എൻ്റെ കുട്ടി നീയതൊക്കെ അവിടെ വെച്ചേക്കും, ഞാൻ ചെയ്തോളാം…” ആയമ്മ അവളോട് പറഞ്ഞു.
” ഉവ്വ് ഈ വയ്യാത്ത കാലും കൊണ്ട് ഇതൊക്കെ ചെയ്യണത് മഹിയെട്ടനെങ്ങാനും കണ്ടാ എന്നോടല്ലേ ചോദിക്കണെ… നീയിവിടെ ഉണ്ടായിട്ടാണോ ഇതൊക്കെ അമ്മയെ കൊണ്ട് ചെയ്യിക്കണതെന്ന്…” ദേവു അവരോട് സംസാരിച്ചു കൊണ്ട് തന്നെ പാത്രങ്ങൾ കഴുകി അടുക്കി വെച്ചു.
” അല്ലേലും നിന്നോട് എന്ത് വാദിച്ചാ ഞാൻ ജയിക്കാ…” ആയമ്മ മുറിയിലേക്ക് പോയി…
ദേവു വേഗം തന്നെ എല്ലാ ജോലികളും തീർത്തു, വീട്ടിലേക്ക് പോകാൻ തയാറായി..
” അമ്മായി ഞാൻ ഇറങ്ങാണെ…” അവൾ വിളിച്ചു പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി, സൈക്കിൾ എടുത്തു പോയി. അവൾ പോകുന്നത് കണ്ടതും ദിവാകരൻ മുറ്റത്തേക്ക് മുറുക്കി തുപ്പി..
അയാളുടെ മനസിലേക്ക് പല കണക്ക് കൂട്ടലുകളും നടക്കുന്നുണ്ടായിരുന്നു.
ഇതാണ് ദേവയാനി എന്ന ദേവൂ, കൂടെ നിന്നത് അവളുടെ അമ്മായി രാധാമണി, രാധാമണി യുടെ സഹോദരൻ രഘുവിൻ്റെയും മാധവിയുടെയും ഒരേയൊരു മകളാണ് ദേവൂ, ദേവൂന് പതിനാല് വയസുള്ളപ്പോൾ ആണ് രഘു മരണപ്പെടുന്നത്, രാധാമണിയുടെ ഭർത്താവ് ദിവാകരൻ പഴയ ഒരു തറവാട്ട് കാരനായിരുന്നു., അവർക്ക് ഒരു മകൻ മഹേഷ് എന്ന മഹി, പലപല ബിസിനസുകൾ മാറി മാറി ചെയ്തു കടക്കെണിയിൽ അകപ്പെട്ട ദിവാകരനെ സ്വന്തം വീടിൻ്റെ ആധാരം പണയപ്പെടുത്തി രക്ഷിച്ചത് രഘുവായിരുന്നു, പക്ഷേ അതിൻ്റെ യാതൊരു നന്ദിയും ദിവാകരൻ തിരിച്ചു കാണിച്ചിരുന്നില്ല. പല ജോലികൾ ചെയ്തു ഒരുപാട് കഷ്ടപ്പെട്ടാണ് രഘു സ്വന്തം വീട് തിരികെ പിടിച്ചത്.. പക്ഷേ അധികം വൈകാതെ അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു… അതിന് ശേഷം മകളെയും കൊണ്ട് മാധവി ഒരുപാട് കഷ്ടപ്പെട്ടു, അപ്പോഴും ദിവാകരൻ്റെ മനോഭാവത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല… അമ്മയുടെ ഒറ്റയ്ക്ക് ഉള്ള കഷ്ടപ്പാട് കണ്ടിട്ട് ആവണം പത്താംക്ലാസിൽ വച്ച് അവൾ പഠനം നിർത്തി, പശുവും കോഴിയും ഒക്കെയായി ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തുടങ്ങി..
ചെറുപ്പം മുതൽ കാണുന്ന മഹിയോട് ദേവൂന് പ്രണയം ആയിരുന്നു.. അവന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പാവം പെണ്ണ്, അമ്മായിയെ സഹായിക്കാൻ മനയിലേക്ക് പോകും അവൾ, രാധാമണിയ്ക്ക് അവളോട് സ്നേഹവും അനുകമ്പയും ആയിരുന്നു എങ്കിൽ ദിവാകരന് ശമ്പളം കൊടുക്കണ്ടാത്ത ഒരു വേലക്കാരി മാത്രം ആയിരുന്നു അവൾ…
❤️❤️
” ഓ… വരണുണ്ട്… എന്തേ ഇന്നിത്ര നേരത്തെ, അവിടെ തന്നെ നിൽക്കായിരുന്നില്ലേ…” മാധവിയുടെ പരിഹാസം പതിവായതിനാൽ അവളത് കാര്യമാക്കാതെ അകത്തേക്ക് കയറി പോയി…
” നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ദേവു, ഇങ്ങനെ അടുക്കളക്കാരിയെ പോലെ മനയിലെ കാര്യങ്ങൾ ചെയ്യാൻ നിൽക്കരുത് എന്ന്… നാട്ടുകാരൊക്കെ ഓരോന്ന് കൊള്ളിച്ചു ചോദിച്ചു തുടങ്ങി…” മാധവി അവളുടെ പിന്നാലെ പോയി.
” എന്നാ അമ്മയ്ക്ക് അതിനുള്ള മറുപടി കൊടുക്കാൻ വയ്യായിരുന്നോ… ”
” എന്ത്?..”
” എൻ്റെ മകള് കല്ല്യാണം കഴിച്ച് കയറി ചെല്ലേണ്ട വീടാണത്, അവൾ അവിടുത്തെ കാര്യങ്ങൽ ചെയ്യുന്നതിന് ആർക്കാണ് ഇത്ര മനോവിഷമം എന്ന്…” ദേവു കൂജയിൽ നിന്ന് വെള്ളം കുടിച്ച് കൊണ്ട് പറഞ്ഞു…
” നീയവിടുത്തെ മരുമകളായി കയറി ചെല്ലും എന്ന് എന്താ നിനക്കിത്ര ഉറപ്പ്…”
” അമ്മേ… മറ്റെന്ത് വേണമെങ്കിലും പറഞ്ഞൊ, പക്ഷേ മഹിയേട്ടൻ… മഹിയേട്ടനെ പറ്റി മാത്രം ഒന്നും പറയരുത്… അമ്മയ്ക്ക് അറിയുന്നതല്ലേ മഹിയേട്ടന് എന്നെയും എനിക്ക് മഹിയേട്ടനെയും പരസ്പരം ഇഷ്ടം ആണെന്ന്…” അപ്പോഴേക്കും ദേവുവിൻ്റെ ശബ്ദം ഇടറി.
” മോളെ… ഞാൻ ഈ ഒരു വാക്ക് പറഞ്ഞത് പോലും നിനക്ക് സഹിക്കാൻ വയ്യ, അപ്പോ പിന്നെ… വേണ്ട ഞാൻ ഒന്നും പറയുന്നില്ല… മഹി അവൻ അവൻ്റെ അച്ഛൻ്റെ തനി പകർപ്പ് ആണ് രൂപത്തിലും സ്വഭാവത്തിലും… സ്വന്തം കാര്യങ്ങൾക്ക് അല്ലാതെ മറ്റൊന്നിനോടും ഒരു കരുണയും സ്നേഹവും ഇല്ലാത്ത ഒരുവൻ… നീ നിൻ്റെ അച്ഛൻ്റെയും , മറ്റുള്ളവർക്ക് വേണ്ടി ഏതറ്റം വരെയും പോകുമായിരുന്നു നിൻ്റെ അച്ഛൻ അതേ പോലെ ആണ് നീ… ആ ഒരു പേടി കൊണ്ട് തന്നെയാ അവിടുന്ന് കഴിവതും മാറാൻ ഞാൻ പറയുന്നത്…” മാധവി അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞ് ഈറനണിഞ്ഞ കണ്ണുകളോടെ അകത്തേക്ക് പോയി…
അമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങി വേദന തോന്നിയെങ്കിലും, മഹിയുടെ മുഖം ഓർത്തതും അവളുടെ ഉള്ളിൽ മഞ്ഞ് പെയ്യുന്ന സുഖം തോന്നി…
അങ്ങനെ നാളുകൾ ഓടി മറഞ്ഞു കൊണ്ടിരുന്നു, ദേവു മനയും വീടും അവളുടെ ജോലിയും ഒക്കെയായി ഓടി നടന്ന് കൊണ്ടിരുന്നു, മാധവിയുടെ ശകാരവും പതിവ് പോലെ നടന്നു… അങ്ങനെ ഒരു ദിവസം..!
പതിവ് പോലെ പാൽ സൊസൈറ്റി പാൽ കൊടുത്തു തിരിച്ചു വരികയായിരുന്നു ദേവൂ…
” അല്ല, ദേവൂ… മനയിലെ മഹേഷ് വന്നിട്ട് നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?.. ” പോകുന്ന വഴിയിൽ ഒരു പരിചയക്കാരൻ അവളോട് ചോദിച്ചു.. ആ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അയാളെ നോക്കി.
” മഹിയേട്ടൻ വന്നെന്നോ… എപ്പോ, ഞാൻ അറിഞ്ഞില്ലല്ലോ..?
” ആഹ്, ഞാൻ ദേ, ദിവാകരൻ ചേട്ടൻ പറഞ്ഞിട്ട് മഹേഷിന് വേണ്ടി, കുറച്ചു പോത്തിറച്ചി കൊണ്ട് കൊടുക്കാൻ പോയപ്പോൾ ആണ് കണ്ടത്… ” അയാൾ പറഞ്ഞു
” ആണോ… എന്നാ വെളുപ്പിന് ഉള്ള വണ്ടിയിൽ വന്നതാവും, ഞാൻ… ഞാൻ വേഗം പോട്ടേ…” അവൾ പറഞ്ഞ് കൊണ്ട് വേഗം സൈക്കിൾ ചവിട്ടി മനയിലേക്ക് പോയ്.
” അമ്മായി… അമ്മായി…” അവൾ വിളിച്ചു കൊണ്ട് അകത്തളത്തിലേക്ക് ഓടി…
അവളുടെ ശബ്ദം കേട്ടതും രാധാമണി സാരിത്തുമ്പാൽ കണ്ണുകൾ അമർത്തി തുടച്ചു..
” അമ്മായി… മഹി.. മഹിയേട്ടൻ വന്നോ?..” അവൾ കിതച്ച് കൊണ്ട് ചോദിച്ചു
” മ്..” അവരുടെ മൂളലിന് ശക്തിയില്ലായിരുന്നു.
” മോൻ വന്നിട്ടും അമ്മായിക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തെ…” അവൾ ചോദിച്ചത് കേട്ട് അവർ അവളെ ഒന്ന് നോക്കി…
അവളുടെ നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കും തോറും അവരുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.
” ഞാൻ മഹിയേട്ടനെ ഒന്ന് കണ്ടിട്ട് വരാം…” രാധാമണി അവളെ വിളിക്കാൻ തുടങ്ങും മുമ്പ് അവൾ മുകളിലെ നിലയിലേക്ക് ഓടി കയറിയിരുന്നു..
” മഹിയേട്ടാ… ” എന്ന് വിളിച്ചു കൊണ്ട് കതക് തള്ളി തുറന്ന് അകത്ത് കയറിയ അവൾ കണ്ട കാഴ്ചയിൽ ഭൂമി തലകീഴായി മറിയും പോലെ തോന്നി അവൾക്ക്…
അവിടെ ദേവു പ്രാണനെ പോലെ സ്നേഹിക്കുന്ന മഹി മറ്റൊരു പെണ്ണിൻ്റെ നഗ്നമായ ഉടലിലേക്ക് പടർന്നു കയറുന്ന രംഗം ആയിരുന്നു…
വാതിൽ തുറന്ന ശബ്ദം കേട്ട് അവർ രണ്ട് പേരും ഞെട്ടി മാറി…
” എന്താടി ഇത് , ഒരാളുടെ മുറിയിലേക്ക് കയറി വരുന്നത് ഇങ്ങനെ ആണോ?.. ” മഹിയുടെ കൂടെ ഉണ്ടായിരുന്ന പെണ്ണ് പുതപ്പിനാൽ ദേഹം മറച്ച് കൊണ്ട് അവളോട് ചോദിച്ചു,
ഞെട്ടലോടെ ദേവൂ അവളെയും മഹിയേയും നോക്കി, അവൻ യാതൊരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ട് ദേവൂന് ശരീരം തളരും പോലെ തോന്നി.
” ഇത്രയും പറഞ്ഞിട്ട് നിൽക്കുന്ന കണ്ടില്ലേ, ഇറങ്ങിപോടി…” മഹിയുടെ കൂടെ ഉണ്ടായിരുന്ന പെണ്ണ് ദേവൂനെ വലിച്ച് റൂമിൽ നിന്നും പുറത്താക്കി…
” ആരാ മഹേഷ് ഇത്… നമ്മുടെ മൊമൻ്റ് സ്പോയിൽ ചെയാൻ…” ആ പെണ്ണ് മഹിയുടെ അടുത്തേക്ക് വന്നു.
” ആ.. അത് ദേവയാനി, അമ്മാവൻ്റെ മോളാ… ഈ വീട്ടിലെ ജോലികൾ ചെയ്യാൻ വരുന്നതാ… ”
” ഓഹ്… വേലക്കാരിക്കൊക്കെ ബെഡ്റൂമിൽ കയറി വരാനുള്ള സ്വതന്ത്ര്യം ഒക്കെ ഉണ്ടോ…” അവൾ അവനോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
” അത് വിട് നീ വന്നേ… ” അവൻ അവളുടെ പുതപ്പ് വലിച്ച് മാറ്റി അവളെയും കൊണ്ട് ബെഡിലേക്ക് വീണു…
സർവവും തകർന്നു തരിപ്പണമായി വരുന്ന ദേവൂനെ ദിവാകരൻ പുച്ഛത്തോടെ നോക്കി… രാധാമണി സങ്കടത്തൊടെയും.
” എന്തേ കയറി പോയിട്ട്… ” ദിവാകരൻ പരിഹാസത്തോടെ ചോദിച്ചു, ദേവൂ ചുവന്ന് കലങിയ കണ്ണോടെ അയാളെയും രാധാമണിയേയും നോക്കി. രാധാമണി സങ്കടത്തോടെ മുഖം കുനിച്ചു.
” നീയെന്താ വിചാരിച്ചേ, അഷ്ടിക്ക് വകയില്ലാത്ത നീ എൻ്റെ മോനെയും കെട്ടി അകത്തമ്മയായി ജീവിക്കാം എന്നോ… എന്നാ നീ കേട്ടോ, അവൻ കല്ല്യാണം കഴിച്ച് കൊണ്ട് വന്ന പെണ്ണാ അവൻ്റെ കൂടെ ആ മുറിയിൽ ഉള്ളത്, വിനിത… അല്ലേലും എന്ത് കണ്ടിട്ടാണ് നിന്നെ എൻ്റെ മോന് വേണ്ടി ആലോചിക്കെണ്ടത്, പണവും പഠിത്തവും വിവരവും ഇല്ലാത്ത ദാരിദ്ര്യവാസി… വിനിത മോൾ എല്ലാം കൊണ്ടും അവന് യോജിച്ചവളാണ്… ” ദിവാകരൻ ഒരു മനുഷ്യപറ്റിലാതെ സംസാരിച്ചു.
അയാളുടെ ഓരോ വാക്കും അവളുടെ നെഞ്ചിലെക്ക് കൂരമ്പ് പോലെ തുളഞ്ഞു കയറി,
” അമ്മായി… മഹിയേട്ടൻ… ഞാൻ…” അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
” എന്നോട് ക്ഷമിക്ക് മോളേ… ഞാൻ.. ഒന്നും അറിഞ്ഞതല്ല… എൻ്റെ മോനെ ശപിക്കരുത് നീ… അത് മാത്രം ആണ് എനിക്ക് നിന്നോട് പറയാൻ ഉള്ളത്….” അവർ കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പോയി…
അവർ പോയത് നോക്കി കരഞ്ഞ് കൊണ്ട് പുറത്തേക്ക് നടന്ന ദേവൂന് മുന്നിൽ ദിവാകരൻ കയറി നിന്നു,
” ഇത് നീ ഇത്രയും കാലം ഇവിടെ ജോലി ചെയ്തതിൻ്റെ കൂലി, ഒന്നും കൊടുക്കേണ്ട എന്ന് ഞാൻ പറഞ്ഞതാണ് പക്ഷേ മഹിക്കാണ് നിർബന്ധം ഇത് നിനക്ക് തരാൻ പറഞ്ഞത്…” അയാൾ കുറച്ചു പണം അവളുടെ കൈയിൽ വച്ച് കൊടുത്തു….
അവൾ വേദന നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി ആ കാശ് നിലത്തിട്ട് അവിടെ നിന്നും ഇറങ്ങി പോയി…
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കയറി വരുന്ന ദേവൂനെ കണ്ട് മാധവി വെപ്രാളപ്പെട്ടു…
” എന്താ മോളേ എന്ത് പറ്റി…” അമ്മ ചോദിച്ചതും അവൾ അമ്മയുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എല്ലാം പറഞ്ഞു… അവൾ സങ്കടം മുഴുവൻ പറഞ്ഞ് തീരും അവളെ തടയാതെ കരയാനനീവദിച്ചവർ…
” ഈ ഒരു ദിവസം എൻ്റെ മോൾക്ക് തരുവാ ഈ അമ്മ ഇന്ന് കഴിഞ്ഞ്, നാളെ പുലരുമ്പോൾ നീ എൻ്റെ മോള് മാത്രം ആയിരിക്കണം, എല്ലാം നീ മറന്നിരിക്കണം, ഇത്ര നാളും ഞാൻ പറയുനതിന് ഒക്കെയും നിനക്കു മറുപടി ഉണ്ടായിരുന്നു, ഇനി അമ്മ പറയുന്നത് എൻ്റെ മോള് കേൾക്കണം…” അതും പറഞ്ഞു അവർ അവളെ തനിച്ചാക്കി അകത്തേക്ക് പോയി… ദേവു കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഇരുന്നു….
❤️❤️❤️❤️❤️
രണ്ട് വർഷത്തിന് ശേഷം…
” അല്ലാ, ദേവൂ ഇതെവിടെ പോയ് വരുവാണ് രണ്ടാളും കൂടി…” വഴിയരികിലെ ചായക്കടയിൽ ഇരുന്ന് കൊണ്ട് അവളുടെ അച്ഛൻ്റെ കൂട്ടുകാരൻ ചോദിച്ചു..
ഈ രണ്ടാളും എന്ന് ഉദ്ദേശിച്ചത്, ദേവൂൻ്റെ പ്രിയതമൻ ഹരികൃഷ്ണനെയാണ്… അന്നത്തെ സംഭവത്തിന് ശേഷം അമ്മ കണ്ടെത്തുന്നയാളെ അവൾ വിവാഹം കഴിക്കാൻ സമ്മതിച്ചു… ഹരിയെ മനസിലാക്കാനും അംഗീകരിക്കാനും അവൾക്ക് കുറച്ചു സമയം ആവശ്യമായിരുന്നു, അത് കൊടുക്കാൻ ഹരിയും… ഇന്ന് ഇരുവരും ഒരുപാട് സന്തോഷത്തിലാണ് ജീവിക്കുന്നത്, അവരുടെ സ്നേഹത്തിനെ അർത്ഥമുള്ളതാക്കി തീർക്കാൻ ഒരു കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഉള്ള തയാറെടുപ്പിലാണ് ഇരുവരും…
” ആശുപത്രിയിൽ പോയ് വരുവാണ്, ” ഹരിയാണ് മറുപടി പറഞ്ഞത്.
” നീയറിഞ്ഞോ ദേവൂ മനയും പരിസരവും വിറ്റു എന്ന്, എന്തൊക്കെ ആയിരുന്നു, പുതിയ മരുമകൾ വരുന്നു, അമ്മായി അച്ഛനെയും അമ്മയെയും പരിപാലിക്കുന്നു… എന്തായിരുന്നു ബഹളം, ഇപ്പൊ എന്തായി അവന് കൊച്ചുങ്ങൾ ഉണ്ടാകില്ല എന്ന് പറഞ്ഞു അവൾ അവനെ ഉപേക്ഷിച്ച്, അതും പോരാഞ്ഞ് നഷ്ഠപരിഹാരമായി ലക്ഷങ്ങളും … അതിനാത്രെ മന വിറ്റത്…” അയാൾ പറഞ്ഞു പക്ഷെ അതൊന്നും അവളെ ബാധിച്ചതേയില്ല..
” എന്നാ ഞങ്ങൾ പോട്ടെ…” ഹരി അവളെയും കൊണ്ട് മുന്നോട്ട് നടന്നു…
ഹരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു നടന്നു.
അവരിരുവരും സന്തോഷത്തോടെ പോകുന്നത് തൻ്റെ കാറിൽ ഇരുന്നു കൊണ്ട് മഹി കണ്ടു… അവൻ്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണു നീർ പൊഴിഞ്ഞു, നഷ്ട ബോധത്തിൻ്റെ… വേദനയുടെ….
ശുഭം 🙏
💞 കനി 💞