ആദ്യം മിണ്ടാനും പറയാനും വയ്യാത്ത കൊച്ചിന്റെ രൂപത്തിൽ ഒരു പരീക്ഷണം, പിന്നിപ്പോ ദാ ഇത്’ രാമൻ മൂക്കത്ത് വിരൽ

 

 

(രചന: Aneesh Anu)

 

“ടാ നാണ്വേട്ടനല്ലേ ആ വരണേ” പാടത്ത് വരമ്പ് വെക്കുന്നതിനിടയ്ക്ക് ദൂരേക്ക് നോക്കി കൊണ്ട് രാമൻ പറഞ്ഞു.

‘അതേ ടാ, ഓര്ക്ക് എങ്ങനെണ്ട് ണാവോലെ'”അതേ എത്ര ദിവസായി വല്യശുപത്രില് കിടക്ക്ണു”

അപ്പോഴേക്കും നാണു നടന്ന് അങ്ങോട്ട്‌ എത്തിയിരുന്നു ആകെ മുഷിഞ്ഞ വേഷം തോളിൽ തലചായ്ച്ചുറങ്ങുന്ന നാലുവയസുകാരൻ.

“ന്ത്രാ പണി തീരാൻ ആയോ”ഇല്ലാന്നും രണ്ടുസം കൂടി വേണം, ഓര്ക്ക് എങ്ങനെ ണ്ട്'”ഓള് ഇപ്പോഴും അങ്ങനെ തന്നേ”

‘ആശുപത്രിക്കാര് ന്താ പറയണേ'”ഓര് പറ്റുന്നത് ഒക്കെ നോക്കിണ്ട് പ്രതീക്ഷ കൈവിടണ്ടാന്ന്, ന്നിപ്പോ എല്ലാം ദൈവത്തിന്റെ കയ്യിലാ” പറയുമ്പോ അയാളുടെ തൊണ്ടയിടറി.

‘ങ്ങള് പോന്നാൽ ആരാ അവടെ’ഉടപിറന്നോള് എത്തിണ്ട്, ഞാനൊന്ന് ഉടുപ്പ് ഒക്കെ മാറി എടുക്കാൻ പോന്നതാ രാമാ. ന്നാ പണി നടക്കട്ടെ” അത്രയും പറഞ്ഞു അയാൾ നടന്നു.

‘ന്താ ചെയ്യാ ഓരോ വിധി, എങ്ങനെ നടന്ന കൂട്ടരാ’ രാമൻ ആത്മഗതം പറഞ്ഞു.

“എങ്ങനെ ണ്ടാർന്ന ജീവിതാ ന്റെ ഭഗോതി ഇപ്പൊ കണ്ടില്ലേ”ന്നാലും ന്റെ മണിയേ ഇത് ന്തൊരു യോഗം ആണ്ന്ന്. ആശിച്ച പെണ്ണിനേയും കെട്ടി സ്വർഗം പോലെ ജീവിക്കാരുന്നു.

ആദ്യം മിണ്ടാനും പറയാനും വയ്യാത്ത കൊച്ചിന്റെ രൂപത്തിൽ ഒരു പരീക്ഷണം, പിന്നിപ്പോ ദാ ഇത്’ രാമൻ മൂക്കത്ത് വിരൽ വെച്ചു കൊണ്ട് പറഞ്ഞു.

“ന്ത്‌ ചെയ്യാൻ എല്ലാം മൂപ്പരുടെ വിധി, കന്നും പയ്ക്കളും കൃഷിയൊക്കെയായി രാജാവിനെ പോലെ കഴിഞ്ഞ മനുഷ്യൻ അല്ലേ”

‘ഓരോ യോഗം അല്ലാണ്ട് ന്താ’നാണു നടന്ന് വീട്ടുപടിക്കൽ എത്തിയിരുന്നു അപ്പോഴേക്കും. തോളിൽ ഉറങ്ങികിടന്നിരുന്ന കൊച്ചിനെ എടുത്തു ഉമ്മറക്കോലായിൽ കിടത്തി അയാൾ പോയി മുഖം കഴുകി വന്നു.

‘ഒരു കാപ്പി എടുക്കട്ടേ'”ആ ഇങ്ങള് ഇബ്ടെ ണ്ടാർന്നോ” അയാൾ ആശ്ചര്യത്തോടെ അവരെ നോക്കി.

‘ഞാൻ എവ്ടെ പോവാൻ ആണ് നിങ്ങളെ വിട്ട്, ഓൾക്ക് ഇപ്പോ എങ്ങനെ ണ്ട്’

“ഒന്നും പറയാൻ ആയിട്ടില്ലെന്ന്”. അയാൾ പതിയെ മോനെ വിളിച്ച് മുഖം കഴുകിച്ചു. അവനെ വയറ്റിലുണ്ടെന്ന് അറിഞ്ഞപ്പോ ആണ് വീട്ടിൽ ഒരാൾ കൂടി കൂട്ടിന് വേണം എന്ന് അയാൾക്ക് തോന്നിയത്.

ഒരിക്കൽ പെരുമ്പിലാവ് ചന്തയ്ക്ക് പോയി വരുമ്പോ ആണ് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഈ സ്ത്രീയെ കാണുന്നെ.

ഉച്ചക്ക് കഴിക്കാൻ ഉള്ള കഞ്ഞി വാങ്ങി കൊടുത്ത് പോരാൻ നേരം ങ്ങള് കൂടെ പോരുന്നോന്ന് ഒന്ന് ചോദിച്ചു, കേട്ടപാതി അവർ കൂടെ പോന്ന്. കൂട്ടവും കുടുംബവുമൊന്നും ഇല്ലാത്തോണ്ട് അവർ ഈ വീട്ടിലെ ഒരാളായി അങ്ങനെ കൂടി.

“ദാ കാപ്പി കുടിക്ക്” അവർ കാപ്പിയും കൂടെ കപ്പ പുഴുങ്ങിയതും കൊണ്ട് വെച്ചു.

‘ഇതൊന്നും വേണ്ടിരുന്നില്ല'”അങ്ങട് കഴിക്ക് ഉറക്കോം ഇല്ലാ തീറ്റയും ഇല്ലാ കണ്ണും മോകറും കണ്ടാലും മതി.”

അത്രയും പറഞ്ഞു അവർ അലക്കാനുള്ള തുണി എല്ലാം എടുത്തോണ്ട് പോയി. അയാൾ കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചു അങ്ങനെ കിടന്നു.

‘ഇന്ന് പോണുണ്ടോ തിരിച്ച്’ അവർ വന്നു വിളിച്ചപ്പോ ആണ് അയാൾ കണ്ണ് തുറന്നത്.

“പോണംന്ന് ഓപ്പോളേ അവിടിരുത്തിയാ പോന്നേക്കണേ” പതിയെ എഴുന്നേറ്റ് തോർത്തുമെടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു. കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവർ മോനെ കുളിപ്പിച്ചു വസ്ത്രം മാറ്റിയിരുന്നു.

“ന്തേലും വാങ്ങാൻ ണ്ടേൽ പീടികേന്ന് വാങ്ങിക്കോളിൻട്ടോ” അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ എന്തൊക്കെയോ എടുത്തു സഞ്ചിയിൽ വെക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

‘ഒന്നും വേണ്ടേ ഓളേം കൊണ്ട് ങ്ങട് പോന്നാൽ മതി’ മറുപടി ഒന്നും പറയാൻ നിക്കാതെ അയാൾ അവനെയും കൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി.

പുറത്ത് കോരി ചൊരിയുന്ന മഴക്കിടയിലും ആരുടെയൊക്കെയോ നിലവിളി ശബ്ദം ഉമ്മറക്കോലായിൽ നിന്ന് ഉയർന്നു കേട്ട് കൊണ്ടിരുന്നു.

വാഴയിലയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞു ഉമ്മറത്ത് കിടത്തിയിട്ടുണ്ട് ഈ വീടിന്റെ വെളിച്ചത്തെ. അച്ഛന്റെ തോളിൽ ചാരി കിടന്ന് അവൻ അവിടമാകെ നോക്കുന്നുണ്ട് എന്താണ് നടന്നതെന്ന് തിരിച്ചറിയാനുള്ള ബോധം അവനെത്തിയിരുന്നില്ല.

“നാണുവേ” തോളത്ത് ആരോ വന്നു കൈ വെച്ചു.’ആ ശങ്കരേട്ടാ’

എടാ എവിടാ ഇപ്പൊ ഒന്ന്” അയാളുടെ വാക്കുകൾ പെട്ടെന്ന് മുറിഞ്ഞു.

‘തെക്കേ തൊടിയിലെ മാവ് വെട്ടാൻ പറയണം അമ്മേനേ അടക്കിയതിന്റെ അപ്പുറത്ത് മതി’

“ടാ അത്”അങ്ങനെ തി’ അയാളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ശങ്കരൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് രാമന്റെ അടുത്തേക്ക് ചെന്നു.

“രാമാ തെക്കേതൊടിയിൽ തന്നേ ആവാന്ന് പറയണേ, ആ മൂവാണ്ടൻ മുറിച്ചോളാൻ”

‘ശരി ശങ്കരേട്ടാ’ രാമനും കൂട്ടരും മാവ് മുറിക്കാൻ ആയുധങ്ങളുമായി നീങ്ങി.

അയാൾ അപ്പോഴും ആലോചനയിൽ ആയിരുന്നു ഇന്നലെ വൈകിട്ട് ചെന്നപ്പോ കണ്ടത് കട്ടിലിൽ ചാരി ഇരിക്കുന്നവളെയാണ്. ചുക്കി ചുളുങ്ങിയ മുഖം കണ്ണുകൾ ഒക്കെ ഉള്ളിലേക്ക് പോയിരിക്കുന്നു പതിയെ അവളൊന്നും ചിരിച്ചു.

മോനെ അടുത്ത് ഇരുത്താൻ വാശി പിടിച്ചപ്പോ ഡോക്ടർ അത് സമ്മതിച്ചു തന്നു. ഒരുപാട് നാളുകൾക്ക് ശേഷം മൂവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു മതിയാവോളം അവൾക്ക് വാരി കൊടുത്തു.

ഇടയ്ക്ക് എപ്പോഴോ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. മോനെയും ചേർത്ത് പിടിച്ചു ഈ നെഞ്ചിൽ കിടന്നാണ് അവൾ ഉറങ്ങിയത് ആ ചൂട് തീരും മുൻപേ….

ഇടയ്ക്ക് എപ്പോഴോ അനക്കമില്ലെന്ന് കണ്ടു ഡോക്ടറെ വിളിച്ചപ്പോഴാണ് എല്ലാം കഴിഞ്ഞെന്ന് അറിഞ്ഞത്. ചേർത്ത് പിടിച്ച കൈ അപ്പോഴും അവൾ വിട്ടിരുന്നില്ല അവൾ ആഗ്രഹിച്ച പോലൊരു അവസാന യാത്ര.

വലിയൊരു ശബ്ദത്തോടെ മാവ് മുറിഞ്ഞു വീണു, ആരൊക്കെയോ വന്നു അവളെ കുളിപ്പിക്കാൻ എടുത്തോണ്ട് പോയി.

“നാണോ വായോ വന്നു വെള്ളം കൊടുക്ക് കുഞ്ഞിനേം എടുത്തോ”

ശങ്കരേട്ടനും കൂട്ടരും വന്നു താങ്ങി പിടിച്ചു അവളുടെ അടുത്തേക്ക് കൊണ്ട് പോയി. വെള്ളം കൊടുത്തു അവസാനമായി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു ഇനിയില്ല അവളെന്നെ പുണ്യം.

ചിതയ്ക്ക് തീ കൊടുക്കുമ്പോഴാണ് അവളില്ലെന്ന യാഥാർഥ്യം കുഞ്ഞറിഞ്ഞത് അവന്റെ കരച്ചിൽ അവിടമാകെ വലിയൊരു നൊമ്പരമായി മാറി.

പിന്നീട് എല്ലാം യാന്ത്രികമായിരുന്നു ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു വീണു. ഒടുവിൽ ഓപ്പോളും പടിയിറങ്ങാൻ തുടങ്ങി..

“നാണോ ഞാൻ ഒരൂട്ടം പറഞ്ഞാൽ നീ കേൾക്കോ” അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

‘പറ ഓപ്പോളേ’കുഞ്ഞിനെ മ്മക്ക് പാലക്കാട്‌ ള്ള ഉസ്കൂളിൽ വിട്ടാലോ, അവിടെ താമസിച്ചു പഠിക്കാം ലോ”

‘അവൻ ഇവിടെ നിന്നോട്ടെ'”നീ കച്ചോടത്തിന്റെ പുറകെ പോയാൽ പിന്നെ ഇബ്ടെ ആരാ, ഓരേ കൊണ്ട് ണ്ടോ വയ്യാത്ത കുട്ടിനെ നോക്കാൻ പറ്റണു”

‘ന്റെ കുട്ടിനെ നോക്കാൻ നിക്ക് അറിയാ’ “ദീനം ള്ള കുട്ട്യാ നിയ്യ് പറയണത് കേൾക്ക്, നിനക്കും വയ്യാണ്ടായാൽ പിന്നെ അതിന് ആരാ”

‘ഇയ്യ്‌ പേടിക്കണ്ട ഓപ്പോളേ ഓനെ ഞാൻ എവ്ടെ കൊണ്ട് ആക്കാൻ പോണില്ല ഇങ്ങക്ക് ആർക്കും ഒരു വിഷമം ണ്ടാവും ല്യാ.

അവളെനിക്ക് തന്നിട്ട് പോയതാ ന്റെ കൂടെ ണ്ടാവും മരിക്കണ വരെ’.”ന്നാ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്”.

“അത്രേള്ളൂ ഇനി അവൻ വേണ്ടി ഉള്ളതാ ഈ ജീവിതം” മോനെയും ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *