മുഷിഞ്ഞ സാരി അങ്ങിങ്ങായി കീറിയതിൻെറ തുണ്ടുകൾ എപ്പോഴും കൈയ്യിലേയ്ക്ക് ചുറ്റുകയും അഴിയ്ക്കുകയും

സീതായനം
(രചന: Saritha Sunil)

ട്രെയിനിൽ കയറി തൻെറ സീറ്റു കണ്ടു പിടിച്ച് ബാഗു വയ്ച്ച ശേഷം സീത വാച്ചിലേയ്ക്ക് നോക്കി.പുറപ്പെടാൻ ഇനിയും 15 മിനിറ്റു ബാക്കിയുണ്ട്….

കൂടെയാരും യാത്രയാക്കാൻ വന്നിട്ടില്ലാത്തതിനാൽ യാത്ര പറയുക എന്ന ഔപചാരികതയ്ക്ക് പ്രസക്തിയില്ലെന്നവൾ വെറുതെ ചിന്തിച്ചു.എല്ലാം അവസാനിച്ചിടത്തു നിന്നും യാത്ര തുടങ്ങുകയാണ്…..

ഈ യാത്രയ്ക്ക് ഒരേ ഒരു ലക്ഷൃം മാത്രം…….ബാഗു തുറന്ന് അതിനകത്തു ഭദ്രമായി വച്ച പൊതിയിലേയ്ക്കവൾ നോക്കി…..ബാഗു നെഞ്ചോടുചേർത്തു പിടിച്ചു………..
പുറത്തെ അനൗൺസ്മെൻറിലേയ്ക്കു വെറുതെ ചെവിയോർത്തു…….

ട്രെയിൻ പുറപ്പെടാൻ തുടങ്ങി……പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ട്…..സീറ്റിലേയ്ക്കു ചാരി കണ്ണുകളടച്ചു……ചിന്തകളിലും പെരുമഴ…..

ഡിഗ്രി രണ്ടാവർഷം പഠിയ്ക്കുന്ന സമയത്താണ്…..ഒരു ദിവസം ക്ളാസ്സുകഴിഞ്ഞ് നടന്നു വരവേ മഴ പെയ്തത്…..കുടയെടുക്കാൻ മറന്നുപോയതുകൊണ്ട് കൂടുതൽ നനയാതിരിയ്ക്കാൻ വേഗത്തിൽ നടന്നു ……

മുന്നിലേയ്ക്ക് നിവർത്തിപ്പിടിച്ച കുടയുമായി ഒരാൾ………..കണ്ടു മാത്രം പരിചയമുള്ള തനിക്കു നേരെ കുടനീട്ടിയപ്പോൾ വാങ്ങാൻ അല്പം സങ്കോചമായിരുന്നു…..

‘മടിയ്ക്കാതെ വാങ്ങിക്കോളൂ സീതാലക്ഷ്മീ….’
അറിയാതെ കുടവാങ്ങവേ ചിന്തിച്ചു ….തൻെറ പേരെങ്ങനെ……… പിറ്റേന്നു കുട തിരികെ കൊടുത്തെങ്കിലും ….നന്ദി മാത്രം പറഞ്ഞു മടങ്ങി….

മൗനം വാചാലതയ്ക്കു വഴിമാറിയപ്പോൾ ഉള്ളിലും പ്രണയക്കുളിർ…..അദ്ധൃാപകരുടെ പ്രീയപ്പെട്ട എം.എ രണ്ടാം വർഷവിദൃാർത്ഥി നന്ദഗോപൻ തനിയ്ക്ക് നന്ദേട്ടനാവുകയായിരുന്നു…

ഒരു കാരണവശാലും നടക്കാത്ത ബന്ധമാണെന്നറിഞ്ഞിട്ടും തുടർന്നു……. ശ്രീലകത്തുതറവാട്ടിലെ ഏറ്റവും ഇളയ സന്തതിയ്ക്ക് കീഴ്ജാതിക്കാരനുമായുള്ള പ്രണയം…..

മനസ്സെന്ന പട്ടുതൂവാലയിൽ പൊതിഞ്ഞ് അതീവരഹസൃമായി സൂക്ഷിച്ചു…..തൻെറ മനസ്സാക്ഷിസൂക്ഷിപ്പുകാരിയായ ഗോപികയ്ക്കുമാത്രമേ അറിയാമായിരുന്നുള്ളൂ…..

കോളേജു പഠനം കഴിഞ്ഞ് ബി.എഡ്ഡിനു ചേർന്ന നന്ദേട്ടന്…..പഠനം കഴിഞ്ഞ് കുറച്ചുനാൾകഴിഞ്ഞപ്പോൾ ജോലികിട്ടി……ഒരു സുഹൃത്തുവഴി ചിറാപുഞ്ചിയിലെ പ്രശസ്തമായ ആർ.കെ.എം.സ്കൂളിൽ…..

നല്ല ശമ്പളവും താമസ സൗകരൃവും ഒക്കെയുണ്ടായിരുന്നു…..അനുജത്തിയുടെ വിവാഹത്തിന് അച്ഛനെ സഹായിക്കേണ്ടതിനാൽ ആ സമയത്ത് ജോലി അതൃാവശൃമായിരുന്നു…..

ജനാലയിലൂടെ മുഖത്തേയ്ക്ക് തെറിച്ച മഴത്തുള്ളികൾ കണ്ണുതുറപ്പിച്ചപ്പോൾ ഓർമ്മകൾ മുറിഞ്ഞു…

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടുണ്ട്…..ചായ് ……ചായ്….ചായ വിളികളും ഏതൊക്കെയോ ഭക്ഷണത്തിൻെറ പേരുകളും കേൾക്കുന്നുണ്ട്….മനസ്സുവീണ്ടും ഓർമ്മകളിലേയ്ക്ക് വഴുതി…..

അച്ഛനും അമ്മയ്ക്കും മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടയ സന്തതിയ്ക്ക് മുത്തശ്ശിയുടെ രൂപസാദൃശൃമുള്ളതുകൊണ്ട് സീതാലക്ഷ്മിയെന്ന പേരിട്ടത് അച്ഛൻ തന്നെയായിരുന്നു…….

ശ്രീലകത്തു തറവാടിൻെറ ഐശ്വരൃമാണ് സീതാലക്ഷ്മിയെന്ന് എല്ലാവരും പറയുമായിരുന്നു…..എല്ലാവരുടേയും സ്നേഹഭാജനം…….അങ്ങനെയുള്ള താനാണ്……അവർക്കൊരിയ്ക്കലും ക്ഷമിയ്ക്കാൻ കഴിയാത്ത പ്രവർത്തി ചെയ്തത്.

കുഞ്ഞുനാളിലെ ഓർമ്മകളിൽ ഇരുട്ടു മുറിയിൽ നിന്നും കേട്ട ചങ്ങല കിലുക്കത്തിനൊപ്പം സേതു അമ്മായിയുടെ മുറിഞ്ഞുപോയ തേങ്ങലുകളുണ്ട്.
നരച്ചമുടി പാറിപ്പറന്നു കിടക്കും….തുറിച്ചു നോക്കുന്ന കണ്ണുകൾ…..

മുഷിഞ്ഞ സാരി അങ്ങിങ്ങായി കീറിയതിൻെറ തുണ്ടുകൾ എപ്പോഴും കൈയ്യിലേയ്ക്ക് ചുറ്റുകയും അഴിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കും….വെളിച്ചം കാണുമ്പോൾ വല്ലാത്ത ശബ്ദമുണ്ടാക്കും….

‘ ഭ്രാന്തി അമ്മായി.’….കുട്ടികളെ ഭയപ്പെടുത്തുന്ന ഭ്രാന്തി അമ്മായി….നഷ്ടപ്രണയത്തിൻെറ ബാക്കിപത്രമാണ് അമ്മായിയുടെ ഭ്രാന്തെന്ന് മുതിർന്നപ്പോൾ അറിഞ്ഞു……കീഴ്ജാതിക്കാരനെ പ്രണയിച്ച അമ്മായിക്ക് …..

അയാളുടെ ശരീരം കുളത്തിൽ പൊങ്ങിയതു കണ്ട്….ഭ്രാന്തായതത്രേ…….വെള്ളപുതപ്പിച്ച് ഉമ്മറത്ത് കിടത്തിയ സേതുവമ്മായിയുടെ ശരീരം കണ്ട് മുത്തശ്ശി മാത്രം കരഞ്ഞു….അന്നത്തെ അഞ്ചാം ക്ളാസ്സുകാരിയുടെ ഓർമ്മകൾക്ക് ഇപ്പോഴും നല്ല തെളിച്ചം….

ജോലികിട്ടിപോയതിനുശേഷം പെങ്ങളുടെ വിവാഹത്തിനു വന്നപ്പോൾ നന്ദേട്ടനെ കണ്ടു…
ഗോപികയുടെ പേരിൽ വന്നുകൊണ്ടിരുന്ന കത്തുകളായിരുന്നു ഏക ആശ്രയം….

തറവാട്ടുമഹിമയ്ക്കൊത്ത ആലോചനയെന്ന പേരിൽ ഒരെണ്ണം ഏകദേശം ഉറപ്പിച്ചപ്പോഴാണ് നന്ദേട്ടനോടൊപ്പം പോരാൻ നിർബന്ധം പിടിച്ച് കത്തുകളയച്ചത്…..

ഇരുട്ടറയ്ക്കുള്ളിൽ നിന്നുള്ള അമ്മായിയുടെ തേങ്ങലുകൾ പിൻതുടർന്നപ്പോൾ……..ഒന്നുമാലോചിയ്ക്കാതെ ഗോപികയുടെ വീട്ടിലേയ്ക്കെന്ന വൃാജേന നന്ദേട്ടനൊപ്പം ഇറങ്ങി പുറപ്പെട്ടു….

തലേന്നു രാത്രയിൽ ഉറങ്ങികിടന്ന അച്ഛൻേം അമ്മേടേം കാലുതൊട്ട് വന്ദിച്ചപ്പോൾ കൈകൾ വിറച്ചു….

നന്ദേട്ടൻെറ അച്ഛനും അമ്മയും ആദൃം എതിർത്തെങ്കിലും പിന്നീട് മകൻെറ ഒപ്പം നിന്നു…..ജോലിസ്ഥലത്തേയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കവുമായാണ് നന്ദേട്ടനെത്തിയത്…..ട്രെയിൻ കയറുന്നതു വരെ ഭയമായിരുന്നു…പിടിയ്ക്കപ്പെട്ടാലുള്ള അവസ്ഥയോർത്ത്……

സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയ വീട്ടുകാർ…..സതൃമറിഞ്ഞ് പടിയടച്ചു പിണ്ഡം വയ്ച്ച അച്ഛൻ …….മരിച്ചാലും ഇങ്ങനെ ഒരു മകളിനിയില്ലാന്നു തീർത്തു പറഞ്ഞു ..പാവം ഗോപിക ഇതിൻെറ പേരിൽ ഒത്തിരി അനുഭവിച്ചു….ഒരു സൂചനപോലും ആർക്കും കിട്ടിയിരുന്നില്ലല്ലോ….

‘മാഡം രാത്രിയിലത്തേയ്ക്ക് ഫുഡ്ഡു വേണോ’ഓർഡറെടുക്കാൻ വന്ന പാൻട്രി സർവ്വീസുകാരനാണ്.’വേണ്ട….’

ട്രെയിനിൻെറ വേഗത്തിനൊപ്പം പുറകിലേയ്ക്ക് ഓടിയൊളിക്കുന്ന കാഴ്ചകളെപ്പോലെയായിരുന്നു ഓർമ്മകളെങ്കിൽ എത്ര നന്നായിരുന്നു………ചില ഓർമ്മകൾ ഒരിക്കലും മായാതെ കുത്തിനോവിച്ചുകൊണ്ടേയിരിയ്ക്കും…

എഴുന്നേറ്റുപോയി മുഖം കഴുകി തിരികെ വന്നപ്പോൾ അടുത്തിരുന്ന ഒരമ്മ ചോദൃങ്ങളുമായെത്തി…..

അവരോട് എന്തൊക്കെയോ മറുപടി പറഞ്ഞ് …..കൂടുതൽ സംസാരിയ്ക്കാൻ താല്പരൃമാല്ലാത്തതിനാൽ ബാഗിൽ നിന്നും ഒരു പുസ്തകം കൈയ്യിലെടുത്തു……

കണ്ണു പുസ്തകത്തിലായിരുന്നെങ്കിലും മനസ്സ് ചിറാപുഞ്ചിയിലെ നീഹാരമെന്ന കൊച്ചു വീട്ടിൽ നന്ദേട്ടനോടെപ്പമായിരുന്നു…..

ആദൃത്തെ ഭയപ്പാടിനും സങ്കടത്തിനുമൊടുവിൽ ചെന്നെത്തിയത് എല്ലാ സങ്കടങ്ങളും ഒഴുക്കികളയുന്ന മനോഹാരിതയിലേയ്ക്ക്…..
ഗോഹട്ടിയിൽ ട്രെയിനിറങ്ങിയാൽ നൂറ്റി അൻപതുകിലോമീറ്ററോളം യാത്ര ചെയ്തുവേണം ചിറാപുഞ്ചിയിലെത്താൻ……..

ആ യാത്രയിലുടനീളം ആസ്വാദൃകരമായ കാഴ്ചകൾ……….ഇടയ്ക്കിടെ ദൃശൃമാകുന്ന വെള്ളച്ചാട്ടങ്ങളും,നിറയെ പച്ചപ്പും……..
പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ ആകാശം താണിറങ്ങി നിൽക്കുന്ന കാഴ്ച………

നിനച്ചിരിയ്ക്കാതെ പെയ്യുന്ന മഴയിൽ താഴെ വീണു ചിതറുന്ന തുള്ളിക്കുടങ്ങൾ………കാറ്റു പറത്തികൊണ്ടു പോകുന്ന പഞ്ഞിക്കെട്ടുകൾക്കു പിന്നിൽ സൂരൃനൊളിഞ്ഞു നോക്കുമ്പോൾ ദൃശൃമാകുന്ന മനോഹരമായ മഴവില്ല്………….

പറഞ്ഞറിയിക്കാൻ വയ്യാത്ത ദൃശൃമനോഹാരിതയൊക്കെ ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ നോക്കികണ്ടുകൊണ്ടായിരുന്നു അന്നത്തെ പലയാത്രകളും………………….

താലിയുടേയും സിന്ദൂരത്തിൻെറയും അകമ്പടിയോടെ ……നീഹാരമെന്ന ഞങ്ങളുടെ കുഞ്ഞു സ്വർഗ്ഗത്തിൽ………..പുതിയ ജീവിതത്തിലേയ്ക്ക്……..

മനസ്സിൽ രൂപം കൊണ്ട് ആത്മാവിലേയ്ക്കെത്തിയ പ്രണയം…….. മരണംകൊണ്ടുപോലും വേർപെടില്ലാന്നുറപ്പിച്ച്…… ഞങ്ങളുടെ മുറിയിൽ ഒട്ടിച്ചു വയ്ച്ച പൂച്ചകണ്ണുള്ള സുന്ദരിവാവയെ സ്വപ്നം കണ്ട്……..കഴിഞ്ഞ നാളുകൾക്ക് നാലു വർഷത്തെ ഓർമ്മപ്പഴക്കം……..

എല്ലാം ഒന്ന് ആറിതണുത്തെന്നു കരുതിയാണ് മുത്തശ്ശി മരിച്ച വിവരമറിഞ്ഞപ്പോൾ തറവാട്ടിലേയ്ക്ക് കയറിച്ചെന്നത്………..ആ അവസ്ഥയിലും അവിടുന്ന് ആട്ടിയിറക്കപ്പെട്ടു…….

എല്ലാവരേയും സ്നേഹം കാണിച്ചു പറ്റിച്ചു പോയ നീ ഒരുകാലത്തും നന്നാവില്ലെന്ന് അമ്മയുൾപ്പടെ പറഞ്ഞതുകേട്ട ആഘാതവുമായി മടങ്ങി…….പിന്നീട് പലപ്പോഴും നാട്ടിലെത്തിയെങ്കിലും ആരെയും കാണാൻ തറവാട്ടിൽ പോയില്ല…….

‘മോളു കിടക്കുന്നില്ലേ’ അടുത്ത സീറ്റിലിരിയ്ക്കുന്ന അമ്മയുടെ ചോദൃം.ട്രെയിനിൽ എല്ലാവരും അവരവരുടെ ബർത്തുകളിലേയ്ക്ക് തലചായ്ക്കുകയാണ്.

മിനറൽ വാട്ടർ ബോട്ടിലിലെ വെള്ളം അല്പം കുടിച്ച് …..മിഡിൽ ബർത്തിലേയ്ക്ക് കിടക്കാൻ കയറവേ…..ആ അമ്മയുടെ അടുത്ത ചോദൃമെത്തി

മോളൊന്നും കഴിച്ചില്ലല്ലോ…..ഒരു ചിരിയിൽ മറുപടി ഒതുക്കി.അവർക്കറിയില്ലല്ലോ …….തൻെറ വിശപ്പും ദാഹവുമൊക്കെ എന്നേ നഷ്ടമായെന്ന്..

കിടന്നിട്ടും ഉറക്കം വരാതെയായപ്പോൾ…… മൊബൈലെടുത്ത് ഹെഡ് ഫോൺ കുത്തി…….പാട്ടു കേൾക്കാൻ…

‘ ഓ മൃദുലേ…..ഹൃദയ മുരളിയിൽ ഒഴുകി വാ.’നന്ദേട്ടൻെറ പ്രീയപ്പെട്ട ഗാനം…….നെഞ്ചുരുക്കിയ സങ്കടങ്ങൾ…….കണ്ണുനീരായി ഒഴുകാൻ തുടങ്ങി.

ഞങ്ങൾക്കു രണ്ടു പേർക്കും ഒത്തിരി ഇഷ്ടമുള്ളൊരു വെള്ളച്ചാട്ടമുണ്ട്……. നെഹ്കലികൈ എന്നാണതിൻെറ പേര്…ഇടയ്ക്കിടെ അവിടെ പോകാറുണ്ട്…..ഏറെ ഉയരത്തിൽ നിന്നും പതിയ്ക്കുന്ന വെള്ളം താഴെയൊരു ജലാശയത്തിനു രൂപം കൊടുത്തിട്ടുണ്ട്……..

നീലിമയാർന്ന പച്ചപ്പു നിറഞ്ഞ വെള്ളമായി തോന്നാറുണ്ട് അതു കാണുമ്പോൾ……..ചുറ്റുമുള്ള പച്ചപ്പ് അതിൽ പ്രതിബിംബം തീർക്കുന്നതാവാം ആ നിറം……വെള്ളച്ചാട്ടത്തിനടത്തു നിന്നും താഴേയ്ക്കു ചാടി ആത്മഹതൃ ചെയ്ത ഗ്രാമീണ ബാലികയുടെ പേരാണാ വെള്ളച്ചാട്ടത്തിനും……

എന്തോ ഒരാത്മബന്ധം ആ സ്ഥലവുമായി രണ്ടാൾക്കും തോന്നിയിരുന്നു…..
മേഘത്തിൻെറ നനുത്ത വെള്ളകമ്പളം പെട്ടെന്ന് മുന്നിലെ കാഴ്ചകളെ മറച്ചു കളയും……

സൂരൃനപ്രതൃക്ഷമായി തുള്ളിക്കൊരുകുടം കണക്കെ മഴപെയ്യാൻ തുടങ്ങും………മനസ്സിലെ മഴയിലും ഒരായിരം മയിലുകൾ പിലി വിടർത്തി നൃത്തമാടിയ സമയം…ഒരു കുടയുടെ പോലും മറയില്ലാതെ മഴ നനയാറുണ്ടായിരുന്നു ഞങ്ങളും……..

പുലർച്ചെയുള്ള കലപില കേട്ടു കണ്ണു തുറന്നപ്പോൾ……ചായയെത്തി……പല്ലുതേയ്ച്ച് മുഖം കഴുകി….ചായ വാങ്ങി കുടിച്ചു…. ആഹാരം വാങ്ങി കഴിച്ചെന്നു വരുത്തി….

ഒന്നിലും മനസ്സു തങ്ങി നിൽക്കുന്നില്ല……..
ഓർമ്മകൾ കടന്നൽ കൂട്ടത്തെ പോലെ കുത്തി നോവിക്കുന്നു…….

ഏറെ നാളത്ത കാത്തിരിപ്പിനു ശേഷം ആ സന്തോഷം വന്നെത്തി………ഞങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നു……….

ആ അവസ്ഥയിൽ അവിടുത്തെ കാലാവസ്ഥയും തൻെറ ആഹാരരീതിയും ഒന്നും ശരിയാകാതെ വന്നു.മൂന്നു മാസം പിന്നിട്ടപ്പോൾ പ്രസവം നാട്ടിൽ ആകാമെന്ന തീരുമാനത്തിൽ നാട്ടിലെത്തി…..നന്ദേട്ടൻെറ അമ്മയുടെ അടുത്ത് തന്നെ ആക്കി മടങ്ങാൻ പത്തു ദിവസത്തെ അവധിയെടുത്താണ് എത്തിയത്………

നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അടിവയറ്റിൽ ഒരു കൊളുത്തിപിടുത്തവും വല്ലാത്ത വേദനയുംകൊണ്ടാണ് ഹോസ്പിറ്റലിൽ എത്തിയത്…..

യൂട്രസ്സിനു പ്രോബ്ളമുണ്ട്……കുഞ്ഞിനു വളർച്ചയില്ല……..ഈ നിലയിൽ ഇതു തുടർന്നു പോകാൻ കഴിയില്ല…..തൻെറ എതിർപ്പുകൾ വകവയ്ക്കാതെ നന്ദേട്ടൻ സമ്മതം നൽകി……….

പൂച്ചക്കണ്ണുള്ള സുന്ദരിക്കുട്ടി നീട്ടിപിടിച്ച കൈകളുമായി അകന്നുപോകുന്നത് താനറിഞ്ഞു………..
എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പൊട്ടിക്കരഞ്ഞ തന്നെ ചേർത്തു നിർത്തി നന്ദേട്ടൻ ആശ്വസിപ്പിച്ചു.

വിഷമിയ്ക്കണ്ട……. നമുക്കു വേണ്ട ചികിത്സചെയ്യാം…….ഉള്ളിലെ മഴയ്ക്ക് അകമ്പടിയായി പെരുമഴ പുറത്ത്………..

അന്നു വൈകുന്നേരം ഒരു സുഹൃത്തിനെ കാണാൻ പുറത്തേയ്ക്കു പോയതായിരുന്നു നന്ദേട്ടൻ……

കരഞ്ഞു തളർന്ന് ഒന്നു മയങ്ങിയപ്പോഴാണ് അമ്മയുടെ ഉറക്കെയൂള്ള നിലവിളി കേട്ടത്.മോനേ……..നന്ദാ

കട്ടിലിൽ എണീറ്റിരുന്നെങ്കിലും നടക്കാൻ സാധിയ്ക്കുന്നില്ല….കാലുകൾ കെട്ടപ്പെട്ടതുപോലെ…..തലയ്ക്കുള്ളിൽ ഒരായിരം വണ്ടുകൾ മൂളിപ്പറക്കുന്നു……….കാഴ്ച മറയുന്നു…….

ഓർമ്മ വന്നപ്പോൾ വെള്ള പുതപ്പിച്ച നന്ദേട്ടൻെറ ശരീരമാണു മുന്നിൽ…….കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ആ തണുത്ത ശരീരത്തിലെ മരവിപ്പ് തൻെറ മനസ്സിനെയും ബാധിച്ചു……

മഴയത്ത് പൊട്ടിവീണ വൈദൃുതകമ്പിയിൽ നിന്നും നടന്നു പോവുകയായിരുന്ന നന്ദേട്ടനു ഷോക്കേറ്റതായിരുന്നു.പുറത്തേയ്ക്കാ ശരീരമെടുത്തപ്പോഴും മഴ തുടർന്നുകൊണ്ടിരുന്നു…..

അന്നാദൃമായ് മഴയെ ശപിച്ചു………..മനസ്സു നൊന്തു ശപിച്ചു……ഒരു യാത്രപോലും പറയാതെ സീതാലക്ഷ്മിയെന്ന ശരീരത്തിൻെറ ആത്മാവായിരുന്ന നന്ദഗോപൻ യാത്രയായ്……..ആത്മാവില്ലാതെ ശരീരത്തിനു നിലനിൽക്കാൻ കഴിയില്ലല്ലോ….

കുഞ്ഞും അച്ഛനും നഷ്ടമായത് തൻെറ ഭാഗൃദോഷമെന്നു വിധിയെഴുതിയ ബന്ധുകൾടെ ഒപ്പം നന്ദേട്ടൻെറ അമ്മയുടേയും കണ്ണിലെ കരടായി താൻ ……

തറവാട്ടിൽ നിന്നും ആരും തിരിഞ്ഞുപോലും നോക്കിയില്ല……..ജനനത്തിനു മുൻപേ നഷ്ടമായ കുഞ്ഞിനെ ഓർത്ത് ദുഖിച്ചപ്പോൾ പലതും തിരിച്ചറിവുകളായി……..ഒരു വാക്കുപോലും പറയാതെ ഇറങ്ങി വന്ന തന്നെയോർത്ത് അച്ഛനും അമ്മയും എത്ര വിഷമിച്ചിട്ടുണ്ടാകുമെന്ന്.

ആരും കാണാതെ നന്ദേട്ടൻെറ ചിതയിൽ നിന്നും എടുത്ത ഒരുപിടി ചിതാഭസ്മം പട്ടുതുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചു.

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞശേഷം നന്ദേട്ടൻെറ ജോലിസ്ഥലത്തേയ്ക്കെന്ന പരിൽ വീട്ടിൽ നിന്നിറങ്ങിയപ്പോഴും ആരും തടഞ്ഞില്ല…….ബാദ്ധൃത ഒഴിഞ്ഞപോകട്ടെ എന്ന ചിന്തയാവാം……..നന്ദേട്ടൻെറ അമ്മാവൻെറ മകനാണ് ട്രെയിൻ ടിക്കറ്റൊക്കെ ഏർപ്പാടു ചെയ്തു തന്നത്…..

ഇടയ്ക്ക് ഒപ്പമിരുന്നവർ ഇറങ്ങിയും പുതിയവർ കയറിയും ട്രെയിൻ യാത്ര തുടർന്നുകൊണ്ടിരുന്നു……….ഓർമ്മകളുടെ വേലിയേറ്റത്തിൽ മുങ്ങിയും പൊങ്ങിയും യാത്ര അവസാനിച്ചു……

ഒപ്പം കണ്ട പലകാഴ്ചകളും ഹൃദയം നീറ്റി………..
നീഹാരത്തിലെത്തി……..മുറിയിലേയ്ക്കുകയറവേ……എവിടെയൊക്കെയോ നന്ദേട്ടൻെറ സാന്നിദ്ധൃം……….നന്ദേട്ടൻെറ മണമായിരുന്നു ആ

മുറിയ്ക്കത്തും…………ചുവരിലെ സുന്ദരിവാവയുടെ ചിത്രം താഴെ വീണു കിടക്കുന്നു…………..നന്ദഗോപൻെറ ചിതാഭസ്മവുമായി സീതയെത്തിയത് നെഹ് കലികൈയിലേയ്ക്കായിരുന്നു…………

നന്ദഗോപൻെറ ഒപ്പമുള്ള ഓർമ്മകളെയുമായി നിൽക്കവെ താണിറങ്ങിയ മഴമേഘങ്ങൾക്കിടയിൽ തന്നെ കൈ നീട്ടി വിളിയ്ക്കുന്ന നന്ദേട്ടനെയും അവരുടെ പൂച്ചകണ്ണുള്ള സുന്ദരിവാവയെയും അവൾ കാണുകയായിരുന്നു….. ചെറിയ ചാറ്റൽ മഴ അവളുടെ കണ്ണുനീരിനൊപ്പം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു…….

അവൾ നെഞ്ചോടു ചേർത്തു പിടിച്ച അവളുടെ നന്ദേട്ടൻെറാപ്പം മഴയിൽ അലിഞ്ഞു ചേർന്ന്……..താഴെ ജലാശയത്തിലെ പച്ചപ്പുകളിലേയ്ക്ക്……….അവളുടെ ദുഖങ്ങൾ ഒഴുകിയിറങ്ങി…….. മടങ്ങി വരവില്ലാത്ത മറ്റൊരു സീതായനത്തിലേയ്ക്ക്……

Leave a Reply

Your email address will not be published. Required fields are marked *