ഞാനെത്ര നാൾ കാത്തിരിക്കണം ഈ രാധിക എന്റേതാവാൻ .. ഓരോ രാവും പകലും ഞാൻ ഇപ്പോൾ

(രചന: രജിത ജയൻ)

 

മോളുടെ കയ്യും പിടിച്ച് തിരക്കിട്ട് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോൾ ചുറ്റുമുള്ളവരുടെ നോട്ടം തന്നിലേക്ക് പാറി വീഴുന്നതു രാധിക അറിയുന്നുണ്ടായിരുന്നു ..

 

“എന്തിനാ രാധികമോളെ ഇത്ര തിരക്കിൽ ആ കുട്ടീനേം കൊണ്ട് ബസ്സിൽ പോണത് ..?

 

ആ സ്ക്കൂട്ടറിൽ പോയാ പോരെ നിനക്ക് ..?

 

“വണ്ടിയൊന്ന് വീട്ടിൽ ഉണ്ടായിട്ടാണ് ഈ പെണ്ണ് ബസ്സിൽ തൂങ്ങി ഇടിയും ചവിട്ടും കൊണ്ട് പോണത് ..

 

“അതമ്മയ്ക്ക് പേടിയായിട്ടാ സുജാതാന്റീ… അതീന്ന് വീഴോന്ന് ..

 

രാധികയെ ഒന്നു നോക്കി കളിയാക്കി മാളു പറഞ്ഞതും രാധിക അവളെ കൂർപ്പിച്ചൊന്ന് നോക്കി പിണങ്ങിയ ഭാവത്തിൽ അവളിൽ നിന്നകന്ന് ധൃതിയിൽ മുന്നോട്ടു നടന്നു

 

“എന്റെ രാധിക മോളെ കുറച്ചു ദിവസം മുമ്പതിൽ നിന്നൊന്ന് വീണെന്ന് പറഞ്ഞ് നീയിങ്ങനെ പേടിച്ചാലോ ..?

 

“അന്നത്തെ ആ വീഴ്ചയിൽ നിന്ന് നീയിതുവരെ കരകേറിയില്ലേ..?

 

“അന്നു മാഞ്ഞതാണ് നിന്റെ കുറുമ്പും ചിരിയുമെല്ലാം നിന്റെയീ മുഖത്ത് നിന്ന്..

 

“അതൊക്കെ കഴിഞ്ഞു പോയില്ലേ മോളെ … കയ്യിലെ ഇത്തിരി തൊലി പോയതല്ലേ ഉള്ളു ..

 

സുജാത പറഞ്ഞതു കേട്ടതും രാധിക ഒന്നവരെ നോക്കി, നിറഞ്ഞു വരുന്നുണ്ട് തന്റെ കണ്ണുകൾ എന്ന് തോന്നിയതും രാധിക അവരിൽ നിന്ന് മിഴികൾ പിൻവലിച്ച് ധൃതിയിൽ മുന്നോട്ടു നടന്നു..

 

അമ്മ തന്നെ മറന്നെന്ന പോലെ മുന്നോട്ടു നടക്കുന്നതു കണ്ടതും മാളു തിരിഞ്ഞ് സുജാതയെ നോക്കി

 

“അപ്പോ ശരി സുജാതാന്റീ.. വൈകീട്ടു കാണാം…

 

പറഞ്ഞു കൊണ്ട് മാളു ധൃതിയിൽ രാധികയുടെ ഒപ്പം ഓടിച്ചെന്ന് അവളുടെ കയ്യിൽ പിടിച്ചു ..

 

“ഹ.. അങ്ങനെയങ്ങ് തെറ്റി പോവാതെന്റെ അമ്മക്കുട്ടീ.. ഞാനൊരു തമാശ പറഞ്ഞതല്ലേ..

നമ്മുക്ക് നമ്മുടെ ബസ് മതി സ്ക്കൂട്ടറൊന്നും വേണ്ടാന്നേ… ഭയങ്കര എണ്ണ ചിലവാ… എണ്ണയ്ക്കെല്ലാം എന്താ ഒരു വില ഹോ …

 

കളിയായ് പറഞ്ഞവൾ രാധികയുടെ മുഖത്തേയ്ക്ക് നോക്കിയതും അവിടെയൊരു കുഞ്ഞു ചിരി വിടർന്നു വരുന്നതു കണ്ടവൾ ഒന്നുകൂടി അമ്മയോട് ചേർന്നു നടന്നു..

 

“രാധികയും മോളും നടക്കുന്നത് കണ്ടാൽ ആരെങ്കിലും പറയുമോ അവർ അമ്മയും മകളും ആണെന്ന് .. ?

ചേച്ചിയും അനിയത്തിയും ആണെന്നേ പറയുള്ളൂ അല്ലേ സുജാതേ ..?

 

രാധികയും മാളുവും നടന്നു പോവുന്നത് നോക്കി നിന്ന സുജാതയ്ക്കരികിൽ വന്ന് ട്രീസ ചോദിച്ചതും സുജാത ഒരു ചിരിയോടെ വീണ്ടും രാധികയെ നോക്കി ..

 

ശരിയാണ് പതിനാലു വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് രാധികയെന്ന് പറഞ്ഞാൽ പെട്ടന്നാരും വിശ്വസിക്കില്ല ..

 

അവളുടെ തുടുത്ത വട്ട മുഖവും നീണ്ട കണ്ണുകളും നേർത്ത ചുണ്ടുകളുമെല്ലാം അവളിലെ ഭംഗി എടുത്തുകാട്ടുന്നവയായിരുന്നു .. നടക്കുമ്പോൾ അതിനനുസരിച്ച് ഇളകിയാടി ആ പുറകുവശം തന്നെ മറയ്ക്കുന്ന രാധികയുടെ നീണ്ട മുടിയിലായിരുന്നു ട്രീസയുടെ കണ്ണുകളപ്പോൾ

 

“പതിനെട്ടു വയസ് തികഞ്ഞ ഉടനെയായിരുന്നു രാധികയുടെ കല്യാണം അതും മുറച്ചെക്കൻ ഗോപനുമായിട്ട് ,ഒട്ടും വൈകാതെ തന്നെ മാളൂട്ടിയും ജനിച്ചു.. അതിനും ശേഷമായിരുന്നു രാധിക മോള് പഠനം പൂർത്തിയാക്കിയതും ജോലി വാങ്ങിയതുമെല്ലാം ..

ഗോപനവളെന്ന് വെച്ചാൽ പ്രാണനാ ട്രീസാ ..

 

“നീ കണ്ടിട്ടില്ലല്ലോ ട്രീസാ ഗോപനെ ..?

സുജാത ചോദിച്ചു

 

“ഇല്ല സുജാതേ ഞങ്ങൾ ഇങ്ങോട്ട് താമസിക്കാൻ വന്ന സമയത്താണ് ഗോപൻ ഗൾഫിലേക്ക് മടങ്ങി പോയത്.. ഒരു വർഷമാവുന്നു .

 

“അവനെ കണ്ടാൽ രാധികയുടെ ഭർത്താവാണെന്നൊന്നും തോന്നില്ല,രാധികയുടെ നേരെ വിപരീതമാണ് കാണാനെല്ലാം .. അല്പം തടിച്ച പ്രകൃതവുമാണ് .. എന്നാലും കാണാനൊരു ചന്തമുണ്ട്… സ്വഭാവമാണെങ്കിൽ നല്ല പട്ടു പോലെയാണ് .. അവന്റെ ലോകം തന്നെ ഭാര്യയും കുഞ്ഞുമാണ്…

 

“അതല്ലേ സുജാതേ വേണ്ടത്, സൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ല ,നല്ല സ്വഭാവം ആയാൽ മതി.. മനുഷ്യരെ മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള മനസ്സിനോളം വലുതല്ല ഒന്നും ..

 

ട്രീസ പറഞ്ഞതിനെ ശരിവെയ്ക്കും പോലെ സുജാത തലയാട്ടി

 

മാളൂട്ടിയ്‌ക്കൊപ്പം സ്കൂൾ ഗേറ്റ് കടന്ന് അകത്തേയ്ക്ക് നടക്കുമ്പോൾ രാധികയിലാകെയൊരുപരവേശം ഉടലെടുത്തു

 

മാളൂ പഠിക്കുന്ന ഇതേ സ്ക്കൂളിലെ ടീച്ചറാണ് രാധിക ..

 

“അമ്മേ ഞാൻ ക്ലാസിലേക്ക് പോവാട്ടോ ,ദേ ലക്ഷ്മിയും നെസിയും എന്നെ കാത്തു നിൽക്കുന്നു ..

 

രാധികയോടു പറഞ്ഞു മാളു കൂട്ടുക്കാരുടെ അടുത്തേക്ക് നീങ്ങിയ സമയത്തു തന്നെയാണ് ഒരു ബൈക്ക് വന്നു രാധികയ്ക്കരികിൽ നിന്നത്

 

ബൈക്കിലിരിക്കുന്ന ആളെ കണ്ടതും തന്റെ ശരീരമാകെ ഒരു വിറയൽ പടർന്നതറിഞ്ഞ് അവളൊന്ന് ഞെട്ടി, മുഖമാകെ വിളറുന്നതും ദേഹം വിയർപ്പാൽ നനഞ്ഞൊട്ടുന്നതും അവളറിയുന്നുണ്ടായിരുന്നു

 

കൂട്ടുകാർക്കടുത്തേയ്ക്ക് നടക്കുന്നതിനിടയിൽ അമ്മയെ ഒന്നു തിരിഞ്ഞു നോക്കിയ മാളു ആ വണ്ടി കണ്ടതും അമ്മയുടെ മുഖത്തേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കി വീണ്ടും കൂട്ടുകാർക്കരികിലേക്ക് നടന്നു

 

“ഹ.. എന്തായിതെന്റെ രാധൂ.. താനെന്തിനാ എന്നെ കാണുമ്പോഴേ ഇങ്ങനെ വിറച്ച് വിയർത്തു നിൽക്കുന്നത് ..? ഒന്നുമില്ലെങ്കിലും നമ്മൾ സഹപ്രവർത്തകരല്ലേടോ ..

 

ഒരു ചിരിയോടെ പറഞ്ഞു കൊണ്ടയാൾ ബൈക്ക് നിർത്തി രാധികയുടെ അടുത്തേക്ക് വന്നതും അവൾ ധൃതിയിൽ ഓഫീസിനു നേരെ നടന്നു

 

“രാധൂ… പിന്നിൽ നിന്നയാൾ വിളിക്കുന്നതു കേട്ടെങ്കിലും അവൾ തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു

 

“താനിപ്പോൾ അവിടെ നിന്നില്ലെങ്കിൽ ഞാനുറക്കെ തന്നെ വിളിക്കും, താനായിട്ടൊരവസരം മറ്റുള്ളവർക്ക് നൽക്കുകയാണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു

 

പിന്നിൽ നിന്നയാൾ പറഞ്ഞതും രാധിക നിശ്ചലം നിന്നുപോയ്

 

“വേണു മാഷെ എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്, ഞാനൊരു ഉപദ്രവവും മാഷിന് ചെയ്യുന്നില്ലല്ലോ ..?

 

നിറകണ്ണുകളോടെ രാധിക ചോദിക്കുമ്പോൾ അവളുടെ മുഖത്തേക്കും വിതുമ്പുന്ന ചുണ്ടുകളിലേയ്ക്കും കൊതിയോടെ നോക്കുകയായിരുന്നു വേണു മാഷ്

 

“രാധൂ.. താനെന്നെദ്രോഹിക്കുന്നില്ലാന്ന് ആരാ പറഞ്ഞത്..? തന്നെ ആദ്യമായ് കണ്ടതു മുതൽ തനെന്നെ പലതരത്തിൽ ഉപദ്രവിക്കുന്നുണ്ടെടോ, കണ്ണടച്ചൊന്ന് ഉറങ്ങാൻ പോലും പറ്റാറില്ല എനിക്ക്, എന്തിന് നിന്നെ കുറിച്ചോർത്ത് ഓരോ നിമിഷവും നിയന്ത്രിക്കാൻ പോലും പറ്റാത്ത വിധത്തിലാണ് എന്റെ ഹൃദയമിടിപ്പ് പോലും .. ഇതൊക്കെ നീയെന്നോട് ചെയ്യുന്ന ദ്രോഹമല്ലേ..?

 

അയാൾ പറഞ്ഞതു കേൾക്കേ തിരിച്ചൊന്നും പറയാൻ സാധിയ്ക്കാത്ത വിധം തളർന്നു പോയിരുന്നു രാധിക ..

 

കുട്ടികളും അധ്യാപകരും കൂടുതലായ് വരുന്നതു കണ്ടതും അവൾ ധൃതിയിൽ ഓഫീസിനകത്തേയ്ക്ക് നടന്നു ..

 

” എനിയ്ക്കൊരു മറുപടി തന്നിട്ടു പോടോ.. താനിതുവരെ പറഞ്ഞ പോലുള്ള എന്നെ തളർത്തുന്ന തരത്തിലുള്ള മറുപടികൾ അല്ല…

 

“ഇനിയും ഞാനെത്ര നാൾ കാത്തിരിക്കണം ഈ രാധിക എന്റേതാവാൻ .. ഓരോ രാവും പകലും ഞാൻ ഇപ്പോൾ തള്ളി നീക്കുന്നത് തന്റെ ഓർമ്മകളിലാണ് ,തന്നെ ആദ്യമായ് കണ്ടതു മുതൽ കുറച്ചു ദിവസങൾക്ക് മുമ്പ് താനെന്റെ നെഞ്ചിൽ കിടന്നതുവരെയുള്ള ഓർമ്മകളിൽ…

 

“ഇപ്പോഴും ദാ ഇവിടെ ഈ നെഞ്ചിൽ താൻ കിടക്കുന്നതു പോലെ ഒരു തോന്നലാണെനിക്ക് എപ്പോഴും ..

 

പറഞ്ഞു കൊണ്ട് വേണു മാഷ് സ്വന്തം നെഞ്ചിലരുമയോടൊന്ന് കൈയോടിച്ചതും തന്റെ

ശരീരത്തിലൂടെ പുഴുവരിക്കുന്നതു പോലെ തോന്നി രാധികയ്ക്ക് …

 

“രാധൂസേ… പെണ്ണേ…,,,,,

 

കാതിനരികിൽ ഗോപന്റെ സ്നേഹത്തോടെയുള്ള ശബ്ദം കേട്ടതു പോലെ തോന്നിയവൾക്ക് .. തന്നെ നെഞ്ചോടു ചേർത്തമർത്തി ഓരോ തവണയും തന്നിലലിയുമ്പോൾ തന്റെ കാതിൽ കുസൃതിയോടെ ഗോപേട്ടൻ പറയുന്ന വാചകം …

 

“നീയെന്റെ നെഞ്ചിലാകെ പടർന്നുപറ്റി കിടക്കുകയാണല്ലോ ടീ എപ്പഴും .. നീയില്ലാതെ വയ്യെടി ഒരു നിമിഷം പോലും ..

 

മനസ്സിൽ അവന്റെ പുഞ്ചിരിയ്ക്കുന്ന മുഖം തെളിഞ്ഞതും കണ്ണുകൾ ഇറുക്കെയടച്ചു തുറന്നവൾ അകത്തേയ്ക്ക് കയറി പോയ്

 

വേണു മാഷപ്പോഴും അവൾ പോയ വഴിയേ ഒരു സ്വപ്നത്തിലെന്നവണ്ണം നോക്കി നിൽക്കുന്നുണ്ടായിരുന്നു..

 

അന്ന് ക്ലാസ് എടുക്കാൻ പോലും പറ്റാത്ത വിധം തളർന്നു പോയിരുന്നു രാധിക ..

 

ആറു മാസം മുമ്പാണ് വേണു മാഷ് ഇവിടെ ജോലിയിൽ കയറുന്നത് ,എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപെടുകയും സൗഹൃദത്തോടെ മാത്രം സംസാരിക്കുകയും ചെയുന്നൊരാൾ, കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകൻ ..

 

നാല്പതിനു മുകളിൽ പ്രായമുണ്ടായിട്ടും മാഷ് വിവാഹം കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ ഒരിക്കൽ വെറുതെ ചോദിച്ചതാണ്

 

“എന്താണ് മാഷെ പ്രണയ നൈരാശ്യം ആണോന്ന്..

 

വന്ന നാളിൽഒരു പുഞ്ചിരിയിൽ തുടങ്ങിയ സൗഹൃദം ആയിരുന്നു ആളുമായ്…

 

മനസ്സിനിഷ്ട്ടപ്പെട്ട ആളെ വിവാഹപ്രായത്തിലൊന്നും കണ്ടു കിട്ടിയില്ലാന്ന് ഒരു ചിരിയോടെ പറഞ്ഞപ്പോൾ വെറുതെ ചോദിച്ചതാണ് എന്തായിരുന്നു മാഷിന്റെ സ്ത്രീ സങ്കൽപ്പമെന്ന് ..

 

അന്നതിന് മറുപടി ഒന്നും പറയാതെ നടന്നു പോയ ആൾ പെട്ടന്ന് തിരികെ വന്നു പറഞ്ഞത്

തന്നെ പോലൊരുവളായിരുന്നു എന്റെ മനസ്സിൽ ,അല്ല താൻ തന്നെയായിരുന്നു ..

 

ഒരു ഞെട്ടലോടെ ഒന്നും മനസ്സിലാവാതെ ആ മുഖത്തേക്ക് പകച്ചു നോക്കുമ്പോൾ ആൾ പറയുന്നുണ്ടായിരുന്നു തന്നെ എപ്പഴോ കണ്ടിഷ്ട്ടമായതിനെ പറ്റി ,അന്വേഷിച്ചു വന്നപ്പോൾ ഗോപേട്ടന്റെ ഭാര്യയായ തന്നെ കണ്ട ഞെട്ടലിനെ പറ്റിയും ,ആ സമയത്തെ അതിജീവിച്ചതിനെയും മനസ്സിൽ തോന്നിയ നഷ്ട്ട ബോധത്തെയും വേദനയെ പറ്റി എല്ലാം ആൾ തുറന്നു പറഞ്ഞു..

 

പിന്നീട് പലരെയും പെണ്ണു കണ്ടെങ്കിലും ആരും മനസ്സിൽ കയറിയില്ലെന്നും വീണ്ടും ഇവിടെ വച്ചൊരു കൂടി കാഴ്ച പ്രതീക്ഷിച്ചില്ലാന്നും പറഞ്ഞപ്പോൾ എല്ലാറ്റിനും മറുപടിയായ് താനൊന്നു പുഞ്ചിരിച്ചു അത്ര മാത്രം ..

 

അല്ലെങ്കിലും ഗോപേട്ടൻ മാത്രം നിറഞ്ഞിരിക്കുന്ന തന്റെ മനസ്സിൽ വേണു മാഷിന്റെ വാക്കുകളൊന്നും കയറിയില്ലായിരുന്നു ,കാരണം താനെന്നും സ്നേഹിച്ചത് തന്റെ ഗോപേട്ടനെ മാത്രമായിരുന്നു … മറ്റുള്ളതിലൊന്നും തനിക്കൊരു പങ്കും ഇല്ലല്ലോ ..

 

ഈ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഗോപേട്ടനും ആദ്യമൊരമ്പരപ്പായിരുന്നു .പിന്നീടതു പതിവുപോലൊരു ചിരിയില വസാനിപ്പിച്ചു ഗോപേട്ടൻ..

 

“വരും ജന്മത്തിലെങ്കിലും നീയെന്റെതാവുമോന്ന് വേണു മാഷ് ചോദിച്ചെന്ന് പറഞ്ഞപ്പോൾ ഗോപേട്ടൻ പൊട്ടിച്ചിരിച്ചു

 

“എന്റെ രാധൂനെ ഈശ്വരൻ എനിയ്ക്കായ് തന്നതല്ലേ പെണ്ണെ എല്ലാ ജന്മങ്ങളിലും… എന്റെ പ്രാണനല്ലേടീ നീ ..പിന്നെ എങ്ങനെയാ വേണു മാഷിന് കിട്ടുക… വിട്ടുകൊടുക്കോ ഞാനെന്റെ ജീവനെ ..?

 

പുള്ളിയോട് വേഗം എല്ലാ ജന്മങ്ങളിലേയ്ക്കും പറ്റിയ ഒരാളെ കണ്ടെത്തി കൂടെ കൂട്ടിക്കോളാൻ പറ എന്നു പറഞ്ഞ ആളോടെങ്ങനെയാണ് പറയുക ആ ആളുടെ പ്രാണനെ സ്വന്തമാക്കാനാഗ്രഹിച്ചാണ് ഇപ്പോഴും വേണു മാഷ് ജീവിക്കുന്നതെന്ന് ..

 

സഹിക്കാൻ കഴിയില്ല ഗോപേട്ടന്.. പലപ്പോഴും പലരും താനും ഗോപേട്ടനും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റി കളിയാക്കി ഓരോന്നു പറയുമ്പോൾ പോലും അതൊന്നും ഇഷ്ട്ടപ്പെടാതെ സങ്കടത്തോടെ തന്റെ നെഞ്ചോടു ചേർന്നു കിടന്നു പറയും നിനക്ക് ഞാനെ ചേരൂള്ളൂടി പെണ്ണെ… എന്നെ പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്കും പറ്റില്ലെടീന്ന്… ആ ആളോട് എന്താ പറയുക ..

 

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറുമായ് പുറത്തു പോയ തനിക്കൊരു അപകടം പറ്റുന്നത്, എതിരെ വന്ന വണ്ടിയിൽ തട്ടാതെ താൻ സ്കൂട്ടർ വെട്ടിച്ചു മാറ്റിയപ്പോൾ തന്റെ വണ്ടി നിയന്ത്രണം വിട്ടു മറഞ്ഞു .. തന്റെ ബോധം നഷ്ട്ടപ്പെട്ടു

 

ഓർമ്മ വരുമ്പോൾ ഹോസ്പിറ്റലിൽ ആണ് അരികെ തന്നെ വേണു മാഷും ഉണ്ട്.. മാഷാണ് പിന്നീട് പറഞ്ഞത് തന്നെ അപകട സ്ഥലത്ത് നിന്ന് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് ആളാണെന്നും താനാ നെഞ്ചിലായിരുന്നു മയങ്ങി കിടന്നതെന്നും …

 

അന്നു തുടങ്ങിയതാണ് വീണ്ടും ഉള്ള ശല്യം ചെയ്യൽ …. കൂടെ ചെല്ലാൻ നിർബന്ധിക്കൽ .. എത്ര പറഞ്ഞാലും അകന്നു മാറാതെ വീണ്ടും വീണ്ടും തന്റെ പിന്നാലെ തന്നെ .. ഛെ..

 

ഇനിയുമിതു നീട്ടികൊണ്ടുപോവാൻ വയ്യ, ഒരു തീരുമാനമെടുക്കണം പെട്ടന്ന് തന്നെ ..

 

രാവിലെ രാധികയെ കാത്ത് സ്കൂൾ ഗേറ്റിനടുത്ത് നിൽക്കുമ്പോൾ സന്തോഷത്താൽ തുടിയ്ക്കുന്ന തന്റെ മനസ്സിനെ നിയന്ത്രിക്കാൻ വേണു മാഷ് പാടുപ്പെട്ടു

 

രാധിക കാണണമെന്ന് പറഞ്ഞത് അയാൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ..

 

രാധികയെ കാത്തു നിൽക്കുമ്പോൾ തനിയ്ക്കരികിലേക്കായ് നടന്നു വരുന്ന മാളുവിനെ കണ്ടയാൾ അമ്പരന്നു

 

“വേണു മാഷ് എന്റെ അമ്മയെ കാത്തു നിന്നതാവും അല്ലേ..?

 

മാളു ചോദിച്ചതും അയാൾ പതറി അവളുടെ മുമ്പിൽ

 

“അമ്മ വരില്ല മാഷെ, മാഷെ കാണണമെന്ന് മെസേജ് അയച്ചത് ഞാനാണ് ,എന്റെ അമ്മയ്ക്ക് വേണ്ടി, എന്റെ കുടുംബത്തിന് വേണ്ടി … എന്റെ അച്ഛനു വേണ്ടി..

 

വേണുവിന്റെ മുഖത്ത് നോക്കി ഉറച്ച ശബ്ദത്തോടെ മാളു പറഞ്ഞപ്പോൾ അവളെ നോക്കാൻ കഴിയാതെ പതറിപോയത് വേണുവാണ് …

 

“നാണം തോന്നുന്നില്ലേ മാഷിന് മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കാൻ ..? അതും ഇത്രയും വലിയ എന്നെ പോലൊരു മകളുള്ള സ്ത്രീയെ ..?

 

അവൾ ചോദിച്ചതും അയാൾ തന്റെ തല താഴ്ത്തി …

 

”എന്റെ അമ്മ ഞങ്ങളുടെ പ്രാണനാണ്

എന്റേം …എന്റെ അച്ഛന്റേം .. ആ പ്രാണനെ മാഷിന് തന്നാൽ ഞാനും എന്റെ അച്ഛനും എങ്ങനെ ജീവിക്കും മാഷെ..?

 

“മാഷെ പോലെ ഒരുപാടു പേർ എന്റെ അമ്മയെ ഇഷ്ട്ടപ്പെടുന്നുണ്ട് അവർക്കൊക്കെ മുറിച്ചു കഷ്ണമാക്കി കൊടുക്കാൻ പറ്റില്ല എനിക്കെന്റെ അമ്മയെ .. എന്റെ അമ്മയാണത് …

 

“അമ്മയ്ക്കാവുന്ന വിധത്തിൽ അമ്മ മാഷിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നപ്പോൾ മാഷത് മനസ്സിലാക്കാൻ ശ്രമിച്ചില്ല …

 

“നാടിനെയും നാട്ടുകാരെയും പേടിച്ച് ജീവിയ്ക്കുന്ന ഒരു സാധാരണക്കാരിയാണ് എന്റെ അമ്മ, എന്തെങ്കിലും ഒരു ചീത്ത പേര് വന്നാൽ അതെന്നെയും എന്റെ അച്ഛനെയും സങ്കടപ്പെടുത്തില്ലേന്ന് ചിന്തിക്കുന്ന ഒരു പാവം പ്രവാസിയുടെ ഭാര്യ ..

 

അമ്മയുടെ ലോകം ഞങ്ങളാണ് ഞാനും എന്റെ അച്ഛനും അവിടേയ്ക്ക് മാഷിനൊരിക്കലും കടന്നു വരാൻ സാധിയ്ക്കില്ല ,ശ്രമിക്കരുത് അതിനായ് .. കാരണം എന്റെ അമ്മയ്ക്കൊപ്പം ഞങ്ങളുണ്ടാവും ഞാനും എന്റെ അച്ഛനും ..

 

പറഞ്ഞു കൊണ്ട് മാളു തന്റെ കയ്യിലെ ഫോൺ അയാൾക്ക് നേരെ ഉയർത്തിക്കാട്ടി ..

 

അവിടെ നടക്കുന്നതെല്ലാം കണ്ടും കേട്ടും മാളുവിന്റെ കയ്യിലെ ഫോണിലിരുന്ന് ഗോപൻ ചിരിക്കുന്നുണ്ടായിരുന്നു വേണുവിനെ നോക്കി …

 

“തകർക്കരുത് മാഷെ എന്റെ കുടുംബത്തിന്റെ സന്തോഷം , എന്റെ പ്രാണൻ അവളെയും തകർക്കരുത്…

 

അവളറിയാതെ അവളെ സ്നേഹിച്ച വേണു മാഷിന് അവളോടിത്ര ഇഷ്ട്ടം ഉണ്ടെങ്കിൽ പരസ്പരം അറിഞ്ഞു സ്നേഹിച്ച ഞങ്ങൾക്കിടയിൽ എത്ര ഇഷ്ട്ടം ഉണ്ടാവും … നഷ്ട്ടപ്പെടുത്തരുത് സാറിന്റെ സാനിധ്യം കൊണ്ടു പോലും അത്… വേദനിക്കരുത് എന്റെ പെണ്ണിന് നിങ്ങളുടെ സാമീപ്യം കൊണ്ടു പോലും … സഹിക്കാൻ കഴിയില്ല എനിക്കത് ,പൊറുക്കാനും

 

രാധുവിന്റെ ഒപ്പം ഞാനില്ലാന്നേ ഉള്ളു ശരീരം കൊണ്ട്.. പക്ഷെ ഞങ്ങളുടെ മോളുണ്ട് എനിയ്ക്ക് വേണ്ടി അവളുടെ അമ്മയെ സംരക്ഷിക്കാൻ.. ഇനിയെങ്കിലും മനസ്സിലാക്കണം അത് ..

 

കാരിരുമ്പിന്റെ മൂർച്ച ഉണ്ടായിരുന്നു അത് പറയുമ്പോൾ ഗോപന്റെ വാക്കുകൾക്ക് …

 

മാപ്പ്…

 

അത്രമാത്രം പറഞ്ഞു കൊണ്ട് അവിട നിന്ന് നടന്നു നീങ്ങുന്ന വേണു മാഷെ നോക്കിയൊരു നിമിഷം മാളു നിന്നു ,പിന്നെ തന്റെ കയ്യിലെ ഫോണിലേക്ക് നോക്കി .

 

അതിലവളെ നോക്കി ചിരിച്ചു കൊണ്ട് ഗോപൻ ഉണ്ടായിരുന്നു .. തന്റെ കുടുംബത്തെ എന്നും തന്നോട് ചേർത്തു പിടിക്കാൻ തനിയ്ക്ക് സാധിക്കുമെന്ന് അവളോട് പറയാതെ പറഞ്ഞു കൊണ്ട് .. അവളും അച്ഛനെ നോക്കിയൊന്ന് കൺ ചിമ്മിചിരിച്ചു … അച്ഛന്റെ ഹൃദയം നിറയ്ക്കുന്ന അഴക്കുള്ള ചിരി ……

 

ഏതു പ്രശ്നത്തെയും അതിജീവിയ്ക്കാൻ അവർക്കൊന്നും ആ ചിരി മാത്രം മതിയായിരുന്നു .. ഞാനുണ്ട് കൂടെ എന്ന് പറയാതെ പറയുന്ന സാന്ത്വനത്തിന്റെ അഴകുള്ള ചിരി…

Leave a Reply

Your email address will not be published. Required fields are marked *