ഹോം നേഴ്സ്
(രചന: Nisha Pillai)
ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു.
ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ .അവളാകെ പരിഭ്രാന്തയായി മാറി.അറിയാത്ത നാട്,പരിചയമില്ലാത്ത മനുഷ്യർ.എന്തിനാണ് ഇങ്ങനെയൊരു ജോലി താനേറ്റെടുത്തത്?
അമ്മച്ചി വളരെ കഷ്ടപ്പെട്ടാണ് അച്ഛനില്ലാത്ത മൂന്നു കുട്ടികളെ പോറ്റുന്നത്.മൂത്തമകളായ ഷൈനി വിദൂര പഠനം വഴി ബിരുദം ചെയ്യുകയാണ്.അനിയത്തിമാർ രണ്ടുപേരും പഠിക്കാൻ മിടുക്കികളാണ്.
രണ്ടാമത്തവളായ ഷെറിന് നഴ്സിംഗ് പഠിക്കണമെന്ന് ഒരേയൊരു വാശി.വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് പത്ര പരസ്യം കണ്ടവൾ ഈ ജോലിക്കു അപേക്ഷിച്ചത്.ഹൈറേഞ്ചിലെ ഒരു പഴയ തറവാട്ട് വീട്ടിൽ ഒരു വശം തളർന്നു കിടക്കുന്ന ഒരു അറുപതുകാരനെ മരിക്കുന്നതു വരെ പരിചരിക്കണം.
മാസം പന്ത്രണ്ടായിരം രൂപയും താമസവും ഭക്ഷണവും നൽകും.ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കണം.അമ്മച്ചിയെ സമ്മതിപ്പിക്കാൻ കുറെ പാടുപെട്ടു.അമ്മച്ചി ഒന്നേ പറഞ്ഞുള്ളു .
“നാലാള് അറിയപ്പെടുന്ന ഒരു അപ്പച്ചന്റെ മകളാണ് നീ.പണമേ ഇല്ലാതെയുള്ളു,അഭിമാനം പണയപ്പെടുത്തരുത്.”
അവൾ ചുറ്റും നോക്കി .ആരെയും കാണാനില്ല.ആരാണ് തന്നെ അവിടേയ്ക്ക് കൂട്ടികൊണ്ടു പോകുക.അവൾ ബാഗിൽ നിന്നും ,തനിക്കു രണ്ടു ദിവസം മുൻപ് ലഭിച്ച നീല ഇൻലൻഡ് വലിച്ചെടുത്തു.അവൾ അതിന്റെ ഫ്രം അഡ്രസ് നോക്കി.ജോണിക്കുട്ടി,കുന്നേൽ ഹൗസ്,സ്ട്രോബെറി എസ്റ്റേറ്റ് .
ഇതിപ്പോൾ ആരോട് ചോദിക്കാനാണ്.എത്ര ദൂരെയാകും ഈ എസ്റ്റേറ്റ്.അവൾ ഇൻലൻഡ് തുറന്നു വായിച്ചു.കോട്ടയത്ത് നിന്നും ശനിയാഴ്ച രാവിലത്തെ ബസിൽ പുറപ്പെടുക.നാലുമണിയോടെ ബസ് സ്റ്റാൻഡിൽ എത്താം.അവിടെ നിങ്ങളെ കാത്ത് ആളുണ്ടാകും.
കത്ത് ചുരുട്ടി ബാഗിൽ വച്ചു.മുൻപിൽ ഒരു ജീപ്പ് വന്നു നിന്നു.അതിൽ അവളെ നോക്കി നിൽക്കുന്ന ഒരു താടി വളർത്തിയ വെളുത്തു മെലിഞ്ഞ യുവാവ് .ഇരുപത്തെട്ടോളം വയസ്സ് തോന്നിക്കുന്ന അവൻ അവളെ കൈയാട്ടി വിളിച്ചു.അവൾ ജീപ്പിനു അടുത്തേയ്ക്കു നടന്നു.
“ജോണിക്കുട്ടി.?””അതെ ,പെട്ടെന്ന് കയറൂ,കോടയിറങ്ങി തുടങ്ങി.ഡ്രൈവിംഗ് ബുദ്ധിമുട്ടാകും.”
അവൾ വണ്ടിയിൽ കയറിയിരുന്നു.അപരിചിതനായ ഒരു യുവാവിനോടൊപ്പം മുൻസീറ്റിലിരുന്നു യാത്ര ചെയ്യാൻ അവൾക്കു സങ്കോചം തോന്നി.
അയാളുടെ നോട്ടം ഒഴിവാക്കാനായി അവൾ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.തേയില തോട്ടത്തിന് നടുവിലൂടെയായിരുന്നു ജീപ്പിന്റെ യാത്ര.തണുത്ത കാറ്റടിച്ചു അവൾക്കു നേരിയ വിറയലുണ്ടായി.
അവൾക്കു ആ കാലാവസ്ഥയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കമ്പിളി വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.അവളുടെ നേരിയ കോട്ടൺ വസ്ത്രങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ തീരെ പര്യാപ്തമായിരുന്നില്ല.
അവളുടെ ബുദ്ധിമുട്ട് കണ്ടിട്ടാകണം അവനൊന്നു മെല്ലെ ചുമച്ചു,എന്നിട്ടു ഇങ്ങനെ പറഞ്ഞു.
“ദേ നമ്മളെത്തി പോയി.ഇവിടെ രാത്രിയിൽ നല്ല തണുപ്പാണ്.ഷൈനിയുടെ ഈ വസ്ത്രങ്ങൾ തണുപ്പിന് പറ്റില്ല .വൂളൻ വസ്ത്രങ്ങൾ കയ്യിലിരിപ്പില്ലേ.”
അവളൊന്നും മിണ്ടിയില്ല.അവൾക്കാകെ അമ്മച്ചിയേയും വീടിനെയും പിരിഞ്ഞ വിഷമം ആയിരുന്നു.അതിനൊപ്പമാണ് അസഹനീയമായ തണുത്ത കാറ്റും.
വിശപ്പ് സഹിക്കാൻ വയ്യ.രാവിലെ അമ്മച്ചി ചായക്കടയിൽ നിന്നും വാങ്ങി നൽകിയ മൂന്നു ദോശയും തേങ്ങാ ചമ്മന്തിയും ദഹിച്ചു കഴിഞ്ഞിരുന്നു. അസഹനീയമായ വിശപ്പും ദാഹവും .തൊണ്ട വരളുന്നു.
അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലെ വളവിലുള്ള തിരക്കുള്ള കടയുടെ മുന്നിൽ അയാൾ വണ്ടി നിർത്തി.പിറകിലെ സീറ്റിൽ കിടന്നിരുന്ന ജാക്കറ്റ് അവൾക്കു നൽകി.
“ഇതെടുത്തിട്ടോ.ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങട്ടെ.”അയാൾ കടയിലേക്ക് കയറി പോയി.മടങ്ങിയെത്തിയപ്പോൾ അയാൾ സീറ്റിൽ വച്ച പ്ലാസ്റ്റിക് കവറിലെ പൊതിയിൽ നിന്നും പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും മണം ജീപ്പിൽ പരന്നു.
ജീപ്പ് ഒരു കുന്നു കയറി, ഭീമാകാരമായ ഒരു ഗേറ്റും കടന്നു ചെന്ന് നിന്നത് ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുൻപിലാണ്.
ഇളകി തുടങ്ങിയ നരച്ച പെയിന്റ് മൂലം വൃത്തികേടായ ഭിത്തികൾ.ജോണികുട്ടിയുടെ പിറകെ ഭയാശങ്കയോടെ അവൾ നടന്നു.മുൻവശത്തെ വാതിൽ അയാൾ താക്കോൽ കൊണ്ട് തുറന്നു.അടുക്കളയുടെ സമീപത്തെ ഒരു ചെറിയ മുറി അവൾക്കു നൽകപ്പെട്ടു.
ഒരു ചെറിയ കട്ടിലും മേശയും ഒരു കസേരയും മാത്രമാണ് ആ മുറിയിലെ തടി ഉപകരണങ്ങൾ.തുണിയും സാധനങ്ങളും അടുക്കി വയ്ക്കാൻ ഒരു ഭിത്തി അലമാരയും, ചേർന്നൊരു ചെറിയ കുളിമുറിയും ഉണ്ട്.
“അമ്മച്ചിയുടെ മുറിയായിരുന്നു.ചെറുതാണെങ്കിലും സൗകര്യങ്ങളുണ്ട്.മറ്റു മുറികൾക്ക് കൂടുതൽ വലിപ്പമുണ്ടെങ്കിലും ടോയ്ലറ്റ് അറ്റാച്ച്ഡ് അല്ല.കുളിച്ചു ഫ്രഷ് ആയി വാ.കുര്യച്ചനെ കാണണ്ടേ .അടുത്ത മുറിയിലാണ് കിടക്കുന്നത്.”
ജോണിക്കുട്ടി പോയപ്പോൾ അവൾ മുറി അടച്ചു കുറ്റിയിട്ടു.എന്തോ അകാരണമായ ഒരു ഭയം . അമ്മച്ചിയെ വിളിച്ചു സംസാരിച്ചപ്പോൾ ഒരു ആശ്വാസം തോന്നി.കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മേശപ്പുറത്തു ചായയും പൊറോട്ടയും ബീഫും നിരത്തി വച്ചിരിക്കുന്നു.
“താൻ ആഹാരം കഴിച്ചോളൂ.ഞാൻ കുര്യച്ചന് കുറച്ചു കഞ്ഞി ഉണ്ടാകട്ടെ.നാളെ മുതൽ അതൊക്കെ തന്റെ പണിയാണ്.”
ഇതെന്തു മനുഷ്യൻ അപ്പച്ചനെ കുര്യച്ചൻ എന്നൊക്കെയാണോ വിളിക്കുന്നത്.അവൾ കഴിച്ച് കഴിഞ്ഞപ്പോഴേക്കും ജോണിക്കുട്ടി ഒരു കോപ്പയിൽ ആവി പറക്കുന്ന കഞ്ഞിയുമായി ഒരു മുറിയിലേയ്ക്കു കയറി,അവളും പിറകെ പോയി.മനുഷ്യ വിസർജ്യത്തിന്റെയും ലോഷന്റെയും സമ്മിശ്രമായ ഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു.
കട്ടിലിൽ കിടന്ന മെലിഞ്ഞുണങ്ങിയ രൂപം അവരെ രണ്ടു പേരെയും മാറി മാറി നോക്കി.ഒരു കാലത്തു വളരെ ആരോഗ്യവാനായിരുന്ന ഒരുവനായിരുന്നു അയാളെന്നവൾക്കു തോന്നി.കട്ടിലിന്റെ ഒരു വശത്തു ജോണിക്കുട്ടി ഇരുന്നു.വൃദ്ധൻ്റെ കൺകോണുകളിൽ കണ്ണുനീരിന്റെ നനവ്.
“ഇത് ഷൈനി,നാളെ മുതൽ ഈ കുട്ടിയാണ് നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ പോകുന്നത്.”
തീരെ സ്നേഹമില്ലാതെയാണ് ജോണിക്കുട്ടി അയാളോട് പെരുമാറിയത്.അതവളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.അവൻ കോരി കൊടുത്ത കഞ്ഞി വളരെ പാടുപെട്ടാണ് അയാൾ കഴിച്ചത്.മൂന്നു സ്പൂൺ കഴിച്ചു കഴിഞ്ഞപ്പോൾ അയാൾ മതിയെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു.
“ഇങ്ങെടുക്ക് ,ഞാൻ കോരി കൊടുക്കാം.”അവൾ പാത്രം പിടിച്ചു വാങ്ങി.ജോണിക്കുട്ടി മുറിയിൽ നിന്ന് പുറത്തിറങ്ങി പോയി.
“കുറച്ചും കൂടെ കഴിച്ചേ ,മരുന്ന് കഴിക്കണ്ടേ അപ്പച്ചാ.നല്ല ആരോഗ്യം വന്നാലേ എഴുന്നേറ്റു നടക്കാൻ പറ്റു.അപ്പച്ചൻ ആരോഗ്യത്തോടെ ഓടി നടന്നാലേ എനിക്ക് തിരികെ പോകാൻ പറ്റൂ.”
അവൾ എത്ര നിർബന്ധിച്ചിട്ടും അയാൾ പിന്നെ കഴിക്കാൻ കൂട്ടാക്കിയില്ല.അവൾ വിരൽ കൊണ്ട് കഞ്ഞി ഒന്ന് തൊട്ടു നക്കി നോക്കി.ഛേ എത്ര വൃത്തികെട്ട ആഹാരം.
- ഉപ്പില്ലാത്ത ,കൊഴുത്ത കഞ്ഞി .പാവം അപ്പച്ചൻ ഇതെങ്ങനെ കഴിക്കുന്നു.അവൾ തിരികെ ചെന്നപ്പോൾ അവൻ പൊറോട്ട കഴിക്കുന്നു.അടുത്ത് ചെന്ന് അവൾ പറഞ്ഞു.”നാളെ മുതൽ സാധനങ്ങൾ മേടിച്ചു തന്നാൽ, ഞാൻ എല്ലാവർക്കും ആവശ്യമായ ആഹാരം ഉണ്ടാക്കാം.””കുര്യച്ചനെ നോക്കലും പാചകവും എല്ലാമായാൽ തന്റെ പഠനം മുടങ്ങും.ഓക്കേ ,തന്റെ ഇഷ്ടം പോലെ.”
പിറ്റേന്ന് മുതൽ അടുക്കളയിലെ ഭക്ഷണവും കുര്യച്ചന്റെ പരിചരണവുമൊക്കെ ഷൈനി ആത്മാർത്ഥതയോടെഏറ്റെടുത്തു.
ആ വീട്ടിനടുത്തോ പരിസരത്തോ കുര്യച്ചനെയോ ജോണികുട്ടിയെയോ അല്ലാതെ വേറെ ആരേയും അവൾ കണ്ടിട്ടില്ല.ദൂരെ മലയിൽ തേയില കൊളുന്ന് നുള്ളുന്ന തോട്ടം തൊഴിലാളികളെ മാത്രമാണ് അവൾ കണ്ടത്.
ഈസ്റ്ററിന്റെ തലേ ആഴ്ചയാണ് ടൗണിൽ നിന്നും മടങ്ങി വന്ന ജോണിക്കുട്ടി കുറച്ചു ആട്ടിറച്ചി വാങ്ങി കൊണ്ട് വന്നത്.അമ്മച്ചിയുടെ പാചക കുറിപ്പുകൾ ഹൃദ്യമായിരുന്നത് കൊണ്ട് അവൾ പാചകമാരംഭിച്ചു.
“ജോണികുട്ടിക്കു മട്ടൻ റോസ്റ്റാണിഷ്ടം,കുര്യച്ചന് നാടൻ രീതിയിൽ മട്ടൻ കറി വച്ചതും.മോൾക്ക് ബുദ്ധിമുട്ടായല്ലേ.”
സ്ത്രീ സ്വരത്തിലൊരു അശരീരി ,അവൾ ചുറ്റും നോക്കി.ജനലിനടുത്തൊരു അമ്മച്ചി നില്ക്കുന്നു,തൻ്റെ അമ്മച്ചിയുടെ പ്രായം ഉണ്ടാകും.വെള്ളയിൽ ബ്രൗൺ ബോർഡറുള്ള സാരിയും തൂവെള്ള ഹക്കോബ തുണിയിൽ തുന്നിയ ബ്ലൗസും.
“അമ്മച്ചിയേതാ,കയറി വാ ചായ കുടിച്ചിട്ട് പോകാം.”അവൾ അമ്മച്ചിയെ അകത്തേയ്ക്കു ക്ഷണിച്ചു.
“സമയമില്ല ,പന്ത്രണ്ടായില്ലേ .ഞാനിവിടെയൊക്കെ തന്നെ ഉള്ളതാ,പിന്നീട് കാണാം.”
ഉച്ചയ്ക്ക് കുര്യച്ചൻ ധാരാളം ഭക്ഷണം കഴിച്ചു.ആ സമയത്താണ് ജോണിക്കുട്ടി കയറി വന്നത് .
“ഇങ്ങനെയൊക്കെ ആഹാരം കൊടുത്തു കൊണ്ടിരുന്നാൽ കുര്യച്ചൻ ഭൂമിയിലങ്ങു കൂടും,ചത്ത് മേലോട്ട് പോകത്തില്ല.
പണ്ടേ ആഹാരപ്രിയനാണ് .പിന്നെ ഷൈനിക്ക് തിരികെ നാട്ടിലോട്ട് പോകാനും പറ്റത്തില്ല.എനിക്കിനി വയ്യ ഇയാളെ നോക്കാൻ.തോട്ടത്തിലെ ലാഭത്തിൽ നിന്നാണ് കൊച്ചിന് ശമ്പളം തരുന്നേ.എത്രനാൾ എന്നറിയില്ല.പോകുന്നത് വരെ ഇങ്ങനെ പോകട്ടെ .”
“അപ്പച്ചൻ കഴിച്ചോട്ടെ ,ആ മനുഷ്യന് വേറെ എന്ത് സന്തോഷമാണ് ഇനി ഈ ജന്മം കിട്ടാൻ പോകുന്നത്.”
ജോണിക്കുട്ടി ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.അവൾ അവന്റെ മുൻപിലേക്ക് ചോറും കറിയും കൊണ്ട് വച്ചു.
“മട്ടൻ റോസ്റ്റോ ? എനിക്കിതു ഇഷ്ടമാണെന്നു എങ്ങനെ മനസിലായി.”
“ഞാൻ അപ്പച്ചന് വേണ്ടി മട്ടൻ കറിയും ഉണ്ടാക്കി.എന്നാലും ജോണിക്കുട്ടി അപ്പച്ചന്റെ മുന്നിൽ വച്ചു അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല.”
അവൻ അതൊന്നും കേൾക്കാത്ത മട്ടിൽ ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയി.ആകെ ഭക്ഷണ സമയത്താണ് അവർ തമ്മിൽ സംസാരിക്കുന്നത്.
രാവിലെ എസ്റ്റേറ്റിൽ പോയി വരുന്ന ജോണിക്കുട്ടി ഉച്ചയ്ക്ക് മടങ്ങും.പിന്നെ സ്വന്തം മുറിയിൽ പോയിരുന്നു വായനയും പഠനവുമാണ് .അവസാന വർഷ ബിരുദ പരീക്ഷ എഴുതാൻ പഠിക്കുകയാണ്.അയാൾക്ക് എന്തായാലും ഒരു മുപ്പത്തിനടുത്ത് പ്രായം ഉണ്ടാകും .
ഇപ്പോഴാണോ പഠിക്കുന്നത്.ഇതുവരെ അയാൾ എന്ത് ചെയ്യുകയായിരുന്നു? അവളുടെ സംശയങ്ങൾ ചോദിയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല.ആ അമ്മച്ചി വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.
പെസഹായുടെ തലേന്ന് രാത്രിയിൽ അവൾ ജോൺക്കുട്ടിയോടു ഈസ്റ്ററിനു മുൻപ് ഒന്ന് വീട്ടിൽ പോയി വരണമെന്ന ആഗ്രഹം അറിയിച്ചു.
“അപ്പോൾ താൻ ഈസ്റ്ററിനു ഇവിടെ കാണില്ലേ ?””ഞാൻ നാളെ ഉച്ചയ്ക്കുള്ള ബസിനു പോയേച്ച് ,ശനിയാഴ്ച വെളുപ്പിനുള്ള ബസിൽ തിരികെ വരാം.അമ്മച്ചിയ്ക്കും അനിയത്തിമാർക്കും ഈസ്റ്ററായിട്ടു ഓരോ ഡ്രസ്സെങ്കിലും വാങ്ങി കൊടുക്കണമെന്നൊരു ആശ.”
“ഒരു മാസത്തെ ശമ്പളമല്ലേ കയ്യിലുള്ളു ,ഈ മാസത്തെ ശമ്പളം അഡ്വാൻസ് ചെയ്യണോ.എന്റെ കയ്യിലിപ്പോൾ അയ്യായിരമേയുള്ളു ,തൽക്കാലം അത് വച്ചോ.
നാളത്തെ ഭക്ഷണം നേരത്തെ ഉണ്ടാക്കി വച്ചാൽ ഞാൻ കുര്യച്ചന് കൊടുത്തോളം.അമ്മച്ചിയെ കാണാനുള്ള ആശകൊണ്ടല്ലേ താൻ ഈ ഓടുന്നത്.ഇടയ്ക്കു അമ്മച്ചിയ്ക്ക് വേണേലും മകളെ കാണാൻ ഇങ്ങോട്ട് വരാമല്ലോ.ഇവിടെയാണെങ്കിൽ ധാരാളം മുറികൾ ഒഴിഞ്ഞു കിടക്കുകയല്ലേ.”
വെള്ളിയാഴ്ച പോയിട്ട് ശനിയാഴ്ച ഉച്ചയ്ക്ക് മടങ്ങി വരണമെന്ന് കരുതിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല.അമ്മച്ചിയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി പോയി. അമ്മച്ചി കുര്യച്ചന് വട്ടയപ്പവും,ജോണിക്കുട്ടിക്കു കുറച്ചു പോർക്ക് ഫ്രൈയും കൊടുത്തു വിട്ടു.
ബസിറങ്ങിയപ്പോൾ ആരെയും കണ്ടില്ല, കാണാഞ്ഞ് അവൻ തിരികെ പോയി കാണും.. പോകാനുള്ള വഴിയും അത്ര നിശ്ചയമില്ല. ജോണിക്കുട്ടിയെ വിളിച്ചിട്ട് നമ്പർ കിട്ടിയതുമില്ല.
അവൾ ആദ്യം കണ്ട കയറ്റം കയറി. കുറെ നടന്നപ്പോൾ വഴി രണ്ടായി പിരിഞ്ഞു.പരിസരത്തൊന്നും ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല.തേയില ചെടികൾക്കിടയിലുള്ള ടാറിട്ട റോഡിലൂടെ നടക്കാൻ തുടങ്ങി.
“കൂയ് എങ്ങോട്ടാ ?”പിറകിൽ നിന്നൊരു വിളി.ആ അമ്മച്ചിയാണ് ,അതേ വേഷം ,അതേ ചിരി.
“അമ്മച്ചിയെങ്ങോട്ടാ ഈ തണുപ്പത്ത്,എനിക്ക് വഴി തെറ്റി പോയോ .ഞാൻ വളരെയധികം വൈകിപ്പോയി.ജോണിക്കുട്ടി വന്നു പോയി കാണും.”
“ജോണിക്കുട്ടി കാത്ത് നിന്നിട്ടു പോയി.ഇനി കുട്ടി വരില്ലയെന്നു കരുതി കാണും.റോഡിലൂടെ ചുറ്റി കറങ്ങാതെ പോകാൻ എളുപ്പ വഴിയുണ്ട്.കല്ലും ചരലും നിറഞ്ഞത്.എന്റെ കൂടെ വന്നാൽ പത്തു മിനിറ്റ് കൊണ്ട് വീട്ടിലെത്താം.”
അമ്മച്ചിയും അവളും കൂടി കഥകളൊക്കെ പറഞ്ഞു നടന്നു.അവൾ കയറ്റം കയറിയപ്പോൾ കിതച്ചു പോയി.അമ്മച്ചി ഒരു ക്ഷീണവുമില്ലാതെ മുൻപിൽ നടന്നു.
- അവളെ ഗേറ്റിങ്കൽ എത്തിച്ചിട്ടു അമ്മച്ചി യാത്ര പറഞ്ഞു പോയി.മുന്നിലെ വാതിൽ തുറന്നു ജോണിക്കുട്ടി ഇറങ്ങി വന്നു.അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും അമ്മച്ചി അപ്രത്യക്ഷമായിരുന്നു.”ഇനി താൻ വരില്ലയെന്നാ ഞാൻ കരുതിയത്.തനിക്കു വഴി അറിയാമായിരുന്നോ ,താനെങ്ങനെ ഒറ്റയ്ക്ക് ഇവിടെയെത്തി.”അവളുടെ ബാഗ് അവൻ വാങ്ങി അവളുടെ മുറിയിൽ കൊണ്ട് വച്ചു.”എന്നെ ഒരു അമ്മച്ചിയാണ് ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നത്.അടുത്തുള്ളതാണെന്നു പറഞ്ഞു.”
“ഇവിടെയടുത്തോ? “അവൻ കൈ മലർത്തി കാണിച്ചു.ഈസ്റ്ററിനു രാവിലെ അവൾ പാലപ്പവും കോഴിക്കറിയും തയാറാക്കി.കുര്യച്ചനെ രാവിലെ തന്നെ ശരീരം തുടച്ചു ഭക്ഷണം കൊടുത്തു.വെള്ള സൽവാറും പൈജാമയും ഇട്ടു അവൾ പള്ളിയിൽ പോകാൻ തയാറായി.
“എനിക്കൊന്നു പള്ളിയിൽ പോകണമായിരുന്നു.ഇതുവരെ ഞാൻ ഈ ദിവസത്തെ പ്രാർത്ഥന മുടക്കിയിട്ടില്ല.”
“ഇവിടെ അടുത്തൊരു പള്ളിയുണ്ട്.നിങ്ങളുടെ സഭക്കാരുടെ അല്ല ,ഞാൻ പള്ളിയിൽ കയറില്ല.എന്നാലും ഞാൻ തന്നെ കൊണ്ട് പോകാം.”
ജീപ്പിൽ അവരൊന്നിച്ചു പള്ളിയിൽ പോയി.അവളവനെ നിർബന്ധിച്ചു അകത്തേയ്ക്കു കൊണ്ട് പോയി.അവരൊന്നിച്ചു പ്രാർത്ഥിച്ചു.അത് കഴിഞ്ഞപ്പോൾ അവനവളെ ഒരു കല്ലറയുടെ അടുത്തേയ്ക്കു കൊണ്ട് പോയി.
“കുന്നേൽ ജോർജ്കുട്ടി ജോസഫ് കുട്ടി ” എന്ന് എഴുതിയിരുന്ന കല്ലറയുടെ മുൻപിൽ അവൻ കണ്ണടച്ച് നിന്നു.
“അപ്പച്ചന്റേതാണ്,ഞാനിവിടെ വന്നിട്ട് മൂന്ന് വർഷമായി.പുറത്തിറങ്ങിയിട്ടു ആദ്യം ഇവിടെയാണ് വന്നത്, പിന്നിങ്ങോട്ടു വന്നിട്ടില്ല.”
കാണുന്ന പോലെ അയാൾ പരുക്കനല്ലെന്നും മാന്യനായ ഒരു ചെറുപ്പക്കാരനാണെന്നും അവൾക്കു മനസിലായി.
അവൾക്കവനോടൊരിഷ്ടം തോന്നി തുടങ്ങി. അയാളുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളാണ് അയാളെ ഇങ്ങനെ ആക്കിയതെന്നു ആ അമ്മച്ചി അവൾക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.
അവളൊരുക്കിയ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കുര്യച്ചനും ജോണിക്കുട്ടിയും കഴിച്ചു.അത് കഴിഞ്ഞു മുറിയിൽ പോയ ജോണിക്കുട്ടി അത്താഴത്തിനു പോലും പുറത്തു വന്നില്ല.
ഷൈനി ചെന്ന് നോക്കുമ്പോൾ അയാൾ ഇരുട്ടിൽ കിടക്കുകയായിരുന്നു.അവൾ തപ്പി തടഞ്ഞു ലൈറ്റിട്ടു.അയാളിൽ നിന്നൊരു പ്രതിഷേധ ശബ്ദമുണ്ടായി.അയാൾ കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു.മുറിയിൽ മദ്യത്തിന്റെ മണം വ്യാപിച്ചിരുന്നു.
അവളെ അത്ഭുതപ്പെടുത്തിയത് അയാളുടെ വേഷമായിരുന്നു.ജയിൽ പുള്ളിയുടെ വേഷത്തിലായിരുന്നു അയാൾ.അയാളുടെ കണ്ണുനീർ വീണു നീല നിറമുള്ള തലയിണ കുതിർന്നിരുന്നു.അവളുടെ കൈകൾ അയാളെ തട്ടിയുണർത്തി.
“ജോണീ ജോണീ ,എഴുന്നേൽക്കൂ ,നമുക്കൊന്നിച്ചിരുന്നു അത്താഴം കഴിക്കാം.”
അയാളാദ്യം പ്രതികരിച്ചില്ല.അവൾ കുറെ നേരം മറുപടിയ്ക്കായി കാത്ത് നിന്നു.പിന്നെ ഒരു കസേര കട്ടിലിനടുത്തേക്കവൾ നീക്കിയിട്ടു.അവൾ പോകുന്നില്ലായെന്നു കണ്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു.
കരഞ്ഞു വീർത്ത കണ്ണുകൾ.പുരുഷന്മാർ കരയുമോ ?അവളുടെ അപ്പച്ചൻ ധൈര്യശാലിയായിരുന്നു . ഒരിക്കലും കരഞ്ഞിട്ടില്ല.ഇയാളെന്തിനാകും കരയുന്നത്.അതും വിശുദ്ധമായ ഈ ഈസ്റ്റർ ദിനത്തിൽ….
“താൻ പോയി കഴിച്ചു കിടന്നോളു .എനിക്ക് ഈ ദിവസം ഉറങ്ങാൻ കഴിയില്ല, ഒന്നും കഴിയ്ക്കാനും.”
അയാൾ കട്ടിലിനടിയിൽ നിന്നു മദ്യക്കുപ്പി എടുത്തു തുറന്നു.അവളാദ്യമായി മദ്യം നേരിട്ട് കാണുകയായിരുന്നു.സിനിമയിലല്ലാതെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.അപ്പച്ചൻ ഒരിക്കലും മദ്യപിച്ചിട്ടില്ല.അവൾക്കു പെട്ടെന്ന് അവനോടു ദേഷ്യം തോന്നി.അവളവന്റെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി.
“മതി ,ഇനിയല്പം ആഹാരം. കഴിക്കാം,എന്നിട്ട് ഞാനിതു മടക്കി തന്നോളാം.”
“എനിക്ക് കഴിയില്ല.ഇനി ഒരാഴ്ച ഈ ജോണിക്കുട്ടി ഈ മുറിയിൽ നിന്നും പുറത്തിറങ്ങില്ല.
അമ്മയെ കൊന്നു എന്ന് പറഞ്ഞു എന്നെ പോലീസ് പിടിച്ചു കൊണ്ട് പോയ രാത്രി,എന്റെ അമ്മച്ചി മരിച്ച രാത്രി, കുര്യച്ചൻ കിടപ്പിലായ രാത്രി.അതൊരു ഈസ്റ്റർ ദിനത്തിലായിരുന്നു. ഇന്ന് എട്ടാം വാർഷികമാണ്.ഒരു ഇരുപത്തിയൊന്ന് കാരനെ ഈ വീട്ടിൽ നിന്നു പോലീസ് കൊണ്ട് പോയിട്ട് എട്ടു വർഷമായി.”
അവളുടെ നട്ടെല്ലിലൂടെ ഒരു മിന്നൽ കടന്നു പോയി.”നിങ്ങൾ കൊലപാതകിയാണോ? അമ്മച്ചിയെ നിങ്ങൾ കൊന്നോ? ജയിൽ വേഷവുമിട്ടു മദ്യപിച്ചാൽ നിങ്ങളുടെ അമ്മച്ചി തിരികെ വരുമോ?
- നിങ്ങളുടെ പാപം പൊറുക്കപ്പെടുമോ.ആ വേഷം നിങ്ങളിപ്പോഴും അമൂല്യമായ സൂക്ഷിച്ചു വച്ചിരിക്കുന്നോ? “”അവരെനിക്ക് മടക്കി തന്നില്ല.അതേ പോലെയൊന്ന് ഞാൻ തുന്നി സൂക്ഷിച്ചതാണ്.ഓർമ്മയ്ക്ക്, പശ്ചാത്താപം മൂലം.”അവൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.അവനവളെ കസേരയിൽ പിടിച്ചിരുത്തി.
“ആരെങ്കിലും എന്നെയൊന്ന് കേൾക്കാനുണ്ടായിരുന്നെങ്കിൽ,സ്നേഹിക്കാനുണ്ടായെങ്കിൽ…..തനിക്കു കേൾക്കാൻ താല്പര്യമുണ്ടോ ? എന്റെ കഥ , താനറിയുന്നതിൽ തെറ്റില്ല എന്നെനിക്കു തോന്നി.താൻ കരുണയുള്ളവളാണ്.”അവൾ തലയാട്ടി.
“എന്റെ വല്യപ്പച്ചൻ ജോസഫ് കുട്ടിയുടെ എസ്റ്റേറ്റ് ആയിരുന്നു സ്ട്രോബെറി എസ്റ്റേറ്റ്.അതിന്റെ മാനേജർ ആയിരുന്നു കുര്യച്ചൻ.എന്റെ അപ്പച്ചൻ ജോർജ് കുട്ടിയും കുര്യച്ചനും സമപ്രായക്കാർ ആയതിനാൽ അവർ പെട്ടെന്ന് സുഹൃത്തുക്കളായി.
കോട്ടയം ടൗണിൽ ബിസിനസ് സംബന്ധമായി അവർ ഇരുവരും പോകാറുണ്ടായിരുന്നു. അവിടത്തെ ഒരു മലഞ്ചരക്ക് വ്യാപാരിയുടെ മകൾ ആയിരുന്നു എന്റെ അമ്മച്ചി റബേക്ക.
ഒരിക്കൽ കുരുമുളക് വിൽക്കാനായി പോയ എന്റെ അപ്പച്ചൻ കണ്ടത് അപ്പനെ നോക്കി പുഞ്ചിരിക്കുന്ന റബേക്കയെ ആണ്.മാലാഖയെ പോലൊരു പെണ്ണിനെ കണ്ട അപ്പച്ചന്റെ കണ്ണ് മഞ്ഞളിച്ചു.
പക്ഷെ അമ്മച്ചി പുഞ്ചിരിച്ചത് അപ്പന്റെ പിറകിൽ നിന്ന കുര്യച്ചനെ നോക്കിയാണ്.അവർ രണ്ടുപേരും നേരത്തെ തന്നെ തീവ്ര പ്രണയത്തിലായിരുന്നു.അങ്ങനെ അവർ മൂവർക്കുമിടയിൽ ഒരു ത്രികോണ പ്രണയം രൂപം കൊണ്ടു.”
“എന്നിട്ട്,എങ്ങനെ അപ്പച്ചൻ മരിച്ചു.കുര്യച്ചന് എന്ത് സംഭവിച്ചു.””എസ്റ്റേറ്റ് മുതലാളിയുടെ ആലോചനയുടെ മുന്നിൽ,അമ്മച്ചിയുടെ അപ്പൻ, തന്റെ മകളുടെ പ്രണയത്തെ കണ്ടില്ലെന്നു വച്ചു.
- കല്യാണം കഴിഞ്ഞുവെങ്കിലും കുര്യച്ചൻ അപ്പനെയും അമ്മയെയും സ്നേഹത്തോടെ ,ഒരു സംശയത്തിനും ഇടവരുത്താതെ സേവിച്ചു.ഞാൻ ജനിച്ചു.എനിക്ക് അപ്പനെക്കാളും ഇഷ്ടം കുര്യച്ചനോടായിരുന്നു.എനിക്ക് പതിനാറു വയസാകുന്നത് വരെ എല്ലാം നല്ലതായി പൊയ്ക്കൊണ്ടിരുന്നു.അപ്പന് എന്തോ അബദ്ധം സംഭവിച്ചു.കടം കയറി.അപ്പൻ സ്വത്ത് വിറ്റു കുടി തുടങ്ങി.കുടിച്ചിട്ട് വരുമ്പോൾ അമ്മച്ചിയെ തല്ലാൻ തുടങ്ങി.ഒരിക്കൽ അമ്മച്ചിയെ തല്ലുന്നത് കണ്ടു സഹിക്കാൻ കഴിയാതെ അപ്പച്ചനെ കുര്യച്ചൻ പിടിച്ചു തള്ളി ,തലയിടിച്ചു അപ്പൻ മരിച്ചു.
സത്യമെനിക്ക് അറിയാമായിരുന്നെങ്കിലും അമ്മച്ചിയുടെ അഭ്യർത്ഥന മാനിച്ചു ,തെന്നി വീണതാണെന്ന് ഞാനും പൊലീസിന് മൊഴി കൊടുത്തു.അപ്പച്ചൻ്റെ കുടി എല്ലാവർക്കും ശല്യമായിരുന്നു.”
“അമ്മച്ചി തന്നെ മുൻകൈയെടുത്തു കുര്യച്ചനെ രണ്ടാമത് കല്യാണം കഴിച്ചു.അതെനിക്ക് വിഷമം ഉണ്ടാക്കി.അപ്പനോടൊപ്പം അമ്മച്ചിയേയും നഷ്ടമായി.അമ്മച്ചിയുടെയും കുര്യച്ചന്റെയും പ്രണയ ജീവിതത്തിനു ഞാനൊരു വിലങ്ങു തടി ആയി.എന്നെ ബോർഡിങ്ങിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടത്തി.
എനിക്ക് അമ്മച്ചിയെ പിരിയാൻ വയ്യായിരുന്നു.അമ്മച്ചിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു .കുര്യച്ചനോട് വെറുപ്പും.അമ്മച്ചിയോടുള്ള സ്നേഹമായിരുന്നു എന്നെയും കുര്യച്ചനെയും ഒന്നിപ്പിച്ചത്.ഞങ്ങൾ രണ്ടു പേരും മത്സരിച്ചു അമ്മച്ചിയെ സ്നേഹിച്ചു.
അമ്മച്ചിയെ ഓർക്കുമ്പോൾ ഞാൻ കുര്യച്ചനെ സ്നേഹിക്കും,കുര്യച്ചൻ എന്റെ അമ്മച്ചിയെ പൊന്നു പോലെ നോക്കി.അപ്പച്ചനെ ഓർക്കുമ്പോൾ ഞാൻ കുര്യച്ചനെ പട്ടിണിയ്ക്കിടും.കുര്യച്ചനല്ലേ എന്റെ അപ്പച്ചനെ കൊന്നത്.”
“എന്നിട്ട് അമ്മച്ചിയ്ക്കെന്താ സംഭവിച്ചത്.””ഞാൻ കോളേജിൽ ചേർന്ന സമയത്തു,ഒരു അവധിക്കാലത്തിന് ഞാൻ നാട്ടിലെത്തി.അന്ന് പതിവില്ലാതെ അമ്മച്ചിയും കുര്യച്ചനും തമ്മിൽ വലിയ വഴക്കു നടക്കുന്നു.ഞാൻ ഒളിഞ്ഞു നിന്നും ശ്രദ്ധിച്ചു.
അമ്മച്ചി ഗർഭിണിയാണ്.കുര്യച്ചന് സ്വന്തം കുഞ്ഞിനെ വേണം.നാൽപത്തിയെട്ട്കാരിയായ അമ്മച്ചിയ്ക്ക് ഗർഭം അലസിപ്പിച്ച് കളയണം.
ഇത്ര വലിയൊരു മകന്റെ അമ്മ എന്ന നാണക്കേട്.അവരുടെ പ്രശ്നം അവർ പരിഹരിച്ചേനെ.അമ്മച്ചിയെ വഴക്കു പറഞ്ഞപ്പോൾ സഹിക്കാതെ ഞാൻ ഇടയിൽ കയറി.അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളലുമായി.അമ്മച്ചിയെ അയാളാണ് തള്ളിയത്.മറിഞ്ഞു വീണു.
പിന്നെ അമ്മച്ചി അനങ്ങിയില്ല.അമ്മച്ചി കിടന്ന സ്ഥലത്തു രക്തം തളം കെട്ടി നിന്നു.കാലുകളുടെ ഇടയിലൂടെ ഒഴുകിയിറങ്ങിയ ചോര കട്ട പിടിയ്ക്കാൻ തുടങ്ങി.
“അമ്മച്ചിക്ക് അനക്കമില്ല.കുര്യച്ചൻ വലിയ വായിൽ കരയാൻ തുടങ്ങി.ഞാനയാളെ പിടിച്ചു ആഞ്ഞു തള്ളി.അയാളാണ് എൻ്റെ കുടുംബത്തിൻ്റെ എല്ലാ പ്രശ്നത്തിനും കാരണം.അയാളും തലയിടിച്ചു നിലത്തു വീണു.അനക്കമില്ല,അയാൾ മരിച്ചെന്നു കരുതിയാണ് ഞാൻ എസ്റ്റേറ്റിലെ വാച്ച്മാനെ വിളിച്ചു വിവരം അറിയിച്ചത്.
അയാൾ മരിച്ചിരുന്നില്ല.അയാൾ നട്ടെല്ലിന് പരുക്കേറ്റു കിടപ്പിലായി .ഞാൻ ജയിലിലുമായി.നാണക്കേട് കൊണ്ട് ഗർഭിണിയായ അമ്മയെ തള്ളിയിട്ട് കൊന്ന മകൻ.അതാ ആ ഫോട്ടോ കണ്ടോ,അതാണെന്റെ അമ്മച്ചി.”
ഭിത്തിയിലെ കർട്ടൻ അയാൾ വകഞ്ഞു മാറ്റി .അവിടെയൊരു മധ്യവയസ്കയായ സ്ത്രീയുടെ ചിത്രം കണ്ടവൾ ഞെട്ടി.അവളെ കൂടെ കൂടെ സന്ദർശിച്ച അമ്മച്ചിയുടെ അതെ ഛായാ.
“അമ്മച്ചിയുടെ മുറിയാണ് ഞാൻ ഷൈനിക്ക് തന്നത്.അവിടെ എനിക്ക് കിടക്കാൻ കഴിയില്ല.അമ്മച്ചി കൂടെയുള്ളത് പോലെ തോന്നും.അമ്മച്ചിയുടെ മണം .ഉറക്കത്തിലാരോ അടുത്തിരുന്നു മുടിയിൽ തഴുകുന്ന പോലെ തോന്നിയിട്ടുണ്ട്.
അമ്മച്ചിക്ക് എന്നോട് ദേഷ്യം കാണും.ഞാൻ അല്ല ആ കുഞ്ഞിനെ കൊന്നത്.ഞാനല്ല ഒന്നിനും കാരണം.എനിക്കൊരു അനിയത്തിയോ അനിയനോ വരുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു.”
അയാൾ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു.എങ്ങനെ ആശ്വസിപ്പിക്കണമെന്നു അവൾക്കു അറിയില്ലായിരുന്നു.
അവൾ കട്ടിലിൽ അവനോടു ചേർന്നിരുന്നു. തൻ്റെ മടിയിൽ കിടക്കുന്ന,അവന്റെ കണ്ണുനീർ വീണു തന്റെ കാലുകൾ നനയുന്നത് അവൾ അറിഞ്ഞു.അവളുടെ നേർത്ത വിരലുകൾ അവന്റെ ചുരുണ്ട മുടിയുടെ ഇടയിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
അവളിൽ എങ്ങു നിന്നോ ഒരു അമ്മയുടെ വാത്സല്യം നിറയാൻ തുടങ്ങി.അവൾ അവൻ്റെ അമ്മയായി മാറി.അമ്മയുടെ അധികാരത്തോടെ അവളവന്റെ ജയിൽ കുപ്പായം ഊരുകയും ഹാങ്ങറിൽ തൂക്കിയിട്ടിരുന്ന ഇളം നീല ഷർട്ട് അണിയിക്കുകയും ചെയ്തു.
അവൾ വാരിക്കൊടുത്ത ചോറും കറിയും അവൻ കഴിക്കുമ്പോൾ ,അവൾ ദുപ്പട്ട കൊണ്ടവന്റെ കണ്ണുനീർ തുടച്ചു നീക്കി.അവന്റെ ചുണ്ടിന്റെ കോണുകളിൽ തെളിഞ്ഞ പുഞ്ചിരി കണ്ടവൾ ആനന്ദിച്ചു.
ആ സമയത്ത് അടുത്ത മുറിയിൽ കുര്യച്ചനെ കൂട്ടി കൊണ്ടു പോകാൻ റബേക്ക എത്തി ചേർന്നിരുന്നു.