മുഖത്ത് നോക്കി തന്തയ്ക്ക് ഒക്കെ പറഞ്ഞാൽ ആരായാലും പ്രതികരിച്ചു പോകില്ലേ.. നിങ്ങൾ ആണേൽ ഇതല്ലേ ചെയ്യുക.. 

“പോലീസ് നീതി പാലിക്കുക… ”

 

“ക്രിമിനലായ എസ് ഐ ക്ക് എതിരെ നടപടി സ്വീകരിക്കുക. ”

 

പോലീസ് സ്റ്റേഷന് മുന്നിൽ രാവിലെ തന്നെ കോളേജ് വിദ്യാർത്ഥികൾ എസ് ഐ സജീവിനെതിരെ മുദ്രാ വാക്യങ്ങളുമായി തടിച്ചു കൂടിയിരുന്നു. അവർക്ക് മുന്നിലായി തന്നെ ഉണ്ടായിരുന്നു ജീവനും ജിൻസിയും പിന്നെ നീരജും.

 

” മാക്സിമം പ്രശ്നമാക്കണം ഇന്നത്തോടെ ആ പന്ന എസ് ഐ യുടെ പണി തീരണം ”

 

പല്ലിറുമ്മി ജീവൻ.

 

” നമ്മൾ മുന്നിൽ ന്ന് മാക്സിമം ബഹളം ഉണ്ടാക്കി കൊടുത്താൽ മതി പിന്നെ കാര്യം എന്താണെന്ന് പോലും അറിയേണ്ട ആവേശത്തിൽ ആയോണ്ട് പിള്ളേര് കേറി സീൻ ആക്കിക്കോളും ”

 

ജിൻസിയും ഏറെ ആവേശത്തിലായിരുന്നു.

 

ഒക്കെയും നോക്കി നിന്ന ശേഷം പതിയെ രാജീവിന്റെ ക്യാബിനിലേക്ക് ചെന്നു കോൺസ്റ്റബിൾ രാജേഷ്.

 

” സാറേ.. പ്രശ്നം ആണല്ലോ പിള്ളേര് വൻ കലിപ്പിൽ ആണ്. മീഡിയാസ് ഉണ്ട് ഒപ്പം അതോണ്ട് വിരട്ടി ഓടിക്കാനും പറ്റില്ല”

 

മറുപടിയില്ലാതെ അസ്വസ്ഥനായി ഇരുന്നു സജീവ്.

 

” ഇത് മനഃപൂർവം സാറിനെതിരെ ഇഷ്യൂ ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ആഴ്ചത്തെ ബസ് തടയൽ സമരം അടിച്ചൊതുക്കിയതിന്റെ കലിപ്പ്. അന്നത്തെ ആ പിള്ളേര് ആണ് ഇന്നിപ്പോ മുന്നിൽ.”

 

ആ പറഞ്ഞത് കേട്ട് സംശയത്തോടെ രാജേഷിന്റെ മുഖത്തേക്ക് നോക്കി അവൻ.

 

” അതെ സാർ.. അന്ന് സാർ അറസ്റ്റ് ചെയ്ത ആ മൂന്ന് പിള്ളേർ ഉണ്ടല്ലോ.. നീരജും ജിൻസിയും ജീവനും അവരാണ് ഈ പ്രശ്നം ഉണ്ടാക്കാൻ മുന്നിൽ. ഇന്നലത്തെ ഇഷ്യൂവിലെ പിള്ളേരും ഇവരുടെ കോളേജിലെ അല്ലേ ”

 

രാജേഷ് പറഞ്ഞു നിർത്തവെ പതിയെ എഴുന്നേറ്റു സജീവ്.

 

” ഓഹോ അപ്പോ ടാർഗറ്റ് ചെയ്തുള്ള പരിപാടിയാണല്ലേ.. ബട്ട് മീഡിയ ഉള്ളത് കൊണ്ട് ഒന്നും ചെയ്യാനും പറ്റില്ല ഇനീപ്പോ വിളി വരും മുകളിൽ ന്ന് മിക്കവാറും സസ്പെൻഷൻ ആകും ”

ജന്നലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ മുന്നേ പറഞ്ഞ ആ മൂന്ന് പേരെ കൃത്യമായി കണ്ടു അവൻ. ഉള്ളിൽ ഇരച്ചു കയറിയ രോഷം അടക്കി നോക്കി നിന്നു സജീവ്.

 

‘കാപ്പിൽ ബീച്ചിൽ ഇന്നലെ പോലീസ് വിദ്യാർത്ഥികളോട് മോശമായി പെരുമാറി എന്നാരോപിച്ചു എം.എസ് കോളേജ് സ്റ്റുഡന്റ്സ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിക്ഷേധിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോ കണ്ട് കൊണ്ടിരിക്കുന്നത്… ഉച്ച സമയം ബീച്ചിൽ ഉണ്ടായിരുന്ന കുട്ടികളെ പോലീസ് ഒരു പ്രകോപനവുമില്ലാതെ അടിച്ചോടിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതിനു നേതൃത്വം കൊടുത്ത എസ് ഐ സജീവിനെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഇപ്പോൾ ഈ പ്രതിഷേധം നടക്കുന്നത്.’

 

മീഡിയാസ് വാർത്ത വിവാദമാക്കി. അതോടെ പോലീസ് നടപടിയെ അനുകൂലിച്ചു പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു.

 

സജീവ് പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അവനെത്തേടി ഡി വൈ എസ് പി ശങ്കറിന്റെ കോൾ എത്തി.

 

” സജീവ്.. എന്താണ് ഈ കേൾക്കുന്നത് എന്താണ് ഉണ്ടായത്. ”

 

ശങ്കറിന്റെ ചോദ്യം കേട്ട് ആ സംഭവം ചെറുതായൊന്നു വിവരിച്ചു സജീവ്

 

” സർ.. ഇന്നലെ പ്രതിപക്ഷ പാർട്ടിയുടെ പ്രതിക്ഷേധ സമരം കുറച്ചു പ്രശ്നമായി. ഒരു വിധത്തിൽ ആണ് അത് ഒത്തുതീർപ്പ് ആക്കി വിട്ടത്. എന്നിട്ട് സ്റ്റേഷനിലേക്ക് വന്നു കേറുമ്പോ ആണ് അടുത്ത കുരിശ്.. കാപ്പിൽ ബീച്ചിൽ പബ്ലിക് ആയി പിള്ളേരുടെ അനാശാസ്യ പരിപാടികൾ എന്ന് പറഞ്ഞിട്ടാണ് കോൾ വന്നത്. അവിടെ ചെന്നപ്പോ എല്ലാരും കൂടി മെക്കിട്ട് കേറാൻ വന്നു. ആ സമയം ഗതികെട്ട് രണ്ട് പൊട്ടിക്കേണ്ടി വന്നു അതാണ് ഇപ്പോ ഈ പ്രശ്നം ”

 

ആ വിവരണം കേട്ട് ഒരു നിമിഷം മൗനമായി ശങ്കർ.

 

” സജീവ്.. സംഭവം അല്പം സീരിയസ് ആണ്. ഇതിപ്പോ മീഡിയാസ് ഇടപെട്ട സ്ഥിതിക്ക് പ്രശ്നം ഇങ്ങനെ തുടർന്നാൽ തനിക്കെതിരെ നടപടി ഉണ്ടായേക്കും. എങ്ങിനെയെങ്കിലും പിള്ളേരുമായി ഒന്ന് ഒത്തുതീർപ്പിൽ എത്ത് വേഗം തന്നെ.. അല്ലേൽ പിന്നെ എന്റെ കയ്യിലും നിൽക്കില്ല ഒന്നും. ”

 

അയാൾ പറഞ്ഞത് കേട്ട് പതിയെ ജന്നൽ വഴി പുറത്തേക്ക് ഒന്നുകൂടി നോക്കി സജീവ്. വിദ്യാർത്ഥികൾ വലിയ രീതിയിൽ പ്രകോപിതരായി തുടങ്ങിയിരുന്നു. അവർക്ക് മുന്നിലായി തന്നെ നീരജും ജീവനും ജിൻസിയും ഉണ്ടായിരുന്നു. അവരെ വീണ്ടും കണ്ടപാടേ രാജീവിന്റെ മിഴികൾ കുറുകി.

 

” സർ. ഈ പ്രശ്നം ഇവർ മനഃപൂർവം ഉണ്ടാകുന്നതാണ്. ദേ ആ നിൽക്കുന്ന മൂന്ന് പിള്ളേർ… കഴിഞ്ഞ ആഴ്ച ഇവരുടെ കോളേജ് ജംഗ്ഷനിൽ ബസ് നിർത്തുന്നില്ല എന്ന് എന്ന് പറഞ്ഞിട്ട് പാർട്ടിയുടെ ബേസിൽ ഒരു ബസ് തടയൽ പരിപാടി നടത്തിയിരുന്നു. അതറിഞ്ഞിട്ടാണ് ഞങ്ങൾ അവിടേക്ക് ചെന്നത്. ഇവര് ഭയങ്കര അലമ്പ് ആയിരുന്നു. ഒരു തരം ഗുണ്ടായിസം. സംഭവം ശെരിയാണ് ബസ് നിർത്താറില്ല. പക്ഷെ അതും പറഞ്ഞിട്ട് ഇവര് ഭയങ്കര അക്രമം കാട്ടി. ഒരു പ്രായമായ കണ്ടക്ടറിനെ ബസിൽ നിന്നും വലിച്ചു താഴെ ഇട്ടു. അത് കണ്ടിട്ട് പിന്നെ നോക്കി നിൽക്കാൻ പറ്റിയില്ല എല്ലാത്തിനെയും അടിച്ചു അകത്ത് കയറ്റി ഞങ്ങൾ. അതിൽ ഈ മൂന്നെണ്ണം ഉൾപ്പെടെ കുറച്ചു പേരെ കസ്റ്റഡിയിലും എടുത്തു. സമരം പൊളിഞ്ഞു നാണം കെട്ട കലിപ്പിൽ നിൽക്കുമ്പോൾ ഇങ്ങനൊരു ഇഷ്യൂ കിട്ടിയപ്പോ അവര് എനിക്കെതിരെ ഉപയോഗിക്കുന്നതാണ് ഇപ്പോ ഈ കാണുന്ന പ്രതിഷേധം. ”

 

അത് കേൾക്കെ ഏകദേശം കാര്യത്തിന്റെ ഗൗരവം മനസിലാക്കി ശങ്കർ.

 

“ബട്ട്‌.. സജീവ്. ഇനീപ്പോ എന്താ ചെയ്ക”

 

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൻ.

 

” സർ.. ഈ പ്രശ്നം കൂടുതൽ വഷളാകാതെ ഞാൻ നോക്കാം ഒരു വഴി കണ്ടിട്ടുണ്ട്.. സാർ ടീവിയിൽ ന്യൂസ്‌ ചാനൽ നോക്കിക്കോ..”

 

അവൻ അത് പറയുമ്പോൾ ആകാംഷയിൽ ആയി ശങ്കർ.

 

” എന്താടോ.. എന്താ പരിപാടി.. പ്രശ്നം ഒന്നും ഉണ്ടാക്കിയേക്കല്ലേ പിന്നെ ആകെ സീൻ ആകും ”

 

മുന്നറിയിപ്പ് നൽകി അയാൾ കോൾ കട്ട്‌ ചെയ്തു. അതോടെ ഓഫീസ് മുറി വിട്ട് പുറത്തേക്ക് വന്നു സജീവ്.

 

” എന്താ സാർ.. പുറത്തേക്ക് ആണേൽ ഇപ്പോ പോണ്ട. പിള്ളേര് ചിലപ്പോ പ്രശ്‌നം ആക്കും ”

 

ഓടി അരികിലേക്ക് വന്ന രാജേഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പതിയെ സ്റ്റേഷന് വെളിയിലേക്കിറങ്ങി സജീവ്.

 

” ടാ ദേ അയാള്.. ”

 

ജീവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ നീരജിന്റെയും ജിൻസിയുടെയും മിഴികൾ തുറിച്ചു.

 

” പുറത്തിറങ്ങി അയാൾ.. ബഹളം കൂട്ടിക്കോ.. അലമ്പ് ആക്കി രണ്ട് പൊട്ടിക്കാൻ പറ്റിയാൽ അത് ബോണസ്.. ”

 

നീരജ് ആവേശത്തിലായി.

 

” ക്രിമിനലായ എസ് ഐ ക്ക് എതിരെ നടപടി എടുക്കുക.. ”

 

സജീവിനെ കണ്ടതോടെ മുദ്രാവാക്യങ്ങൾ ഉച്ചത്തിലായി. ഒരു പ്രശ്നം ഉണ്ടായേക്കും എന്ന് കണക്ക് കൂട്ടി മീഡിയാസ് കൂടുതൽ ജാഗരൂകരായി. സജീവിന് പിന്നാലെ തന്നെ മറ്റു പോലീസുകാരും പുറത്തേക്കിറങ്ങി.

 

” അടി തുടങ്ങുവാണേൽ മുന്നിൽ നിൽക്കാതെ ഓടിക്കോണം കേട്ടോ ”

 

ജീവൻ പതിയെ ജിൻസിയുടെ കാതുകളിൽ പറഞ്ഞു.

 

പതിയെ വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് നടന്നു സജീവ്.

 

” ഇയാൾ അങ്ങട് പോയി അടി വാങ്ങാനുള്ള പ്ലാൻ ആണോ ”

 

പോലീസുകാരും പരസ്പരം അടക്കം പറഞ്ഞു.

 

മുദ്രാവാക്യങ്ങൾ വിളിച്ചു ബഹളം വയ്ക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് പുഞ്ചിരിയോടെ പോയി നിന്നു സജീവ്. ജിൻസിയും ജീവനും നീരജുമെല്ലാം ഒരുപോലെ അമർഷം കടിച്ചു പിടിച്ചു നിന്നു.

 

ഒരു നിമിഷം മൗനമായി നിന്ന ശേഷം സൈലന്റ് ആകു എന്ന അർത്ഥത്തിൽ കൈകളും ഉയർത്തി സജീവ്.

 

” ഒരു നിമിഷം നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്കു.. ”

 

അവൻ ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ അല്പസമയം കൂടി ബഹളം വച്ച് വിദ്യാർത്ഥികൾ പതിയെ ശാന്തരായി..

 

” ഞങ്ങൾക്ക് തന്റെ ന്യായങ്ങൾ ഒന്നും കേൾക്കണ്ട.. എസ് ഐ സജീവിനെതിരെ നടപടി സ്വീകരിക്കുക… ”

 

സജീവിനെ സംസാരിക്കാൻ അനുവദിക്കാതെ വീണ്ടും മുദ്രാവാക്യം വിളിച്ചു ജീവൻ..

 

എന്നാൽ ഇത്തവണ കൂടെ ഏറ്റു വിളിക്കാൻ ജിൻസിയും നീരജും മാത്രമേ ഉണ്ടായിരുന്നുള്ളു.. മറ്റു വിദ്യാർത്ഥികൾ സജീവിന് പറയാനുള്ളത് കേൾക്കുവാൻ തയ്യാറായിരുന്നു. അതോടെ ഇളിഭ്യരായി ആ മൂന്ന് പേർ.

 

മീഡിയാ പ്രവർത്തകർ അതിനിടക്ക് മൈക്കുമായി സജീവിന് മുന്നിൽ എത്തിയിരുന്നു.

 

ആ സമയം തന്നെ ന്യൂസ്‌ ചാനൽ നോക്കി ഇരുന്ന ശങ്കറും ആകാംഷയിലായി. എല്ലാവരും ശാന്തരായതോടെ പതിയെ സംസാരിച്ചു തുടങ്ങി സജീവ്.

 

” നോക്ക്.. ഇന്നലെ നടന്ന സംഭവം അത് ഒരിക്കലും മനഃപൂർവം ചെയ്തതല്ല അത് സംഭവിച്ചു പോയതാണ്.. ”

 

” സാർ.. എന്താണ്.. എങ്ങിനെ സംഭവിച്ചു പോയെന്നാണ് താങ്കൾ പറയുന്നത് ”

 

തോക്കിനുള്ളിൽ കയറി വെടി വയ്ക്കുവാനുള്ള തന്ത്രപ്പാടിലായിരുന്നു മീഡിയാസ്.

 

” നിങ്ങൾ ഞാൻ പറയുന്നത് ദയവായി കേൾക്കണം.. എന്നിട്ട് വേണേൽ പ്രതിക്ഷേധിച്ചോളൂ.. ”

 

“താൻ ഒന്നും പറയേണ്ട.. എന്ത് പറഞ്ഞാലും നിങ്ങടെ തൊപ്പി തെറിക്കാതെ ഞങ്ങൾ ഇവിടുന്ന് പോകില്ല ”

 

ജിൻസിയും വിട്ടു കൊടുത്തില്ല. അത് കേട്ടിട്ട് വകവയ്ക്കാതെ ബാക്കി പറഞ്ഞു സജീവ്.

 

” കാപ്പിൽ ബീച്ചിൽ മിക്കപ്പോഴും പകൽ സമയങ്ങളിൽ കമിതാക്കലും കോളേജ് പിള്ളേരുമൊക്കെ വരുന്നുണ്ടെന്നും പരസ്യമായും കുടക്കീഴിൽ ഇരുന്നുമൊക്കെ കാമകേളികൾ നടത്തുന്നുവെന്നും പല വട്ടം പരാതികൾ കിട്ടിയിട്ടുണ്ട്. മീഡിയാസ് വരെ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. നിഷ്‌ക്രിയരാണെന്ന് പറഞ്ഞു പോലീസ് ഫോഴ്സിനെ കളിയാക്കിയിട്ടുമുണ്ട്. ഈ ഒരു സാഹചര്യസത്തിൽ ഇന്നലെ കിട്ടിയ പരാതിയിന്മേൽ ആണ് ഞാൻ അടങ്ങുന്ന സംഘം അവിടെയെത്തിയത്. അവിടെയെത്തുമ്പോൾ ഈ പറഞ്ഞ പോലെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. അവരോട് വളരെ മാന്യമായിട്ട് തന്നെയാണ് ഇത്തരം പരിപാടികൾ പബ്ലിക് സ്ഥലങ്ങളിൽ പറ്റില്ല അവിടെ നിന്ന് പോകണം എന്ന് ആവശ്യപ്പെട്ടത്. ”

 

ഒന്ന് നിർത്തി മീഡിയാസിന് നേരെ തിരിഞ്ഞു സജീവ്.

 

” അന്നേരം അതിൽ ഒരുത്തൻ എന്റെ തന്തക്ക് വിളിച്ചു. എന്നിട്ട് എന്റെ തന്തയുടെ വകയാണോ ഈ ബീച്ച് എന്നൊരു ചോദ്യവും… സംസാരിക്കുമ്പോ നല്ല സ്മെല്ല് ഉണ്ടായിരുന്നു സമീപത്തു പരതിയപ്പോ രണ്ട് ബീയർ ബോട്ടിലുകളും കിട്ടി അതിൽ ഒന്ന് പാതി കുടിച്ചതായിരുന്നു. പിന്നെ…തന്തക്ക് ഒക്കെ മുഖത്ത് നോക്കി വിളിച്ചാൽ ആരാ തല്ലി പോകാത്തത്. ഞാനും തല്ലി അത് പോലീസ് ആയിട്ട് ഒന്നുമല്ല.തന്തയ്ക്ക് പിറന്ന മകനായിട്ട് ആണ്.”

 

അത്രയും പറഞ്ഞു വീണ്ടും അവൻ വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു

 

” മുഖത്ത് നോക്കി തന്തയ്ക്ക് ഒക്കെ പറഞ്ഞാൽ ആരായാലും പ്രതികരിച്ചു പോകില്ലേ.. നിങ്ങൾ ആണേൽ ഇതല്ലേ ചെയ്യുക..

ഞാനും അത്രയേ ചെയ്തുള്ളു. അന്നേരം ആ പ്രശ്നത്തെ അവർ പോലീസ് സദാചാരം പറഞ്ഞെന്നൊക്കെ വ്യാഖ്യാനിച്ചു പ്രശ്നമാക്കി ഒടുവിൽ വലിയൊരു സംഘർഷം ആകാതിരിക്കാൻ എല്ലാവരെയും നിർബന്ധിതമായി പറഞ്ഞയക്കേണ്ടി വന്നു. ഇതാണ് സംഭവിച്ചത് ”

 

സജീവ് ഇത്രയും പറഞ്ഞു നിർത്തുമ്പോൾ കൂടി നിന്ന വിദ്യാർത്ഥികളുടെ മുഖഭാവത്തിൽ നിന്നും പ്രതിഷേധം പൊളിഞ്ഞേക്കുമോ എന്നൊരു തോന്നൽ നീരജിനെയും ജീവനെയും ജിൻസിയെയും വലച്ചു.

 

” സാർ അപ്പോ വിദ്യാർത്ഥികളെ തല്ലിയോടിച്ചതിൽ തെറ്റില്ല എന്നാണോ പറയുന്നേ. ”

 

ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം കേട്ട് അവർക്ക് നേരെ തിരിഞ്ഞു സജീവ്.

 

” നോക്കു.. അവിടെ അതിനും വേണ്ടി ആരെയും തല്ലി ഓടിച്ചിട്ടില്ല.. പ്രശ്നം വഷളായപ്പോ തത്കാലം പോകാൻ ആവശ്യപ്പെട്ടപ്പോഴും തയ്യാറാകാതെ തിരിച്ചു ബഹളം വയ്ക്കാൻ നിന്നവർക്ക് മാത്രമാണ് ലാത്തി വച്ച് ഒന്ന് രണ്ട് അടി കൊടുത്തത്. ഇനി അതും ഒരു തെറ്റായി പോയെങ്കിൽ പരസ്യമായി മാപ്പ് ചോദിക്കുന്നു ഞാൻ. ”

 

ഇത്തവണ ശെരിക്കും പണി പാളിയെന്ന് മനസിലാക്കി നീരജും ജാൻസിയും ജീവനും.

 

” ഇങ്ങേര് പറയണത് ശെരിയാണ് കേട്ടാ.. വേറെ അലമ്പ് ഒന്നും അവിടെ ഉണ്ടായില്ലെന്നാ ഞാനും അറിഞ്ഞേ.. ”

 

വിദ്യാർത്ഥികൾക്കിടയിൽ തന്നെ അഭിപ്രായങ്ങൾ മാറി തുടങ്ങിയിരുന്നു. അതോടെ രണ്ടും കല്പ്പിച്ചു മുന്നിലേക്ക് ചെന്നു ജീവൻ.

 

” ഇതൊക്കെ ഇവരുടെ അടവാണ് നമ്മളെ തിരിച്ചയക്കാൻ… ഇന്നലെ ക്രൂരമായി തല്ലിയോടിച്ചിട്ട് ഇന്നിപ്പോ തന്റെ മാപ്പ് ഞങ്ങൾക്ക് വേണ്ടടോ.”

 

അവൻ വിളിച്ചു പറയുമ്പോൾ സപ്പോർട്ട് വളരെ കുറവായിരുന്നു. അത് കണ്ട് പതിയെ പുഞ്ചിരിച്ചു സജീവ്.

 

” അനിയാ.. എന്ത് അടവ്.. ഞങ്ങടെ കയ്യിൽ വീഡിയോസ് ഉണ്ട് അവിടെ നടന്നതിന്റെ അത് ദേ ഇപ്പോ തന്നെ ചാനലുകാർക്ക് കൊടുക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന പകുതിയിൽ അധികം വിദ്യാർത്ഥികളും മദ്യപിച്ചിരുന്നു. മാത്രമല്ല പ്രായം പോലും നോക്കാതെ ഞങ്ങടെ ടീമിലെ മുതിർന്ന പോലീസ് ഓഫീസേർസിനെ വരെ അവര് തെറി വിളിച്ചു. ഇത്രയൊക്കെ ചെയ്തിട്ടുണ്ട് രണ്ട് കൊട്ട് മാത്രം കൊടുത്തു വീട്ടിൽ വിട്ടതാണോ ഞങ്ങൾ ചെയ്ത തെറ്റ്.. ”

 

അത്രയും പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്ത് മീഡിയാസിന് നൽകി അവൻ.

 

” ഇന്നലെ നടന്ന സംഭവങ്ങളുടെ വീഡിയോസ് ആണ്. പിള്ളേര് പോലീസിനെതിരെ ഇതേ വീഡിയോസ് തന്നെ അവിടെ ഇവിടെയൊക്കെയായി കട്ട്‌ ചെയ്ത ഭാഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതാണ് അതിന്റെയൊക്കെ പൂർണ്ണ രൂപം. പിള്ളേരുടെ ഫേസ് ഞങ്ങൾ ബ്ലർ ആക്കിയിട്ടുണ്ട്. അവരുടെ ഭാവി വെറുതെ നശിപ്പിക്കേണ്ടല്ലോ.. ”

 

അതോടെ പതിക്ഷേധം പൂർണ്ണമായും പരാജയപ്പെട്ടത് തിരിച്ചറിഞ്ഞു നീരജും ജീവനും ജിൻസിയും. വിദ്യാർത്ഥികൾ എല്ലാം സജീവിന്റെ വിവരണത്തിൽ തൃപ്തരായിരുന്നു. അത് മനസിലാക്കി അവസാനത്തെ ആണി കൂടി അടിച്ചു സജീവ്.

 

” നിങ്ങൾക്ക് നേരെ ശത്രുതയുമായി ഇത് വരെ പോലീസ് വന്നിട്ടില്ല. ഇനി വരികയും ഇല്ല. കഴിഞ്ഞയാഴ്ച ബസ് തടഞ്ഞു സമരം ചെയ്തപോഴും അച്ഛനെക്കാൾ പ്രായമുള്ള ഒരാളെ ബലമായി വലിച്ചു താഴെ ഇട്ടപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടത്. കാരണം അതൊക്കെ മനുഷ്യത്വരഹിതമായ കാര്യങ്ങൾ ആണ്. സോ വെറുതെ പ്രശ്നത്തിന് നില്കാതെ എല്ലാവരും പിരിഞ്ഞു പോണം. ഒരു അപേക്ഷയാണ് ഇത്. ”

 

സജീവ് പറഞ്ഞു നിർത്തുമ്പോൾ വിദ്യാർത്ഥികൾ അത് അംഗീകരിച്ചു.

 

” ഇവൻ ആള് പൊളിയാണല്ലോ ”

 

ശങ്കർ അടക്കം ആ ന്യൂസ്‌ റിപ്പോർട്ട്‌ കണ്ടിരുന്ന പല സീനിയർ ഉദ്യോഗസ്ഥരും ആത്മഗതം പറഞ്ഞുപോയി. അതിനോടകം തന്നെ സജീവ് നൽകിയ വീഡിയോ ക്ലിപ്പ് ചാനലുകളിൽ കാണിച്ചു തുടങ്ങിയിരുന്നു. അതോടെ പൂർണമായും പോലീസിന് ഈ പ്രശ്നത്തിൽ ഉള്ള നിരപരാധിത്വം തെളിയിക്കപ്പെട്ടു.

 

” ഇതൊരുമാതിരി മറ്റേടത്തെ പണി ആയി പോയി. ”

 

തിരികെ നടക്കുമ്പോൾ നിരാശയോടെ പറഞ്ഞു ജാൻസി.

 

“ഹലോ ഒന്ന് നിന്നെ…”

 

സജീവ് പിന്നിൽ നിന്ന് വിളിക്കവേ അല്പം ഭയത്തോടെയാണ് ആ മൂന്ന് പേരും നിന്നത്.

അവർക്ക് മുന്നിലേക്കെത്തി ഒന്ന് പുഞ്ചിരിച്ചു അവൻ ശേഷം ജീവന്റെ ചുമലിൽ കൈ വച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

 

” ഇനി മേലിൽ ഇമ്മാതിരി ഓഞ്ഞ പണിയുമായി എന്റെ മുന്നിൽ വന്നാൽ ഇടിച്ചു പരിപ്പെടുത്തു നിക്കറിൽ മുള്ളിക്കും മൂന്നിനേയും ഞാൻ ഓർത്തോ ”

 

പതിഞ്ഞ സ്വരത്തിലായിരുന്നെങ്കിലും നല്ല കനത്തിലുള്ള ഒരു ഭീക്ഷണിയായിരുന്നു അത്. ആ മൂന്ന് പേരുടെ പത്തി താഴ്ത്താൻ അത് തന്നെ ധാരാളമായിരുന്നു. മൗനമായി അവർ നടന്നകലുമ്പോൾ പതിയെ സ്റ്റേഷനിലേക്ക് കയറി സജീവ്

 

” സാറ് പൊളിച്ചു ”

 

അത് പറയുമ്പോൾ രാജേഷ് ആകെ ആവേശത്തിലായിരുന്നു.

 

മീഡിയാസ് വഴി ആ വീഡിയോ പ്രചരിച്ചതിനൊപ്പം തന്നെ ഉഗ്രൻ പ്രസംഗം കൂടിയായപ്പോൾ സജീവ് അന്നത്തെ സോഷ്യൽ മീഡിയാ താരമായി മാറി.

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *