അമ്മേ… ഈ ചിന്നു എൻ്റെ മുടി പിടിച്ചു വലിക്കാ… അമ്മിണികുട്ടീടെ പിണക്കം കേട്ട് മുറ്റമടിച്ചു നിന്ന ലക്ഷ്മി തിരിഞ്ഞ് നോക്കി…
ചിന്നൂട്ടി.. ചേച്ചി പാവല്ലേ അങനെ ചെയ്യല്ലേ.. അവൾ ചെറുതായി കണ്ണുരുട്ടി കാണിച്ചു പറഞ്ഞതും കുഞ്ഞിപെണ്ണും കുഞ്ഞരി പല്ല് കാണിച്ചു ചിരിച്ചു…
അവൻ വീണ്ടും തൻ്റെ ജോലിയിലേക്ക് കടന്നു… മക്കൾ വീണ്ടും കളിയും തുടങ്ങി… അവർക്ക് അടുത്തേക്ക് വിവേക് ചായയുമായി വന്നിരുന്നു.
” എന്തുവാ അച്ഛേടെ കുട്ടന്മാര് അടികൂടുവാണോ…” അവൻ മക്കളോട് ചോദിച്ചു.
“അച്ഛേ ഈ ചിന്നു എൻ്റെ മുടി വലിച്ചു… ” അവൾ അച്ഛനോട് പരാതി പറഞ്ഞു.. പിന്നെ അച്ഛനും മക്കളും ആയി… അത് ചിരിയോടെ നോക്കി തൻ്റെ ജോലി തുടർന്നു ലക്ഷ്മി…
ഇടയ്ക്കിടെ അവളെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ട് വിവേക്… അതിന് തിരികെ കണ്ണുരുട്ടി കാണിക്കയും ചെയ്തവൾ…
മുറ്റമടിച്ച ശേഷം കൈയും കാലും വൃത്തിയാക്കി അവൾ അവരുടെ അടുത്തേക്ക് നടന്നു… ഇടയ്ക്ക് വച്ച് അവൾക്ക് എന്തോ കണ്ണിൽ ഇരുട്ടു കയറുന്നപോലെ തോന്നി… അവളെ തന്നെ നോക്കി ഇരുന്ന വിവേക് വേഗം അവളുടെ അടുത്തേക്ക് പോയി…
ലച്ചൂ.. എന്താടാ എന്ത് പറ്റി…. അവൻ അവളെ താങ്ങി പിടിച്ചു തിണ്ണയിലേക് ഇരുത്തി..
അറിയില്ല വിവിയേട്ടാ എന്തോ… അവൾ തളർചയോടെ അവൻ്റെ മേലേക്ക് ചാഞ്ഞു.
അമ്മിണി വേഗം പോയി അച്ചമ്മയോട് വെള്ളം കൊണ്ട് വരാൻ പറയ്… വിവേക് മോളോട് പറഞ്ഞു.
” അച്ചമ്മേ… അവൾ അകത്തേക്ക് ഓടിപ്പോയി…
ദേവകിയമ്മ വേഗം കുറച്ച് വെള്ളവുമായ വന്നു.
എന്താ മോളെ എന്ത് പറ്റി.. അവർ വെള്ളം അവൾക്ക് കൊടുത്തു. അവൾ കുറച്ചു വെള്ളം കുടിച്ചു.
അറിയില്ലമ്മേ… അവരോട് പറയവേ അവൾ വായ പൊത്തി പിടിച്ചു കൊണ്ട് കുറച്ചു അപ്പുറത്തേക്ക് ഓടി പോയി…
ദേവകിയമ്മ അവളുടെ ഒപ്പം പോയ്… കയ്പ്പ് നിറഞ്ഞ മഞ്ഞവെള്ളം അവൾ ശർദ്ധിച്ചു.
കുറച്ചു കഴിഞ്ഞു അൽപം ആശ്വാസം തോന്നി അവൾ വീണ്ടും തിണ്ണയിൽ വന്നിരുന്നു… ദേവകിയമ്മയിൽ ചെറു ചിരി തെളിഞ്ഞു…
” കുളിതെറ്റീട്ട് എത്രയായി മോളേ… അവരത് ചോദിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… അവൾ വേഗം വിവേകിനെ നോക്കി.
അവിടെ ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇരിക്കയാണ് അവൻ. അവൾ അവനെ നോക്കി കണ്ണുരുട്ടി.
” പറയ് മോളേ.. എത്രയായി.. അവർ വീണ്ടും ചോദിച്ചു.
അത് പത്തിരുപത് ദിവസം കഴിഞ്ഞമ്മേ ഞാൻ ഓർത്തില്ല… അവളും പറഞ്ഞു.
ഹാ എങ്കിൽ ഇത് അത് തന്നെയാണ്. രണ്ട് ദിവസം കൊണ്ട് ഞാൻ ശ്രദ്ധിക്കുന്നു ഒരുവാട്ടവും വിളർച്ചയും ഒക്കെ… മക്കള് വച്ച് വൈകിക്കാതെ പോയ് ഒരായിരം ഡോക്ടറെ കാണ്… അവർ ചിരിയോടെ എണീറ്റ് പോയി.
അമ്മയെന്താടി അങ്ങനെ പറഞ്ഞത്… അവൻ ചോദിച്ചു.
നിങ്ങള് പൊട്ടനായിട്ട് അഭിനയിക്കുവാണൊ അതൊ ശരിക്കും പൊട്ടനാണോ… അവൾ ചോദിച്ചു.
നീ കാര്യം പറയ് ലച്ചൂ… അവൻ വീണ്ടും ചോദിച്ചു.
എൻ്റെ പൊന്ന് വിവിയേട്ടാ രണ്ട് പിള്ളേരെ തന്തയായ നിങ്ങൾക്ക് ഇനീം മനസിലായില്ല എന്താന്ന്… അവൾ തിരിച്ചു ചോദിച്ചതും അവൻ ഒന്നാലോചിച്ചു എന്നിട്ട് അവളെ നോക്കി.
കുഴപ്പായോ…
ആ കുഴപ്പായീന്നാ തോന്നണേ, എന്തായാലും ഹോസ്പിറ്റലിൽ പോവാം… അവനോടു പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.
അമ്മയ്ക്ക് എന്താ അച്ചേ… അമ്മിണിയുടെ ചിന്നുവും അവനോടു ചോദിച്ചു.
അതോ നിങ്ങൾക്ക് കൂടെ കളികാനെ ഒരു വാവ കൂടെ വരാൻ പോവാ.. അതാ… അവൻ രണ്ടാളെയും വാരിയെടുത്ത് കൊണ്ട് അകത്തേക്ക് പോയി…
ഡോക്ടർ ലക്ഷ്മിയെ പരിശൊധിച്ച ശേഷം വിവേകിന് മുന്നിൽ വന്നിരുന്നു..
കഴിഞ്ഞ രണ്ട് പ്രഗ്നസി സമയത്ത് വിവേക് നാട്ടിൽ ഉണ്ടായിരുന്നില്ലല്ലേ… ഡോക്ടർ സ്മിത അവനോടു ചോദിച്ചു.
ആ ഡോക്ടർ ഡെലിവറി കഴിഞ്ഞശേഷമാണ് വന്നത്… അപ്പോഴേക്കും ലക്ഷ്മി വസ്ത്രം ശരിയാക്കി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
വിവേക് അവളുടെ കൈയിൽ പിടിച്ചു, അവളും അവനെ നോക്കി ചിരിച്ചു.
മ്.. ഇപ്പൊ ആറാഴ്ച ഗ്രോത്ത് ഉണ്ട്, രണ്ടാഴ്ചയ് ക്ക് ശേഷം ഫസ്റ്റ് സ്കാനിംഗ് നടത്താം… ഇപ്പൊ തൽക്കാലം ഞാൻ തരുന്ന വൈറ്റമിൻ ടാബ്ലറ്റ് കഴിച്ചാൽ മതി പിന്നെ ഫോളിക് ആസിഡും… പിന്നെ ലക്ഷ്മിയ്ക്ക് പ്രത്യേകിച്ച് പറഞ്ഞ് തരണ്ടല്ലൊ, ഫസ്റ്റ് ട്രൈമസ്റ്റർ നന്നായി ശ്രദ്ധിക്കണം… ഡോക്ടറുടെ നിർദേശങ്ങൾക്ക് തലയനക്കി സമ്മതിച്ചു രണ്ടാളും…
യാത്ര പറഞ്ഞു പോകുമ്പോൾ ഡോക്ടർ അവളെയും അവൾ ഡോക്ടറേയും
നോക്കി…
കാറിൽ ഇരിക്കുമ്പോഴും എന്തോ ചിന്തയിൽ ആയിരുന്നു അവൾ…
എടോ… താൻ എന്താ ഈ ചിന്തിക്കണേ…
ഏയ് ഒന്നുമില്ല, മക്കൾക്ക് എന്തെങ്കിലും വാങ്ങണം വിവിയേട്ടാ.. അവൻ വേറെ ഒന്നും ചോദിക്കാൻ അനുവദികാതെ അവൾ പറഞ്ഞു.
വീട്ടിൽ എത്തുമ്പോൾ ദേവകിയമ്മയും മക്കളും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു…
എന്തായി മോളെ അത് തന്നെയല്ലേ… കാറിൽ നിന്നും ഇറങ്ങേണ്ട താമസം ദേവകിയമ്മ അവളോട് ചോദിച്ചു.
മ്, അതെയമ്മേ… അവളും ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആഹ്… ഇത്തവണ എൻ്റെ പ്രാർത്ഥന ദൈവം കേൾക്കും ഇതൊരു ഉണ്ണിക്കണനാവും എനിക്ക് ഉറപ്പാ… അതുവരെ പുഞ്ചിരിയോടെ ഇരുന്ന ലക്ഷ്മിയുടെ മുഖം ദേവകിയമ്മയുടെ വാക്കുകൾ കൊണ്ട് മങ്ങി.
ആണായാലും പെണ്ണായാലും കുഞ്ഞിന് ഒരു കുഴപ്പവുമില്ലാതെ കിട്ടിയാൽ പോരെ അമ്മേ… അവൾ ചോദിച്ചു.
ആ നിനക്ക് അങ്ങനെയൊക്കെ പറയാം പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഒരാൺ കുഞ്ഞ് തന്നെ വേണം… ഇത് എന്തായാലും ആൺകുട്ടിയാ… ദേവകിയമ്മതീർപ്പെന്നോണം പറഞ്ഞിട്ട് പോയി…
വിവേക് അവളുടെ തോളിൽ പിടിച്ചു. അവൾ അവൻെറ കൈ തട്ടിമാറ്റി അകത്തേക്ക് പോയി…
ഹലോ വിനിയേച്ചി… ലക്ഷ്മീ മുറിയിൽ എത്തിയപാടെ വിവേകിന്റെ സഹോദരി വിനിതയെ വിളിച്ചു…
എന്തായി ലച്ചു കൺഫേം ചെയ്തോ… മറുവശത്ത് നിന്നും ചോദിച്ചു.
” ആ ചേച്ചി ഒന്നരമാസം ആയി..
ലച്ചൂ… നീ അവനോടു അന്ന് നടന്നത് ഒന്നും പറഞ്ഞില്ലേ… അവളുടെ ചോദ്യത്തിന് ലക്ഷ്മി മൗനം പാലിച്ചു
ഇല്ല.. അന്നത്തേ ഏട്ടൻ്റെ സിറ്റുവേഷൻ പിന്നെ അതൊന്നും പറയാൻ പറ്റിയില്ല… അവൾ വിഷമത്തോടെ പറഞ്ഞു.
മ്.. സാരമില്ല എന്തായാലും സ്മിത ഡോക്ടറോട് സംസാരിക്കട്ടെ, കൂടെ ഉണ്ട് ഞാൻ നീ വിഷമിക്കണ്ട… പിന്നെ അമ്മ?.. വിനിത അവളെ ആശ്വസിപ്പിച്ചു.
വന്നപ്പഴേ തുടങ്ങി ആൺകുഞ്ഞാണ് എന്ന്… ഞാൻ എന്ത് പറയാനാ ചേച്ചി..
ഹ്മ്… നീയൊന്നും കാര്യമാക്കേണ്ട റിലാക്സ് ആയി ഇരിക്ക്, ഞാൻ വരാം അങ്ങൊട്ടേക്ക്… കുറച്ചു നേരത്തെ സംസാരം കഴിഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.
ജനലോരം പോയ് പുറത്തേക്ക് നോക്കി നിൽക്കെ അവളുടെ വയറിലൂടെ ഒരു കൈ ചുറ്റി വന്നു. അവൻ്റെ നെഞ്ചിലേക്ക് അവളും ചാഞ്ഞു
ദേഷ്യമാണൊ എന്നോട്… അവൻ ചോദിച്ചു.
എന്തിന്… ഇതിൽ നമ്മൾക്ക് രണ്ട് പേർക്കും ഒരുപോലെ ഉത്തരവാദിത്വം ഉള്ളതിൽ വിവിയേട്ടനോട് എന്തിനാ ദേഷ്യം കാണിക്കണ്ടേ…
അമ്മ പറഞ്ഞത് പോലെ ഇത് മോനാവും… അവൻ അവളുടെ കഴുത്തിൽ മുഖമമർത്തി.
ആരായാലും അവർക്ക് കുഴപ്പമില്ലാതെ കിട്ടണേ എന്ന് പ്രാർത്ഥിക്കൂ.. അവൾ അവനെ വിട്ടകന്നു.
ആദ്യ രണ്ടു തവണ കൂടെയില്ലാത്തതിൻ്റെ എല്ലാ വിഷമവും ഈ സമയം വിവേക് നികത്തി…
ഒപ്പം പുട്ടിനു പീരയെന്ന പോലെ ഇതാൺകുഞ്ഞാ ഇതാൺകുഞ്ഞാ എന്ന് പറഞ്ഞു നടപ്പുണ്ട്…
മാസങ്ങൾ കടന്നു പോകവേ അവരുടെ പ്രതീക്ഷകളും കൂടി വന്നു..
ആ നീ കണ്ടില്ലേ വിവി അവളുടെ മുഖവും വയറും ഒക്കെ കാണുമ്പോൾ അറിയാം ഇതൊരു ഉണ്ണിക്കണ്ണൻ തന്നെയാണ്… നമുക്ക് ഗുരുവായൂർ കൊണ്ട് പോണം… ദേവകിയമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിന്നു.
അമ്മ ഒന്ന് നിർത്തുന്നുണ്ടോ… നിങ്ങള് പറയും പോലെ പ്രസവിച്ചു തരാൻ അലളെന്താ മെഷീനാണൊ… ആ പെണ്ണിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ എപ്പോഴെങ്കിലും… ഇതും പെൺകുട്ടി ആണെങ്കിൽ ആൺകുഞ്ഞ് ഉണ്ടാവുന്നത് വരെ പ്രസവിക്കാൻ പറയോ നിങ്ങൾ… ഇവർക്കോ ബോധമില്ല അവരെ നീയും കൂടി പ്രോത്സാഹിപ്പിക്കുവാണോ…
ചേച്ചി ഞാൻ… അവനും ദേവകിയമ്മയും വിനിതയുടെ പൊട്ടിത്തെറിയിൽ പകച്ചിരിക്കയാണ്.
നിനക്ക് ഒരു കാര്യറിയൊ വിവി, അമ്മ ഒരു പക്ഷെ മറന്നതാവും…
എന്താ ചേച്ചി.. അവൻ അവളുടെ അടുത്തേക്ക് വന്നു…
അന്ന് ചിന്നൂനെ പ്രസവിക്കുന്ന സമയം അവൾക്ക് കോമ്പ്ലിക്കേഷൻസ് ഉണ്ടായിരുന്നു, അമിതമായ ബ്ലീഡിംഗും അത് കൊണ്ട് തന്നെ അവൾക്ക് ആ സമയം പ്രസവം നിർത്താൻ കഴിഞ്ഞില്ല, അതോടൊപ്പം തന്നെ ഡോക്ടർ സ്മിത അവളോട് പ്രത്യേകം പറഞ്ഞതാണ് ഇനി ഒരു ഗർഭധാരണം അവളുടെ ജീവൻ തന്നെ എടുത്തേക്കാം എന്ന്… നീ ആ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ട് നിന്നോട് അവൾ അത് പറഞ്ഞില്ല… പക്ഷേ ഇപ്പൊ… അവളുടെ ജീവൻ പോലും പണയം വെച്ച് അവൻ സംരക്ഷിക്കാൻ നോക്കുന്നത് ഒന്നല്ല രണ്ട് ജീവനെയാ…
ചേച്ചി… വിവേക് ഞെട്ടലോടെ വിളിച്ചു.
അതേടാ ഇരട്ടക്കുട്ടികൾ ആണ് അവൾക്ക് ഉള്ളിൽ… ഡോക്ടറും ഞാനും ഒക്കെ ആവുന്നതും അവളോട് പറഞ്ഞതാ ഇത് വേണ്ടാ എന്ന് പക്ഷേ സമ്മതിച്ചില്ല അവൾക്ക് ജീവനുണ്ടെങ്കിൽ ഈ കുഞ്ഞുങ്ങളെ ഭൂമിയിൽ കൊണ്ട് വരും എന്നവൾ വാശി പിടിച്ചു… പലപ്പോഴും ഞങ്ങൾ നന്നായി ഭയന്നിരുന്നു അവൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന്… പക്ഷേ ഓരോ ഘട്ടത്തിലും അവൾ കാണിച്ച മനഃസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇതുവരെ അരുതാത്തത് ഒന്നും സംഭവിക്കാത്തത്… ഇനി എന്താവും എന്ന് ഒരു പിടിയും ഇല്ല… വിനിത പറഞ്ഞു.
” ചേച്ചി എൻ്റെ ലച്ചു, ഞാൻ ഇതൊന്നും അറിഞ്ഞില്ല… അവൻ സങ്കടത്തോടെ ഇരുന്നു. ദേവകിയമ്മയും ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്…
മരുമകളായല്ല മകളായി തന്നെയാണ് അവർ അവളെ സ്നേഹിച്ചത്… ഒരു ഉണ്ണിക്കണ്ണൻ വേണമെന്ന് ആഗ്രഹമുണ്ട് എങ്കിലും അതൊന്നും അവർക്ക് അവളോളം വലുതൊന്നും അല്ലായിരുന്നു..
പിന്നീട് അങ്ങൊട്ടേക്ക് ഓരോ നിമിഷവും അവർ അവൾക്ക് ഒപ്പം നിന്നു തളരാതെ താങ്ങായി…
എന്താ ലച്ചു എന്നോട് ഒന്നും പറയാഞ്ഞത്… അവൻ ചോദിച്ചു
പറഞ്ഞിരുന്നേ ഇതുവരെ ഉണ്ടായിരുന്നു ഈ സന്തോഷം കാണാൻ പറ്റുമായിരുന്നോ എനിക്ക്, മാത്രല്ല നമ്മുടെ അമ്മിണയേയും ചിന്നൂനെയും പോലെയല്ലേ അവരും… നമ്മുടെ മക്കളല്ലേ… അവളെ അവൻ നോവാതെ ചേർത്ത് പിടിച്ചു.
ഉച്ചയോടെ പെയിൻ തുടങ്ങിയ ലക്ഷ്മിയെ പെട്ടെന്ന് തന്നെ അവർ ഹോസ്പിറ്റലിൽ എത്തിച്ചു… പുറത്ത് ഇരിക്കുന്ന ഓരോ നിമിഷവും തീയിൽ ചവിട്ടി പോലെയായിരുന്നു അവർക്ക്.
ഇടയ്ക്കിടെ വെപ്രാളം പിടിച്ചു ഓടുന്ന കുറച്ചു നേഴ്സ് മാർ അവരുടെ ഭയം ഇരട്ടിച്ചു..
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ഡോക്ടർ സ്മിത ലേബർ റൂമിൻ്റെ വാതിൽ തുറന്നു വന്നു.
ഡോക്ടർ എൻ്റെ ലച്ചു… എൻ്റെ കുഞ്ഞുങ്ങൾ… വിവേക് ഭയത്തോടെയും സങ്കടത്തോടെയും ചോദിച്ചു.
അവർ പിന്നിലേക്ക് നോക്കി രണ്ട് മാലാഖമാർ കയിൽ രണ്ട് കുഞ്ഞുങ്ങളുമായി വന്നു.
മോളും മോനും ആണ്.. മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ ആണ് ജനിച്ചത്… കുഞ്ഞുങ്ങളെ അവരെ ഏൽപ്പിച്ചു..
വിവേകിൻ്റെ കണ്ണുകൾ നിറഞ്ഞു..
എൻ്റെ ലച്ചു…
അവൾക്കും ദൈവാനുഗ്രഹം കൊണ്ട് ഒരു പ്രശ്നവുമില്ല… സെഡേഷനിൽ ആണ് കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റാം… അവർ പറയുമ്പോൾ ആണ് അവർക്ക് എല്ലാം ആശ്വാസായത്
എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല ഡോക്ടർ… അവൻ അവരെ കൈ കൂപ്പി വണങ്ങി.
നന്ദി എന്നോടല്ല തൻ്റെ ലച്ചൂനോട് പറയ്… ഇവരെ വേണം എന്ന അവളിലെ അമ്മയുടെ ശക്തിയാണ് എല്ലാത്തിനും കാരണം പിന്നെ ദൈവത്തോടും… അവർ അവൻ്റേ തോളിൽ തട്ടിക്കൊണ്ട് പോയി.
റൂമിൽ കുഞ്ഞുങ്ങളെ നോക്കി വേദനകൾ മറന്ന് പുഞ്ചിരിക്കുന്നവളെ വല്ലാത്ത ഒരു ആരാധനയോടെ നോക്കിയവൻ…
തൻ്റെ നാല് കുഞ്ഞുങ്ങളെയും നെഞ്ചോടടക്കി പിടിച്ചു കിടക്കുന്നവളെ ചേർത്ത് പിടിച്ചു നെറുകിൽ ഒരു പ്രണയ ചുംബനം നൽകി അവൻ….
❤️ ശിവപദ്മ❤️