എനിക്കവൾ വേശ്യയല്ല
(രചന: Nisha Suresh Kurup)
“എന്താ നിന്റെ പേര് ” അനിരുദ്ധ് അവളോട് ചോദിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇവിടെ വരുന്ന ആരും തന്നോട് ചോദിക്കാത്ത ചോദ്യം. അവൾ അനിരുദ്ധിനെ നോക്കിയിരുന്നു.
എന്താ നിനക്ക് പേരില്ലേ അയാൾ അവളെ ശ്രദ്ധിച്ചു. സാരിയാണ് വേഷം. മുല്ലപ്പൂവ് ചൂടി നെറ്റിയിൽ വലിയ പൊട്ടുതൊട്ട് കുപ്പിവളകൾ അണിഞ്ഞ രൂപം. കണ്ണുകളിൽ വിഷാദ ഭാവമാണ്. അവനു ചിരി വന്നു. അറിയാതെ പൊട്ടിച്ചിരിച്ചു. അവൾ അമ്പരന്ന് അവനെ നോക്കി.”ആരാ നിന്നെ ഈ കോലം കെട്ടിച്ചത്”
അവളെ അടിമുടി അനിരുദ്ധ് നോക്കി.”നീ ഞാൻ ചോദിക്കുന്നതിനു ഉത്തരം പറയാൻ ബാദ്ധ്യസ്ഥയാണ്. കാരണം ഞാൻ ഇന്നു രാത്രിത്തേക്ക് നിന്നെ വിലകൊടുത്ത് വാങ്ങിയതാണ് “. പെട്ടന്നവൾ ഉത്തരം പറഞ്ഞു
“ഗൗതമി എന്നായിരുന്നു പേര്. ഇവിടത്തെ അമ്മയാണ് ഇങ്ങനെ ഒരുങ്ങി നില്ക്കണം എന്ന് പറഞ്ഞത് ”
” ആഹാ അപ്പോൾ നീ ഊമയല്ല. അതിരിക്കട്ടെ അതെന്താ ഗൗതമി ആയിരുന്നു നിന്റെ പേരെന്ന് പറഞ്ഞത്. എന്താ ഇപ്പോൾ നിന്റെ പേര് അങ്ങനെയല്ലെ “.
“ഇവിടെ വന്ന ശേഷം ആരും എന്നോട് പേരു ചോദിച്ചിട്ടില്ല വിളിക്കാറുമില്ല.ഇവിടത്തെ അമ്മ എടീന്നാ വിളിക്കാറ് ”
കൊലുസ് കിലുങ്ങും പോലെയുള്ള അവളുടെ ശബ്ദം കേൾക്കാൻ നല്ല
രസമായിരുന്നു.
” നീയെന്താ ഈ തൊഴിൽ തിരഞ്ഞെടുത്തത്. നിനക്കു അല്ലാതെ അധ്വാനിച്ചു ജീവിച്ചു കൂടെ “.
അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.
“പറയ് എന്താ നീ ഇങ്ങനെ ഒരു തൊഴിൽ”…അവൾ പെട്ടന്ന് കരഞ്ഞു.”അത് ഞാൻ “….
“നീ പറഞ്ഞോ രാവിലെ വരെ എനിക്ക് സമയമുണ്ട് “.
“എനിക്ക് ഒന്നും പറയാനില്ല “അവൾ
പെട്ടന്ന് പറഞ്ഞു.
“വെട്ടം അണയ്ക്കട്ടെ അതോ വെളിച്ചം വേണോ ധൃതിയിൽ അവൾ ചോദിച്ചു ”
” എനിക്ക് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം വേണം ഞാൻ പറയുന്നത് അനുസരിക്കേണ്ടത് ആണ് നിന്റെ ജോലി “.
ഗൗതമി അയാളെ നോക്കി. ഇങ്ങനെ ഒരാളെ ആദ്യമായി കാണുകയാണ്. സാധാരണ വരുന്നവരാരും അവളോട് മിണ്ടാനോ ചിരിക്കാനോ ഒന്നും വരില്ല.
അവരുടെ കാര്യം സാധിച്ച് മടങ്ങാറാണ് പതിവ്. വളരെ ക്രൂരമായി ആയിരിക്കും ചിലരുടെ പെരുമാറ്റം. ആദ്യമൊക്കെ അറിയാതെ എതിർത്ത് പോകുമായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടുമായിരുന്നു. അതിന് നല്ല ശിക്ഷയും ഇവിടത്തെ അമ്മയിൽ നിന്ന് കിട്ടിയിട്ടുണ്ട്.
വരുന്ന കസ്റ്റമറിനെ സന്തോഷിപ്പിക്കണം
അതാണ് അമ്മയുടെ പോളിസി. അവരെന്തെങ്കിലും പരാതി പറഞ്ഞാൽ ചൂരല് കൊണ്ട് തല്ലും ചിലപ്പോൾ പട്ടിണിക്കിടും.
വരുന്നവരാകട്ടെ മനുഷ്യ ജീവിയാണെന്ന പരിഗണന പോലും തരാതെ ചവിട്ടിയരയ്ക്കും.
“ഏയ്യ് “….
അനിരുദ്ധ് അവളെ ചിന്തകളിൽ നിന്നുണർത്തി.
“ഞാൻ പറയാം “ആരോടെങ്കിലും എല്ലാം തുറന്ന് പറയാൻ ആഗ്രഹിച്ച അവൾ തന്റെ കഥ പറയാൻ തുടങ്ങി.
” ഒരു പാട് ദൂരെയാണ് വീട്. അച്ഛനും അമ്മയും ഞാനും അനിയത്തിയും അടുങ്ങുന്ന സന്തോഷം നിറഞ്ഞ ജീവിതം. അച്ഛൻ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കുന്നത്.
എനിക്ക് പതിനെട്ട് വയസായപ്പോൾ അച്ഛൻജോലി സ്ഥലത്തുണ്ടായ ഒരു
അപകടത്തിൽ മരിച്ചു. പിന്നെ ജീവിക്കാൻ പൈസയില്ലാതെ വിഷമത്തിലായി. അമ്മയ്ക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല ആസ്തമയുടെ അസുഖമുണ്ട്. ഞാനാണ് അവിടത്തെ മൂത്ത കുട്ടി “.
“അതിന് വേറെ എന്തെല്ലാം തൊഴിലിന് പോകാം ഇത് തിരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ ”
അനിരുദ്ധ് ഇടയ്ക്ക് കയറി. അവൾ അവനെ ഒന്നു നോക്കിയിട്ട് വീണ്ടും തുടർന്നു.
“ആയിടയ്ക്കാണ് ബന്ധത്തിലെ ഒരു അമ്മാവൻ കൈത്തറി ഫാക്ടറിയിൽ ജോലി ഒഴിവുണ്ടെന്നും അങ്ങ് ദൂരെയാണ് നിന്ന് ജോലി ചെയ്യണം എന്നും പറഞ്ഞത്. വീട്ടിലെ ദാരിദ്ര്യം കാരണം അമ്മ മനസില്ലാ മനസോടെ പോകാൻ പറഞ്ഞു. അമ്മാവൻ അമ്മയുടെ ടെൻഷൻ കണ്ടു പറഞ്ഞു.
ഒത്തിരി പെണ്ണുങ്ങൾ ജോലി ചെയ്യുന്ന സ്ഥലമാണ് ഒന്നും പേടിക്കാനില്ലെന്ന്.
ഒന്നും അറിഞ്ഞ് കൂടാതെ അനിയത്തിയോടും മറ്റ് കുട്ടികളോടും കളിച്ച് നടന്ന ഞാൻ പേടിയും അതിലേറെ അമ്മയെ പിരിയുന്ന വിഷമവും എല്ലാം കാരണം കരഞ്ഞ് കൊണ്ട് അമ്മാവന്റെ കൂടെ ട്രെയിനിൽ യാത്ര തിരിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ആട്ടോ പിടിച്ചു വന്നിറങ്ങിയത് പുറം ലോകവുമായി ബന്ധമില്ലാതെ ഉയർത്തി കെട്ടിയ മതിലും അതിലും വലിയ ഗേറ്റുമൊക്കെയുള്ള ഈ കെട്ടിടത്തിനു മുന്നിലാണ് അകത്തേക്ക് കയറാൻ ഭയം തോന്നി. അമ്മാവൻ കൂടെയുള്ള ധൈര്യത്തിൽ അകത്തേക്ക് കാലെടുത്തു വെച്ചു.
അവിടെ ഒരു വലിയ ആർഭാടം
തോന്നിക്കുന്ന കസേരയിൽ ഇവിടുത്തെ അമ്മ ഇരുപ്പുണ്ടായിരുന്നു. അവിടെയും ഇവിടെയുമൊക്കെയായി തടിമാടൻമാരായ ആണുങ്ങൾ അമ്മയ്ക്ക് കാവലായി നിന്നിരുന്നു. ആ കെട്ടിടത്തിനകം തുടച്ചും വൃത്തിയാക്കിയുമെല്ലാം നിറയെ ആണും പെണ്ണുമായ ജോലിക്കാരുണ്ടായിരുന്നു.
എന്നെ കണ്ടതും അമ്മ അടിമുടി നോക്കി.
“നല്ല സുന്ദരിയാണല്ലോ. ഇവളെ വെച്ചു ഞാൻ കുറേ കാശുണ്ടാക്കും. തേച്ച് കുളിപ്പിച്ച് അണിയിച്ചൊരുക്കി ഞാൻ ഇവളെ ഒരു രാജകുമാരിയാക്കും”.
ഒന്നും മനസിലാകാതെ നിന്ന ഞാൻ അമ്മാവനെ നോക്കി. അമ്മാവൻ എന്റെ മുഖത്ത് നോക്കാൻ വയ്യാതെ പരുങ്ങുന്നു. ഇവിടുത്തെ അമ്മ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.
“എടീ വന്ന് ഇവളെ അകത്തേക്ക്
കൊണ്ടു പോ “…
രണ്ടു സ്ത്രീകൾ , നന്നായി ഒരുങ്ങി പാദസരം കിലുക്കി അവർ വന്നു അമ്മയുടെ അനുവാദം ചോദിച്ചു എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ പോകാതെ ബലം പിടിച്ചു.
‘കൈത്തറി ജോലിയാണെന്ന് പറഞ്ഞിട്ട് ഒന്നും കാണുന്നില്ലല്ലോ “. ഞാൻ അമ്മാവനോട് കരയുന്ന പോലെ ചോദിച്ചു. അതൊക്കെ അവര് പോയി കൊണ്ട് കാണിച്ചു തരും കൂടെ ചെല്ലാൻ അമ്മാവൻ നിർബന്ധിച്ചു.
അടുത്ത് നിന്ന തടിയൻമാർ കണ്ണുരുട്ടി പേടിപ്പിച്ചു. പോകാതെ നിവർത്തിയില്ലാതെ ഞാൻ ആ സ്ത്രീകളുടെ കൂടെ പോയി. തിരിഞ്ഞ് നോക്കിയപ്പോൾ അമ്മാവൻ ഇവിടുത്തെ അമ്മ കൊടുത്ത കാശ് എണ്ണുന്നു. എന്നെ വിറ്റ കാശ്… ആർത്തിയോടെ എണ്ണി
തിട്ടപ്പെടുത്തുന്നു “.
അനിരുദ്ധിന് നെഞ്ചിനകത്ത് വല്ലാത്ത പിടച്ചിൽ തോന്നി. പാവം…. ബാക്കി കേൾക്കാൻ തോന്നിയില്ല. എന്നാൽ അവൾ വീണ്ടും പറഞ്ഞ് കൊണ്ടേയിരുന്നു. മനസിലടക്കിപിടിച്ചിരുന്നതെല്ലാം ഇറക്കി വയ്ക്കാൻ അവൾ കൊതിച്ചു.
“ആ ചേച്ചിമാർ എന്നെ കൊണ്ട് പോയി മറ്റു ഉള്ള സ്തീകൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അവരുടെ കൂട്ടത്തിൽ ഏറ്റവും ചെറുത് ഞാനായിരുന്നു.
അതിലെ കുറച്ച് വലുതായ സ്ത്രീകൾ പാവം കുട്ടി എന്ന് പറഞ്ഞ് എന്നെ വന്ന് തലോടി.
“ഈ ചെറുപ്രായത്തിലെ നീ ഇവിടെ വന്നുപെട്ടുവല്ലോ എങ്ങനെയാ എത്തപ്പെട്ടത് പ്രേമിച്ചവൻ ചതിച്ചതാണോ
അത് ചോദിച്ചത് ഒരു ചേച്ചിയാണ് ആ ചേച്ചിയുടെ കണ്ണുകൾ പക പോലെ തിളങ്ങി.
എനിക്ക് ഒന്നും മനസിലാകാതെ അമ്മയെ കാണാനും തിരിച്ച് പോകാനും തോന്നി. ഞാൻ കരയാൻ തുടങ്ങി. എന്നെ കൂട്ടി കൊണ്ട് വന്ന സ്ത്രീകളിലൊരാൾ ആശ്വസിപ്പിക്കും പോലെ പറഞ്ഞു
“എന്ത് ചെയ്യാനാണ് കുട്ടീ വിധി ഇതായില്ലേ “പറയുമ്പോൾ അവരുടെ കണ്ണും നിറഞ്ഞിരുന്നു.
എന്നാൽ വേറെ ഒരു പെണ്ണ് പറഞ്ഞതു “നീയെന്തിനാ അവളോട് സഹതപിക്കാൻ നില്ക്കുന്നത് നമ്മൾ അനുഭവിച്ചതൊക്കെ എല്ലാവരും അനുഭവിക്കട്ടെ “.
അപ്പോഴേക്കും ഇവിടുത്തെ അമ്മ അങ്ങോട്ട് വന്നു തടിച്ച് കൊഴുത്ത് അതിനനുസരിച്ച് പൊക്കമുള്ള ഒരു
സ്ത്രീ.
“നിങ്ങൾ അവളെ എന്തിനാ ഇങ്ങനെ പൊതിഞ്ഞു നില്ക്കുന്നത് അങ്ങോട്ട് മാറിനടികളെ. നീയിങ്ങു വാ ”
എന്നെ അടുത്തേക്ക് പിടിച്ചു പിന്നെ താടി ഉയർത്തി മുഖത്ത് നോക്കി സംതൃപ്തിയോടെ പറഞ്ഞു
” ഇനി മുതൽ നീയാണിവിടത്തെ രാജകുമാരി “.
ആദ്യം വന്ന രണ്ട് സ്ത്രീകളോടായി പറഞ്ഞു
“ഇവളുടെ കാര്യങ്ങൾ നോക്കി കോളണം “.
അവർ തലയാട്ടി.
അതിനു ശേഷം എനിക്കവർ വയറു നിറച്ച് ആഹാരം തന്നു.
രാത്രിയാകാറായപ്പോൾ അണിയിച്ച് ഒരുക്കി മുല്ലപ്പൂവും ചൂടി ചുണ്ടിൽ
നിറവും തേയ്ച്ച് വിരലുകളിൽ ചായവും ഇട്ടു തന്നു.
വീണ്ടും ഇവിടുത്തെ അമ്മ പറഞ്ഞു
“ആഹാ നീയങ്ങു സുന്ദരിയായല്ലോ. മിടുക്കി ആയിരിക്കണം നിന്നെ കാണാൻ ഇപ്പോൾ ഒരാൾ വരും. അമ്മ പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ നിന്റെ വീട്ടിലെ കാര്യവും എല്ലാ കാര്യങ്ങളും അമ്മ നോക്കിക്കോളാം. ധിക്കരിക്കാനാണ് ഭാവമെങ്കിൽ ഇവിടെ നിൽക്കുന്ന മല്ലൻമാരെയൊക്കെ കണ്ടല്ലോ അവരു നിന്നെശരിയാക്കും ”
ഒന്നും മനസ്സിലാവാതെ പേടിച്ചരണ്ട മുഖവുമായി ഞാൻ അമ്മയെ നോക്കി നിന്നു.അപ്പോഴേക്കും അതിൽ ഒരു തടിയൻ വന്നിട്ട് ആള് വന്നിട്ടുണ്ടെന്ന് പറഞ്ഞു.
ആ നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയായ മധ്യവയസ്കൻ
ആയിരുന്നു വന്നയാൾ. അമ്മ എന്നെ അടുത്തേക്ക് വിളിച്ചിട്ട് ആളിന് പരിചയപ്പെടുത്തി.
ആള് അടിമുടി വീക്ഷിച്ചു
” നല്ല സാധനമാണല്ലോ കയ്യിൽ വന്നേക്കുന്നത് വാസന്തി ഇവളെ (ഇവിടുത്തെ അമ്മ ) കൊണ്ട് കുറെ സമ്പാദിക്കുമല്ലോ ”
അയാൾ ഒരു വല്ലാത്ത ഭാവത്തിൽ ചിരിച്ചു.
അതിനുശേഷം നേരത്തെ കൂട്ടിക്കൊണ്ടുപോയ സ്ത്രീകളിൽ ഒരാൾ എന്നെ ഒരു റൂമിനകത്ത് കൊണ്ട് കിടക്കയിൽ ഇരുത്തി.
ആ സ്ത്രീ എന്നെ വയറിനോട് ചേർത്ത് പിടിച്ചു വിതുമ്പി.
“എന്നോട് ക്ഷമിക്കു മോളെ എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല. നിനക്ക് എന്റെ മകൾ ആകാനുള്ള പ്രായമേയുള്ളു. നിന്നെപ്പോലെ ഒരു കൊച്ചു പെൺകുട്ടിയെ ബലികൊടുക്കാൻ എനിക്കും കൂട്ട് നിൽക്കേണ്ടി വന്നല്ലോ ” എന്നെ വീണ്ടും ഒന്നു തഴുകിയിട്ട് അവരിറങ്ങിപ്പോയി.
അപ്പോഴേക്കും അയാൾ കയറി വന്നു. നീയിങ്ങ് അടുത്ത വരൂന്ന് പറഞ്ഞു വിളിച്ചു.
പ്രതിഷേധിച്ചു നിന്നെ എന്നെ അയാൾ ബലമായി അയാളിലേക്ക് പിടിച്ച് അടുപ്പിച്ചു. കുതറി ഓടാൻ ശ്രമിച്ചു അതിനോടൊപ്പം ഞാൻ ഉറക്ക നിലവിളിച്ചു.
അയാൾ എന്റെ ഇരുകവിളിലും മാറി മാറി ആഞ്ഞടിച്ചു.
ശക്തമായ അടിയിൽ വേച്ചു പോയ ഞാൻ തളർന്നിരുന്നു.
“നിന്നെ ഞാൻ ഇന്നത്തെ രാത്രിക്ക് വേണ്ടി വില പറഞ്ഞു വാങ്ങിയതാണ് എന്നെ അനുസരിച്ചില്ലെങ്കിൽ ഇവിടുത്തെ അമ്മ തന്നെ നിനക്ക് അതിനുള്ള ശിക്ഷയും തരും മര്യാദയ്ക്ക്
പറയുന്നത് അനുസരിച്ചോണം”.
അയാൾ ക്രൂരമായി ചിരിച്ചു.”എതിർക്കാൻ ശേഷിയില്ലാതെ ഞാൻ അയാളുടെ കരുത്തുറ്റ കരങ്ങൾക്കിടയിൽ കിടന്നു പിടഞ്ഞു.
” മനസ്സും ശരീരവും നീറുന്ന വേദനയോടെ കണ്ണുകൾ മുറുകെ അടച്ചു. എന്നിൽ നിന്ന് അടർന്ന് വീണ രക്തത്തുള്ളികൾ അയാളെ കൂടുതൽ ഉന്മത്തൻ ആക്കി.
അടുത്ത രണ്ട് മൂന്ന് രാത്രികളിലും ഇത് തുടർന്നപ്പോൾ ദയാദാക്ഷണ്യ മില്ലാത്ത ആരൊക്കെയോ എന്നെ കീഴടക്കിയപ്പോൾ ഒരു ദിവസം
സഹികെട്ട് ഞാൻ ഇറങ്ങി ഓടി.
ഇവിടുത്തെ അമ്മയുടെ തടിയന്മാരായ ജോലിക്കാർ എന്നെ പിടിച്ചുവെച്ചു. അമ്മ പറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് പറഞ്ഞ് എന്നെ തലങ്ങും വിലങ്ങും തല്ലി മൂലയിലേക്ക് വലിച്ചെറിഞ്ഞു.
കുറച്ച് കഴിഞ്ഞ് കരഞ്ഞ് തളർന്നിരുന്ന എന്റെ അടുക്കൽ അമ്മയിരുന്നു. മുദുവായി തലോടി കൊണ്ട് പറഞ്ഞു.
“നീ ഞാൻ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായി നില്ക്കണം. നിന്റെ വീട്ടിലെ കാര്യങ്ങൾ അറിയാല്ലോ. അവരുടെ കാര്യങ്ങൾ നോക്കാൻ നീയല്ലേ ഉള്ളൂ. അവരെ പട്ടിണികിടാതെ നോക്കണ്ടേ ? അനിയത്തിയെ പഠിപ്പിക്കണ്ടേ? എല്ലാം നിന്റെ കൈയ്യിലാണ്.
എല്ലാ മാസവും മുടങ്ങാതെ നിൻെറ വീട്ടിലേക്ക് ഞങ്ങൾ പൈസ അയച്ചുകൊടുക്കും. അതൊന്നും ഓർത്തു നീ വിഷമിക്കേണ്ട പക്ഷേ ഞാൻ പറയുന്നത് അനുസരിച്ച്
നീ ഇവിടെ നിൽക്കണം. അനുസരണയുള്ള കുട്ടികളെ അമ്മയ്ക്ക് ഇഷ്ടമാണ് ഇല്ലെങ്കിൽ അമ്മ നിന്നെ പട്ടിണിക്ക് ഇടും.
എതിർക്കാനുള്ള ശക്തി പിന്നെ എനിക്ക് ഇല്ലായിരുന്നു.
മരവിച്ച മനസ്സുമായി ആർക്കൊക്കെയോ വേണ്ടി എന്റെ ശരീരം ഓരോ രാത്രിയും കാത്തിരുന്നു.
പേരറിയാത്ത , നാട് അറിയാത്ത ആരൊക്കെയോ വരുകയും പോവുകയും ചെയ്തു.വീട്ടിലേക്ക് മുടങ്ങാതെ കാശ് അയച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് അമ്മയെ ഫോൺ വിളിക്കാൻ അവസരം തരും. കൂടെ ഇവിടെ ആരെങ്കിലും നോക്കി നിൽക്കുന്നുണ്ടാവും. അറിയാതെ വായിൽ നിന്ന് എന്തെങ്കിലും വീഴുന്നുണ്ടോ എന്ന് അറിയാൻ. ആദ്യമൊക്കെ എന്റെ അമ്മ കരുതിയത് ഞാൻ കൈത്തറി ഫാക്ടറിയിൽ ജോലി ചെയ്യുന്നു എന്നാണ്.
പിന്നെ എങ്ങനെയോ ആരോ പറഞ്ഞു അമ്മ അറിഞ്ഞു എനിക്ക് ഇതാണ് ബിസിനസ് എന്ന്. ഇടയ്ക്ക് ഞാൻ ഫോൺ ചെയ്തപ്പോൾ എന്നെ ആശ്വസിപ്പിക്കുന്നതിന് പകരം അമ്മ ‘നീ വഴിപിഴച്ചു പോയല്ലോ ,വേശ്യയെന്ന പേരുകേൾപ്പിച്ചല്ലോ ”
വലിയ വായിൽ കരഞ്ഞതല്ലാതെ എന്നെ ഒന്നു ആശ്വസിപ്പിക്കാനോ രക്ഷപ്പെടുത്താമെന്നോ അമ്മ പറഞ്ഞില്ല.
എങ്കിലും മാസാമാസം മുടങ്ങാതെ ഞാൻ പൈസ അയച്ചു കൊടുക്കണമായിരുന്നു. ഈ തൊഴിൽ ചെയ്തുണ്ടാക്കുന്ന കാശിന് മാത്രം ഒരു
അറപ്പും ഇല്ലായിരുന്നു.
അങ്ങനെ പേര് മറന്ന് പുറം ലോകം മറന്ന് സ്വയം മറന്ന് ജീവിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളമായി. അനിയത്തി പഠിച്ചു ജോലി വാങ്ങി. അമ്മ വീടൊക്കെ ശരിയാക്കി. എന്നിട്ടും എന്നെ ഇവിടുന്ന് കൂട്ടിക്കൊണ്ട് പോകാൻ ആരും ശ്രമിച്ചില്ല.
ഒരിക്കൽ എനിക്ക് തിരികെ വരണമെന്ന് പറഞ്ഞ് അമ്മയെ വിളിച്ചപ്പോൾ അമ്മ പറഞ്ഞു നീ ഇനി ഈ നാട്ടിൽ വന്നാൽ അവർക്ക് നാണക്കേടാണ്. അനിയത്തിയുടെ ഭാവിയെ ബാധിക്കും.
ഞാനും അമ്മയുടെ മോളല്ലേന്ന് ചോദിച്ചപ്പോൾ നിന്നോട് പിഴച്ചവളാകാൻ ഞാൻ പറഞ്ഞോ. നീ എവിടാന്ന് അറിയത്തില്ലെന്നാ ഞാൻ എല്ലാവരോടും പറഞ്ഞേക്കുന്നത്. പിന്നെ ഒന്നും പറയാൻ തോന്നിയില്ല. നിറമിഴികളാൽ
ഫോൺ വെച്ചു.
ഇവിടുത്തെ അമ്മ ഞാൻ പറയുന്നതൊക്കെ കേട്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നു. അവര് ചിരിച്ചു വർഷങ്ങൾ ഇത്രയായപ്പോൾ ഞാൻ പോവില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഫോണിൽ അത്രയൊക്കെ സംസാരിക്കാൻ എനിക്ക് അനുമതി കിട്ടിയത്.
അത്രയും നാൾ അനുഭവിച്ച വേദനകളും ക്രൂരമായ ഓർമ്മകളും കാരണം അവൾ വല്ലാതെ കിതക്കുന്നത് അനിരുദ്ധനിൽ. സഹതാപം ഉണ്ടാക്കി.
അവൻ പതിയെ എഴുന്നേറ്റ് ചെന്ന് ചാരി നിൽക്കുകയായിരുന്നു അവളുടെ ഇരു തോളിലും കൈവച്ചു.
പോട്ടെ സാരമില്ലയെന്നവൻപറഞ്ഞ നിമിഷം അവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു.
അതുവരെ ഉണ്ടായിരുന്ന എല്ലാ
സങ്കടവും ഒഴുക്കി തീർക്കാൻ എന്നപോലെ. പിടിച്ചുമാറ്റാനോ തടയാനോ കഴിയാതെ അനിരുദ്ധ് അവളെ വെറുതെ തലോടിക്കൊണ്ടിരുന്നു.
കുറച്ചുനേരങ്ങൾക്ക് ശേഷം താനാരാണെന്ന് ബോധം വീണ് അവൾ പെട്ടെന്ന് നെഞ്ചിൽ നിന്ന് പിടഞ്ഞു മാറി. അപ്പോഴേക്കും നേരം പുലർന്നിരുന്നു.
അനിരുദ്ധ് അവളോട് യാത്ര പോലും ചോദിക്കാതെ പുറത്തേക്കിറങ്ങി.
അത് അവളിൽ വലിയ ആഘാതമായി. ഇതുവരെ ഇല്ലാത്ത ഒരു നൊമ്പരം അവൻ യാത്ര ചോദിക്കാതെ പോയപ്പോൾ അവൾക്ക് അനുഭവപ്പെട്ടു. അവൾ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.
പിറ്റേന്ന് രാത്രിയിലും അന്ന് വരുന്ന അതിഥിക്കായി അവൾ കാത്തിരുന്നു. അവളെ ഞെട്ടിച്ചുകൊണ്ട് അന്നും
വന്നത് അനിരുദ്ധായിരുന്നു.
സന്തോഷവും സങ്കടവും എല്ലാം കൂടി ഒരുപോലെ അവളിൽ മിന്നി മറഞ്ഞു. ആദ്യമായി ഒരാളോട് സ്നേഹം കൊണ്ട് പിണക്കം തോന്നി. യാത്രപോലും ചോദിക്കാതെ പോയതിലുള്ള പരിഭവത്താൽ അവൾ മുഖം തിരിച്ചിരുന്നു. അനിരുദ്ധ് അവളുടെ അരികിലേക്ക് വന്ന് ഇരുന്ന് കൈ കവർന്നു പറഞ്ഞു.
“നിന്നെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് നെഞ്ചിനകത്ത് ഒരു പിടച്ചിൽ ആയിരുന്നു. അതാണ് ഞാൻ ഒന്നും പറയാതെ പോയത് ഇന്നലെ രാത്രി മുഴുവൻ ഞാൻ നിന്നെ കുറിച്ച് ആലോചിച്ചു സഹതാപമോ ദയയോ ഒന്നുമല്ല എനിക്ക് എന്തോ നിന്നോട് പറയാനറിയാത്ത ഇഷ്ടം തോന്നി
. ഒറ്റത്തടി ആയാണ് ഞാൻ ജീവിക്കുന്നത്. അമ്മയും അച്ഛനും ഇല്ലാത്ത എന്നെ അമ്മാവൻ ആണ് വളർത്തിയത്. എനിക്ക് ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ജോലി.
ഞാനൊരു പെണ്ണിനെ സ്നേഹിച്ചിരുന്നു. അവൾക്ക് എന്നെക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ അവന്റെ കൂടെ എന്റ സ്നേഹം തട്ടിയെറിഞ്ഞു പോയി. പിന്നെ വിവാഹമൊന്നും കഴിക്കാതെ മൊത്തത്തിൽ സ്ത്രീകളോട് ഒരു തരം അകൽച്ച തോന്നി.
കൂട്ടുകാര് എപ്പോഴും കളിയാക്കും ഞാൻ കഴിവില്ലാത്തവനാണെന്ന് പറഞ്ഞു.
അവരോടുള്ള വാശിക്കാണ് ആദ്യമായിട്ട് ഇവിടെ എത്തപ്പെട്ടത്.
പക്ഷേ നിന്നെ കണ്ടപ്പോൾ നിന്നിലെ കണ്ണുകളിൽ വിഷാദഭാവം ,എൻെറ വികാരത്തെ കെടുത്തി.
കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് നിന്നോട് പറഞ്ഞറിയിക്കാനാകാത്ത വിധം ഇഷ്ടം തോന്നി.
ഇന്നലെ രാത്രി മുഴുവൻ ഞാൻ ഇരുന്ന് ആലോചിച്ചു ഞാൻ നിന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തും. വേറെ ഏതെങ്കിലും നാട്ടിൽ പോയി നമുക്ക് ജീവിക്കാം “..
കേട്ടതൊന്നും വിശ്വസിക്കാനാവാതെ കുറെ നിമിഷങ്ങൾ അനിരുദ്ധിനെ കണ്ണും മിഴിച്ചവൾ നോക്കിയിരുന്നു.. പിന്നെ യാഥാർത്ഥ്യത്തിലേക്ക് വന്ന യവൾ അവനെ തിരുത്തി.
“അതൊന്നും പാടില്ല നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ. നിങ്ങൾക്ക് നല്ലൊരു ജീവിതം അല്ലാതെ കിട്ടും. നിങ്ങളെ പോലെ നല്ലൊരു ഭർത്താവിനെ കിട്ടുന്ന സ്ത്രീ ഭാഗ്യവതിയാണ്. അത് എന്നെ പോലൊരു വേശ്യയെ വിവാഹം കഴിച്ചു നശിപ്പിക്കരുത്
“എന്റെ കാര്യം എന്തുമായിക്കൊള്ളട്ടെ
അപ്പോൾ നിനക്ക് എന്നോട് സ്നേഹം ഇല്ലല്ലേ “അനിരുദ്ധ് ചോദിച്ചു.
“എനിയ്ക്ക് ആരോടും സ്നേഹം ഒന്നുമില്ല “അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു
” ഈ കണ്ണിലുണ്ടല്ലോ നിന്റെ ഈ കണ്ണുനീരു മതിയല്ലോ നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ.
നീ വിചാരിക്കും പോലെ നീ ചീത്ത ഒന്നുമല്ല. മനസ്സാണ് പ്രധാനം. മനസ്സറിഞ്ഞുകൊണ്ട് നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം കപടരായ മറ്റുള്ള മനുഷ്യരേക്കാൾ എന്തുകൊണ്ടും നല്ല മനസ്സിന് ഉടമയായ നീയാണ് എന്റെ ഭാര്യയാവാൻ ഏറ്റവും യോഗ്യതയുള്ളവൾ.
നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ ഇവിടുന്ന്
പോയേക്കാം ഇനി ഒരിക്കലും കാണാൻ വരില്ല.
വെറുതെ ഗൗരവം നടിച്ച് അനിരുദ്ധ് പറഞ്ഞു.
അവളുടെ കണ്ണുകളിൽ വല്ലാത്ത പിടച്ചിൽ ഉണ്ടായി. നഷ്ടപ്പെടുമെന്നുള്ള ഭയത്താൽ ഉണ്ടാകുന്ന ഒരുതരം പിടച്ചിൽ.
അനിരുദ്ധ് പ്രണയത്തോടെ വാത്സല്യത്തോടെ ചിരിച്ചു പിന്നെ മാറോട് ചേർത്തു അവളുടെ നെറ്റിയിൽ പതിഞ്ഞ ചുംബനം നൽകിക്കൊണ്ട് പറഞ്ഞു
“ഞാൻ ഉണ്ടാകും നിന്റെ കൂടെ എങ്ങനെയും ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും.
ഇനി മുതൽ നീ ഒന്നും പേടിക്കണ്ട ” പതിയെ വാതിൽ തുറന്നവൻ പുറത്തേക്കിറങ്ങി.
പിന്നെയും കുറേ രാത്രികളിൽ അവൻ തന്നെ വന്നു. നേരം പുലരുവോളം
ചിലപ്പോൾ സംസാരിച്ചിരിക്കും. അല്ലാത്തപ്പോൾ അവന്റെ മടിയിൽ കിടത്തി അവളെ ഉറക്കും. തമാശകൾ പറയും.
വെറുതെ പിണങ്ങും അങ്ങനെ അവരുടേതായ ലോകം തീർക്കും. രാവിലെ അവൻ പോകുമ്പോൾ വീണ്ടും രാത്രിയാവാൻ അവൾ കാത്തിരിക്കും. അവളുടെ സന്തോഷവും ദിവസവുമുള്ള അവന്റെ വരവും അവിടത്തെ അമ്മയിൽ സംശയമുണ്ടാക്കി.
പിറ്റേന്ന് രാത്രി അവൻ വന്നപ്പോൾ അവിടുത്തെ അമ്മ അവനോട് കാര്യങ്ങൾ ചോദിച്ചു. അവൻ ഗൗതമിയെ അവന് വിട്ടു നല്കണമെന്നു പറഞ്ഞു. ലക്ഷങ്ങൾ സമ്പാദിച്ചുകൊടുക്കുന്ന ഒരു ഉപകരണമാണ് അവർക്ക് അവൾ.
അതുകൊണ്ട് തന്നെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. നിയമവും കോടതിയും
പോലീസുമുണ്ട് ആ രീതിയിൽ ഇറങ്ങുമെന്ന് അനിരുദ്ധ് വാദിച്ചു. ആർക്കും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും വലിയ വലിയ ആൾക്കാരാണ് ഞങ്ങളുടെ കൈയിലുള്ളതെന്നും അവരും വീറോടെ പറഞ്ഞു.
എന്നെക്കൊണ്ട് പറ്റുന്ന എന്ത് വേണേലും ഞാൻ തരാമെന്നും എനിക്ക് അവളെ വിട്ടു തരണമെന്നും അനിരുദ്ധ് അപേക്ഷിച്ചു. എന്തുകൊണ്ടോ അവിടുത്തെ അമ്മയ്ക്ക് അനിരുദ്ധിന്റെ സ്നേഹത്തിൽ വല്ലാത്ത ഒരു അലിവ് തോന്നി.
അവര് പറഞ്ഞു
“കാര്യങ്ങൾ ഒന്നും എൻ്റെ കൈയ്യിൽ അല്ല. എനിക്ക് മുകളിൽ ഇത് നടത്തിക്കുന്ന ആളുണ്ട്. ഞാൻ അവരുടെ ഏജൻറ് മാത്രമാണ്.
അതുകൊണ്ടുതന്നെ എനിക്ക് അവളെ വിട്ടു തരാൻ കഴിയില്ല “.
വീണ്ടും അവൻ അപേക്ഷിച്ചപ്പോൾ ആ സ്ത്രീ ആരോടൊക്കെ വിളിച്ചു ചോദിച്ചിട്ട് പത്ത് ലക്ഷം രൂപയാണ് മുകളിൽ ഉള്ളവർ വില പറയുന്നതെന്നു പറഞ്ഞു.
കിട്ടാനുള്ളത് മാക്സിമം ഊറ്റിയെടുക്കുകയാണെന്ന് അവന് മനസിലായി. അതായിരുന്നു മുകളിലുള്ളവരുടെ ലക്ഷ്യവും ഇത്രയും വലിയ തുക കേൾക്കുമ്പോൾ അവൻ കളഞ്ഞിട്ട് പോകും.
മറിച്ചായാൽ പത്ത് ലക്ഷം രൂപയും ഒറ്റയടിക്ക് കിട്ടും. ഉപേക്ഷിച്ചു പോകാൻ കഴിയുമായിരുന്നില്ല. അനിരുദ്ധ് സമ്മതിച്ചു
ഞാൻ വരുന്നതുവരെ ഒരു കാരണവശാലും ഇനി അവളുടെ റൂമിലേക്ക് ആരെയും പറഞ്ഞുവിടാൻ പാടില്ലെന്ന എഗ്രിമെന്റിൽ അവൻ
ഇറങ്ങി. അവരത് പാലിച്ചു.
അനിരുദ്ധ് തന്റെ വീടും വസ്തുവും വിറ്റ് പൈസ കൊണ്ട് വന്ന് അവരെ ഏല്പിച്ചു. അവന്റെ സ്നേഹത്തിൽ എന്തുകൊണ്ടോ അവിടുത്തെ അമ്മയ്ക്ക് ആദ്യമായി കണ്ണ് നിറഞ്ഞു. അവര് പറഞ്ഞു
“എനിക്ക് ഒന്നും ചെയ്യാൻ പറ്റാഞ്ഞിട്ടാണ് ഞാനും ഇതുപോലെ ഒരു ചതിയിൽ ഇവിടെ വന്നുപ്പെട്ടതാണ്. ഇവിടെ നിന്ന് രക്ഷപ്പെടൽ സാധ്യമല്ലന്ന് മനസിലായി ഇവരെ പിണക്കാതെ കഴിയുന്നു. എന്നോട് ഒന്നും തോന്നരുത് ”
. മറുപടിയൊന്നും പറയാൻ അനിരുദ്ധ് പോയില്ല.
അപ്പോഴേക്കും ഗൗതമിയെ അവിടെയുള്ളവർ കൂട്ടിക്കൊണ്ടുവന്നു.. അവനെ കണ്ടു പ്രസരിപ്പോടെ അവൾ ചിരിച്ചു..
അവൻ അവളുടെ കൈയിൽ പിടിച്ചു
“വരൂ നമുക്ക് പോകാം ”
ഗൗതമി ആദ്യമായി സുരക്ഷിതത്വം അറിയുകയായിരുന്നു.
ആ കൈകളിൽ അവൾ സുരക്ഷിതയാണെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിൽ ഗൗതമി ആദ്യമായി മനസറിഞ്ഞ് ചിരിച്ചു.അവിടെയുള്ളവരോട് യാത്ര പറഞ്ഞു തിരിഞ്ഞ് അവനോടൊപ്പം നടന്നു.
അവിടെയുള്ള കുറച്ച് സ്ത്രീകളുടെ കണ്ണ് നിറഞ്ഞു ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്താൽ. ഒത്തിരി ദൂരം അവർ യാത്ര ചെയ്തു. ഒരു ഉൾനാടൻ പ്രദേശത്ത് എത്തി ചേർന്നു.
വീട് വിറ്റതിന്റെ മിച്ചം വന്ന തുക കൊണ്ട് അവർ ചെറിയൊരു വീട് വാങ്ങി കച്ചവടവും തുടങ്ങി. അനിരുദ്ധ് എന്നും ഗൗതമിയുടെ കൂടെയുണ്ടായിരുന്നു. അവന്റെ കരവലയത്തിൽ രാത്രികളിൽ ഭയമില്ലാതെയവൾ ഉറങ്ങി. പുറം
ലോകത്തെ കാഴ്ചകൾ കണ്ടു.
“ഒരു വാക്ക് കൊണ്ടോ , നോട്ടം കൊണ്ടോ പോലും അവളെ വേദനിപ്പിക്കാതെ പൊന്നുപോലെ ചേർത്ത് പിടിച്ച് അവൾക്ക് കൂട്ടായി അനിരുദ്ധ് ഗൗതമിയോടൊപ്പം ഏറെ വർഷങ്ങൾ ജീവിച്ചു.