“അമ്മേ. അമ്മേ ഏട്ടനെ ഒന്നു വിളിക്കുമോ.. എനിയ്ക്ക് തീരെ വയ്യ..”
പതിവില്ലാതെ..ദേവിയുടെ അടുക്കളയിൽ നിന്ന് ഒഴുകിയെത്തിയ ശബ്ദവീചികൾക്ക്.
സോഫയിലിരുന്ന് പച്ചപയർ ഉരിയുന്നതിനിടയിൽ ഭാനുമതിയമ്മ വിളി കേട്ടു …
“എന്താ ദേവൂട്ടി എന്തു പറ്റി..”
“അമ്മ ഇങ്ങോട്ടൊന്ന് വരുന്നുണ്ടോ അവിടെ ഇരുന്നു കൊണ്ട് കാര്യം അന്വേഷിക്കാണ്ട് ..”
ഇത് പറയുമ്പോൾ ദേവൂന്റ ശബ്ദം കനത്തിരുന്നു.
പയർ നിറഞ്ഞിരുന്ന മുറം തറയിൽ വച്ചു കൊണ്ട് ഭാനുമതി അടുക്കളയിലേയ്ക്ക് ഓടിച്ചെന്നു ..
രണ്ടു കൈയ്യും അടുപ്പുതിണ്ണയിൽ ഊന്നി നിന്ന് കൊണ്ടു ദേവൂ കിതയ്ക്കുകയാണ്..
“മോളേ എന്താ പറ്റിയേ..”
മറുപടിയായ് രണ്ടു തുള്ളി കണ്ണുനീർ നിലത്തു വീണു.
“നീ കരയാതെ കാര്യം പറ മോളെ.”
ആ മുടിയിൽ തടവിക്കൊണ്ട് ഭാനുമതിയമ്മ അവളെ ആശ്വസിപ്പിച്ചു ..
എനിയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം ബാത്ത്റൂമിൽ പോയി അമ്മേ.. ഒരു വെള്ളം പോലെ എനിയ്ക്കെന്തോ പേടിയാവുന്നു..
സാധാരണ പ്രസവം അടുക്കാറാകുമ്പോൾ അങ്ങിനെ സംഭവിക്കും അതിനിപ്പോൾ ദേവൂട്ടിയ്ക്ക് എട്ട് മാസം ആയിട്ടിട്ടില്ലല്ലോ ..
കാരണമറിയാതെ ഭാനുമതിയമ്മ തലയിൽ കൈവച്ചു കൊണ്ട് തറയിൽ ഇരുന്നു ..
അമ്മയുടെ ഇരിപ്പ് കണ്ടിട്ടു ദേവൂവിന് സങ്കടം കൂടിയതല്ലാതെ കുറഞ്ഞില്ല..
അവൾ കരഞ്ഞു തളർന്ന തന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു ..എനിയ്ക്ക് ഒന്നും വരില്ല .. ഞാൻ വിളിക്കണ ദൈവങ്ങൾ തന്നെ കൈവിടില്ല…
ഭാനുമതി ചാടിയെഴുന്നേറ്റു.. അടുക്കള ജനാല വഴി തൊട്ടടുത്ത വീട്ടിലെ വർഗ്ഗീസിനെ വിളിച്ചു..
“വർഗ്ഗീസേ റോസിലിയോട് ഒന്ന് ഇങ്ങോട്ട് വരാൻ പറയോ..”
റോസിലി വന്ന് അമ്മയേയും മോളേയും ശരിയക്ക് വഴക്കു പറഞ്ഞു.
“എന്റെ ഭാനുചേച്ചി..പ്രശ്നം ഇച്ചിരി സീരിയസ് ആണ്.”
“എന്തു പറ്റി റോസിലി.”
ഗർഭപാത്രത്തിന്റെ ഭിത്തിയങ്ങാനും പൊട്ടിയതാകും ചിലപ്പോൾ .
എന്താ സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല ചേച്ചി…
ചേച്ചീ.. ഒരു കാര്യം ചെയ്യ് വെച്ചു താമസിപ്പിക്കാതെ വേഗം ആശുപത്രിയിൽ പോകാൻ നോക്ക്….. ഞാനും വരാം കൂടെ ..”
റോസിലിയുടെ വാക്കുകൾ അവർക്ക് ഒരു ആശ്വാസമായെങ്കിലും കൂട്ടത്തിൽ ഇരുവരുടെയും മുഖത്ത് ഭയത്തിന്റെ കാർമേഘകൂട്ടങ്ങൾ വ്യാപിച്ചിരുന്നു..
വസ്ത്രം മാറുന്ന തിരക്കിനിടയിൽ ഭാനുമതി ഈക്കാര്യം വിദേശത്തുള്ള തന്റെ മരുമകനെ അറിയിക്കാൻ മറന്നില്ല..
“മോനെ നന്ദാ..അവൾക്ക് എന്തോ ഒരു വയ്യായ്മ പോലെ. മോന് ലീവ് കിട്ടണേച്ച ഒന്ന് വരാൻ നോക്കൂ ട്ടാ..”
കൂടുതൽ ഒന്നും പറയാൻ വാക്കുകൾ വന്നില്ല ..
കാരണം നന്ദൂന് ദേവൂട്ടിയെ ജീവനാണ് അവന്റെ മനസ്സ് ആവശ്യമില്ലാതെ എന്തിനാണ് വേദനിപ്പിക്കുന്നത്..
വരാം എന്ന് ഉറപ്പു നൽകി അവൻ ഫോൺ വെച്ചപ്പോൾ ഒരു പാതി ധൈര്യം വന്നു ചേർന്ന പോലെ തോന്നി ഭാനുമതിയ്ക്ക് ::
അല്ലെങ്കിൽ ആണുങ്ങളില്ലാത്ത ഈ വീട്ടില് ഞങ്ങള് രണ്ടുപെണ്ണുങ്ങള് എന്തു ചെയ്യാനാ….
പ്രസവത്തിന് പേരുകേട്ട കൊടുങ്ങല്ലൂരിലെ പ്രധാനപ്പെട്ട ആശുപത്രിയുടെ കവാടത്തിലേയ്ക്ക് കാർ പ്രവേശിയ്ക്കുമ്പോൾ ദേവൂ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു..
“അമ്മേ.. എനിയ്ക്ക് പേടിയാകുന്നു..
നന്ദേട്ടൻ വരില്ലേ.അമ്മേ..”
“ഒന്നുമില്ല.. ദേവൂട്ടി..മോള് വിഷമിക്കണ്ട ട്ടോ.. നന്ദു തീർച്ചയായും വരും.”
വീൽചെയറിയിൽ കയറ്റിയിരുത്തി അവളെയും തള്ളിക്കൊണ്ട് നഴ്സുമാർ അകത്തേക്ക് കയറി പോകുന്നവരെ ഇരുവരുടേയും മിഴികൾ തോർന്നിരുന്നില്ല…
ഡ്യൂട്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം ദേവുവിനെ അപ്പോൾ തന്നെ സ്കാനിംഗിന് വിധേയയാക്കി..
ഫ്ലൂയിഡ് പൂർണ്ണമായം നഷ്ടപ്പെട്ട കാരണത്താലും കുട്ടിയുടെ ഹാർട്ട് ബീറ്റ് കുറഞ്ഞു പോയ കാരണത്താലും.പെട്ടന്ന് തന്നെ ഒരു സിസേറിയന് അവർ നിർബന്ധിക്കുകയായിരുന്നു.
നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന ഓപ്പറേഷന്റെ തിരക്ക് കഴിഞ്ഞ് പ്രധാന ഡോക്ടറെ കാണാൻ സാധിച്ചപ്പോൾ മണി 11 ആയി..
നടന്ന കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞ ഡോക്ടർ ദേവൂനെ ലേബർ റൂമിലേയ്ക്ക് മാറ്റി..
ഇടയ്ക്കിടയ്ക്ക് നഴ്സ്മ്മാർ വന്നു പറയുന്ന പ്രതീക്ഷകൾ കലർന്ന ആശ്വാസവാക്കുകൾ മാത്രമാണ് അടഞ്ഞുകിടക്കുന്ന കണ്ണാടിവാതിലിന്റെ പുറത്ത് കാത്തു നില്ക്കുന്ന ഭാനുമതിയെ അവിടെ പിടിച്ചു നിറുത്തിയത്.
എന്നിരുന്നാലും മനസ്സിൽ എവിടെയോ .. എന്തൊക്കെയോ വിഷമങ്ങൾ തന്നെ അലട്ടി കൊണ്ടിരുന്നു.. അതിൽ പ്രധാന്യം സമയം എത്താതെയുള്ള അവളുടെ പേറ്റുനോവ് തന്നെ..
ഒരോ പ്രാവശ്യം കതകു തുറക്കുമ്പോഴും ആ വാതിലേയ്ക്ക് ഭാനുമതി ഓടിച്ചെല്ലും. വിവരങ്ങൾ അറിയാൻ..
വീട്ടിൽ ഒരു ആൺതുണയില്ലങ്കിൽ പെണ്ണുങ്ങളെല്ലാം ഇങ്ങിനെത്തന്നെയാ.. അവർ മനസ്സുകൊണ്ടു പ്രാർത്ഥിച്ചു.. എന്റെ മകൾക്കും ഒരു ആൺകുഞ്ഞിനേ തന്നെ കൊടുക്കണമേ.. ഈശ്വരൻമാരേ..
ഇതേ സമയം തൊട്ടടുത്ത മുറികളിൽ പ്രസവിയ്ക്കാൻ വസ്ത്രം മാറ്റിക്കൊണ്ടിരിക്കുന്ന സമപ്രായക്കാരായ സ്ത്രീകളെ കണ്ടപ്പോൾ ദേവൂ നും മനസ്സിലായി.. എന്റെ ഊഴവും അടുത്തു കഴിഞ്ഞു.
പ്രസവിയ്ക്കാൻ കൊണ്ടു പോകുന്നതിന് മുൻപായി .. എന്റെ ഏട്ടനെ ഒന്നു കാണാൻ കഴിഞ്ഞെരുന്നെങ്കിൽ.ദേവുവിന്റെ മനസ്സ് തുടിച്ചു.
ഏ.സിയുടെ തണുപ്പ് അവൾക്ക് അസഹ്യമായി തോന്നി.. ഏട്ടന്റെ കൈകളിൽ ചേർത്തു പിടിയ്ക്കാൻ
ഒരു കൊതി ..
എന്നും ഏട്ടൻ ആശ്വസിപ്പിക്കാറുള്ളതാണ് .. അവൾ ഓർത്തു.
“മോളേ.ദേവൂട്ടി ..ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റുന്നതിന് നിന്റെ അടുക്കൽ ഞാനുണ്ടായിരിക്കും..”
അവൾ കണ്ണുകൾ അടച്ചു മനമുരുകി പ്രാർത്ഥിച്ചു.
ഇതേ സമയം നന്ദൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു .. എത്രയും പെട്ടന്ന് എന്റെ ദേവൂട്ടിയെ കാണണം.
എന്നാൽ സത്യമായ സ്നേഹത്തിന്റെയും പ്രാർത്ഥനയ്ക്കും മുന്നിൽ ദൈവം വരെ പ്രസാദിക്കും എന്നതിന് ഏറ്റവും ഉദാഹരണമാണ് ഇന്നവിടെ നടന്നത്..ഡോക്ടറുടെ തിരക്കു കാരണം അന്ന് നടത്താനിരുന്ന സിസേറിയൻ പിറ്റേ ദിവസം രാവിലേത്തേയ്ക്ക് മാറ്റി വെച്ചു.
പരസ്പര സ്നേഹത്തിന്റെ ഇടയിൽ ഒന്നു കാണാൻ ഒന്ന് ആശ്വസിപ്പിക്കാൻ ആ നെറുകയിൽ ഒന്ന് ചുംബിക്കാൻ .ദൈവം അറിഞ്ഞു കൊണ്ട് അവർക്ക്
അവസരം ഒരുക്കുകയായിരുന്നു ..
രാത്രി ഏറെ വൈകിയാണ് അവൾ ഉറക്കത്തിലേയ്ക്ക് വീണത്..
ഇടയ്ക്കിടെ കുഞ്ഞുവാവയുടെ കരച്ചിൽ കേൾക്കാം.. അവൾ തന്റെ ഉണ്ണിയുടെ കരച്ചിൽ സ്വപ്നം കണ്ടു കിടന്നു..
ഇതൊന്നും അറിയാതെ മകളുടെ ഒരോ കാര്യങ്ങളും അറിയാനായി ഭാനുമതിയമ്മ ഉറക്കമൊഴിച്ച് പുറത്ത് നില്പുണ്ടായിരുന്നു ..
പിറ്റേന്ന് രാവിലെ അകത്തുനിന്ന് കുറച്ചു നഴ്സുമാർ പുറത്ത് വന്നു.ഭാനുമതിയമ്മയുടെ കയ്യിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങി
“ഭർത്താവ് വന്നിട്ടുണ്ടോ..”
“അവിടെ നിന്ന് തിരിച്ചിട്ടുണ്ട്. ചിലപ്പോൾ കുറച്ചു സമയത്തിനുള്ളിൽ ഇവിടെ എത്തുമായിരിക്കും.”
“അമ്മ വേണമെങ്കിൽ മകളെ അകത്തു കയറി ഒന്നു കണ്ടോളൂ. ഡോക്ടർ വന്നാൽ ആദ്യത്തെ ഓപ്പറേഷൻ ദേവീ നന്ദന്റെ ആയിരിക്കും..”
ഉടൻ തന്നെ ഭാനുമതി അവരോടൊപ്പം അകത്തേയ്ക്ക് കയറി.
ദേവൂ ഓപ്പറേഷന് പോകാൻ തയ്യാറായി. ഇരിയ്ക്കുകയാണ് ആ മുഖത്തേയ്‌ക്ക് നോക്കാൻ ഭാനുമതിയമ്മയ്ക്ക് ശക്തി ഉണ്ടായിരുന്നില്ല… സദാ ചിരിച്ചും കളിച്ചും. എപ്പോഴും കലപില കൂട്ടുന്ന തന്റ മകൾ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അടങ്ങിയൊതുങ്ങി ആ വീൽചെയറിൽ ഇരിയ്ക്കുകയാണ്..
അല്പനേരം അവളുടെ അടുത്ത് ചിലവഴിച്ച് തിരികേ പോകാൻ നേരം ദേവൂ അമ്മയുടെ കൈകളിൽ മുറുകേ പിടിച്ചു .
പതിയെ ആ ചുണ്ടുകൾ മന്ത്രിച്ചു.
“അമ്മേ. നന്ദേട്ടൻ..”
മറുപടി ഒന്നും പറയാതെ ഭാനുമതി. പുറത്തേയ്ക്ക് നടന്നു.. കതക് തുറന്നതും മുന്നിലെ കസേരയിൽ വിയർത്ത് കുളിച്ച് നന്ദൻ ഇരിപ്പുണ്ട് ..
പുറത്തേയ്ക്ക് വച്ച കാൽ ഭാനുമതി അകത്തേയ്ക്ക് തന്നെ തിരികെ വച്ചു.. വാതിൽക്കൽ നിന്ന നഴ്സിനോട് അപേക്ഷിച്ചു.
“ആ നിൽക്കുന്നത് എന്റെ മരുമകനാ. ദേവൂന്റെ ഭർത്താവ്.. ദേവൂനെ ഒന്നു കാണിക്കാമോ..”
“സമയം വൈകുന്നു. വേഗം ആയിക്കോട്ടെ.”
നഴ്സ്മാരുടെ വാക്കുകൾ പാതി കേട്ട ഭാനുമതി ഓടിച്ചെന്ന് നന്ദുവിനെ അകത്തേയ്ക്ക് പറഞ്ഞയച്ചു.
ആഭരണങ്ങളില്ലാതെ മുടി മുടഞ്ഞ് കെട്ടി .നീല വസ്ത്രങ്ങളണിഞ്ഞ് തന്നെ തന്നെ നോക്കി നിൽക്കുന്ന ദേവൂന്റെ അടുത്തേയ്ക്ക് നന്ദൻ ചേർന്നു നിന്നു. തണുത്തു വിറച്ച ആ കൈകളിൽ ചേർത്തു പിടിച്ചു. ആത്മധൈര്യത്തിന്റെ താപവർഷം ആ കൈകളിലൂടെ പകർന്നു നൽകി.
കരയണമെന്ന് വാശിപ്പിടിക്കുന്ന അവളുടെ മിഴികൾ ആരുടേയോ .. അനുവാദത്തിനായ് കാത്തുനിന്നു..
“എന്റെ ദേവൂട്ടിയ്ക്ക് ഒന്നും ഇല്ലാട്ടോ..ഏട്ടൻ ഇവിടെ ഉണ്ട്..
മോള് ധൈര്യമായി പോയിട്ടു വരൂ..””
നന്ദൻ എങ്ങിനെയോ പറഞ്ഞവസാനിപ്പിച്ചു ..
പറയാൻ വാക്കുകൾ കിട്ടാതെയാണോ അതോ പറയാൻ കഴിയാത്തതാണോ എന്നറിയില്ല. ഒന്നും മിണ്ടാതെയിരുന്ന അവളെയും കൂട്ടിക്കൊണ്ട് നഴ്സുമാർ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് നീങ്ങി..
എന്നാൽ നന്ദുവിന്റെ മനസ്സിൽ.. അവളുടെ വാടിയ മുഖവും തനിയ്ക്ക് പിറക്കാൻ പോകുന്ന കുട്ടിയുടെ ചിന്തയും മാത്രമായിരുന്നു.
ആ ലേബർ റൂമിന്റെ പുറത്ത്.സാവധാനം നീങ്ങുന്ന സമയങ്ങളെ നോക്കി.. ഒരു വെരുകിനെപ്പോലെ നന്ദൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
കുറച്ച് കഴിഞ്ഞ് അകത്തുനിന്ന് ഒരു മാലാഖ വന്നു പറഞ്ഞു ..
“ദേവിയുടെ ബന്ധുക്കൾ ”
സ്വിച്ച് ഇട്ടു നിന്നു പോയ യന്ത്രത്തേ പോലെ നന്ദന്റെ കാലുകൾ നിലത്തു ഉറച്ചു നിന്നു..
ആൺ കുട്ടിയാണ്. സമയം 9:43.
അതു കേട്ടതും
നന്ദന്റെ മുഖത്തെ പ്രകാശത്തിനു മുൻപ് തന്നെ തന്നെ ഭാനുമതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു..
സന്തോഷത്തിന്റെ ആനന്ദ കണ്ണുനീർ
അമ്മയുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടവൻ മാലാഖയുടെ കൂടെ അകത്തേയ്ക്ക് കയറി..
ഡോക്ടർമാർ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നുണ്ടെങ്കിലും ..
അവന്റെ ശ്രദ്ധയിൽ തന്റെ കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു ..
നീലത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ടവർ NIcu വിലേയ്ക്ക് നീങ്ങുമ്പോഴും .തന്റെ ജീവിതത്തിൽ എന്തൊക്കെയോ നേടിയ ഒരു സന്തോഷത്തിന്റെ നെറുകയിൽ മനസ്സ് ആഹ്ലാദിക്കുകയായിരുന്നു ..
രചന – രാജേഷ് ദീപു
നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ