എന്താ കുഴപ്പം നല്ലൊരു ഡോക്‌ടറെ കാണിക്കാമായിരുന്നില്ലേ.. രണ്ടു മൂന്നു വർഷം ആയില്ലേ …

കാത്തിരിപ്പ്

(രചന: അനൂപ് കളൂർ)

 

“വിശേഷം ഒന്നും ആയില്ലേ ഇതുവരെ കല്യാണം കഴിഞ്ഞു നാളുകുറെ ആയല്ലോ”

 

“എന്താ കുഴപ്പം നല്ലൊരു ഡോക്‌ടറെ കാണിക്കാമായിരുന്നില്ലേ.. രണ്ടു മൂന്നു വർഷം ആയില്ലേ … എന്നിങ്ങനെ തുടങ്ങി ഒരായിരം ചോദ്യങ്ങൾ വരും ഏതൊരു പരിപാടിക്ക് പോയാലും ..

 

ഒരു പുഞ്ചിരിയോടെ ഈ വാക്കുകൾ എല്ലാം നേരിടുമെങ്കിലും ഉള്ളിൽ വേദന കത്തി നീറും, ഒരമ്മയാവാൻ കൊതിക്കുന്ന മനസ്സ് എനിക്കല്ലേ അറിയൂ,സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ പാതി പ്രമോദേട്ടനോട് മാത്രം പറഞ്ഞു തീർക്കും ഓരോരോ സങ്കടങ്ങൾ…

 

എന്നെ സമാധാനിപ്പിക്കാൻ ഒരുപാട് നേരം സംസാരിക്കുമെങ്കിലും ആ മനസ്സും നോവുന്നത് ആ വാക്കുകളിൽ അറിയാൻ പറ്റും…

 

വിവാഹം കഴിഞ്ഞു വന്ന നാളുതൊട്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഏട്ടന്റെ അമ്മ എന്നെ മരുമോളായി കണ്ടിട്ടില്ല ഒരിക്കലും, ഒരുമോളായി തന്നെ പെരുമാറിയിട്ടൊള്ളു..

 

അതിനാലാവാം മറ്റാരേക്കാളും ഞങ്ങളെ ഓർത്ത് ഓരോ വാക്കുകൾ കേൾക്കുമ്പോഴും പ്രാർത്ഥിക്കുന്ന നേരത്തും ആ കണ്ണുകൾ നിറയാറുള്ളത്..

 

ഏതൊരു പെണ്ണും വിവാഹ ശേഷം കയറി ചെല്ലുന്ന വീട്ടിൽ സ്വപ്നം കാണുന്ന അത്രയും സുരക്ഷിതത്വം സ്നേഹവും എനിക്കവിടെ കിട്ടി, തളരുന്ന നേരത്ത് താങ്ങും തണലും നൽകുന്ന എപ്പോഴും കൂടെ നിൽക്കുന്ന സ്നേഹനിധിയായ ഭർത്താവിനെയും ,

 

പക്ഷേ… ഒരമ്മയാവാൻ ഉള്ള അതിയായ ആഗ്രഹം മാത്രം എനിക്ക് നൽകാതെ നീട്ടികൊണ്ടിരുന്നു എപ്പോഴും വിളിക്കാറുള്ള ദൈവങ്ങൾ പോലും..

 

ഞങ്ങളുടെ കല്യാണസമയത്തും അതിനു ശേഷവും വിവാഹിതരായവർ മിക്കവരും അച്ചനും അമ്മയുമായി മാറുമ്പോൾ ഒത്തിരി കൊതിച്ചിട്ടുണ്ട് എത്രയും വേഗം ഒരുണ്ണി ഞങ്ങൾക്കും ഇടയിലോട്ട് വരണേ എന്ന്…

 

പ്രവാസത്തിന്റെ തിരക്കുകളിൽ നിന്നും ഏട്ടൻ അവധിക്ക് വരുന്ന നാളുകൾ തൊട്ട് എന്നിൽ നിറയുന്ന സന്തോഷത്തിന് അതിരുകൾ ഇല്ല, തല്ലുകൂടിയും വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും വിലമതിക്കാൻ ആകാത്ത നിമിഷങ്ങൾ…

 

അതൊക്കെ സ്നേഹത്തിന്റെ മൂല്യം കൂട്ടാൻ വേണ്ടി മാത്രം എന്നു വേണേൽ പറയാം ട്ടോ, എന്റെ കണ്ണ് ഒന്നു നിറഞ്ഞാലോ ആ മുഖം ഒന്നു വാടിയാലോ തീർന്നു എത്ര വലിയ പിണക്കവും…

 

എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം ആണ് രഞ്ജിനി എന്നു വിളിക്കാതെ എല്ലാരും കേൾക്കെ കുഞ്ചു എന്നു വിളിച്ചു കളിയാക്കുന്നതും…

 

ഓരോരോ രാത്രിയും മറഞ്ഞു തീരുമ്പോൾ മനസ്സിൽ പ്രതീക്ഷയാണ് ,ഒരു പുതു അതിഥിയുടെ വരവിന് വേണ്ടി …

 

“ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന മാസത്തിലെ ആ ദിവസവും പതിവുപോലെ വേദന സമ്മാനിച്ചു വന്നുചേരുമ്പോൾ നിറഞ്ഞ കണ്ണുകളും നോവുന്ന മനസ്സും മറച്ചു വെച്ചിട്ട് എന്നെ ചേർത്തു പിടിച്ചു പറയും സമയം ആയില്ലെടോ എനിക്കും നീയും നിനക്ക് ഞാനും എന്നും കുട്ടി അല്ലേയെന്ന്,,

 

ഉള്ളിൽ കരഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോഴും മനസ്സിൽ നിറയുന്ന പിടച്ചിൽ മറ്റാർക്കും കാണിക്കാതെ ഏട്ടന്റെ നെഞ്ചിൽ തലവെച്ചു കൊണ്ടു രാത്രികളിൽ തമ്മിൽ പറഞ്ഞു തീർക്കും ,

 

ചേർത്തു പിടിച്ചു സ്വാന്തനിപ്പിക്കുമ്പോഴും ആ ഉള്ളം എന്നെപോലെ ഒത്തിരി നൊമ്പരം നിറയുന്നതും അറിയാം..

 

പാതിയിൽ നിർത്തിയ സ്വപ്നങ്ങളും കണക്കുകൂട്ടലുകളും ബാക്കിയാക്കി കിട്ടിയ അവധിനാളുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള വേദനിപ്പിക്കുന്ന മടക്കയാത്ര..

 

പിടിച്ചു നിർത്താൻ കഴിയില്ലല്ലോ ,സ്വന്തം കുടുംബത്തിന് വേണ്ടി സ്വയം സന്തോഷങ്ങളും സുഖങ്ങളും വേണ്ടെന്ന് വെക്കുന്നവന് ലോകം നൽകിയ പേരാണല്ലോ പ്രവാസി എന്നുള്ളത്…

 

പോവുന്നതിന് രണ്ടുനാൾ മുൻപ് തൊട്ട് രാത്രിയിലെ നിമിഷങ്ങൾ അക്ഷരങ്ങളാൽ പകർത്താൻ കഴിയില്ല ,അത്രമേൽ വേദന നിറഞ്ഞതാണ്. ആ ഇടനെഞ്ചിൻ ചൂടേറ്റ് കിടന്നു കണ്ട സ്വപ്നങ്ങൾ അത്രയും പറിച്ചെടുത്ത് കൊണ്ടുള്ള പോക്ക് ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയും,,

 

പോയി വേഗം മടങ്ങി വരാം എന്ന് പറഞ്ഞിറങ്ങുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാൻ ഏട്ടന് കഴിയാറില്ല ,അത്രമേൽ ആ മനസ്സ് വിതുമ്പുന്നുണ്ടെന്നു മറ്റാരേക്കാളും എനിക്ക് അറിയാം…

 

മനസ്സ് ഇവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട്, നിർജ്ജീവമായ മനസ്സും കൂടെ കൂട്ടിയുള്ള യാത്ര ഓരോ പ്രവാസിക്കും അവരുടെ ഭാര്യമാർക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള വേദനയാണ്…

 

രണ്ടു അവധി കാലങ്ങൾ ഒരുപോലെ കഴിഞ്ഞു പോയിട്ടും ദൈവം ഒരു കുഞ്ഞെന്ന സ്വപ്നം മാത്രം ബാക്കിയാക്കി നിർത്തി,വർഷങ്ങൾ വേദന പോലെ കടന്നു പോയിക്കൊണ്ടിരുന്നു…

 

രണ്ടുപേർക്കും കുഴപ്പങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ദൈവം ഞങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു .തമ്മിലുള്ള സ്നേഹത്തിന്റെ അളവ് നോക്കാനെന്ന പോലെ…

 

അവസാനം കാണിച്ച ഡോക്ടർ നൽകിയ നിർദേശം രണ്ടുപേരും ചുരുങ്ങിയത് ആറു മാസം എങ്കിലും ചേർന്നുനിൽക്കാൻ ആയിരുന്നു.മുടങ്ങാതെ മരുന്നും…

 

രണ്ടുമാസം മാത്രം ലീവ് ഉള്ള ഏട്ടനും ഈ പ്രതിസന്ധി തരണം ചെയ്യാൻ വഴി കാണാതെ വിഷമിച്ചു ഒത്തിരി … വിളിക്കാത്ത ദൈവങ്ങളും പ്രാർത്ഥനകളും ഇല്ല ഇനി രണ്ടുപേർക്കും എന്നതാണ് സത്യം..

 

ഒടുവിൽ ഏട്ടന്റെ അടുത്തേക്ക് എന്നെയും കൊണ്ടുപോകാൻ ഉള്ള തീരുമാനം ആയപ്പോൾ ഒത്തിരി സന്തോഷിച്ചു മനസ്സ്,

 

ഏട്ടന്റെ അടുത്തേക്ക് പോവാനുള്ള ആഗ്രഹവും സന്തോഷവും ഒരു വശത്ത് ,ആദ്യമായി വിമാനത്തിൽ കയറുന്ന ഭയം മറ്റൊരു ഭാഗത്ത്‌ ഒന്നും പറയണ്ട…

 

പിന്നെ ആകെ ഒരു ആശ്വാസം പോവുംമ്പോൾ മ്മ്‌ടെ അനിയൻ ചെക്കൻ അനൂപും കൂടെ ഉണ്ടല്ലോ എന്നുള്ളതാണ്. അതാവുമ്പോൾ അവന്റെ കത്തി സഹിച്ചാൽ മതിയല്ലോ ,പേടി വേണ്ടല്ലോ എന്ന്..

 

അങ്ങനെ പോവാൻ ഓരോ നാളും അടുക്കുന്തോറും ഏട്ടന്റെ അടുത്തേക്ക് എങ്കിലും, വേണ്ടപെട്ടവരെ വിട്ടുപോവുന്നതിന്റെ വേദന ശരിക്കും അറിയുന്നത്..

 

ഏട്ടന്റെ അമ്മയുടെ വാത്സല്യം മരുമക്കളിൽ എനിക്ക് തന്നെ ആയിരിക്കും കൂടുതൽ തന്നിട്ടുള്ളത് എന്നു പറയാം, ഏട്ടൻ വിദേശത്തേക്ക് പോയ നേരം തൊട്ട് എന്റെ നിഴൽ പോലെ കൂടെ കാണും എപ്പോഴും കരുതൽ ആയിട്ട് .

 

അതിനാലാവാം എനിക്ക് രണ്ട് അമ്മമാർ ഉണ്ടെന്ന് മനസിൽ എപ്പോഴും തോന്നുന്നതും…

 

അത്രയേറെ സ്നേഹം പകർന്ന അമ്മയെയും വീട്ടുകാരെയും വിട്ടിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..പറയാൻ വാക്കുകൾ കിട്ടാതെ എന്നെ ചേർത്തു പിടിച്ചു കൊണ്ട്…

 

“ന്റെ കുട്ടിക്ക് നല്ലത് വരട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചു യാത്ര ആക്കിയത്”

 

ഇത്തിരി പേടി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല, അനൂപ് കളിയാക്കിയാലോ,

ഞാനും അങ്ങനെ അറബി നാട്ടിൽ എത്തിട്ടോ..

 

ഏട്ടനെ കണ്ടതും എല്ലാ വിഷമങ്ങളും മാറി.ഞങ്ങളുടേതായ ലോകത്തേക്ക് യാത്ര തുടങ്ങി ആ നിമിഷം തൊട്ട്.. അറബി മണ്ണിന്റെ മനോഹാരിതയും തിരക്കു പിടിച്ച ജീവിത നിമിഷങ്ങളും നേരിൽ കാണാനും അറിയാനും കഴിഞ്ഞു ഓരോ നാളും..

 

കാത്തിരുന്ന ആ ദിവസം ..കണക്കു കൂട്ടലുകളിൽ നിന്നും വേദന ഇല്ലാതെ പുഞ്ചിരി നിറഞ്ഞ നിമിഷം …ഞാൻ അമ്മയാവാൻ പോകുന്നു എന്നറിഞ്ഞ നിമിഷം…വാക്കുകൾ പോലും കിട്ടാത്ത പോലെ…

 

ആ വാർത്ത കേട്ടപ്പോൾ നെറുകെയിൽ മുത്തം വെക്കുമ്പോൾ പ്രമോദേട്ടന്റെ മുഖം ഇത്ര കാലം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായിരുന്നു…

 

മനസ്സ് നിറഞ്ഞു നിൽക്കുമ്പോൾ അല്ലെ അത് മുഖത്തു പ്രതിഫലിക്കൂ..

 

അറബി മണ്ണിനോട് യാത്ര പറഞ്ഞുകൊണ്ട് തിരികെ ജന്മനാട്ടിലേക്ക് ,കുറച്ചു നാളുകൾ എങ്കിലും

ഒരായിരം ഓർമ്മകൾ നൽകിയ ഈ മണ്ണിനോട് ഒത്തിരി സ്നേഹം തോന്നുന്നു..

 

അവധി നാളുകൾക്ക് ശേഷം വീണ്ടും ഏട്ടന്റെ മടങ്ങി പോക്ക് ..ഒത്തിരി വിഷമം ഉണ്ടെങ്കിലും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ,

 

” ഇപ്പോൾ ഒറ്റക്കാക്കിയല്ല പോവുന്നത് ട്ടോ പെണ്ണേ ഉള്ളിൽ നമ്മുടെ വാവയും ഉണ്ട്, എത്രയും വേഗം പോയി വരാം ന്റെ കുട്ടിയെയും കെട്ടിയോളേയും കാണാൻ എന്നു പറഞ്ഞിറങ്ങി..”

 

പ്രവാസത്തെ ഒത്തിരി വെറുക്കുന്നുവെങ്കിലും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഏട്ടന്റെ കുടുംബഭദ്രത ഉറപ്പിച്ചത് ആ മണ്ണിൽ നിന്നും ഉണ്ടാക്കിയ സമ്പാദ്യം ആണെന്നും കുറച്ചു കാലം കൂടി നിന്നാൽ മാത്രമേ എല്ലാം നേരെ ആവൂ എന്ന് ഏട്ടൻ പറയുന്നത് കേൾക്കുമ്പോൾ എല്ലാം മറക്കും…

 

ഇപ്പോഴും ഞങ്ങൾ ഫോണിൽ കൂടി ആണേലും തല്ലിന് ഒരു കുറവും ഇല്ലാട്ടാ…പുതിയ ആൾ വരാൻ ഇത്തിരി നാളുകൾ ബാക്കിയെങ്കിലും

ഒരു പെൺകുട്ടി മതിയെന്ന് ഏട്ടനും ഒരു ആൺകുട്ടി മതിയെന്ന് ഞാനും വാശി പറയും…

 

“ടീ കുഞ്ചുവേ ന്റെ കുട്ടി എന്തു പറയുന്നു ഒന്നു ഫോണ് ചേർത്ത് പിടിക്കടി ” എന്ന് ഏട്ടൻ പറയുമ്പോൾ …

 

“അയ്യടാമോനേ വേണേൽ വേഗം ഇങ്ങോട്ട് പോരെ എന്നിട്ട് നേരിട്ട് ചോദിച്ചോ വാവയോട് എന്നു തമാശ ഞാനും പറയുമെങ്കിലും…

 

എനിക്കും അറിയാം ഏട്ടനെ പോലുള്ള ഓരോ പ്രവാസിയും മെഴുക് തിരി നാളങ്ങൾ ആണെന്ന്..

 

“മറ്റുള്ളവർക്ക് വേണ്ടി പ്രകാശം പകർന്ന് സ്വന്തം സുഖങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒതുക്കുന്ന കുടുംബത്തെ സ്നേഹിക്കാൻ മാത്രം അറിയുന്നവരെന്ന്”

Leave a Reply

Your email address will not be published. Required fields are marked *