അമ്മേ…ഞാനിറങ്ങി ട്ടോ…
ധൃതിയിൽ ബാഗുമെടുത്ത് മുറിയിൽ നിന്നിറങ്ങി വരുന്നതിനിടയിൽ ദേവിക വിളിച്ചു പറഞ്ഞതും അകത്തെ മുറിയിൽ നിന്നിറങ്ങി അവളുടെ അടുത്തെത്തി അംബികാമ്മ…
“മോളെ ഞാൻ ചോദിച്ചത്….?
ഊണുമുറികഴിഞ്ഞ് പുറത്തേക്കിറങ്ങുന്നവളുടെ പുറകെ ചെന്നവർ അല്പം ശബ്ദമുയർത്തി ചോദിച്ചതും സ്വന്തം തലയിലൊന്നടിച്ചു ദേവിക..
“മറന്നു പോയെന്റെ അമ്മേ ഇന്നലെ സ്കൂൾ വിട്ടു വരുമ്പോൾ എടിഎമ്മിൽ കയറാൻ… അമ്മയൊരു കാര്യം ചെയ്യൂ അകത്തെ ഷെൽഫിലുണ്ട് എ ടി എം കാർഡ്, അതെടുത്തവന്റെ കയ്യിൽ കൊടുത്തേക്കൂ… അവനെടുത്തോളും അമ്മ ചോദിച്ച ക്യാഷ്…
വേഗത്തിൽ അംബികാമ്മയോട് പറഞ്ഞ് ദേവിക റോഡിലേക്കിറങ്ങി നടന്നതും അകത്തെ മുറിയിൽ അവരുടെ സംസാരമെല്ലാം കേട്ടു നിന്ന മനു വേഗത്തിൽ പുറത്തേക്കിറങ്ങി വന്നു.. ഒപ്പമവന്റെ ഭാര്യ നീതുവും…
‘എടിഎം കാർഡ് എടുക്കാനല്ലേ അമ്മേ പറഞ്ഞത്.. ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയുടെ ഷെൽഫിനകത്ത് എവിടെയാ കാർഡ് ഇരിക്കുന്നതെന്ന്.. ഞാനെടുത്തോണ്ട് വരാം..’
മനുവിനോടും അംബികാമ്മയോടും പറഞ്ഞിട്ടവരുടെ മറുപടി കാത്തു നിൽക്കാതെ നീതു ദേവികയുടെ മുറിയിലേക്ക് ഓടി കയറി….
വൃത്തിയായ് വിരിച്ചിട്ടിരിക്കുന്ന ദേവികയുടെ മുറിയിലാകമാനമൊന്ന് കറങ്ങി നീതുവിന്റെ കണ്ണുകൾ….
നല്ല വൃത്തിയാണ് ദേവിക ചേച്ചിയ്ക്ക്… നല്ല അടുക്കും ചിട്ടയുമെല്ലാം ഉണ്ട്.. ചേച്ചിയും ഒരു കുട്ടിയും താമസിക്കുന്ന മുറിയാണെന്ന് തോന്നില്ല അത്രയ്ക്കും കൃത്യമായാണ് ഓരോ സാധനവും ഇരിക്കുന്നത്..
മനസ്സിലോർത്തുകൊണ്ട് നീതു ഷെൽഫിനടുത്തേക്ക് നടന്നതും കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന മേശയിൽ വെച്ച ഫോട്ടോ ഫ്രെയിമിലേക്കവളുടെ കണ്ണുകൾ ചെന്നു..
ദേവികയും ഭർത്താവ് നന്ദനും അവരുടെ മോൾ മാളുവും ചേർന്നു നിൽക്കുന്ന കുടുംബ ഫോട്ടോ…കഴിഞ്ഞ തവണത്തെ ലീവിനു നന്ദേട്ടൻ പട്ടാളത്തിൽ നിന്നു വന്നപ്പോൾ എടുത്ത ഫോട്ടോ ആണത്…
നീതുവിന്റെ കണ്ണുകൾ നന്ദന്റെ മുഖത്താകെയൊന്നലഞ്ഞു… വല്ലാത്തൊരു ആഘർഷണമുള്ള ഭംഗിയുണ്ട് നന്ദന്റെ മുഖത്തിനെനോർത്തവൾ.. എന്നാൽ ആ ഭംഗിയുടെ പകുതിപോലുമില്ല നന്ദേട്ടന്റെ അനിയനായ മനുവിനെനോർത്തതും ഒരു നിരാശ നിറഞ്ഞു നീതുവിൽ..
ഷെൽഫ് തുറന്ന് എ ടി എം കാർഡെടുക്കുമ്പോൾ ഷെൽഫിനുള്ളിൽ അടുക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങളിലേക്കും ദേവികയുടെ ആഭരണപ്പെട്ടിയിലേക്കുമെല്ലാം നീതുവിന്റെ കണ്ണുകൾ ആർത്തിയോടെ പാഞ്ഞു…
കാർഡുമെടുത്ത് തിരികെ വന്നത് മനുവിനെ ഏൽപ്പിക്കുമ്പോൾ വല്ലാതെ മുറുകിയിരുന്നു നീതുവിന്റെ മുഖം… മനുവത് ശ്രദ്ധിക്കുകയും ചെയ്തു…
അന്നു രാത്രി തന്നിൽ നിന്നകന്ന് കമിഴ്ന്ന് കിടക്കുന്ന നീതുവിനെ അമ്പരന്നു നോക്കി മനു… സാധാരണ താൻ കിടക്കാൻ വരുമ്പോഴേക്കും തന്റെ നെഞ്ചോരം ചായുന്നവളാണ്.. ഇന്നന്തു പറ്റി..
അതേ ചിന്തയോടെ തനിക്ക് അരികിലേക്ക് നീതുവിനെ നീക്കി കിടത്താൻ മനു ശ്രമിച്ചെങ്കിലും അവന്റെ കൈ തട്ടിയെറിഞ്ഞു നീതു…
പലവട്ടമിതാവർത്തിച്ചപ്പോൾ മനുവിനും സഹിക്കെട്ടു…
“നിനക്കെന്താ ടീ നീതു… ഞാൻ തൊട്ടാൽ നീയെന്താ ഉരുകി പോവുമോ… കുറെ നേരമായല്ലോ നീ…?
മനുവിന്റെ ശബ്ദം ഉയർന്നതും നീതുവിന്റെ ഏങ്ങലടികൾ ഉയർന്നു മുറിക്കുള്ളിൽ..
നീതു…..കാര്യം പറയാതെ ഗണിച്ചറിയാൻ ഞാൻ കണിയാനൊന്നുമല്ല … നീ കാര്യം പറ എന്താ നിന്റെ പ്രശ്നം…?
അവളെ ആശ്വസിപ്പിച്ചെന്ന മനു ചോദിച്ചതും അവന്റെ നെഞ്ചോരം ചാഞ്ഞു നീതു…
“മനൂ… നിന്നെ എന്നെക്കാളധികം ഞാൻ സ്നേഹിച്ചതുകൊണ്ടാണ് എന്റെ വീട്ടുകാരെ പോലും ഉപേക്ഷിച്ച് ഞാൻ നിനക്കൊപ്പം വന്നത്.. നമ്മളൊരുമ്മിച്ച് സ്വപ്നം കണ്ട ജീവിതം നേടാനും ആസ്വദിക്കാനുംവേണ്ടി.. എന്നിട്ട് ഉണ്ടായതെന്താണ്…?
“ഒരു പണിയുമില്ലാതെ ഏട്ടന്റെയും ഏടത്തി അമ്മയുടെയും ചിലവിൽ താമസിക്കുന്ന നിനക്ക് എന്റെ ഏതെങ്കിലും ഒരാഗ്രഹം സാധിപ്പിച്ചു തരാൻ പറ്റിയോ ഇല്ലല്ലോ…?
നീതുവിന്റെ സംസാരത്തിൽ മിഴിഞ്ഞു പോയത് മനുവിന്റെ കണ്ണുകളാണ്…
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് വിദേശത്തൊരു ജോലിയും ശരിയാക്കി അതിനു പോവാനൊരുങ്ങുന്നതിനിടയിലാണ് വീട്ടിൽ കല്യാണം ആലോചിക്കുന്നുവെന്നൊരു കാര്യം പറഞ്ഞ് നീതുവീടുവിട്ടിറങ്ങി നേരെ ഇങ്ങോട്ടു വന്നത്….
വീട്ടിൽ വന്നു നേരിട്ട് വിവാഹ കാര്യം പറയാമെന്നും താൻ പോയി വന്നതിനു ശേഷം തങ്ങളുടെ കല്യാണം നടത്താമെന്നെല്ലാം പറഞ്ഞ് നീതുവിനെ മടക്കി അയക്കാൻ ഒരു പാട് ശ്രമിച്ചതാണ് മനുമെങ്കിലും മടങ്ങി പോവാനൊരുക്കമല്ലായിരുന്നു നീതു…
ഒടുവിൽ തന്നെ വിശ്വസിച്ചിറങ്ങി വന്നവളെ കൂടെ കൂട്ടിയതോടെ വിദേശത്തു ശരിയാക്കിയ ജോലിക്ക് പോവാൻ പറ്റിയില്ല മനുവിന്.. ഒന്നു കൂടി വ്യക്തമാക്കിയാൽ നീതു വിട്ടില്ല… മനുമില്ലാതൊരു നിമിഷം പോലും തനിച്ച് നിൽക്കാൻ വയ്യെന്നു പറഞ്ഞവൾ കരഞ്ഞതും നാട്ടിൽ തന്നെ ജോലി നോക്കി തുടങ്ങി മനു..
“നീതു… ഇന്നും ഞാൻ ജീവിക്കുന്നത് എന്റെ അധ്വാനത്തിൽ തന്നെയാണ്.. നിന്നെ സംരക്ഷിക്കുന്നതും ഞാൻ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടു തന്നെയാണ്…”
മറുപടി പറയുമ്പോൾ കടുത്തിരുന്നു മനുവിന്റെ ശബ്ദം..
“നിന്റെ അധ്വാനത്തിന്റെ മഹത്വമൊന്നും നീ പറയണ്ട മനു.. എന്റെ ഒരാവശ്യത്തിനും നിന്റെ കയ്യിൽ കാശില്ല… എല്ലാം നീ നടത്തി തരുന്നത് നിന്റെ ഏട്ടനോടും ഏടത്തിയോടും കടം വാങ്ങിയിട്ടല്ലേടാ…കണ്ടുപഠിക്ക് നീ നിന്റെ ഏട്ടനെ.. എത്ര നന്നായിട്ടാ നിന്റേട്ടൻ അവരെ നോക്കുന്നത്… കൊതിയാണെനിക്ക് അതു പോലൊക്കെ ജീവിക്കാൻ… എന്നെ അങ്ങനെ നോക്കാൻ നിനക്ക് ഈ ജന്മം കഴിയില്ലെടാ..
മനുവിനെ പരിഹസിച്ചു നീതു…. അവളുടെ സംസാരത്തിൽ മനു നിശബ്ദനായ്…
മനു മൗനം പാലിച്ചതും ഒന്നുഷാറായ് നീതു…
നിന്നെ കുറ്റപ്പെടുത്തിയതല്ല മനു ഞാൻ… നമ്മുക്കും ജീവിക്കാം ഞാൻആഗ്രഹിച്ചതു പോലെയൊക്കെ… നീയൊന്നു മനസ്സുവെച്ചാൽ മാത്രം മതി…
തന്ത്രത്തിലെന്ന പോലെ മനുവിനോടൊട്ടി നീതു പറഞ്ഞതും അവളുടെ വാക്കുകൾക്ക് കാതോർത്തു മനു
തന്റെ വാക്കുകൾ മനു കേൾക്കുന്നുവെന്ന് തോന്നിയതും നീതു ഉത്സാഹത്തിൽ താൻ മനസ്സിൽ പ്ലാൻ ചെയ്തു വെച്ചിരിക്കുന്നതൊക്കെ അവനുമുമ്പിൽ വളരെ ഭംഗിയിൽ അവതരിപ്പിച്ചതും മനുവിന്റെ മുഖത്ത് അവൾക്ക് സന്തോഷമേകുന്നൊരു ചിരി വിരിഞ്ഞു..
തന്നെ മനു അനുസരിക്കുന്ന സന്തോഷത്തിൽ അവനോടൊട്ടി ചേർന്നു നീതു… അന്നത്തെ ആ രാത്രി മനുവെന്ന ഭർത്താവിനെയും അവനിലെ പുരുഷനെയും പൂർണ്ണ തൃപ്തിയിലാറാടിച്ചാണ് നീതു തന്റെ സന്തോഷം ആഘോഷിച്ചത്…
പതിവിലും വൈകി പിറ്റേന്നുണർന്ന നീതു മാറ്റിയൊരുങ്ങി തന്നെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുന്ന മനുവിനെ കണ്ടമ്പരന്നു..
വേഗം കുളിച്ചൊരുങ്ങി വന്നാൽ നിനക്കേറ്റവും ഇഷ്ടമുള്ളൊരിടത്ത് കൊണ്ടു പോവാം ഞാൻ…
മനുവിന്റെ വാക്കുകൾ കേട്ട് വേഗം കുളിച്ച് തയ്യാറായ് അവനൊപ്പം ബൈക്കിൽ കയറുമ്പോൾ വല്ലാത്തൊരു സന്തോഷം തിരതല്ലി നീതുവിൽ..
എന്നാൽ മനുവിന്റെ യാത്ര അവസാനിച്ചത് തന്റെ സ്വന്തം വീട്ടിലാണെന്ന് കണ്ടതും മിഴിഞ്ഞു നീതുവിന്റെ കണ്ണുകൾ..
വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന നീതുവിന്റെ മാതാപിതാക്കൾ മുന്നിലവരെ കണ്ടതും ആദ്യമൊന്നു പകച്ചെങ്കിലും പെട്ടന്നവരുടെ മുഖം ദേഷ്യത്തിൽ വിറച്ചു…
എന്തോ പറയാനായ് നീതുവിന്റെ അമ്മ വാ തുറന്നതും മനു അവർക്കു മുമ്പിലേക്ക് നീങ്ങി നിന്നു
“നാടകമാണ് ഉദ്ദേശിക്കുന്നതെങ്കിൽ വേണ്ട… എല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണ് നിങ്ങൾക്കു മുമ്പിൽ ഞാനീ നിൽക്കുന്നത്… ”
മനുവിന്റെ വാക്കുകൾ കേട്ട് പകച്ചത് നീതുവിനൊപ്പം അവളുടെ വീട്ടുകാർ കൂടിയാണ്..
ഒരു കല്യാണം നടത്തി ഇവളെ എന്റെയൊപ്പം പറഞ്ഞയക്കണമെങ്കിൽ ധാരാളം പൊന്നും പണവും വേണ്ടിവരുമെന്ന് കരുതി നിങ്ങളെല്ലാവരും ചേർന്നു കളിച്ച ഇറങ്ങി പോരൽ നാടകം ഇവളിറങ്ങി വന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോഴേ ഞാനറിഞ്ഞതാണ്… ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും…
അന്നതു ഞാൻ ശ്രദ്ധിക്കാതെ വിട്ടത് ഞാൻ ഇവളെ മാത്രം സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് കൊണ്ടാണ്… എന്നാൽ നിങ്ങൾ കളി തുടർന്നു ഇവളെ വെച്ച്… ഞാനറിഞ്ഞും അറിയാതെയും ഇവളിലൂടെ എന്റെയും എന്റെ വീട്ടിലെയും പണം ധാരാളം സ്വന്തമാക്കി നിങ്ങൾ… അതും ഞാൻ കണ്ടില്ലാന്ന് നടിച്ചു കാരണം മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണല്ലോ..
ഇപ്പോഴേറ്റവും ഒടുവിൽ എന്റെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് എന്റെ വീട് രണ്ടായി ഭാഗിച്ച് അതിലെന്റെ വീതവും വാങ്ങി ഞാനിറങ്ങി പോരണം അല്ലേ എന്റെ വീട്ടിൽ നിന്ന്.. അങ്ങനെ ഞാനിറങ്ങുമ്പോൾ സ്നേഹസമ്പന്നരായ നിങ്ങൾ വന്നു ഞങ്ങളെ ഇങ്ങോട്ടു കുട്ടി കൊണ്ടുവരും… അതോടെ ഞാൻ നിങ്ങളുടെ അടിമ.. കൊള്ളാം നല്ല നാടകവും പ്ലാനിങ്ങും പക്ഷെ അവതരിപ്പിച്ച സ്ഥലം മാറിപ്പോയ്…..
മനുവിന്റെ വാക്കുകൾക്ക് മുമ്പിൽ മറുപടിയില്ലാതെ വിയർത്തു നിന്നവർ… അവൻ പറഞ്ഞതത്രയും സത്യമാണ്..
“എന്തായാലും കളി തുടങ്ങിയത് നിങ്ങളല്ലേ അവസാനിപ്പിക്കുന്നത് ഞാനാവാം… ഇവളെ ഈ നിൽക്കുന്ന നീതുവിനെ എന്റെ വീടിനും എനിയ്ക്കും യോജിച്ച വിധത്തിൽ പൊന്നും പണവും നൽകി അയക്കണം നിങ്ങൾ… പൊന്നും പണവും എന്റെ ആവശ്യങ്ങൾക്കല്ല ഇവൾക്ക് ധൂർത്തു കാണിക്കാൻ തോന്നുപ്പോൾ എടുത്തു ചിലവാക്കാൻ വേണ്ടി മാത്രമാണ്..
എല്ലാം റെഡിയായിട്ട് വിളിച്ചാൽ മതി ഞാൻ വന്നു കൂട്ടികൊണ്ടു പൊയ്ക്കോളാം ഇവളെ.. ശരി അപ്പോൾ…
വല്ലാത്തൊരു ചിരിയോടവരെ നോക്കി പറഞ്ഞ് മനു യാത്ര പറഞ്ഞതും നാണം കെട്ടാ നില്പവിടെ തന്നെ നിന്നു പോയ് നീതുവും കുടുംബവും..
RJ