മോളുടെ പിറന്നാൾ ആയിട്ട് അമ്പലത്തിലേക്ക് ഇറങ്ങാതെ ഇരിക്കാൻ തോന്നിയില്ല നിമ്മിക്ക്.. സാരിയും എടുത്തു അവളെയും റെഡിയാക്കി അമ്പലത്തിലേക്ക് ഒരുങ്ങി ഇറങ്ങിയപ്പോൾ നാത്തൂൻ പുച്ഛത്തോടെ അവളെ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അല്ലെങ്കിലും ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന ഒരു പെണ്ണിനോട്, അപൂർവമായ നാത്തൂന്മാർ നല്ല രീതിയിൽ പെരുമാറുകയുള്ളൂ അവരുടെ ജീവിതത്തിൽ ഒരു തടസ്സമാകും എന്ന് കരുതി ഇതുപോലെയുള്ള മുഖം വീർപ്പിക്കലുകൾ ഇവിടെ എന്നും സാധാരണമാണ്..
പക്ഷേ അതിനൊപ്പം തന്നെ അച്ഛനും അമ്മയും കൂടി പങ്കുചേരുന്നു എന്നുള്ളതാണ് വലിയ സങ്കടം.. എന്തായാലും അതിൽ നിന്നൊക്കെ ഒരു മാറ്റം വരാൻ വേണ്ടി ഭഗവാനോട് ശരിക്കും പ്രാർത്ഥിച്ചു… അപ്പോഴേക്കും പരിചയക്കാർ മുഴുവൻ അവളുടെ അരികിലേക്ക് വന്നിരുന്നു.
” രജീഷ് വരാറില്ല അല്ലേ നിമ്മി?? അവിടെ തെറ്റി വന്നതാണ് അല്ലിയോ??”
ഓരോരുത്തരും സങ്കടം ഭാവിച്ചുകൊണ്ട് ചോദിക്കുമ്പോൾ അവരുടെ ഉള്ളിൽ ചിരിക്കുന്ന മറ്റൊരു മുഖം അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു..
അങ്ങനെയൊന്നുമില്ല ഞങ്ങൾ ഉടനെ തിരിച്ചു പോകും എന്നെല്ലാം അവളും അവരോട് മറുപടി പറഞ്ഞു അതിൽ ഒട്ടും ആത്മാർത്ഥത ഇല്ല എന്ന് തനിക്കും അവർക്കും ഒരുപോലെ അറിയാമെങ്കിലും..
വളരെ സന്തോഷത്തോടെ ആണ് രജിയേട്ടന്റെ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്.. രജിയേട്ടന്റെ വീട്ടിൽ അമ്മയും അച്ഛനും ഒരു അനിയത്തി രാജിയും മാത്രമാണ് ഉണ്ടായിരുന്നത്..
വളരെ നല്ല രീതിയിൽ തന്നെയായിരുന്നു ജീവിതം മുന്നോട്ടു പോയത്.. അവിടുത്തെ അച്ഛനും അമ്മയ്ക്കും എല്ലാവർക്കും തന്നോട് വളരെയധികം സ്നേഹമായിരുന്നു പ്രത്യേകിച്ച് രാജിക്ക്.. അവൾ ഒരു സുഹൃത്ത് എന്ന നിലയിലാണ് തന്നെ കണ്ടത് അവളെക്കാൾ രണ്ടു വയസ്സിന് മൂപ്പ് തനിക്ക് ഉണ്ടായിരുന്നു.. എന്നാലും അതൊന്നും ആ ബന്ധത്തെ ബാധിച്ചില്ല.
വളരെ നല്ല രീതിയിൽ തന്നെ ജീവിതം മുന്നോട്ടു പോയി അതിനിടയിൽ ഒരു മോളും ആയി..
എന്നിട്ടും അവിടെ എന്തിനും എന്റെ കൂട്ട് രാജി തന്നെ ആയിരുന്നു..
അവൾക്ക് ഒരു പ്രണയം ഉണ്ട് എന്നും അന്യ മതത്തിൽ പെട്ട ഒരാളാണ് എന്നും ഒരിക്കൽ അവൾ എന്നോട് പറഞ്ഞിരുന്നു.. വീട്ടുകാർ എന്തായാലും സമ്മതിക്കാൻ തരമില്ല അതുകൊണ്ട് അവർ രണ്ടുപേരും കൂടി ഒളിച്ചോടിപ്പോകും എന്നും പറഞ്ഞപ്പോൾ എനിക്കാകെ ഭയമായി.
ഇതെന്തു ചെയ്യും എന്ന് കരുതി കുറെ ആലോചിച്ചു ഭർത്താവിനോട് പറയാം എന്ന് വച്ച് ഇരുന്നപ്പോഴാണ് അങ്ങനെ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഓർത്തത്..
ഏട്ടന് ഒറ്റ ബുദ്ധിയാണ് എന്തെങ്കിലും ദേഷ്യത്തിന് വല്ലതും ചെയ്യാനും മടിക്കില്ല അതുകൊണ്ട് അത് വേണ്ട എന്ന് മനസ്സിൽ കരുതി പിന്നെ അമ്മയോട് തുറന്നുപറയാം എന്ന് വിചാരിച്ചു.
കാരണം പേര് കേട്ട തറവാടാണ് അത് അച്ഛൻ ആണെങ്കിൽ ഒരു രാഷ്ട്രീയ പ്രവർത്തകരും തന്റെ മകൾ ഇങ്ങനെ ഒരു രീതിയിൽ ഒളിച്ചോടി പോയിട്ടുണ്ടെങ്കിൽ അതിന്റെ നാണക്കേട് അവർക്കെല്ലാം എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
അവളെ എന്തായാലും പറഞ്ഞു തിരുത്താൻ കഴിയില്ല എന്നുള്ളത് ഉറപ്പാണ് പലതവണ താനതിന് ശ്രമിച്ചു എങ്കിലും അവൾ അടുക്കുന്നുണ്ടായിരുന്നില്ല.
അപ്പൊ പിന്നെ അവസാനം മാർഗ്ഗം എന്നുള്ള നിലയിൽ അവരോട് അത് മുഴുവൻ തുറന്നു പറഞ്ഞു. അതോടെ അമ്മ എന്നെ ചേർത്തുപിടിച്ചു.
അവരുടെ കുടുംബത്തെ രക്ഷിക്കാൻ വന്ന മഹാലക്ഷ്മിയായി മാറി ഞാൻ.. പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു യോഗ്യനായ ഒരു ചെറുക്കനെ കണ്ടുപിടിച്ച് അവളുടെ വിവാഹം അവർ ഉറപ്പിച്ചു
.
അതോടെ രാജി എന്റെ ശത്രുവായി തീർന്നു.. അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പ് പിടിച്ച പിടിയാലേ അവളുടെ വിവാഹം നടത്തി.. എന്നോടുള്ള പക കാരണം വിവാഹത്തിന്റെ സമയത്തൊന്നും അവൾ എന്നോട് മിണ്ടിയത് പോലുമില്ല.
എല്ലാം അവളുടെ നന്മക്ക് വേണ്ടി ആയിരുന്നല്ലോ എന്ന് കരുതി അവൾ മിണ്ടാതിരിക്കുന്നത് ഞാൻ സഹിച്ചു.
എന്നാൽ പ്രശ്നങ്ങൾ തുടങ്ങിയത് അവരുടെ വീട്ടിൽ നിന്ന് വിരുന്നു വന്ന അന്ന് ആണ്.. ഇവിടെയുള്ള ആരോ രാജിയുടെ ബന്ധത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തു.. അപ്പോൾ ഒന്നും മിണ്ടിയില്ല എങ്കിലും അവരുടെ വീട്ടിലേക്ക് ചെന്നപ്പോൾ അവർ രാജിയെ എല്ലാവരും ചേർന്ന് ചോദ്യം ചെയ്തു അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചുവന്നു.
ഞാനാണ് എല്ലാത്തിനും പിന്നിൽ എന്ന് അവൾ പറഞ്ഞു.. അത് അവിടെ എല്ലാവരും വിശ്വസിച്ചു രജിയേട്ടന് ഞാൻ കാര്യങ്ങളൊന്നും അദ്ദേഹത്തോട് തുറന്നു പറയാത്തതിൽ എന്നോട് ദേഷ്യം ആയി..
ഞാനല്ല ഇതിനൊന്നും പിന്നിൽ എന്ന് അവരോട് തുറന്നു പറഞ്ഞു എങ്കിലും അവരാരും അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല കാരണം ഈ ഒരു കാര്യം കുടുംബത്തിൽ അവർക്ക് രണ്ടുപേർക്കും രാജിക്കും എനിക്കും അല്ലാതെ മറ്റാർക്കും അറിയില്ല.. എന്നൊരു കാര്യത്തിൽ അവർ ഉറച്ചു നിന്നു സംഗതി ശരിയാണ് ആരും അറിഞ്ഞിട്ടില്ല പക്ഷേ, എങ്ങനെയാണ് അവരുടെ വീട്ടുകാർ ഇതെല്ലാം അറിഞ്ഞത് എന്ന് ഓർത്താൽ സത്യമായിട്ടും എനിക്ക് അറിയില്ല.
ഒരിക്കലും അവളുടെ ജീവിതം തകരണം എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞിട്ടില്ല..
എന്നാൽ എന്റെ നിരപരാധിത്വം തെളിയിക്കാനോ അവരെ വിശ്വസിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല…
രാജി വീട്ടിൽ വന്ന് നിൽക്കേണ്ടി വന്നു.. ആ ദേഷ്യത്തിന് രജിയേട്ടൻ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നാക്കി.
ഞാൻ കുറെ കരഞ്ഞു പറഞ്ഞു നോക്കി പക്ഷേ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഭർത്താവിൽ നിന്ന് എല്ലാം മറച്ചുവെച്ച എന്നെ രജിയേട്ടനും ഇനി വിശ്വസിക്കാൻ കഴിയില്ലത്രെ… ഏറെ കഴിഞ്ഞ് രാജിയെ അവർ കോംപ്രമൈസ് ആക്കി അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചു.
എന്നെ തിരിച്ചുകൊണ്ടുവരാൻ അവളെ അച്ഛനും അമ്മയും പറഞ്ഞെങ്കിലും രജിയേട്ടൻ അതിനു കൂട്ടാക്കിയില്ല ഞാൻ പോന്ന ഗ്യാപ്പിൽ ഭർത്താവ് മരിച്ച കൂടെ ജോലി ചെയ്യുന്ന സ്ത്രീയുമായി രജിയേട്ടന് ബന്ധം ഉണ്ടത്രേ..
അയാൾക്ക് അവളോടൊപ്പം ഇനി കഴിഞ്ഞാൽ മതി എന്ന് ഡിവോഴ്സ് നോട്ടീസ് കൈപ്പറ്റിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഇന്ന് പോകും നാളെ പോകും എന്ന് കരുതി എന്നോട് വലിയ പ്രശ്നങ്ങൾക്ക് ഒന്നും വരാതിരുന്ന എന്റെ വീട്ടുകാർക്ക് അത് വലിയ ഒരു അടിയായി
ഇനി തിരികെ പോകുന്നില്ല എന്ന് അറിഞ്ഞപ്പോൾ അതുവരെ ചിരിച്ചു സംസാരിച്ചവർ മുഴുവൻ മുഖം കറുപ്പിക്കാൻ തുടങ്ങി.
അസ്വസ്ഥമായ ജീവിതം മടുത്തു തുടങ്ങി പക്ഷേ ഒരു മകൾ ഉണ്ട് അവൾക്കുവേണ്ടി ജീവിച്ചേ പറ്റൂ എന്തെങ്കിലും ഒരു ജോലി
നേടിയെടുക്കണം.. കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം.. എന്റെ ഒരു കൂട്ടുകാരിയാണ് അതിന് സഹായിച്ചത് അവൾക്ക് ഒരു ഗാർമെന്റ്സ് ആണ്. അത്യാവശ്യം തെറ്റില്ലാത്ത വരുമാനം ഉണ്ട് അതുകൊണ്ട് എന്നെ സഹായിയായി അവൾ വിളിച്ചു.. നല്ല പ്രായത്തിൽ ഇത്തിരി തുന്നൽ പഠിച്ചതുകൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ടായി..
ഞങ്ങളുടെ യൂണിറ്റിന്റെ അടുത്ത് തന്നെ ഒരു ചെറിയ വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു വലിയ പണം ഒന്നും നൽകേണ്ട അവളോട് പറഞ്ഞപ്പോൾ അവൾ ഒന്നു ശ്രമിച്ചു അത് എനിക്ക് തന്നെ കിട്ടി.. ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല എന്റെ മകളെ എനിക്ക് വളർത്താൻ കഴിയും.. അതും ആരുടെയും ദുർമുഖം കാണാതെ..