ചെറുപ്പം മുതൽ ആസ്തമയുടെ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടു ആദ്യമാദ്യം അവൾ കാര്യമാക്കിയെടുത്തില്ല

അത്രമേൽ……

 

“എന്നെ വിട്ടേക്ക് ഇച്ചാ..ലെറ്റ്‌ മി ഗോ….”

 

ഞാൻ ശബ്ദം നഷ്ടപ്പെട്ട് ഇരിക്കുകയാണ്. കെയർ ഹോമിലെ അവളുടെ റൂമിൽ അവളെയും ചേർത്തു പിടിച്ചു ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവളെന്റെ നെഞ്ചിൽ തലചേർത്ത് വെച്ചിട്ടുണ്ട്. വിറയ്ക്കുന്ന, തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു.

 

” അടുത്ത തവണ ശ്വാസം മുട്ട് വരുമ്പോൾ എന്നെ തിരിച്ചു വിളിക്കരുത്. അതിനുള്ള സമ്മതപത്രം ഞാൻ ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. എനിക്ക് അതിനുള്ള റൈറ്റ് ഇല്ലേ ഇച്ചാ? ”

 

” നീയെന്തിനാ മോളെ അത് ചെയ്തത്. റെസിസിറ്റേറ്റ് ( മരണം അടുത്ത ആളെ ഫസ്റ്റ് എയ്ഡ് കൊടുത്തു പുനർജീവിപ്പിക്കുന്ന പ്രക്രിയ) ചെയ്യരുതെന്ന് എഴുതിക്കൊടുക്കാനുള്ള പ്രായമോ ഗതികേടോ നിനക്കുണ്ടോ? നീ ഞങ്ങളെ ഓർത്തോ, എന്നെയും നിന്റെ മക്കളെയും? ഈ കെയർ ഹോമിൽ നിന്നെ കൊണ്ടുവന്നത് എന്റെ ഇഷ്ടത്തിനല്ല, നിന്റെ ഇഷ്ടത്തിനാ. എനിക്കൊരിക്കലും നീയൊരു ഭാരമായിരുന്നില്ല മോളെ.. ”

 

ഞാൻ പൊട്ടികരഞ്ഞുപോയി.

 

” ഇച്ചാ, ഇച്ചേ… നീ കരയാതെടാ.. നീ കരഞ്ഞാൽ ഞാനും കരയില്ലേ. ഇനി കരയരുതെന്ന് നമ്മൾ തീരുമാനിച്ചതല്ലേ.. ”

 

അവളെന്റെ പുറത്തു തഴുകിക്കൊണ്ടിരുന്നു. എങ്കിലും അവളുടെ കണ്ണുനീർ ഒഴുകി എന്റെ നെഞ്ച് നനയുന്നത് ഞാനറിയുന്നുണ്ട്.

 

ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണവൾ. ഞാൻ മാർക്കറ്റിംഗ് ഫീൽഡിൽ മാനേജർ പോസ്റ്റിലും. ഞങ്ങൾക്ക് രണ്ടുമക്കൾ. രണ്ടുപേരും സ്കൂളിൽ പഠിക്കുന്നു. ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തും വർക്ക്‌ ഫ്രം ഹോം എടുത്തും കുഞ്ഞുങ്ങളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരുമിച്ചു നോക്കി സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം, ഒരു വർഷം മുൻപ് വരെ.

 

ഇടയ്ക്കിടെ അവൾക്ക് വരുന്ന ചുമയും ശ്വാസം മുട്ടലും വല്ലാതെ അധികം ആയപ്പോഴാണ് അവൾ ഡോക്ടറെ കണ്ടത്. ചെറുപ്പം മുതൽ ആസ്തമയുടെ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടു ആദ്യമാദ്യം അവൾ കാര്യമാക്കിയെടുത്തില്ല. ചുമയും ശ്വാസം മുട്ടലും വരും. അവളുടെ കയ്യിലുള്ള ഇൻഹേലറും മറ്റു മെഡിസിനുകളും ഉപയോഗിക്കും, തത്കാലം കുറയും.. ഡോക്ടറെ കാണാൻ പറയുമ്പോഴൊക്കെ ഇതിന് ഇത്രയൊക്കെയേ ഉള്ളൂ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിക്കും. ഒരു അപ്പോയിന്റ്മെന്റ് കിട്ടാൻ ഇവിടെയുള്ള താമസമുണ്ടല്ലോ. പിന്നെ ലീവ് എടുക്കാനുള്ള ബുദ്ധിമുട്ടും . ആ അടുത്ത് ഞങ്ങളോരു വീട് വാങ്ങിയതിന്റെ ബാധ്യത ഉള്ളതുകൊണ്ട് കുറച്ചു വയ്യായ്കയുള്ളത് കാര്യമാക്കാതെ കിട്ടുന്ന ഓവർടൈം എല്ലാം എടുക്കുകയും ചെയ്തു.

 

പിന്നീട് അവൾ ചുമച്ചു തുപ്പുന്നതിൽ ബ്ലഡ്‌ കണ്ടപ്പോഴാണ് ഞാൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അപ്പോഴും അത് ചുമച്ചു തൊണ്ട പൊട്ടിയിട്ടാവുമെന്നാണ് അവൾ പറഞ്ഞത്. സ്വന്തം ആരോഗ്യം ഒട്ടും ശ്രദ്ധിക്കാത്തവർ മെഡിക്കൽ പ്രൊഫഷനിൽ ഉള്ളവരാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.

 

അന്ന് ഡോക്ടറെ കണ്ടതിൽ ഗുണമുണ്ടായി. പെട്ടന്ന് തന്നെ ടെസ്റ്റുകൾ എല്ലാം ചെയ്തു. റിസൾട്ട്‌ ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിക്കുന്നതായിരുന്നു. ലങ് കാൻസർ തേർഡ് സ്റ്റേജ്.

 

കാൻസർ ശ്വാസകോശത്തെ വല്ലാതെ ബാധിച്ചിരുന്നതിനാൽ ഓപ്പറേഷൻ പോസ്സിബിൾ ആയിരുന്നില്ല.. പിന്നെ റേഡിയേഷൻ, കീമോതെറാപ്പി. അതുകൊണ്ടും വലിയ ഗുണമുണ്ടായില്ല.. അധികം മെഡിസിൻ താങ്ങാനുള്ള ആരോഗ്യനില അവൾക്കുണ്ടായിരുന്നില്ല. കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു തുടങ്ങിയിരുന്നു.

 

ഹോസ്പിറ്റലിൽ പിന്നെ കൂടെ ആരും നിൽക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ, ഡിസ്ചാർജ് ആയി വീട്ടിൽ വന്നപ്പോൾ മുതൽ കാര്യങ്ങൾ താളം തെറ്റിത്തുടങ്ങി. അവൾക്ക് സ്വന്തം കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എനിക്ക് ജോലിക്ക് പോകാൻ പറ്റാതെയായി. ഇനിയും ലീവ് എടുത്താൽ ജോലി പോകുമെന്ന അവസ്ഥയായപ്പോൾ അവൾ തന്നെയായിരുന്നു കെയർഹോമിലാക്കാൻ നിർബന്ധിച്ചത്. എന്റെയോ അവളുടെയോ വീട്ടിൽ നിന്ന് വരാനും ആരുമില്ല. അവളെ ഈയവസ്ഥയിൽ നാട്ടിൽ കൊണ്ടുവിടാനും കഴിയുമായിരുന്നില്ല. അല്ലെങ്കിലും ഇന്നോളം എന്റെ കൂടെ നിന്നവളെ ഈ അവസ്ഥയിൽ എന്റെ അടുത്ത് നിന്ന് മാറ്റി നിർത്താൻ ഞാനൊരുക്കമല്ലായിരുന്നു. എന്തുസംഭവിച്ചാലും എന്റെ കണ്മുന്നിൽ ആവണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

 

പാലിയേറ്റിവ് കെയർ ചെയ്യുന്ന ഹോമുകൾ ഉണ്ടായിരുന്നു അടുത്ത് തന്നെ.മനസ്സോടെയല്ലെങ്കിലും എനിക്കവളെ അവിടെ ആക്കേണ്ടി വന്നു. എപ്പോൾ വേണമെങ്കിലും പോയി കാണാം, പുറത്ത് കൊണ്ടുപോകാം, ഭക്ഷണം കൊണ്ടുകൊടുക്കാം ഒന്നിനും തടസ്സങ്ങളില്ല.

 

” ഇച്ചയെന്തിനാ വിഷമിക്കുന്നെ? ഇവിടെയാണെങ്കിൽ എനിക്ക് സമയത്തിന് മരുന്ന് തരാനും എന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കാനും മനസ്സും കഴിവുമുള്ള നല്ല നേഴ്സ്മാരും കെയർ അസിസ്റ്റന്റ് കുട്ടികളും ഉണ്ട്. കൂടുതൽ മലയാളികൾ.. ഞാനിവിടെ ഹാപ്പിയാണ് ഇച്ചാ. പിന്നെ സമയം കിട്ടുമ്പോഴൊക്കെ നിങ്ങൾ ഓടിവരുന്നുണ്ടല്ലോ. ”

 

അവളെന്തു പറഞ്ഞാലും എന്റെ കുറ്റബോധം തീരുന്നില്ലായിരുന്നു. പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഹാസവും കുറ്റപ്പെടുത്തലും വേറെ. പക്ഷെ, എന്റെ സാഹചര്യം അത് അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാവുകയുള്ളൂ.. എല്ലാം കളഞ്ഞു നാട്ടിൽ പൊക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. നാട്ടിൽ ചെന്ന് എന്ത് ചെയ്തു ജീവിക്കും? ഇവളുടെ ട്രീറ്റ്മെന്റ് നു പണം എവിടെ നിന്നുണ്ടാക്കും? ഇവിടെയാണേൽ ട്രീറ്റ്മെന്റ് ഫ്രീയാണ്.

 

അവളെന്നും എന്നേക്കാൾ സ്ട്രോങായിരുന്നു.

” ഇച്ചാ, ആരും എന്തും പറഞ്ഞോട്ടെ. നമുക്ക് നല്ലതെന്ന് തോന്നുന്നതല്ലേ നമ്മൾ ചെയ്യുന്നത്? അതിനെന്തിനാ നാട്ടുകാരുടെ സർട്ടിഫിക്കറ്റ്?

 

ഇച്ചാ, നിങ്ങളിപ്പോൾ എന്റെ എല്ലാകാര്യങ്ങളും നോക്കും, എനിക്കറിയാം. പക്ഷെ, കുറച്ചു കഴിയുമ്പോൾ എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും എന്റെ കരച്ചിലും വേദനയും ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളും നിങ്ങളുടെ ഉറക്കം കെടുത്തും. നിങ്ങളുടെ ദിവസങ്ങൾ ദൈർഘ്യമുള്ളതാവും.. നിങ്ങൾ പോലുമറിയാതെ നിങ്ങൾക്ക് ഞാനൊരു ബാധ്യതയാവും. എപ്പോഴെങ്കിലും നിങ്ങളെന്നെ വെറുത്തു തുടങ്ങും. നിങ്ങൾ മാത്രമല്ല കുഞ്ഞുങ്ങളും. അസുഖക്കാരിയായ അമ്മയിൽ മാത്രം അവരുടെ ലോകം ഒതുങ്ങിപ്പോകുമ്പോൾ അവർക്കും മടുക്കും. അതിലെത്ര ഭേദമാണിത്. ഒഴിവ് ദിവസങ്ങളിൽ ആർത്തിയോടെ നിങ്ങളെന്നെ കാണാനെത്തുമെന്ന പ്രതീക്ഷ നിങ്ങളുടെയൊക്കെ വീർത്ത മുഖത്തേക്കാൾ എത്ര സന്തോഷകരമാണിച്ചാ. ഒരൊറ്റ തവണ പോലും ഞാനൊരു ഭാരമായെന്ന് കേൾക്കാൻ എനിക്ക് കഴിയില്ലിച്ചാ.

 

ഞാൻ പറയുകയാണെങ്കിൽ നമ്മുടെ നാട്ടിലും കിടപ്പു രോഗികൾക്ക് വേണ്ടി ഇത്തരം ഹോമുകൾ വേണം അല്ലെ? എത്രയോ ആളുകൾ പല വീടുകളിലും പ്രാക്കും ചീത്തവിളിയും സഹിച്ചു കിടക്കുന്നു. വീട്ടുകാരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ എത്രയോ പേരുടെ ജീവിതം ഈ രോഗികളെ കേന്ദ്രീകരിച്ചു ഒതുങ്ങിപോകുമ്പോഴുണ്ടാകുന്ന നിരാശ അറിയാതെ പ്രകടമാവുന്നതാവും. എത്രയോ കാലങ്ങളായി വീട്ടിലെ രോഗിമൂലം ഒന്ന് പുറത്തിറങ്ങാൻ കഴിയാത്ത, ഒരാഘോഷങ്ങളിൽ പങ്കെടുക്കാത്ത ഒരാൾ. കൂടുതലും വീട്ടിലെ സ്ത്രീകൾ. അതിലും ഭേദമല്ലേ എല്ലാവരും ഇടയ്ക്കു സ്നേഹത്തോടെ പോയിക്കണ്ട് സമയം ചിലവഴിച്ചു പോരുന്നത്. പക്ഷെ, പണം വേണം. ”

 

അവളിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും.. ഈയിടെ തീരെ വയ്യാതായിതുടങ്ങി. അധികം സംസാരിക്കാറില്ല. ചുമയും ശ്വാസം മുട്ടലും അവളുടെ സംസാരത്തെ നന്നായി ബാധിക്കുന്നുണ്ട്. മിക്ക സമയത്തും ഓക്സിജൻ സപ്പോർട്ട് വേണം. ഉറങ്ങാൻ കഴിയാറില്ല എന്ന് പറയും. ഓരോ ചുമയിലും നെഞ്ചു പറിയുന്ന പോലെ വേദനിക്കുന്നു എന്ന് പറയും. വേദനസംഹാരികൾ ഏൽക്കാതെയായിരിക്കുന്നു. ഇതിനിടെ രണ്ടുതവണ മരണത്തിലേക്ക് വീഴാൻ ഒരുങ്ങിയെങ്കിലും സിപിആർ കൊടുത്ത്, ഹോസ്പിറ്റലിൽ എത്തിച്ച്, വെന്റിലേറ്റർ എല്ലാം വെച്ച് രക്ഷിക്കുകയായിരുന്നു. അവളെ അത്രയെളുപ്പം മരണത്തിന് വിട്ടുകൊടുക്കാൻ വയ്യായിരുന്നു. കണ്മുന്നിലല്ലെങ്കിലും കയ്യെത്തും ദൂരത്ത് അവളുണ്ട് എന്നത് എനിക്കത്രയോ ആശ്വാസമായിരുന്നു.

 

അപ്പോഴാണ് ഇന്ന് കെയർഹോം മാനേജർ എന്നെ വിളിച്ചറിയിച്ചത് അവൾ സിപിആർ വേണ്ട എന്ന സമ്മതപത്രം എഴുതികൊടുത്തെന്ന്. കേട്ടപാടെ ഓടി വരുകയായിരുന്നു ഞാൻ. അവളെന്തിനാ അത് ചെയ്തതെന്നറിയാൻ.

 

” ഇച്ചേ, നിങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെകിൽ, അവർക്കിനി രക്ഷയില്ലെന്നറിഞ്ഞാൽ വിട്ടേക്കണം. കഠിനമായ വേദനയിൽ നിന്ന് മോചിപ്പിച്ചേക്കണം. വീണ്ടും വീണ്ടും യന്ത്രങ്ങളും മരുന്നുകളുമുപയോഗിച്ച് രക്ഷിച്ചുകൊണ്ടുവരുമ്പോൾ നിങ്ങൾ അവരോട് ദ്രോഹമാണ് ചെയ്യുന്നത്. ഇച്ചാ, ഞങ്ങൾക്ക് വേണ്ടത് കുറച്ചു ദയയാണ്. അതുകൊണ്ടാ ഞാൻ ഒപ്പിട്ടു കൊടുത്തത്. കടങ്ങളുടെ മീതെ കടം പെരുക്കി കുടുംബക്കാരുടെ ജീവിതം ഇരുട്ടിലാക്കുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലിച്ചാ. നമ്മുടെ നാട്ടിലെന്താ ഇങ്ങനെ ഓപ്ഷൻ ഇല്ലാത്തത്? ”

 

അവളുടെ പല ചിന്തകളും എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതും പല ചോദ്യങ്ങളും മറുപടിയില്ലാത്തതുമാണ്. പണ്ടും അതങ്ങനെത്തന്നെയായിരുന്നു.

 

രണ്ടു ദിവസങ്ങൾക്കു ശേഷം ഹോമിൽ നിന്ന് വീണ്ടും വിളി വന്നു. അവൾക്ക് കുറച്ചു സീരിയസ് ആണ്. ഭക്ഷണം കഴിക്കുന്നില്ല, ഉറക്കം കൂടുതലാണ്, പൾസ് ഒക്കെ കുറഞ്ഞുവരുന്നു. അവരു തന്നെ അവരുടെ ഫ്ലാറ്റ് പോലെ ഫാമിലിക്ക്‌ കൂടെ നിൽക്കാവുന്ന ബിൽഡിംഗിലേക്ക് മാറ്റിത്തന്നു. ഞാനും കുഞ്ഞുങ്ങളും കൂടെ നിന്നു. പാതിമയക്കത്തിൽ എപ്പോഴോ അവൾ ഞങ്ങളെ കണ്ടു ചിരിച്ചു, കുഞ്ഞുങ്ങളുടെ തലയിൽ തലോടി, എന്റെ നെഞ്ചിൽ ചാരിക്കിടന്നുറങ്ങി. ഞാൻ വിളിച്ചെഴുന്നേൽപ്പിച്ചില്ല. അല്ലെങ്കിലും ആരു വിളിച്ചാലും അവളിനി ഉണരില്ലല്ലോ.

 

എനിക്കായി അവളൊരു ലെറ്റർ ആരെയോ കൊണ്ടു എഴുതി വെപ്പിച്ചിരുന്നു. ഇൻഷുറൻസ് കിട്ടുന്ന തുകകൊണ്ട് വീടിന്റെയും മറ്റും കടം വീട്ടണം. ജോലി ഇനിയും റിസൈൻ ചെയ്തിട്ടില്ലാത്തത് കൊണ്ട് കുട്ടികൾക്ക് പതിനെട്ടുവയസ്സുവരെ ഗവണ്മെന്റിൽ നിന്നും നിശ്ചിത തുക കിട്ടും. അപ്പോൾ അവരുടെ കാര്യം പേടിക്കാനില്ല. ഇതിനിടയിൽ സ്വന്തം ജീവിതം മറന്നുപോകരുത്. ആരും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. പിന്നീട് നഷ്ടബോധം തോന്നരുത്. പിന്നെ, സ്വന്തം മകളിനിയില്ല എന്ന് അവളുടെ അപ്പച്ചനും അമ്മച്ചിയും ഒരിക്കലും ചിന്തിക്കാൻ ഇടവരുത്തരുതെന്ന്.

 

എത്രയോ കരുതിയിരിക്കുന്നു നീ എല്ലാവരെയും. നിന്റെ ദേഹമേ മാഞ്ഞുള്ളൂ. നീയെന്ന വ്യക്തിത്വം മായുന്നില്ല. അല്ലെങ്കിലും എളുപ്പമല്ലല്ലോ നിന്നെപ്പോലെ അത്രമേൽ ഹൃദയത്തിലലിഞ്ഞവൾ മാഞ്ഞുപോകാൻ….

 

Jainy Tiju

Leave a Reply

Your email address will not be published. Required fields are marked *