ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.


നാലുമണിയുടെ അലാറം കേട്ട്

പവിത്ര മടിയോടെയാണ് കണ്ണ്

തുറന്നത്..

ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല.

പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..!

 

എത്രയോ നാളുകളായി,

അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത്

ആ മണിമുഴക്കങ്ങൾ കേട്ടാണ്.

എങ്കിലും അത് ഓഫ്‌ ചെയ്തിട്ട്

ഒരല്പനേരം കൂടി കിടക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്.

 

അവൾ പുതപ്പിനകത്തേയ്ക്ക്

ഒന്ന് കൂടി ചുരുണ്ടു..

ഹ്ഹോ എന്തൊരു തണുപ്പാണ്!

അറിയാതെ ചെറിയൊരു മയക്കത്തിലേയ്ക്ക്

വീണ്ടുമവൾ വഴുതി വീണു..!

 

പക്ഷെ,

ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും പുതപ്പ്

വലിച്ചു മാറ്റി ചാടിയെഴുന്നേൽക്കാൻ

തുടങ്ങിയ പവിത്രയുടെ വയറിനു

മീതെ ഒരു ബലിഷ്ഠമായ

കയ്യ് വന്നു വീണു !

 

“മകരമാസക്കുളിരിൽ

അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ…”

 

“ഹയ്യട, ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.

മോനങ്ങോട്ട് മാറിയാട്ടെ…”

 

അവൾ അയാളുടെ കയ്യ് ബലമായി വിടുവിക്കാൻ ശ്രമിച്ചു.

 

“കുറച്ചു നേരം കൂടി കിടക്കെന്റെ പെണ്ണെ. ഈ തണുത്ത വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് അടുക്കളയിൽ കേറാൻ

നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ ?”

 

“ആഹാ കൊള്ളാല്ലോ.!

അപ്പോൾ ഇത്രയും നാള് എല്ലാ ആഗ്രഹങ്ങളും മാറ്റിവെച്ചിട്ട് കൊച്ചു വെളുപ്പാൻ കാലത്ത് എഴുന്നേറ്റു അടുക്കളയിൽ കയറി ജോലി ചെയ്യുന്ന ഞാൻ ഒരു ഭ്രാന്തിയാണ് അല്ലെ..”

 

“ഭ്രാന്തിയല്ല സൗന്ദര്യ ബോധം ഒട്ടുമില്ലാത്തവൾ. അതാണ് നിനക്ക് ചേരുന്നത്…

നീയീ പുതപ്പിനുള്ളിൽ കിടന്ന് ഒന്ന് ചെവിയോർത്തേ..

പുറത്ത് ചരലിൽ വീഴുന്ന മഞ്ഞു തുള്ളികളുടെ ശബ്ദം കേട്ടോ..

മറ്റെന്തിനൊക്കെയോ വേണ്ടി ദാഹിക്കുമ്പോലെ..! ”

 

അവൾക്ക് സൂക്കേട് മനസ്സിലായി.

 

“ആ ദാഹത്തിനേയ്..

മേശപ്പുറത്തിരിക്കുന്ന ജഗ്ഗിലെ വെള്ളമെടുത്തു മടു മടാന്ന്

കുടിച്ചാൽ മതി.

അല്ലേൽ നല്ല ചൂട് കാപ്പി ഉണ്ടാക്കിത്തരാം.

ദാഹക്കാരൻ അങ്ങോട്ട് മാറിയാട്ടെ..”

 

“കണ്ടോ.. ഇതാണ് ഞാൻ

പറഞ്ഞ സൗന്ദര്യ ബോധമില്ലായ്മ..”

 

അയാൾ പിണങ്ങിയത് പോലെ അവളിൽ നിന്ന് കയ്യെടുത്തു കമഴ്ന്നു കിടന്നു.

അവൾക്ക് ചിരി വന്നു.

കള്ളൻ..

കുനിഞ്ഞ് അയാളുടെ പിൻകഴുത്തിൽ ഒന്നമർത്തി ചുംബിച്ചു.

പിന്നെ തിടുക്കത്തിൽ മുറി വിട്ടു.

ഇനി നിന്നാൽ പ്രശ്നമാകും..!

 

നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മടിച്ചു നിന്ന

ഉറക്കപ്പിച്ചുകൾ കടവാവലുകളെ

പ്പോലെ എങ്ങോട്ടോ പറന്നു പോയി !

പിന്നെ, പതിവുള്ള ജോലികളിൽ മുഴുകി തുടങ്ങി.

അപ്പോഴേക്കും നേരം ചെറുതായി

പുലർന്നു തുടങ്ങിയിരുന്നു..

എങ്കിലും മഞ്ഞു മൂടികിടക്കുന്ന പ്രഭാതങ്ങളെ അവളൊത്തിരി ഇഷ്ടപ്പെട്ടിരുന്നു.

ആരോ വെളുത്ത കുമ്മായം വാരിവിതറിയത് പോലെ പല കാഴ്ചകളും അവ്യക്തമായിരുന്നു.

 

ചൂട് കാപ്പി ഇടയ്ക്കിടെ മൊത്തിക്കുടിച്ചു കൊണ്ട് തോരന് അരിയുമ്പോഴേയ്ക്കും പ്രവീൺ എഴുന്നേറ്റു വന്നു.

എന്നും രാവിലെ ഒരു ഗ്ലാസ്‌

കാപ്പിയും കുടിച്ച് അയാൾ ഒരല്പം

നടക്കാൻ പോകുന്നത് പതിവാണ്.

 

ഈയിടെയായിട്ട് വയറല്പം ചാടുന്നുണ്ടോ എന്ന് പുള്ളിക്കാരനൊരു സംശയം.

അതോ ഇനി ഓഫീസിലെ പെണ്ണുങ്ങൾ ആരെങ്കിലും കളിയാക്കിയതാണോ

എന്നും അറിയില്ല.

 

സൺ‌ഡേകളിൽ അവളെയും കൂടെ ചെല്ലാൻ വിളിക്കാറുണ്ട്.

പക്ഷെ, അന്നാണ് ഒരല്പം കൂടുതൽ ഉറങ്ങാൻ കിട്ടുന്നത്..

ഞാനില്ല എങ്ങോട്ടും എന്ന് പറഞ്ഞു

തല വഴി പുതപ്പിട്ടു മൂടും.

ചിലപ്പോൾ ആള് തിരികെ വന്നാലും

താൻ എഴുന്നേറ്റിട്ടുണ്ടാവില്ല..

പിന്നെ..

അവൾ എന്തോ ഓർമ്മയിലൊന്നു

ചിരിച്ചു.

ഫ്രഷ് ആയിട്ട് വന്ന ആളിന്റെ നേർക്ക്

കാപ്പി കപ്പ് നീട്ടിക്കൊണ്ട് വെറുതെ

ഒന്ന് കോർത്തു.

 

“കുടിച്ചിട്ട് വേഗം ചെല്ല്, കൂടെയുള്ള നടപ്പുകാരികൾ എത്തീട്ടുണ്ടാവും. വൈകണ്ട !”

 

“പിന്നെ നീ കൂടെ ഇല്ലെന്ന് വെച്ച് ഞാൻ ഒറ്റയ്ക്ക് നടക്കേണ്ട കാര്യമില്ലല്ലോ..

അതും എന്നെ പോലെ

ഒരു ചുള്ളനെ കണ്ടാൽ

ആരെങ്കിലും വെറുതെ വിടുമോ?”

 

“അതേയ്, പോയിട്ട് വരുമ്പോൾ ഇവിടെ

നല്ല അമ്മിക്കല്ല് ഇരിപ്പുണ്ടെന്ന് ഓർത്തോണം.”

 

അയാൾ ചിരിച്ചു കൊണ്ട് ഇറങ്ങാൻ തുടങ്ങുമ്പോഴും പുറത്തു നല്ല മഞ്ഞു

വീഴ്ച്ച ഉണ്ടായിരുന്നു.

 

“ഈ തണുപ്പത്ത് നടക്കാൻ പോണോ

ഏട്ടാ. ജലദോഷമോ മറ്റോ വന്നാലോ. ഇപ്പോഴത്തെ പനി വന്നാൽ കുറയാനും

വല്യ പാടാണ്…”

 

“നീയാ സ്വെറ്റർ ഇങ്ങ് എടുത്തേ.

തണുത്ത പ്രഭാതങ്ങളിൽ വഴിവക്കിൽ

വീണു കിടക്കുന്ന ഗുൽമോഹർ

പൂക്കൾക്ക് മേലെ മെല്ലെ

നടക്കുന്നതും ഒരു സുഖമാണ്..

പെണ്ണെ..”

 

അയാളുടെ സാഹിത്യം കേട്ട് അവൾക്ക്

ചിരി വന്നു.

ഇത് വല്ലാത്ത വട്ട് തന്നെ !!

മുഖവും വീർപ്പിച്ചു കൊണ്ട് അവൾ സ്വെറ്ററിന്റെ കോട്ട് കൊണ്ട് കൊടുത്തു.

അടുപ്പിൽ മൊരിഞ്ഞു തുടങ്ങിയ

തോരന്റെ മണം !

വേഗം അടുക്കളയിലേക്ക് തിരിച്ചു

നടന്നു.. കരിഞ്ഞു പോയേനെ ഇപ്പോൾ..!

 

പവിത്രം വീട്ടിൽ മൂന്ന് പേരാണ് അംഗങ്ങൾ.

റവന്യു ഡിപ്പാർട്ട്മെന്റിൽ ജോലിയുള്ള പ്രവീണും, കുടുംബ കോടതിയിലെ ക്ലാർക്കായ പവിത്രയും,

പിന്നെ അവരുടെ ഏക മകളായ

നാലാം ക്ലാസുകാരി മണിക്കുട്ടിയെന്ന പ്രതീക്ഷയും.

 

മകൾ ഉണർന്നു വരുമ്പോൾ..

അല്ലല്ല, ഉണർത്തിക്കൊണ്ട് വരുമ്പോൾ

ഏഴു മണി കഴിയും.

മൂന്ന് പേരും വീടും പൂട്ടി ഇറങ്ങുമ്പോൾ സമയം എട്ടരയും കഴിയും..!

തണുപ്പ് ആയതു കൊണ്ട് മണിക്കുട്ടിയെ എഴുന്നേൽപ്പിക്കുന്നതും,

കുളിപ്പിച്ച് ഒരുക്കുന്നതുമൊക്കെ

നല്ല പണിയാണ്..!

 

പക്ഷെ, എന്നും വരുന്ന സമയം

കഴിഞ്ഞിട്ടും പ്രവീണിനെ കാണുന്നില്ലല്ലോ..!

ഫോൺ വിളിച്ചിട്ട് മുറിയിൽ എവിടെയോ റിംഗ് ചെയ്യുന്നു !

ഓഹ്, ചാർജ്ജ് ഇല്ലാത്തത് കൊണ്ട്

ഇവിടെ കുത്തി വെച്ചിട്ട് ആണ് പോയത്.

എന്നാലും ഇങ്ങനെ വൈകുന്നത്

പതിവ് അല്ല.

അവൾ ഉള്ളിലെ ആശങ്ക അടക്കാൻ കഴിയാതെ കുടുംബ സുഹൃത്തായ

ചാരുലതയെ വിളിച്ചു.

അവൾ ഒരു ഡോക്ടർ ആണ്.

കുടുംബഡോക്ടർ കൂടിയാണ്.

 

“എന്താടോ ആള് വല്ല കുരുക്കിലും

പെട്ടോ. പെട്ടെന്ന് അപ്രത്യക്ഷമാകാൻ..”

 

“ഏയ്‌.. എന്റെ അറിവിൽ ഇതുവരെയും

ആള് പക്കാ ജന്റിൽ മാനാണ്..”

 

എന്ന് പറയുമ്പോഴും ഉള്ളിൽ ചെറിയൊരു നീറ്റൽ തോന്നി.

മനുഷ്യന്റെ കാര്യമാണ്.

മനസ്സിൽ എന്തൊക്കെയുണ്ട്

എന്ന് തുരന്നു

നോക്കാൻ പറ്റില്ല..

 

മോൾ കുളിയും കഴിഞ്ഞു ഒരുങ്ങി

തുടങ്ങി.

പെട്ടന്ന് അവൾ ബാത്‌റൂമിലേക്ക്

ഓടിപ്പോയി ഒന്ന് കുളിച്ചെന്ന് വരുത്തി.

കയ്യിൽ കിട്ടിയ ഒരു ടോപ്പും പാന്റും ഇട്ടു.

മോൾക്ക് കഴിക്കാൻ എടുത്തു

കൊടുത്തിട്ട് വാതിൽ പുറത്ത് നിന്ന്

പൂട്ടി.

 

“അമ്മ അച്ഛനെ തിരക്കിയിട്ടു വരാം. അപ്പോഴേക്കും മോൾ ബ്രേക്ക്

ഫാസ്റ്റ് എല്ലാം കഴിച്ചിരിക്കണം കേട്ടോ.”

 

അവൾ ജനലിലൂടെ അകത്തേയ്ക്ക്

നോക്കി വിളിച്ചു പറഞ്ഞു.

കാർ പോർച്ചിൽ നിന്ന് സ്കൂട്ടർ എടുത്തു.

പോകുന്ന വഴിയിലെല്ലാം അവൾ അയാളെ തിരഞ്ഞു കൊണ്ടാണ് വണ്ടി ഓടിച്ചത്.

 

പുള്ളിക്കാരന്റെ അടുത്ത

ഫ്രണ്ട് രാജീവിന്റെ വീട് റോഡിലേയ്ക്കുള്ള വളവ് തിരിയുന്നതിന്റെ ഇടതു വശത്താണ്.

അവൾ ഗേറ്റിന് വെളിയിൽ വണ്ടി വെച്ചു. പിന്നെ അകത്തു കയറി ബെൽ അടിച്ചു കാത്തു നിന്നു.

 

ജോലിക്ക് പോകാൻ ഒരുങ്ങിയിറങ്ങുന്ന വേഷത്തിലാണ് രാജീവ്‌ ഇറങ്ങി വന്നത്..

പവിത്രയെ കണ്ട് ഒന്നമ്പരന്ന് നിന്നു.

അവൾ മുഖവുരയൊന്നും

ഇല്ലാതെ പറഞ്ഞു തുടങ്ങി.

 

“അതെ.. ഏട്ടൻ രാവിലെ നടക്കാൻ പോയതാ. ഇതുവരെ തിരിച്ചു വന്നില്ല.. എന്തെങ്കിലും വിവരം അറിയാമോ.

ഫോൺ കൊണ്ട് പോയിട്ടുമില്ല.

വീട്ടിൽ ചാർജ്ജ് ചെയ്യാൻ

വെച്ചിരിക്കുന്നു..”

 

രാജീവ്‌ എന്തോ ആലോചിക്കുന്നത്

പോലെ തോന്നി.

ഇന്ന് രാവിലെ ഇവിടെയുള്ള ആ വലിയ വളവിൽ ഒരു ആക്‌സിഡന്റ് നടന്നിരുന്നു. പക്ഷെ അതാരാണെന്ന് മനസ്സിലായില്ല. താൻ അപ്പോൾ ബാത്‌റൂമിൽ ആയിരുന്നു.

ഇനിയത് പ്രവീൺ

ആയിരിക്കുമോ..??

 

പക്ഷെ, അത് അയാൾ പവിത്രയോട് പറഞ്ഞില്ല.

വരൂ നമുക്കൊന്ന് അന്വേഷിക്കാം എന്ന് മാത്രം പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

കൂടെ പവിത്രയും.

മുറ്റത്തെ പൂക്കളിലും ഇലകളിലുമെല്ലാം മഞ്ഞു തുള്ളികൾ വെട്ടിത്തിളങ്ങുന്നു !

 

ആക്‌സിഡന്റ് നടന്ന വഴിയിൽ പൊട്ടിതകർന്ന കണ്ണാടി ചില്ലുകളും ആരുടെയോ രണ്ട് ചെരുപ്പുകളും കണ്ട് അവൾ വിഹ്വലയായി!

ഈശ്വരാ…

ഒന്നും സംഭവിച്ചു കാണരുതേ..

 

അവൾ,

ദയനീയമായി രാജീവിനെ ഒന്ന് നോക്കി. അയാൾ അശ്വസിപ്പിക്കുമ്പോലെ പറഞ്ഞു.

 

“പേടിക്കണ്ട, നമുക്ക് ഒന്ന് ചോദിക്കാം.”

 

അടുത്തുണ്ടായിരുന്ന കടകൾ ഒന്നും

തന്നെ അപ്പോഴും തുറന്നിട്ടുണ്ടായിരുന്നില്ല.

പെട്ടെന്ന്, അത് വഴി നടന്നു പോയ

ഒരു പരിചയക്കാരനെ കണ്ടു രാജീവ്‌

കാര്യം തിരക്കി.

 

“എന്തോ പറയാനാ സാറെ..

നേരം വെളുക്കും മുൻപേ ഓരോന്ന് വണ്ടിയും എടുത്ത് ഇറങ്ങിക്കോളും.

എന്നും രാവിലെ ഇതുവഴി നടക്കാനിറങ്ങുന്ന ഒരു പ്രായം ചെന്ന സ്ത്രീയാണ്.. ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു. പിന്നെ കൂടെ ഉണ്ടായിരുന്ന രണ്ടു മൂന്ന് പേരാണ് ഒരു ഓട്ടോയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയത്. രക്ഷപെടുമോന്ന് സംശയമാണ്.

അത്ര വല്യ ഇടിയല്ലായിരുന്നോ !!”

 

ഹ്ഹോ ! മനസ്സ് ഒന്ന് തണുത്തു.

ഭാഗ്യം, തന്റെ പ്രവീണേട്ടനല്ല.

എങ്കിലും പെട്ടന്ന് ഒരു കുറ്റബോധം തോന്നി.

പാവം, ആ അമ്മയ്ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ..

 

അവൾ രാജീവിനോട് യാത്ര പറഞ്ഞു. അയാൾ അവളെ സമാധാനിപ്പിച്ചു.

 

“പ്രവീൺ ഹോസ്പിറ്റലിൽ ഒപ്പം പോയിട്ടുണ്ടാവും.വന്നാൽ എന്നെയൊന്നു വിളിക്കാൻ പറയണം.. ”

 

സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്‌തു കൊണ്ട് അവൾ തലയാട്ടി.

തന്നെ വിളിക്കാതിരിക്കില്ല..

മോൾ വീട്ടിൽ ഒറ്റയ്ക്ക് ആണ്..

ഡോറും പൂട്ടിയിട്ടാണ് ഓടിപ്പോന്നത്. അവൾ സ്കൂട്ടറിന്റെ സ്പീഡ്

അല്പം കൂട്ടി.

 

ജനൽ പാളികൾക്കപ്പുറത്തു

നിന്ന് മണിക്കുട്ടി അമ്മയെ നോക്കി നില്കുന്നുണ്ടായിരുന്നു!

വാതിൽ തുറന്നതും അവൾ ഓടിപ്പോയി തന്റെ മൊബൈലും എടുത്തു കൊണ്ട് വന്നു.

 

“അമ്മേ, അച്ഛനിപ്പോൾ വിളിച്ചു.

അമ്മയെവിടെ എന്നു തിരക്കി..”

 

ആശ്വാസത്തോടെ അവൾ പെട്ടെന്ന്

ആ നമ്പറിലേയ്ക്ക് തിരിച്ചു വിളിച്ചു.

പെട്ടന്ന് ഫോൺ ആരോ എടുത്തു.

 

“ഇപ്പോൾ കൊടുക്കാം ഒന്ന് ഹോൾഡ് ചെയ്യണേ..”

അല്പം കഴിഞ്ഞതും, പ്രവീൺ ലൈനിൽ വന്നു.

“ഹലോ.. പവീ നീയെവിടെ പോയതാ.

ഞാൻ എത്ര നേരമായി വിളിക്കുന്നു.

ഞാൻ വരാൻ കുറച്ചു താമസിക്കും കേട്ടോ. ഹോസ്പിറ്റലിൽ ആണ്. ഒരമ്മയെ നമ്മുടെ റോഡിൽ വണ്ടിയിടിച്ചു.ഒരല്പം സീരിയസ് ആണ്..അവരോടൊപ്പം ഹോസ്പിറ്റലിൽ വരെ പോന്നതാണ് ഞാൻ. നീ താക്കോൽ എന്നും വെയ്ക്കുന്നിടത്ത് വെച്ചിട്ട്

മോളെയും കൂട്ടി ഇറങ്ങിക്കോ.

ഞാൻ വന്നിട്ട് വിളിച്ചോളാം.”

 

അവൾ ശരി എന്ന് പറഞ്ഞു വേഗം റെഡിയാകാൻ തുടങ്ങി. ഇന്ന് നേരത്തെ ചെല്ലേണ്ടതാണ്. പക്ഷെ ലേറ്റ് ആയിപ്പോയി.

എന്നാലും സാരമില്ല.

 

തന്റെ ഭർത്താവ് ഇന്ന് നല്ലൊരു പ്രവൃത്തി ചെയ്ത ദിവസമാണ്.

കണ്മുന്നിൽ എത്ര വലിയ ആക്‌സിഡന്റ് നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന ആളുകളുടെ ലോകമാണ് ഇത്..

ഒരാളെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്ന എത്ര ജീവനുകൾ നിസ്സഹായതയോടെ പൊതു നിരത്തുകളിൽ അന്ത്യ ശ്വാസം വലിച്ചിരിക്കുന്നു!

 

അവൾക്ക് തന്റെ ഭർത്താവിനെ കുറിച്ചോർത്ത് അഭിമാനം തോന്നി.

ഇന്ന് മഞ്ഞത്ത് നടക്കാൻ പോകണ്ടെന്ന് വിലക്കിയതാണ്.

എന്നിട്ടും അദ്ദേഹം പോയത്

എത്ര നന്നായിയെന്ന് ഇപ്പോൾ തോന്നുന്നു..

 

ഉടുത്തിരുന്ന സാരിയുടെ ഫ്ലീറ്റ്സ്

ഒന്ന് കൂടി ഒതുക്കിവെച്ചു.

പിന്നെ മകളെയും കൂട്ടി വീടും

പൂട്ടി ഇറങ്ങുമ്പോൾ തണുത്ത

ഒരു പിശറൻ കാറ്റ് വീണ്ടും

വീശിത്തുടങ്ങിയിരുന്നു..

 

ശാലിനി മുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *