(രചന: ശ്രീജിത്ത് ഇരവിൽ)
താനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമുണ്ടോയെന്ന് യാതൊരു മുൻപരിചയവും ഇല്ലാത്തയൊരു മനുഷ്യൻ ചോദിച്ചിരിക്കുന്നു. ഞാനങ്ങ് പേടിച്ച് പോയി. ആ വെപ്രാളം കണ്ട് ബസ്റ്റോപ്പിലെ പലരുടേയും ശ്രദ്ധ എന്നിലേക്ക് വീണു. അയാൾ രഹസ്യമായി എന്നോട് പറഞ്ഞത് ഞാൻ പരസ്യമാക്കി. തുടർന്ന് നടന്നതിനൊന്നും എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. അയാൾ ആശുപത്രിയിൽ ആയെന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നീട് ആ മനുഷ്യനെ ഞാൻ കണ്ടതേയില്ല. പക്ഷെ, മനസ്സിൽ പലപ്പോഴും അയാളൊരു കുറ്റബോധമായി ഉടക്കി നിന്നു. തന്റെ ആഗ്രഹത്തിന് അനുവാദമുണ്ടോയെന്ന് ചോദിച്ചതിലുള്ള തെറ്റ് എന്താണെന്ന് എനിക്കും കണ്ടെത്താനായില്ല. എങ്കിലും, കൃത്യമായി മനസ്സിലാക്കാൻ പറ്റാത്തയൊരു ശരികേട് ഉള്ളിൽ തെളിഞ്ഞ് നിൽക്കുന്നു.
‘അനുവാദമില്ലാതെയെന്റെ ദേഹത്ത് തൊട്ട് പോകരുത്…’
എത്രയോ പെണ്ണുങ്ങൾക്ക് പറയേണ്ടി വന്നിട്ടുള്ള വാചകമാണിത്. ആ പുരുഷൻ അനുവാദമല്ലേ എന്നോട് ചോദിച്ചിരിക്കുന്നത്. ഇത്രയും പുരോഗമന ചിന്താഗതിയുള്ള ഞാൻ എന്തിനാണ് പതറിയത്! അന്നത്തെ ആ ഭയപ്പാടിന്റെ ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. പിൻവലിഞ്ഞുമില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.
‘എസ്ക്യൂസ് മി…’
വീണ്ടും കണ്ടിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചത് പോലെ ആ മനുഷ്യൻ വീണ്ടുമൊരു നാൾ എന്റെ മുന്നിൽ തെളിഞ്ഞു. കണ്ടാൽ ചോദിക്കാൻ കരുതിയിരുന്ന ചോദ്യവുമായി ധൈര്യത്തോടെ ഒരടി ഞാൻ മുന്നോട്ട് നീങ്ങി. എന്ത് ധൈര്യത്തിലാണ് നീയത് ചോദിച്ചതെന്ന് ആരായുകയും ചെയ്തു.
‘എനിക്ക് ഇയാളെ ഇഷ്ടമാണ്. അതാ, ഞാനന്ന്… അങ്ങനെ…’
പ്രേമമാണോയെന്ന് ചോദിച്ച് ഞാൻ ചിരിച്ചു. അതേയെന്ന് മൊഴിഞ്ഞ് അയാൾ നാണിക്കുകയും ചെയ്തു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. ഇതൊക്കെയാണൊ പ്രേമമെന്ന് ശബ്‌ദിച്ച് ഞാൻ നടക്കുമ്പോൾ ആ മനുഷ്യനും പിന്തുടരുന്നുണ്ടായിരുന്നു. പിടിച്ച് പോലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അയാൾ പിൻവാങ്ങിയത്. അപ്പോഴും വിഷയത്തിലെ തെറ്റ് എന്താണെന്ന് കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. എങ്കിലും, അതിലൊരു ശരികേട് തെളിഞ്ഞ് തന്നെ നിൽക്കുന്നു…
ഓർത്താൽ ഒരു കാര്യം വ്യക്തമാണ്. പ്രേമാഭ്യർത്ഥനകൾ പോലെയാണ് കാമാഭ്യർത്ഥനകളുമെന്ന് ഈ ലോകം തലയിൽ ചുറ്റിയിരിക്കുന്നു. രണ്ടും സമാന തലങ്ങളാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ഇണയോടുള്ള രതിബോധം നടപ്പിലാക്കാൻ ഉപയോഗിക്കുന്ന സൂത്രപ്പണികളല്ലേ പ്രേമമെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഉണ്ടെന്ന് കരുതുന്ന ആ തെറ്റ് എന്താണെന്ന് അപ്പോഴും അങ്ങനെ തെളിയാതെ നിൽക്കുകയാണ്.
‘ഇയാളോടെ എനിക്കങ്ങനെ തോന്നിയുള്ളൂ… അപ്പോൾ ചോദിക്കണ്ടേ… അതല്ലേ അതിന്റെയൊരിത്…’
ഇങ്ങനെ പറയാൻ വേണ്ടി പിന്നീടും അയാൾ എന്നെ തേടിവന്നു. കൺസന്റ് ചോദിക്കുന്നതല്ലേ മര്യാദയെന്ന് ആ മനുഷ്യൻ വാദിക്കുകയാണ്. എന്റെ ശരീരത്തെ അയാൾ അത്രയ്ക്കും മോഹിക്കുന്നുവത്രെ. വീണ്ടും ആളെ കൂട്ടി തല്ലിപ്പിക്കാൻ എനിക്ക് തോന്നിയില്ല. അയാളെ പറഞ്ഞ് ബോധ്യപ്പെടുത്താനും സാധിച്ചില്ല. ആ നിമിഷങ്ങളുടെ അസ്വസ്ഥതയിലാണ് റോഡരികിൽ നിൽക്കുന്നയൊരു തൂവാല വിൽപ്പനക്കാരനെ ഞാൻ ശ്രദ്ധിക്കുന്നത്.
‘എനിക്കായി ഒരു തൂവാല വാങ്ങിത്തരൂ…’
അയാൾ സംശയിച്ചു. ശേഷം എന്റെ ആഗ്രഹം സാധിപ്പിച്ച് തരാൻ കിട്ടിയ അവസരം പോലെ ആ മനുഷ്യൻ അനുസരിക്കുകയും ചെയ്തു. തുടർന്ന് എന്റെ കണ്ണുകളിൽ തെളിഞ്ഞത് കൈയ്യിൽ വെളുത്ത തൂവാല പിടിച്ച് ബസ്സിനായി കാത്തിരിക്കുന്ന ഒരു സ്ത്രീയിലേക്കായിരുന്നു. അത് കൂടി വേണമെന്ന് അയാളോട് ഞാൻ പറഞ്ഞു. അതെങ്ങനെ ശരിയാകുമെന്ന ചിന്തയിൽ ആ മനുഷ്യൻ അങ്ങനെ നിൽക്കുന്നതും നോക്കി ഞാൻ അകലുകയായിരുന്നു.
അയാൾ ചിന്തിക്കട്ടെ. കാര്യം എന്ത് തന്നെ ആയാലും വിൽക്കാൻ നിൽക്കുന്നവരോട് മാത്രമേ മുൻപരിചയമില്ലാതെ ആവശ്യങ്ങൾ പറയാനുള്ള അവകാശം നമുക്കുള്ളൂ. പരസ്പരം ഇടപെടുന്ന സ്വകാര്യ തലങ്ങളിൽ നിന്ന് മാത്രം ഉയർത്തേണ്ട കാര്യങ്ങളും ജീവനുകളിൽ ഉണ്ടെന്ന് അയാൾ മനസിലാക്കണം. വാർത്തെടുക്കാൻ ശ്രമിക്കേണ്ട പൗരബോധവും അങ്ങനെ തന്നെയാണ്.
ഈ ലോകം മനോഹരമാകുന്നത് മനുഷ്യർ തമ്മിൽ ചേരുമ്പോൾ ആണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ, ആർക്കൊക്കെ ആരോടൊക്കെ ഒരു പരിധിക്കപ്പുറം അടുക്കാമെന്നതിൽ വ്യവസ്ഥത ഉണ്ടാകേണ്ടതുണ്ട്. അത് എവിടെയും എഴുതിവെച്ച് പാലിക്കാൻ പറ്റുന്ന നിയമങ്ങളൊന്നുമല്ല. മനുഷ്യനെ മനുഷ്യനാക്കുന്ന ചില മനസിലാക്കലുകളാണ്.
പൂർണ്ണമായും ആർക്കും ആരെയും അറിയാൻ പറ്റില്ലെന്ന് പറയുമ്പോഴും സാമാന്യ ബോധമെന്ന സംഗതിയൊന്ന് ഉണ്ടല്ലോ… താമസക്കാരുള്ള വീട്ടിൽ കയറി ഇത് കൊടുക്കുന്നോയെന്ന് ചോദിക്കുന്നതിലെ അനൗചിത്യം തന്നെയാണ് അപരിചിതന്റെ സ്വകാര്യതകളിൽ ഇടപെടുമ്പോഴും വെളിവാകുന്നത്. അനുഭൂതിയെന്ന് വരുമ്പോഴുള്ള എല്ലാ അനുമതികളും തേടേണ്ടത് ആ തലത്തിൽ ഇടപെടുന്നവർ തമ്മിലാണ്. അത് അത്രയ്ക്കും സ്വാഭാവികമായി സംഭവിക്കുമ്പോഴാണ് മനുഷ്യർ തൃപ്തരാകുന്നത്. പരസ്പരമുള്ള ബന്ധം മൂല്യപ്പെടുന്നതും അപ്പോഴാണ്….!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ