രചന- നൗഫു ചാലിയം
ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..…മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി.
മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ റഹീം ശൂന്യകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങിയിരുന്നു..സ്വപ്നം കണ്ടിട്ടേ..
സ്വപ്നയെ അല്ലാട്ടോ.. ഇത് ഒറിജിനൽ സ്വപ്നം.. ഡ്രീം…ഇന്നവന്റെ കൂടേ പെണ്ണ് കാണാൻ പോകാനുള്ള നറുക്ക് എനിക്കാണ് വീണത്..
ഞാൻ ആണേൽ കഴിഞ്ഞ ആഴ്ച ദുബായിൽ നിന്നും വന്നതേ ഉള്ളൂ.. അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന സംഗതികളെ കുറിച്ച് യാതൊരു അറിവും ഇല്ല… അറിയിപ്പൊന്നും എന്റെ ബന്ധുക്കളോ കൂട്ടുകാരോ തന്നില്ല എന്നതായിരുന്നു സത്യം…
ഇടക്കിടെ കുടുംബ ഗ്രൂപ്പിൽ.. റഹീമിന്റെ ഓരോ കല്യാണ ആലോചനയും മുടങ്ങിയതിന്റെ നോട്ടിഫിക്കേഷൻ വരും.. അത്ര തന്നെ..
“അമ്മായി.. അമ്മായി…”ഞാൻ ഉച്ച കഴിഞ്ഞു ഒരു മൂന്നു മണിക്ക് തന്നെ റഹീമിന്റെ വീട്ടിലേക് എത്തി…എന്റെ ഉപ്പയുടെ പെങ്ങളുടെ മോൻ ആണ് റഹീം…
“ആ നീ വന്നോ..”പുറത്തേക് ഇറങ്ങി വന്നു എന്നെ കണ്ടു ചോദിച്ചു…”അവനെവിടെ അമ്മായി..”
“അവൻ ചോറ് കഴിച്ചു ഒരുങ്ങാൻ കയറിയത.. രണ്ടു മണിക്കൂർ ആയി കയറിയിട്ട്..ഒരു പെണ്ണില്ലല്ലോ എന്ന സങ്കടം അവന്റെ ഒരുക്കം കണ്ടാൽ തീരും മോനേ…”
അമ്മായി സ്വന്തം മോൻ ആണേലും വരാനുള്ള സന്ദർഭം വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു…
“ടാ.. റഹീ.. ഇതാ നൗഫു വന്നിരിക്കുന്നു.. വേഗം ഇറങ്ങാൻ നോക്ക്..”അമ്മായി ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു..
“ഇനി ഞാൻ കൂടേ ഉള്ളിലേക്കു കയറിയാൽ അവന്റെ ഒരുക്കം കഴിയാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ പുറത്ത് തന്നെ ഇരുന്നു..
അല്ലേൽ ഇത് എങ്ങനെ ഉണ്ട് അതെങ്ങനെ ഉണ്ടെന്ന് ചോദിച്ചു ഒരു പത്തു പതിനഞ്ചു ജോഡി വസ്ത്രം മുന്നിലേക്ക് ഇടും ആ പഹയൻ.. ”
“ടാ .. ഇതവന്റെ പതിനാറമത്തെ പെണ്ണ് കാണലാണ്.. അവൻ ഏത് പെണ്ണിനെ പോയി കണ്ടാലും അവൻ ഇവിടെ തിരിച്ചു എത്തുന്നതിനു മുമ്പ് തന്നെ അവിടെ നിന്നും വിളിച്ചു പറയും അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന്..”
അമ്മായി എന്റെ അടുത്തേക് നീങ്ങി സ്വകാര്യം പോലെ വീണ്ടും പറഞ്ഞു തുടങ്ങി ..
“ആരോ കരുതി കൂട്ടി മുടക്കുന്നതാ… അല്ലേൽ ഈ നാട്ടിലുണ്ടോ എന്റെ മോനെ പോലെ ഒരു ചെറുക്കൻ…”
“അതെന്നെക്കൂടെ ഒന്ന് കൊള്ളിച്ചു പറഞ്ഞത് ആണേലും.. ഞാൻ അത് അപ്പോൾ തന്നെ വിട്ടു.. മണ്ടത്തരത്തിൽ phd എടുത്തവനാണ് അവൻ.. ഇവുടുത്തെ കഥ അതല്ലാത്തത് കൊണ്ട് ഇപ്പൊ അത് പറയുന്നില്ല…”
“ടാ പോവാ…”പെട്ടന്ന് അവൻ റൂമിൽ നിന്നും ഒരു പാർട്ടി വെയർ ഇട്ടു കൊണ്ട് ഇറങ്ങി വന്നു.. ഈ അമർ അക്ബർ ആന്റണി യിൽ പിശാരടി ഇട്ടില്ലേ ആ സാധനം തന്നെ..
അവനെ കണ്ടപ്പോൾ തന്നെ എന്റെ കിളി മുഴുവൻ ദുബായ് കടപ്പുറം വഴി യൂറോപ് കടന്നിട്ടുണ്ട്..
വെറുതെ അല്ല ഇവന്റെ വിവാഹം മുടങ്ങുന്നത്.. ഏകദേശം കാര്യങ്ങളുടെ കിടപ്പ് എനിക്ക് കിട്ടി.. ചുരുക്കി പറഞ്ഞാൽ പോയ കിളി അതിലൂടെ തന്നെ തിരിച്ചു വന്നു..”അമ്മായി ഞങ്ങൾ ഇറങ്ങാണേ…”
അവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി..
അവനെ കണ്ടിട്ടാണെൽ എനിക്ക് ചിരിയും വരുന്നുണ്ട്.. കരയാനും തോന്നുന്നുണ്ട്..ഞങ്ങൾ രണ്ടു പേരും പെണ്ണിന്റെ വീട്ടിലേക് യാത്ര തുടങ്ങി…. ഒരു fz ബൈകിലാണ് യാത്ര..
“ടാ എത്രമണിക്കാണ് ബ്രോക്കർ വരാൻ പറഞ്ഞത്..”ഞാൻ വച്ചിലേക് നോക്കി കൊണ്ട് ചോദിച്ചു…
സമയം മൂന്നര ആയിട്ടുണ്ട്..”ഒരു നാല് മണിക്ക് എത്താൻ പറഞ്ഞത് ..””അര മണിക്കൂർ ഉണ്ടല്ലോ അങ്ങോട്ട്.. സമയത്തിന് എത്താമല്ലേ…”
“ഹ്മ്മ്..”ഒരു മൂളലിൽ മാത്രം ഒതുക്കി…കൂടുതൽ ഒന്നും സംസാരിക്കാതെ ബെയ്ക് സ്പീഡ് കൂട്ടി…
ബ്രോക്കർ പറഞ്ഞ സ്ഥലത് എത്തി മൂപ്പരെ വിളിച്ചപ്പോൾ ആയിരുന്നു.. മൂപ്പര് വരുന്നില്ല.. വേറെ എന്തോ ചുറ്റുപാടിലാണ്.. ഞങ്ങളോട് പെണ്ണ് വീട്ടിലേക് കയറി ചെല്ലാൻ പറഞ്ഞത്…
അവിടെ എല്ലാം വിളിച്ചു സെറ്റാക്കിയിട്ടുണ്ട് എന്ന് കൂടി പറഞ്ഞപ്പോൾ ഞങ്ങൾ പിന്നെ ഒന്നും ആലോചിക്കതെ ബ്രോക്കർ പറഞ്ഞു തന്ന വഴിയിലൂടെ പെണ്ണിന്റെ വീട്ടിലേക് എത്തി..
അവിടെ പുറത്തോന്നും ആരുമില്ലായിരുന്നു…”ഇക്കാ.. ഇക്കാ..”ഞാൻ പുറത്തെ കാളിങ് ബെല്ലടിച്ചു ഉള്ളിലേക്കു നോക്കി വിളിച്ചു..
ടാ നീ ഇങ്ങോട്ട് മാറിയേ ഞാൻ വിളിക്കാം എന്ന് പറഞ്ഞ്.. റഹീം മുന്നിലേക്ക് കയറി കാളിംഗ് ബെൽ നീട്ടി അടിച്ചു.. കൂടെ ഉപ്പ.. ഉപ്പ എന്നൊരു വിളിയും..
ഞാൻ അവനെ നോക്കിയപ്പോൾ ഒരു ഇളിഞ്ഞ ചിരിയുണ്ട് മുഖത്ത്.. കൂടേ അവൻ എന്തോ ബുദ്ധിപരമായി ചെയ്തതിന്റെ ഒരു പുച്ഛവും…
അവൻ എന്റെ ചെവിയിലേക് ചുണ്ട് അടിപ്പിച്ചു ഒരു സ്വകാര്യം പോലെ പറഞ്ഞു..”അവളുടെ ഉപ്പയെ ഞാൻ കാണുമ്പോൾ തന്നെ വീഴ്ത്തുന്നത് നീ കണ്ടോ..”
“ഏത് പൊട്ടനാടാ ബെല്ലടിച്ചു കളിക്കുന്നത്..”പെട്ടന്ന് ഉള്ളിൽ നിന്നും ഒരു വലിയുമ്മ ഇറങ്ങി വന്നു.. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
“ഇവിടെ ഉള്ളവർക് ചെവിയെല്ലാം കേൾക്കാം.. നീ എന്താ?.. പൊട്ടനാ..”റഹീമിനെ നോക്കി ആയിരുന്നു ചോദ്യം..
ഇമ്പ്രംസ് ചെയ്യാൻ വെച്ചത് എല്ലാം അവന് തന്നെ പാര യായി തുടങ്ങിയിട്ടുണ്ട്..”അതേ വല്ലിമ്മ.. ഞങ്ങൾ ഇവിടുത്തെ കുട്ടിയെ പെണ്ണ് കാണാൻ വന്നതാ.. ഉപ്പയെ ഒന്ന് വിളിക്കുമോ..”കൂടുതൽ ഒന്നും കേൾക്കണ്ടാ എന്ന് കരുതി ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു…
“ആ നാസിയ യെ പെണ്ണ് കാണാൻ വന്നവരാണോ.. ഇപ്പൊ വിളിച്ചു വെച്ചിട്ടേ ഉള്ളൂ ബ്രോക്കർ..വാ…മക്കള് കയറി ഇരിക്ക്..”
വന്നവർ ആരാണെന്നു അറിഞ്ഞ ഉടനെ തന്നെ വലിയുമ്മ സന്തോഷത്തോടെ ഞങ്ങളെ വീടിന് അകത്തേക് കയറ്റി ഇരുത്തി..
“ആരാ ചെക്കൻ..?”എന്നെയും റഹീമിനെയും നോക്കി കൊണ്ട് വലിയുമ്മ ചോദിച്ചു..ഞാൻ റഹീമിനെ ചൂണ്ടി കാണിച്ചതും അവനെ ആകെ മൊത്തത്തിൽ ഒന്നു ചൂഴ്ന്ന് നോക്കി കൊണ്ട് ഒന്നും പറയാതെ ഉള്ളിലേക്കു പോയി..
“മക്കളെ ഉപ്പ വരാൻ ഒരു പത്തു മിനിറ്റ് എടുക്കും.. അവരുടെ കൂടേ തന്നെ മോളും വരും.. ഞാൻ ചായ എടുക്കാം..”ഉള്ളിൽ നിന്നും എന്റെ ഉമ്മയുടെ പ്രായമുള്ള സ്ത്രീ വന്നു കൊണ്ട് പറഞ്ഞു..
പെണ്ണിന്റെ ഉമ്മയാണ്..അവർ ഉടനെ തന്നെ രണ്ടു ഗ്ലാസ് ചായയും.. ഒരു പ്ളേറ്റിൽ ബിസ്കറ്റും.. മറ്റൊരു പ്ളേറ്റിൽ കുറച്ചു മിച്ചറുമായി വന്നു..
മക്കള് കഴിക്കിട്ടോ… ഓര് ഇപ്പൊ വരുമെന്ന് പറഞ്ഞു ഉമ്മ വീടിന് അകത്തേക്കു പോയി..
ആ സമയത്താണ് റഹീമിന്റെ കല്യാണം മുടങ്ങാൻ ഒരു കാരണം എന്താണെന്നു എനിക്ക് മനസിലായത്..
ഇന്നലെ വൈകുന്നേരം…ഇവന്റെ കൂടെ പെണ്ണ് കാണാൻ പോകുന്നെന്നു പറഞ്ഞപ്പോൾ തന്നെ ബന്ധുക്കളും കൂട്ടുകാരും ഒരു നോട്ടം നോക്കിയിരുന്നു.. അതെന്താണെന്നും എനിക്ക് മനസിലായി…
ഞങ്ങൾ ചായ കുടിക്കുന്നതിന് ഇടയിൽ ആയിരുന്നു പെണ്ണും അവളുടെ ഉപ്പയും അകത്തേക് കയറിയത്..
ആ സമയം.. പണ്ട് മുതലേ റഹീമിന് ഒരു ശീലമുണ്ട്..ചായ യും മിച്ചറും കിട്ടിയാൽ.. ചായ ഗ്ലാസിലേക് മിച്ചർ ഇട്ട് കുടിക്കുന്ന ശീലം..
അവർ ഉള്ളിലേക്കു കയറുന്ന സമയം.. അവൻ ചായ ഗ്ലാസിൽ മിച്ചർ നിറച്ചു വായയിലേക് ഒരു കൈ കൊണ്ട് ഗ്ലാസിന് പിറകിൽ തട്ടി കൊണ്ട് കഴിക്കുന്നതാണ് കാണുന്നത്..
ഞാനും അവരും ഓരോ സമയമാണ് ഇത് കാണുന്നത്. അത് കൊണ്ട് തന്നെ അവനെ ഒന്നു അടക്കി നിർത്താനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല.
നിങ്ങളൊന്ന് ആലോചിച്ചു നോകിയെ… പാർട്ടിവേയറൊക്കെ ഇട്ട് ചിമുട്ടനൊരു ചെക്കൻ ചായ ഗ്ലാസിലെ മിച്ചർ കൈ കൊണ്ട് തട്ടി കൊണ്ട് കഴിക്കുന്ന രംഗം ….
ഈ… കുട്ടി കളി മാറാത്ത ചെക്കന് ഇതെല്ലാം കാണുന്ന ഏതേലും പെണ്ണ് വീട്ടുകാർ പെണ്ണിനെ കൊടുക്കുമോ..
അന്നത്തോടെ അവന്റെ കൂടേ പെണ്ണ് കാണൽ ചടങ്ങിന് പോകുന്ന പരിവാടി ഞാൻ നിർത്തി..
അന്നും ഞങ്ങൾ വീട്ടിലേക് എത്തുന്നതിനു മുമ്പ് പെണ്ണിന്റെ വീട്ടുകാരുടെ ഫോൺ അമ്മായിക് വന്നിരുന്നു…