ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട് എനിക്ക് ആർത്തിയാണ്. ചിത്രയുമായുള്ള വേർപാടിന്റെ വാർഷികം വന്നിട്ടും വിശപ്പിനൊരു കുറവും ഇല്ല.
‘ചേട്ടാ, പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കണം…’
ഒരു പെൺകുട്ടിയായിരുന്നു. തീരേ ഉന്മേഷമില്ലാതെ ഞാൻ അവളെ പകർത്തി. പതിഞ്ഞ് കിട്ടിയെ മുഖം ചതുരത്തിൽ മുറിച്ചു.
‘രാധ…!’
പേര് എന്താണെന്ന എന്റെ ചോദ്യത്തിന് ആ പെൺകുട്ടി പറഞ്ഞതായിരുന്നു. രാധയെന്ന് എഴുതിയ കൂടിനകത്ത് ഫോട്ടോകൾ ഇട്ട് ഞാൻ അവൾക്ക് കൊടുത്തു. അപ്പോഴും ചിത്രയെ തന്നെയായിരുന്നു ഓർത്തത്. പണ്ട്, അവളും ഇതുപോലെ ഒരു ചിത്രമായി വന്നതായിരുന്നുവല്ലോ…
ഒരു ഫുൾ സൈസ് പടം എടുക്കാൻ മൂന്ന് വർഷങ്ങൾക്ക് മുമ്പ് എന്റെ സ്റ്റുഡിയോവിലേക്ക് വന്നവളാണ് ചിത്ര. ക്യാമറയുടെ കൂടെ ഹൃദയവും അവളെ പകർത്തുകയായിരുന്നു. ചിത്രയത് അറിഞ്ഞത് പോലെയാണ് വീണ്ടും വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് സ്റ്റുഡിയോവിലേക്ക് വന്നത്. പരസ്പരം ഇഷ്ടമാണോയെന്ന് പോലും ചോദിക്കാതെ ഞങ്ങൾ അടുത്തു. വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ വെക്കുന്ന കുടയുടെ മറവിൽ നിന്ന് ചുംബിക്കുക വരെ ചെയ്തു.
പ്രണയമെന്നാൽ അതീവ രഹസ്യമാണെന്നും, അതിനോളം രസം ലോകത്തിൽ മറ്റൊന്നിനും ഇല്ലെന്നും ആ വേളകളിൽ തോന്നുമായിരുന്നു…
ഒരുനാൾ തന്റെ വിവാഹം ഉറപ്പിച്ചുവെന്ന് പറയാൻ ചിത്ര സ്റ്റുഡിയോവിലേക്ക് വന്നു. പോകുമ്പോൾ തന്നോട് ക്ഷമിക്കണമെന്നും ചേർത്തു. ഞാൻ മണൽ തരികളോളം പൊടിഞ്ഞ് പോയി. അന്തരീക്ഷത്തിൽ കലർന്ന പുക പോലെ ഈ ഭൂമിയിൽ നിന്ന് തന്നെ മാഞ്ഞ് പോയി. അപ്പോഴും, എന്റെ ഛായയിൽ ഉറക്കമില്ലാതെ ഊണ് മാത്രമായി ഒരു യന്ത്രം പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നു.
ഈ മനുഷ്യർക്ക് എന്തൊരു മനസ്സാണല്ലേ… എത്ര വേഗതയിലാണ് അവർ ഒരു കൊമ്പിൽ നിന്നും മറ്റൊന്നിലേക്ക് ചാടുന്നത്. അതുവരെ കൂടെ ഉണ്ടായിരുന്നവരെയോ കൂട്ടു കൂടിയവരെയോ ആരും ഓർക്കുന്നില്ല. അല്ലെങ്കിലും, ആരെങ്കിലും എല്ലാ കാലത്തും ആരെയെങ്കിലും ഓർത്തിരിക്കണമെന്നതിൽ യാതൊരു നിർബന്ധവും ഇല്ലല്ലോ…
അങ്ങനെ ചിന്തിച്ചപ്പോൾ വളരെയേറെ ദുഃഖം തോന്നി. വൈകുന്നേരമായത് കൊണ്ട് രണ്ട് ഗ്ലാസ്സ് പാലിന്റെ കൂടെ അഞ്ചാറ് പരിപ്പുവടയും മൂന്ന് ബോണ്ടയും മാത്രമേ ഞാൻ കഴിച്ചുള്ളൂ…
‘ചേട്ടാ… ഒരു ഹാഫ് സൈസ് കൂടി വേണം…’
തിരിച്ച് സ്റ്റുഡിയോവിൽ എത്തിയപ്പോൾ രാധ പറഞ്ഞു. മണിക്കൂറുകൾക്ക് മുമ്പുള്ള പരിചയമേ ഉള്ളൂവെങ്കിലും അടുത്തറിയുന്നത് പോലെയാണ് ആ പെണ്ണ് പെരുമാറുന്നത്. പല അർത്ഥത്തിലും അതെനിക്ക് ആശ്വാസമായിരുന്നു. ചിത്രയെ മറക്കാനുള്ള ശ്വാസം രാധയിൽ ഉണ്ടെന്ന് തോന്നുന്നതും അപ്പോഴാണ്…
പിന്നീടുള്ള നാളുകളിൽ വിശപ്പ് പതിവുകളിലും കുറഞ്ഞു. അങ്ങനെയെങ്കിൽ രാധയുമായി ഇനിയുമേറെ നേരം പങ്കിടണമെന്ന് തോന്നുകയായിരുന്നു. എടുത്ത ഫോട്ടോകളുടെ കൂടുതൽ കോപ്പികൾ വാങ്ങാൻ വന്ന അവളോട് ഞാനത് സൂചിപ്പിക്കുകയും ചെയ്തു.
ഊഹം ശരിയാണെങ്കിൽ രണ്ട് നാൾക്കുള്ളിൽ തനിക്കും ഇഷ്ട്ടമാണെന്ന് പറയാൻ രാധ വരും. എന്റെ പ്രതീക്ഷ തെറ്റിയില്ല. അവൾ വരുകയും എന്റെ കൈയ്യിൽ ചിരിച്ചുകൊണ്ട് നുള്ളുകയും ചെയ്തു. താൽക്കാലികമായ ആശ്വാസത്തിന് എനിക്കത് മതിയായിരുന്നു…
വിശപ്പുള്ള യന്ത്രം പോലെയിരുന്ന എനിക്ക് വീണ്ടും ജീവൻ വെച്ചു. കൈകാലുകൾ ചില്ലകളാകുന്നതും, പ്രണയത്തിൽ തൊട്ട് ഹൃദയം പൂക്കുന്നതും അറിഞ്ഞു. പരാഗണ തരികളുമായി വണ്ടുകൾ ഉലാത്തുന്ന പൂന്തോട്ടത്തിന്റെ നടത്തിപ്പുകാരൻ ആയതുപോലെ.. പ്രണയമില്ലാത്ത മനുഷ്യരെ എന്തിന് കൊള്ളാമല്ലേ….!
‘ഹലോ, ഇവിടെ ആരുമില്ലേ…?’
സ്റ്റുഡിയോയുടെ അകത്ത് ക്യാമറയും ലെൻസുമൊക്കെ വൃത്തിയാക്കുകയായിരുന്നു. നല്ല പരിചയമുള്ള പെൺ ശബ്ദമെന്ന തലയിൽ ഞാൻ പുറത്തേക്ക് വന്നു. ആളെ കണ്ടതും ചിത്രം പോലെ സ്തംഭിച്ച് പോയി. മുന്നിൽ ചിത്രയാണ് നിൽക്കുന്നത്! വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞ് പോയവളെ കണ്ടപ്പോൾ വീണ്ടും വല്ലാത്ത വിശപ്പ് തോന്നി.
‘എനിക്ക് നീയില്ലാതെ പറ്റില്ല.
ആ കല്ല്യാണം ഞാൻ മുടക്കി… ‘
കേട്ടപ്പോൾ എനിക്ക് ദാഹിച്ചു. വെള്ളം കുടിച്ചപ്പോൾ വിശപ്പ് മാറുകയും ചെയ്തു. എന്നാലും നിനക്ക് വിട്ട് പോകാൻ തോന്നിയല്ലോ ചിത്രേയെന്ന് പറഞ്ഞ് ശേഷം കിതക്കുകയായിരുന്നു. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. നഷ്ടപ്പെട്ടെന്ന് തോന്നിയ ചിത്രയെ തിരിച്ച് കിട്ടിയല്ലോ…
മാറ്റൊന്നിനെയും കുറിച്ച് ആലോചിച്ചില്ല. താൽക്കാലികമായ ആശ്വാസത്തിനായി ചാരിയിരുന്ന രാധയെ ലവലേശം ഓർത്തതുമില്ല…
വേണ്ടായെന്ന് തോന്നുന്ന മനുഷ്യരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ മനുഷ്യർക്ക് പ്രത്യേകമായൊരു കഴിവുണ്ട്. രാധയെ മനഃപ്പൂർവ്വം ഞാൻ അവഗണിച്ചു. മുന്നിലേക്ക് തെളിയുമ്പോഴേല്ലാം മുഖം തിരിച്ചു. പലപ്പോഴും, നിന്ന് തിരിയാൻ നേരമില്ലാത്ത തിരക്കുകളിലാണെന്ന് അഭിനയിച്ചു. താൻ മണ്ടിയായെന്ന് മനസിലാക്കാൻ തന്നെ ആ പെണ്ണിന് കുറേ നാൾ വേണ്ടി വന്നു…
ചിത്രയുമായി വിട്ടുപോയ സ്വപ്നങ്ങളെയെല്ലാം വീണ്ടും പൂരിപ്പിച്ച് മനസ്സ് ആഹ്ലാദിക്കുകയാണ്. കൂടുതൽ പ്രകാശം പരത്തുന്ന ചിത്രമായി അവളെ ഞാൻ വീണ്ടും തലയിൽ തൂക്കിയിട്ടു. ഞാനും അവളും തന്നെയാണ് ചേരേണ്ടത്! നഷ്ടപ്പെട്ടെന്ന് കരുതിയ പൊൻനാണയം തിരിച്ച് കിട്ടിയത് പോലെയൊരു സുഖമായിരുന്നു ആ രാത്രിക്ക്.
ഒരുനാൾ ചിത്ര സ്റ്റുഡിയോവിലേക്ക് വന്നു. കൂടെ പത്തിൽ പഠിക്കുന്ന അവളുടെയൊരു കസിനും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. തന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ ചിത്ര പറയുകയാണ്. എന്റെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ ഇറങ്ങി വരാൻ അവൾ ഒരുക്കമായിരുന്നു. വേണ്ടത് ഉടൻ ചെയ്യാമെന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു. എന്ത് കാരണം വന്നാലും വിട്ടുകളയില്ലെന്ന് കൂടി ചേർത്തപ്പോഴാണ് അവളൊന്ന് ചിരിച്ചത്.
പോകാൻ നേരം കസിൻ കാണാതെ ചിത്ര എന്റെ കണ്ണുകളിൽ ചുംബിച്ചിരുന്നു. ഇറങ്ങാൻ നിന്ന അവരോട് എന്താണ് കസിന്റെ പേരെന്ന് വെറുതേ ഞാൻ ചോദിച്ചു. ആ പെൺകുട്ടി ചിരിച്ച് കൊണ്ടാണ് തന്റെ പേര് പറഞ്ഞത്. ചിത്രയുമത് ആവർത്തിച്ചു. ചില്ലുകൾ വീഴുന്നത് പോലെ ആ ശബ്ദം കാതിൽ പതിയുമെന്ന് കരുതിയതേയില്ല! വളരെയേറെ പരിചിതമുള്ള പേര്! അവർ പോയതിന് ശേഷവും ആ പേര് മനസ്സിന്റെ കാതുകളിൽ വെറുതേ മുഴങ്ങുന്നുണ്ടായിരുന്നു…
‘രാധ…!!!’
ശ്രീജിത്ത് ഇരവിൽ