ഭർത്താവിന് വേറൊരു അവകാശി ഉണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയിരുന്നു

സദ്യ
(രചന: നിഹാരിക നീനു)

“” അമ്മേ നാളെയല്ലേ ഓണം നമ്മുടെ വീട്ടിൽ എല്ലാം ഉണ്ടാക്കില്ലേ അതോ കഴിഞ്ഞ തവണത്തേ പോലെ വെറും ചോറും കൂട്ടാനും മാത്രമേ ഉണ്ടാവൂ? ”

കുഞ്ഞിപെണ്ണാണ് അവളുടെ ഓണം എന്ന് പറഞ്ഞാൽ ഇല നിറച്ച് കറികൾ വിളമ്പി അങ്ങനെ ഇരുന്നു ഊണ് കഴിക്കുന്നതാണ് കഴിഞ്ഞതവണ ഇവിടെ അമ്മാവൻ മരിച്ചത് കൊണ്ട് ദുഃഖമായിരുന്നു അതുകൊണ്ടുതന്നെ കറി കളൊന്നും ഉണ്ടാക്കിയില്ല വെറും ചോറും ഒരു മോര് കൂട്ടാനും മാത്രം…

അന്ന് കുറെ പിണങ്ങി ഇരിക്കാൻ നോക്കിയതാണ് അവളുടെ കൂട്ടുകാരികളെല്ലാം നന്നായി ഓണം ആഘോഷിക്കുന്നുണ്ട് നമ്മുടെ വീട്ടിൽ മാത്രമേ ഇങ്ങനെ ഉള്ളൂ എന്നു പറഞ്ഞു…
അന്നേരം പറഞ്ഞതാണ് അടുത്തകൊല്ലം ഇല നിറച്ചും കറികൾ വിളമ്പി നിനക്ക് വലിയൊരു സദ്യ തന്നെ ഉണ്ടാക്കിത്തരാം എന്ന്…

അത് ഓർമ്മയിൽ ഉണ്ടെന്നു തോന്നുന്നു അതുകൊണ്ടാണ് അവൾ ഇന്ന് ഇങ്ങനെ ചോദിച്ചത്.. അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവളോട് പറഞ്ഞു നാളെ നിനക്ക് വലിയൊരു തന്നെ അമ്മ ഒരുക്കി തരാം കഴിഞ്ഞതവണ പറഞ്ഞത് അമ്മ മറന്നിട്ടില്ല എന്ന്..

അതും പറഞ്ഞ് തയ്യൽ മെഷീൻ ഒന്ന് വേഗത്തിൽ ചവിട്ടി സാവിത്രി.. മൂന്ന് ബ്ലൗസ് മനക്കലെ ആത്തോലമ്മ തുന്നാൻ ഏൽപ്പിച്ചതാണ് അത് വേഗം തുന്നി കൊടുത്തിട്ട് അതിന്റെ പൈസയും വാങ്ങിയിട്ട് വേണം പച്ചക്കറി മേടിക്കാൻ പോകാൻ..

കഴിഞ്ഞവർഷം തന്നെ അവൾക്ക് വലിയ സങ്കടം ആയതാണ് ഇത്തവണയെങ്കിലും അവളുടെ മനസ്സു നിറയ്ക്കണം വയറും…

കുഞ്ഞുങ്ങളല്ലേ എന്തെങ്കിലും ആഗ്രഹങ്ങൾ പറഞ്ഞാൽ നമ്മളല്ലേ ഉള്ളൂ സാധിച്ചു കൊടുക്കാൻ എന്നെല്ലാം ഓർത്ത് തുന്നിയ മൂന്ന് ബ്ലൗസുമായി വീടിനു നേരെ നടന്നു…

പോകുംവഴി കേട്ടിരുന്നു മനക്കലേ പറമ്പിലെ കാട്ടിൽ നിന്ന് ചീട്ടുകളി സംഘത്തിന്റെ ഉറക്കെയുള്ള വിളികളും ചീറലും പൊട്ടിച്ചിരിയും എല്ലാം..അയാളും കാണും ആ കൂട്ടത്തിൽ..””ശശാങ്കൻ “”

തന്റെ പ്രിയപ്പെട്ട ഭർത്താവ്.. നാലു പെൺകുട്ടികളായിരുന്നു ഞങ്ങൾ അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് എല്ലാവരുടെയും വിവാഹം കഴിപ്പിക്കണം എന്ന് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു കൂലിപ്പണിക്കാരായ അവർക്ക് പൊന്നും പണവും ഒന്നും തരാൻ ഉണ്ടായിരുന്നില്ല..

അതുകൊണ്ടുതന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞു വന്നവർക്ക് അച്ഛൻ മറ്റൊന്നും ചിന്തിക്കാതെ കല്യാണം കഴിച്ചു കൊടുത്തു..

കൂടുതൽ എന്തെങ്കിലും അവരെപ്പറ്റി അന്വേഷിച്ചാൽ മക്കൾ വീട്ടിൽ തന്നെ നിന്നുപോകും എന്ന് ഭയമായിരുന്നു..

മൂന്നാമത്തെ മകളായിട്ടായിരുന്നു തന്റെ ജനനം മൂത്ത ചേച്ചിക്ക് അച്ഛന്റെ പെങ്ങളുടെ മകൻ വരനായി..

അയാൾ കള്ളുകുടിക്കും എങ്കിലും വീട്ടുകാര്യവും അന്വേഷിക്കും ചെറിയ തട്ടലും മുട്ടലും ഒക്കെയായി അവരുടെ ജീവിതം സന്തോഷകരം തന്നെയാണ്.. ഒരു മോനും മോളും കൂടി വന്നതോടുകൂടി ഏട്ടൻ കള്ളുകുടി പാതിയും വിട്ടിരുന്നു..

രണ്ടാമത്തെ ചേച്ചിക്ക് ഒരു ദുബായ് കാരനാണ് വന്നത് അയാളുടെ അമ്മ ഇത്തിരി പ്രശ്നക്കാരി ആണെങ്കിലും ചേട്ടൻ ആള് പാവമാണ്…
അതുകൊണ്ടുതന്നെ അവളും അഡ്ജസ്റ്റ് ചെയ്ത് പോകുന്നു..

പിന്നെ താനാണ്.. തൊട്ടുമുന്നിലെ ചേച്ചിയുടെ കല്യാണം കഴിഞ്ഞതും ഒരാൾ വന്ന് പെണ്ണ് ചോദിക്കുകയായിരുന്നു ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞപ്പോൾ അച്ഛൻ വേറെ ഒന്നും ചിന്തിക്കാതെ കല്യാണം കഴിച്ചു കൊടുത്തു…

അതോടെ തുടങ്ങി നരകം.. അയാൾ ഒരു മുഴു കുടിയൻ ആയിരുന്നു.. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ തുടങ്ങിയിരുന്നു അയാളുടെ ഉപദ്രവം..

ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഒരു പെണ്ണും കുട്ടിയും അയാളെ തേടി വന്നു. ആ കുട്ടി അയാളുടേതാണ് എന്ന് പറഞ്ഞു.. അയാൾ നിഷേധിച്ചില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അടി തന്നെയായിരുന്നു..

“” തന്നെ എനിക്ക് വേണ്ട. പുതിയൊരു കല്യാണം കഴിച്ച് സുഖിച്ച് ജീവിക്കുമ്പോൾ പഴയത് എല്ലാം ഒന്ന് ഓർമ്മിപ്പിച്ചിട്ട് പോകാം എന്ന് കരുതി വന്നതാണ് “”

എന്ന് പറഞ്ഞ് ആ സ്ത്രീ എന്റെ നെഞ്ചിൽ ഒരു കനലും വാരിയിട്ട് തന്ന് അവരുടെ കുഞ്ഞിനെയും കൂട്ടി അവിടെ നിന്നും പോയി..

അത് കേട്ട് ഞാൻ എന്റെ വീട്ടിലേക്ക് ഓടിച്ചെന്നു.. അയാൾക്ക് വേറെ ഭാര്യയും കുഞ്ഞും ഉണ്ട് എന്ന് പറഞ്ഞു..

എന്നെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു മറ്റെന്തും സഹിക്കാൻ പറ്റും പക്ഷേ ഭർത്താവിന് വേറൊരു അവകാശി ഉണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയിരുന്ന

അവർക്ക് അതൊരു വിഷയമേ അല്ലായിരുന്നു നിന്റെ താഴെ ഒരു പെണ്ണ് കൂടിയുണ്ട് കെട്ടിയ ഇടത്തുനിന്ന് നീ ഇങ്ങോട്ട് വന്നാൽ അവളെ ഇനി ആര് പെണ്ണ് അന്വേഷിക്കാൻ വരും എന്നാ നീ കരുതണെ എന്ന് ചോദിച്ചു… എനിക്ക് അതിന് മറുപടിയുണ്ടായിരുന്നില്ല…

അവിടെ നിന്നും ഒരു വലിയ തിരിച്ചറിവ് ലഭിക്കുകയായിരുന്നു ആരും കൂടെ ഉണ്ടാവില്ല ഇനി അങ്ങോട്ട്‌ സ്വന്തം നിഴല് മാത്രമേ കൂടെ കാണൂ എന്ന്…

മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ തിരിച്ച് അയാളുടെ വീട്ടിലേക്ക് തന്നെ പോകേണ്ടിവന്നു അയാളുടെ രണ്ടാം ഭാര്യയായിട്ട്.

ഇതിനിടയിൽ അറിഞ്ഞിരുന്നു അന്ന് വന്ന ആ സ്ത്രീയുടെ അടുത്തേക്ക് അയാൾ ഇടയ്ക്ക് പോകാറുണ്ട് എന്ന്.. ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ അവിടെ കഴിഞ്ഞുകൂട്ടി..

കയ്യിലുള്ളതും പൊട്ടിയിരുന്ന സ്വർണവളയും ഒക്കെ കൂടി ചേർത്ത് ഞാൻ ഒരു തയ്യൽ മെഷീൻ വാങ്ങി.. കല്യാണത്തിന് മുന്നേ തന്നെ നന്നായി തയ്ക്കുമായിരുന്നു എന്റെ വീടിനടുത്തുള്ളവരെല്ലാം എന്റെ കൈയിലാണ് ചുരിദാറും മറ്റും അടിക്കാൻ കൊണ്ട് തരാറ്…

ഇവിടെയും തയ്ക്കാൻ തുടങ്ങി ആദ്യം ഒന്നും ആരും വന്നില്ലെങ്കിലും ക്രമേണ ആളുകൾ തുന്നാൻ വരാൻ തുടങ്ങി… അത്യാവശ്യം എന്റെ കാര്യങ്ങൾക്കെല്ലാം പണം അതിൽ നിന്നും കിട്ടി പക്ഷേ അതിൽ നിന്നും അയാൾ കയ്യിട്ടുവാരാൻ വരും..

ഇതിനിടയിൽ ഞാൻ ഗർഭിണിയുമായി.. വീർത്തു വരുന്ന വയറു കണ്ടപ്പോൾ എനിക്ക് സ്വന്തം എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ ഒരാളായല്ലോ എന്ന് മാത്രമാണ് ഞാൻ കരുതിയത്…

തയ്യൽ ജോലി പിന്നീടങ്ങോട്ട് തുടരാൻ പറ്റിയില്ല… അതുകൊണ്ടുതന്നെ പ്രസവം വരെ വളരെ ക്ലേശകരമായിരുന്നു എന്റെ ജീവിതം..എങ്കിലും ഞാൻ അയാളുടെ കുഞ്ഞിന് ജന്മം നൽകി..

മോളായിരുന്നു… ഞങ്ങളുടെ ഒരു കാര്യവും അയാൾ അന്വേഷിച്ചില്ല.. ഇടക്ക് ഉപദ്രവം പോലെ വരും..

ഇതിനിടയിൽ കേട്ടു അയാൾ മറ്റ് പുതിയ ഒരു പെണ്ണുമായി വേറെ എവിടെയോ പൊറുതി തുടങ്ങി എന്ന് വീട്ടിലേക്കുള്ള ഇടയ്ക്കുള്ള വരവും നിന്നു…

ആൾക്കാർ മോളെ അതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി പലതവണ അവൾ എന്റെ അടുത്ത് പരാതി പോലെ പറഞ്ഞിരുന്നു അച്ഛനെപ്പറ്റി ആൾക്കാർ പറഞ്ഞു കളിയാക്കുന്നത്..
എനിക്ക് എന്ത് ചെയ്യാൻ കഴിയും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അവൾക്കും ബോധ്യമായതോടുകൂടി അവൾ കേട്ടതെല്ലാം മറ്റേ ചെവിയിൽ കൂടെ വിടാൻ തുടങ്ങി…

അയാൾ വീട്ടിലേക്ക് ഒട്ടും വരാതായപ്പോൾ അതൊരു ആശ്വാസം പോലെയാണ് എനിക്ക് തോന്നിയത്..

എല്ലാം ഓർത്ത് മനക്കലെ വീട് എത്തിയത് അറിഞ്ഞില്ല… മൂന്ന് ബ്ലൗസും അവിടുത്തെ അമ്മയെ ഏൽപ്പിച്ചു അവർ തന്ന പൈസ മേടിച്ചു തിരികെ നടന്നു…

വഴിയിൽ അയാൾ നിൽപ്പുണ്ടായിരുന്നു..
എന്റെ കൈയിലെ പൈസയും തട്ടിപ്പറിച്ച് ഓടുമ്പോൾ ഞാൻ പറഞ്ഞു മോൾക്ക് നാളെ വല്ലതും വച്ചുണ്ടാക്കി കൊടുക്കാനുള്ള പണമാണ് അത് എന്ന്..

അതൊന്നു കേൾക്കാൻ കൂടി നിൽക്കാതെ അയാൾ ആ പണവും തട്ടിപ്പറിച്ചു അവിടെ നിന്നും പോയി എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എന്നെയും കാത്ത്. നാളത്തെ ദിവസവും സ്വപ്നം കണ്ടിരിക്കുന്ന മോളുടെ മുഖം മനസ്സിൽ തെളിഞ്ഞു അലറി അലറി കരയാനാണ് തോന്നിയത്…

ഞാൻ വീട്ടിലേക്ക് ചെന്നു. അവളോട് കാര്യം എല്ലാം പറഞ്ഞു.. പ്രായത്തിനേക്കാൾ പക്വതയുള്ളവളായിരുന്നു എന്റെ കുട്ടി സാരമില്ല അമ്മേ എന്ന് പറഞ്ഞ് അവൾ എന്നെ ആശ്വസിപ്പിച്ചു അത് കേട്ടതും എന്റെ സങ്കടം ഇരട്ടിച്ചു..

പെട്ടെന്നാണ് ആരോ ഒരാൾ എന്റെ വീട്ടിലേക്ക് വന്നത്.. ശശാങ്കേട്ടനെ ആരോ കുത്തി ജീവൻ പോയി എന്ന് കേട്ടത് എന്ന് അയാൾ എന്നോട് പറഞ്ഞു…

അത് കേട്ട് ഉള്ളിൽ എവിടെയോ ചിരിയുടെ വിത്ത് പൊട്ടി മുളച്ചു.. അത് പടർന്നു
വലിയൊരു മരമായി മാറി..

ഞാൻ അവളെ വിളിച്ചു.. എന്റെ പോന്നു മോളെ.. അവളോട് ഞാൻ പറഞ്ഞു അക്കാദമി വാങ്ങിയിട്ടാണെങ്കിലും മോൾക്ക് അമ്മ നാളെ സദ്യ ഉണ്ടാക്കി തരും എന്ന്.. എല്ലാ കറികളോടും കൂടിയ വലിയൊരു സദ്യ…

Leave a Reply

Your email address will not be published. Required fields are marked *