അച്ഛൻ മരിച്ചതിനു നാലിനന്ന് പാതിരാത്രിക്കാണ് വീട്ടിലൊരു മുട്ട് കേട്ടത്. താതനില്ലാത്ത വീട്ടിലെ അടുപ്പിലെ തിളയ്ക്കുന്ന കലത്തിൽ ഒരു വറ്റു അരിമണി ഇടുവാൻ വന്ന കനിവുള്ള മനുഷ്യരിൽ ഒരുവനെന് കരുതി. പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരുന്നുവെന്നു മുന്പിലെ സ്വർണം കെട്ടിച്ച നാലു നിര പല്ലും വെളുക്കനെ കാട്ടി ഇളിച്ചു നിക്കുന്ന കണിശക്കാരനായ പലിശക്കാരൻ വറീതിനെ കണ്ടപ്പോൾ മനസിലായി. പണ്ടെങ്ങോ അച്ഛൻ മേടിച്ച പൈസ തിരികെ ചോദിക്കാൻ വന്നതാണത്രേ. നല്ല നേരം, അമ്മ കലമ്പി, അയാൾ ആക്രോശിച്ചു , ഉദ്ദേശം ദുരുഹം തന്നെ, “നിന്നെ എന്റെ കൈയിൽ കിട്ടുമെടി ”,ഒടുക്കം രക്ഷ ഇല്ലാതായപ്പോൾ മോഹങ്ങളെല്ലാം മനസ്സിലടക്കി കലി തുള്ളി അയാൾ തിരികെ പോയി.
അച്ഛൻ ഉണ്ടായിരുന്നപ്പോൾ തെറിയുടെ പൂരമായിരുന്നു, അന്തിക്കള്ളും മോന്തി വീട്ടിൽ വന്നാൽ പിന്നെ പൂരപ്പാട്ടായിരുന്നു, ഒടുക്കം ബോധം കെട്ട് എവിടെയേലും ചുരുളും, എങ്കിലും പട്ടിണി വീട്ടിൽ കയറിയിട്ടല്ലായിരുന്നു, അച്ഛനെ പേടിച്ചിട്ടാകണം പലിശക്കാരനും. മരത്തിൽ നിന്നും വീണു അച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ചങ്ക് തകർന്നു എങ്കിലും തെല്ലാശ്വാസം അമ്മ കരയേണ്ടി വരില്ലലോ എന്നത് മാത്രമായിരുന്നു, പക്ഷെ നേരിടാൻ പോകുന്നത് അതിലും വലുത് ആയിരുന്നുവെന്നത് ആരറിഞ്ഞു.
അച്ഛൻ മരിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞിരിക്കുന്നു, നാലിനന്ന് ഒരാളായിരുന്നുവെങ്കിൽ ഇന്നത് പലരായിരിക്കുന്നു, നേരം ഇരുട്ടിയാൽ ഞങ്ങൾക്കൊപ്പം അമ്മയും പേടിക്കും, വാക്കത്തിയും, അരിവാളും കിടക്ക പായയിൽ ഒളിപ്പിക്കും, അതായിരിക്കണം അമ്മയുടെ ധൈര്യം. ആദ്യമൊക്കെ ഒരു തവി ചോറുമായി ആരെങ്കിലും വരും, പിന്നെ പിന്നെ ആരും പടി കടക്കാതെയായി, ഒരിക്കൽ ഒരു തൃസന്ധ്യക് കുഞ്ഞിന് കൊടുക്കാൻ പോലും ഒരു വറ്റു മണി ചോറ് മണി തികയാതായപ്പോൾ അമ്മായിടെ അടുക്കലേക് ചെന്നു, “നിനക്ക് തരാനല്ല ഇവിടെ മനുഷ്യൻ ഉണ്ടാകുന്നത്, ഇവിടെ ഉള്ളവർക്കും വല്ലോതും കഴിക്കണം, ഇത് അവസാനമാണ് ഇനി ചോദിച്ചു ഇങ്ങോട്ടേക് വരണ്ട, ഒരു പിടി അരി തന്നു പറഞ്ഞു വിട്ടു.
പട്ടിണി വീട്ടിൽ കെട്ട് മുറുക്കിയപ്പോൾ അമ്മ ജോലി തപ്പിയിറങ്ങി, ജോലി തരാം പക്ഷെ തിരികെ വേണം പ്രത്യുപകാരം, പലരുടെയും ആവശ്യം ഒന്ന്. ഒടുക്കം സഹികെട്ടു അമ്മ പരാതിപ്പെട്ടു സ്വന്തം കൂടെപ്പിറപ്പിനടുത്ത്,
“കെട്ട്യോൻ ചത്ത പെണുങ്ങൾ അങ്ങിനെയൊക്കെ സഹിക്കേണ്ടി വരും, ഒന്നുകിൽ വഴങ്ങുക, അല്ലെങ്കിൽ നാട് വിടുക, അതുമല്ലെങ്കിൽ മറ്റൊരുത്തനെ കൂടെ കൂട്ടുക”അമ്മാവൻ പറഞ്ഞു നിറുത്തി.
“അമ്മക്ക് ഇത്ര സൗന്ദര്യം ഇല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ ആരും ശല്യപെടിത്തില്ലായിരുന്നുവല്ലേ? ഒരു ദിവസം സ്കൂൾ വിട്ടു വന്ന ശേഷം ചോദിച്ചു, അതിനു ഉത്തരം തന്നത് ഒരു കത്രികയായിരുന്നു, മുട്ടറ്റം ഉണ്ടായിരുന്ന മുടി പുറം പകുതിയോളം മുറിച്ചുകൊണ്ട്. എന്നെയും കൂട്ടി അമ്മ മൂന്ന് പെറ്റു എങ്കിലും അമ്മ സുന്ദരിയായിരുന്നു, വടിവൊത്ത ശരീരവും, മുല്ലപൂവിന്റെ നിറവും, ആ നാട്ടിലേ പലർക്കും അമ്മ ഒരു കിട്ടാ കനിയായിരുന്നു.
സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള വഴികവലയിലെ ചാത്തൻ നായരുടെ ചായ കടയിലിരുന്നാണ് മൂവർ സംഘം കഥകൾ പറയുന്നത്, പാടുന്നതും പറയുന്നതും നാട്ടിലെ പെണുങ്ങളെ പറ്റി തന്നെ, അവരുടെ കഥകൾ കേൾക്കാൻ ചിലപ്പോ നാട്ടുകാരിൽ ചിലരെങ്കിലും ചെന്നെത്തും, കഥ കേട്ട് മത്തു പിടിച്ച ഒരു കൂട്ടം യുവാക്കൾ കടക്കിട്ട പേരാണ് “കഥക്കട ”അയെന്തിനെന്നു എനിക്കറിയില്ല പക്ഷെ പറയുന്നതും, കേൾക്കുന്നതും പറയുന്നവരും ചീത്ത യായിരുന്നുവെന്നെനിക്കറിയാം.
ചെത്തുകാരൻ ശങ്കുവും, മീൻ വിക്കണ മത്തായി മാപ്പിളയും, പിന്നെ പലിശക്കാരൻ വറീതും, അവരായിരുന്നു കഥ വീരന്മാർ, അവരുടെ അന്നത്തെ കഥയിലെ നായിക ന്റെ അമ്മയായിരുന്നു, വർണ്ണനകൾ അമ്മയെ കുറിച്ചായിരുന്നു, കേട്ടതൊന്നും അമ്മയോട് പറഞ്ഞില്ല പക്ഷെ അണപ്പൊട്ടിയ ദേഷ്യം വാ കൊണ്ട് ചോദിപ്പിച്ചത് വേറൊന്ന്.
ഒരിക്കൽ വൈകിട്ടു വീട്ടിലെത്തിയപ്പോ വലിയമമാനുണ്ട് വീട്ടിൽ,ആള് കത്തി കയറി നിൽപ്പാണ്, “നിക്കും ജീവിക്കണ്ടേ ഈ നാട്ടിൽ, ആളോളുടെ മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ പറ്റണില്ലാണ്ടായി, അറിയോ നിനക്ക്, നിന്റെ കെട്ട്യോൻ ചത്തു എന്ന് കരുതി, ബാക്കിയൊള്ളോനും ജീവിക്കണം മനസമാധാനായിട്ട്, നിക്കും ഉണ്ട് പെൺകുട്യോള് കെട്ടിച്ചയക്കണ്ടേ അവറ്റകളേം, അതോണ്ട് പറയ്യാ മര്യാദക് കെട്ടി പോക്കോണം, നാട്ടാരെ കൊണ്ട് അതും ഇതും പറയിക്കണ്ട, ഒരാലോചന കൊണ്ടന്നിട്ടുണ്ട്, ഞാൻ വാക്കും കൊടുത്തു, അടുത്ത ആഴ്ച്ച ഇവിടെ അമ്പലത്തിൽ വച്ച് കെട്ട്, ആരേം വിളിക്കണ്ണില്ല, കേട്ടോ, അനുസരണകേട് കാട്ടാന ഭാവം എങ്കിൽ വച്ചേക്കില്ല, പിന്നെ ഒരു കാര്യം, ന്റെ ഭാര്യ സാവിത്രിയുടെ അനുജനാണ്, അവനാണ് നിന്നെ കെട്ടാൻ പോകുന്നേ, പക്ഷെ പിള്ളേരെ അവന് പറ്റില്ല, മൂന്നിനേം അനാഥാലയത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്, സിസ്റ്ററിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, നിനക്ക് വല്ലപ്പോഴും അവിടെ പോയി കാണാം “
അമ്മാമൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു, അമ്മ തിരിച്ചെന്തെങ്കിലും പറയുമെന്ന് ഞാൻ കരുതി, നിരാശയായിരുന്നു ഫലം, പെണുങ്ങള് ഒറ്റക് ജീവിക്കാൻ പാടില്ലത്രെ, അല്ലെങ്കിലും അമ്മക്ക് എന്ത് ചെയ്യൻ പറ്റും, അമ്മ വെറും ഒരു പെണ്ണല്ലെ, ഇണയുള്ളപ്പോൾ മാത്രം തുണക്കപെടുന്ന ഒരു നാട്ടും പുറംകാരി പെണ്ണ്.
പിറ്റേന്നു വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയുണ്ടായിരുന്നില്ല വീട്ടിൽ, അടച്ചിട്ട വീടിനുമുന്നിൽ കാത്തു കിടന്നു, മൂവന്തി വെളിച്ചം മങ്ങി തുടങ്ങിയപ്പോൾ അമ്മ വീട്ടിൽ വന്നു കയറി കൂടെ കുട്ട്യോളും, കൈയിലെ പൊതികൂട് നീട്ടി, കുറച്ചു പുത്തനുടുപ്പുകൾ, ഒന്നും മിണ്ടിയില്ല. അത്താഴത്തിനു അന്ന് ബിരിയാണി ആയിരുന്നു,പട്ടണത്തിലെ ഹോട്ടലിൽ നിന്നു വാങ്ങിച്ചത്, വിശപ്പു തോന്നിയിരിന്നുവെങ്കിലും കഴിക്കാൻ മടി കാണിച്ചു, അമ്മ നിർബന്ധിച്ചിട്ടും കഴിക്കൻ കൂട്ടക്കാതെ വന്നപ്പോൾ വാരി തന്നു, എതിർക്കാൻ കഴിഞ്ഞില്ല, ഒരുപക്ഷെ ഇനിയൊരിക്കലും ഇങ്ങിനെ വാരി കിട്ടാൻ കഴിഞ്ഞില്ലങ്കിലോ.
പിറ്റേന്ന് കോഴി കൂവും മുന്നേ അമ്മ ഞങ്ങളെ വിളിച്ചുണർത്തി, പുത്തൻ ഉടുപ്പിട്ട് ഒരുങ്ങാൻ പറഞ്ഞു, ആവശ്യമുള്ളതെല്ലാം കൈയിൽ പാറുക്കിയെടുക്കാനും, സംശയം തെറ്റിയില്ല, ഞങ്ങളും ഉപേക്ഷിക്കപ്പെടാൻ പോകുന്നു, ഇന്നു മുതൽ ഏതോ ഒരു അനാഥാലയത്തിൽ ഒരിക്കലും വരാത്ത അമ്മയുടെ വരവും കാത്ത്, നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അമ്മ കാണാതെ തുടച്ചു, മുറ്റത്തൊരു വണ്ടി വന്നു നിന്നു, ഒരു വെളുത്ത അംബാസിഡർ കാർ, ഒത്തിരി കൊതിച്ചിരുന്നു ഇത് പോലൊരു കാറിൽ യാത്ര ചെയ്യാൻ, അമ്മക്ക് സമാധാനിക്കാം മകന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചിരിക്കുന്നു.
വണ്ടി മുന്നോട്ട് നീങ്ങി, അമ്മയും കുട്ട്യോളും പുറത്തെ കാഴ്ചകളിൽ മുഴങ്ങിയിരിക്കുന്നു.സ്വസ്ഥത ഇല്ലാത്ത എന്റെ മനസു മാത്രം തേങ്ങി കൊണ്ടിരുന്നു. അമ്മക്ക് പൊരുതിക്കൂടായിരുന്നോ? അമ്മക്ക് ഞങ്ങളെ വേണ്ടതായിരിക്കുന്നുവോ? അമ്മക്ക് കൂട്ട് ഞാനില്ലായിരുന്നുവോ?
ഓരോന്നും ആലോചിച് സമയം പോയതറിഞ്ഞില്ല, പതിയെ വണ്ടി നിന്നു, കൂകി പാഞ്ഞു വരുന്ന തീവണ്ടികളുടെ ശബ്ദം കേൾക്കാം,ഇവിടെ? നൂറായിരം സംശയങ്ങൾ ഉള്ളിൽ അലയടിച്ചു, ഞങ്ങളുടെ കൈ പിടിച്ചു അമ്മ അകത്തേക്കു കയറി, വലിയൊരു നില വിളി ശബ്ദത്തോടെ പാളത്തിലൂടെ പാഞ്ഞു വന്ന ഒരു തീവണ്ടി ഞങ്ങൾക്ക് മുന്നിൽ നിന്നു, മക്കള് മൂന്നിനേയും കൂട്ടി അമ്മ അതിനുള്ളിലേക് കയറി. ഞങ്ങളെയും കൊണ്ട് തീവണ്ടി പാഞ്ഞു, പാട പുസ്തകത്തിൽ മാത്രം കണ്ടിരുന്ന തീവണ്ടി, ഇനി സ്കൂളിൽ ചെല്ലുമ്പോ ചോട്ടുവിനോടും, അപ്പോവിനോടും പറയണം തീവണ്ടി കഥ. ഒരു പകലും ഒരു രാത്രിയും കഴിഞ്ഞിരിക്കുന്നു, പോകെ പോകെ ഞങ്ങൾ നാട് വീട്ടിരിക്കുന്നു എന്ന് പുറത്തുള്ള കാഴ്ചകൾ എന്നെ മനസിലാക്കി തന്നു , ഏതോ ഒരു സ്റ്റോപ്പിൽ നിറുത്തിയ ട്രെയിനിൽ നിന്നു ഞങ്ങൾ ഇറങ്ങി,ഞങ്ങളെ കാത്ത് ആ പ്ലാറ്റ്ഫോമിൽ ഒരാളുണ്ടായിരുന്നു, അമ്മയുടെ ഉറ്റ കൂട്ടുകാരി മേരി ആന്റി.
ആന്റിയുടെ കൂടെയുള്ള യാത്രയിലാണ് ചെന്നെത്തിയ നഗരത്തെ കുറിച് ഞാൻ അറിഞ്ഞത്, ബോംബെ അതാണ് പേര്, വലിയ വലിയ കെട്ടിടങ്ങളും, ആളും ബഹളങ്ങളും നാട് പോലെയേ അല്ല, കാതങ്ങൾ അകലെയാണ് നാട് എന്ന് ഞാൻ സ്മരിച്ചു, വലിയമ്മാമനും മാമിയും നമ്മളെ അനോഷിക്കിലെ? അപ്പുനും കുഞ്ഞുട്ടനും എന്നെ കാണാതെ വിഷമിക്കിലെ? സംശയങ്ങൾ എന്റയുള്ളിൽ ചിതൽ പോലെ കുമിഞ്ഞുകൂടി, പക്ഷെ സമാധാനം ഉണ്ട് അമ്മയിനി കല്യാണം കഴിക്കില്ലല്ലോ. കുറച്ചു നേരത്തെ യാത്രക്ക് ശേഷം വലിയൊരു കെട്ടിടത്തിനു മുൻപിൽ വണ്ടി നിന്നു, എണ്ണാൻ പറ്റിയില്ലെങ്കിലും തല ഉയർത്തി നോക്കി ഞാൻ എണ്ണി 1,2,3,4 അയ്യോ നാലു നിലയുകള വീടോ, ഇതിൽ ഒരു മുറി എനിക്കായിരിക്കും, അന്നമ്മയുടെ വീട്ടിലെ ടി വില് കണ്ടപ്പോലത്തെ വലിയ വീട്.
കളിക്കാൻ മൈതാനങ്ങളില്ല, ചാടികുളിക്കാൻ പുഴകളും തോടുമില്ല, ഓടികളിക്കാൻ പച്ചപ്പും.മേരി ആന്റിയുടെ സഹാത്തോടെ അമ്മ ഒരു കുഞ്ഞു കമ്പനിയിൽ ജോലിക് കയറി, ചെറുതെങ്കിലും വൃത്തിയുള്ള ഒരു കുഞ്ഞുമുറി വീട്ടിലേക്കുതാമസം മാറി, വിശാലമായ മുറ്റമോ, കരി പിടിച്ച അടുക്കളയോ, മനോഹരമായ കിടപ്പുമുറികളോ ഇല്ല, അലക്കിനും കുളിക്കുമായി ഒരു കുഞ്ഞു ബാത്രൂം, ഒരു മൂലയ്ക്ക് ഭക്ഷണം പാകം ചെയ്യാനൊരിടം അത്രതന്നെ. പകലുകൾ പൊരുതാനുള്ളവയായിരുന്നു അന്നത്തിനു വേണ്ടി, പക്ഷെ രാത്രികൾ ഞങ്ങളുടേത് മാത്രമായിരുന്നു. നീട്ടി പിടിച്ച മുട്ടലുകളോ, നീണ്ടു വലിഞ്ഞ നോട്ടങ്ങളോ, അടക്കി പിടിച്ച വാർത്തമാനങ്ങളോ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നു. തിരക്ക് പിടിച്ച ആ ലോകത്ത് ആരും ആരെയും കാത്തു നിന്നില്ല, ഒന്നിൽ നിന്നു മറ്റൊന്നിലേക്കു ആ നഗരം ഓടികൊണ്ടിരന്നു,ഒറ്റക്കായി പോയവളെ ചേർത്തു പിടിക്ക്കാനോ തള്ളി കളയാനോ ആരും ശ്രമിച്ചില്ല, എന്തെന്നാൽ അവിടെ എല്ലാവരും ഒറ്റപ്പെട്ടവരായിരുന്നു.
പുതിയ നഗരത്തോട് ഇണങ്ങാൻ എനിക്കു കഴിഞ്ഞില്ല. എങ്കിലും സമയമെടുത്തു ഞാൻ ഇണങ്ങി, ഇണങ്ങിയല്ലേ പറ്റു, ജീവനല്ലെ ജീവിതമല്ലേ.
പതിയെ ഞാനും ബോംബെ നഗരത്തിന്റെ ഭാഗമായി. സൈക്കിൾ ഓടിക്കാനും, ചവറു കൂട്ടിയിട്ട പോലുള്ള വീടുകൾക്കിടയിലൂടെ ഓടി, ചാടി പറക്കാനും പഠിച്ചു. ഇതിനിടയിൽ അമ്മ തന്റെ ചിരകാല സ്വപ്നം നേടിയെടുത്തു ഒരു തയ്യൽ മെഷീൻ, അച്ഛനോട് പറഞ്ഞിരുന്നുവെങ്കിലും ഒരിക്കലും കിട്ടിയിരുന്നില്ല. ഞങ്ങൾക്കുള്ള വസ്ത്രങ്ങൾ അമ്മ തന്നെ തയ്യിച്ചു തുടങ്ങി, പിന്നെ മേരി ആന്റിക്, പിന്നെ ഞങ്ങളുടെ കൂട്ടുകാർക്, അങ്ങിനെ അങ്ങിനെ പലർക്കും.ഒറ്റക് പറ്റുന്നില്ല എന്നായപ്പോൾ രണ്ട് പെണ്ണുങ്ങളെ കൂട്ടത്തിൽ കൂട്ടി, ജോലി ഉപേക്ഷിച്ചു, ചെറിയൊരു വാടക മുറിയെടുത്തു.
പകലും ഇരുളും മാറി മാറി പണികൾ പൂർത്തിയാക്കി, വർഷങ്ങൾക്കു കടന്നുപോയി, ഞങ്ങൾ വളർന്നു, ശൈശവക്കാരി ബാല്യത്തിലേക്കും, ബാല്യക്കാർ കൗമാരത്തിലേക്കും അടിവച്ചു കയറി, ഞങ്ങൾക്കൊപ്പം അല്ല ഞങ്ങൾക്ക് മുന്നേ അമ്മയും. നോക്കി നിക്കും നേരം കൊണ്ട് അമ്മ വളർന്നു, ബോംബെ നഗരത്തിന്റെ മധ്യത്തിൽ ഒരു ചെറിയ തുണി കട തുടങ്ങി, പിന്നീട് മറ്റു ഭാഗങ്ങളിലും. ഉറ്റവരും ഉടയവരുമില്ലാത്ത പെൺകുട്ടികളെ അമ്മ ഏറ്റെടുത്തു, അവർക്കായി പല സംരംഭങ്ങളും തുടങ്ങി. ചുവന്ന തെരുവിലേക്ക് കടത്തപെട്ട പെൺകുട്ടികളെ കേസ് നടത്തിയും പരാതി കൊടുത്തും അമ്മ രക്ഷിച്ചു.ഒട്ടനവധി സ്ത്രീകൾക് അമ്മയായിരുന്നു തുണ. അമ്മയുടെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു, നിർബന്ധിത വേശ്യ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ അമ്മ കോടതികൾ കയറിയറങ്ങി, ഒടുവിൽ ആ പരിശ്രമം വിജയിച്ചു. ജീവിക്കാൻ കൊതിക്കുന്നവർക് അമ്മ താങ്ങും തണലുമായി ഞങ്ങൾക്കെന്ന പോലെ.
ഇന്നു അമ്മയുടെ പുതു സംരഭം തുടങ്ങുകയാണ്, ഞങ്ങളുടെ നാട്ടിൽ, ഞാൻ ജനിച്ചു വളർന്ന നാട്ടിൽ. സ്വന്തം കാറോടിച്ചു വലിയമ്മാമന് മുന്നിലെത്തിയപ്പോൾ രണ്ടടി മാറി നിന്നു അമ്മയിൽ നിന്നും. ആദരവും ബഹുമാനവും വേണ്ടുവോളം പെരുമാറ്റത്തിലും വാക്കുകളിലും. മാമിയാകട്ടെ ഇഷ്ട വിഭവങ്ങൾ ഒരുക്കി സൽക്കരിച്ചു. ഒരിക്കൽ ഒരു പിടി ചോറിനു കെഞ്ചിവന്റെ മുന്നിൽ ഇന്നു സൽക്കാരം ഒരുക്കി വച്ചിരിക്കുന്നു.ഞാൻ മൗനമായി ചിരിച്ചു അമ്മയെ പോലെ.
അമ്മയുടെ തോളോട് തോൾ ചേർന്ന് നിന്നു,പുതിയ പുതിയ നേട്ടങ്ങൾ കൊയ്യാൻ ഞാനും. പുതിയ ഷോ റൂം ഉദ്ഘാടനം കഴിഞ്ഞ് ഒറ്റക്കിരിക്കുമ്പോളായിരുന്നു അമ്മ പറഞ്ഞു തുടങ്ങിയത്, ഒറ്റക്കായി പോയ പെണ്ണിന്റെ ശക്തിയെ കുറിച്, തനിച്ചായി പോയവളെ വിലയിരുത്തരുതെന്ന്, ചായാനും താങ്ങാനും ആളില്ലാതായാൽ, അവൾ തന്നെ തന്നെ തിരിച്ചറിയും, പിന്നെ ചങ്ങലകളെ ഓരോന്നായി പൊട്ടിച്ചെറിയും, പിന്നെ പിന്നെയങ്ങു പറക്കും, നോക്കെത്താ ദൂരത്തോളം.
പെണ്ണിന്റെ സൗന്ദര്യം ബാഹ്യമല്ലെന്നും, അവളുടെ കഴിവാണെന്നും, അത് കാണാൻ അക കണ്ണുകൾ വേണമെന്നും അമ്മ ഓർമപ്പെടുത്തി. പെണ്ണിലൊരു കാമം കാണുന്ന കണ്ണുകളെ ലോകം കാണാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു, അമ്മ ചിരിച്ചു നിഗൂഢമായ ഒരു പുഞ്ചിരി.
അതെ സമയം മറ്റൊരിടത്തു, പലിശക്കാരൻ വറിത് എന്നെഴുതിയ ബഹുനില മാളികയിലെ മുറ്റത്തൊരുമൂലയ്ക്ക് അടഞ്ഞുപോയ കണ്ണുകൾ തൂക്കി തുടച്ചു കൊണ്ട് അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു “ജാനകി നിന്നെ ഞാൻ വെറുതെ വിടില്ലടി ”
……………………..
Aiswarya KS