അവളെ കണ്ടാൽ തന്നെ അറിയാം വിളഞ്ഞ വിത്താണെന്ന്.. പിന്നെ ചോദിക്കാനും പറയാനും തന്തയും ഇല്ലല്ലോ നേരത്തെ തന്നെ പോയില്ലേ…

(രചന: J. K)

“” സന്ധ്യേ ഇന്നലെയും ആ കല്യാണ ബ്രോക്കർ അങ്ങോട്ട് വന്നിരുന്നല്ലോ ഏതോ നല്ല ചെറുക്കനാണെന്ന് പറഞ്ഞിരുന്നു.. എന്തായി?? “”

അപ്പുറത്തെ വീട്ടിലെ സിസിലി രാവിലെ തന്നെ മതിലിനു മേലെ ഏന്തി വലിഞ്ഞു നിന്ന് ചോദിച്ചു അലക്കുകയായിരുന്നു സന്ധ്യ അപ്പോൾ…

“” എന്തു പറയാനാ സിസിലി ചേട്ടത്തി അവൾക്ക് ഇപ്പോഴും കല്യാണം വേണ്ട എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിൽപ്പാ.. ജോലി കിട്ടിയല്ലാതെ അവള് കെട്ടി പോകത്തില്ലാ ന്ന്.. “”

അതും പറഞ്ഞ് സന്ധ്യ തന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചു… പക്ഷേ സിസിലിക്ക് എല്ലാം മനസ്സിലായതുപോലെ അവൾ അർഥഗർഭമായി ഒന്ന് മൂളി പിന്നെ മെല്ലെ കിട്ടിയതും വെച്ച് അപ്പുറത്തേക്ക് നടന്നു..

ഇന്ന് അയൽക്കൂട്ടം മീറ്റിംഗ് ഉണ്ട് അതിന് പറയാൻ കിട്ടിയ ചൂടുള്ള ഒരു വാർത്തയായി..

“” എടീ ആ സന്ധ്യയുടെ മോളില്ലേ അനു അവൾക്കെന്തോ ചുറ്റിക്കളി ഉണ്ടെന്നാണ് തോന്നുന്നത് ഇപ്പോൾ എത്ര കല്യാണ ആലോചനയായി അറിയോ വരുന്നത്. അതും നല്ല നല്ല ആലോചനകൾ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഒറ്റ കാലിൽ നിൽക്കുവാ””

അതുകേട്ട ചിലർ മൂക്കത്ത് വിരൽ വച്ചു ശരിയാണെന്നുള്ള മട്ടിൽ…ചിലർ എതിർത്തു ആ കുട്ടി അങ്ങനെഉള്ള കുട്ടി ഒന്നുമല്ല എന്ന്..

അത് സിസിലിയെ വീണ്ടും ചൊടിപ്പിച്ചു പിന്നെയും എന്തൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ച് അവൾ വീണ്ടും കഥകൾ ഇറക്കി…

“” ആ കൊച്ച് ഹോസ്റ്റലിൽ നിന്നല്ലേ പഠിച്ചത് അവിടെനിന്ന് എന്തൊക്കെയോ പ്രശ്നങ്ങളും ഉണ്ടാക്കിയാണ് വരവ്.. അവളെ കണ്ടാൽ തന്നെ അറിയാം വിളഞ്ഞ വിത്താണെന്ന്..

പിന്നെ ചോദിക്കാനും പറയാനും തന്തയും ഇല്ലല്ലോ നേരത്തെ തന്നെ പോയില്ലേ… അതും ഒരു കണക്കിന് നന്നായി അങ്ങേർക്കെങ്കിലും സമാധാനം കിട്ടുമല്ലോ..””

അങ്ങനെ പോയിരുന്നു ഗോസിപ്പുകൾ..സന്ധ്യ മകളുടെ പറഞ്ഞിരുന്നു എങ്ങനെയെങ്കിലും ഒന്ന് കല്യാണത്തിന് സമ്മതിക്കാൻ അല്ലെങ്കിൽ അവരെല്ലാം കൂടി ഓരോന്ന് പറഞ്ഞ് അവളെ കൊന്നുതിന്നും എന്ന് അവൾക്ക് അറിയാമായിരുന്നു..

അനുവിന് ആകെക്കൂടെ ദേഷ്യമായി..അവൾ പരമാവധി അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.. ഈ നാട്ടിൻപുറത്ത് ജനിച്ചതാണ് തന്റെ പരാജയം ഇവിടെയുള്ളവർക്ക് എല്ലാം മുൻധാരണകളാണ്..

ഒരു പെൺകുട്ടി ഏതു വയസ്സിൽ ഋതുമതി ആവണം ഏതു വയസ്സിൽ വിവാഹം കഴിക്കണം എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അവർ മുൻകൂട്ടി തീരുമാനിച്ചു വെച്ചിട്ടുള്ളതാണ് അതനുസരിച്ച് എല്ലാം നടക്കാവൂ ..

അതിൽ നിന്ന് ആരെങ്കിലും മാറി ചിന്തിച്ചാൽ പിന്നെ അവർക്ക് ഇല്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല..

വിവാഹജീവിതം നന്നായി പോണം എന്നോ സ്ത്രീകൾ മര്യാദയ്ക്ക് ജീവിക്കണമെന്ന് ഒന്നുമില്ല നേരത്തിന് കല്യാണം കഴിക്കണം അതൊരു വഴിപാട് പോലെയാണ് ഇവിടെ…

ഇരുപത്തി രണ്ടു വയസ്സിന് മുകളിൽ ആരെങ്കിലും ഇരുന്നാൽ പിന്നെ അവൾക്കെന്തോ കേടുണ്ട് എന്നാണ് ഇവിടെയുള്ളവരുടെ ഭാഷ്യം..

അതുകൊണ്ടുതന്നെ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ആവലാതിയാണ് എങ്ങനെയെങ്കിലും അവരെ പിടിച്ച് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കണം എന്ന ചിന്ത… എത്രയോ പെൺകുട്ടികൾ അതിനിരയായി ഇവിടെയുണ്ട് കൺമുന്നിൽ തന്നെ….

ഭർതൃ വീട്ടിലെ പീഡനങ്ങൾ സഹിച്ച് സ്വന്തം വീട്ടിലേക്ക് ഓടി പോന്നാലോ അപ്പോഴും കുറ്റം..

എല്ലാം അഡ്ജസ്റ്റ് ചെയ്യണം അതെല്ലാം പെണ്ണിന്റെ ഡ്യൂട്ടിയാണ് എല്ലാം അഡ്ജസ്റ്റ് ചെയ്യൽ എന്നിട്ട് എന്തും സഹിച്ച് അവരുടെയെല്ലാം ഒരു അടിമയെ പോലെ അവിടെ ഇനിയുള്ള കാലം നിൽക്കണം

അയാളുടെ കുഞ്ഞുങ്ങളെ പെറ്റു പോറ്റി അവർക്ക് വേണ്ടി മാത്രം മറ്റൊന്നും പെണ്ണിന് ജീവിതത്തിൽ ചെയ്യാനില്ല….അതിൽനിന്ന് മറുത്ത് ചിന്തിച്ചതാണ് ഇവിടെ എല്ലാവർക്കും പ്രശ്നമായത്..

“” പിന്നെ ഇവിടെ ആദ്യമായി പഠിക്കാൻ പോകുന്നത് അവളാണല്ലോ ഇതിലും വലിയ പഠിപ്പുള്ളവർ ഇവടെ ഉണ്ട് അവരൊക്കെ നേരാവണ്ണം കല്യാണം കഴിച്ചു. ഇതിപ്പോ എന്തോ കുഴപ്പത്തി ചെന്ന് ചാടിയിട്ടുണ്ട് അതുറപ്പ്…. “”‘

വിവാഹത്തിന് സമ്മതിക്കാത്തതിന്റെ കാരണം അന്വേഷിച്ച് മെഡിക്കൽ സ്റ്റോറിൽ ചെന്ന് താൻ മാത്രമാസം പാഡ് വാങ്ങുന്നില്ലേ എന്നുവരെ അന്വേഷിച്ചവർ ഇക്കൂട്ടത്തിൽ ഉണ്ട്..

എല്ലാം കൂടി കേട്ടിട്ട് തല പെരുത്ത് വരുന്നത് പോലെ തോന്നി അനുവിന്..സന്ധ്യ വീണ്ടും അവളുടെ കാലു പിടിക്കാൻ വന്നിരുന്നു വിവാഹത്തിന് സമ്മതിക്കണം അല്ലെങ്കിൽ ഇനിയും ഓരോന്ന് നാട്ടിൽ കഥകൾ ഉണ്ടാക്കി പറയും എന്നു പറഞ്ഞ്…

എത്രയൊക്കെ നാടുവികസിച്ചു പുരോഗമനം വന്നു എന്ന് പറഞ്ഞാലും പലരുടെയും ചിന്താഗതി ഇപ്പോഴും ആ പഴയ നൂറ്റാണ്ടിൽ ഉള്ളത് തന്നെയാണ്…

“” എന്റെ പൊന്നു അമ്മേ ഞാൻ ചില ജോലികൾക്ക് അപ്ലൈ ചെയ്തിട്ടുണ്ട് അതിൽ എന്തെങ്കിലും ഒരു തീരുമാനമായാൽ ഞാൻ സമ്മതിച്ചേക്കാം ഈ വിവാഹത്തിന്…

പിന്നെ അമ്മ കരുതുന്നത് പോലെ ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹം ഒന്നുമല്ല അത് അവളുടെ സ്വന്തം കാര്യം നിൽക്കാനുള്ള കെൽപ് ആണ്…

അപ്പുറത്തെ വീട്ടിലെ സിസിലി ആന്റിയുടെ മകളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ട് എന്തായി അയാൾ കള്ളുകുടിച്ചു വന്ന അവരെ എടുത്തിട്ട് അലക്കും..

അത് സഹിക്കാഞ്ഞിട്ടല്ലേ ആ ചേച്ചി ഇങ്ങോട്ട് വന്നത്.. എന്നിട്ടോ സിസിലി ആന്റി അങ്ങോട്ട് തന്നെ ഓടിച്ചു വിട്ടില്ലേ താഴെയുള്ള മക്കളുടെ ജീവിതം കുളമാകും എന്നൊക്കെ പറഞ്ഞ്…

ഒരു രക്ഷയും ഇല്ലാതല്ലേ അയാൾ ചെയ്യുന്നതെല്ലാം സഹിച്ച ആ ചേച്ചി അവിടെത്തന്നെ കടിച്ചുപിടിച്ചു നിൽക്കുന്നത് അമ്മ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇത്രയും അവൾ സഹിക്കേണ്ടി വരില്ലായിരുന്നു എന്ന്..

ഒരുപക്ഷേ സിസിലി ആന്റിയെ പോലെ കൂടെ നിൽക്കാത്ത വീട്ടുകാർ ഉണ്ടെങ്കിൽ പോലും അത് അവൾക്ക് ഒരു പ്രശ്നമാകില്ലായിരുന്നു നല്ല ഒരു ജോലി ഉണ്ടെങ്കിൽ.. എപ്പോഴും നല്ല ബന്ധം കിട്ടണം എന്ന് നിർബന്ധമില്ലല്ലോ അമ്മേ ചക്ക ഒന്നുമല്ലല്ലോ നമുക്ക് ചൂഴ്ന്നു നോക്കാൻ..

വിവാഹമാണ് പെണ്ണിന്റെ ആത്യന്തികമായ ജീവിത ലക്ഷ്യം എന്ന് കരുതുന്നവരുടെ ഇടയിൽ പെട്ടുപോയ സ്ഥിതിക്ക് ഇനി കല്യാണം കഴിച്ചു എന്ന് തന്നെ വയ്ക്കുക…

സിസിലി ആന്റിയുടെ മകൾക്ക് കിട്ടിയതുപോലെ ഒരാളാണെങ്കിൽ ഞാൻ എന്തു ചെയ്യണം അയാളുടെ തല്ലു മുഴുവൻ വാങ്ങി അവിടെ തന്നെ നിൽക്കണോ..

അതോ ഒരു ജോലി ഉണ്ടെങ്കിൽ അയാളോട് പോയി പണി നോക്കാൻ പറഞ്ഞു സ്വന്തം കാലിൽ നിൽക്കണോ…

സന്ധ്യയ്ക്ക് ഉത്തരം മുട്ടിപ്പോയി.. ശരിയാണ് താനും മറ്റുള്ളവർക്ക് ചെവി കൊടുത്തു അവർ പറയുന്ന ഓരോന്നിനും താൻ വെറുതെ ടെൻഷൻ അടിച്ചു…

അനു പറയുന്നതുപോലെ ചിന്തിച്ചാൽ കാര്യങ്ങൾ എത്ര സിമ്പിൾ ആണ്.. അതുകൊണ്ട് അന്ന് തന്നെ തീരുമാനിച്ചിരുന്നു. ഇനി അവളെ വിവാഹം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല എന്ന്..

അവൾ ആഗ്രഹിച്ച ഒരു ജോലി നേടും വരയ്ക്കും സന്ധ്യ കാത്തു നിന്നു ജോലി നേടി കഴിഞ്ഞ് അവൾക്ക് നല്ലൊരു ബന്ധവും ഒത്തു വന്നു അവളുടെ അതേ പ്രൊഫഷൻ തന്നെ….

പണ്ട് നാണക്കോട് ഓർത്ത് ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുത്തിരുന്നെങ്കിൽ ഇന്ന് തന്റെ മകളുടെ മുഖത്ത് കാണുന്ന ഈ സന്തോഷം തനിക്ക് ഒരുപക്ഷേ കാണാൻ കഴിഞ്ഞെന്ന് വരില്ലായിരുന്നു എന്നോർത്തു സന്ധ്യ…

ഇപ്പോൾ മറ്റുള്ളവരോട് തന്നെ കൊണ്ട് ആവുന്ന വിധം പറയുന്നുണ്ട് പെൺമക്കളെ കല്യാണം കഴിച്ച് കൊടുക്കുക എന്ന് ചിന്തിക്കാതെ അവർക്ക് എങ്ങനെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാം എന്ന് ചിന്തിക്കാൻ..

Leave a Reply

Your email address will not be published. Required fields are marked *