‘ഞാൻ പവിത്ര’
രചന :- മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
“”പവിത്രാ ഒന്ന് ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ. ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു.
പവിത്രയോട് ഒളിച്ചു വെച്ചിരുന്ന പ്രണയത്തിന്റെ ചെറിയൊരു ലാഞ്ചന ആ ചിരിയിൽ ലയിച്ചിരുന്നു.
“”എന്താ ആശിഷ്. വിളിയിൽ ഒരു മാറ്റം. പവിത്രാ, നീ എന്നൊക്കെ. മാഡം എന്നുള്ള വിളിയൊക്കെ നിർത്തിയോ.. പ്ലീസ് കാൾ മി മാഡം…ഓക്കെയ്..?”” പവിത്ര കനത്ത മുഖത്തോടെ പറഞ്ഞു.
ആശിഷിന്റെ ചിരി പെട്ടെന്ന് അപ്രത്യക്ഷമായി.
അവൾ ആശിഷിന്റെ അടുത്തേക്ക് വന്നു. അയാളുടെ അയഞ്ഞു കിടന്ന ടൈ അവൾ മുറുക്കി കൊടുത്തു നേരെയിട്ടു.
“”നോക്കൂ ആശിഷ്..പപ്പയുടെ അടുപ്പക്കാരനാണ് കമ്പനിയിൽ സീനിയറാണ് എന്നുള്ള പരിഗണനയൊന്നും പവിത്ര മാഡം തരില്ല കെട്ടോ. അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്””. പവിത്ര അയാളുടെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട് പറഞ്ഞു.
ആശിഷ് വീണ്ടും ചിരിക്കാൻ ശ്രമിച്ചു. അപമാന ഭാരം തോന്നിയ അയാളുടെ തല താഴേക്ക് തൂങ്ങി.
പവിത്ര ഫയൽ മാറോടണച്ചു. ലാപ് ടോപ് കൈയ്യിൽ തൂക്കി പോവാൻ തുടങ്ങി.
“”ആശിഷ്.. ഞാൻ ഇറങ്ങുന്നു. നിങ്ങൾ വരുന്നോ?””.
“”ഞാനും വരുന്നു മാഡം. വണ്ടി നന്നാക്കാൻ കൊടുത്തിട്ട് കിട്ടിയില്ല””
“”നോക്കൂ ആശിഷ്. ഇന്ന് പപ്പയുടെ ബർത് ഡേ യാണ്””. പവിത്ര ഒന്ന് പുറകിലേക്ക് നോക്കി പറഞ്ഞു. അവൾ കാറിന്റെ വേഗം ചെറുതായി കുറച്ചു.
“”ഓ.. സത്യദാസ് സാറിന് എന്റെ ആശംസകൾ അറിയിക്കൂ. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കാം”” ആശിഷ് ഒന്ന് പുഞ്ചിരിച്ചു.
“”ആശംസകൾ അറിയിച്ചേക്കാം. പക്ഷെ.. ദീർഘായുസ്സിന് വേണ്ടിയുള്ള പ്രാർത്ഥന. അത് വേണ്ട ആശിഷ്””.
പവിത്രയുടെ മുഖത്ത് വല്ലാത്തൊരു ഭാവം വിരിയുന്നത് ആശിഷ് മുന്നിലെ കണ്ണാടിയിലൂടെ കണ്ടു.
“”ശരിയാണ് മാഡം.. ഒരു വർഷം ആയല്ലോ അല്ലേ സാറ് ഒരേ കിടപ്പ് തുടങ്ങീട്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം അല്ലേ””. ആശിഷിന്റെ മുഖത്ത് അല്പം സങ്കടം വിരിഞ്ഞു.
പവിത്ര മെല്ലെ ചിരിച്ചു..കാറിന്റെ വേഗത അല്പം കുറച്ചു.
“”മാഡം.. സാറിന്റെ അവസ്ഥയിൽ മാഡത്തിന്റെ വിഷമവും സങ്കടവുമൊക്കെ എനിക്ക്…അല്ല.. ഞങ്ങൾക്ക് മനസ്സിലാവും. പക്ഷെ.. അതിന്റെ പേരിൽ മാഡത്തിന് വന്ന ഈ മാറ്റത്തിന്റെ രഹസ്യമാണ് പിടികിട്ടാത്തത്. പ്രത്യേകിച്ച് ഞങ്ങൾ പുരുഷ ജോലിക്കാരോട് ഈ പരുക്കൻ പെരുമാറ്റം. നേരെ മുഖത്ത് നോക്കി സംസാരിക്കുന്നില്ല. എല്ലാരും പോട്ടെ.. ഈ എന്നോട് പോലും…”” ആശിഷ് ഒന്ന് മുന്നിലേക്ക് ആഞ്ഞു കൊണ്ട് ചോദിച്ചു.
പവിത്രയുടെ മുഖം വല്ലാതെ മാറി. ആകെ ചുവന്നു തുടുത്തു. അവൾ ബ്രേക്കിൽ അമർത്തി ചവിട്ടി. ടയർ നിലത്തുരയുന്ന ശബ്ദത്തോടെ കാർ ഇരമ്പി നിന്നു. ആശിഷ് മുന്നിലേക്ക് വീഴാൻ പോയി.
അവൾ അയാളെ രൂക്ഷമായി നോക്കി. പിന്നെ പതുക്കെ ചിരിച്ചു.
“”ആശിഷ്.. ഞാൻ നേരത്തെ പറഞ്ഞതല്ലേ.. പ്ലീസ്””
അവൾ വീണ്ടും കാർ മുന്നോട്ടെടുത്തു.
“”സൂക്ഷിച്ചിരിക്ക് ആശിഷ്.. അല്ലെങ്കിൽ ഇനിയും വീഴും””. അവൾ അല്പം ശബ്ദം ഉയർത്തി ചിരിച്ചു.
ഒരു വർഷമായിട്ട് പവിത്ര ഇങ്ങനെയാണ്. ഇടയ്ക്കിടെ മോഡേൺ വസ്ത്രങ്ങൾ ധരിച്ചു അതി സുന്ദരിയായി പപ്പയുടെ കൂടെ ഓഫീസിൽ വന്നിരുന്ന അവൾ പപ്പ തളർന്നു കിടന്നതിന് ശേഷം ആകെ മാറി. മുറുകിയ മുഖത്തോടെ മാത്രമേ അവളെ പിന്നെ കണ്ടിട്ടുള്ളൂ. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ ചുരിദാറുകൾ മാത്രമേ അവൾ പിന്നീട് ധരിച്ചിട്ടുള്ളൂ. സൗന്ദര്യം ഒളിപ്പിച്ചു വെച്ച മുഖവും തികച്ചും അലസമായ ശരീര ഭാഷയും. ആരോടും ഒട്ടും മമതയില്ലാതെ പെരുമാറാൻ അവൾ പരമാവധി ശ്രദ്ധിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨
“”ഗുഡീവനിങ് മമ്മാ.. പപ്പയെ കുളിപ്പിച്ചോ””
അവൾ കൈയ്യിലുള്ള പൊതിയും ഫയലും ലാപ് ടോപ്പും ടേബിളിൽ വെച്ചു കൊണ്ട് ചോദിച്ചു.
മമ്മ അവളെ ദേഷ്യത്തോടെ നോക്കി.
“”എന്നെ കൊണ്ട് ഒറ്റക്ക് പറ്റണ്ടേ. നീ വന്നിട്ട് കുളിപ്പിക്കാമെന്ന് കരുതി””
“”എന്താ മമ്മാ ഇത്. എല്ലാം ഞാൻ കാണിച്ചു തന്നതല്ലേ. ലക്ഷങ്ങൾ വില വരുന്ന വീൽ ചെയറും വാങ്ങി തന്നതല്ലേ””
“”ഓ.. നീ ലക്ഷങ്ങൾ മുടക്കിയ കാര്യമൊന്നും പറയേണ്ട. പപ്പയെ മനഃപൂർവം വീഴ്ത്തി കിടത്തിയിട്ട് നീയിപ്പോ വലിയ എംഡി ചമഞ്ഞു നടക്കാണല്ലോ അല്ലേ. നിനക്ക് ഒന്നും അറിയേണ്ടല്ലോ. നിന്റെ പപ്പക്കും ഒന്നും അറിയേണ്ട. മലർന്നു ഇങ്ങനെ കിടന്നാൽ മതിയല്ലോ അനങ്ങാതെ””. മമ്മ ദേഷ്യപ്പെട്ടു ടേബിളിൽ ഉറക്കെ തല്ലി.
“”എന്താ മമ്മാ ഇത്. എല്ലാം മമ്മക്ക് അറിയാവുന്നതല്ലേ. എന്നിട്ടും എന്നോടെന്താ ഇങ്ങനെ.. “”. പവിത്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“”സങ്കടം വന്നിട്ടാ മോളെ.. സഹിക്കാഞ്ഞിട്ടാ. എത്രയാണെന്ന് വെച്ചിട്ടാ ഒരു മനുഷ്യ സ്ത്രീ വലിയൊരു രഹസ്യവും പേറി ഇങ്ങനെ ജീവിക്കുന്നത്. മലവും മൂത്രവും കോരി ഞാൻ മടുത്തു. ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകാനാ നിന്റെ പപ്പ പറയുന്നത്. നിന്നെ കരുതിയിട്ടാ അല്ലെങ്കിൽ ഞാൻ.. “” മമ്മ തേങ്ങി.
പവിത്ര പപ്പയുടെ മുറിയിലേക്ക് പോയി. അവളെ കണ്ട പപ്പ ഉടൻ മുഖം കനപ്പിച്ചു. അൽപ്പ നേരം തുറുപ്പിച്ചു നോക്കി കൊണ്ട് മുഖം മറു വശത്തേക്ക് തിരിച്ചു.
“”ഹായ് പപ്പാ..കുളിച്ചില്ലേ?. മമ്മ കുളിപ്പിച്ചു കാണും എന്നല്ലേ ഞാൻ കരുതിയത്”” പവിത്ര ചിരിച്ചു കൊണ്ട് ചോദിച്ചു. അവൾ അയാളെ പിടിക്കാൻ നോക്കി.
“”എന്നെ ആരും തൊടേണ്ട””.
“”അതെന്താ പപ്പാ.. ഞാൻ പപ്പയുടെ പുന്നാര മോളല്ലേ. ഒരേയൊരു പൊന്നു മോള്””. പവിത്ര അയാളുടെ താടിയിൽ പിടിച്ചു കുലുക്കി
“”ഒരു മോള്. സ്വന്തം അച്ഛനെ അനങ്ങാൻ പറ്റാത്ത കോലത്തിലാക്കിയ ഒരു മോള്””. പപ്പ പല്ല് കടിച്ചമർത്തി പിറുപിറുത്തു.
“”പപ്പാ.. മമ്മ കേൾക്കും.. പാവമല്ലേ നമ്മുടെ മമ്മ. അതിനിപ്പോഴും ഒന്നും അറിയില്ലന്നെ””. പവിത്ര ചിണുങ്ങി കൊണ്ട് പറഞ്ഞു ചിരിച്ചു.
തീരെ ദുർബലമായ അയാളുടെ മാംസം ചോർന്നു പോയ ശരീരം അയാൾ ചെറുതായി ഇളക്കി. അയാൾ വീണ്ടും മുഖം തിരിച്ചു.
“”എന്താ പപ്പാ.. ഇന്നിങ്ങനെ..?”” അവൾ ചോദിച്ചു.
“”ഓ.. ഒരു മമ്മ. മലവും മൂത്രവും കോരി അവൾക്കും എന്നെ മടുത്തെടി. എന്നെ ഒന്നിനും കൊള്ളില്ലല്ലോ ഇനി. അവൾക്കിപ്പോഴും ചെറുപ്പമാ. വല്ലവന്റെയും കൂടെ ഇറങ്ങി പോകാൻ ഞാൻ പറഞ്ഞതാ. അപ്പൊ അവൾക്ക് മോളോട് സഹതാപം.
“”അപ്പൊ അതാണ് കാര്യം. രണ്ട് പേരും കൂടി ഇന്നും വഴക്കിട്ടു അല്ലേ. മമ്മ ആരുടെ കൂടെ പോവാനാ പപ്പാ. നമ്മൾ രണ്ടാളുമല്ലേ മമ്മയുടെ ലോകം. പാവമാണ്. ഇപ്പോഴും ഒന്നും അറിയാതെ ഇങ്ങനെ…”” പവിത്ര പറഞ്ഞു. അവളുടെ മുഖം ഒന്ന് ഇരുണ്ടു.
പപ്പ അവൾക്ക് മുഖം കൊടുക്കാതെ മുകളിലേക്ക് നോക്കി. കണ്ണിൽ അല്പം കണ്ണീർ പൊടിഞ്ഞു. അവർക്കിടയിൽ അല്പ നേരം മൗനം മുന്നിട്ട് നിന്നു.
“”പപ്പാ. നമുക്ക് കുളിക്കാം. ഇന്നത്തെ ദിവസം ഓർമ്മയില്ലേ. ഇന്ന് പപ്പയുടെ ബർത് ഡേ യാ. പപ്പക്ക് ഏറ്റവും ഇഷ്ടമുള്ള ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് കൊണ്ട് വന്നിട്ടുണ്ട്”” പവിത്ര മെല്ലെ പറഞ്ഞു.
പപ്പയുടെ മുഖം വാടി. അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
“”ആ ദിവസം ഓർക്കാൻ എനിക്ക് ബർത് ഡേ ഒന്നും വേണ്ടല്ലോ. അല്ലാതെ തന്നെ ഇന്നത്തെ ദിവസം മറക്കാൻ പറ്റുമോ എനിക്ക്””. അയാൾ പറഞ്ഞു. മുഖം വല്ലാതെ മാറി.
പവിത്ര ചിരിച്ചു.
“”എല്ലാം കഴിഞ്ഞില്ലേ പപ്പാ.. ഇനി അതൊക്കെ ഓർത്തിട്ട് എന്തിനാ വെറുതെ. എണീക്ക് പപ്പാ. നമുക്ക് കുളിക്കാം””.
പവിത്ര പപ്പയെ കുളിപ്പിച്ചു. വെളുത്ത മുണ്ടും ജുബ്ബയും ധരിപ്പിച്ചു. വീൽ ചെയറിൽ ഇരുത്തി ഡൈനിങ് ഹാളിലേക്ക് കൊണ്ട് വന്നു മേശക്ക് അരികിൽ ഇരുത്തി. പപ്പയുടെ കൈയ് പിടിച്ചു കേക്ക് മുറിച്ചു. ഒരു കഷ്ണം പപ്പയുടെ വായിലേക്ക് വെച്ചു കൊടുത്തു.
ഹാപ്പി ബർത് ഡേ ടൂ യൂ.. ഹാപ്പി ബർത് ഡേ ടൂ യൂ. ഹാപ്പി ബർത് ഡേ ഡിയർ പപ്പാ””. പവിത്ര കയ്യടിച്ചു പാടി. അവൾ ഉറക്കെ ചിരിച്ചു.
ആ ചിരി അവളിൽ മാത്രം ഒതുങ്ങി. ചുവരും ചാരി നിന്ന് അലസമായി അത് നോക്കി നിന്ന മമ്മ തീരെ താല്പര്യമില്ലാതെ എന്തൊക്കെയോ പിറുപിറുത്തു. വായിൽ നിറഞ്ഞ കേക്കിന്റെ കഷ്ണം അയാൾ കുറച്ചു ഇറക്കി ബാക്കി വന്നത് തുപ്പി കളഞ്ഞു. പവിത്ര അപ്പോഴും ചിരിച്ചു
അവൾ പപ്പയെ തിരിച്ചു മുറിയിൽ കൊണ്ടു പോയി കിടത്തി. അവളും കൂടെ കിടന്നു. അവൾ അയാളെ ഇറുക്കി കെട്ടി പുണർന്നു. അയാൾ ചെരിഞ്ഞു കിടന്നു.
“”പപ്പാ.. ഓയ്.. പപ്പേയ്””. അവൾ പതുക്കെ വിളിച്ചു.
“”മ്മ്”” അയാൾ മൂളി.
ആ സ്വരത്തിലെ പതർച്ച അവൾ മനസിലാക്കി.
“”പപ്പ കരയുകയാണോ?””. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല. പകരം വളരെ മൃദുവായ ഒരു തേങ്ങൽ കേട്ടു.
“”ഐ ലവ് യൂ പപ്പാ.. എനിക്ക് പപ്പയെ എന്തിഷ്ടമാണെന്നോ””. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
മറുപടിയായി അയാൾ ഒന്നുകൂടി തേങ്ങി.
“”ഇന്നേക്ക് ഒരു വർഷമായി അല്ലേ പപ്പാ””. പവിത്രയുടെ തൊണ്ട ഇടറി. അവൾ മലർന്നു കിടന്നു. കണ്ണുകൾ സജലമായി. പപ്പയുടെ നിർത്തി നിർത്തിയുള്ള തേങ്ങലുകൾകിടയിൽ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു.
“”എന്റെ തെറ്റാണ്. ഞാൻ മഹാപാപിയാണ്”. അയാൾ അവൾ കേൾക്കാതെ പിറുപിറുത്തു കൊണ്ടിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨
അന്നത്തെ രാത്രി തന്റെ ശരീരത്തിലൂടെ ഇഴഞ്ഞ കൈകൾ തുടകളുടെ സംഗമ ഭാഗത്ത് എത്തും വരെ പവിത്ര അറിഞ്ഞില്ല. അസ്വസ്‌ഥമായ ഇക്കിളിയിൽ പേടിച്ചു വിറച്ചു ഞെട്ടി എഴുന്നേറ്റ പവിത്ര മേശക്ക് മുകളിൽ ഇരുന്ന ചെടി ചട്ടിയെടുത്തു ഇരുളിൽ ആഞ്ഞു വീശി. വായിൽ നിന്നും വന്ന ഒരു നേർത്ത കരച്ചിലോടെ ഒരാൾ താഴേ വീഴുന്ന ശബ്ദം അവൾ കേട്ടു. അയാൾ വീണ്ടും എഴുന്നേൽക്കും എന്ന് അവൾക്ക് തോന്നിയത് കൊണ്ട് ആ ചെടി ചട്ടി കൊണ്ട് അവൾ അയാൾ വീണ ഭാഗത്തു അലക്ഷ്യമായി അടിച്ചു കൊണ്ടിരുന്നു.
ഭയം വിട്ടു മാറി ബോധമനസ്സ് ഉണരും വരെ എന്താണ് സംഭവിച്ചതെന്നോ താൻ എന്താണ് ചെയ്തതെന്നോ അവൾക്ക് മനസ്സിലായില്ല. അയാൾക്ക് അനക്കമില്ല എന്ന് മനസ്സിലാക്കിയ അവൾ എഴുന്നേറ്റു പോയി ലൈറ്റിന്റെ സ്വിച്ചിട്ടു. അവൾ ഞെട്ടി വിറച്ചു.
“മരിച്ചോ”
നിലത്ത് ചോരയിൽ കുളിച്ചു കൊണ്ട് ഒരു പുരുഷ രൂപം കവിൾ നിലത്തു പതിച്ചു കമിഴ്ന്നു കിടക്കുന്നു. തലയിൽ നിന്ന് ചോര ഒഴുകി കൊണ്ടിരിക്കുന്നു. മുതുകിന്റെ താഴ് ഭാഗം ചോര കല്ലിച്ചു വീർത്തിരിക്കുന്നു.
അവൾ സൂക്ഷിച്ചു നോക്കി. നല്ല പരിചയമുള്ള മുഖം. ഒന്ന് കൂടി അടുത്തു വന്നു നോക്കിയ അവളുടെ കണ്ണുകൾ തുറിച്ചു വന്നു.
“”എന്റെ പപ്പയല്ലേ ഇത്. എന്റെ.. പപ്പാ.. എന്നോട്””
അവളുടെ നെഞ്ച് പിടച്ചു മറിഞ്ഞു. ശ്വാസ ഗതി അതി വേഗത്തിലായി. കണ്ണിൽ ഇരുട്ടു കയറി തുടങ്ങും മുമ്പേ അവൾ ഓടി പോയി ലൈറ്റ് ഓഫ് ചെയ്തു. വിറച്ചു കൊണ്ട് അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു.
“”എന്റെ പപ്പാ…എന്തിന് എന്നോട് ഇങ്ങനെ. ഞാൻ പപ്പയുടെ മോളല്ലേ. എന്നിട്ടും. ഇങ്ങനെയൊരളായിരുന്നോ എന്റെ പപ്പാ.. “”.
എത്ര നേരം കരഞ്ഞു എന്ന് അവൾക്കറിയില്ല. പതുക്കെ യാഥാർഥ്യം മനസിലാക്കിയ അവൾ എഴുന്നേറ്റിരുന്നു കണ്ണ് തുടച്ചു.
“”എന്റെ പപ്പ എന്നോട് തെറ്റ് ചെയ്തു. അതിന് ഞാൻ ശിക്ഷിച്ചു. പപ്പയാണെന്ന് അറിഞ്ഞു കൊണ്ടല്ലല്ലോ. ഇരുട്ടത്തല്ലേ. അല്ല ഇനി പപ്പയാണെന്നു അറിഞ്ഞു കൊണ്ടാണെങ്കിലോ പപ്പയുടെ ആഗ്രഹത്തിന് ഞാൻ വഴങ്ങി കൊടുക്കണമായിരുന്നോ. അറിയില്ല. ഒന്നും അറിയില്ല എനിക്ക്. ഞാൻ തെറ്റ് ചെയ്തില്ല. ഇരുട്ടായത് കൊണ്ട് എന്റെ പൊന്നു പപ്പയുടെ മുഖം എനിക്ക് കാണാതെ കഴിഞ്ഞല്ലോ. നന്നായി. ഇരുട്ടായത് നന്നായി””. അവൾ ഇരുന്നു പിറു പിറുത്തു.
“”പപ്പ.. മരിച്ചോ. ഞാൻ കൊന്നോ”” അവൾ ഞെട്ടിയെഴുന്നേറ്റു. വീണ്ടും ലൈറ്റിട്ടു. പതുക്കെ നടന്നു ചെന്ന് കവിളിൽ തട്ടി വിളിച്ചു.
അയാൾ ചെറുതായി കൺ പോളകൾ പ്രയാസപ്പെട്ടു തുറന്നു ഒന്ന് ഞരങ്ങി.വീണ്ടും കണ്ണടച്ചു.
“ജീവനുണ്ട്”… അവൾ ഉള്ളിൽ ഒന്ന് ആശ്വസിച്ചു.
“മമ്മയോട് പറയണ്ട. എന്ത് കാരണം പറയും. എന്നെ നശിപ്പിക്കാൻ പപ്പ വന്നു എന്ന് മമ്മയറിഞ്ഞാൽ പപ്പയെ വെറുക്കും. മമ്മ ഇറങ്ങി പോകും. എല്ലാവരും എല്ലാം അറിയും. പപ്പയെ ജനങ്ങൾ കാർക്കിച്ചു തുപ്പും…വേണ്ട.. അത് വേണ്ട. എനിക്കെന്റെ പപ്പയെ വേണം”.
പവിത്ര അയാളെ വലിച്ചിഴച്ചു അടുക്കളയിലേക്ക് കൊണ്ടു പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. വലിച്ചിഴച്ച വഴികളിൽ ചോര പതിഞ്ഞു കിടന്നു. അവളുടെ താഴേ വീഴുന്ന കണ്ണീരും അതിൽ കുതിർന്നു കൊണ്ടിരുന്നു.
അവൾ അയാളെ ഫ്രിഡ്ജിന്റെ അടുത്ത് മലർത്തി കിടത്തി. വലിച്ചിഴച്ചു കൊണ്ടു വന്നയിടത്തെ ചോര തുടച്ചു വൃത്തിയാക്കി. മേശ അയാളുടെ അടുത്തേക്ക് വലിച്ചിട്ടു. അല്പം വെളിച്ചെണ്ണ നിലത്ത് തൂവി. ഫ്രിഡ്ജിൽ നിന്നും ഒരു വാട്ടർ ബോട്ടിലെടുത്തു അടപ്പ് തുറന്ന് താഴെക്കിട്ടു. പിന്നെ ലൈറ്റിട്ടു അടുക്കള വാതിലിന്റെ അടുത്തേക്ക് ചെന്ന് നിന്നു.
“”ആഹ്.. ആഹ്.. മമ്മാ.. ഓടി വായോ.. ദേ പപ്പാ..””
അവൾ കരഞ്ഞു നിലവിളിച്ചു. ശബ്ദം കേട്ട് മമ്മ ഞെട്ടിയെഴുന്നേറ്റു ലൈറ്റിട്ടു. അടുത്ത് കിടന്ന പപ്പയെ കാണാനില്ല. അവർ അടുക്കളയിലേക്ക് ഓടി.
“”എന്താ.. എന്താ മോളെ””. അവർ വിറച്ചു കൊണ്ട് ചോദിച്ചു.
“”ദേ.. പപ്പ.. പപ്പ.. വീണു കിടക്കുന്നു””. പവിത്രക്ക് ഭയം അഭിനയിക്കേണ്ടി വന്നില്ല.
മമ്മ ഒന്ന് ഞെട്ടി. ശബ്ദം തൊണ്ടയിൽ കുടുങ്ങി. അവർ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്ന് കവിളിൽ തട്ടി വിളിച്ചു.
അയാൾ അനങ്ങിയില്ല. അവർ പിറകിലേക്ക് വേച്ചു വീണു നിലത്തിരുന്നു. പവിത്ര പതുക്കെ മമ്മയുടെ അടുത്തേക്ക് വന്നു ഇരുന്നു.
“”മമ്മ.. പപ്പ.. പോയോ””. അവൾ പതുക്കെ ചോദിച്ചു.
“”അറിയില്ല.. എനിക്കൊന്നും അറിയില്ല. മമ്മ നിയന്ത്രണം വിട്ടു അലറി കരഞ്ഞു.
“”എന്റെ തെറ്റാണ് മമ്മാ.. എന്റെ അശ്രദ്ധയാണ് മമ്മാ. നിലത്ത് വീണ എണ്ണ ഞാൻ തുടച്ചു വൃത്തിയാക്കാൻ മറന്നതാ മമ്മാ.. അതിൽ ചവിട്ടി വഴുക്കി വീണതാ പപ്പാ””. പവിത്ര ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
മമ്മ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. പിന്നെ വീണ്ടും ആർത്തു കരഞ്ഞു.
“”പോ.. പോടീ എന്റെ മുമ്പീന്ന്””.
“”ആഹ്. ആഹ്””. പപ്പ ചെറുതായി ഇന്ന് മുരണ്ടു. ഒപ്പം കൈയ്കൾ അനക്കി.
പവിത്രയുടെ കണ്ണുകൾ വിടർന്നു.
“”മമ്മാ.. പപ്പ കരയുന്നു . ജീവനുണ്ട്. ദാ അനങ്ങുന്നു””.
അവൾ വേഗത്തിൽ എഴുന്നേറ്റ് ചെന്ന് പപ്പയുടെ കവിളിൽ തട്ടി വിളിച്ചു.
“”പപ്പാ.. പപ്പാ””
“”മ്മ്.. അഹ്.. ആഹ്””
“”മമ്മാ.. പപ്പക്ക് ജീവനുണ്ട്. പപ്പക്ക് ജീവനുണ്ട്. വന്ന് പിടിക്ക് മമ്മാ. ഹോസ്പിറ്റലിൽ കൊണ്ട് പോവാം””.
അവർ അയാളെ താങ്ങി പിടിച്ചു കാറിൽ കയറ്റി. കാർ അതിവേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
“ഇല്ല.. ഞാൻ തെറ്റ് ചെയ്തില്ല. പപ്പ എന്നോട് തെറ്റ് ചെയ്തു. ഒരു മകളോട് ചെയ്യാൻ പാടില്ലാത്തത് ചെയ്തു. ഞാൻ പ്രതികരിച്ചു. എന്നോട് തെറ്റ് ചെയ്തയാളെ ഞാൻ ശിക്ഷിച്ചു. ഇരുട്ടായത് നന്നായി. എന്റെ പപ്പയുടെ മുഖം എനിക്ക് കാണേണ്ടി വന്നില്ലലോ. ഇരുട്ടായത് നന്നായി. ഇരുട്ടായത് നന്നായി”. പവിത്ര കാർ ഓടിക്കുന്നതിനിടെ ചിന്തിച്ചു.
അവളുടെ മനസ്സ് വീണ്ടും മരവിച്ചു. മുഖവും അതേ ഭാവം പൂണ്ടു. കണ്ണീര് കവിളിൽ ഉണങ്ങി പിടിച്ചു.
“”അടുക്കളയിൽ തെന്നി വീണതാണ്””
ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അവൾ ഇങ്ങനെ പറഞ്ഞു.
ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ പവിത്രയും മമ്മയും കാത്തിരുന്നു. മമ്മ തല കുനിച്ചിരുന്നു തേങ്ങി കൊണ്ടിരുന്നു. പവിത്രയുടെ മനസ്സിലെ മരവിപ്പ് പതുക്കെ അലിഞ്ഞില്ലാതായി. അവളുടെ കണ്ണുകൾ അറിയാതെ വീണ്ടും ഒഴുകി കൊണ്ടിരുന്നു.
അവൾ എഴുന്നേറ്റു വരാന്തയുടെ കുറച്ചു ദൂരെ ചുവരും ചാരി നിന്നു.
“ഞാൻ തെറ്റ് ചെയ്തോ.?.അങ്ങനെയല്ലേ ഞാനപ്പോൾ ചെയ്യേണ്ടത്.?. എന്റെ പൊന്നു പപ്പയല്ലേ. ഞാൻ അത്രത്തോളം സ്നേഹിച്ച എന്റെ പപ്പ.. ആ പപ്പയെ ഞാൻ..””. അവളുടെ മനസ്സ് ചോദ്യങ്ങൾ കുത്തി കുത്തി ചോദിച്ചു കൊണ്ടിരുന്നു.
മണിക്കൂറുകൾ മൂന്നാലെണ്ണം കടന്നു പോയി.
“”ആരാ.. പവിത്ര ?””. ഒരു നേഴ്സ് വന്നു ചോദിച്ചു.
പവിത്ര തിരിഞ്ഞു നിന്നു ഓടി ചെന്നു. മമ്മ വേഗത്തിൽ എഴുന്നേറ്റ് നഴ്സിന്റെ അടുത്തേക്ക് ചെന്നു.
“”എന്താ.. എന്തായി മോളെ””
“”സർജറി കഴിഞ്ഞു. ബാക്കി ഡോക്ടർ പറയും. പവിത്രയോട് ഡോക്ടറെ കാണാൻ പറഞ്ഞു””
പവിത്ര നഴ്സിന്റെ കൂടെ പോവാൻ തുടങ്ങി. മമ്മയും കൂടെ പോവാൻ നോക്കി.
“”പവിത്ര മാത്രം മതി കെട്ടോ””. നേഴ്സ് പറഞ്ഞു.
“”മമ്മ ഇവിടെ ഇരുന്നോളൂ. ഞാൻ പോയി നോക്കീട്ട് വരാം””
“”സത്യദാസിന്റെ മകൾ ആണല്ലേ.”” ഡോക്ടർ ചോദിച്ചു.
“”അതേ.. എന്തായി ഡോക്ടർ.. പപ്പക്ക് എങ്ങനെയുണ്ട്.””. പവിത്ര അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“”സർജറി കഴിഞ്ഞു. പക്ഷെ…””
പവിത്ര മുഖമുയർത്തി ഡോക്ടറെ നോക്കി.
“”സത്യദാസിന് എന്ത് പറ്റിയതാണെന്നാ പറഞ്ഞത്””. ഡോക്ടർ ചോദിച്ചു. അയാളുടെ മുഖം വല്ലാതെ മാറിയിരുന്നു.
“”അടുക്കളയിലേക്ക് വെള്ളമെടുക്കാൻ വന്നതാ. നിലത്ത് തൂവി കിടന്നിരുന്ന ഓയിലിൽ ചവിട്ടി തെന്നി വീണതാണെന്നാ തോന്നുന്നത്. ശബ്ദം കേട്ട് ഞാൻ വന്നു നോക്കിയപ്പോൾ വീണു കിടക്കുന്നതാ കണ്ടത്””. പവിത്ര താഴേക്ക് നോക്കി പറഞ്ഞു.
“”പവിത്രാ.. ഞാനൊരു ഡോക്ടറാണ്. വെറും ഡോക്ടറല്ല. ഈ നഗരത്തിലെ ഏറ്റവും മികച്ചൊരു സർജനാണെന്നാണ് ജന സംസാരം. ആ എനിക്ക് ഒരു രോഗിയെ കണ്ടാൽ അറിയാം എങ്ങനെയാണെന്ന്. ഓരോ മുറിവും കണ്ടാൽ അറിയാം അത് എങ്ങനെ ഉണ്ടായി എന്ന്. സത്യം പറയൂ. എന്താണ് ഉണ്ടായത്. അല്ലെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും””. ഡോക്ടർ പറഞ്ഞു.
പവിത്രയുടെ കണ്ണുകൾ നിറഞ്ഞു. ചെറിയൊരു ഭയം മുഖത്ത് വിരിഞ്ഞു. അവൾ വിരലുകൾ കൂട്ടിയുരുമ്മി താഴേക്ക് നോക്കി നിന്ന് തേങ്ങി.
“”പവിത്രാ… വ്യവസായി സത്യദാസ് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ്. അത് കൊണ്ടാണ് ചോദിക്കുന്നത്. ഒന്നുകിൽ ആത്മഹത്യക്കുള്ള ശ്രമമായിരിക്കണം. അതായത് ഒരു പ്രാവശ്യം വീണു വീണ്ടും എഴുന്നേറ്റു വീണ്ടും വീണു കൊണ്ടുള്ള ഒരു അപൂർവ്വമായ ഒരു ആത്മഹത്യാ ശ്രമം. അങ്ങനെയൊരു ശ്രമം തലക്ക് സ്ഥിരതയുള്ള ഒരാൾ ഒരിക്കലും ചെയ്യില്ല”” ഡോക്ടർ പതുക്കെ ചിരിച്ചു.
പവിത്ര കണ്ണ് വെട്ടിച്ചു അയാളെ നോക്കി.
“”സാധാരണ ഇങ്ങനെ സംശയം തോന്നുന്ന കേസുകൾ ഞങ്ങൾ പോലീസിനെ അറിയിച്ച ശേഷം മാത്രമേ ചികിൽസിക്കൂ.. സത്യദാസ് എന്റെ സുഹൃത്തായത് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങളോട് നേരിട്ട് ചോദിച്ചറിയാം എന്ന് വെച്ചത്. പറയൂ പവിത്ര.. എന്താണ് ഉണ്ടായത്. നിങ്ങൾ എന്തിനാണ് അച്ഛനെ കൊല്ലാൻ നോക്കിയത്””., ഡോക്ടർ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“”ഡോക്ടർ.. ഞാൻ.. ഞാൻ””
അവൾ അയാളുടെ ദേഹത്തേക്ക് വീണു നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു. ആ കരച്ചിലിൽ അവൾ എല്ലാം തുറന്നു പറഞ്ഞു. വലിഞ്ഞു മുറുകിയ മുഖത്തോടെ ഡോക്ടർ എല്ലാം കേട്ടു. അയാൾ അവളെ കസേരയിൽ കൊണ്ട് ചെന്നിരുത്തി.
“”സത്യദാസ്.. അയാൾ ഇങ്ങനെ ഒരാളായിരുന്നോ.. ഞങ്ങളുടെ വൈകുന്നേര കൂട്ടായ്മകളിൽ മുഴുവൻ മകളും ഭാര്യയും കുടുംബവും മാത്രമായിരുന്നു അയാളുടെ സംസാര വിഷയം. നിങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ ആയിരം നാവായിരുന്നു അയാൾക്ക്.. എന്നിട്ടും..ചെ”” ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
പവിത്ര അപ്പോഴും തേങ്ങി കൊണ്ടിരുന്നു.
“”പവിത്രാ…ഇതിന് മുമ്പ് പപ്പയുടെ ഭാഗത്ത് നിന്ന് അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ. അതോ ആദ്യമായിട്ടാണോ? “”
പവിത്ര തലയാട്ടി.
“”ഇല്ല ഡോക്ടർ. ഇത് ആദ്യത്തെ അനുഭവമാണ്.. പക്ഷെ.. എന്നോടുള്ള പപ്പയുടെ സ്നേഹ പ്രകടനങ്ങളിലും മറ്റുമൊക്കെ എനിക്കിപ്പോൾ സംശയം തോന്നുന്നുണ്ട് ഡോക്ടർ.. ഞാൻ ചൂഷണം ചെയ്യപ്പെടുകയായിരുന്നോ എന്നൊരു തോന്നൽ””. പവിത്ര വിതുമ്പി.
“”എനിക്ക് വിശ്വസിക്കാനാവുന്നില്ല കുട്ടീ.. സത്യദാസിൽ നിന്നും ഇങ്ങനെയൊരു പ്രവൃത്തി. എന്റെ തല പോലും കുനിഞ്ഞു പോകുന്നു””
“”ഡോക്ടർ പപ്പക്ക്..?”” പവിത്ര പതുക്കെ ചോദിച്ചു
“”പവിത്രാ.. അടിയേറ്റ് നട്ടെല്ലിന് താഴേ മുറിഞ്ഞു കഷ്ണങ്ങളായിട്ടുണ്ട്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. സത്യദാസ് ഇനി എഴുന്നേറ്റ് നടക്കില്ല ഒരിക്കലും””. ഡോക്ടർ മടിച്ചു മടിച്ചു പറഞ്ഞു.
പവിത്രയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. തുറിച്ചു വന്ന കണ്ണുകളിൽ വീണ്ടും വെള്ളം നിറഞ്ഞു.
“”പപ്പയുടെ ബർത് ഡേ ആയിരുന്നു ഇന്നലെ””. പവിത്ര പറഞ്ഞു.
“”അതെ.. എന്നെ ക്ഷണിച്ചിരുന്നു. വരാൻ ഇറങ്ങിയതാ. ഒരു എമർജൻസി സർജറി കേസ് വന്നു. പിന്നെ വരാൻ പറ്റിയില്ല””
“”പപ്പ അന്ന് നന്നായി കുടിച്ചിരുന്നു. സാധാരണ പപ്പയുടെ ബർത് ഡേ കളൊക്കെ ഞാനും മമ്മയും പപ്പയും മാത്രമാണ് ആഘോഷിച്ചിരുന്നത്. അമ്പതാം വയസ്സ് നന്നായി ആഘോഷിക്കണമെന്ന് പപ്പ നിർബന്ധം പിടിച്ചതാ. കുടിച്ച് ലഹരിയിൽ ആറാടി ഉറക്കെ ഉറക്കെ പാട്ടും സംസാരവും ഒക്കെ കേട്ടിരുന്നു. എനിക്കതൊന്നും ഇഷ്ടമില്ലാത്തത് ഞാൻ നേരത്തെ പോയി കിടന്നു. ഉറക്കത്തിൽ ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടപ്പോൾ കള്ളനാണെന്നാ അദ്യം കരുതിയത്.. പക്ഷെ.. “”. അവൾ ഒന്ന് ഉറക്കെ വിതുമ്പി
“”ഡോക്ടർ.. ഞാൻ തെറ്റ് ചെയ്തോ..? എനിക്ക് ഒന്നും അറിയില്ല. ഞാൻ ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ പപ്പയെ ജീവച്ഛവമാക്കാൻ മാത്രമുള്ള തെറ്റ് പപ്പ എന്നോട് ചെയ്തോ..?.ഇങ്ങനെയൊരു ക്രൂരത ഞാൻ പപ്പയോട് ചെയ്തല്ലോ.. എന്റെ ജീവനായിരുന്നു എന്റെ പപ്പ. “”. പവിത്ര ചോദിച്ചു.
ഡോക്ടർ പതുക്കെ ചിരിച്ചു.
“”ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല പവിത്രാ.. നിങ്ങൾ ചെയ്തത് തന്നെയാണ് ശരി. അല്ലാതെ നിങ്ങൾ എന്ത് ചെയ്യണമായിരുന്നു. സ്വന്തം അച്ഛന് നിങ്ങൾ വഴങ്ങി കൊടുക്കണമായിരുന്നോ.. അങ്ങനെ…”” ഡോക്ടർ പാതി വഴിയിൽ നിർത്തി അവജ്ഞയോടെ മുഖം തിരിച്ചു.
“”ഒരു കാര്യത്തിൽ നിങ്ങൾ ഭാഗ്യവതിയാണ് പവിത്ര. നിങ്ങൾക്ക് അച്ഛന്റെ മുഖം കാണേണ്ടി വന്നില്ലല്ലോ””. ഡോക്ടർ പറഞ്ഞു.
“അതെ.. എനിക്കെന്റെ പപ്പയുടെ വൃത്തികെട്ട മുഖം കാണേണ്ടി വന്നില്ലല്ലോ”. അവൾ ഉള്ളിൽ പിറുപിറുത്തു.
“”പവിത്രാ.. പപ്പയിൽ ഇനിയൊരു ചികിത്സക്ക് സാധ്യതയില്ല. ഒരിക്കലും ഇനി എഴുന്നേറ്റ് നടക്കില്ല. അത് കൊണ്ട് കൂടുതൽ ഹോസ്പിറ്റലുകളിൽ കയറിയിറങ്ങുന്നത് കൊണ്ട് ഗുണമൊന്നും കിട്ടില്ല എന്ന് മാത്രമല്ല ചിലപ്പോൾ ഡോക്ടർമാർക്ക് സംശയവും തോന്നാം. കുറേ പണവും നഷ്ടമാകും. അത് കൊണ്ട് ഇവിടുന്ന് ഡിസ്ചാർജ് ചെയ്താൽ വീട്ടിൽ കൊണ്ട് പോയി നന്നായി പരിചരിക്കുക. ഇത് വരെ എങ്ങനെ നിങ്ങൾ പപ്പയെ സ്നേഹിച്ചു കൊണ്ടിരുന്നുവോ അത് പോലെയൊക്കെ ഇനിയും സ്നേഹിക്കുക. പപ്പ ഇത് ഒരിക്കലും പുറത്തു പറയില്ല. ഞാനൊരു ഡോക്ടറാണ് അത് കൊണ്ട് എന്നെയും വിശ്വസിക്കാം. പക്ഷെ.. നിങ്ങൾ…? “”
പവിത്ര നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി..
“”ഇല്ല ഡോക്ടർ.. ഞാൻ എന്റെ പപ്പയെ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ മാനം കെടുത്തില്ല. ഇനിയെന്തിനാ..?. പപ്പ എന്നോട് ചെയ്ത പൊറുക്കാത്ത തെറ്റിന് ഞാൻ ജീവിത കാലം മുഴുവൻ അനുഭവിക്കാനുള്ള ശിക്ഷ നൽകിയില്ലേ. ഇനിയുമെന്തിനാ ഞാനെന്റെ പൊന്നു പപ്പയെ ശിക്ഷിക്കുന്നത്””.. അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു കൊണ്ട് എഴുന്നേറ്റ് ഓടി.
“”പവിത്രാ””. ഡോക്ടർ വിളിച്ചു.
“”മമ്മാ.. മമ്മയും…? “”
അവൾ ഇല്ല എന്ന് തല കുലുക്കി. ചുരിദാർ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു പുറത്തേക്കിറങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨✨
പതുങ്ങിയുള്ള പപ്പയുടെ കരച്ചിൽ കേട്ടാണ് ഒരു നെടുവീർപ്പോടെ പവിത്ര ഓർമ്മകളിൽ നിന്നുണർന്നത്.
അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.
“”പപ്പാ.. പപ്പേയ്””. പവിത്ര പതുക്കെ വിളിച്ചു.
“മ്മ്”..
അയാൾ പതുക്കെ ഒച്ചയനക്കി. അതിൽ തൊണ്ടയിലെ പതർച്ചയിൽ കരച്ചിൽ അലിഞ്ഞു ചേർന്നു.
“”പപ്പയും ആ ദിവസത്തെ ഓർത്തു അല്ലേ””. പവിത്ര ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല. ഒരു നെടുവീർപ്പ് മാത്രം കേട്ടു.
“”പപ്പാ .. ഒരു കാര്യം ചോദിക്കട്ടെ. ഞാൻ ഇതു വരെ ചോദിക്കാത്ത ഒരു കാര്യം””.
അയാൾ അതിനും മറുപടിയായി പതുക്കെ മൂളി.
“”എന്നാൽ പപ്പ അങ്ങോട്ട് ചെരിഞ്ഞു കിടക്ക്. എന്റെ മുഖം പപ്പ കാണേണ്ട. പപ്പക്ക് എന്റെ മുഖവും കാണേണ്ടല്ലോ. നമുക്ക് രണ്ട് പേർക്കും സഹിക്കില്ല””. പവിത്ര പറഞ്ഞു.
അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല. പവിത്ര അയാളെ ഇറുക്കി പുണർന്നു.
“”പപ്പക്ക് അന്ന് എന്താ പറ്റിയത്. എന്താ എന്നോട് അങ്ങനെ തോന്നാൻ ””. പവിത്ര അയാളുടെ ചെവിയിൽ പതുക്കെ ചോദിച്ചു.
ഒരു ഉറക്കെയുള്ള തേങ്ങൽ മാത്രമായിരുന്നു അയാളുടെ മറുപടി. അതോടെ പവിത്രയുടെ കണ്ണുകളും ഈറനണിഞ്ഞു. അവൾ ഒന്ന് കൂടി അയാളെ മുറുക്കി കെട്ടിപിടിച്ചു.
“”പപ്പാ.. ഐ ലവ് യൂ. എനിക്കിപ്പോഴും എന്തിഷ്ടമാണെന്നോ പപ്പയെ “”. പവിത്ര ചിരിച്ചു.
“”പപ്പക്ക് എന്നോട് ദേഷ്യമുണ്ടോ. എന്നെ വെറുക്കുന്നുണ്ടോ?””
“” എന്തിന്…?“”. അയാൾ കരച്ചിലിനിടയിൽ ചോദിച്ചു.
അവൾ ചിരിച്ചു.
“”പപ്പയോട് ഞാൻ ക്രൂരത കാണിച്ചു എന്ന് തോന്നുന്നുണ്ടോ?””.
അയാൾ മിണ്ടിയില്ല. പകരം ഒന്ന് ഏങ്ങലടിച്ചു.
“”പപ്പക്ക് ചെയ്തു പോയതിൽ കുറ്റ ബോധമുണ്ടോ?””.
“”മ്മ്.. എന്റെ തെറ്റാണ്. ആ നശിച്ച നിമിഷത്തെ ഞാൻ വെറുക്കുന്നു””. അയാൾ കരച്ചിലടക്കാൻ പാട് പെട്ടു.
“”പപ്പാ.. പപ്പയെന്നെ സ്നേഹിക്കുന്നില്ലേ ഇപ്പോഴും””.
പവിത്ര ഉറക്കെ കരഞ്ഞു. പൊട്ടി കരഞ്ഞു.
അയാൾ വളരെ പ്രയാസപ്പെട്ടു തിരിഞ്ഞു കിടന്നു. അവളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു. അവളെ ഇറുക്കി പുണർന്നു . കണ്ണീർ ധാരയായി ഒഴുകിയിറങ്ങി.
“”മതി മോളെ.. ഇനിയും എനിക്ക് വയ്യ.. ഞാൻ ചെയ്ത പൊറുക്കാൻ പറ്റാത്ത തെറ്റിന് നീ തന്ന ശിക്ഷയിൽ ഞാൻ തൃപ്തനാണ്. ഇനിയും എന്നെ ഓരോന്ന് പറഞ്ഞു…ഐ ലവ് യൂ പവി.. ഐ ലവ് യൂ.. “”
അവർ പരസ്പരം ഇറുകെ പുണർന്നു. അമർത്തി പിടിച്ച പൊട്ടി കരച്ചിലുകൾ ആ മുറിയിൽ മാത്രം ഒതുങ്ങി മുഴങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨✨
“”പവിത്രാ.. നീ കുളിക്കുന്നില്ലേ””. അടുക്കളയിൽ നിന്ന് മമ്മ ഉറക്കെ വിളിച്ചു.
“”ദാ വരുന്നു മമ്മാ””.
അവൾ കണ്ണുകൾ തുടച്ചു ഇറങ്ങി നടന്നു. ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
“എന്റെ പപ്പയാണ്. എന്റെ സ്വന്തം പപ്പ”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
ആ അച്ഛനും മകളും ജീവിക്കട്ടെ..
നന്ദി
രചന :- മുഹമ്മദ് ഫൈസൽ ആനമങ്ങാട്.