചിനേം ഉപേക്ഷിച്ചു ഒരു കുടിയന്റെ കൂടെ ഇവിടെ വന്നതാ…
വന്നതിന്റെ പിറ്റേന്ന് മുതൽ അവൻ ഇവരെ വിറ്റു കാശ് ഉണ്ടാക്കാൻ തുടങ്ങി കള്ളും കഞ്ചാവും അടിച്ചു വന്നു ദിവസോം അടിയും തൊഴിയും അങ്ങനെ ഒരു ദിവസം അവൻ എങ്ങോ പോയി അടിപിടി ഉണ്ടാക്കി ആരോ കുത്തിക്കൊന്നു…
ഇവർക്ക് വട്ടായി…. ഞാൻ വല്ലപ്പോഴും ഭക്ഷണം കൊടുക്കും… ഇടക്ക് മോഷണം ഉണ്ട് ഇപ്പോ ഇവിടുന്നു പഴം കക്കാൻ നോക്കിയതാ ഞങ്ങൾ പിടിച്ചു ഓടിച്ചു വിട്ടു….
കഴിഞ്ഞ ആഴ്ച ഏതോ സംഘടനക്കാര് പിടിച്ചോണ്ട് പോയതാ അവിടുന്ന് ചാടി വന്നതാ…. സാറിനു അവരെ അറിയുമോ.”..?
ഇല്ലെന്ന് തലയാട്ടി അവർ ശ്രീകുട്ടനോട് യാത്ര പറഞ്ഞ് വണ്ടിയെടുത്തു….. ആകാശത്തിലെ നക്ഷത്രങ്ങളെ കയ്യെത്തിപ്പിടിക്കാൻ ആ ഒന്നിനും കൊള്ളാത്തവനും മകളും കുതിച്ചു പോയി……..
തന്റെ സ്നേഹവീട്ടിലേക്ക് ശ്രീക്കുട്ടനും യാത്രയായി.. നഗരത്തിന്റെ ഏതോ കോണിൽ ആ ഭ്രാന്തി അപ്പോഴും അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു…..