ഇറയത്ത് മഴ കണ്ടിരിക്കുമ്പോഴാണ് കുട്ടികളാരോ വന്ന് പറഞ്ഞത് അവൻ മരിച്ചെന്ന്. കൊന്നതാത്രെ. ആരോ കത്തി കൊണ്ട് കുത്തി കൊന്നതാത്രെ.
ഉടലാകെ വിറച്ച്, ഉയിരടർന്ന് പോകുന്ന വേദനയിൽ ഞാൻ പിന്നെയും ഏറെ നേരം ഒരേ ഇരുപ്പ് ഇരുന്നു. കാലുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു, ശരീരത്തിന് ഊർജവും. മുന്നോട്ടായാൻ മനസ്സ് കുതിച്ചിട്ടും ശരീരം അനുവദിക്കുന്നുണ്ടായിരുന്നില്ല.
പാട് പെട്ട് എങ്ങനെയൊ എണീറ്റ് നിന്നു. പിന്നെയൊരോട്ടമായിരുന്നു. കവല വരെ വേച്ചും വീണും ഞാനെത്തുമ്പോൾ, ജനക്കൂട്ടം ഒഴിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല. പരസ്പരം അവന്റെ നല്ലതോ ചീത്തയോ പിറുപിറുക്കുന്ന നാട്ടുകാരെ വകഞ്ഞു മാറ്റി ഞാൻ മുന്നോട്ടെത്തി.
ചോരയിൽ കുളിച്ച് കിടക്കുന്നുണ്ട്. എങ്ങിനെ പോകാൻ കഴിഞ്ഞു.
ആറാഴ്ച മുൻപ് മനം പുരട്ടാൻ തുടങ്ങിയപ്പോൾ തൊട്ട് സംശയം ഉണ്ടായിരുന്നു. അവനോട് പറഞ്ഞപ്പോൾ പേടിക്കണ്ട, മൂന്നാം മാസം ആവും മുൻപ് വന്ന് കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞു, മോളോ മോനോ… പ്രസവം ഒക്കെയവൻ നന്നായി നോക്കിക്കൊള്ളാമെന്നും ഇതിനിടയിൽ മഞ്ഞചരടിലൊരു സ്വർണ്ണത്താലിയിട്ട് കഴുത്തിൽ കെട്ടി തരാമെന്നും പറഞ്ഞിരുന്നു.
എന്നിട്ട് ദേ ഇപ്പോഴൊരു വാക്കും പറയാതെ പോയിരിക്കുന്നു. അടിവയറ്റിലൊന്ന് കൈ വച്ചു നോക്കി…ഒരു കുഞ്ഞ് ഹൃദയം അവിടെ മുടിച്ചു തുടങ്ങിയെന്നു എന്തിനോ ഞാൻ ഉറപ്പ് വരുത്തി.
രക്തം പുരണ്ട കൈകൾ ചലിക്കുന്നതായും അവൻ കണ്ണുകൾ തുറക്കുന്നതായും എനിക്ക് തോന്നി. അവന് ജീവനുണ്ടെന്ന് പറഞ്ഞ് ഞാനുറക്കെ കരഞ്ഞു. കണ്ണടഞ്ഞു പോകും വരെ ഉറക്കെ കരയുന്ന എന്നെ അത്ഭുതത്തോടെ നോക്കിയ കണ്ണുകൾ ഓർമ്മയിലുണ്ട്.
ബോധം വീഴുമ്പോൾ ഞാനൊരു ഇരുട്ടുമുറിയിലായിരുന്നു. കണ്ണ് തുറന്നാ ഇരുട്ടിലേക്ക് നോക്കുമ്പോൾ ചുറ്റും രക്തത്തിന്റെ ഗന്ധം വമിക്കുന്നത് പോലെ തോന്നി എനിക്ക്.
ആഞ്ഞു മുട്ടിയ വാതിൽ ആരും തുറന്നു തന്നില്ല… തൊണ്ട പൊട്ടി നിലവിളിച്ചിട്ടും ആരും കേട്ടതുമില്ല.
എന്റെയുള്ളിൽ മുഴുവൻ അവസാനം കണ്ട കാഴ്ചയായിരുന്നു… ഒടുവിൽ വാതിലിലൊരു വെളിച്ചം വീണതും ” എന്താടി ആ ചത്തു പോയ തെമ്മാടി ആയിട്ട് ബന്ധം” എന്നൊരു ശബ്ദവും കവിള് പുകഞ്ഞൊരു അടിയും കിട്ടി. കണ്ണ് തുറക്കുമ്പോൾ കുഞ്ഞേട്ടനായിരുന്നു. ഏട്ടത്തിയും അമ്മയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഏട്ടൻ കലി തുള്ളി വന്ന് മുടിക്കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു.
എന്റെ പൊന്നോമനയ്ക്ക് നോവല്ലേ എന്നോർത്ത് ഞാനെന്റെ അടിവയർ മറച്ചു പിടിച്ചിരുന്നു. അമ്മയും ഏട്ടത്തിമാരും ശകാരിച്ചും ദേഷ്യപ്പെട്ടും എന്തൊക്കെയോ സംസാരിച്ചു. ഞാനതൊന്നും കേട്ടിരുന്നില്ല.
എന്റെ ഉള്ളു നിറയെ ആധിയായിരുന്നു… മൂന്നാം മാസം തികയും മുൻപ് വന്ന് കൂട്ടിക്കോളാമെന്ന് പറഞ്ഞവൻ മരിച്ചു കിടന്നത് മണിക്കൂറുകൾക്ക് മുൻപ് കണ്ടത് ഓർമ്മയിലേക്ക് വാളിന്റെ മൂർച്ചയോടെ കടന്നു വന്നു.
അവൻ മരിച്ചിട്ടും എന്നെ മുറിയിൽ തന്നെ പൂട്ടിയിട്ടു… മെല്ലെ വീർത്തു വന്ന വയർ കണ്ട് അമ്മ വാവിട്ടു കരഞ്ഞു, ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ തളർന്നിരുന്നു… ചെറിയട്ടനൊഴികെയാരും എന്നോട് മിണ്ടാതെയായി. ചെറിയേട്ടൻ ഇടയ്ക്ക് വന്ന് കവിളും കണ്ണുമൊക്കെ പുകയുന്നത് പോലെ തല്ലും. അപ്പോൾ മാത്രം എന്നോട് സംസാരിക്കുകയും ചെയ്തു…
“പിഴച്ചവളേ….” എന്ന വിളി കേൾക്കുമ്പോൾ വല്ലാത്ത വേദനയുണ്ടായിരുന്നു.
ആണൊരുത്തന്റെ രക്തമാണ്… എന്റെ കുഞ്ഞിന് അച്ഛനുണ്ട്. ദേഹമേ പോയുള്ളു… ദേഹിയെ ചുമന്ന് കൊണ്ടു ഞാനിവിടെയുണ്ട്…
പിന്നെയുള്ള പത്ത് മാസം ഞാൻ വെളിച്ചം കാണുന്നത് ആഹാരം തരാനോ തല്ലാനോ ആരെങ്കിലും വാതിൽ തുറക്കുമ്പോഴോ, അടിച്ചു തളിക്കാൻ വരുന്ന സ്ത്രീ വാതിൽ തുറക്കുമ്പോഴുമായിരുന്നു. എന്നോട് അല്പം അലിവ് കാട്ടിയിരിന്നത് അവര് മാത്രമായിരുന്നു. പുറത്ത് നടക്കുന്ന വിശേഷങ്ങൾ അവർ പറയുമ്പോൾ ഞാൻ വെളിച്ചം വീഴുന്നിടത്തേക്ക് നോക്കിയിരിക്കും…
ഒരു തുലാവർഷം കനത്ത് തുടങ്ങിയപ്പോഴായിരുന്നു എനിക്ക് അടിവയറ്റിൽ ശക്തമായ വേദന തോന്നിയത്. അലറി വിളിച്ചു കരഞ്ഞിട്ടും വല്യേടത്തി അല്ലാതെ മറ്റാരും ആ വാതിൽ കടന്നു വന്നില്ല… വല്യേടത്തിയുടെ പതം പറഞ്ഞുള്ള കരച്ചിലിനൊടുവിൽ ആരൊക്കെയോ എന്നെ കോരിയെടുത്തത് ഓർമ്മയിലുണ്ട്.
കണ്ണ് തുറക്കുമ്പോഴൊരു ആശുപത്രി മുറിയിലായിരുന്നു… ബോധം വീണ്ടെത്തുത്ത് കണ്ണ് തുറന്ന് നോക്കുമ്പോൾ ദിവസങ്ങൾ മുൻപ് വരെ വീർത്തു നിന്ന വയർ ശൂന്യമായിരുനകഴിച്ചു ്ങിയ മാറിടം ചുറ്റിനും പാൽമണമുള്ളൊരാളെ തിരഞ്ഞു. കണ്ടില്ല… കണ്ടു കിട്ടിയില്ല…
ഒടുക്കം ഒരു നോക്കു കാണാൻ വന്ന വല്യേടത്തി പറഞ്ഞറിഞ്ഞു ജീവനോടെയല്ല എന്റെ കുഞ്ഞ് പുറത്ത് വന്നതെന്ന്… അലറിക്കരഞ്ഞു ഞാനൊരു ഭ്രാന്തിയെ പോലെ… ഓരോ കരച്ചിലിലും ഓരോ നിലവിളിയിലും തുന്നിക്കെട്ടിയതെന്തൊക്കെയോ പൊട്ടി പോകുന്ന വേദന ദേഹമാകെ പരക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ നിലവിളിച്ചു. ഞാനെന്റെ ശരീരത്തിന്റെ വേദനകളെ മറികടന്നു, വിധിയുടെ ക്രൂരമായ മുഖം നോക്കി അലറി വിളിച്ചു.
ആരോട് പരാതി പറയാനാണ്… ഒക്കെ എന്റെ വിധി തന്നെയാണ്…
എനിക്ക് വേണ്ടി ഈ ലോകത്തെ തന്നെ ചെറുത്തു നിൽക്കുമെന്ന് വാക്ക് തന്നൊരുവൻ ആരുടെയോ കത്തി മുനക്ക് ഇരയായപ്പോൾ തകർന്നു പോയതല്ലേ എന്റെ സ്വപ്നങ്ങൾ, ഉള്ളിലൊരു പ്രതീക്ഷയെ നിറച്ചാണല്ലോ അവൻ പോയതെന്ന സമാധാനവും അസ്തമിച്ചിരിക്കുന്നു.
പ്രസവ രക്ഷയോ, തേച്ചു കുളിയോ ഒന്നുമില്ലാതെ ഞാനാ ഇരുട്ടു മുറിയിൽ കഴിച്ചു കൂട്ടി.
പിന്നെയൊരു ദിവസം നീലയിൽ ചുവന്ന പൂക്കളുള്ള ഒരു പട്ടുസാരിയുമായി വല്യേടത്തി വീണ്ടും വന്നപ്പോഴാണ് ഞാൻ സൂര്യപ്രകാശം കാണുന്നത്. ഇന്നെന്റെ വിവാഹം ആണത്രേ. ഞാൻ പ്രതികരിച്ചതേയില്ല.
ഏട്ടത്തി തന്നെ കൂട്ടിക്കൊണ്ട് പോയി ദേഹമാകെ മഞ്ഞൾ തേച്ചു കുളിപ്പിച്ചു. മുഷിഞ്ഞ ഗന്ധം മാറാനാവും തല നിറയെ മുല്ലപ്പൂക്കൾ വച്ചെന്നെ അണിയിച്ചൊരുക്കി. തങ്കവളയും മാലയുമൊക്കെയിട്ട് തറവാടിന്റെ മുറ്റത്തെ വിവാഹ പന്തലിലിരുത്തി.
ഇങ്ങനെയൊരു മോഹമമുണ്ടായിരുന്നു. പക്ഷെ സീമന്തരേഖ ചുവപ്പിക്കാൻ മറ്റൊരുവനെയായിരുന്നു സ്വപ്നം കണ്ടത്. എന്നാലാ സ്ഥാനത്തിന്ന് ഇതുവരെ കണ്ട് പരിചയം പോലുമില്ലാത്ത ഏതോ ഒരു അപരിചിതൻ.
ഞാനയാളെ നോക്കി ഉറക്കെ ചിരിച്ചു.
എന്നെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് തലക്ക് നൊസ്സുണ്ടോ എന്ന് ചോദിച്ചു വീണ്ടും വീണ്ടും ഉറക്കെ ചിരിച്ചു.
ഞാൻ മറ്റൊരാളുടേതാണെന്നും അയാളുടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചിരുന്നുവെന്നും ഞങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു.
പന്തലിൽ നിന്നാദ്യം വലിച്ചിഴച്ചത് കുഞ്ഞേട്ടനായിരുന്നു. വന്നവർ പരസ്പരം പിറുപിറുക്കുകയും ചെക്കൻ കൂട്ടർ ഇതിനിടയിൽ വിവാഹമൊഴിഞ്ഞു പോകുകയും ചെയ്തിട്ടുണ്ടായിരിക്കണം.
കുഞ്ഞേട്ടൻ കലി തീരുന്നത് വരെ തല്ലി. ദേഹത്ത് വീഴുന്ന ഓരോ അടിക്കും ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു.
എന്റെ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞതൊരു കളവായിരുന്നില്ലേ എന്ന് ഞാൻ കുഞ്ഞേട്ടന്റെ കഴുത്തിൽ മുറുകെ പിടിച്ചു ചോദിച്ചു.
തരില്ലെന്ന് അറിയാമായിരുന്നത് കൊണ്ടാണ് ചോദിക്കാഞ്ഞത്…
“ദുഷ്ടാ ” എന്ന് വിളിച്ചാ മനുഷ്യന്റെ മുടിയിൽ പിടിച്ചു വലിക്കുമ്പോൾ ഭ്രാന്തുള്ളോർക്ക് ഭയങ്കര ആരോഗ്യം ആണെന്നും അവന്റെ ജീവൻ പോകും മുൻപ് ആ പെണ്ണിനെ ആരെങ്കിലും പിടിച്ചു മാറ്റെന്നും ഏതോ കാരണവർ പിന്നിൽ നിന്നും പറയുന്നത് കേട്ടു.
“ഭ്രാന്ത് ” ഞാൻ പിന്നെയും പിന്നെയും ഉറക്കെ ചിരിച്ചു, എന്റെ വേദന ശമിക്കുന്നത് വരെ.
പിന്നീടവർ എന്നെയാ ഇരുട്ടുമുറിയിൽ പൂട്ടിയിടുമ്പോൾ കാലിലൊരു ചങ്ങലയുണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളെ, സന്തോഷങ്ങളെ എന്തിന് ജീവിതത്തെ തന്നെയാ ചങ്ങല കണ്ണികൾ വേദനിപ്പിച്ചു…
എനിക്ക് നോവുന്നതായി ഞാൻ ഭാവിച്ചില്ല… ഭൂതവും ഭാവിയും ഒന്നും അറിയാത്തവളെ പോലെ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു…
ഭ്രാന്തിയെ ചങ്ങലയ്ക്കിട്ടത്രെ… അതെ… ഭ്രാന്തിയുടെ സ്വപ്നങ്ങളെയും.