രണ്ടു ഭാര്യയും ഒരു ഭർത്താവും
നാഫിയുടെ ഹസ്ബൻഡ് ആരാ…
ലേബർ റൂമിലെ മുന്നിൽ കസേരയിൽ ഇരുന്ന ആൾക്കാരെ നോക്കി നേഴ്സ് ചോദിച്ചു..
റാഷി പെട്ടെന്ന് ചാടി എഴുന്നേറ്റു.. നേഴ്സിന്റെ അടുത്തേക്ക് ചെന്നു.അവന്റെ കൈയിലേക്ക് തങ്കക്കുടം പോലുള്ള ഒരു കുഞ്ഞുവാവയെ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു..
ആൺകുട്ടിയാ…
അൽഹംദുലില്ലാഹ്…
റാഷി അവന്റെ കുഞ്ഞു മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…
അവന്റെ ചെവിയിൽ മന്ത്രിച്ചു ലാഇലാഹ ഇല്ലല്ലാഹ്…
അപ്പോഴേക്കും ഉമ്മയും പെങ്ങളും ഓടി എത്തി..
നോക്കൂ ഉമ്മാ വിശപ്പുകാരനാ..ന്റെ മോൻ..
വലതു കൈ ചുരുട്ടിയത് വായുടെ അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന അവനെ നോക്കി അവൻ പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു..
പടച്ചോൻ തന്ന നിധിയെ വാ.. യാ അള്ളാ ബർകത്ത് ഉണ്ടാക്കണേ…
എന്ന് പറഞ്ഞ്,
ഉമ്മ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി.. വാത്സല്യപൂർവ്വം അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു..
എന്നിട്ട് ചെവിയിൽ ഉമ്മയും ഓതി…
റാഷിയുടെ ഭാര്യ നാഫിയയുടെ ആദ്യ പ്രസവം ആണെങ്കിലും നോർമൽ ഡെലിവറി ആയിരുന്നു… നാഫിയുടെ തറവാട്ട് വീട്ടിൽ ആണെങ്കിൽ ഉപ്പായും ഉമ്മയും തനിച്ചാണ്. ഇരുവർക്കും ചെറിയ തോതിൽ വയ്യായ്കയാണ്.. സഹോദരൻ ഭാര്യയുമൊത്ത് ഗൾഫിലാണ്. അതുകൊണ്ടുതന്നെ ഹോസ്പിറ്റലിൽ നിന്നും കുഞ്ഞിനെ കൊണ്ടു വരുമ്പോൾ ഒന്ന് തന്റെ തറവാട്ട് വീട്ടിൽ കയറി ഉപ്പാനെയും ഉമ്മാനെയും കുഞ്ഞിനെ കാണിച്ചു നാഫി നേരെ റാഷീയുടെ വീട്ടിലേക്ക് പോയി..
അന്ന് രാത്രി അത്താഴം ഒക്കെ കഴിച്ച് റാഷി ബെഡ്റൂമിൽ പ്രവേശിച്ചു..
നാഫി വാവയെ മാമൂട്ടുകയായിരുന്നു..
അവൾ ഞെട്ടിപ്പോയി….
അയ്യേ… എന്തിക്കായിതു… എനിക്ക് നാണവുന്നു.. പോ..
എന്ത് പോ… ന്നു…
ഇക്കാ നിങ്ങളുടെ വീട്ടിൽ ഞാൻ വന്നിട്ടുണ്ടെങ്കിലും കുറെ നാളത്തേക്ക് എന്റെ കൂടെ കിടക്കാൻ വരരുത്..
അതെന്താ കൂടെ കിടന്നാൽ…
ഇക്കാ എനിക്ക് റസ്റ്റ് വേണം…
നീ റസ്റ്റ് എടുത്തോ… ആയിനെന്താ..
ഒന്നുമില്ല പിന്നെ… പെറ്റോളെടുത്തു അടുത്ത് കിടക്കുന്നത് മോശമല്ലേ..
ഒരാണിനു ചേർന്ന പണിയല്ല അത്..
ഓ അങ്ങനെ….
ഞാൻ താഴെ കിടന്നോളാം…
മാണ്ട… ഈ റൂമിലെ കിടക്കാൻ പാടില്ല..
എത്ര ദിവസം ഉണ്ടാവും ഈ കലാപരിപാടി..
റാഷി ആകാംക്ഷയോടെ ചോദിച്ചു
40 ദിവസം…
40 ദിവസമോ…എന്റെ അള്ളോ…
തുലഞ്ഞത് തന്നെ..
അതും പറഞ്ഞ് റാഷി കുഞ്ഞിനെ ഒന്ന് നോക്കി ബെഡ്റൂമിൽ നിന്നും ഇറങ്ങി നടന്നു..
നാഫി ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു..
പടച്ചോൻ കാത്തു.. അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
നിരാശനായി ഇറങ്ങി അപ്പുറത്ത് ആദ്യ ഭാര്യ കുഞ്ഞി പാത്തു കിടക്കുന്ന റൂമിൽ പോയി കിടന്നു.
വാതിൽ തുറന്നപ്പോൾ തന്നെ കുഞ്ഞിപ്പാത്തു കൈക്കാട്ടി അടുത്തേക്ക് വിളിച്ചു.
ഇവൾ ഇവിടെ ഉണ്ടായിരുന്നോ..
ആ ബെഡിൽ പോയി കിടക്കേണ്ട താമസം… കണ്ണിൽ ഉറക്കം വന്നു..
കുഞ്ഞിപ്പാത്തു
അവൻ കിടക്കുന്നതിനു സമീപം വന്നു കിടന്നു.
ഉറങ്ങുകയായിരുന്ന റാഷിയെ ഉറുമ്പടുക്കം കെട്ടിപ്പിടിച്ചു.. അപ്പോൾ റാഷി ഉറക്കമുണർന്നു..
ഓ… പാത്തൂ ഉറങ്ങിയില്ലായിരുന്നോ ഇതുവരെ
എനിക്കങ്ങനെ ഉറങ്ങാൻ പറ്റുമോ എന്റെ റാഷിക്കാ…
നാഫി പ്രസവിച്ചു വന്നു അല്ലേ..
ഉം…
റാഷി അവളുടെ കൈക്കുള്ളിൽ കിടന്നു ഒന്ന് മൂളി..
ആൺകുട്ടിയാണ് അല്ലേ..
എനിക്കു മുമ്പേ അറിയാമായിരുന്നു..
ഓ അതെങ്ങനെ…
ഒരു പെണ്ണിനു ഗർഭിണിയായ മറ്റേ പെണ്ണിന്റെ ലക്ഷണം കണ്ടാൽ അറിയാൻ പറ്റും..
അതിന് നീ ഗർഭിണി ആയിട്ടില്ലല്ലോ പിന്നെങ്ങനെ…
അതിന് ഗർഭിണിയാകണമെന്നൊന്നുമില്ല പെണ്ണായാൽ മതി.
ഓ സൂപ്പർ…
പ്രസവിച്ച പെണ്ണിന്റെ കൂടെ വേറൊരു പെണ്ണിന് കിടക്കാമല്ലോ നീ എന്താ അവിടെ നാഫിയുടെ റൂമിൽ പോയി കിടക്കാത്തത്…
റാഷിക്ക എവിടെയാണ്… അവിടെ ഈ ഞാൻ…
അല്ലാണ്ട് എനിക്കെന്ത് കാര്യം…
അതും പറഞ്ഞ് കുഞ്ഞി പാത്തു എന്ന ഫാത്തിമ മുത്തു പൊഴിയും പോലെ ചിരിച്ചു.
അന്ന് രാത്രി മുഴുവൻ റാഷിയുടെ കൂടെ കിടന്ന കുഞ്ഞിപ്പാത്തു വെളുപ്പിനെ എണീറ്റ് റൂം വിട്ടു..
ദിവസങ്ങൾ കടന്നുപോയി..
ഇന്ന് നാഫിയുടെ 40 കുളിയാണ്…
റാഷി നല്ല സന്തോഷത്തിലായിരുന്നു..
ഇന്ന് തൊട്ട് നാഫിയുടെയും കുഞ്ഞിന്റെയും കൂടെ തന്റെ ബെഡ്റൂമിൽ കിടന്നുറങ്ങാം..
എടി നാഫി ഇന്ന് നമ്മുടെ വീണ്ടും ഒരു ആദ്യ രാത്രിയാണ് അത് മറക്കണ്ട..
പകലത്തെ ചടങ്ങിന് റാഷിയുടെ ഉത്സാഹം കണ്ടപ്പോഴും… തന്നെ തഞ്ചത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കിട്ടിയപ്പോൾ കിട്ടിയപ്പോൾ കാതിൽ വന്നുള്ള ആ സന്തോഷം പൂണ്ടുള്ള അടക്കം പറച്ചിൽ കേട്ടപ്പോൾ നാഫിക്ക് ഏറെ സന്തോഷമായി കൂടാതെ അല്പം ഭയവും…
അള്ളോ…നോർമൽ ഡെലിവറി ആണ്… പഴയ സ്നേഹം ഒക്കെ ഉണ്ടാകണേ…
അന്ന് രാത്രി നാഫിയുടെ കൂടെ ഏറെ ആശയോട് കൂടി കിടന്ന റാഷി പെട്ടന്ന് ഉറങ്ങിപ്പോയി..
പാതി രാത്രിയായപ്പോൾ
വാതിലിൽ അനക്കം കേട്ടു..
കുഞ്ഞിപ്പാത്തു റാഷിയും നാഫിയും ഉറങ്ങുന്ന ആ ബെഡ്റൂമിലേക്ക് പ്രവേശിച്ചു..
റാഷിയുടെ ഇടതുവശം ചേർന്ന് കിടക്കുകയാണ് നാഫി.. നല്ല ഉറക്കമാണ്..
പാത്തു റാഷിയുടെ വലതുവശം വന്നു കിടന്നു..
എന്തേ…
റാഷി ചോദിച്ചു..
എനിക്ക് അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല.. എന്തേ എന്നെ ഇവിടെ കിടക്കാൻ വിളിക്കാതിരുന്നത്.. എന്തിനാ എന്നെ ആ റൂമിൽ അടച്ചിട്ടിരിക്കുന്നത്..ഈ കണ്ട കാലം മുഴുവൻ ഞാനും അവളും ഇവിടെ ആയിരുന്നല്ലോ.. ഞാൻ പറഞ്ഞിട്ടാണല്ലോ നിങ്ങൾ നാഫിയെ കെട്ടിയത്… എനിക്ക് കുട്ടികൾ ആവാത്തത് കൊണ്ടാണല്ലോ ഞാൻ തന്നെ മുൻകൈയെടുത്ത് നിങ്ങൾക്ക് നാഫിയെ കെട്ടിച്ചു തന്നത്..
നാഫി ഗർഭിണിയായിട്ട് പ്രസവിക്കാൻ പോകുംവരെ നമ്മൾ മൂവരും ഒന്നിച്ചാണല്ലോ കിടന്നത്.. പിന്നെന്തിനാ എനിക്ക് മാത്രമായി ഒരു റൂം കൽപ്പിച്ചു തന്നിട്ട് അവിടെ തളച്ചിടാൻ നോക്കുന്നത്.. എന്നത്തെ പോലെ ഞാനും ഇവിടെ കിടക്കും.. എന്തെങ്കിലും അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഒന്നിച്ചായിരിക്കും..
അതിന് പാത്തു നീ നിന്റെ ഇഷ്ടപ്രകാരമല്ലെ ആ റൂമിൽ പോയി കിടന്നത്..
നിനക്ക് നാഫിയെയും നാഫിക്ക് നിന്നെയും വളരെ ഇഷ്ടമായിരുന്നല്ലോ..
നിങ്ങൾ ഒരു മനസ്സ് പോലെ പ്രവർത്തിച്ചതു കൊണ്ടല്ലേ എനിക്ക് ഇവിടെ സുഖമായി ജീവിക്കാൻ പറ്റിയത്…
എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെയാണ്…
അത് കേട്ടപ്പോൾ പാത്തുവിനു സമാധാനമായി.
ഉം…ശരി ശരി ഉറങ്ങൂ…
രണ്ട് ഭാര്യമാരുടെ ഇടയിൽ റാഷി ഉറക്കത്തിലാണ്ടു…
ആ ഉറക്കത്തിൽ റാഷി സ്വപ്നത്തിൽ നിന്നും യാഥാർത്ഥത്തിലേക്കും യഥാർത്ഥത്തിൽ നിന്നും വീണ്ടും സ്വപ്നത്തിലേക്ക് പോയികൊണ്ടിരുന്നു..
പാത്തുവിനെ കല്യാണം കഴിച്ച് 12 വർഷമായിട്ടും കുട്ടികൾ ആവാതിരുന്നത് മൂലം വീട്ടുകാരുടെ ആഗ്രഹപ്രകാരവും പാത്തുവിന്റെ ആഗ്രഹപ്രകാരവും നാഫിയെ നിക്കാഹ് ചെയ്തു കൊണ്ടുവന്നു…
പേരിനുമാത്രം ഒരു ചടങ്ങ് നടത്തി എടിപിടി എന്ന് നാഫിയെ വീട്ടിൽ കൊണ്ടുവന്ന സമയം.. ഒരു മൈലാഞ്ചി പോലും ആരും അവളുടെ കൈകൾ ഇട്ടുകൊടുത്തില്ല…
ഇക്കാ നല്ല ആർട്ടിസ്റ്റ് ആണല്ലേ…
നാഫിയുടെ മൃദുലമായ ഉള്ളം കയ്യിൽ റാഷി മൈലാഞ്ചി ഇടവേ അവൾ ചോദിച്ചു..
കുഞ്ഞി പാത്തുവാണ് എന്നെ ഇടാൻ പഠിപ്പിച്ചത്.. അവളാണ് ശരിക്കും കലാകാരി ഞാനല്ല…
അത് കേട്ടപ്പോൾ നാഫിയുടെ മുഖം മങ്ങി.
കണ്ണിൽ നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകി..
നാഫിയുടെ കസിനാണ് കുഞ്ഞിപ്പാത്തു…
മക്കൾ ആവാത്തത് കൊണ്ട് ഏറെക്കുറെ കുത്തു വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന കുഞ്ഞിപ്പാത്തു ഒരു ദിവസം തന്നെ നിർബന്ധിച്ചു..
നാഫി… നീ റാഷിക്കാന്റെ കസിനല്ലേ? കുറെ നാളായല്ലോ നീ ഡിവോഴ്സ് ആയിട്ട് വന്നിട്ട് നിന്റെ വീട്ടിൽ തനിച്ച് താമസിക്കുന്നത്.. എടി നീയും കൂടി പോരടി റാഷിക്കാന്റെ കൂടെ..
നീ എന്റെ കളി കൂട്ടുകാരി അല്ലേ.. മദ്യപാനിയും മയക്കുമരുന്നും ഒക്കെയുള്ള നിന്റെ ആദ്യ ഭർത്താവ് നിന്റെ ജീവിതം കുത്തിച്ചോറാക്കി.. ഏതായാലും അതിൽ നിന്ന് മോചനം നേടി നീ വന്നു..
നീ ഞാൻ പറഞ്ഞതൊന്നു കേൾക്ക്… രണ്ടാം ഭാര്യയായി നീ വാ.. എനിക്ക് സന്തോഷമേ ഉള്ളൂ..
പാത്തു ഇതെന്താ പറയുന്നേ ഇതെന്താ ഒമറിന്റെ കാലഘട്ടമാണോ ഇതൊക്കെ ന്യൂ ജനറേഷൻ എങ്ങനെയാ എടുക്കുന്നതെന്ന് അറിയില്ല.. ചുമ്മാ നാട്ടുകാരുടെ പ്രാക്കും അപമാനവും സഹിക്കേണ്ടിവരും.. നീ ഇതിന്റെ അനന്തരഫലമായി ഇതൊക്കെ ചിന്തിക്കുന്നുണ്ടോ..
ഒക്കെ ഞാൻ ചിന്തിക്കുന്നുണ്ട്.. അതൊന്നും സാരമില്ല തറവാട്ടിൽ ഒരു കുഞ്ഞിക്കാല് അതാണ് പ്രാധാന്യം.. ഈ 12 വർഷമായിട്ടും മക്കളാവാത്ത ഞാൻ ഇനി എന്താ ചെയ്യുക…. റാഷിക്കാന്റെ കുടുംബം പിൻഗാമികൾ ഇല്ലാതെ തകർന്നു പോകുന്ന ആലോചിച്ചിട്ട് ഉമ്മ എന്നും വഴക്കാണ്.. ഇക്കണ്ട സ്വത്തു വകകളൊക്കെ അനാഥാലയത്തിലേക്ക് പോകുമെന്ന് പറഞ്ഞ് കരയുകയാണ് റാഷിക്കാന്റെ ഉമ്മ.
എടി നീ ഉണ്ടാകുമ്പോൾ ഞാൻ എങ്ങനെയാടി എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നില്ല….
അപ്പോൾ ഞാനാണ് തടസ്സം അല്ലേ…
പാത്തു മനസ്സിൽ പറഞ്ഞു..
ഒന്നു മൂളിയിട്ട് പാത്തു അവിടെ നിന്ന് ഇറങ്ങി…
അതുപോലെതന്നെ സമയം സന്ദർഭം ഒത്തു വരുമ്പോൾ റാഷിയെയും അവൾ പ്രേരിപ്പിച്ചു..
റാഷി ക്കാ എന്തായാലും നാഫിയെ കെട്ടണം..
എനിക്ക് പൂർണ്ണ സമ്മതമാണ്..
ഇല്ല.. പാത്തൂ..എനിക്ക് എന്റെ ജീവിതത്തിൽ വേറെ പെണ്ണില്ല..
നീ ഉള്ളിടത്തോളം കാലം നീ ആയിരിക്കും എന്റെ ഭാര്യ.. എനിക്ക് കുഞ്ഞ് നീയും നിനക്ക് കുഞ്ഞ് ഞാനുമായി ജീവിക്കും അത്രതന്നെ..
റാഷി തന്റെ നിലപാട് തുറന്നു പറഞ്ഞു..
ഞാൻ ഉള്ളിടത്തോളം കാലം അപ്പോൾ ഞാനാണ് തടസ്സം അല്ലേ…
റാഷി ക്കാ എനിക്കൊരു ഓസ്യത്ത് ഉണ്ട് അത് ഞാൻ പറയാം.. എനിക്ക് ഇഷ്ടം റാഷിക്ക നാഫിയെ കെട്ടുന്നതാണ്..
ഓസ്യത്തോ പ്രായമായവരല്ലേ ഓസ്യത്ത് പറയുക..മരിച്ചുപോയാൽ അത് നടപ്പാക്കാൻ വേണ്ടി..
പറയാൻ കുറഞ്ഞവർക്കും മരിക്കാമല്ലോ..
എന്താ നീ ഈ പറയുന്നത് പാത്തു…
റാഷിക്ക് ഒന്നും മനസ്സിലായില്ല…
പക്ഷേ റാഷിക്ക് ഒടുവിൽ അത് മനസ്സിലായി..
പാത്തു ഓസ്യത്തു എഴുതിവച്ച്
സ്വന്തം ദേഹത്തും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഒരുപിടിച്ച് ചാരമായി തീർന്നപ്പോൾ..
അവളുടെ ആഗ്രഹം നടപ്പാക്കാൻ ആയിരുന്നു പിന്നീട് റാഷി നാഫിയെ കെട്ടിയത്..
നാഫിയെ കെട്ടിയ ശേഷം തുടർന്നുള്ള റാഷിയുടെ പല രാത്രികളിലും അവൾ കടന്നു വരും.. അവർ മൂവരും ഒരുമിച്ച് കിടക്കും…. റാഷി യുടെ സ്വപ്നത്തിലെ രണ്ട് ഭാര്യമാർ…