കേട്ടാൽ കാതുകൾ ചൂളിപ്പോകും. അമ്മാതിരി തെറിയാണ് അയൽവാസികളെ ഞാൻ വിളിച്ചത്. വിഷയം പോലീസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ സാഹചര്യത്തിന്റെ കനം മനസിലായി കാണുമല്ലോ…
പരാതിക്കാർ ഹാജരാണ്. മ്യൂട്ട് ചെയ്ത എന്റെ തെറിപ്പാട്ടിന്റെ വിഡിയൊ എനിക്ക് തന്നെ കാണിച്ചുകൊണ്ടാണ് എസ് ഐ ചോദ്യം ചെയ്യാൻ തുടങ്ങിയത്. നടന്നത് എന്താണെന്ന് കൃത്യമായി ഞാൻ വിശദീകരിച്ചു.
നാരായണ മംഗലത്ത് കപ്പ കൃഷിയുമായി കൂടിയ രണ്ടര എക്കറിന്റെ അയൽപക്കവുമായാണ് വളരേ മലിനമായി ഇടപെടേണ്ടി വന്നത്.
‘എങ്ങാട് നിന്ന് വന്ന് ഇവിടെ ആളാകേണ്ടാട്ടാ…’
എന്നും പറഞ്ഞ് ആ അയൽപക്ക കുടുംബം ഒരു പുരുഷന്റെ നേതൃത്വത്തിൽ എന്നെ തെറി വിളിക്കുകയായിരുന്നു. ആ നിലവാരത്തിൽ തന്നെ എനിക്കും പ്രതികരിക്കേണ്ടി വന്നു.
പാലിന്റെ കവർ തൊട്ട് കുഞ്ഞിന്റെ സ്നഗ്ഗി വരെ പറമ്പിന്റെ മൂലയിലേക്ക് അവർ എറിയുകയാണ്. വാടകയ്ക്ക് താമസിക്കുകയാണെങ്കിലും എനിക്കത് കണ്ട് നിൽക്കാൻ സാധിച്ചില്ല. ഞാൻ ചോദ്യം ചെയ്തു. പിന്നീടാണ് രംഗം ഇത്തരത്തിൽ വഷളായതെന്ന് കൂടി ഞാൻ ആ എസ് ഐയോട് പറഞ്ഞു.
‘പക്ഷെ, നിങ്ങൾക്ക് ആരെയും തെറി വിളിക്കാനുള്ള അധികാരമൊന്നുമില്ല. അത് തെറ്റാണ്. പിള്ളാരൊക്കെ കേൾക്കുന്നതല്ലേ….’
അവര് വിളിച്ചത് കൊണ്ടാണ് ഞാനും വിളിച്ചത് സാറേയെന്ന് പറഞ്ഞ് ഒരു കുട്ടിയെ പോലെ ഞാൻ കൈകെട്ടി നിന്നു.
‘അവര് വിളിച്ചതിന്റെ തെളിവുണ്ടോ കൈയ്യിൽ…?’
ഇല്ലെന്ന അർത്ഥത്തിൽ ഞാൻ തല കുനിച്ചു. അല്ലെങ്കിലും, ഈ തെറികളെന്ന് പറഞ്ഞാൽ എന്താണ്..!
ശരീരത്തിന്റേതായാലും ജീവിതത്തിന്റേതായാലും മനുഷ്യന്റെ സ്വകാര്യതകളാണ് തെറികളായി രൂപാന്തരപ്പെടുന്നത്. അടുത്ത ബന്ധങ്ങളോട് തന്റെ ജനനേന്ദ്രിയവുമായി കൂട്ടി ചേർത്ത് നാക്കിൽ നിന്ന് ഒഴുക്കി വിടുന്ന നിർഗ്ഗളമായ താളമാണ് തെറികൾ. സാഹചര്യം പോലെ ചിരിപ്പിക്കുകയും, ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം കൂടി ആ ശബ്ദങ്ങൾക്കുണ്ട്. അത് മനുഷ്യരുടെ മസ്തിഷ്കത്തിലെ സങ്കൽപ്പ ഞരമ്പുകളിൽ കൊള്ളുന്നത് കൊണ്ടാണ്. ഭാവനകൾ ഇല്ലാതെ വർഗ്ഗത്തിന് നിലനിൽപ്പില്ലെന്ന് സാരം…
പൊതുവേ അസൂയാലുക്കളും അഹങ്കാരികളുമായ മനുഷ്യരാണ് മറ്റൊന്നും പറയാൻ ഇല്ലാതിരിക്കുമ്പോൾ തെറികൾ വിളിക്കുക. ആ രീതിയുമായി എന്റെ ജീവിതത്തിലേക്ക് വരാമെന്ന് കരുതുന്നവരെ വെറുതേ ഞാൻ മടക്കി അയക്കാറില്ല. ശ്ലീലമായ ഭാഷ എന്താണെന്ന് അറിയുന്നവർക്ക് കേട്ടാൽ അശ്ലീലമായ വാക്കുകൾ ഏതൊക്കെയാണെന്നതിൽ വ്യക്തമായ ധാരണയുണ്ടാകും. തെറിയുമായി എന്നിലേക്ക് വരുന്ന മനുഷ്യരെ അസ്വസ്ത്ഥനാക്കി പറഞ്ഞയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നേ കരുതുന്നുള്ളൂ.. അതുകൊണ്ട് സന്ദർഭം പോലെ തെറികളെ ഞാനും ആലപിക്കും.
ഈ പുരോഗമന കാലത്ത് ഇതൊക്കെ പ്രാചീന മനുഷ്യരുടെ മുരൾച്ചയാണെന്ന് സ്ഥാപിക്കാനൊന്നും ആ നേരം നാക്കിന് തോന്നില്ല. പറഞ്ഞാലും മറുഭാഗം കേൾക്കില്ല. എതിരിൽ നിൽക്കുന്ന ആൾ തുടങ്ങി വെക്കേണ്ട താമസ്സമേയുള്ളൂ… നിഘണ്ടുവിൽ പോലും ഇല്ലാത്ത വാക്കുകൾ എന്റെ വായിൽ നിന്നും വരും. അതിൽ ലജ്ജിക്കാനൊന്നും തല പോകാറില്ല. പ്രകോപിച്ചവരെ മാനസികമായി വേദനിപ്പിക്കുകയെന്നേ ആ വേളകളിൽ ചിന്തിക്കാറുള്ളൂ.. ഒരുപക്ഷേ, ഞാനും എല്ലാം തികയാത്ത ഒരു അഹങ്കാരി ആയിരിക്കും!
‘ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യമില്ല… കേസാകും… അകത്ത് പോകേണ്ട വകുപ്പുണ്ട്… അയൽപക്കമല്ലേ.. ഒത്ത് തീർപ്പാക്കാൻ നോക്കൂ… ‘
ഒന്നും മിണ്ടാതെ പലതും അങ്ങനെ ഓർത്തിരുന്ന ആ വേളയിൽ എസ്. ഐ എന്നോട് പറഞ്ഞു. കേസ് ആക്കിക്കൊള്ളൂവെന്ന് ഞാനും മൊഴിഞ്ഞു. ആ കാക്കി നല്ല മനുഷ്യനായിരുന്നു. അല്ലെങ്കിൽ പിന്നെ പരാതിക്കാരെ അകത്തേക്ക് വരുത്തി ഒത്ത് തീർപ്പാക്കാനൊരു ശ്രമം നടത്തില്ലായിരുന്നുവല്ലോ…
‘നിങ്ങള് ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്ത്….’
എന്നും പറഞ്ഞ് എസ് ഐ പുറത്തേക്ക് പോയി. ഞാനും പിന്നാലെ ചെന്നു. ഒത്തുതീർപ്പൊന്നും വേണ്ടായെന്നും, എന്നെ പിടിച്ച് അകത്തിട്ടോയെന്നും പറയാനായിരുന്നു പിന്തുടർന്നത്. പക്ഷെ, അയാൾ നിന്നില്ല. നാലഞ്ച് കോൺസ്റ്റബിളിനെയും കൂട്ടി ഗേറ്റിനടുത്തേക്കായി എസ് ഐ നടക്കുകയാണ്. റോഡിലെ വാഹനങ്ങളെയൊക്കെ നിയന്ത്രിക്കുന്നുമുണ്ട്. ഞാൻ ഇടവും വലവും നോക്കി. ശരിയാണ്. ഏതോയൊരു ജാഥ വരുന്നുണ്ട്. വല്ല രാഷ്ട്രീയക്കാരുടെയും ആയിരിക്കും.
ആ ജാഥയെ എതിരേൽക്കാൻ എന്നോണം റോഡരികിൽ ആൾക്കാർ കാത്ത് നിൽക്കുന്നുണ്ടെന്നത് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. അതിനുമാത്രം പ്രധാനപ്പെട്ട എന്ത് പ്രതിക്ഷേധമാണ് വരുന്നതെന്ന് അറിയാൻ ഞാനും ഗേറ്റിന്റെ അരികിലായി നിന്നു. എസ് ഐ യും കൂട്ടരും തൊട്ടടുത്ത് തന്നെയുണ്ട്. ആടിയും പാടിയും നൂറോളം മനുഷ്യർ വൈകാതെ അടുത്തേക്ക് എത്താൻ പോകുന്നു.
എനിക്കു തെറ്റി! രാഷ്ട്രീയ ജാഥ ആയിരുന്നില്ല. സംഭവം എന്താണെന്ന് മനസിലായപ്പോൾ ചിരിക്കാനാണ് തോന്നിയത്. അവരുടെ ഉറക്കെയുള്ള ആ പാട്ടിലേക്ക് ഞാൻ കാതുകൾ കൊടുത്തു.
‘താനാരെ താനാരെ തന
താനാരെ താനാരെ…
കൊടുങ്ങല്ലൂരമ്മേടെ സുഖവാസ കേന്ദ്രത്തിൽ കൊടുങ്ങല്ലൂർകാരുടെ ചുണ്ടെലികൾ…
താനാരെ താനാരെ തന
താനാരെ താനാരെ… ‘
എന്ന് തുടങ്ങുന്ന താളവുമായി കൊടുങ്ങല്ലൂർ ഭരണിയുടെ ഘോഷയാത്രയാണ് വരുന്നത്. എന്റെ തെറിയുടെ ജ്ഞാനമൊന്നും ഒന്നുമല്ലായെന്ന തരത്തിലായിരുന്നു ആ കോലങ്ങളുടെ വരവ്. കുട്ടികളും പെണ്ണുങ്ങളും എന്നുവേണ്ട എല്ലാ പ്രായത്തിലുമുള്ള മനുഷ്യരും കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. ചില വരികൾ കാതുകളിൽ തുളയ്ക്കുമ്പോൾ പരസ്പരം അടക്കം പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്..
തൊണ്ട പൊട്ടുന്ന ആവേശത്തിൽ ആടിയാടി പാടുന്ന ആ തെറികൾക്ക് എന്തൊരു സ്പുടതയാണ് ! ഹാ.. മനോഹരമായ താളം! ആരാണാവോ ഈ സൃഷ്ടിയുടെ സംഗീത സംവിധായകൻ! മഹാകവികൾ പോലും പരാജയപ്പെട്ട് പോകുന്ന അർത്ഥഭംഗിയാണ് കൂടുതൽ ആകർഷിച്ചത്!
‘ഇതിനൊന്നും കേസുണ്ടാവില്ലായല്ലേ സാറെ….’
ഒരു ചിരിയുമായി നിൽക്കുന്ന എസ് ഐ – യുടെ അടുത്തേക്ക് ചലിച്ച് ഞാൻ ചോദിച്ചു. കേട്ടപ്പോൾ ആ മനുഷ്യൻ തന്റെ തൊപ്പിയൂരി കൈയ്യിൽ പിടിച്ച് സ്റ്റേഷന്റെ അകത്തേക്ക് നടക്കുകയായിരുന്നു. പിറകിലായി ഞാനും നടന്നു.
അശ്ലീലമായാലും പിന്നാമ്പുറത്തൊരു വിശ്വാസ കഥയുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും എന്തുമാകാം! കാക്കിക്കോ, അതിന്റെ തലപ്പത്തുള്ളവർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോഴാണ് എന്നെ പോലെയുള്ളവരെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്!
‘കേട്ട് പഠിച്ചോ… ഇനിയും നമുക്ക് മുട്ടാനുള്ളതല്ലേ…’
ആ തെറിഘോഷ ആൾക്കാരിലേക്ക് നോക്കി നിൽക്കുന്ന അയൽക്കാരനോട് ഞാൻ പറഞ്ഞതാണ്. പുറത്തേക്ക് വിടാൻ പറ്റാത്ത തരത്തിലൊരു ജാള്യതയുടെ പുഞ്ചിരി ആ പരാതിക്കാരന്റെ ചിറിയിലും തൂങ്ങുന്നുണ്ടായിരുന്നു..
എന്തായാലും ഞാൻ ഭാഗ്യവാനാണ്! ഇത്രയും ഭംഗിയോടെ തെറികളെ പ്രോത്സാഹിപ്പിക്കുന്ന സാക്ഷര സംസ്ഥാനത്തിലാണല്ലോ ജീവിക്കുന്നതെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം മനുഷ്യർക്ക് നാടിളകി തെറി വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ളത് കൊണ്ടായിരിക്കണം കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത്…!!!
ശ്രീജിത്ത് ഇരവിൽ