“”””ഇന്ദ്രൻ!!! തന്റെ ഫൈനൽ ഡിസിഷൻ എന്താണ്????”””” സിഎം ഗ്രൂപ്പിന്റെ മാനേജർ ഋഷി അങ്ങനെ ചോദിച്ചപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ ഇന്ദ്രൻ നിന്നു… “””””അൽപനേരം കൂടി കഴിഞ്ഞ് ഞാൻ വരാം അപ്പോഴേക്കും താൻ തന്നെ തീരുമാനം അറിയിക്കടോ””” എന്നുപറഞ്ഞ് ഋഷി പുറത്തേക്ക് പോയി. ഇന്ദ്രന്റെ കണ്ണുകൾ തലയും താഴ്ത്തി ഇരിക്കുന്ന സ്വന്തം ജഗന്നാഥനിലും അരവിന്ദിലും ചെന്നെത്തി. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ ജഗന്നാഥൻ അവന് അരികിലെത്തി. അയാൾ പെട്ടെന്ന് അവന്റെ കാലിൽ വീണു, ഒട്ടും പ്രതീക്ഷിക്കാത്ത അയാളുടെ ആ പ്രവർത്തി അവനെ ആകെ ഉലച്ചു കളഞ്ഞു. “”” ഇന്ദ്ര… നിന്റെ മനസ്സ് അറിയാഞ്ഞിട്ടല്ല… സ്വയം ഇല്ലാതാക്കാൻ മടിയുമില്ല…. പക്ഷേ അവിടെയും തീരില്ലല്ലോ നിന്റെ ഈ പാപിയായ അങ്കിൾ ഉണ്ടാക്കിവെച്ച ബാധ്യതകൾ…. ഞാൻ ഇല്ലാതായാലും അത് നിന്റെ ആന്റിയെയും ഇവനെയും ഇവന്റെ കുഞ്ഞിനെയും ഒക്കെ പിന്തുടരും… ഞങ്ങളെല്ലാം നിന്റെ കാലിൽ വീണ് അപേക്ഷിക്കുകയാണ് മോനെ നീ ഞങ്ങളെ രക്ഷിക്കണം….. “”” എന്ത് ചെയ്യണമെന്നറിയാതെ നിന്നു ഇന്ദ്രൻ. ””'” നിന്നെ വളർത്തിവലുതാക്കി,അതിന് കൂലി ചോദിക്കുകയാണ് എന്ന് കരുതരുത്….. എന്റെ നിവൃത്തികേടു കൊണ്ടാണ്…. എന്നെങ്കിലും അരവിന്ദനെ യും നിന്നെയും ഞാൻ വേർതിരിച്ചു കണ്ടിട്ടുണ്ടോ??? പെങ്ങളുടെ മകൻ ആയിരുന്നില്ല നീ എനിക്ക് എന്റെ സ്വന്തം മകൻ തന്നെയായിരുന്നു…. അങ്ങനെ അല്ലാതെ നിന്നെ ഞാൻ കണ്ടിട്ടുണ്ട് എന്ന് നിനക്ക് നെഞ്ചിൽ കൈ വെച്ച് പറയാനാവുമോ മോനെ??? നിന്റെ ഉള്ളിലെ മോഹം അറിയാഞ്ഞിട്ടല്ല… എനിക്ക് ഇപ്പോൾ സ്വാർത്ഥനായെ കഴിയൂ….. “””” അവന്റെ കണ്ണുകൾ അരവിന്ദിൽ ചെന്ന് എത്തി. അപേക്ഷാ പൂർവ്വം അവനെ നോക്കി നിൽക്കുകയായിരുന്നു അരവിന്ദും. ””” നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ടാ പോട്ടെ സാരമില്ല ”” എന്നും പറഞ്ഞ് അരവിന്ദ് അവിടെ നിന്നും അല്പം നീങ്ങിനിന്നു. ””” എനിക്ക് സമ്മതമാണെന്ന് പറഞ്ഞോളൂ ”” നേർത്തതായിരുന്നു ഇന്ദ്രന്റെ സ്വരം….. അത് കേൾക്കെ ജഗന്നാഥനിലും അരവിന്ദിലും വല്ലാത്ത ഒരു മനപ്രയാസം വന്ന് നിറഞ്ഞു. ഇന്ദ്രൻ മെല്ലെ അവിടെനിന്നും ഇറങ്ങി നടന്നു. ഋഷി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഇന്ദ്രനെ കണ്ടതും ഋഷി ഫോൺ കട്ട് ചെയ്തു. ”””അയാം റെഡി ടു മാരി ഹേർ “”””‘ എന്നാൽ ഋഷിയെ നോക്കാതെ എങ്ങോ നോക്കി പറഞ്ഞു. ””” കൺഗ്രാജുലേഷൻസ്, അവർ ന്യൂ സിഇഒ ”” എന്നുപറഞ്ഞ് ഋഷി ഇന്ദ്രന്റെ കൈപിടിച്ച് കുലുക്കി. ഋഷിയുടെ കൈ വിടുവിച്ചു ഇന്ദ്രൻ പുറത്തേക്കു നടന്നു കാറിൽ കയറി എങ്ങോട്ടോ പോയി. ടൗണിലെ ബാറിനു മുന്നിൽ അയാൾ വണ്ടി നിർത്തി. അവിടെനിന്നും മതിയാവോളം കുടിച്ചു. പിന്നെ കാർ എടുത്തു അർദ്ധബോധാവസ്ഥയിൽ ബീച്ചിലേക്ക് ഓടിച്ചു. അവിടെ മണലിൽ കടൽ കാറ്റേറ്റ് കിടക്കുമ്പോഴും മനസ്സ് പൊള്ളി പിടഞ്ഞു.
മനസ്സിൽ നിറയെ അവളായിരുന്നു അലീന. കുസൃതി കാണിച്ചുള്ള അവളുടെ ചിരിയായിരുന്നു. ഒരിക്കൽ കേരളത്തിൽ വച്ച് ഒരു ആക്സിഡന്റ് സംഭവിച്ച് ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ കണ്ടതാണ് അവളെ. വെളുത്ത വസ്ത്രം ഇട്ട മാലാഖ. ആദ്യം ഒരു ഉടക്കിലൂടെയാണ് പരിചയപ്പെട്ടത്. അവൾ പറഞ്ഞതുപോലെ കേൾക്കാത്തതിന്, മരുന്ന് കൃത്യമായി വാങ്ങിച്ച് കഴിയാത്തതിന്. പിന്നെ അങ്ങോട്ട് എങ്ങനെയാണെന്നറിയില്ല അവൾ മനസ്സിൽ കയറി കൂടുകയായിരുന്നു. കലപില സംസാരിക്കുന്ന ഒരു കിലുക്കാംപെട്ടി. പാവം ആ പെണ്ണിന് ആരുമില്ലായിരുന്നു അനാഥാലയത്തിൽ ആയിരുന്നു ജീവിച്ചത് മുഴുവൻ. അതുകൊണ്ട് തന്നെ അവളെ ചേർത്ത് പിടിക്കാൻ മനസ്സ് വെമ്പി. പെണ്ണിനോട് ഉള്ളിലുള്ളത് തുറന്നു പറഞ്ഞപ്പോൾ പുച്ഛിച്ച് ഒരു ചിരിയായിരുന്നു തിരികെ തന്നത്. അനാഥ പെണ്ണിനെ വെറുതെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞു. അവൾ വിശ്വസിക്കുന്ന കർത്താവിന്റെ മുന്നിൽ വച്ച് അവളുടെ കഴുത്തിൽ ഒരു മിന്നുകെട്ടുന്നതിലാണ് അത് പോയി നിന്നത്. അപ്പോൾ മാത്രമാണ് അവൾ എന്നോട് ഇഷ്ടമാണെന്ന് തിരികെ പറഞ്ഞത്. ആരോരുമില്ലാത്ത ഒരു പെണ്ണിന്റെ കരുതൽ. അത്ഭുതമായിരുന്നു പലപ്പോഴും അവൾ തനിക്ക്. ചിലപ്പോൾ കലപില ചിലക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ, ചിലപ്പോൾ പക്വതയെത്തിയ ഒരു പെണ്ണിനെ പോലെ, ചിലപ്പോൾ ആരോരുമില്ലാത്ത ഒരു പാവം അനാഥയെ പോലെ. അങ്ങനെ പലപ്പോഴും പല ഭാവമായിരുന്നു അവൾക്ക്. അവയെല്ലാതിനോടും എനിക്ക് പ്രണയമായിരുന്നു. അങ്കിൾ ഒരിക്കൽ വിളിച്ചപ്പോൾ ഞാൻ അവളെപ്പറ്റി സൂചിപ്പിച്ചിരുന്നു. ആശംസകൾ അറിയിച്ചാണ് അന്ന് ഫോൺ വെച്ചത്. അവളെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. അവൾക്ക് വേണ്ടി കേരളത്തിൽ ഞാൻ സെറ്റിൽ ചെയ്തു, ഞങ്ങളുടെ കുഞ്ഞു ജീവിതം അവിടെ തുടങ്ങിയിരുന്നു.
ഈ സമയത്താണ് അങ്കിളിന്റെ പതനം തുടങ്ങിയത്. ബാംഗ്ലൂര് അറിയപ്പെടുന്ന ഒരു വ്യവസായി ആയിരുന്നു അദ്ദേഹം. ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട സ്വന്തം പെങ്ങളുടെ മകൻ, സ്വന്തം മകനെപ്പോലെ വളർത്തി വലുതാക്കിയത് അദ്ദേഹമായിരുന്നു, അതിന്റെ കടപ്പാട് മരിച്ചാലും തീരാത്ത അത്ര എനിക്ക് ഉണ്ട് താനും. ചതിയിൽ പെട്ട് എല്ലാം തകർന്നടിഞ്ഞ് വലിയൊരു സംഖ്യ അദ്ദേഹത്തിന് ബാധ്യതയായി. അതു കൊടുക്കാതെ ഗത്യന്തരമില്ല എന്നായി, അപ്പോഴാണ് സിഎം ഗ്രൂപ്പ് സഹായിക്കാം എന്ന് പറഞ്ഞ് വന്നത്. അവരുടെ ഏക ഡിമാൻഡ് അതായിരുന്നു: ഞാൻ അവരുടെ ഏക മകളെ, ചൈത്ര മഹേശ്വരനെ, വിവാഹം കഴിക്കണം. അവൾക്ക് എന്നോട് പ്രണയം ആയിരുന്നത്രെ. എപ്പോഴോ കണ്ടിട്ടുണ്ട് എന്നല്ലാതെ അവളെ കുറിച്ച് കൂടുതൽ ഒന്നും അറിയുക പോലും ഇല്ല. അലീനയെ മാറ്റിനിർത്തി ഒരു ജീവിതം എനിക്ക് ആകുമായിരുന്നില്ല. പക്ഷേ അങ്കിളിന്റെ അവസ്ഥ എന്നെ കൊണ്ട് അതിന് പ്രേരിപ്പിച്ചു.
അവളോട് എല്ലാം മറച്ചു വക്കാൻ തോന്നിയില്ല. ഫോൺ ചെയ്ത് എല്ലാം പറഞ്ഞു. ഇടറിയ സ്വരത്തോടെ അവൾ അങ്കിളിനെ സഹായിക്കാനായി എന്നോട് ആവശ്യപ്പെട്ടു. അന്നേരം അറിയില്ലായിരുന്നു അവളുടെ ഉള്ളിൽ എന്റെ കുഞ്ഞ് ജന്മം എടുത്തിരുന്നു എന്ന്. ആശിച്ചു എന്നോട് ഈ കാര്യം പറയാൻ വച്ചവൾ, പിന്നെ അത് പറഞ്ഞില്ല. അവസാനം വിളിക്കുമ്പോൾ ഇനി അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു പറഞ്ഞത്, അങ്ങനെ ചെയ്താൽ പിന്നെ അവളെ ഞാൻ ഒരിക്കലും കാണില്ല എന്ന്. അവൾ പറഞ്ഞതുപോലെ ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. ചങ്ക് പറിച്ചു പോകുന്ന വേദന തോന്നി, എന്നിട്ടും എല്ലാ കോൺടാക്ടും കട്ട് ചെയ്തു. ചൈത്രയും ആയുള്ള വിവാഹം നടന്നു. ഒരു രീതിയിലും എനിക്ക് അവളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുമായിരുന്നില്ല, എന്നിട്ടും ഞാൻ അഡ്ജസ്റ്റ് ചെയ്തു. വർഷങ്ങൾ കുറേ കഴിഞ്ഞുപോയി. ഞങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞു വേണമെന്ന് ചൈത്രക്ക് വലിയ മോഹമായിരുന്നു, അതിനായി കുറെ ഡോക്ടർമാരെ കണ്ടു. അലീനയുമായുള്ള ബന്ധം അവൾ അറിഞ്ഞിരുന്നു. അലീനയെ ഞാൻ മറക്കണം എങ്കിൽ ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു വേണമെന്നും ഞങ്ങളുടെ ബന്ധം എന്നാൽ മാത്രമേ ദൃഢമാവുക ഉള്ളൂ എന്നും അവൾ വിശ്വസിച്ചിരുന്നു. പ്രശ്നം അവൾക്ക് ആയിരുന്നു; ഒരു അമ്മയാകാനുള്ള കഴിവവൾക്ക് ഇല്ല എന്ന് എല്ലാവരും വിധിയെഴുതി.
ഒരിക്കൽ കേരളത്തിൽ എന്തിനോ ചെന്നപ്പോൾ വീണ്ടും അവിചാരിതമായി ഞാനവളെ കണ്ടു മുട്ടി, ഒരു നാലുവയസ്സുകാരി പെൺകുഞ്ഞിന് ഒപ്പം എന്റെ അലീന. അവളെപ്പറ്റി തിരക്കിയപ്പോഴാണ് അറിഞ്ഞത് അത് എന്റെ കുഞ്ഞായിരുന്നു എന്ന്. കുറ്റബോധം വല്ലാതെ തളർത്തിയിരുന്നു എന്നെ. കൂടെ വരാൻ ഒരുപാട് നിർബന്ധിച്ചു ഞാൻ. അവൾക്ക് അതിന് സമ്മതമല്ലായിരുന്നു. അവിടെ ജീവിതത്തിൽ ഞാൻ ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് അവൾ ഉറപ്പിച്ചു തന്നെ പറഞ്ഞു. എനിക്ക് അത് വീണ്ടും ഒരു ഷോക്കായിരുന്നു. അവളെയും കുഞ്ഞിനേയും വിട്ട് എനിക്ക് പോകാൻ തോന്നിയില്ല. ഞാൻ ആകെ തളർന്നു പോയിരുന്നു, പിന്നെ അഭയം പ്രാപിച്ചത് മദ്യത്തിൽ ആയിരുന്നു. ചൈത്ര ഒരുപാട് എന്നെ തിരുത്താൻ ശ്രമിച്ചു, അപ്പോഴൊക്കെയും ആരോടൊക്കെയോ ഉള്ള പക തീർക്കും പോലെയായിരുന്നു ഞാൻ ജീവിതം എറിഞ്ഞുടച്ചു.
ഒടുവിൽ എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്ടർ പറഞ്ഞു. അന്നേരം എനിക്ക് കാണാൻ തോന്നിയത് എന്റെ കുഞ്ഞിനെ ആയിരുന്നു. ചൈത്ര യോട് ഞാൻ പറഞ്ഞു, ഒരിക്കൽ… ഒരിക്കൽ മാത്രം എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണിച്ചു തരാൻ. അലീന യോട് അവൾ സംസാരിച്ചു. കുഞ്ഞിനെയും കൊണ്ട് അവൾ വന്നു. എന്റെ കുഞ്ഞിനെ കൊതിയോടെ ചൈത്രയും നോക്കുന്നുണ്ടായിരുന്നു. അപ്പോൾ എന്തോ അനുകമ്പ തോന്നി പോയി അവളോട് എനിക്ക്. അലീന യോട് മാപ്പ് പറഞ്ഞു. അവൾ ക്ഷമിച്ചു എന്ന് പറഞ്ഞു എങ്കിലും എനിക്കറിയാമായിരുന്നു അവളോട് ചെയ്ത തെറ്റിന്റെ ആഴം. അച്ഛനില്ലാത്ത ഒരു കുഞ്ഞിനെയും വെച്ച് അവൾ ഇതുവരെ അനുഭവിച്ച സങ്കടങ്ങൾ എനിക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് എന്ന് എനിക്കറിയാമായിരുന്നു. കണ്ണടയുന്നതിനു മുമ്പ് ഒരു കാര്യം കൂടി ഞാൻ അവളോട് ആവശ്യപ്പെട്ടിരുന്നു, ഇടയ്ക്കെങ്കിലും ചൈത്രയ്ക്കും ആ കുഞ്ഞിനെ ഒന്ന് കാണാൻ ഉള്ള അവകാശം. സമ്മതത്തോടെ അവൾ മൂളിയപ്പോൾ, ആർക്കോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ജീവിച്ച ജീവിതം അവിടെ അങ്ങനെ പതിയെ തീർന്നിരുന്നു. സ്നേഹിച്ചവളോട് താലികെട്ടിയവളോട് നീതിപുലർത്താൻ ആവാതെ.
J. K