“ഇവറ്റകളെ ഇനി ഇവിടെ താമസിപ്പിക്കാൻ പറ്റില്ല… ഉടനെ ഇറക്കി വിടണം.. ഇവളുമാരെ പോലെയുള്ളവർ ഈ നാടിനു തന്നെ നാണക്കേട് ആണ്.. അടിച്ചോടിക്കണം..”
“അയ്യയ്യേ… പെണ്ണും പെണ്ണും തമ്മിൽ ബന്ധമോ.. ഇതൊക്കെ എന്ത് വൃത്തികേട് ആണ്.. നാണം കെട്ട വർഗ്ഗങ്ങൾ ഇറങ്ങി വരിനെടി വെളിയിൽ.. ”
വീടിനു പുറത്ത് വലിയ ബഹളമായിരുന്നു. നാട്ടിലെ പ്രമുഖർ എല്ലാം അവിടെ കൂടിയിട്ടുണ്ട്. വെല്ലുവിളികൾ കേട്ട് ഭയന്ന് വിറച്ചു വീടിനുള്ളിൽ തന്നെ ഇരുന്നു ക്ലാരയും നിത്യയും.
“എടോ.. തനിക്ക് എന്താ തോന്നുന്നേ.. ഇനി എന്നേലും നമ്മളെ നമ്മുടെ വീട്ടുകാരോ നാട്ടുകാരോ അംഗീകരിക്കോ. അതോ ഇനി ജീവിതകാലം മുഴുവൻ ഇങ്ങനെ ആട്ടും തുപ്പും കേട്ട് നമുക്ക് നമ്മൾ മാത്രമായി ജീവിക്കേണ്ടി വരോ.. ”
ക്ലാരയുടെ ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് തന്നെ ദയനീയമായി നോക്കി ഇരുന്നു നിത്യ.
” എന്താടോ ഇങ്ങനെ നോക്കുന്നെ. തനിക്ക് അല്ലെ വീട്ടുകാര് മിണ്ടണം ന്ന് വല്യ ആഗ്രഹം ഉള്ളത്.”
” ആഗ്രഹം ഉണ്ടെടോ പക്ഷെ ഇനി അങ്ങനൊരു ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല.. നമ്മളെ അംഗീകരിക്കാൻ എല്ലാവർക്കും വല്യ പാട് തന്നാ…”
അത് പറഞ്ഞ് നിർത്തുമ്പോൾ നിത്യയുടെ ശബ്ദമിടറി.
“വാതിൽ പൊളിക്കെടാ… അടിച്ചു വെളീൽ ഇറക്ക് രണ്ടിനേം…. ഉടു തുണിയുരിഞ്ഞു ഓടിക്കണം നാട്ടിലൂടെ..”
പുറത്ത് വീണ്ടും ആരൊക്കെയോ അടങ്ങാത്ത കലിയിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു. അത് കേട്ടു ഭയന്ന് പോയി രണ്ടാളും.
” എടോ.. പരസ്പരം ഇഷ്ടപ്പെട്ട നമ്മൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത് അത്രക്ക് വൃത്തികേട് ആണോ.. ഈ നാട്ടിൽ ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്ര്യം പോലും നമുക്ക് ഇല്ലേ.. ”
നിറകണ്ണുകളോടെയാണ് നിത്യ അത് ചോദിച്ചത്.
അവളുടെ വാടി തളർന്ന മുഖം കാൺകെ പതിയെ തന്നോട് ചേർത്തു പുണർന്നു ക്ലാര.
” എടോ ഈ സ്വാതന്ത്ര്യം പലപ്പോഴും വാക്കുകളിൽ മാത്രം ഒതുങ്ങി പോകാറുണ്ട്… നമ്മുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്.. നമുക്ക് ഫൈറ്റ് ചെയ്ത് നിൽക്കാൻ പറ്റും പക്ഷെ ഇത്പോലെ ഭ്രാന്ത് ഇളകി വന്ന് നിൽക്കുന്നവരുടെ മുന്നിലേക്ക് ചെന്ന് പെട്ടാൽ അവർ എന്താണ് ചെയ്യുക എന്ന് പറയാൻ പറ്റില്ല. അല്ലെങ്കിൽ ഇവിടെ നിന്നും ഓടി മറ്റെവിടെക്കേലും പോകണം. പക്ഷെ എത്രനാൾ നമ്മൾ ഇങ്ങനെ ഓടും… ”
” പിന്നെന്താ നമ്മൾ ചെയ്യുക…. മരിക്കണോ.. അതാണോ വേണ്ടത്.. ”
അത് ചോദിക്കുമ്പോൾ നിത്യയുടെ മിഴികളിൽ അഗ്നിയെരിഞ്ഞു. എന്നാൽ ആ വാക്കുകൾ ക്ലാരയുടെ ഉള്ളിലാണ് തറച്ചത്.
” മരിക്കാം നമുക്ക്…. അതാണെടോ നല്ലത്.. ഇങ്ങനെ ആട്ടും തുപ്പും കേട്ട് ജീവിക്കുന്നതിനേക്കാൾ ഒരുമിച്ചു മരിക്കാം.. ”
അവൾ പറഞ്ഞത് കേട്ട് ഒരു നിമിഷം നടുക്കത്തോടെ നോക്കി നിത്യ.
എന്നാൽ ആ നിമിഷം ഒരു കല്ല് വന്ന് പതിച്ചു അവരുടെ വീടിന്റെ ജനൽ ചില്ല് പൊട്ടി തകർന്നു. പേടിച്ചു പോയ ക്ലാരയും നിത്യയും ഭയത്താൽ വീണ്ടും പരസ്പരം പുണർന്നു.
” വാതിൽ പൊളിച്ചു അകത്ത് കേറി പിടിച്ചിറക്കെടാ രണ്ടിനേം ”
ആരൊക്കെയോ പുറത്ത് അലറുന്നുണ്ടായിരുന്നു
അല്പസമയം അങ്ങിനെ ഇരിക്കവേ ക്ലാര പറഞ്ഞത് തന്നെയാണ് ശെരിയെന്നു നിത്യയും മനസിലാക്കി. ആത്മഹത്യ തന്നെയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം എന്ന് അവളും ഉറപ്പിച്ചു. പക്ഷെ മറ്റൊരു ചിന്ത അവളുടെ മനസിലേക്ക് അപ്പോൾ ഓടിയെത്തി.
“ക്ലാര.. നീ പറഞ്ഞത് ശെരിയാ ഈ സമൂഹം നമ്മളെ അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെ പേടിച്ചോടേണ്ടി വരും.. അതിനേക്കാൾ നല്ലത്..നമുക്ക് മരിക്കാം.. പക്ഷെ… നമ്മുടെ മരണം വെറുമൊരു ചരമകോളത്തിൽ ഒതുങ്ങരുത്. നമ്മളിലൂടെ നമ്മളെ പോലുള്ള മറ്റുള്ളവർക്കെങ്കിലും ഗുണമുണ്ടാകണം.. നമ്മളും ഈ സമൂഹത്തിൽ ജീവിക്കാൻ അർഹതപ്പെട്ടവരാണെന്ന് മരണ ശേഷമെങ്കിളും എല്ലാവരും മനസിലാക്കണം ”
ആ വാക്കുകൾ ഉറച്ചതായിരുന്നു എന്താണ് അവൾ അർത്ഥമാക്കുന്നത് എന്ന് ക്ലാരയ്ക്ക് മനസ്സിലായില്ല.
” നിത്യ.. എന്താ നീ ഉദ്ദേശിക്കുന്നേ.. ”
അതോടെ പതിയെ എഴുന്നേറ്റു തന്റെ ഫോൺ കയ്യിലെക്കെടുത്തു നിത്യ.
” ക്ലാര നമ്മുടെ മരണം ലൈവ് ആയിരിക്കണം.. നമ്മളെ ദ്രോഹിക്കാൻ വന്നവരുടെ മുഖം നമ്മൾ തന്നെ തുറന്ന് കാട്ടണം എല്ലാരും അവന്മാരെ തിരിച്ചറിയണം… ഈ കാട്ടിയ ക്രൂരതയ്ക്കുള്ള ശിക്ഷ അവർക്ക് കിട്ടണം ഞാൻ ഫേസ് ബുക്ക് ലൈവ് പോകുവാ.. ”
അവൾ പറഞ്ഞത് തന്നെയാണ് ശെരിയെന്നു ക്ലാരയ്ക്കും തോന്നി. ഉള്ളു പൊട്ടുന്ന വേദനയ്ക്കിടയിലും മരിക്കാൻ രണ്ടാൾക്കും വല്ലാത്ത വാശി തോന്നി.
അല്പസമയം പരസ്പരം കൊതിയോടെ വാരി പുണർന്നു നിന്ന ശേഷം മനസ്സിൽ ഉറച്ചു കൊണ്ട് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് കൊണ്ട് അവർ വാതിൽ തുറന്നു. ആക്രമിക്കാൻ നിന്നവർ ഒരു നിമിഷം ഒന്ന് പരുങ്ങി. പിന്നേ നടന്നതൊക്കെയും തികച്ചും അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. തങ്ങൾ അനുഭവിച്ച വേദനകൾ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞ് ഉപദ്രവിക്കാൻ നിൽക്കുന്നവരെ ലോകത്തിനു കാണിച്ചു കൊടുത്തുകൊണ്ട് ക്ലാരയും നിത്യയും അഗ്നിയ്ക്ക് ഇരയായി. തീ ആളിപ്പടരുമ്പോൾ കണ്ടു നിന്നവർക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല… ഭയത്തിൽ അവർ നോക്കി നിന്നു.
നിത്യയുടെ വാക്കുകൾ വെറുതെയായില്ല. ആ വാർത്തയും ലൈവ് വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. മരണശേഷം അവർക്ക് വേണ്ടി ശബ്ദിക്കുവാൻ ആയിരങ്ങൾ മുന്നിലേക്ക് വന്നു. സാഹചസര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ലാരയുടെയും നിത്യയുടെയും വീടിനു മുന്നിൽ ബഹളം വച്ചവരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തു. അതോടെ ഇത്തരക്കാർക്ക് എതിരെ പ്രതികരിക്കാൻ തുനിഞ്ഞിറങ്ങുന്നവർക്കും ഉള്ളിൽ ഒരു ഭയം വന്ന് കൂടി. ഏവരുടെയും ഉള്ളിൽ വലിയൊരു നോവായി ക്ലാരയും നിത്യയും അവസാനിച്ചു.
സമൂഹത്തിൽ വലിയൊരു മാറ്റം തങ്ങളുടെ ആത്മഹത്യയിലൂടെ കൊണ്ട് വന്ന അവർ സ്വർഗ്ഗ ലോകം പൂകി. തള്ളിക്കളഞ്ഞ രക്ഷകർത്താക്കൾ പോലും അവസാനയാത്രയയപ്പിനായി എത്തിയിരുന്നു.
സമൂഹത്തിൽ തങ്ങൾ ഉൾപ്പെടുന്ന ഒരു വിഭാഗം അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ ആത്മഹത്യയിലൂടെ തുറന്നു കാട്ടിയ ആ രണ്ട് പെൺകുട്ടികൾക്കും വേണ്ടി ആയിരങ്ങൾ ശബ്ദമുയർത്തി
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു