ഞാൻ പ്രഗ്നന്റ് ആയി ഇനീപ്പോ വരുന്നത് പോലെ ആകട്ടെ.. കുഞ്ഞിനെ നമുക്ക് വളർത്താം

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“ഇതിപ്പോ എന്റെ കുറ്റമാണോ ഏട്ടാ.. അന്ന് രാത്രി കയ്യിൽ കോണ്ടം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞപ്പോ വേണ്ട ന്ന് പറഞ്ഞതല്ലേ ഞാൻ. അന്നേരം കള്ളും കുടിച്ചിട്ട് നിങ്ങൾക്ക് ഒടുക്കത്തെ റൊമാൻസ്. അതല്ലേ ഇങ്ങനൊക്കെ ആയത്.”

 

മീരയുടെ വാക്കുകളിൽ കടുത്ത അമർഷം നിറഞ്ഞിരുന്നു.

 

” ഓക്കേ മീരാ സമ്മതിച്ചു. എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ അന്ന് ശ്രദ്ധിക്കണമായിരുന്നു. പക്ഷെ പറ്റിപ്പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ .. ഇനിയെന്ത് എന്ന് നമുക്ക് ഒന്നിച്ചു ചിന്തിച്ചു ഒരു തീരുമാനം എടുക്കാം ”

 

മഹേഷിന്റെ വാക്കുകൾ കേട്ട് പതിയെ അവനു അഭിമുഖമായി ഇരുന്നു മീര

 

” ഇനിയെന്താ ഇത്രക്ക് ചിന്തിക്കുവാൻ എന്തായാലും ഞാൻ പ്രഗ്നന്റ് ആയി ഇനീപ്പോ വരുന്നത് പോലെ ആകട്ടെ.. കുഞ്ഞിനെ നമുക്ക് വളർത്താം. ”

 

ആ മറുപടി കേട്ട് മഹേഷ്‌ അല്പസമയം മൗനമായി ശേഷം പതിയെ എഴുന്നേറ്റു.

 

“ഞാനൊരു കാര്യം പറയട്ടെ മീരാ. നമ്മളിപ്പോ ഒട്ടും പ്രിപ്പേഡ് അല്ല.. എനിക്കൊരു പെർമനെന്റ് ഇൻകം ആയിട്ടില്ല. ഒളിച്ചോടി വന്നത് കൊണ്ട് തന്നെ രണ്ട് വീട്ടുകാരും സഹകരണവും ഇല്ല.

 

ഈ ഫ്ലാറ്റിന്റെ വാടക കൊടുക്കാൻ തന്നെ ഏറെ കഷ്ടപ്പെടുന്നുണ്ട് നമ്മൾ. ഇതിപ്പോ വേണം ന്ന് വച്ച് ചെയ്തതല്ല അബദ്ധത്തിൽ സംഭവിച്ചതാണ് സൊ ഈ കുഞ്ഞിനെ നമുക്ക് ഒഴിവാക്കാം. നമ്മൾ ഒന്ന് സെറ്റിൽ ആയശേഷം ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കാം. അതല്ലേ ബുദ്ധി ”

 

ആ വാക്കുകൾ കേട്ട് അവിശ്വസനീയമായി നോക്കി ഇരുന്നു പോയി മീര. കുഞ്ഞിനെ ഒഴിവാക്കുക എന്നത് അവൾക്ക് ചിന്തിക്കുവാൻ പോലും കഴിയില്ലായിരുന്നു.

 

” ഏട്ടാ.. ഇതെന്താണ് ഈ പറയുന്നത്. എന്റെ ഉള്ളിൽ ഉള്ളത് ഒരു ജീവൻ ആണ്. നമ്മുടെ കുഞ്ഞ്. അതിനെ കൊന്ന് കളയാം എന്നാണോ ഏട്ടൻ പറയുന്നേ ”

 

അവളുടെ ഭാവമാറ്റം മഹേഷിനെ ഒന്ന് ഭയപ്പെടുത്തിയിരുന്നു.

 

” എടോ.. ഒട്ടും പ്രിപ്പേഡ് അല്ലാതെ. കഷ്ടപ്പാടിലേക്ക് ആ കുഞ്ഞിനെ കൂടി കൊണ്ട് വരുന്നതിനേക്കാൾ നല്ലതല്ലേ ഇപ്പോഴേ ഒഴിവാക്കുന്നത് ”

 

മടിച്ചു മടിച്ചാണവൻ അത് പറഞ്ഞത്. എന്നാൽ കേട്ട് മൗനമായി അല്പസമയം നോക്കി ഇരുന്നു മീര.

 

” ഏട്ടാ.. ശെരിയാണ് ഇപ്പോൾ ഒരു കുഞ്ഞു വേണ്ട എന്ന് തന്നെയാണ് നമ്മൾ തീരുമാനിച്ചിരുന്നത്. പക്ഷെ ഇതിപ്പോ സംഭവിച്ചു പോയില്ലേ… ഇനി അതിനെ കൊന്ന് കളയാൻ എനിക്ക് മനസ്സ് വരുന്നില്ല. നമുക്ക് ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം. സാമ്പത്തിക ശേഷി ഇല്ലാത്തവരും കുടുംബമായി സന്തോഷത്തോടെ ഈ നാട്ടിൽ ജീവിക്കുന്നില്ലേ.. എല്ലാം വിധി പോലെ നടക്കട്ടെ… ”

 

“പറയാൻ എളുപ്പമാണ് മീര. ബി പ്രാക്ടിക്കൽ കാര്യത്തോട് അടുക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ടുകൾ അറിയുള്ളു. നീ നല്ലോണം ഒന്ന് ആലോചിക്ക് നമ്മുടെ കഷ്ടപ്പാടിലേക്ക് ആ കുഞ്ഞിനെ കൂടി കൊണ്ടിടുന്നതാണോ അതോ അതിനെ ഒഴിവാക്കുന്നതാണോ നല്ലത് എന്ന് ”

 

അത്രയും പറഞ്ഞു കൊണ്ട് മഹേഷ്‌ മുറിവിട്ടു പോകുമ്പോൾ നടുക്കത്തോടെ ഇരുന്നു പോയി മീര. കുഞ്ഞിനെ ഒരിക്കലും ഉപേക്ഷിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു. എന്നാൽ മഹേഷിനെ പ്രതികരണം അവളെ കൂടുതൽ ആശയക്കുഴപ്പത്തിലേക്കാക്കി. ഈ പ്രശ്നം സാദൂകരിക്കുവാനുള്ള ഒരു പോംവഴിക്കായി അവളുടെ തല പുകഞ്ഞു.

 

വൈകുന്നേരം പുറത്തേക്ക് പോയ മഹേഷ്‌ രാത്രി വളരെ വൈകിയാണ് തിരിച്ചെത്തിയത്. വന്നപാടെ അവൻ ബെഡ്‌റൂമിൽ മീരയ്ക്ക് അരികിലേക്ക് ചെന്നു.

 

” മീരാ .. എന്തായി തീരുമാനം. നിന്റെ തീരുമാനം പോസിറ്റീവ് ആണെങ്കിൽ നമുക്കിനി അധികം വൈകിക്കേണ്ട. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഗൈനക്കോളജിസ്റ്റ് ആണ് അവളെ പോയി കണ്ടാൽ വേഗത്തിൽ കാര്യം നടത്താം ”

 

കേട്ട പാടെ മറുപടി ഒന്നും പറഞ്ഞില്ല മീര. അല്പസമയത്തെ നിശബ്ദതയ്ക്കൊടുവിൽ പതിയെ അവൾ മഹേഷിനെ ബെഡിലേക്ക് പിടിച്ചിരുത്തി അവനോട് ചേർന്നിരുന്നു.

 

” ഏട്ടാ പ്ലീസ്.. പെട്ടെന്നിങ്ങനെ ചോദിക്കല്ലേ. എനിക്ക് ഒന്നും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല. ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ. ഒരു അഞ്ചു ദിവസം സമയം താ എനിക്ക്. ആലോചിച്ചു ഉചിതമായ ഒരു തീരുമാനം എടുക്കാൻ പ്ലീസ്.. ”

 

അവളുടെ അപേക്ഷ സ്വീകരിക്കാതിരുന്നില്ല മഹേഷ്‌ പതിയെ അവളുടെ മുഖം കൈകുമ്പിളിലാക്കി നെറുകയിൽ ഒരു മുത്തം വച്ചു അവൻ.

 

” ഓക്കേ ടോ .. സമ്മതിച്ചു. പക്ഷെ അഞ്ചു ദിവസത്തിൽ കൂടരുത് കേട്ടോ മാത്രമല്ല നീ എടുക്കുക തീരുമാനം അത് വ്യക്തമായി ആലോചിച്ചിട്ട് വേണം അറിയാലോ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. സൊ മറുപടി പോസിറ്റീവ് ആകാൻ ഞാൻ പ്രാർത്ഥിക്കാം ”

 

മറുപടി നൽകിയില്ല മീര. പതിയെ അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ.

 

” ഏട്ടാ. ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നിട്ട് ആകെ ബോറ് ആകുന്നുണ്ട് എനിക്ക് . നമുക്ക് നാളെ തൊട്ട് വൈകിട്ട് പാർക്കിൽ ഒക്കെ ഒന്ന് പോയിരിക്കാം. ഇച്ചിരി കാറ്റും വെളിച്ചവും ഒക്കെ കിട്ടട്ടെ.. ഇവിടിങ്ങനെ എത്രയെന്നു വച്ചിട്ടാ ഈ ഫ്ലാറ്റിൽ തന്നെ അടച്ചു മൂടി ഇരിക്കുന്നെ ഇരിക്കുന്നെ. ”

 

മീരയുടെ ആ ആഗ്രഹത്തിനു സന്തോഷത്തോടെ സമ്മതം മൂളി മഹേഷ്‌. കാരണം ഒരു പിണക്കത്തിനോ വഴക്കിനോ വഴി വക്കാതെ അവനു എങ്ങിനെയും ഒരു അബോഷനായി അവളെ കൊണ്ട് സമ്മതിപ്പിക്കണമായിരുന്നുആ ദിവസവും അങ്ങിനെ കടന്ന് പോയി.

 

പിറ്റേന്ന് വൈകുന്നേരം ഓഫീസിൽ നിന്നും മഹേഷ്‌ നേരത്തെ എത്തി മുന്നേ തീരുമാനിച്ചിരുന്ന പോലെ തന്നെ രണ്ടാളും പാർക്കിലേക്ക് പോയി.

 

വൈകുന്നേരം ആയതിനാൽ സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു പാർക്കിൽ. സിറ്റിയിൽ ഫ്ലാറ്റിലെ അടച്ചിട്ട ജീവിതമായതിനാൽ കുട്ടികളുമായി പലരും വൈകുന്നേരങ്ങളിൽ പാർക്കിൽ വരുന്നത് പതിവായിരുന്നു. കുട്ടികളുടെ കളിയും ചിരിയും ഒക്കെയായി അവിടം ഏറെ മനോഹരമായി തോന്നി മീരയ്ക്ക്.

 

എന്നാൽ മഹേഷിനാകട്ടെ നേരെ തിരിച്ചും അബോഷൻ എങ്ങിനെയും നടത്തണം എന്ന ചിന്ത അവന്റെ മനസ്സിനെ ആസ്വസ്തമാക്കിയിരുന്നത് കൊണ്ട് തന്നെ ചുറ്റുമുള്ള മനോഹര കാഴ്ചകളിലേക്ക് അവന്റെ ശ്രദ്ധ പോയില്ല. മാത്രമല്ല കൊച്ചു കുട്ടികളുടെ കളിയും ചിരിയുമൊക്കെ കണ്ട് ഒടുവിൽ മീര എതിർപ്പ് പറയുമോ എന്നൊരു ഭയം കൂടി അവനിൽ ജനിച്ചു.

 

” മീരാ.. ഇവിടൊക്കെ ആകെ ബഹളം അല്ലേ.. ഒരു പ്രൈവസി ഇല്ല. ദേ പിള്ളേരൊക്കെ കൂടി കുത്തി മറിഞ്ഞു ആകെ ഒരു ഡിസ്റ്റർബൻസ്. നമുക്ക് തിരിച്ച് പോയാലോ ”

 

മീരയെ അവിടെ നിന്നും തിരികെ കൊണ്ട് പോകാനുള്ള ഒരു ശ്രമമായിരുന്നു അത് പക്ഷെ വിജയിച്ചില്ല. പിന്നെ പതിയെ അവളുടെ ഇഷ്ടത്തിന് വഴങ്ങി കൊടുത്തു അവൻ. പതിയെ പതിയെ അവർ ആ ബഹളങ്ങളിൽ മുഴുകി. അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു. പിറ്റേന്നും പതിവ് പോലെ വൈകുന്നേരം പാർക്കിലേക്കെത്തി അവർ.

 

അന്ന് പതിയെ മീരയും കുട്ടികൾക്കൊപ്പം കളിക്കാൻ കൂടി. മഹേഷ്‌ അത് വീക്ഷിച്ചു കൊണ്ട് ഓരത്തെ ബെഞ്ചിൽ ഇരുന്നു. കുട്ടികളുടെ കളിയും ചിരിയുമൊക്കെ അവൻ ചെറുതായി ശ്രദ്ധിച്ചു തദ്സങ്ങിയിരുന്നു. കുറച്ചു സമയം കഴിയവേ തൊട്ടടുത്ത ഫ്ലാറ്റിലെ വൃദ്ധ അവനരികിലേക്ക് ചെന്നു..

 

“മോനെ.. ഇവിടിരിക്കുവല്ലേ ദേ എന്റെ പേരക്കുട്ടി അവിടെ കളിക്കുന്നുണ്ട്. ഒന്ന് നോക്കിക്കോണെ.. ഞാൻ ഫ്ലാറ്റ് പൂട്ടി ചാവി കയ്യിൽ കൊണ്ട് വന്നു മോൻ ഇപ്പോൾ അവിടെ വന്ന് അകത്തു കേറാൻ പറ്റാതെ നിൽക്കുവാ.. ഞാനൊന്ന് ചാവി കൊണ്ട് കൊടുത്തിട്ട് വേഗം വരാം ”

 

അവർ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കുമ്പോൾ അവിടൊരു കൊച്ചു പെൺകുട്ടി നിന്ന് കളിക്കുന്നത് കണ്ടു മഹേഷ്‌

 

” അ… അയ്യോ അമ്മേ ഞാനിപ്പോ പോകും ഒരു രണ്ട് മിനിറ്റ് നേരത്തേക്ക് ഇവിടെ വന്നിരുന്നതാ.. അമ്മ കൊച്ചിനെ വേറെ ആരേലും എല്പിച്ചിട്ട് പോകു.. ”

 

അവൻ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുമ്പോഴേക്കും അവർ നടന്നകന്നിരുന്നു.

 

“ഒരു അഞ്ചു മിനിറ്റ് മോനെ.. ഞാൻ ഇപ്പോൾ വന്നേക്കാം.. മോൻ അവിടിരുന്നു കുഞ്ഞിനെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ”

 

നടക്കുന്നതിനിടയിൽ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

 

” ദൈവമേ. ഇതിപ്പോ പണി ആയല്ലോ.. ”

 

മനസ്സിൽ ഓർത്തു കൊണ്ട് ആ കുഞ്ഞിന് നേരെ തിരിയുമ്പോൾ അവൾ കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ നിന്ന് കളിക്കുന്നതാണ് മഹേഷ്‌ കണ്ടത്.

 

‘ നല്ല ഐശ്വര്യമുള്ള കുട്ടി.. അറിയാതെ അവൻ മനസിൽ ഓർത്തു പോയി..’

 

അവളുടെ കളിയും ചിരിയുമൊക്കെ രസത്തോടെ നോക്കി ഇരുന്നു അവൻ. പെട്ടെന്നാണ് ആ കുഞ്ഞ് ഒരു കല്ലിൽ കാല് തട്ടി നിലത്തേക്ക് വീണത്. വീണ പാടെ അവൾ ഉറക്കെ കരഞ്ഞു.

 

” അയ്യോ… ”

 

അത് കണ്ടിട്ട് അറിയാതെ മഹേഷ്‌ ചാടി എഴുന്നേറ്റു. ശേഷം ആ കുഞ്ഞിന് നേരെ ഓടി അപ്പോഴാണ് മീരയും അത് ശ്രദ്ധിച്ചത്. മഹേഷിന്റെ ഓട്ടം കണ്ട് അവളും അന്ധാളിപ്പോടെ നോക്കി നിന്നു. അരികിലെത്തിയ മഹേഷ്‌ ആ മോളെ വാരിയെടുത്തു മാറോട് ചേർത്തു.

 

” കരയല്ലേ മോളെ.. ഒന്നും പറ്റീല.. പോട്ടെ.. കരയല്ലേ. ”

 

വളരെ വേഗത്തിൽ അവൻ ആ കുട്ടിയുടെ കരച്ചിൽ മാറ്റിയപ്പോൾ മീര അതിശയിച്ചു പോയി. അപ്പോഴേക്കും ആ വൃദ്ധ എത്തിയിരുന്നു.

 

” മോളൊന്ന് വീണു… ഭാഗ്യത്തിന് പരിക്ക് ഒന്നും ഇല്ല.”

 

കുട്ടിയെ അവരെ എൽപ്പിക്കുമ്പോൾ പുഞ്ചിരിയോടെ പറഞ്ഞു മഹേഷ്‌.

 

” ആണോ.. കുരുത്തക്കേട് ഇച്ചിരി കൂടുതലാ കുറുമ്പിക്ക്.. ഇത് അതിശയം ആണല്ലോ മോനെ.. എവിടെയെങ്കിലും ഒന്ന് വീഴുകയോ മറ്റോ ചെയ്താൽ അര മണിക്കൂർ നിർത്താതെ കരയുന്ന കുട്ടിയാ ഇന്നിപ്പോ പെട്ടെന്ന് കരച്ചിൽ നിർത്തി. മോന് കുട്ട്യോളെ നോക്കി ഒക്കെ നല്ല പരിചയമാ അല്ലേ ”

 

ആ ചോദ്യം കേട്ട് അറിയാതെ മീരയുടെ മുഖത്തേക്ക് നോക്കി പോയി മഹേഷ്‌. അവളാക്കട്ടെ വായ് പൊത്തി പൊട്ടിച്ചിരിച്ചു പോയി. വൃദ്ധയുടെ ചുമലിൽ ഇരുന്നു പോകുമ്പോൾ ആ കുട്ടി മഹേഷിനെ നോക്കി പുഞ്ചിരിച്ചു. നിഷ്കളങ്കമായ ആ ചിരിയിൽ അവൻ വീണു എന്ന് തന്നെ പറയാം.

 

അന്നാദ്യമായി ഒരു കുഞ്ഞിനെ വല്ലാതെ ശ്രദ്ധിച്ചു അവൻ. സത്യത്തിൽ ഇത് തന്നെയായിരുന്നു മീരയുടെയും ലക്ഷ്യവും അഞ്ചു ദിവസം കൊണ്ട് ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം മഹേഷിന്റെ ഉള്ളിൽ ജനിപ്പിക്കാൻ വേണ്ടി തന്നെയാണ് അവൾ അവനെയും കൊണ്ട് പാർക്കിലേക്ക് വന്നതും. എന്നാൽ രണ്ടാം ദിവസം തന്നെ ഇത്തരമൊരു ട്വിസ്റ്റ്‌ അവളും പ്രതീക്ഷിച്ചില്ല.

 

” നല്ല ക്യൂട്ട് മോളാ അല്ലേ മീരാ ”

 

അവർ പോയ ശേഷം മഹേഷ്‌ പറഞ്ഞ വാക്കുകളിൽ എവിടെയോ സ്നേഹത്തിനെ വാത്സല്യത്തിന്റെ ചെറു തരികൾ കണ്ടിരുന്നു മീര. പിന്നീട് ഉള്ള ദിവസങ്ങളിൽ ആ കുട്ടിയുമായി കൂടുതൽ അടുത്തു മഹേഷ്‌.

 

അവളുമായി മാത്രമല്ല മറ്റു കുട്ടികളെയും അവൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പതിയെ പതിയേ അവർക്കൊപ്പം ഓരോ കളികളിൽ അവനും കൂടി തുടങ്ങി. ഇതിനിടയിൽ കുഞ്ഞിനെ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള ആ അഞ്ചു ദിവസം കാലയളവ് മനപ്പൂർവം മഹേഷ്‌ മറന്നു കളഞ്ഞു.

 

” എടോ.. നീ പറഞ്ഞതാ ശെരി.. നമുക്ക് ദൈവമായി തന്നതാ ഈ കുഞ്ഞിനെ. പാർക്കിൽ ചെന്ന് കുട്ടികളുടെ കളിയും ചിരിയും ഒക്കെ കണ്ടപ്പോ എനിക്കും ഒരു ആഗ്രഹം. നമുക്ക് ഈ കുഞ്ഞിനെ കളയണ്ട.. പോന്നു പോലെ വളർത്താം.”

 

ഒരുദിവസം തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ മീരയെ ചേർത്തു പിടിച്ചു കൊണ്ടുള്ള മഹേഷിന്റെ ആ വാക്കുകൾ പറഞ്ഞറിയിക്കുവാൻ കഴിയാത്ത വിധം സന്തോഷമാണ് മീരയ്ക്ക് സമ്മാനിച്ചത്. നിറകണ്ണുകളോടെ അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ.

 

പിന്നീടങ്ങട് അവർക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു. മീര ഗർഭിണിയാണ് എന്ന് അറിഞ്ഞതോടെ പിണക്കത്തിലായിരുന്ന രണ്ട് വീട്ടുകാരും അവരെ തേടിയെത്തി.

 

അതിനിടയിൽ തന്നെ മുൻപ് പി എസ് സി വഴി ലിസ്റ്റിൽ പേര് വന്നെങ്കിലും ശെരിയാകാതെ കിടന്ന ജോലിയും മഹേഷിനെ തേടിയെത്തി. എല്ലാം ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഭാഗ്യമാണ് എന്ന് കണ്ട് ആ കുഞ്ഞിന്റെ പിറവിക്കായി കൊതിയോടെ കാത്തിരുന്നു അവർ.

Leave a Reply

Your email address will not be published. Required fields are marked *