കാശുള്ള വീട്ടിലെ അൺപിള്ളാരെ വളയ്ക്കാൻ നടക്കുവാ. അതും സാറുമാരെ. നാണം ഉണ്ടോടീ നിനക്ക് ഒക്കെ

നിർമ്മാല്യം
(രചന: Meera Kurian)

രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്.

എഴുന്നേറ്റ് ഒരു കുളിയും പാസ്സാക്കി പൂജാമുറിയിൽ വിളക്ക് കൊളുത്തി. ഇഡലിക്കുള്ള മാവ് തട്ടിൽ ഒഴിച്ച് സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞ് കൂട്ടിയപ്പോഴക്കും സമയം ആറ് കഴിഞ്ഞിരുന്നു.

ഓടി ചെന്ന് തൊഴുത്തിൽ നോക്കിയേപ്പോൾ ദാ.. ചാണകത്തിൽ മുങ്ങി നിൽക്കുന്നു രണ്ടെണ്ണം. എത്ര തവണ നിന്നോടൊക്കെ പറഞ്ഞിട്ടുള്ളതാ ഇമ്മാതിരി പരിപാടി കാണിക്കരുതെന്ന്.

നാൽക്കാലികളാണത്ര ഒരു ബോധവും ഇല്ല. നിക്ക് ഒരു നൂറുകൂട്ടം പണി ഉള്ളതാ. അവറ്റകളെയും കുളിപ്പിച്ച് പാലും കറന്ന് ഇറങ്ങിയപ്പോഴക്കും സമയം വൈകിയിരുന്നു.

ഹേയ്…. പാൽകാരി ദേവു … ആ വിളി കേട്ടാണ് സൈക്കിളിന്റെ ബ്രേക്ക് ചവിട്ടിയത്.

ഇത് കുറച്ച് കഷ്ടാട്ടോ …..ഇപ്പം കാർത്തിയേട്ടന്റെ വിളി കേട്ട് ഇവിടുത്തെ വായനശാലയിലെ കുറച്ച് പൊടി കുപ്പി കുട്ട്യോളും നെ ഇങ്ങനാ വിളിക്ക്യ.

ചുമ്മ ഒരു രസത്തിന് വിളിച്ചതല്ലേ ദേവൂട്ടി. നിന്നെ രാവിലെ തന്നെ കണ്ട് ഒരൂട്ടം പറയണമെന്ന് തോന്നി. നിന്റെ നിർമ്മാല്യം തൊഴലിന് ഫലമുണ്ടായിട്ടൊ…അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് ജോയിൻ ചെയ്യണം.

അപ്പം ഇനി മുതൽ വാദ്ധ്യാരെന്ന് വിളിക്കാല്ലോ. ഞാൻ അപ്പോഴെ പറഞ്ഞില്ലേ. ന്റെ പ്രാർത്ഥന ഭഗവാൻ കേൾക്കാണ്ടിരിക്കുവോ.

ഇങ്ങനെയാണെങ്കിൽ നിക്ക് വേണ്ടി താമസിക്കാതെ ഒരു നിർമ്മാല്യം കൂടി തൊഴേണ്ടി വരും. നീ എപ്പോഴാന്ന് വച്ചാൽ അവിടേക്ക് ഇറങ്ങ് കല്യാണി വന്നിട്ടുട്ടോ.

കല്ലു എത്തിയോ കാണാൻ കൊതിയായിട്ട് പാടില്ല്യ. വായനശാലയിലേക്ക് പോണ വഴി ഇറങ്ങാം. ഇപ്പം സമയം ഇല്ല്യ. വീട്ടിൽ ന്റെ പാവം സരസ്വതിയമ്മ കാത്തിരിപ്പുണ്ടാവും.

വീട്ടിൽ എത്തി മുറ്റത്ത് ചെടികളോട് കിന്നാരം പറയുമ്പോഴാണ് അപ്പറത്തെ വീട്ടിൽ വണ്ടി വരണ സൗണ്ട് കേട്ടത്. എത്തി വലിഞ്ഞുള്ള എന്റെ നോട്ടം കണ്ടിട്ടാവണം.

നീ … അറിഞ്ഞില്ല്യ കുട്ടി അപ്പറത്തെ വീട്ടിൽ പുതിയ താമസകാർ വരുന്നുന്ന്. എതോ ഒരു വാദ്ധ്യാരും അതിന്റെ അമ്മയുമാ ഇവിടുത്തെ കോളജിൽ ട്രാൻസ്ഫർ ആയി അത്ര.അവരാവും എത്തിയത്. രാഘവൻ മുതലാളി ഇപ്പം വന്ന് പോയതേ ഉള്ളൂ.

അടുക്കള പണിക്ക് ഒന്നവിടം വരെ ചെല്ലണമെന്ന്. ഞാൻ പറഞ്ഞതാ നിക്ക് ആവതില്ലാന്ന്. പക്ഷേ മുതലാളി പറഞ്ഞാൽ തള്ളി കളയാൻ പറ്റുവോ. ന്റെ കുട്ടിക്ക് എല്ലാം കൂടി താങ്ങുവോ. ഇപ്പം തന്നെ രാപകൽ ഇല്ലാണ്ട് ഓട്ടമല്ലേ.

അതോന്നും സാരമില്ലന്റെ അമ്മകിളി ഈ മതിൽ ചാടണ ദൂരമല്ലേ ഉള്ളു. ഞാൻ ചെയ്തോളാന്നേ.

അതും പറഞ്ഞ് അരമതിലിൽ നിന്ന് എത്തി നോക്കിയതും. കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ശ്വാസം പോലും വിലങ്ങിയിരുന്നു.”മാഷ് ” …

ഓടി റൂമിൽ കയറി കതകടക്കുമ്പോൾ വർദ്ധിച്ച ഹൃദയ താളം നേരയാക്കാൻ ഒരു പാഴ്ശ്രമം നടത്തുകയായിരുന്നു. കോളജിന്റെ നടുമുറ്റത്തെ എല്ലാരുടെയും നടുവിൽ കണ്ണീർ തൂവി നിന്ന ദാവണികാരിയെ ഓർമ്മ വന്നു.

ചുറ്റും കൂടി നിൽക്കുന്ന കുട്ടികളുടെ കൂകി വിളി ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കണ പോലെ.

സഹിക്കാൻ വയ്യാതെ ചെവി രണ്ടും അടച്ചു പിടിച്ച് കാൽമുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിക്കുമ്പോൾ ഓർമ്മകൾ നാല് വർഷം പുറകിലേക്ക് സഞ്ചരിച്ചു.

എന്റെ ദേവു ഇനി ഇങ്ങനെ പറഞ്ഞാൽ നല്ല ഇടി തരും ഞാൻ. ദേ അമ്മടെ കാര്യം ഓർത്തിട്ടാണെങ്കിൽ കാർത്തിയേട്ടൻ ഉണ്ടല്ലോ.

ന്നാലും പട്ടണത്തിൽ ഒക്കെ പോയി പഠിക്കാന്ന് വച്ചാൽ അത് ശരിയാവില്ല കല്ലു. നമ്മക്കിവിടെത്തെ കോളജിൽ നോക്കിയാൽ മതിയായിരുന്നു.

നമ്മടെ അഡ്മിഷന്റെ കാര്യ ഒക്കെ അച്ഛൻ ചെയ്തിട്ടുണ്ട്. നാളെ പോകണം. നീയില്ലാതെ ഞാൻ എവിടെയും പോവില്ലാന്ന് അറിയാല്ലോ. ദാ ഇത് നിനക്കായി മെടിച്ചതാ.ന്താപ്പോ ചുരിദാറും ടോപ്പും ഒക്കെ… നിക്ക് ഈ ദാവണി മതി.

ഇവിടുത്തെ പോലാണോ അവിടെ … അതാ ഇത് ഒക്കെ. ദേവു ഇതെ പറയുന്നു കാർത്തിയേട്ടനറിയായിരുന്നു യേട്ടന്റെ വക ദാവണി അതിൽ ഉണ്ട്.

ഞാൻ നാലിൽ പഠിക്കുമ്പോഴാ കല്ലു ഒക്കെ ഈ നാട്ടിൽ വരണത്. എന്റെ ക്ലാസ്സിൽ, പിന്നെ ഇണപിരിയാത്ത കൂട്ടുകാരായി. അവളും അച്ഛനും അമ്മയും യേട്ടൻ കാർത്തിക് ഒക്കെ പിന്നെ എന്റെയും സ്വന്തകാരായി.

കല്ലുനെ കാൾ അധികം എന്നോട് ഇഷ്ടത്തോടെയും സ്നേഹത്തോടെയും പെരുമാറുമ്പോൾ ആദ്യം അത്ഭുതമായിരുന്നു. ഒരു പക്ഷേ ആ കുടുംബവും ന്റെ കല്ലുവും ഇല്ലെങ്കിൽ എന്നേ എന്റെ പഠിപ്പ് മുടങ്ങുമായിരുന്നു.

ന്റെ ദേവൂട്ടി കോളജ് എന്ന പേരേ ഉള്ളൂ. വായി നോക്കാൻ പറ്റുന്ന ഒരാളു പോലും ഇല്ലല്ലോ.

ഈ പെണ്ണിന്റെ ഒരു കാര്യം അതിനാണോടീ പട്ടണത്തിൽ പഠിക്കണമെന്ന് പറഞ്ഞ് ബഹളം കൂട്ടിയത്.

പിന്നല്ലാതെ എത്ര നാളന്നു വച്ചാ ദേവൂ നമ്മടെ നാട്ടിലെ ആ പയ്യൻമാരെ മാത്രം നോക്കുക ഒരു പുതുമ വേണ്ടടീ. അല്ല ആരോടെ ഞാൻ ഇതൊക്കെ പറയുന്നേ. നീ ഇവിടെ നിൽക്ക് ഞാൻ പോയി ഡിപ്പാർട്ട്മന്റെ തപ്പിയിട്ട് വരാം.

നിറയെ വാക മരങ്ങളാൽ ചുറ്റപെട്ട് കിടക്കണേ കോളജ്, നനുത്ത കാറ്റ് മുടിയിഴങ്ങളിൽ തട്ടി കളിക്കുന്നുണ്ടായിരുന്നു.

എന്തൊക്കെയോ പറഞ്ഞ് കളിച്ച് ചിരിച്ച് വരുന്ന കുട്ടികൾ. മിക്കതും പരിഷ്കാരികൾ തന്നെയാണ്.
പല ചിന്തകളുമായി തിരിഞ്ഞതും ആരുടെയൊ ദേഹത്ത് ചെന്ന് ഇടിച്ചതും ഒരുമിച്ചായിരുന്നു.

ബാലൻസ് കിട്ടാതെ താഴെ പോകുന്ന് വിചാരിച്ച എന്നെ ആയാൾ ഇരു കൈ കൊണ്ടും ചുറ്റിപ്പിടിച്ചു. ഇറുക്കി അടച്ച കൺപീലികൾ വിടർത്തുമ്പോൾ കണ്ടത് ആ നീല കണ്ണുകളാണ്.

ഒരു സോറിയും പറഞ്ഞ് ആള് നടന്ന് നീങ്ങിയപ്പോഴും ന്റെ കണ്ണും മനവും നിറയെ ആ നീല മിഴികളായിരുന്നു.

പിന്നീട് കാണുന്ന മുഖങ്ങളിൽ ആ കണ്ണുകളെ വെറുതെ തിരയും. ഒരിക്കൽ യാദ്യശ്ചികമായി കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ വാതിൽക്കൽ കൂടെ പോകുമ്പോൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കണ ആളെ കണ്ട് ഞ്ഞെട്ടിയിരുന്നു.

ആ കണ്ണുകൾക്ക് ഉടമ കോളജിലെ മാഷ് ആണെന്നുള്ള ബോധത്തിൽ തെല്ല് ഒരു ജാള്യത തോന്നി.

കോളജിലേക്ക് പോകാൻ പിന്നീട് ഒരു ഉൽസാഹമായിരുന്നു. ഇടുന്ന ദാവണിക്ക് ചേരുന്ന കുപ്പിവളകൾ തിരയാനും മുഖം മിനുക്കാനും മൊത്തത്തിൽ ഒരു ഉന്മേഷം.

ദിവസങ്ങൾ കൊഴിഞ്ഞ് വീഴുമ്പോൾ മനസ്സിൽ ആ രണ്ടക്ഷരം പലയാവർത്തി ഉരുവിട്ടിരുന്നു. ” മാഷ് ” ………

“അർഹിക്കാതത് ഒന്നും ആഗ്രഹിക്കാൻ പാടില്ല കുട്ട്യേ ” അമ്മടെ വാക്കുകൾ ഓർത്തപ്പോൾ കൈവിട്ട് പോകണ മനസ്സിനെ ശ്വാസനയോടെ പിടിച്ച് നിർത്തി.

ന്റെ മാറ്റം കണ്ടിട്ടാവണം ഒരൂസം കല്ലു എന്നെ പിടിച്ച് ചോദ്യം ചെയ്യൽ തുടങ്ങി.
കള്ളം കണ്ടുപിടിക്കപ്പെട്ട കുട്ടിടെ മുഖഭാവത്തിൽ ഞാൻ തലകുമ്പിട്ടു നിന്നു.

നിക്ക് ഒരാളെ ഇഷ്ടാടീ… എന്തോ ഒരിഷ്ടം…..ഭഗവാനെ പ്രേമമോ …. കല്ലുന്റെ ചോദ്യത്തിന് ആണെന്നും അല്ലന്നും ഉള്ള ഭാവത്തിൽ തല വെട്ടിച്ചു.

പ്രേമന്ന് പറഞ്ഞാൽ മുഖം തിരിക്കണ നീ തന്നെ ആണോ ദേവു ഇത്. ആട്ടെ ആരാ ആൾ.മാഷ്…..

അയ്യേ …. ആ ഓർഗാനിക് കെമിസ്ട്രി എടുക്കണ ആ കെളവനോ.ഒന്ന് പോ കല്ലു…..പിന്നെ നമ്മളെ വെറെ സാറുമാരാരും പഠിപ്പിക്കണില്ലല്ലോ.

അത് പിന്നെ നമ്മടെ കോമേഴ്സിലെ മാഷ്…ഏത് ആ നല്ല പൊക്കം ഉള്ള ഇരു നിറമുള്ള സാറോ….മ്മ്ഹഹ്‌..

ന്റെ ഭഗവതി ഇനി എനിക്ക് ചത്താലും വേണ്ടില്ലേ. ന്റെ ദേവുന് ഒരാളെ ഇഷ്ടപെട്ടല്ലൊ. ഇനി വച്ച് താമസിക്കണ്ട നാളെ തന്നെ തുറന്ന് പറയണം.

ഇല്ലടീ നിക്ക് പറ്റില്ല..ന്റെ സാഹചര്യം ഒക്കെ അറിയാല്ലോ. എന്ത് യോഗ്യത ഉണ്ട്. നെ പോലൊരു പെണ്ണിനെ മാഷ്ക്ക് ഇഷ്ടാകുമോ. നിക്ക് ഒരിഷ്ടം തോന്നി. പക്ഷേ മാഷ് നെ ശ്രദ്ധിച്ച് കൂടി ഉണ്ടാവില്ല്യ.

എന്റെ ദേവുനെ ആർക്കാ ഇഷ്ടമല്ലാതിരിക്യ. ചിലപ്പോൾ ഭഗവാൻ കൃഷ്ണൻ തന്നെ തോന്നിപ്പിച്ചതാവും ഇത്. ഒന്നുമില്ലങ്കിലും എല്ലാരെയും സ്നേഹിക്കാൻ മാത്രം അറിയണ ഒരു മനസ്സില്ലേ. അതിന് പകരം വയ്ക്കാൻ ഒരു പൊന്നിനും പറ്റില്ല പെണ്ണേ.

എങ്ങനെ ഇഷ്ടം പറയണം എന്ന തലപുകയ്ക്കുന്ന ചിന്തയിലായിരുന്നു കല്ലു. നീ എന്തൊക്കെ പറഞ്ഞാലും മാഷ് നെ കാണുമ്പോൾ എന്റെ നാവ് പൊങ്ങില്ലടീ.

ഇങ്ങനെ ഒരു പൊട്ടികാളി. ഒരു ഐഡിയ ഉണ്ട്. സംഗതി ഇത്തിരി പഴഞ്ചനാ. നീ വല്യ കഥയും കവിതയും ഒക്കെ എഴുതണതല്ലേ. ഒരു നാല് വരി ഇഷ്ടം പറഞ്ഞ് എഴുത്.

എഴുതിട്ടും എഴുതിട്ടും മതിവരാത്ത പോലെ കുത്തി കുറിച്ചു. അവസാനം രണ്ട് വരികളിൽ ഇഷ്ടം എഴുതി കൂട്ടുമ്പോൾ. മാഷ് എന്ന രണ്ടക്ഷരം ഹൃദയത്തിൽ അത്ര അഴത്തിൽ വെരുന്നിയിരുന്നു.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പണ്ട് എങ്ങോ കേട്ടു മറന്ന കഥയിലെ , കുതിരപുറത്തേറി വരുന്ന രാജകുമാരന് മാഷ്ടെ ഛായയായിരുന്നു.

കോളജ് വിട്ട് വൈകിട്ട് ആളെ കാത്തിരിക്കുമ്പോൾ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. തിരിഞ്ഞ് നടന്നല്ലോന്ന് ചിന്തിച്ചാൽ, മരത്തിന്റെ മറവിൽ മാറി നിൽക്കണ കല്ലു ഭീഷണി മുഴക്കും. ഞാൻ പറഞ്ഞില്ലങ്കിൽ അവൾ പറയുന്നേ.

വിറയ്ക്കുന്ന കൈകളാൽ ആ അക്ഷരതുണ്ട് നീട്ടുമ്പോൾ. അത് വായിച്ച് കൈ കൊട്ടി ന്റെ ചുറ്റും കുട്ടികളെ വിളിച്ച് കൂട്ടുന്ന മാഷ്നെ കണ്ടപ്പോൾ ഭയം തോന്നി.

എല്ലാരും ഒന്ന് കാണണം പഠിപ്പിക്കുന്ന അദ്ധ്യാപകന് ലൗ ലെറ്റർ എഴുതിയ ഈ ധീരവനിതയെ.

അവളുടെ ഒരു ദാവണിയും, കുപ്പിവളയും എത് പട്ടികാട്ടിന്ന് വരുന്നതാന്ന് ആർക്കറിയാം. അല്ല നിന്റെ അച്ഛനും അമ്മയും എന്നാ ചെയ്യുവാ.

വിതുമ്പുന്ന ചുണ്ടുകളാൽ മറുപടി കൊടുക്കുമ്പോൾ ചുറ്റുമുള്ളവർ അവജ്ഞതയോടെ നോക്കുന്ന കണ്ടു.

ഓ.. അപ്പം അതാണ് ഇവിടെ ചാണകത്തിന്റെ ഒരു വാടാ. കാശുള്ള വീട്ടിലെ അൺപിള്ളാരെ വളയ്ക്കാൻ നടക്കുവാ. അതും സാറുമാരെ. നാണം ഉണ്ടോടീ നിനക്ക് ഒക്കെ. തൊഴുത്തിൽ കിടക്കുന്ന കണ്ട വാല്യകാരി പെണ്ണുങ്ങൾക്ക് …

ബാക്കി പറയാൻ അനുവദിക്കാതെ കല്ലു ഇടയിൽ കയറി എന്നെ ചേർത്ത് പിടിച്ചിരുന്നു.

നീ അറിയാനാ പറയുന്ന എന്റെ കല്യാണം ഉറപ്പിച്ചു. നിന്നെ പോലെ കാൽകാശിന് ഗതി ഇല്ലാത്തവൾ അല്ല. ദാ ഇതാ പെണ്ണ്.

മാഷ് നീട്ടിയ ഫോണിലെ ഫോട്ടോ കണ്ണീരിനിടയിലും അവ്യക്തമായി കണ്ടിരുന്നു. തോളോടൊപ്പം മുടി വെട്ടിയ, ചുണ്ടിൽ ഛായം പൂശിയ ഒരു പെൺകുട്ടി.

ഇനി മേലിൽ എന്റെ കൺമുന്നിൽ കാണരുത് നിന്നെ. അതും പറഞ്ഞ് മാഷ് നടന്ന് നീങ്ങുമ്പോൾ ചുറ്റിനും നിന്ന കുട്ടികൾ കൂകി വിളിക്കുന്നുണ്ടായിരുന്നു.

നീണ്ട മുടികൾ വാശിയോടെ മുറിച്ച് കളഞ്ഞു. കൈയ്യിലെ കുപ്പിവളകൾ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. കല്ലു പണ്ട് തന്ന ചുരിദാർ എടുത്ത് അണിഞ്ഞൊരുങ്ങി.

ചുണ്ടിൽ ഛായം പൂശി. ഇട്ട ഡ്രസ്സ് പലത തവണ നാസികയിലേക്ക് അടുപ്പിച്ച് നോക്കി. മതിവരാത്ത പോലെ സെന്റെ പൂശി.നീ ഇത് എന്ത് ഭ്രാന്താ ദേവു കാണിക്കന്നേ.

എന്നെ കാണാൻ ഇപ്പം ചന്തം ഇല്ലേ കല്ലു. ഞാ.. ഞാൻ ചീത്ത…. ബാക്കി പറയാവാതെ അവളുടെ മാറിൽ സങ്കടങ്ങൾ ചെയ്തൊഴിച്ചു.

ചില ഓർമ്മകൾ മറന്നെന്ന് വിചാരിക്കും. പക്ഷേ ഒരിക്കലും അണയാത്ത കനലായി ഉള്ളിന്റെ ഉള്ളിൽ നീറി പുകയുന്നുണ്ടാകും.ദേവൂട്ടി …. അമ്മടെ വിളിയാണ് യാഥാർത്ഥ്യത്തിലേക്ക് കൊണ്ട് വന്നത്.

ആ വാദ്ധ്യാരു ചെക്കൻ ബന്ധം വേർപെടുത്തി നിൽക്കുവാണത്ര. നാല് മാസം തികച്ച് ജീവിച്ചില്ല. അമ്മയായാൽ സൗന്ദര്യം പോകുന്ന് പറഞ്ഞ് വയറ്റിൽ ഉണ്ടായതിന് കൊന്നു തള്ളി. ഇന്നത്തെ കലത്ത് പെൺകുട്ട്യോളുടെ ഒരോ അഹമതി.

അത് കേട്ടതും നെഞ്ചിനുള്ളിൽ ഒരു പാറകല്ല് എടുത്തു വച്ച പോലെ. ഓടി കല്ലുന്റെ അടുത്ത് കാര്യങ്ങൾ ഒക്കെ പറയുമ്പോൾ തെല്ല് ഒരാശ്വാസം തോന്നി.
നിക്ക് പറ്റിലടീ ഇനിയും മാഷ്ടെ മുൻപിൽ ചെല്ലാൻ.

അങ്ങേർക്ക് അത് തന്നെ വേണം. ചിലപ്പോൾ നിന്റെ ശാപമായിരിക്കും അത്രയ്ക്ക് ന്റെ ദേവുന്റെ മനസ്സ് നോവിച്ചതല്ലേ.കല്ലു…… ഇത്തിരി ദേഷ്യത്തിൽ തന്നെ വിളിച്ചു.

പിന്നീട് അവളു പറഞ്ഞത് കേട്ട് വല്ലാത്തൊരു ഊർജ്ഞം വന്നത് പോലെ. അല്ലെങ്കിലും പണ്ടും അങ്ങനെ തന്നെയാണ്. ഇനി കോളജിലേക്ക് ഇല്ലന്ന് പറഞ്ഞ് കരഞ്ഞപ്പോൾ, ഇവിടുത്തെ കോളജിലേക്ക് ന്റെ ഒപ്പം ചേർന്നു.

തളർന്നു പോകുന്നു വിചാരിച്ചപ്പോൾ ഒക്കെ ചേർത്തു നിർത്തി. നിഴലു പോലെ കൂടെ നിന്നു. സ്നേഹിക്കാൻ ഒരുപാട് പേരൊന്നും വേണ്ട. നമ്മളെ മനസ്സിലാക്കുന്ന ചേർത്ത് നിർത്തുന്ന ഒരാളുണ്ടായാൽ മതി.

പിറ്റേന്ന് മാഷ്ടെ വീട്ടിലേക്ക് പോകുമ്പോൾ ഭയമുണ്ടായില്ല. കല്ലു പറഞ്ഞത് പോലെ തോറ്റുകൊടുക്കാൻ പാടില്ലാന്ന് ഉറപ്പിച്ചിരുന്നു.

എന്നെ കണ്ട് ആ മിഴികളിൽ നിസ്സഹായതയോ കുറ്റബോധം ഒക്കെ തെളിയുന്ന കണ്ടു. മാഷ്ടെ രൂപത്തിൽ നിന്ന് തന്നെ ആ വേദന വിളിച്ചോതി.

ദിവസങ്ങൾ കടന്ന് പോകുമ്പോൾ. ആളു പലതവണ എന്നോട് സംസാരിക്കാനായി ഒരവസരത്തിനായി കാത്ത് നിൽക്കണതറിയുന്നുണ്ടായിരുന്നു. എല്ലാത്തിന്നും ഒഴിഞ്ഞ് തന്നെ നിന്നു. മൗനം തന്നെയാണ് നല്ലതന്ന് തോന്നി.

പാൽ സപ്ലൈ കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ , ഉമ്മറത്ത് നിൽക്കണ അമ്മടെ മുഖത്ത് പതിവിലും തെളിച്ചം കണ്ടു.

ഇന്ന് ആ മാഷും അമ്മയും ഇവിടം വരെ വന്നിരുന്നു. ന്റെ കുട്ടിയെ അവർക്ക് തരുവോന്ന് ചോദിക്കാൻ.

കുറച്ച് നാളായില്ലേ കാണുന്നു. നല്ല കൂട്ടരാ. രണ്ടാം കെട്ടാണ് അത് ഓർക്കുമ്പോഴേ അമ്മക്ക് സങ്കടം ഉള്ളൂ. ന്നാലും കാര്യങ്ങൾ നമ്മക്ക് അറിയാവുന്നതല്ലേ. മോൾക്ക് ഇഷ്ടാച്ചാൽ നാളെ തന്നെ മോതിരം മാറാന്ന്.

എപ്പം വേണെമെങ്കിലും പൊട്ടാവുന്ന ഹൃദയവുമായി നടക്കുക ഞാൻ. പല കല്യാണലോചനകൾ മുടങ്ങിയത് ഇങ്ങനെ ഒരു നല്ലതിനാവും. ന്റെ കുട്ടി ഇതിന് സമ്മതിക്കണം. അല്ലാച്ചാൽ മരിച്ചാലും നിക്ക് മോക്ഷം കിട്ടില്ല.

എന്നെ വയറ്റിൽ ഉള്ളപ്പോൾ അച്ഛൻ പോയതാ. കടം കയറി വിഷം കഴിച്ചതാ. ബന്ധുക്കൾന്ന് പറയാൻ ആരുമില്ല.

അന്ന് മുതൽ എനിക്ക് വേണ്ടി മാത്രം ജീവിച്ചതാ ആ പാവം. കുറച്ച് നാളുകൾക്ക് മുൻപാണ് ഹൃദയത്തിന്റെ തകരാറ് അറിഞ്ഞത്. അന്ന് തുടങ്ങിയ കല്യാണലോചനയാ.

ഓർത്തപ്പോൾ തന്നെ ഒരു പുച്ഛമാ തോന്നിയത്. ചിലത് വീട്ടുപടിക്കൽ എത്തണതിനു മുൻപ് മുടങ്ങിയിട്ടുണ്ടാവും.

ചിലരു പെണ്ണിനു കൊടുക്കാൻ പൊന്നും പണവും ഇല്ലാന്നറിയുമ്പോൾ മുഖം തിരിക്കും. അതും അല്ലെങ്കിൽ വരുന്നവൻ തന്റെ ശരീരത്തിന്റെ അകാരവടിവ് തിട്ടപെടുത്തുന്ന തിരക്കിലാവും. ഇന്നു വരെ കണ്ണിൽ പ്രണയം നിറച്ച് നോക്കന്നെരാളെ കണ്ടിട്ടില്ല.

മാഷ്… ഒരിക്കൽ ആ ഗർത്തതിൽ നിന്ന് കരകയറിയതാ. വീണ്ടും അതിലും ആഴത്തിൽ വീണു പോകുകയാണെന്ന് വേദനയോടെ തിരിച്ചറിഞ്ഞു.

പതിവു പോലെ വായനശാലയിൽ നിന്ന് കാർത്തിയേട്ടന്റെ ഒപ്പം നടക്കുമ്പോൾ മനസ്സ് നാളെത്തെ കാര്യം ആലോചിച്ച് ഉഴലുകയായിരുന്നു.

നാളെ കഴിഞ്ഞ് എനിക്ക് ജോയിൻ ചെയ്യണം. വായനശാലയിലെ ജോലി സമയം മാറ്റി തരാൻ ഞാൻ എർപ്പാടാക്കിയിട്ടുണ്ട്. പഠനം ഒഴപ്പല്ല നിന്റെ ആഗ്രഹം പോലെ തന്നെ ടീച്ചറാവണം. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണ ദേവു.

ഒരു പ്രതികരണം ഇല്ലാത്ത ന്റെ മുഖം കണ്ടിട്ടാവണം. എന്താ എന്റെ ദേവൂട്ടിക്ക് പറ്റിയന്നുള്ള കാർത്തിയേട്ടന്റെ ചോദ്യത്തിന് ഇന്നു വരെ ഉള്ള കാര്യങ്ങൾ ആളുടെ അടുത്ത് പറഞ്ഞ് തീർത്തു.

നിനക്ക് ഇപ്പോഴും ഇഷ്ടമാണോ മാഷിനെ…അറിയില്ല. ഒരിക്കൽ ഇഷ്ടപെട്ടിരുന്നു. ഈ നാല് വർഷങ്ങൾക്കിടയിൽ പലപ്പോഴും അന്നത്തെ ആ കൂകി വിളി കേട്ട് രാത്രിയിൽ ഞാൻ ഞെട്ടി ഉണരാറുണ്ട്. മനസ്സിൽ ഒരു തീ ആളി കത്തുന്ന പോലെ.

ഇത് പ്രണയമല്ല ദേവു. ഒരിക്കൽ പ്രതികരിക്കാൻ കഴിയാതെ തോറ്റു പോയതിലുള്ള സങ്കടമാ നിനക്ക്. എന്ന് നീ പ്രതികരിക്കുന്നുവോ അന്ന് ഈ തീയും അണയും.

ഇപ്പം തോറ്റുകൊടുത്താൽ ജീവിതകാലം മുഴുവൻ നീ തോൽവി ഏറ്റു വാങ്ങണം. പുരുഷൻ എന്നു പറയുന്നത് ഏത് സാഹചര്യത്തിലും പെണ്ണിനെ ചേർത്ത് പിടിക്കുന്നവനാവണം. കാർത്തിയേട്ടന്റെ പറച്ചിലിന് തിരിച്ച് ഒരു വിഷാദ ചിരി സമ്മാനിച്ചു.

ഇനി മോതിരം മാറ്റം നടത്താം. എന്റെ നേരേ പ്രതീക്ഷയോടെ കൈ നീട്ടി നിൽക്കണ മാഷിനെ നോക്കി. ആദ്യമായി ആ കണ്ണുകൾ എനിക്ക് വേണ്ടി തിളങ്ങുന്നത് കണ്ടു.

ഒരിക്കൽ ഈ ദിവസം ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്. അന്നത്തെ ദേവു തന്നെയാ ഇത്. മാഷ് ഒരിക്കൽ പറഞ്ഞ പോലെ തൊഴുത്തിൽ കിടക്കുന്നവൾ കാൽ കാശിന് ഗതി ഇല്ലാത്തവൾ. പക്ഷേ അത്മാഭിമാനം ഉണ്ട്.

ഒരിക്കൽ ന്റെ ഇഷ്ടത്തോടൊപ്പം ചവിട്ടിയരച്ചു കളഞ്ഞത് ന്റെ വിശ്വാസം കൂട്ടിയാ. അതും പറഞ്ഞ് വാതിൽ പടിയിൽ നിൽക്കണ കാർത്തിയേട്ടന്റെ വിരലിലേക്ക് മോതിരം അണിയിച്ച് ആളോടു ചേർന്ന് നിന്നു.

ഒന്നും പറയാതെ ഇറങ്ങി പോണ മാഷിനെ കണ്ടപ്പോൾ മനസ്സിൽ ഒരു തരം നിർവികാരതയായിരുന്നു. ആളി കത്തുന്ന തീയുടെ മേൽ വെള്ളം കോരി ഒഴിച്ചത് പോലെ.

ന്നാലും എന്റെ ദേവു നീ ഇത്രയും പറയുന്ന് ഞാൻ വിചാരിച്ചില്ല.കാർത്തിയേട്ടന്റെ പറച്ചിലിന് മനസ്സറിഞ്ഞു തന്നെ പുഞ്ചിരിച്ചു. ഒക്കെയും കല്ലുന്റെ ഐഡിയായ. ദാ… മോതിരം…

ഏട്ടന്റെ ആൾ അറിയണ്ട നെ കൊല്ലും. എന്നും കാണിച്ച് തരാന്ന് പറഞ്ഞ് എന്നെ പറ്റിക്കുവല്ലേ . നിങ്ങൾ ഒരുമിച്ചാൽ ഒരു നിർമ്മാല്യം ഞാൻ നേർന്നിട്ടുണ്ട്.

ദേവുന് അറിയുമോ. ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാ അച്ഛന് ഈ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടണേ. വല്ലാത്ത ദേഷ്യവും സങ്കടമായിരുന്നു കൂട്ടുകാരെയും സ്കൂളും ഒക്കെ പിരിഞ്ഞതിൽ ഉള്ള സങ്കടം.

ഒരിക്കൽ നിർമ്മാല്യം തൊഴാൻ ആദ്യമായി ഇവിടുത്തെ അമ്പലനടയിൽ ഉറക്കം മുറിഞ്ഞ ഈർഷ്യയോടെ നിൽക്കുമ്പോഴാ അവളെ കണ്ടത്. അമ്മടെ കൈയ്യിൽ തൂങ്ങി പട്ടുപാവാട ഇട്ടു വരണ ഒരു കൊച്ചു പെൺകുട്ടി.

ആദ്യമായി കണ്ട ആ പട്ടുപാവാടകാരി അന്നേ ഹൃദയത്തിൽ കയറിയിരുന്നു. കളിയായി അന്ന് ഭഗവാന്റെ മുൻപിൽ കൈകുപ്പി പറഞ്ഞതും അവളെ എനിക്ക് തരണന്നാ.

സ്കൂൾ വിട്ട് വരണ കല്യാണി അവളുടെ കൂട്ടുകാരി ദേവുന്റെ വിശേഷങ്ങൾ വാതോരാതെ പറയണ കേൾക്കായിരുന്നു. പിന്നെ തിരിച്ചറിഞ്ഞു എന്റെ മനസ്സിലെ പട്ടുപാവാടകാരിടെ മുഖമാണ് അവളുടെ കൂട്ടുകാരിക്കന്ന്.

പിന്നീട് സ്കൂൾ വിട്ട് വരുന്നവളെ അക്ഷമയോടെ കാത്തിരിക്കും ന്റെ പ്രിയപ്പെട്ടവളുടെ വിശേഷം അറിയാൻ. കല്യാണിയിലൂടെ നിന്റെ ഇഷ്ടങ്ങൾ ഒക്കെ മനസ്സിലാക്കി. ഒരിക്കൽ വെറെ ഒരാളെ നീ സ്നേഹിക്കുന്നുന്നറിഞ്ഞ് പൊട്ടി കരഞ്ഞിട്ടുണ്ട്.

പക്ഷേ ഭഗവാൻ ചിലപ്പോൾ പണ്ടത്തെ പതിനാല് വയസ്സുകാരന്റെ പ്രാർത്ഥന കേട്ടിട്ടുണ്ടാവും. എന്തിനധികം ഈ വാദ്ധ്യാരു പണി പോലും നിന്നോടുള്ള ഇഷ്ടത്തിന്റെ തെളിവാ. എന്തേ ദേവു ഇത്രയു നാൾ എന്റെ ഇഷ്ടം നീ തിരിച്ചറിയാഞ്ഞത്.കാർത്തിയേട്ടാ … ഞാൻ…

ഒന്നും പറയണ്ട. നീ പറയാൻ പോകുന്നത് എനിക്കറിയാം. പ്രാരബ്ധങ്ങളുടെ കണക്കാണെങ്കിൽ ഇനിയും നീ തളർന്നു വീഴുമ്പോൾ ചായാൻ ഒരു ചുമൽ ഉണ്ടെന്ന് കരുതിയാൽ മതി.

നിന്റെ സ്വപ്നങ്ങൾക്കും സങ്കടങ്ങൾക്കും സന്തോഷങ്ങൾ ഒക്കെ പങ്കിട്ടാൻ ഒരാൾ. നാളെ എനിക്ക് ജോയിൻ ചെയ്യണം. വെളുപ്പിനെ നിർമ്മാല്യം തൊഴാൻ വരണം. മറുപടി എന്തായാലും നിന്നെ എനിക്ക് കാണിച്ച് തന്ന ആ ഭഗവാന്റെ മുൻപിൽ വച്ച് മതി.

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി കാർത്തിയേട്ടന്റെ മനസ്സിൽ ഞാനായിരുന്നോ.

എന്തേ ഞാൻ ആ പ്രണയം കണ്ടില്ല. പാടവരമ്പത്തൂടെ കാർത്തിയേട്ടന്റെ ഒപ്പം നടക്കുമ്പോൾ പഴയ കാര്യങ്ങൾ വെറുതെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്നു വരെ കണ്ട രാത്രികളിൽ ഏറ്റവും മനോഹരമായ രാത്രി ഇതാന്ന് തോന്നി തണുത്ത കാറ്റ് ഒരു പട്ടു ചേല പോലെ പൊതിയുന്നു. ആകാശത്ത് ഒരായിരം നക്ഷത്രങ്ങൾ കൺചിമ്മി , ആരെയൊ അണിയിക്കാൻ കീരീടം കാത്ത് വച്ചിരിക്കുന്ന പോലെ.

ചുറ്റും തൊഴിമാരെന്ന പോൽ മിന്നാമിന്നികൾ കിന്നാരം പറയുന്നു. ഞാൻ അവരുടെ രാജകുമാരിയാന്ന് സങ്കൽപ്പിച്ചു. വാല്യകാരി പെണ്ണിൽ നിന്ന് രാജകുമാരി. ഓർത്തപ്പോൾ തന്നെ ഞാനറിയാതെ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.

അമ്പലനടയിൽ ദേവുനെ നോക്കി നിൽക്കുമ്പോൾ സമയം കഴിയും തോറും ചങ്കിടിപ്പ് എറുകയായിരുന്നു.

മെറൂൺ പട്ടുപാവാടണയണിഞ്ഞ് കൈയ്യിൽ കുപ്പിവളകളുമായി വരുന്നവളെ നോക്കി നിന്നു. കുളിർ പിന്നൽ ഇട്ട മുടിയിഴങ്ങളിൽ നിന്ന് വെള്ള തുള്ളികൾ ഇറ്റു വീഴുന്നു.

പക്ഷേ എന്റെ കൈയ്യിലേക്ക് വച്ച് തന്ന മോതിരം കാൺകെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയാൻ തുടങ്ങി. പക്ഷേ പീന്നീടവൾ പറഞ്ഞത് കേട്ട് ആശ്ചര്യവും.

കാർത്തിയേട്ടനറിയുവോ .. ഓർമ്മവച്ച നാൾ മുതൽ ഞാനിവിടെ വന്ന പ്രാർത്ഥിക്കണതാ. പലരും പരാതി പറയണ കേൾക്കാം ഭഗവാൻ പ്രാർത്ഥന കേൾക്കണില്ല്യാന്ന്.

ഞാനും എന്റെ പരിഭവങ്ങളും ആഗഹങ്ങളും ഇവിടെ വന്ന് പറയാറുണ്ട്. ഒരിക്കൽ മാഷിനെ വേണ്ടി പിന്നെ പലപ്പോഴും കാർത്തിയേട്ടന് ഇഷ്ടപ്പെട്ട ആളെ തന്നെ കിട്ടാൻ വേണ്ടി.

ചില പ്രാർത്ഥനങ്ങൾ ഭഗവാൻ കേൾക്കാത്തതല്ല കേട്ടില്ല്യാന്ന് നടിക്കണതാ. കാരണം ആ കൃഷ്ണനറിയാം നമ്മക്ക് എതാ നല്ലതന്ന്. അതുകൊണ്ട് ഈ തിരുനടയിൽ വച്ച് ഒരുവട്ടം കൂടി എന്റെ കെകയ്യിൽ ഇത് അണിയിക്കാമോ.

ഭഗവാന്റെ മുൻപിൽ ഒരുമിച്ച് നിന്ന് തൊഴുമ്പോൾ ഒന്നേ പറഞ്ഞുള്ളൂ. എന്റെ കൃഷ്ണാ പണ്ട് ഒരു നിർമ്മാല്യം തൊഴാൻ വന്നപ്പോൾ തന്ന നിധിയാ ഈ ദേവു. ജീവിതകാലം മുഴുവൻ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം.

ആ മാഷിന് അവളുടെ അടുത്ത് വീട് എടുത്ത് കൊടുത്തത് മനപൂർവ്വമാ. അങ്ങെനെ എങ്കിലും ദേവു മനസ്സിൽ കൊണ്ടു നടക്കണ ഭാരം ഒഴിയണന്ന് വിചാരിച്ച് ഉള്ളൂ.

പക്ഷേ അങ്ങേര് കയറി
കല്യാണലോചിക്കുന്ന് സ്വപ്നത്തിൽ ഓർത്തില്ല. രാത്രിയിൽ കല്യാണിയെ കൊണ്ട് വിളിപ്പിച്ച് മോതിരമാറ്റത്തിന്റെ ഐഡിയ പറയിച്ചതും ഞാനാ. പിന്നെ നാട്ടിൽ അവളെ പെണ്ണു കാണാൻ വന്ന ചിലരെ ഓടിച്ചും വിട്ടു.

എന്റെ കണ്ണാ പണ്ട് നീ വെണ്ണ കട്ടുതിന്ന പോലെ ചെറിയ ഒരു കള്ളത്തരായി കണ്ട് മാപ്പ് തരണേ. ദേവു ഇതെന്നുമറിയാതെ നീ തന്നെ കാത്തോണേ. രണ്ട് പിള്ളാരെക്കെ ആയി കഴിഞ്ഞ് ഞാൻ തന്നെ അവളോടു പറഞ്ഞോള്ളാം.

പകരമായി ഞങ്ങൾക്ക് ആദ്യം ഉണ്ടാക്കുന്നത് ആൺകുട്ടിയാണെങ്കിൽ നിർമ്മാല്യൻ എന്നും പെൺകുട്ടിയാണെങ്കിൽ നിർമ്മാല്യന്ന് പേരിട്ട് ഇവിടെ കൊണ്ടുവന്ന് നിർമ്മാല്യം തൊഴുതോള്ളാമേ.

ആ പ്രാർത്ഥന കേട്ട് ശ്രീകോവിലിനുള്ളിൽ ഇരുന്ന കൃഷ്ണൻ പോലും അറിയാതെ ചിരിച്ചു പോയി. സമ്മതം എന്നോണം അമ്പല മുറ്റത്ത് നിൽക്കണ അരയാലിൽ നിന്ന് ആലിലകൾ അവരുടെ മേൽ വർഷിച്ചു.

അപ്പോഴും ഇത് ഒന്നുമറിയാതെ അടുത്ത നിർമ്മാല്യത്തിനുള്ള നേർച്ച നേരുന്ന തിരക്കിലായിരുന്നു ദേവു. നിർമ്മാല്യത്തിന്റെ നൈർമല്യമുളള മനസ്സുമായി.

Leave a Reply

Your email address will not be published. Required fields are marked *