ഇങ്ങനെ നാണം കെട്ടു ജീവിക്കേണ്ട കാര്യമുണ്ടോ.. നിനക്ക് ഇഷ്ടമുള്ള, സ്വാതന്ത്ര്യമുള്ള ജീവിതം തേടി പോകരുതോ

“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..”

 

പറഞ്ഞു തീർന്നിരുന്നില്ല !

കോൾ കട്ടായി! അല്ല കട്ടാക്കി.

അല്ലെങ്കിലും എന്തെങ്കിലും വാങ്ങിക്കാൻ പറയുന്നത് തന്നെ കൊല്ലുന്ന ദേഷ്യം ആണല്ലോ.

 

കഴിക്കാൻ വരുമ്പോൾ ശൂന്യമായ പാത്രങ്ങൾ കണ്ട്, മുറികളിൽ ഏതെങ്കിലും ഒരു മൂലയിലെ കാണാതെ പോയ ചിലന്തി വലകൾ കണ്ട് , എത്ര അടുക്കി പെറുക്കി വെച്ചാലും നിര തെറ്റികിടക്കുന്ന അലമാരയിലെ തുണിക്കൂമ്പാരങ്ങൾ കണ്ട്

 

“നിനക്ക് ഇവിടെ എന്താ പണി?”

 

എന്ന ചോദ്യം കേട്ട് കാതുകൾ തഴമ്പിച്ചു പോയിരിക്കുന്നു!

എല്ലാം എത്ര ഭംഗിയായി ചിട്ടയോടെയാണ് അവൾ ചെയ്യുന്നത്. അലമാരയിൽ, നനച്ച് ഉണക്കിയെടുത്ത വസ്ത്രങ്ങൾ ക്രമമായി അടുക്കിപ്പെറുക്കി വെച്ചാലും തിരക്കിട്ടു വന്നു ഇടയിൽ ഇരിക്കുന്ന ഏതെങ്കിലും ഒരു ഡ്രസ്സ്‌ വലിച്ചെടുത്തുകൊണ്ട് വീട്ടിലുള്ളവർ ഓടുമ്പോൾ ചെയ്ത ജോലികൾ എല്ലാം വെറുതെയായല്ലോ എന്ന നിരാശ മാത്രമായിരിക്കും അവളുടെ മനസ്സിലപ്പോൾ.

 

എന്നിട്ടും, രാവിലെ ഒറ്റയ്ക്ക് ആവുന്ന നേരങ്ങളിൽ ഓരോ മുറികളിലും കയറിയിറങ്ങി തൂത്തും തുടച്ചും അടുക്കിപെറുക്കി വെയ്ക്കാൻ അവളല്ലാതെ വേറെ ആരുണ്ട്

ആ വീട്ടിൽ?

ഒരു നല്ല വാക്ക് തിരികെ കിട്ടാൻ ആഗ്രഹം ഏറെ ഉണ്ടെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ എല്ലാം തന്റെ കടമയാണ് എന്ന ഭാവം തലയിലേറ്റി നടക്കുന്ന വെറുമൊരു സാധാരണക്കാരിയാണ് അവൾ.

 

നാളെ ഞായറാഴ്ച ആണ്‌. വീട്ടിൽ ഒന്ന് പോയിട്ട് കുറച്ചു നാളായി. പാവം അമ്മ തന്നെ കാണാൻ കാത്തിരിക്കുന്നുണ്ടാവും.

അതെങ്ങനെയാ…സ്വന്തം വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു പോയാൽ പിന്നെ അന്ന് നൂറു കൂട്ടം തിരക്കുകളാണ്. ബാക്കിയുള്ളവർക്ക് മാത്രം ഒരു തിരക്കുമില്ല.

 

പിള്ളേരുടെ കാര്യം മുഴുവനും നോക്കി, വീട്ടിലെ സകല പണികളും തീർത്തു വെറുതെ ഇരിക്കുന്ന അല്പ നേരത്ത് ആ ഫോണൊന്ന് എടുത്തു നോക്കിയാൽ ഉടനെ ആ ചാറ്റിക്കോ ചാറ്റിക്കോ എന്നുള്ള ഡയലോഗ് ആണ്. ഇല്ലാത്ത കാമുകന്മാർ തനിക്ക് വേണ്ടി മാത്രം എവിടെ നിന്ന് ആ നേരത്ത് പ്രത്യക്ഷപ്പെടുന്നുവോ ആവോ! അവർക്കു മാത്രം എന്തും ആവാം.

ഏത് പാതിരാത്രിയിലും പുറത്തു പോകാം. ഫ്രണ്ട്സിനൊപ്പം കറങ്ങാം.

പെണ്ണുങ്ങളെ പഞ്ചാര അടിക്കാം. വീട്ടിൽ ഒരുത്തിയുള്ളതിന് ഇതൊന്നും പാടില്ല.

പുറത്തു പോകണമെങ്കിൽ നേരത്തെ കാലത്തെ ആ തിരുമുഖം നോക്കി ലക്ഷണ ശാസ്ത്രവും പഠിച്ച് വേണം അനുവാദം വാങ്ങിക്കാൻ.

 

പിന്നെ അടുക്കള ജോലി വേണ്ടുവോളം ഉണ്ടെങ്കിലും ഇത്തരം ഐറ്റംസിനൊന്നും ഒരു ജോലിയും ഇല്ല കൂലിയും ഇല്ല എന്ന കാരണത്താൽ എന്തിനും ഏതിനും കയ്യ് നീട്ടി ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട് ആണ് ഉള്ളത്! വിവാഹം കഴിഞ്ഞാലും ഒരു പെണ്ണിന് സ്വന്തമായി വരുമാനം വേണ്ടത് തന്നെയാണ് എന്നുള്ള പാഠം ഇതിനോടകം തന്നെ അവൾ പഠിച്ചു കഴിഞ്ഞിരുന്നു.

 

എന്നിട്ടും പ്രയോജനം ഒന്നുമില്ലല്ലോ. എങ്ങോട്ടും ജോലിക്ക് വിടാത്ത ഒരാളിന്റെ മുൻപിൽ ഒരു കൈക്ക് പകരം രണ്ട് കൈകളും നീട്ടിത്തന്നെ നിൽക്കണം.

 

അതിനു നീയെന്തിനു നാണിക്കണം.. ഒന്നും നിന്റെ കുറ്റമല്ലല്ലോ..

ഇങ്ങനെ നാണം കെട്ടു ജീവിക്കേണ്ട കാര്യമുണ്ടോ.. നിനക്ക് ഇഷ്ടമുള്ള, സ്വാതന്ത്ര്യമുള്ള ജീവിതം തേടി പോകരുതോ, ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കണോ…??

ഹ്ഹോ,. ചോദിക്കാൻ ഇങ്ങനെ എത്ര പേരാണ് ഇപ്പോൾ എന്റെ നേരെ വിരൽ ചൂണ്ടുന്നത്..!!

പക്ഷെ,പറയാൻ എല്ലാർക്കും എളുപ്പമാണ്.. കുടുംബം, മക്കൾ എന്നൊരു ബലഹീനത തന്നിലെ ദൗർബല്യത്തെ മുതലെടുക്കുന്നത് ആരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ ആവില്ലല്ലോ.. ഇനിയെല്ലാം അനുഭവിക്കുക തന്നെ..

അവളിലെ ഭാര്യ സ്വയം ഇടയ്ക്കിടെ കലഹിക്കുകയും മുറുമുറുക്കും ചെയ്തു കൊണ്ടിരുന്നു.

 

ആഹ്.. എന്ത് ചെയ്യാനാ തലയിൽ വരച്ചത് തൂത്താലും തേച്ചാലും എന്തിന് മൊട്ടയടിച്ചാൽ പോലും മാറില്ലല്ലോ!

അനുഭവിക്കുക തന്നെ.

എന്തെല്ലാം നല്ല ആലോചനകൾ വന്നതാണ്. അന്ന് ജോലി പോരാ, പഠിപ്പ് പോരാ എന്നുള്ള അഹമ്മതിയിൽ ബലം പിടിച്ചു നിന്നു. ഇഷ്ടം തുറന്നു പറഞ്ഞവനോട് നോ എന്ന് തിരിച്ചു പറഞ്ഞു..

 

എന്നിട്ടും,

പ്രേമം എങ്ങനെയൊക്കെയോ പൊട്ടിക്കിളിച്ചു. ഒടുവിൽ പൂത്തുലഞ്ഞ വസന്തത്തിൽ നിന്ന് കൊഴിഞ്ഞു വീണ വാടിയ പൂക്കൾ പെറുക്കി ശോക ഗാനവും പാടി തലയും കുമ്പിട്ട് തിരിഞ്ഞു നടക്കാനായിരുന്നു വിധി. എന്ത് വിധി! എല്ലാം സ്വയം വരുത്തി വെച്ചതല്ലേ?

 

വീട്ടുകാർ, സ്വന്തക്കാർ എന്നൊക്കെയുള്ള സെന്റിമെന്റ്സ് ആവശ്യമില്ലാതെ തോളത്ത് എടുത്തു കൊണ്ട് നടന്നത് കൊണ്ട് ഇന്ന് ഇരുന്ന് നെടുവീർപ്പ് ഇട്ടിട്ട് വല്ല കാര്യവുമുണ്ടോ?

അടുപ്പത്തു വെച്ച ചായയുടെ വെള്ളം വറ്റിപ്പോകുന്നത് അല്ലാതെ വേറൊരു പ്രയോജനവുമില്ല.

കരിഞ്ഞു പോയ പാത്രം കഴുകാനായി അവൾ എഴുന്നേറ്റു.

 

കാർന്നു തിന്നുന്ന ഓർമ്മകളുടെ എണ്ണം കൂടിക്കൂടി വരുന്നത് അടുക്കളയിലെ പാത്രങ്ങൾ കണ്ടാൽ അറിയാം!!

 

നേരം വൈകിത്തുടങ്ങുന്നു.

വെളുപ്പിന് എഴുന്നേറ്റ് ഒരു യന്ത്രം പോലെ ചലിക്കാൻ തുടങ്ങിയതാണ്.

പോയവരൊക്കെ തിരികെയെത്താറായി.

ഇനി അടുത്ത പുതിയ ജോലികളിലേയ്ക്ക് വീണ്ടും നടുവ് വളയ്ക്കാനായി അവൾ എഴുന്നേറ്റു.

 

രാത്രിയിൽ അത്താഴത്തിനു കൊടുത്ത ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു ഏമ്പക്കം വിട്ടു എഴുന്നേറ്റു പോകുന്നവരെ നോക്കി ഒരു നിമിഷം നിന്നു.

അടുത്ത ജന്മത്തിൽ എങ്കിലും ഒരാണായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..

 

കഴിക്കാൻ ആഹാരം എടുത്തു തരുന്ന ഭാര്യയുടെ മുഖം വെറുതെ ഒന്ന് സങ്കല്പിച്ചു.

ഏയ്‌ അത് വേണ്ട. താനും എന്റെ കൂടെ ഇരിക്കൂ എന്ന് പറയുമ്പോൾ അവളുടെ മുഖത്തെ പൂത്തിരി കത്തിച്ച ആ തെളിച്ചം കാണാൻ തന്നെ എന്ത്‌ ചന്തമാണ്. അതാണ് ഒരു കുടുംബ ജീവിതം മധുരോദാരമാകാനുള്ള സുഗമമായ വഴി.

 

“എന്താ കഴിക്കുമ്പോഴും ഒരു ചിരി. ആരെയാ ഈ പാതിരാത്രി ഇരുന്ന് ഓർത്തു ചിരിക്കുന്നത്.. എനിക്ക് കിടക്കണം. നീ വരുന്നുണ്ടോ?”

 

ഓഹ്. അവിടെയും തനിക്കൊരു റോൾ ഉണ്ടല്ലോ. എത്രയെത്ര വേഷങ്ങൾ അണിയുകയും അഴിക്കുകയും ചെയ്താലാണ് ഒരു ഭാര്യയുടെ ജോലി ഓഹ്, സോറി കടമ തീരുന്നത്.

സ്വന്തം ശരീരം പോലും അവൾക്ക് അന്യമാകുന്ന ആ നശിച്ച കടമകളെന്ന കെട്ടു പാടുകൾ പൊട്ടിച്ചെറിയാൻ കെൽപ്പില്ലാത്ത വെറുമൊരു പാഴ്ജന്മം ആയിപ്പോകുന്നു പലയിടത്തും പല ഭാര്യമാരും…

പാത്രങ്ങൾ കഴുകി അവശേഷിച്ച എല്ലാ ജോലികളും തീർത്തിറങ്ങുമ്പോൾ കിടപ്പറയിൽ മാത്രം അപ്പോഴും ബാക്കിയായ, ഒരിക്കലും തീരാത്ത വെറുത്തുപോയ വേണ്ടാത്ത പണികൾ പിന്നെയും പിന്നെയും അവളെയും കാത്ത് കിടന്നിരുന്നു…

 

ശാലിനി മുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *