“ദേ രേവതി… കുറെ നാളായി ഞാൻ പ്രേമമെന്ന് പറഞ്ഞു നിന്റെ പിന്നാലെ നടക്കുവാ.. ഈ കോളേജിൽ ഒരുമാതിരി എല്ലാർക്കും അറിയാം ഈ കാര്യം ഇപ്പോൾ. എല്ലാരും എന്നെ കളിയാക്കാൻ തുടങ്ങി. അതുകൊണ്ട് ഒരു തീരുമാനം വേണം. നാളെ എന്നോട് നീ യെസ് പറയണം… ഇല്ലേൽ നിന്റെ മുഖത്ത് ആസിഡ് ഒഴിക്കും ഞാൻ ”
പിന്നാലെയെത്തി തടഞ്ഞു നിർത്തി സുബിൻ പറഞ്ഞത് കേട്ടിട്ട് ആകെ ഭയന്ന് പോയി രേവതി.
” നീ സങ്കടം ഒന്നും അഭിനയിക്കേണ്ട.. ലാബിൽ നിന്ന് സാധനം ആൾറെഡി എന്റെ കയ്യിൽ എടുത്ത് വച്ചിട്ടുണ്ട്. ഉറപ്പായും നാളെ നീ യെസ് പറഞ്ഞില്ലേൽ ഞാൻ പണി തരും ഓർത്തോ.. ”
അത്രയും പറഞ്ഞു ഒന്ന് തുറിച്ചു നോക്കി അനൂപ് നടന്നകലവേ ഭയത്താൽ അടിമുടി വിറച്ചു പോയി രേവതി. ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആയ രേവതി കോളേജിൽ എത്തി ഒരു മാസത്തിനകം ഫൈനൽ ഇയർ വിദ്യാർത്ഥിയായ അനൂപ് അവളുടെ പിന്നാലെ കൂടിയതാണ് ഇപ്പോൾ രണ്ട് മാസത്തോളമായി അത് തുടരുന്നു. ഒട്ടും താത്പര്യം ഇല്ലാത്തതിനാൽ തന്നെ രേവതി പലപ്പോഴും അവനെ അവഗണിച്ചു. അതിനൊടുവിൽ ആണ് ഇപ്പോൾ ഇങ്ങനെ ഒരു ഭീഷണി.
” എടാ.. ഇത് പ്രശ്‌നം ആകും ഈ അനൂപ് ആള് ഇച്ചിരി പ്രശ്നക്കാരൻ ആണ്. എന്തേലും ചെയ്തെ പറ്റു.. ”
കൂട്ടുകാരിൽ ഒരാൾ ഭീതിയിൽ പറയുന്നത് കൂടി കേൾക്കവേ എന്ത് ചെയ്യണമെന്നറിയാതെ ആകെ കുഴഞ്ഞു രേവതി.
” ഞാൻ ഈ കോളേജിലെ പഠിപ്പ് നിർത്തുവാ.. എന്നെ കൊണ്ട് ആകില്ല ഇതൊന്നും സഹിക്കാൻ.. പേടിയാകുന്നു ”
ഭയത്താൽ പൊട്ടിക്കരഞ്ഞു പോയി രേവതി..
” നീ ഒന്ന് സമാധാനിക്ക് നമുക്ക് എന്തേലും വഴി കാണാം. വാ.. ക്ലാസ്സിലേക്ക് പോകാം ഞാൻ ജീനയ്ക്ക് മെസേജ് ഇട്ടിട്ടുണ്ട് അവൾ ഇപ്പോൾ ക്ലാസിൽ വരും. അവളുടേൽ എന്തേലും ഒരു പോംവഴി ഉണ്ടാകാതിരിക്കില്ല.. ”
കൂട്ടുകാരി ആ പറഞ്ഞ വാക്കുകൾ കേട്ട് പ്രതീക്ഷയോടെ ഒന്ന് തലയുയർത്തി രേവതി.
‘ശരിയാണ് ജീന വരട്ടെ അവൾ വന്നാൽ എന്തേലും പോം വഴി കാണും ‘
ആ ചിന്ത രേവതിയുടെ മനസിന് അല്പം ആശ്വാസം നൽകി. അവരുടെ ക്ലാസ് മേറ്റാണ് ജീന.. അച്ഛൻ ഭരണകക്ഷിയിൽ അല്പം പിടിപാട് ഒക്കെ ഉള്ള ആളായതിനാൽ ആ ഒരു വില ജീനയ്ക്ക് കോളേജിലും കിട്ടാറുണ്ട്. സമയം പിന്നെയും നീങ്ങി.
******************************
“എന്താടാ നീ ഇരുന്ന് കരയുന്നെ എന്താ പ്രശ്നം..”
ജീനയുടെ ശബ്ദം കേട്ട് ഡസ്കിൽ നിന്നും പതിയെ തലയുയർത്തി രേവതി.
അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാൺകെ പ്രശ്നം എന്തായാലും അത് അല്പം സീരിയസ് ആണെന്ന് മനസ്സിലാക്കി ജീന.
” എന്താടാ.. എന്താ സീൻ.. ”
സംശയത്തോടെ വീണ്ടുമവൾ ചോദിക്കവേ മറ്റൊരു കൂട്ടുകാരി പതിയെ നടന്ന സംഭവങ്ങൾ ജീനയ്ക്ക് വിവരിച്ചു. ഒക്കെയും കേൾക്കവേ അവളുടെയും മിഴികൾ കുറുകി.
“ഇതല്പം സീരിയസ് ആണല്ലോ സംഗതി.. ആ ചെറുക്കൻ. ഇച്ചിരി വെടക്ക് ആണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അവനെ പേടിക്കണം വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ടീംസ് ആണ്.”
ആ വാക്കുകൾ കൂടി കേൾക്കെ രേവതിയുടെ ഭയം ഇരട്ടിച്ചു.
” ഞാൻ പഠിപ്പ് നിർത്തുവാ.. എന്നെ കൊണ്ട് പറ്റില്ല ഇതൊന്നും താങ്ങാൻ. ”
അവൾ വീണ്ടും കരച്ചിൽ ആരംഭിക്കവേ പതിയെ അരികിലേക്കിരുന്നു ജീന.
” അങ്ങിനെ പേടിക്കാൻ നിന്നാൽ ജീവിത കാലം മുഴുവൻ ഇതുപോലെ ഒളിച്ചോടണം. ഇവനൊക്കെ തിരക്കി വീട്ടിൽ വേണേലും വരും അങ്ങിനത്തെ ജാതിയാണ്. പരിഹാരം എന്ത് തന്നെയായാലും നീ അപ്പം സ്ട്രോങ്ങ് ആയെ പറ്റുള്ളൂ രേവതി. ഇതുപോലെ ഇനിയും സുബിൻമാർ വന്നേക്കാം നിനക്ക് പിന്നാലെ.. അന്നേരം ഏത് വരെ ഒളിച്ചോടി പോകും നീ”
ആ ചോദ്യം കേൾക്കെ പതിയെ മുഖമുയർത്തി രേവതി.
” എന്താ ജീനാ എന്താ നീ ഉദ്ദേശിക്കുന്നെ..”
മറുപടി പറയാതെ പതിയെ എഴുന്നേറ്റു ജീന..
” വെയിറ്റ്.. ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ എന്നിട്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാം.. ”
ഫോണുമെടുത്തവൾ പതിയെ അകലത്തേക്ക് മാറവേ സംശയത്തോടെതന്നെ നോക്കി ഇരുന്നു രേവതി.
അല്പസമയം നീണ്ട ഫോൺ സംഭാഷണത്തിനൊടുവിൽ അവൾ പതിയെ തിരികെയെത്തി രേവതിയ്ക്കരികിൽ ഇരുന്നു
” എന്താ ജീനാ.. എന്താ നിന്റെ പ്ലാൻ.. ”
കൂട്ടുകാരികളിൽ ഒരുവൾ ആകാംഷയോടെ ചോദിക്കവേ ഒന്ന് ചിരിച്ചു ജീന. ശേഷം രേവതിയെ നോക്കി
” എടോ അച്ഛനോട് ഞാൻ കാര്യം പറഞ്ഞു. അച്ഛന്റെയും അഭിപ്രായം ഞാൻ പറഞ്ഞത് പോലെ തന്നാണ്. ഇവിടെ നീ സ്ട്രോങ്ങ് ആയിട്ടേ കാര്യം ഉള്ളു. അച്ഛന്റെ പാർട്ടിയിലെ ചേട്ടന്മാർ നാളെ കോളേജിൽ ഉണ്ടാകും സഹായത്തിനു പക്ഷെ നീ ചെയ്യേണ്ടത് നീ തന്നെ ചെയ്യണം. ”
ഒന്നും മനസിലാകാതെ തുറിച്ചു നോക്കി ഇരുന്നു രേവതി അത് കണ്ട് പുഞ്ചിരിയോടെ അവളുടെ ചുമലിലേക്ക് കൈ വച്ചു ജീന.
” എടോ നമ്മടെ കോളേജ് ലാബിൽ ആസിഡ് ആവശ്യം പോലെ ഉണ്ട്. അത് ഒരു സുബിൻ വിചാരിച്ചാൽ മാത്രമല്ല കിട്ടുക. നീ വിചാരിച്ചാലും കിട്ടും ”
ആ പറഞ്ഞതിന്റെ അർത്ഥം ആദ്യം മനസ്സിലായില്ലെങ്കിലും പതിയെ പതിയെ രേവതി മനസിലാക്കി. ഉള്ളിൽ ഭയമുണ്ടെങ്കിൽ പോലും ഒരു നിമിഷം അവളുടെ മിഴികൾ ജ്വലിച്ചു.
” എന്താടോ.. ഒന്ന് നോക്കിയാലോ നമുക്ക്.. എന്തേലും കാരണവശാൽ പാളിയാൽ പാർട്ടിക്കാരു ചേട്ടന്മാര് ഇടപെട്ടോളും.. പേടിക്കാൻ ഒന്നുമില്ല.. ”
അത് കൂടി കേൾക്കെ രേവതിയുടെ ഉള്ളിലും ധൈര്യം വന്നു തുടങ്ങി.
” അത് പൊളിക്കും… അവൻ പേടിപ്പിച്ച അതേ രീതിയിൽ അവനിട്ടു തിരിച്ചും ഒന്ന് പണിഞ്ഞാൽ അടിപൊളി ആകും.. ”
മറ്റു കൂട്ടുകാരികളും ആവേശത്തിലായി. അതോടെ ഉള്ളിൽ പൂർണ്ണ ധൈര്യത്തോടെ അത് ചെയ്യാൻ തന്നെ തീരുമാനിച്ചു രേവതി.
പാർട്ടി നേതാവിന്റെ മകൾ എന്ന പരിഗണന ഉള്ളത് കൊണ്ടും കാര്യം അറിഞ്ഞപ്പോൾ ഒപ്പം നിൽക്കാൻ തോന്നിയത് കൊണ്ടും ആസിഡ് സെക്യൂരിറ്റി തന്നെ എടുത്ത് ജീനയ്ക്ക് നൽകി.
” പൊന്ന് മോളെ… അന്നേരം ഹാലിളകി ഇതൊന്നും എടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ചേക്കരുത്.. ഇനി നിയന്ത്രണം വിട്ടു പോയാലും മുഖം ഒഴികെ എവിടേലും ഒഴിച്ചേക്ക് കേട്ടോ ബാക്കി ഒക്കെ നമുക്ക് വരുന്നിടത്തു വച്ച് കാണാം ”
ജീന അത് പറയുമ്പോൾ ഉള്ളിൽ ചെറിയൊരു ഭയം വീണ്ടും തോന്നാത്തിരുന്നില്ല രേവതിക്ക്.
അന്നത്തെ ദിവസം രാത്രി അവൾക്ക് ഉറങ്ങുവാനേ കഴിഞ്ഞില്ല.. പിറ്റേന്ന് എന്താകും എന്ന ഭയത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ. ഒടുവിൽ കണ്ണിൽ ഉറക്കം പിടിക്കുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു.
മുന്നേ പ്ലാൻ ചെയ്ത പ്രകാരം കോളേജ് ഗേറ്റിനരികിൽ ജീന രേവതിയ്ക്കായി കാത്തു നിന്നിരുന്നു. ബസ് ഇറങ്ങിയ രേവതിയും ആദ്യം നോക്കിയത് ജീന എത്തിയോ എന്നാണ്.
” എടോ.. എല്ലാം സെറ്റ് ആണ്. നീ ധൈര്യമായി വാ.. ”
അവളെ കൈ പിടിച്ചു വലിച്ചു കൊണ്ട് ജീന മുന്നേ നടന്നു. കുറച്ചകലെ കാർ പാർക്കിങ്ങിനരികിൽ സുബിൻ രേവതിക്കായി കാത്തു നിന്നിരുന്നു അവനെ കണ്ട പാടെ തന്നെ ഒന്ന് ഭയന്ന രേവതി അവന്റെ കയ്യിലേക്ക് കൂടി നോക്കവേ ആകെ വിറച്ചു തുടങ്ങി
” ജീനാ അവന്റെ കയ്യിൽ ഒരു ബോട്ടിൽ ഉണ്ട് അത്.. അത് ആസിഡ് ആയിരിക്കും.. എനിക്ക് പേടി ആകുന്നുണ്ട്.. നമുക്ക് തിരിച്ചു പോകാം..”
അവൾ പതിയെ ജീനയുടെ പിന്നിലേക്ക് ഒളിച്ചു.
” എന്റെ പൊന്ന് രേവതി അവസാന നിമിഷം ഇങ്ങനെ പ്ലാൻ പൊളിക്കാൻ നിൽക്കല്ലേ.. ചുറ്റിനും നമ്മടെ ആൾക്കാർ ഉണ്ട് പേടിക്കേണ്ട ധൈര്യമായി മുന്നോട്ട് നടന്നോ.. ”
കലി കയറിയെങ്കിലും ജീന അത് പുറത്ത് കാട്ടിയില്ല.
ഒടുവിൽ മറ്റു വഴികൾ. ഇല്ലാതെ ധൈര്യം സംഭരിച്ചു രേവതി മുന്നേ നടന്നു. അവൾ അടുത്ത് എത്തിയ പാടെ സുബിൻ പതിയെ മുന്നിലേക്ക് കയറി വഴി തടഞ്ഞു.
” നീ ലേറ്റ് ആയപ്പോ ഞാൻ കരുതി ഇന്ന് വരില്ലെന്ന് അങ്ങിനാണെൽ നേരെ വീട്ടിലേക്ക് വരാൻ പ്ലാൻ ചെയ്തതാ.. ”
വഷളൻ ചിരിയോടെ കയ്യിൽ ഇരുന്ന ഗ്ലാസ് ബോട്ടിൽ ഉയർത്തി കാട്ടിയാണ് സുബിൻ അത് പറഞ്ഞത്. ഉള്ളാലെ പേടിച്ചെങ്കിലും അത് പുറത്ത് കാട്ടാതെ നിന്നു രേവതി. അവളുടെ മൗനം ജീനയെ ചൊടിപ്പിച്ചു
” ചേട്ടൻ എന്താ ഭീഷണി പെടുത്തുവാണോ… വഴീന്ന് മാറ് ചേട്ടാ ഞങ്ങൾക്ക് ക്ലാസ്സിൽ പോണം. ”
അവൾ ഇടയ്ക്ക് കയറി പറയവേ സുബിന്റെ മുഖം കുറുകി.
” നിനക്ക് പോണേൽ നീ പൊയ്ക്കോ.. ഇവള് ഇന്ന് വരുന്നില്ല.. ഇതേ എന്റെ പെണ്ണാണ് ഞങ്ങൾ ഇന്ന് കറങ്ങാൻ പോവാ.. അല്ലെ രേവതി… ”
മറുപടി പറഞ്ഞു കൊണ്ടവൻ നോക്കുമ്പോൾ അനിഷ്ടത്തോടെ മുഖം കുനിച്ചു രേവതി.
” എന്താ രേവതി.. ഇനിയും യെസ് പറയാൻ തീരുമാനിച്ചില്ലേ നീ.. ഈ ആസിഡ് നിന്റെ മുഖത്തേക്ക് വീണാൽ ഒരു സുഖവും കാണില്ല കേട്ടോ എന്നെ കൊണ്ട് വെറുതെ അത് ചെയ്യിക്കരുത്.”
മറുപടി പറയാതെ വിരണ്ടു നിൽക്കുന്ന രേവതിയുടെ കയ്യിൽ ഒന്ന് നുള്ളി ജീന. അതൊരു സിഗ്നൽ ആയിരുന്നു. മൗനമാകരുത് എന്നുള്ള സിഗ്നൽ.
” ചേട്ടാ.. ദേ വെറുതെ പ്രശ്നം ഉണ്ടാക്കരുത് എനിക്ക് നിങ്ങളെ ഇഷ്ടം അല്ല.. സൊ ഇനി മേലിൽ എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്.. ”
സകല ധൈര്യവും സംഭരിച്ചു കൊണ്ട് രേവതി അത് പറയവേ ആകെ നടുങ്ങി പോയി സുബിൻ അതിലേറെ അപമാനവും തോന്നി അവന്. ചുറ്റും കണ്ട് നിന്നവർ അടക്കി ചിരിക്കുന്നത് കൂടി ശ്രദ്ധിക്കവേ അവന്റെ ഉള്ളിലെ രോഷം അണപ്പൊട്ടി.
” ദേ പെണ്ണെ ഇത് കണ്ടോ.. നിന്റെ മുഖം പുകയ്ക്കും ഞാൻ ഇന്ന് ”
പല്ലിറുമ്മി കൊണ്ട് കയ്യിലിരുന്ന ആസിഡ് ബോട്ടിൽ ഉയർത്തി കാണിച്ചു സുബിൻ. ആ നിമിഷം വീണ്ടുമൊന്ന് ഭയന്നു രേവതി. എന്നാൽ ഇതാണ് പറ്റിയ അവസരം എന്ന് മനസിലാക്കിയ ജീന പെട്ടെന്ന് മുന്നിലേക്ക് ഓടിക്കയറി രേവതിയുടെ ചുമലിൽ കയ്യമർത്തി വലതു കാൽ ഉയർത്തി സുബിന്റെ കയ്യിൽ ഇരുന്ന ആസിഡ് ബോട്ടിലിൽ ആഞ്ഞു തൊഴിച്ചു. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ തന്നെ ബോട്ടിലിൽ ഇറുകെ പിടിക്കുവാനും കഴിഞ്ഞില്ല സുബിന് നിലത്തേക്ക് വീണ് ആ ബോട്ടിൽ ചിന്നി ചിതറുമ്പോൾ എല്ലാവരും ഒന്ന് ഭയന്നു.എന്നാൽ നിലത്തേക്ക് വീണ ആ ദ്രാവകം വെറും വെള്ളം മാത്രമായിരുന്നു എന്നത് നിമിഷങ്ങൾക്കകം തന്നെ മനസിലാക്കി ആ സമയം പകച്ചു നിന്ന സുബിനു മുന്നിലേക്ക് കയറി നിന്നു ജീന
” മോനെ.. ഒരു കുപ്പി വെള്ളവും കൊണ്ട് വന്നാണ് ഈ ഷോ മുഴുവൻ കാട്ടിയത് അല്ലെ….നീ ഒർജിനൽ ആസിഡ് കണ്ടിട്ടുണ്ടോ.. ഇല്ലേൽ ഞങ്ങൾ കാണിച്ചു തരാം ”
അത്രയും പറഞ്ഞവൾ തിരിയുമ്പോൾ പതിയെ ബാഗിനുള്ളിൽ നിന്നും ഒരു ബോട്ടിൽ പുറത്തേക്കെടുത്തു ജീനയ്ക്ക് നൽകി രേവതി. ആ ബോട്ടിൽ. തുറക്കവേ അതിൽ നിന്നും പുറത്തേക്ക് വന്ന പുക കാൺകെ തന്നെ സുബിനൊന്ന് ഭയന്നു.
” ഇത് ഒർജിനൽ സാധനം ആണ്.. ഇത് വച്ചിട്ട് നിനക്കിട്ടു തിരിച്ചൊരു പണി തരാൻ തുനിഞ്ഞു തന്നാ ഞങ്ങൾ വന്നേ… അതുകൊണ്ട് മോൻ ഇനിയെങ്കിലും ഇവളുടെ പിന്നാലെ നടക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചേക്ക് അല്ലേൽ ഈ ആസിഡ് നിന്റെ കിണുങ്ങാമണിയിൽ ഒഴിക്കും ഞങ്ങൾ.. പിന്നെ ഒരു പെണ്ണിനോടും നിനക്ക് ഒരു ഫീലും തോന്നില്ല.. വൈകിക്കേണ്ട ഇപ്പോ തന്നെ അങ്ങട് ഒഴിക്കട്ടെ.. ”
കയ്യിൽ ഇരുന്ന ആസിഡ് ബോട്ടിൽ മുന്നിലേക്ക് വീശി ജീന പറഞ്ഞു നിർത്തുമ്പോൾ ആകെ വിളറി വെളുത്തുപോയി സുബിൻ.
“വേ.. വേണ്ട.. ”
അറിയാതെ രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് വച്ചു പോയി അവൻ
” എന്റെ പൊന്ന് രേവതി ഇനിയേലും വായ തുറന്ന് എന്തേലും ഒന്ന് പറയ് നീ.. ”
രേവതിയുടെ മൗനം ജീനയെ ദേഷ്യം പിടിപ്പിച്ചു അതോടെ അവൾ പതിയെ മുന്നിലേക്ക് വന്നു.
” ദേ ചേട്ടാ.. ഈ ആസിഡ് വെറും ഒറ്റ ദിവസം കൊണ്ടാ ഞങ്ങൾ സംഘടിപ്പിച്ചേ… ആ ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ന്ന് ചേട്ടൻ ഊഹിക്കണം .. എനിക്ക് ചേട്ടനെ ഇഷ്ടമല്ല.. അതുകൊണ്ട് ഇനിയേലും എന്നെ ശല്യം ചെയ്യുന്ന പരിപാടി ചേട്ടൻ നിർത്തണം.. ഇതൊരു അപേക്ഷ അല്ല….. അങ്ങിനെ കാണുകയും വേണ്ട.. ”
അത്രയും പറഞ്ഞു നിർത്തുമ്പോൾ അവളുടെ മിഴികൾ കുറുകിയിരുന്നു.
ആകെ മൊത്തത്തിൽ പകച്ചു പോയ സുബിൻ ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കി.
” നിന്നെ എടുത്തോളാം കേട്ടോ ടീ… ”
നാണക്കേടിൽ ന്ന് രക്ഷപെടാൻ ഒരു പഞ്ച് ഡയലോഗും പറഞ്ഞു പതിയെ തിരിഞ്ഞു നടന്നു അവൻ..
” ഒന്ന് നിന്നെ ചേട്ടാ.. ”
എന്നാൽ. പിന്നെ ഓടിയെത്തി ജീന..
” പൊന്ന് ചേട്ടാ വാശിയൊന്നും ഉള്ളിൽ കൊണ്ട് നടക്കല്ലേ.. ഇപ്പോ തന്നെ ഇവിടെ ചുറ്റും എന്റെ അച്ഛന്റെ പാർട്ടിക്കാർ നിരന്നിട്ടുണ്ട്. രേവതിയെ ചേട്ടൻ എന്തേലും ചെയ്യാൻ മുതിർന്നിരുന്നേൽ അവരെല്ലാം കൂടി ഇന്ന് ചേട്ടനെ അടിച്ചു ഭിത്തിയേൽ കയറ്റിയേനെ.. അതുകൊണ്ട് ആ പാവത്തിനെ ചേട്ടൻ അങ്ങ് മറന്നേക്ക്… അറിയാലോ ഭരണകക്ഷിക്കാരാ.. കൊലപാതകം നടത്തിയാൽ പോലും അവരെ സംരക്ഷിക്കാൻ ആളുണ്ട്. ചേട്ടൻ അതോണ്ട് വെറുതെ ഇറച്ചിയിൽ മണ്ണ് പറ്റിക്കാൻ നിൽക്കേണ്ട കേട്ടോ ”
ചെറിയൊരു ഭീക്ഷണി ആ വാക്കുകളിൽ നിഴലിച്ചിരുന്നത് തിരിച്ചറിഞ്ഞു സുബിൻ. പാർട്ടിക്കാർ ഇടപെട്ടാൽ ദോഷം തനിക്കാണെന്ന് മാനസിലാക്കിയതോടെ മറുപടിയില്ലാതെ തിരിഞ്ഞു നടന്നു അവൻ.
” ജീനാ.. കലക്കിയെടി..”
ഓടി അടുത്തെത്തുമ്പോൾ രേവതി ഏറെ സന്തോഷവതി ആയിരുന്നു.
” എന്ത് കലക്കൽ.. ഇതൊക്കെ അവന്റെ മുഖത്ത് നോക്കി നീ പറയേണ്ട കാര്യങ്ങൾ ആണ്. ”
ജീനയ്ക്ക് ചെറിയ അരിശം തോന്നി തുടങ്ങി.
” എന്റെ പൊന്നോ ഒന്ന് ക്ഷമിക്ക് ആദ്യമായിട്ടല്ലേ ഇനി ഒരു അവസരം വന്നാൽ ഞാൻ പൊളിക്കും ”
ആ ക്ഷമാപണത്തിനു മുന്നിൽ പുഞ്ചിരിച്ചു പോയി ജീന.
“ആ ആസിഡ് എവിടേലും സൂക്ഷിച്ചു വച്ചോ. ചിലപ്പോ ഇനീം അത് ആവശ്യം വരും ”
” അത് ഞാൻ ഏറ്റു.. നിനക്ക് ഇടയ്ക്കിടയ്ക്ക് ആരുടേലുമൊക്കെ കിണുങ്ങാമണി പോകയ്ക്കാൻ ഉള്ളതല്ലേ.”
രേവതിയുടെ മറുപടി ജീനയിലും പൊട്ടിച്ചിരി പടർത്തി. എന്തായാലും ടെൻഷനിൽ നിന്നും വിഷമത്തിൽ നിന്നുമൊക്കെ തത്കാലത്തേക്ക് രേവതി മോചിതയായി
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു