മീര
(രചന: Aneesh Anu)
കമ്പ്യൂട്ടറിലേക്ക് നോക്കും തോറും കണ്ണുകൾ അടഞ്ഞു കൊണ്ടേയിരുന്നു. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.
ഇന്നലെ എന്നല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്.”ഹലോ, മീര താനുറങ്ങുവാണോ”
കണ്ണുമിഴിച്ചു നോക്കിയപ്പോൾ മുന്നിൽ മാനേജർ.”ഐ ആം സോറി സർ നല്ല തലവേദന”
“മ്മ്… ശെരി പോയി ഒരു ഒന്ന് മുഖം കഴുകി വന്നിരിക്ക്, രാത്രിയിൽ ഉറങ്ങാത്തതിന്റെയാ ഈ ക്ഷീണം”
ഒരു വഷളൻ ചിരി ചിരിച്ചു അയാൾ പോയി. നിന്ന നിൽപ്പിൽ തൊലിയുരിഞ്ഞു പോയ അവസ്ഥ.
നേരെ വാഷ് ബേസിൽ പോയി മുഖം കഴുകി, മെഷീനിൽ നിന്ന് ഒരു കപ്പ് കാപ്പിയും എടുത്തു ക്യാബിനിലേക്ക് നടന്നു. മുന്നിലിരിക്കുന്ന കണ്ണാടിയിലേക്ക് അലസമായി ഒന്ന് നോക്കി.
വല്ലാതെ മാറിപ്പോയിരിക്കുന്നു താൻ.
എങ്ങനെ മാറാതിരിക്കും, നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ അത്രയും ഒറ്റയടിക്കല്ലേ ഇല്ലാതായത്.
ആരോടും തുറന്ന് പറയാൻ പോലും പറ്റാതെ വീർപ്പുമുട്ടുകയാണ്.
ആറ് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ കല്യാണത്തിന്റെ തലേന്ന് ഒന്ന് മനസറിഞ്ഞു ചിരിച്ചതാണ്. പിന്നീട് ഉള്ളതൊക്കെ വെറും നാടകം, ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുക.
ഹ ഹ., എന്തോരു വിരോധഭാസം.
ഫോൺ നോട്ടിൽ മുൻപ് എപ്പോഴോ എഴുതിയിട്ടിരിക്കുന്ന കുറിപ്പ് അവൾ വായിച്ചു. കുറച്ച് നാളുകൾക്കു മുൻപ് താൻ അനുഭവിച്ചിരുന്ന യാതനകൾ അതാണി അക്ഷരങ്ങളായി കിടക്കുന്നത്.
ആ കോടതി വരാന്തയിൽ അക്ഷമയോടെയുള്ള കാത്തിരിപ്പാണ് അവളെ ഫോണിലേക്ക് വലിച്ചിട്ടത്.
“മീര ഇവിടുത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഇനി താഴെ ഓഫീസിൽ പോയി ഒരു ഒപ്പിട്ടാൽ മതി. പിന്നെ സ്വർണവും മറ്റും കൈപറ്റണം അത് കൂടി കഴിഞ്ഞാൽ തീർന്നു.”
“താങ്ക്യൂ സർ ഞാൻ എന്നാൽ താഴേക്ക് ചെല്ലാം”ജോയിന്റ് പെറ്റീഷനിൽ ഒപ്പിട്ട് ഒരു വർഷം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമിട്ടു.പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം.
അയാളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരികെ നടന്നു. അയാൾ അതർഹിക്കുന്നില്ല.
ഒരുമിച്ചു കഴിഞ്ഞ നാളുകളിൽ ഒരിക്കൽ പോലും സ്നേഹത്തോടെ ഉള്ളൊരു നോട്ടം താൻ അനുഭവിച്ചിട്ടില്ല. ഇനിയൊന്നു ശ്വാസം വിടണം ആരുടെയും അനുവാദത്തിനും ആജ്ഞയ്ക്കും കാത്തുനിൽക്കാതെ.
“മീര നമുക്ക് പോകാം””പോകാം ടാ, അച്ഛനും അമ്മയും എവിടെ? “”അവരൊക്കെ വണ്ടിയിലുണ്ട്, നിന്നേ നോക്കി നിൽക്കുവാ”
“ഒരു ഭാരം ഒഴിഞ്ഞു പോയപോലെ. അതാണ് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നേ”
“നീ വാ, നിങ്ങളെ വീട്ടിൽ ആക്കിയിട്ട് വേണം എനിക്ക് പോകാൻ തിരികെ പോവണ്ടേ പാക്കിങ്ങ് ഇല്ലേ നിനക്ക്””ആം പോകാം “തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആരും അധികം സംസാരിച്ചില്ല.
അച്ഛൻ തന്റെ കൈവിടാതെ മുറുക്കെ പിടിച്ചിരിക്കുന്നു ചെറുപ്പത്തിൽ ഉത്സവത്തിനൊക്കെ പോകുമ്പോഴാണ് ഇങ്ങനെ മുറുകെ പിടിച്ചിരുന്നത്. പാവം ഒരുപാട് വേദനിക്കുന്നുണ്ട് മോൾക്ക് പറ്റിയ അവസ്ഥയെ ഓർത്ത്.
അമ്മയുടെ സങ്കടങ്ങൾ കണ്ണീരായി ഒഴുകി തീരുന്നുണ്ട്, അച്ഛന് അതും പറ്റുന്നില്ല. ചിന്തകൾ പലവഴിക്ക് പോയിക്കൊണ്ടിരുന്നു അതിനിടയിൽ വണ്ടി വീട്ടുപടിക്കൽ എത്തി.
“എടി ഞാൻ പോയി അവളേം കൊച്ചിനേം എടുത്തോണ്ട് വരാം, നമുക്ക് വൈകിട്ട് ഇറങ്ങാം നീ പോയി എല്ലാം റെഡിയാക്കി വെക്ക്”
ആരാണ് ആ പോയത് തന്റെ കൂടപ്പിറപ്പോ? , അല്ല നല്ലൊരു ഫ്രണ്ട്. അങ്ങനെ പറഞ്ഞാൽ ചിലപ്പോ കുറഞ്ഞു പോകും. ഇത്രയും തന്നെ അറിഞ്ഞ, മനസിലാക്കുന്ന വേറെയൊരാൾ ഇല്ല.,
അത്രമേൽ പ്രിയപ്പെട്ടവൻ. തളർന്നു വീഴാൻ പോയ തന്നെ ചേർത്ത് നിർത്തി നിലയില്ലാക്കയത്തിൽ ഒരുതാങ്ങായി നിന്നവൻ. കൂടെപ്പിറപ്പാവാൻ ഒരമ്മയുടെ ഉദരത്തിൽ ജനിക്കേണ്ടെന്ന് തന്നെ പഠിപ്പിച്ചവൻ.
“നീ ഇന്ന് തന്നെ പോകുവാണോ മോളെ ?””പോവാ അച്ഛാ.. ഇവ്ടെ നിന്നാൽ ആ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കും, അവിടെ ആകുമ്പോൾ ഇഷ്ടപ്പെട്ട ജോലി, വീട്ടിൽ വന്നാൽ ചിന്നു മോൾ ഒക്കെ ഉള്ളത് കൊണ്ട് ഒന്നും ഓർക്കാൻ നേരം കാണില്ല”
“അല്ല മോളെ ഇനി””അച്ഛനിപ്പോ ഒന്നും ആലോചിച്ചു കൂട്ടണ്ട. അച്ഛന്റെ മോൾക്ക് ഒരുകുഴപ്പമില്ല ഇപ്പോ, അവിടെ ആരുന്നേൽ എന്നേ തീർന്നേനെ”
നിറഞ്ഞു വന്ന കണ്ണുകൾ ആരെയും കാണിക്കാതെ വേഗം റൂമിലേക്ക് പോയി. കൊണ്ട് പോകാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വെച്ച്, ഒന്ന് ഫ്രഷ് ആവാൻ കയറി.
വെള്ളം ദേഹത്ത് വീഴുമ്പോൾ ഇപ്പോൾ ആ പഴയ നീറ്റൽ ഇല്ല. മു റി വു കളും , പൊ ള്ള ലു കളും എല്ലാം മാറി തുടങ്ങിയിരിക്കുന്നു. ഭ്രാ ന്തനായ ദാമ്പത്യത്തിന്റെ ചില പാ ടു കൾ കൂടിയേ മാഞ്ഞു പോകാനുള്ളു.
പഠിത്തം കഴിഞ്ഞു ജോലിക്ക് കയറിയപ്പോഴായിരുന്നു അജിത്തിന്റെ വിവാഹാലോചന വന്നത് ചുറ്റുപാടുകൾ അന്വേഷിച്ചപ്പോൾ നല്ലകുടുംബം ആർക്കും മോശം അഭിപ്രായം ഇല്ല,
എഞ്ചിനീയർ ആണ് കാണാനും കുഴപ്പമില്ല, തനിക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ ആളിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. കണ്ണനെ പോലും ഫോൺ വിളിക്കുന്നത് ഇഷ്ടമല്ല,
പലപ്പോഴും തന്റെ സ്വാതന്ത്ര്യവും സൗഹൃദവും വിലക്കപ്പെട്ടു തുടങ്ങി, കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും പിണക്കവും. താനും അത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നു കരുതി കണ്ടില്ലെന്ന് നടിച്ചു.
വിവാഹദിവസം തന്നെ അതൊന്നും അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞു റിസപ്ഷന് തന്റെ അടുത്ത് വന്നു സംസാരിച്ച ഓരോ ആണുങ്ങളെ പറ്റിയും അയാൾ കുത്തി കുത്തി ചോദിച്ചു കൊണ്ടേയിരുന്നു.
ആദ്യരാത്രി മുതൽ സംശയത്തിന്റെ മുൾമുനയിൽ നീണ്ട ജീവിതം.ആ നശിച്ച ബെഡ്റൂമിനുള്ളിൽ പലപ്പോഴും താൻ ഒരു ആ ഷ് ട്രേ ആയും, അവനു തട്ടികളിക്കാൻ ഉള്ള പാ വയായും, മുറിവേൽക്കപ്പെടാനുള്ള ശരീരമായും മാറി.
ബെഡ് ഷീറ്റ് പോലും ഇല്ലാതെ വെറും തറയിൽ കിടന്നുറങ്ങിയ നാളുകൾ, ഉറക്കത്തിനിടയിൽ ദേ ഹം പൊ ള്ളി അലറി വിളിച്ചു നോക്കുമ്പോൾ ഭ്രാ ന്തനെ പോലെ നിൽക്കുന്ന ഭർത്താവ്. ഹോ..
ഒരു ലാ ബ് തന്നെയായിരുന്നു അവിടം. ക്രൂരത എങ്ങനെയൊക്കെ ചെയ്യാം എന്നകണ്ടുപിടുത്തം ആയിരുന്നു അതിനുള്ളിൽ നടന്നിരുന്നത്.
ആലോചിക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകി. ഇനിയെന്ത്? എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു തനിക്ക് ? എല്ലാം തകർത്തെറിയപ്പെട്ട ദിവസങ്ങൾ ആയിരുന്നു അത്.
ആരോടും മിണ്ടാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല, ജോലിക്ക് പോയാലും തന്നെ പിന്തുടരുന്ന കണ്ണുകൾ. പുറമെ ചിരിച്ചും കളിച്ചും ആറ് മാസക്കാലം ആരും അറിയാതെ കൊണ്ട് നടന്നു.
ഒരിക്കൽ ഒരു രാത്രിയിൽ ത ല്ലി കൈ യ്യോ ടി ച്ചിട്ട് സ്റ്റെയർ കെയ്‌സിൽ നിന്നും താഴെ വീണു എന്നും പറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
കാണാൻ വന്ന കണ്ണനോട് നുണ പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റിയില്ല കാര്യങ്ങൾ അവനോട് തുറന്നു പറഞ്ഞു.
എല്ലാം ക്ഷമയോടെ കേട്ട അവൻ തന്നെ അമ്മയോടും അച്ഛനോടും വിശദീകരിച്ചു കൊടുത്തു. തകർന്നു പോയ മകളുടെ ഭാവിയെ ഓർത്ത് അവരും വിഷമത്തിലായി.
എല്ലാറ്റിനും ഒരു പരിഹാരം എന്നോണം അവനെ കണ്ടു സംസാരിക്കാൻ പോയ കണ്ണൻ അവനിട്ടു രണ്ടു കൊടുത്തിട്ടാണ് തിരികെ വന്നത്.
പിന്നീടുള്ള തീരുമാനങ്ങൾ വേഗത്തിൽ ആയിരുന്നു വക്കീൽ മുഖാന്തിരം പെറ്റീഷൻ കൊടുത്തു. കാര്യങ്ങൾ കൈവിട്ട് പോയെന്നു കണ്ടപ്പോ ചർച്ചയുമായി വന്നവരോട് ഒരു ഭ്രാന്തന്റെ കൂടെ ജീവിക്കാൻ അവളെ വിടില്ലെന്ന് അച്ഛനും തുറന്ന് പറഞ്ഞു.
ശാരീരികമായും മാനസികമായും തളർന്ന തന്നെയും കൊണ്ട് കൗൺസിലിംഗിനും മറ്റും നടന്നത് കണ്ണനും കെട്ട്യോളും ആയിരുന്നു. അവസാനം അവൻ ജോലി ചെയ്യുന്നിടത്ത് തന്നെ ഒരു ജോലിയും ശെരിയാക്കി അങ്ങോട്ട് കൊണ്ട് പോയി.
നാട്ടിൽ നിന്ന് മാറിനിൽക്കാൻ പറ്റിയ സമയം, തനിക്കിഷ്ടപെട്ട പ്രൊഫഷണൻ എല്ലാം കൊണ്ടും ജീവിതം മാറുകയാണ്.
കഴിഞ്ഞ നാലുമാസം കൊണ്ട് ഒരുപാട് മാറി, പഴയതെല്ലാം ഉള്ളിൽ നിന്നും എടുത്തു കളഞ്ഞു. ഒരു താലിയുടെ ഭാരം അതിന്ന് ഇറക്കി വെച്ചു.
ഒരു പെണ്ണിന് ജീവിക്കാൻ ആൺ തുണയേക്കാൾ കൂടുതൽ അവളെ അറിയുന്ന മനസിലാക്കുന്ന ചിലരാണ് വേണ്ടത്. തകർന്നു പോയ ജീവിതം പിടിച്ചു നിർത്താൻ തനിക്ക് ചുറ്റും അങ്ങനെയൊരു കൂട്ടമുണ്ട്.
അച്ഛനും അമ്മയും നേടി തന്ന വിദ്യാഭ്യാസം ഒന്ന് കൊണ്ട് അവരെ സംരക്ഷിക്കാനും തനിക്ക് കഴിയും.
“അല്ല മോളെ പോവണ്ടേ. നീ ഇവ്ടെ എന്ത് ആലോചിച്ചു ഇരിക്കുവാ”
അരുണേച്ചിയാണ് കണ്ണന്റെ ഭാര്യ.
“ദാ വരുന്നു ചേച്ചി, ചിന്നുമോൾ എന്തിയെ””ആ എന്നെ പേരും അവളെ ചേച്ചി എന്നും കൊള്ളാമെടി കൊരങ്ങെ”
“ആ അത്രേ പറ്റുള്ളൂ വേണേൽ സഹിച്ചാൽ മതി, ആന്റിടെ മുത്ത് വന്നേ ഇമ്മക്ക് പോവാ”
അവന്റെ ഒക്കത്തിരിക്കുന്ന ചിന്നുമോളെ കയ്യിലേക്ക് ഞാൻ വാങ്ങി.അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി ആ കണ്ണുകൾ നിറഞ്ഞിട്ടില്ല തന്റെ മുഖത്ത് കാണുന്ന തെളിച്ചമാണ് അതിന് കാരണം.
ഈ സമൂഹത്തിൽ ഞാനൊറ്റക്കല്ല. ഇതിലേറെ അനുഭവിച്ച ഒരുപാട് പേരെ എനിക്കറിയാം അത് കൊണ്ട് തന്നെ ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കാൻ തീരുമാനിച്ചിട്ടില്ല.
ഒരു വിവാഹം എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട് ഈ സമൂഹത്തിൽ, വീണു പോയവർക്ക് താങ്ങായി നിൽക്കാൻ തനിക്ക് കഴിയും.
പരമാവധി അങ്ങനെയുള്ള കേസുകൾ അറിയാനും അവർക്കൊപ്പം നിൽക്കാനും ശ്രമിക്കണം. ആർക്കും വേണ്ടിയും തന്റെ ഇഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല.
എനിക്ക് ഞാനായാൽ മതി മറ്റൊരാളാവണ്ട, മനസ്സിൽ ഉറപ്പിച്ച ഒരു പിടി തീരുമാനവുമായി ജീവിതത്തിലേക്ക്…