എന്നെപ്പറ്റി മോശം പറയുന്നവരെ ഓടിച്ചിട്ട് തല്ലണം  

എന്റെ തലതിരിഞ്ഞചിന്ത 7

 

“ഡാ… നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…”

 

അജുവിന്റെ പെട്ടന്നുള്ള ചോദ്യം കേട്ടവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തിഅവനേ തുറിച്ചു നോക്കി

 

“ഡീ.. ഉണ്ടക്കണ്ണി മിഴിച്ചു നോക്കാതെ ഉത്തരം പറയെടി ”

 

” എന്താഗ്രഹം?എനിക്കങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നുല്ല!”

 

 

 

ഒരുവാക്കിൽ ഉത്തരം പറഞ്ഞുകൊണ്ടവൾ വീണ്ടും വായന തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് കണ്ടവൻ അവൾക്ക് മുന്നിലെ പുസ്തകം തനിക്കരികിലേക്ക് നീക്കിവച്ചു.

 

“ആമീ… പറ പെണ്ണേ എന്താ നിന്റെ ആഗ്രഹം!”

 

“നിനക്കിപ്പോ എന്റെ ആഗ്രഹം അറിഞ്ഞിട്ട് എന്ത്കിട്ടാനാ അജു …”

 

“എനിക്കൊന്നും കിട്ടാനില്ല നാല് വർഷായിട്ട് ചങ്കായി കൂടെ നടക്കുന്നവരുടെ ഉള്ളറിയാൻ ഒരു കുഞ് ആഗ്രഹം ”

 

അവൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ചുകൊണ്ടവൻ അവളുടെ മറുപടിക്കായ് കാത്തിരുന്നു.

 

“എടാ….. എന്നോടെന്നല്ല ഏതൊരുപെണ്ണിനോടും ഈ ചോദ്യം ചോദിച്ചാൽ പെട്ടന്നൊരുത്തരം പറയാൻ പലർക്കും കഴിയില്ല ”

 

“അതെന്താ….?’

 

“അതോ…..

 

ഏതൊരുപെണ്ണിന്റെ മനസും ഒരു വലിയ ശ്മശാന ഭൂമിയാണ്.

 

ഒത്തിരി ആഗ്രഹങ്ങൾ കുഴിച്ചു മൂടിയ ഒരു പ്രേത ഭൂമി.

 

കുഞ്ഞുനാൾ മുതലുള്ള അവളുടെ ഒരുപാട് കുഞ്ഞ്കുഞ് ആഗ്രഹങ്ങൾ പോലും പലരും ചേർന്ന് തല്ലി തളർത്തി കുഴിച്ചു മൂടിയഇടംഅതാണ്‌ ഓരോ ഓരോ പെണ്ണിന്റെയും മനസ്സ്..”

 

അവന്റെ ചോദ്യത്തിനുള്ള ഉത്തരമായവൾ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു.

 

“എങ്കിൽ പറ നിന്റെ മനസ്സിലെആ ശ്മശാനത്തിൽ നിന്ന് നിന്റെ കുഞ് കുഞ് ആഗ്രഹങ്ങൾക്ക് ഞാൻ മോചനം തരാം ”

 

“ഉം… ശരി പറഞ്ഞു തരാം…. അത് എന്റെ ആഗ്രഹത്തിന് മോക്ഷം കിട്ടാനല്ല മറിച് ജസ്റ്റ്‌ നീ അറിഞ്ഞിരിക്കാൻ ”

 

എന്ന് പറഞ്ഞുകൊണ്ടവൾ ഓരോ ആഗ്രഹങ്ങളായി പറഞ്ഞുതുടങ്ങി.

 

“ഒരു മാവിൽ നിന്ന് കല്ലെറിഞ് മാങ്ങ വീഴ്ത്തണം…..

 

പിന്നേ…, ഒരുപാട് പേരുടെ നടുക്ക് നിന്ന് മഴനനഞുകൊണ്ട് ഉറക്കെ കൂകി വിളിക്കണം….

 

പാതിരാത്രിക്ക് റോഡിലൂടെ നടക്കണം. തട്ട്കടയിൽനിന്ന് ഫുഡ്‌ കഴിക്കണം.

 

പിന്നേ നല്ല സുഹൃത്തുക്കൾക്ക് നടുവിൽ മറ്റൊന്നും ചിന്തിക്കാതെ കെട്ടിപിടിച്ചു കിടക്കണം.

 

എന്നെപ്പറ്റി മോശം പറയുന്നവരെ ഓടിച്ചിട്ട് തല്ലണം

 

കാലിനു മുകളിൽ കാല് കയറ്റിവച്ച് ആത്മവിശ്വാസത്തോടെ ഒന്ന് ഇരിക്കണം

 

പിന്നേ……ഞാൻ എന്താണ് എന്നറിയാവുന്നവനെ ഞാൻ തന്നെ കണ്ടെത്തി ജാതിയോ മതമോ നോക്കാതെ കല്യാണം കഴിക്കണം.

 

ഇതിനെല്ലാം ഉപരി ഒരുപാട് യാത്രകൾ പോണം

 

എന്തേ തൽക്കാലം ഇത്രയും പോരെ ആഗ്രഹങ്ങൾ

 

എന്ന് ചോദിച്ചുകൊണ്ടവൾ അവന്റെ തലയിൽ ചെറുതായൊന്നു കിഴുക്കി.

 

“ഇതൊക്കെ ഒരു ആഗ്രഹമാണോ… ഇത് ഞങ്ങൾ എന്നും ചെയ്യുന്ന കാര്യല്ലേ ”

 

അവളുടെ ഉത്തരം കേട്ടവൻ അയ്യേ എന്നഅർത്തതിൽ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.

 

“അതേ… നിങ്ങളൊക്കെ എന്നും ചെയ്യുന്നത പക്ഷേ നിന്റെ പെങ്ങളോ അമ്മയോ ഭാര്യയോ ഇത് ചെയ്യാറുണ്ടോ….”

 

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ടവൻ ഒന്ന് ചിന്തിച്ച ശേഷം ഇല്ലാ എന്നുള്ള അർത്ഥത്തിൽ തലയനക്കി.

 

“അതെന്തേ അവർക്ക് ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒന്നും കാണില്ലേ?”

 

“ആഗ്രഹം ഒക്കെ കാണും പക്ഷേ അവർക്കതിന് എവിടെയാ സമയം അവര് കറങ്ങാൻ പോയാൽ വീട്ടിലെ ജോലിയൊക്കെ ആരുചെയ്യും….?”

 

“ശെരിയാ അമ്മ എന്ന് പറഞ്ഞാൽ മക്കളുടേയും അച്ഛന്റെയും കാര്യങ്ങൾ നോക്കാനുള്ളവൾ പെങ്ങൾ അമ്മയെ സഹായിക്കേണ്ടവൾ.

 

ഇനി അവൾക്ക് പ്രമോഷൻ കിട്ടി ഭാര്യ ആയാൽ വീണ്ടും എല്ലാം തുടർച്ച അല്ലേ…..

 

എന്ത് കാര്യം ചെയ്യാൻ ആഗ്രഹം തോന്നുമ്പഴും സ്വന്തം വീട്ടീന്ന് തുടങ്ങുന്നത് തന്നെയാണ് ഡാ… എപ്പഴും നല്ലത്.

 

വീട്ടിലെ പെണ്ണുങ്ങളുടെ ആഗ്രഹം എന്താണെന്ന്  ചോദിച്ചറിഞ്ഞു നടത്തി കൊടുത്തിട്ട് വേണം മറ്റുള്ളവരുടെ ആഗ്രഹങ്ങൾ എന്താണെന്ന് ചോദിച്ചറിയാനും മോക്ഷംനൽകാനും.”

 

എന്ന് പറഞ്ഞുകൊണ്ടവൾ ധൃതിയിൽ പുസ്തകങ്ങളുമായി ക്ലാസ്സിന് പുറത്തേക്ക് നടന്നു…..

 

അവൾ പറഞ്ഞതിന് എന്ത് മറുപടിപറയും എന്നറിയാതെ അവനും കുറ്റബോധത്തോടെ അവൾ പോകുന്നത് നോക്കിയിരുന്നു.

 

ആദിവിച്ചു…….

Leave a Reply

Your email address will not be published. Required fields are marked *