രാരീരം
(രചന: Jinitha Carmel Thomas)
“സരികേ…” മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്..
“സരികേ.. എന്തുപറ്റി?? വല്ലായ്ക ആണോ??”മറുപടിയായി തേങ്ങൾ മാത്രം ഉയർന്നപ്പോൾ അയാൾ ശബ്ദം ഉയർത്തി..
“എല്ലാ മാസവും നീയിതുതന്നെ തുടർന്നാൽ ഞാൻ എന്തുചെയ്യും?? വിവാഹത്തിലൂടെ ആണും പെണ്ണും ഒരുമിക്കുന്നത് ജീവിതകാലം മുഴുവൻ ഇണയും തുണയും ആകാനാണ്..
അല്ലാതെ നീയും ഈ നാട്ടുകാരും കരുതുന്നതുപോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ വേണ്ടി മാത്രമല്ല..
ഈ ലോകത്തിൽ കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരുപാട്പേർ ഉണ്ട്.. അതൊരു കുറവായി കാണുന്നവരും അല്ലാത്തവരും ഉണ്ട്.. എനിക്ക് അതൊരു കുറവായി തോന്നുന്നില്ല..”
“നമുക്ക് പിരിഞ്ഞാലോ??””പിരിഞ്ഞയുടൻ കുഞ്ഞിനെ നൽകാം എന്നാരെങ്കിലും പറഞ്ഞുവോ??””ഇല്ല.. ഞാൻ പോയാൽ മറ്റൊരുവൾ ഭാര്യയാകും.. കുഞ്ഞിനെ നൽകും..”
“രണ്ട് വർഷത്തിൽ അവൾക്കും സാധിച്ചില്ലെങ്കിൽ ഞാൻ അടുത്തത് നോക്കണം..
വെറുതെ അല്ലെടി പെൺബുദ്ധി പിൻബുദ്ധിയെന്ന് പറയുന്നത്.. നിന്നോട് ഞാൻ എന്നാണ് ആവശ്യപ്പെട്ടത് എനിക്ക് കുഞ്ഞുങ്ങളെ വേണമെന്ന്??”
മൗനിയായി ഇരുന്ന സരികയെ തലോടി സാം പറഞ്ഞു..”ഞാൻ നിന്നെ ഉപേക്ഷിക്കാനും പോകുന്നില്ല വേറെ ഒരാളെ സ്വീകരിക്കാനും പോകുന്നില്ല.. എന്റെ ഭാര്യയുടെ ഗർഭപാത്രത്തിൽ പൂക്കൾ വിടർന്നില്ലെങ്കിൽ അനാഥാലയത്തിലെ പൂക്കളിൽ നിന്നും ഞാൻ സ്വീകരിക്കും..
കണ്ടാൽ ഓമനത്തം തോന്നുന്നവരെ അല്ല മറിച്ച് ചോദ്യചിഹ്നമായി നിൽക്കുന്ന കുരുന്നുകളെ സ്വീകരിക്കും, സ്നേഹിക്കും.. ഭാര്യയെ മാറ്റിനോക്കി പരീക്ഷണം ചെയ്യാൻ ഞാനില്ല…”
എങ്ങലടിച്ചു കരയുന്ന അവളെ നോക്കി ദയയോടെ ചോദിച്ചു..”എന്താ സരികെ?? ഇന്നിവിടെ ആരെങ്കിലും വന്നോ?? അവർ എന്തെങ്കിലും പറഞ്ഞോ??”ഇല്ലെന്നമട്ടിൽ തല ചലിപ്പിച്ച അവളോട്
“പിന്നെന്താ പ്രശ്നം?? നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു പ്രസവിക്കുന്ന കുഞ്ഞു മാത്രമല്ല മാതൃത്വം നൽകുന്നത്..””അറിയാം സാം.. പക്ഷെ ഇന്ന് വാർത്ത കണ്ടപ്പോൾ…. സഹിച്ചില്ല..”എന്തു വാർത്ത??”
“ഉറുമ്പരിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി… ഒരു കുഞ്ഞിനായി കേഴുന്നവർക്ക് നൽകാതെ കൊല്ലാനായി കാത്തിരിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകുന്ന ദൈവം എത്ര ക്രൂരനാണ് സാം..”
നെഞ്ചോരം ഭാര്യയെ ചേർത്ത് പിടിക്കുമ്പോൾ അയാളുടെ മിഴിനീർ ആരും കാണാതെ അവളുടെ മുടിയിഴകളിൽ വീണ് മറയുകയായിരുന്നു……….
എഴുതിയ പേപ്പറിൽ ചിന്താഭാരത്തോടെ നോക്കിയിരിക്കുന്ന ജെറിയ്ക്ക് അരുകിൽ മേഘ എത്തി..”എഴുതി കഴിഞ്ഞോ??”
“ഇല്ല.. മൈൻഡ് ബ്ലാങ്ക് ആയി.. ഒന്നും വരുന്നില്ല..””എന്റെ ജെറി, ഇപ്പോൾതന്നെ സമയം ഒരുപാട് രാത്രിയായി.. നമ്മൾ രണ്ടാൾക്കും നാളെ ജോലിയ്ക്ക് പോകാനുള്ളതുമാണ്..
എഴുത്ത് നിർത്തി ഇപ്പോൾ വന്നാൽ അകത്തു കിടക്കാം.. എഴുതാനായി ഉറക്കമിളച്ചിരിക്കാനാണ് ഭാവമെങ്കിൽ ഇവിടെ തന്നെ ഇരുന്നാൽ മതി..”
“അങ്ങനെ പറയല്ലേ പൊന്നേ.. ഞാൻ ദാ വരുന്നു..”നോവലിലെ സാമിനേയും സരികെയേയും മേശമേൽ ഉപേക്ഷിച്ചിട്ട് ഒരു കുസൃതി ചിരിയുമായി ജെറി മേഘക്കരുകിൽ എത്തി..
അവന്റെ മാറിൽ ചേർന്ന് കൊണ്ട്,”വലിയ ഗൗരവത്തിൽ ആണല്ലോ എഴുത്ത്??””സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം..””നല്ല റീച് കിട്ടും അല്ലേ??”
“അതേ.. ഓൺലൈൻ വായനക്കാർ സ്വീകരിക്കും..””ഉം… കഥ അവിടെ നിക്കട്ടെ.. നമുക്ക് ഉറങ്ങാം…””ശരി……”
ചില ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു പ്രഭാതം.. പതിവുള്ള ഒരു വിദേശകോൾ ജെറിയെ തേടിയെത്തി…..
“ഹാ ചേട്ടാ.. സുഖം ആണോ?? നാട് മറന്നോ??””ഇല്ലെടാ.. ഞാൻ നാട്ടിൽ വരുന്നുണ്ട്.. ലീവ് റെഡിയായിട്ടുണ്ട്.. വൈകാതെ ഞാനെത്തും…”
“സന്തോഷമായി ചേട്ടാ.. കഴിഞ്ഞ തവണത്തെപോലെ ലീവ് ക്യാൻസൽ ചെയ്തിട്ട് പോകരുത്..”
“ഞാൻ ഇനി തിരികെ പോകില്ല ജെറി.. ഈ ഏകാന്തത മടുത്തു.. ഇതുവരെ സമ്പാദിച്ചതൊക്കെ മതി..”
“നല്ലകാര്യമാണ് ചേട്ടാ.. ദിവസം പറയണേ.. എയർപോർട്ടിൽ ഞാൻ എത്താം…””പറയാം ജെറി.. എന്നാൽ ഞാൻ വയ്ക്കുവാ..”
കാൾ അവസാനിപ്പിച്ചു അയാൾ മുറിയിൽ വന്നു..”ചേട്ടൻ വിളിച്ചു.. ഉടൻ നാട്ടിൽ വരുന്നുണ്ട്.. തിരികെ പോകുന്നില്ലെന്ന്…”
“ഓഹ്.. അയാൾക്ക് വരാൻ തോന്നുന്ന സമയം.. ബോറൻ.. എന്നെയും വിളിച്ചിരുന്നു.. ഒരു മാസം കഴിഞ്ഞു വരുമെന്ന്..”
“ഞാനും അതാണ് ആലോചിക്കുന്നത്.. ആട്ടെ നീയെന്താണ് കിടക്കുന്നത്?? ക്ഷീണം മാറിയില്ലേ??”
“രണ്ട് ദിവസമായി നല്ല ക്ഷീണമാ ജെറി.. എനിക്ക് ചില സംശയങ്ങളുണ്ട്.. നമുക്കൊരു ഡോക്ടറെ കാണണം…””സത്യമാണോ??””സംശയം ആണ്.. ഉറപ്പ് വരുത്തണം..”
അന്ന് തന്നെ അവർ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു.. ഭ്രൂണം അഞ്ച് ആഴ്‌ച പ്രായം ആയിരിക്കുന്നു.. വീട്ടിൽ എത്തിയ ജെറി മേഘയോട് തട്ടിക്കയറി..
“നിന്നോട് മുൻകരുതൽ എടുത്തിട്ടുണ്ടോ സുരക്ഷിതം ആണോ എന്നൊക്കെ ഞാൻ എന്നും ചോദിക്കുന്നത് അല്ലേ.. പിന്നെ ഇതെങ്ങനെ സംഭവിച്ചു??”
“എന്റെ ജെറി വിധിയെ തടുക്കാൻ നമുക്ക് ആവില്ല..””വിധിയെ നോക്കിയിരിയ്ക്ക്.. അടുത്തമാസം കഴിയുമ്പോൾ നിന്റെ ഭർത്താവായ എന്റെ ചേട്ടൻ വരും.. അയാളോടും പറഞ്ഞാൽ മതി വിധിയെ തടുക്കാൻ പറ്റില്ല അനിയന്റെ കുഞ്ഞാന്ന്..”
പുച്ഛഭാവത്തിൽ നിന്ന ജെറിയോട്,”നിന്റെ ചേട്ടൻ അറിയുന്നതിലും ഭീകരമാകും നിന്റെ ഭാര്യ ആനി അറിഞ്ഞാൽ..”
“അവൾക്കും ഉടൻ ഇവിടേയ്ക്ക് ട്രാൻസ്ഫർ കിട്ടുമെന്ന് പറയുന്നത് കേട്ടു.. ഒന്നും വേണ്ടായിരുന്നു..
ആനിയോടും ചേട്ടനോടും കുഞ്ഞുങ്ങളോടുമുള്ള വഞ്ചന.. നാട്ടുകാർ അറിഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. ഭ്രാന്ത് പിടിക്കുന്നു..”
സ്വന്തം തലമുടി പിടിച്ചു വലിക്കുന്ന ജെറിയോട് മേഘ,”നീയല്ലേ ജെറി എന്നെ ഇങ്ങനെ ആക്കിയത്??”
“നീ അധികം ശീലാവതി ചമയല്ലേ.. നീയല്ലെടീ എന്റെ പുറകെ കൂടിയത്?? നീ ഓരോന്ന് ചെയ്തപ്പോൾ എനിക്കും ചാഞ്ചാട്ടം ഉണ്ടായി.. ഞാനും പുരുഷനാണ്.. വികാരമുള്ള പുരുഷൻ..”
അയാളുടെ വാക്കുകൾ കേട്ടതും ഒരു അസഹ്യയതോടെ മേഘ അലറി..”ജെറീ..”ഒരുനിമിഷം അവളെ നോക്കി നിന്ന ശേഷം ജെറി അവൾക്കരുകിൽ ചെന്നിരുന്നു..
“മേഘ, നമ്മൾ രണ്ടും തർക്കിച്ചാൽ ശരിയാവില്ല.. തെറ്റ് ആരുടേത് ആയാലും നമുക്ക് പരസ്പരം പിരിയാൻ ആകില്ല.. ഈ ഗർഭത്തിന് ഒരു പോംവഴി കണ്ടെത്തണം..”
“അബോർഷൻ.. അതേയുള്ളൂ വഴി..””ഉം.. നോക്കട്ടെ അതിനു പറ്റിയ ആളിനെ.. നിനക്ക് വിഷമം ഉണ്ടോ മേഘ??”
“എന്തിന്?? എനിക്ക് എന്റെ സന്തോഷവും സുഖവുമാണ് വലുത്.. ജീവിതം ആസ്വദിക്കാനാണ് കുഞ്ഞുങ്ങളെ ബോഡിങ്ങിൽ ചേർത്ത് നമ്മൾ പഠിപ്പിക്കുന്നത്..”
ലാഘവത്തോടെ പറഞ്ഞ അവളുടെ കവിളിൽ സ്നേഹപൂർവ്വം തലോടി.. ഒരു ചുംബനം നൽകി അയാൾ പുറത്തേക്കിറങ്ങി..
പണം കൈപ്പറ്റി, ഭൂമിയിലെ മാലാഖയായ ഒരു നഴ്സ് അയാൾക്ക് മൂന്ന് ഗുളികകൾ നൽകി; ഭൂമിയിൽ ജനിക്കേണ്ട മറ്റൊരു മാലാഖയെ ഇല്ലായ്‌മ ചെയ്യാൻ..
അബോർഷൻ വിജയിച്ച സന്തോഷത്തിൽ അവർ മതിമറന്ന് ആഹ്ലാദിച്ച ദിവസങ്ങളിൽ മേഘയുടെ ഭർത്താവും ജെറിയുടെ ഭാര്യയും വീട്ടിൽ എത്തി.. ഇരുവരും അത്യധികം സന്തോഷത്തോടെ പങ്കാളികളെ സ്വീകരിച്ചു..
അന്ന് രാത്രി,പാതിവഴിയിൽ ഉപേക്ഷിച്ച കഥ ജെറി പ്രവാസിയായ ചേട്ടനെയും സ്വന്തം ഭാര്യയേയും വായിച്ചു കേൾപ്പിച്ചു… ഇരുവരും അയാളെ അഭിനന്ദിച്ചു..
പതിവ്രതയായി മേഘ ഭർത്താവുമായി മുറിയുടെ വാതിൽ അടയ്ക്കുമ്പോൾ, കഥ എഴുതുന്ന ജെറിയെ നോക്കി ഭാര്യ ആനി അയാൾക്കരുകിൽ ഇരുന്നു…..
വർഷങ്ങൾക്ക് ശേഷം സാമും സരികയും അനാഥാലയത്തിൽ നിന്നും സന്തോഷത്തോടെ കൈകുഞ്ഞുമായി വരുന്നു..
ദാമ്പത്യം എന്നത് നൈമിഷിക സുഖമോ, ഗർഭമോ അല്ല എന്നത് വായനക്കാരെ ഓർമ്മിപ്പിച്ചു കൊണ്ട് ജെറി കഥ അവസാനിപ്പിച്ചു..
ജെറി തന്റെ കഥയ്ക്ക് ഒരു തലക്കെട്ട് ഇട്ടു..”രാരീരം…”കഥ ഓൺലൈൻ സാഹിത്യഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തശേഷം ജെറിയും ഭാര്യയും ഉറങ്ങാൻ മുറിയിൽ കയറി.. ഭാര്യയുടെ മൂർദ്ധാവിൽ പ്രണയപൂർവ്വം ജെറി ചുംബിക്കുമ്പോൾ,
സാഹിത്യഗ്രൂപ്പുകളിലെ ആരാധകർ അയാളുടെ കഥയ്ക്ക് K ലൈക്കുകൾ വാരി നൽകി..
സഹോദരന്റെ ഭാര്യയെ മനസിൽ ലാളിച്ചു, സ്വന്തം ഭാര്യയുടെ മുടിയിഴകൾ ജെറി തലോടുമ്പോൾ,
സാമിന്റെ സ്വഭാവഗുണങ്ങളാണ് അവിവാഹിതനായ കഥാകൃത്തിനും എന്ന ആരാധകരുടെ മിഥ്യാധാരണയിൽ ജെറിയുടെ ഇൻബോക്സ് പ്രണയലേഖനങ്ങളാൽ നിറയുകയായിരുന്നു…