മാലതീ… ചായാ…” ഉമ്മറത്തെ ചാരുകസേരയിൽ മലർന്നു കിടന്നു കൊണ്ട് ജയൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.
അകത്തൂന്ന് മറുപടി ഒന്നും വന്നില്ല…
” മാലതീ…” അയാൾ വീണ്ടും വിളിച്ചു.
” കിടന്നമറണ്ട ഇതാ, ചായ… ഇപ്പോൾ എത്രാമത്തെ തവണയാണെന്ന് അറിയാമോ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഇട്ട് തരാൻ ഇത് ഹോട്ടലൊന്നും അല്ല… അല്ലെങ്കിൽ തന്നെ ഇവിടുത്തെ പണിയെടുത്ത് മനുഷ്യൻ്റെ നടു ഒടിഞ്ഞിരിക്കാ..” അവൾ ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് അടുക്കളയിലെക്ക് പോയ്….
അവർക്ക് പിന്നാലെ അയാളും അകത്തേക്ക് പോയി..
” നിനക്ക് എന്ത് മലമറിക്കുന്ന പണിയാ ഇവിടെ ഉള്ളത്… നാല് പേർക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കണം, അലക്കണം വീട് വൃത്തിയാക്കണം ഇതല്ലെ ഉള്ള്… നിൻ്റെ പറച്ചിൽ കേട്ടാൽ തോന്നും ഈ നാട് മുഴുവൻ നിൻ്റെ തലയിലാണെന്ന്…” അയാൾ പറഞ്ഞു
” എന്നാപ്പിന്നെ നിങ്ങൾ തന്നെ ചെയ് മലമറിക്കുന്ന പണിയൊന്നും ഇലലോ..” അവർ ചെയ്ത് കൊണ്ടിരുന്ന ജോലി നിർത്തി പുറത്തിറങ്ങി….
” ആ ചെയുമെടി…, നീ ആരെയാ വെല്ലുവിളിക്കുന്നത് എന്നറിയോ…” ജയൻ പറഞ്ഞ് കൊണ്ട് നിൽക്കുമ്പോൾ ആണ് മകൾ അപർണ അങ്ങോട്ട് വന്നത്..
” എൻ്റെ പൊന്നച്ചാ അച്ഛന് രാവിലെ അമ്മയോട് വഴക്കിടാതെ ഇരിക്കാൻ പാടില്ലേ.. ഒന്നാമതെ അമ്മയ്ക്ക് ഇന്ന് വയ്യാത്ത ദിവസം ആണ്, ആ കൂട്ടത്തിൽ ആണ് അച്ചൻ്റെ ഓരോ…” അവൾ പറഞ്ഞ്
” ഓ അവൾക്ക് മാത്രല്ലെ ഉള്ള്, ഇതൊക്കെ എല്ലാം പെണ്ണുങ്ങൾക്കും ഉള്ളതാണ് ”
” ആ.. ഇപ്പൊ അടുക്കള പണി മാത്രം ആണ് കിട്ടിയത്, ഇനി വാ തുറന്നാൽ വേറെ പലതും കിട്ടും… ” അവൾ പറഞ്ഞത് ഒരു സത്യം ആയത് കൊണ്ട് ജയൻ വേറെ ഒന്നും പറയാതെ ഓരോന്ന് ചെയാൻ തുടങ്ങി…
ഒരു പത്ത് മിനിറ്റ് കഴിയും മുമ്പേ തന്നെ അയാൾക്ക് മടുത്തു, ഒരു സൈഡിൽ തീർക്കുമ്പോൾ അപ്പുറത്ത് വേറെ എന്തെങ്കിലും ആയിട്ടുണ്ടാവും…
” ഇവളിത് എങനാണാവൊ അനായാസം ചെയ്തു തീർകുന്നേ… വായും കൊണ്ട് മിണ്ടാതെ എവിടെ എങ്കിലും ഇരിക്കാൻ ഉള്ളതിന് വലിയ ആള് കളിക്കാൻ പോയിട്ടല്ലേ അനുഭവിക്കാം അല്ലാതെ എന്ത് ചെയ്യും…” സ്വയം പറഞ്ഞു കൊണ്ട് അയാൾ ഓരോന്ന് ചെയ്തു തീർത്തു.
” അച്ഛാ ഞങൾ പോവാന്നേ… ” അപർണ അനിയൻ അർപിതിനെയും കൂട്ടി ഇറങ്ങി…
” സമയം വൈകി.. ” ജയൻ റൂമിൽ വെപ്രാളത്തിൽ എത്തുമ്പോൾ മാലതി കൂനിക്കൂടി കിടക്കുകയാണ്… അയാൾഅവരെ നോക്കി കൊണ്ട് അടുത്തേക്ക് ചെന്നു.
” ഡോ.. മാലതി.. എന്ത് പറ്റി.. തീരെ വയ്യെ…” അയാൾ അവരുടെ ചുമലിൽ തട്ടി.
” വയ്യ ജയേട്ടാ… നല്ല വേദനയാ..” അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു.
” ഞാൻ ഇപ്പോ വരാം..” അയാൾ ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി.
അൽപം സമയം കഴിഞ്ഞു ഒരു കൈയിൽ ഹോട്ബാഗും മറുകൈയിൽ ആവി പറക്കുന്ന ചൂടു വെള്ളവുമായി എത്തി…
” മാലൂ.. എണീറ്റേ, ദേ ഇത് കുടിക്ക്..” പതിയെ മാലതിയെ തട്ടിയുണർത്തി ഗ്ലാസ് കൈയിൽ പിടിപ്പിച്ചു…
അവർ ചൂടൂതിയൂതി അത് കുടിച്ചു..
” ജയെട്ടൻ ഇന്ന് പോണിലേ…”
” ഇല്ല, ലീവാക്കി… ” അയാൾ ഹോട്ബാഗ് അവളൂടെ വയറിലേക്ക് വച്ച്.
” ഫുഡ് ഒന്നും ആവാഞ്ഞിട്ടാണോ, ഇന്നത്തേക്ക് പുറത്ത് നിന്ന് ആവാരുന്നലൊ… എന്തിനാ വെറുതെ.”
” അത് കൊണ്ട് ആണ് എന്ന് ആര് പറഞ്ഞു, താൻ ഇത്രയും വേദനയും സഹിച്ച് ഇവിടെ കിടക്കുന്നത് കണ്ടിട്ട് ഞാൻ എങ്ങനെ സമാധാനം ആയി പോവും…” അയാളത് പറയൂമ്പോ അവളൂടെ കണ്ണുകൾ തിളങ്ങി.
” അപ്പോ എനിക്ക് വേണ്ടി ആണോ…”
” പിന്നല്ലാതെ…” അയാൾ അവരെ ചേർത്ത് പിടിച്ചു.
” പിന്നെ എന്തിനാണ് രാവിലെ എന്നോട് ദെഷ്യപ്പെട്ടത്…”
” അത് ചുമ്മാ ഒരു മനഃസുഖം… ” അയാൾ ചിരിയോടെ കണ്ണടിച്ച് കാണിച്ചു.
” ആഹ്, അത് കൊണ്ട് കുറച്ചു നേരം അടുക്കളയിൽ നിന്ന് ഞാൻ രക്ഷപെട്ടു..” അവരും ചിരിച്ചു.
കുറച്ചു സമയം രണ്ട് പേരും അങനെ തന്നെയിരുന്നു..
” മതി.. ഞാൻ പോയ് എന്തെങ്കിലും ഉണ്ടാക്കട്ടേ, ജോലി എല്ലാം പാതിവഴിയിൽ കിടക്കാന്.. ” അയാളുടെ കരവലയത്തിൽ നിന്നും എണീറ്റു കൊണ്ട് അവർ പറഞ്ഞു.
” ഹാ… താൻ ഇന്നിവിടെ കിടക്ക് ഞാൻ ചെയ്തോളാം എല്ലാം…” മാലതി ജയനെ അത്ഭുതത്തോടെ നോക്കി.
” എന്താ ഇങ്ങനെ നോക്കണെ… താൻ പ്രഗ്നൻ്റായിരുന്ന സമയത്ത് ഒക്കെ ഞാനലേ എല്ലാം ചെയ്തത് അത്രേയുള്ളൂ… ” അയാൾ കണ്ണ് ചിമ്മി പുറത്തേക്ക് ഇറങ്ങി…
കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുക്കളയിലെ തട്ടും മുട്ടും കേട്ട് മാലതി അങ്ങോട്ട് നടന്നു…
അടുക്കളയിൽ പാചകവും വൃത്തിയാക്കലും എല്ലാം തകൃതിയായി നടക്കുന്നു… മാലതി ക്ക് ഓരോന്നും കണ്ട് അത്ഭുതം ആയി തോന്നി…
രാവിലെ കൂടെ തന്നെ താഴ്ത്തി കെട്ടി സംസാരിച്ചിരുന്ന ആളാ…
” ഹാ… നീ അവിടെ എവിടെയെങ്കിലും ഒന്ന് ചെന്ന് ഇരിക്…” അവർ ഓരത്തായി ഇരുന്നു…
ജയൻ ഓരോന്ന് പറഞ്ഞു കൊണ്ട് ആണ് ജോലികൾ ചെയ്യുന്നത്, ഓഫീസിലെയും നാട്ടിലെയും കാര്യങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ട് ഇരുന്ന്….
” ഊണ് കഴിക്കാം വാ…” മാലതിയെ കൈയിൽ പിടിച്ചു ടേബിളിന് അടുത്ത് ഇരുത്തി…
ഒരു പാത്രത്തിൽ ചോറും കറികളും എടുത്തു ജയൻ തന്നെ മാലതി ക്ക് ഊട്ടി, അപ്പോഴൊക്കെ ഒരു ഭർത്താവിൽ നിന്ന് കീട്ടാതെ പോയ സ്നേഹവും വാത്സല്യവും ഒക്കെ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു അവർ… രണ്ട് പേർക്കും ഒരു പോലെ ഭക്ഷണം വിളമ്പുന്ന ജയനെ മാലതി കണ്ണിമയ്ക്കാതെ നോക്കി.
” എന്താ താൻ ഇങ്ങനെ നോക്കുന്നേ..”
” ജയേട്ടന് ഓർമയുണ്ടോ നമ്മൾ എന്നാണ് ഇങ്ങനെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചത് എന്ന്, എന്നോട് ഇതേപോലെ സ്നേഹത്തോടെ സംസാരിച്ചത് എന്നാണ് എന്ന്..”
അവൾ ചോദിച്ചതും അയാളും വല്ലാതെ ആയി..
” തന്നെ ഞാൻ ഒരുപാട് വിഷമിപ്പികുന്നണ്ടല്ലേടോ… മനഃപൂർവം അല്ലടോ, തനിക്ക് അറിയുന്നതല്ലേ, ജോലിയും അതിൻ്റെ പ്രഷറും.. എന്തൊക്കെ ആണെങ്കിലും അതൊന്നും തന്നെ അവഗണിച്ചതിന് പരിഹാരമല്ല എനിക്ക് അറിയാം… ഒരവസരം കൂടി എനിക്ക് തരാമോ മാലൂ…” അയാൾ അവരുടെ കണ്ണുകളിൽ നോക്കി.
” എനിക്ക് അറിയാം എല്ലാം… എങ്കിലും മനുഷ്യനല്ലേ ചിലപ്പോൾ ഒക്കെ ഒരു പരിഗണനയും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന ഓരോ വിഷമം അതാണ് ഇടയ്ക്കിടെ ഞാനും… ഏട്ടൻ എന്നോട് ക്ഷമിക്കണം…”
” ഏയ് അത് വിട്… നമുക്ക് ഒന്നേന്ന് തുടങ്ങാം…”
” മ്” അവർ ചിരിയോടെ ചേർന്നിരുന്നു.
❤️❤️❤️
“അമ്മാ… ” അപർണയും അർപിതും സ്കൂൾ വിട്ടു അകത്തേക്ക് കയറി വരുമ്പോൾ, ഹാളിലെ സെറ്റിയിൽ അഛൻ്റെ മടിയിൽ തലചായ്ച് കിടക്കുന്ന അമ്മയെ കണ്ടതും രണ്ടാളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
” ഇതെന്താ ഞങ്ങളീ കാണുനത്.. ” ബാഗ് ചെയറിലേക് ഇട്ട് അപർണ ചോദിച്ചു.
” ആഹ്. ഇനി മക്കള് ഇത് പോലെ പലതും കാണും…
” അച്ഛൻ ഇന്ന് പോയില്ലേ..” അർപിത് ആണ്.
” ഇല്ല…”
” നിങ്ങൾ പോയ് വേഷം മാറി വാ,ഞാൻ ചായ എടുക്കാം…” മാലതി എഴുനേൽക്കാൻ തുടങ്ങിയതും ജയൻ അവരെ അവിടെ പിടിച്ചിരുത്തി.
” മോളെ ചായ ഇട്ട് ഫ്ലാസ്കിൽ വച്ചിട്ട് ഉണ്ട്, പോയ് വേഷം മാറ്റി വന്ന് അത് എടുത്തു കുടിക്ക്, കഴിക്കാൻ ഉള്ളതും അവിടെ ഇരിപ്പുണ്ട്.. ” അച്ഛൻ പറഞ്ഞതും രണ്ടാളും അകത്തേക്ക് പോയി.
” എന്നാലും എന്തൊരു മാറ്റം ആണല്ലേ ചേച്ചി, അഛനും അമ്മയ്ക്കും…” അർപിത് ചോദിച്ചു.
” ശരിയാ… ഇപ്പൊ എന്തോ വലിയൊരു സമാധാനം പോലെ…” അവളതും പറഞ്ഞ് വാഷ് റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞു അവർ നാല് പേരും കൂടി, ഒന്നിച്ച് പുറത്ത് പോവാൻ തയ്യാറായി…
” എത്രനാളായച്ചാ നമ്മൾ ഇങനെ കറങ്ങാൻ ഒക്കെ പോയിട്ട്.. ഇപ്പൊ ഞങ്ങൾ എന്തോരം ഹാപ്പി ആണെന്ന് അറിയാമോ…” അർപിതിന് സന്തോഷം അടക്കാനായില്ല…
” ഇത്രയും നാൾ അച്ഛൻ അച്ഛൻ്റെ സമാധാനം മാത്രം ആണ് നോക്കിയത്… അച്ഛൻ്റെ കയ്യിൽ നിന്നും കുറേ തെറ്റ് സംഭവിച്ചിട്ടുണ്ട് സോറി മക്കളെ… ഇനി അങനെ ഉണ്ടാവില്ല..പ്രോമിസ്…” അയാൾ ആത്മാർത്ഥമായി തന്നെ മക്കളോട് മാപ്പ് പറഞ്ഞു.
” അയ്യേ അഛനെന്തിനാ സോറി പറയുന്നേ… ഞങ്ങൾക്ക് അറിയാലോ അച്ഛൻ്റെ ജോലിയും തിരക്കും, സാരല്ല എപ്പോഴും വേണം എന്നില്ല വല്ലപ്പോഴും ഇതേപോലെ ഒക്കെ മതിയച്ചാ… ഇന്ന് കണ്ടില്ലേ നമ്മുടെ വീട്ടിൽ എന്തൊരു പോസിറ്റീവ് വൈബ് ആയിരുന്നു എന്ന്, അതേ പോലെ എന്നും ഉണ്ടായ മതി… നിങൾ രണ്ടാളും ഇടയ്ക്കിടെ വഴക്ക് കൂടുന്നത് ആണ് ഞങ്ങൾക്ക് ഏറ്റവും വലിയ വിഷമം അത് മാത്രം ഒന്ന് മാറിയാൽ മതി…” അപർണ അവളുടെ ഭാഗം പറഞ്ഞു.
” ഇനി അങനെ ഒന്നും ഉണ്ടാവില്ല അല്ലെ ഏട്ടാ…” മാലതി ചിരിയോടെ ജയൻ്റെ കൈയിൽ പിടിച്ചു.
അയാൾ തിരിച്ചും…
“നഷ്ടപ്പെട്ട സമയം തിരിച്ചു കിട്ടില്ല, അത് കൊണ്ട് തന്നെ ഇനിയും നമ്മുടെ സമയം പാഴാക്കാതെ ഞാൻ നോക്കിക്കൊള്ളാം…” ജയൻ പറഞ്ഞപ്പോൾ അപർണ അയാളെ തടഞ്ഞു..
” ഞാൻ അല്ലച്ഛാ… നമ്മൾ….” നാല് പേരും ചിരിയോടെ ആ മനോഹര സായാഹ്നം ആസ്വദിച്ചു….
ശുഭം 🙏
💞 കനി 💞