(രചന: ദയ ദക്ഷിണ)
“””നിളാ…. നിനക്കിനിയെങ്കിലും എന്റെയൊപ്പം വന്നൂടെ….എല്ലാ അർത്ഥത്തിലും എന്റേതായിക്കൂടെ….?”””
തന്റെ നെഞ്ചോടോതുങ്ങി കിടക്കുന്നവളെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മൗനമായിരുന്നു മറുപടി….
ഒപ്പം ആ നക്ഷത്ര കണ്ണുകളിലേക്ക് ഒരു നിമിഷം വല്ലാതെയാഴ്ന്നിറങ്ങിയവൾ….””നിള……””.
സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട് ചേർത്തുകൊണ്ട് ഒരിക്കൽ കൂടിയവളെ വിളിക്കുമ്പോഴും തികഞ്ഞ നിശബ്ദത മാത്രം തളം കെട്ടി നിന്നു…..
അപ്പോഴുമവന്റെ കണ്ണുകളിൽ നിന്നവൾ നോട്ടം പിൻ വലിച്ചിരുന്നില്ല…. വല്ലാത്തൊരു ആർത്തിയായിരുന്നവളിൽ അവന്റെ കണ്ണുകളെ തന്റെ മിഴികളാൽ പുല്കുമ്പോൾ…..
നിറയെ പീലികൾ തിങ്ങിയ ആ കുഞ്ഞ് കണ്ണിലെ പ്രണയത്തെ ആവോളം ആവാഹിക്കുന്ന തിരക്കിലായിരുന്നു….. ചുണ്ടിലൊരു പുഞ്ചിരി തങ്ങിയിരുന്നു….വശ്യമായ പുഞ്ചിരി…..
ദ്രുപത്……””മ്മ്””അവളുടെ ലോല സ്വരം കാതിലിരച്ചു കയറുമ്പോൾ അതെ ആർദ്രതയോടെ അവനും വിളി കേട്ടു …..
“””നിന്റെ കണ്ണുകളെ എനിക്കെന്തിഷ്ടണെന്നറിയുവോ ….??”””എന്നുമുള്ളതാണീതെന്ന് ഓർക്കേ അവൻ വെറുതെയോന്ന് ചിരിച്ചു….. പിന്നെയും മൗനമായി അവളിൽ തന്നെ കുരുങ്ങി കിടന്നു…
“””ഇപ്പഴും ഞാൻ ചോദിച്ചതിന് ഉത്തരം നീയെനിക്ക് തന്നില്ല….”””പറയുമ്പോൾ അല്പം കടുത്തുപോയിരുന്നു സ്വരം… കുസൃതിയോളിപ്പിക്കുന്ന കണ്ണുകൾ നിർജീവമായിരുന്നു…. ചുണ്ടുകളിൽ പതിവ് പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നില്ല….
അതു കാണ്കേ അവളിലുമൊരു നോവുണർന്നു…. കണ്ണുകൾ കവിയാൻ മുതിരും പോലെ….എങ്കിലും അതിനെയൊന്നാകെ പിടിച്ചു നിർത്തിക്കൊണ്ട് ഉത്തരമേകി….”””എന്നെങ്കിലും ഞാനതിന് മറുപടി പറഞ്ഞിട്ടുണ്ടോ?”””
ഭാവ വ്യത്യാസമേതുമില്ലാതെ മറു ചോദ്യത്താലവനെ നിശബ്ദനാക്കുമ്പോൾ അത്രനേരവുമവന്റെ നെറ്റിതടത്തേയും കൺപീലികളെയും ഒരുപോലെ അലോസരപ്പെടുത്തിക്കൊണ്ട് ഒഴുകി നടന്ന കൈകൾ നിശ്ചലമായിരുന്നു…..
അവളിലേക്ക് മിഴിവുറ്റിക്കൊണ്ടിരുന്ന ധ്രുപതിലും ഇതേ ചോദ്യം തന്നെയായിരുന്നു….. ശരിയാണ്… തന്നൊപ്പം നിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു…
ഈ കാലയളവിനിടയിൽ പലപ്പോഴായി അവളോടിക്കാര്യം ആരാഞ്ഞിട്ടും മൗനമല്ലാതെയൊരു മറുപടി കിട്ടിയിരുന്നില്ല….
താനാഗ്രഹിക്കുന്നൊരു മറുപടി ലഭിക്കില്ലെന്നറിഞ്ഞിട്ടും ചോദ്യം മുടക്കാറില്ല… എന്നെങ്കിലും തന്റെയാഗ്രഹം പൂർത്തീകരിക്കാനാകുമെന്ന് സ്വയമാശ്വസിക്കും
‘”” ദ്രുപത്…. നമ്മളൊരു നിബന്ധനകളും കൂടാതെയാണ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്… പരസ്പരം ഒന്നിന് വേണ്ടിയും നിർബന്ധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതല്ലേ…. പിന്നെയെന്ത് പറ്റി….??”””
“””അറിയില്ല…. നീ പറഞ്ഞതൊക്കെ ശരിയാണ് ഞാൻ സമ്മതിക്കുന്നു…… പക്ഷെ… പക്ഷെ ഇനിയെന്നും താൻ എന്റെ കൂടെ വേണമെന്ന് തോന്നി പോകുവാടോ… അത്രമേൽ എന്റെ മനസ് തന്നെ കൊതിക്കുന്നുണ്ട്…..”””
അവളെ നോക്കി പറഞ്ഞവസാനിപ്പിക്കുമ്പോൾ അവനിലൊരു കിതപ്പ് ഉണർന്നിരുന്നു…..
“”” എനിക്കൊരിക്കലും തന്റെ ഭാര്യയായി കഴിയാൻ കഴിയില്ല…. അങ്ങനൊരു കെട്ടു പാടുകളും ഉത്തര വാദിത്വങ്ങളുമെൽക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഞാൻ ഈ ഒരു ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചത്…..എന്നിട്ടും…””””
“””അറിയാം ഒക്കെ അറിയാം…. തന്നെയെനിക്ക് മനസിലാവും പക്ഷെയെന്തോ തന്നെ നഷ്ടപ്പെടുത്താൻ വയ്യടോ….. എന്നുമൊപ്പം വേണമെന്നൊരു തോന്നൽ…. താനില്ലാതെയി ദ്രുപത് ചന്ദ്ര ശേഖർ പൂർണനല്ലാത്ത പോലെ…..”””
“”അതൊക്കെ തന്റെ തോന്നലാടോ…. ആരും ആർക്കും സ്വന്തമല്ലല്ലോ ഇവിടെ…. എല്ലാരും ഒറ്റയ്ക്കല്ലെ അതുപോലെയി ഞാനും താനും….
ഈ കൂട്ടിനി എത്രനാളത്തേക്കാണെന്ന് അറിയില്ലല്ലോ….. ചിലപ്പോ ഞൻ സ്വയമൊക്കെയുപേക്ഷിച്ചു പോയെന്നു വരാം…… അപ്പൊ തനിക്ക് ഞാനൊരു ബാധ്യതയാവരുത്….”””
“””പക്ഷെ നിള…. എനിക്കു തന്നെയങ്ങനെ വിട്ടുകളയാൻ തോന്നുന്നില്ലടോ….. എന്തോ വല്ലാതെയെനിക്കിഷ്ട്ടമാണ് തന്നെ….””””
“”” അതൊക്കെ ഇപ്പോ തോന്നുന്നതാടോ….. ഒപ്പമുണ്ടാവുന്നവരെ….നമ്മളെ മനസിലാകുന്നവരെ ചേർത്ത് നിർത്തണമെന്ന് മനസ് പറയും പക്ഷെ…. അതു വേണ്ടിയിരുന്നില്ലന്ന് പിന്നീട് തോന്നും…..””
കവിളിൽ കയ്ച്ചേർത് അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു….”””അങ്ങനെ കയ്യിൽ കിട്ടുന്നതോടെ കൗതുകം അവസാനിക്കുന്ന ഒരുവനാണോ ഞാൻ…അങ്ങനെ തനിക്ക് തോന്നിയിട്ടുണ്ടോ….?””””
ദേഷ്യം സ്ഫുരിച്ചിരുന്നു വാക്കുകളിൽ….. ഗൗരവം നിറഞ്ഞ സ്വരം കേട്ടപ്പോൾ നിളയാകെ വല്ലാതായി…
“””ദ്രുപത് ഞാൻ….. അങ്ങനെയൊന്നും….””””””വേണ്ട നിളാ…. വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെടണ്ടാ….. എന്റെ മുന്നിൽ അഭിനയിക്കുകയും വേണ്ടാ…..തന്റെ മനസിലുള്ളതാണ് പുറത്ത് വന്നത്….”””
കടുത്ത സ്വരത്തോടെ പറഞ്ഞുകൊണ്ട് പുതപ്പു മാറ്റി എഴുന്നേറ്റു പോകുമ്പോൾ നിളയാകെ മരവിച്ച അവസ്ഥയിലായിരുന്നു….. ശരീരമാകേയൊരു തരിപ്പ് പോലെ…. അവന്റെ വാക്കുകൾ പിന്നേയും മനസിലേക്ക് തികട്ടി വരുന്നു…..
“””അങ്ങനെ കയ്യിൽ കിട്ടുന്നതോടെ കൗതുകം അവസാനിക്കുന്ന ഒരുവനാണോ ഞാൻ…അങ്ങനെ തനിക്ക് തോന്നിയിട്ടുണ്ടോ….?””
വീണ്ടും വീണ്ടും ആ വാക്കുകളവളെ ചുട്ട് പൊള്ളിച്ചു കൊണ്ടിരിന്നു….. കണ്ണുകൾകവിഞ്ഞൊഴുകനൊരുങ്ങിയതും വാശിയെന്ന പോലെ മിഴികൾ അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു….
ഹാളിലും ബാൽക്കണിയിലുമായി കണ്ണുകളവനെ തേടിയെങ്കിലും നിരാശയായിരുന്നു ഫലം…. ഒടുക്കം അടുക്കളയിലേക്ക് എത്തി നോക്കിയപ്പോൾ സ്‌ലാബീനരികിലായ് ചായപ്പാത്രത്തിലേക്ക് മിഴിയെറിഞ്ഞു നിൽപ്പുണ്ട്….. ഏലക്കയുടെ സുഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു….
അവനടുത്തേക്ക് പോകണമെന്ന് തോന്നിയിട്ടും അവന്റെ പ്രതികരണമോർത് ചുമരിൽ ചാരി നിന്നു…. ഒരു ഷോർട്സും ബനിയനും ആണ് വേഷം… ഇട തൂർന്ന മുടി പുരികവും മറഞ്ഞു കണ്ണിലേക്കു വീണു കിടക്കുന്നു….. ചായ തിളച്ചപ്പോൾ മധുരമിട്ട് കപ്പിലേക്ക് പകരുന്നുണ്ട്….
വെണ്ണ പോലെ കപ്പിലേക്ക് തുള്ളി തെറിച്ചു വീഴുന്ന ആവിപറക്കുന്ന ചായയുടെ ഗന്ധം ആവോളമാവാഹിച്ചു കൊണ്ട് നിളയെവിടെ തന്നെ നിലയുറപ്പിച്ചു…..അവനേ മാത്രം കണ്ണിൽ നിറച്ചു കൊണ്ട്…..
അവനിടുന്ന ചായയ്ക്ക് എന്നുമൊരു പ്രത്യേക രുചിയാണെന്നവൾ ഓർത്തു…. ചുണ്ടിനെ ചൂടേൽപ്പിച്ച് നാവിനെ തഴുകിയുണർത്തി തൊണ്ട കുഴിയിലേക്ക് ഒഴുകിയിറങ്ങുന്നത് വല്ലാത്തൊരു അനുഭൂതിയാണ്…..
ഉറക്കം കണ്ണുകളെ പുണരാൻ വെമ്പുമ്പോൾ തല വേദനയാൽ പേശികൾ മുറുകുമ്പോൾ കാരണമെത്തുമില്ലെങ്കിലും അവന്റെ കയ്കൊണ്ടുണ്ടാക്കുന്ന ചായയെ ഞാൻ കൊതിക്കാറുണ്ട്…
അതിൽ ആശ്വാസം കണ്ടെത്തൻ ശ്രമിക്കാറുണ്ട്… അവൻ ഉണ്ടാക്കി തരുമ്പോൾ മാത്രമതിനൊരു പ്രത്യേക രുചിയാണ്….
മഴയുള്ള ദിവസങ്ങളിൽ അവന്റെയൊരു കപ്പ് ചായയിൽ ദിവസം തുടങ്ങാനാണ് എനിക്കേറെ ഇഷ്ട്ടം….. പറ്റില്ലെന്ന് പറഞ്ഞാലും വാശിപിടിച്ച് കയ്യടക്കുന്നതൊക്കുന്നതൊരു ശീലമാണ്…. അത്രമേൽ പ്രിയമുള്ള… അത്രമേൽ ആസ്വാദ്യമായ ഒന്ന്…..
ചായയും കയ്യിൽ പിടിച്ച് മുടിയൊന്നു പിറകിലേക്കൊതുക്കി തിരിഞ്ഞതും കണ്ണുകൾ നിളയിലടഞ്ഞു…… കണ്ടിട്ടും കാണാ മട്ടിൽ മറി കടന്നു പോയി…..
ദ്രുപ്….””ചായ ഫ്ലാസ്കിൽ ഉണ്ട് എടുത്തു കുടിച്ചോ….””വിളിച്ചു മുഴുമിപ്പിക്കാൻ അവസരം നൽകാതെ മറുവാക്കിനാൽ തടയുന്നവനെ നോക്കി നിന്നു പോയി… കണ്ണുകളിൽ നീര് ഉരുണ്ടു കൂടി…..
തന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ പോകുന്നവനെയോർക്കേ അവളിലൊരു വീർപ്പുമുട്ടലുയുർന്നു…. എങ്കിലും തന്റെ വാക്കുകൾ അവനെയത്രമേൽ പൊള്ളിച്ചിരിക്കുമെന്നതവൾക്ക് ഉറപ്പായിരുന്നു……
കാലങ്ങളായി അവൻ കാക്കുന്ന ചോദ്യത്തിനൊരുത്തരം മാത്രമല്ലേ തന്നോട് ചോദിച്ചിരുന്നുള്ളു…. അതിനെന്നത്തെയും പോലെയൊരു നോ അത് മതിയായിരുന്നില്ലേ…… എന്തിന് വേണ്ടിയാ അവനോടങ്ങനെ പറഞ്ഞത്….??
സ്വന്തമായിക്കഴിഞ്ഞിഷ്ട്ടം തീരുന്നതായിരുന്നെങ്കിൽ ഈ രണ്ടു കൊല്ലക്കാലം അവനെന്റെയൊപ്പം ഉണ്ടാകുമായിരുന്നോ… മടുത്തുപേക്ഷിച്ചു പോകാമായിരുന്നില്ലേ…..
ചോദ്യങ്ങളൊന്നാകെ മനസ്സിനെയുലയ്ക്കുമ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി….
മുഖമൊന്ന് കഴുകി ഫ്ലാസ്കിൽ നിന്ന് ചായ പകർന്നൊന്ന് ശ്വസിച്ചു…. അതിൽ നിന്നുയരുന്ന എലക്കായുടെ മണം അവളെ വേറൊരു ലോകത്തെത്തിക്കുന്ന പോലെ…. വെറുതെയൊന്ന് സിപ് ചെയ്തുകൊണ്ട് പുറത്തേക്ക് നടന്നു….
സോഫയിൽ തനിക്കെതിരായി ഇരിക്കുന്നവനിലേക്കോന്ന് ഒളി കണ്ണേറിഞ്ഞു… പക്ഷെ തന്നിലേക്കൊരു നോട്ടം പോലുമില്ലാതെയവൻ ഫോണിൽ കണ്പാത്തിരിപ്പാണ്….ഇടയ്ക്കിടെ ചായ സിപ് ചെയ്യുന്നുമുണ്ട്….
അവൻ ചുണ്ട് മുട്ടിച്ചതിന് ശേഷം അവന്റെ ചായയിൽ പാതി തന്നിലേക്ക് പകരുന്നതൊരു പതിവായിരുന്നു… അതിന്റെ രുചിയൊന്ന് വേറെയാണ്….. ഇന്നാദ്യമായത് തെറ്റിയിരിക്കുന്നു….. അവനിലെ മധുരം നുകരാതെയുള്ള ആദ്യ പുലരി…….
എതിരെ അവനിരിക്കുമ്പോൾ മൗനം ഭവിക്കാത്ത ചൊടികൾക്ക് അതിപയായിരുന്നു ഞാൻ…. കൈകൾ പോലുമവന്റെ മുടിയിഴകളിൽ വിശ്രമമില്ലാതലയാറുണ്ട്……
മിഴികളവന്റെ കണ്ണുകളെ തുടരെ തുടരെ ചുമ്പിക്കാറുണ്ട്….. ആ കാന്തികതയിൽ അടിമപ്പെട്ട് പോയിട്ടുണ്ട് പലപ്പോഴും….
പക്ഷെ.. പക്ഷെയിന്ന് എന്റെ ലോകമെന്നിൽ നിന്നൊരുപാടകലെ ആയതുപോലെ… താൻ ഒറ്റപ്പെട്ട പോലെ….
ചുണ്ടുകൾ ചങ്ങലയിട്ട് ബന്ധിച്ച പോലെ…. ഒരു വാക്ക് പോലും പുറത്തേക്ക് തൂവാതെ അടക്കി പിടിച്ചിരിക്കുകയാണെന്ന് തോന്നി… അവന്റെ നോട്ടമേൽക്കുന്ന വേളയിൽ കെട്ടു പൊട്ടിച്ച് ചിതറാൻ തക്കം പാർത്തിരിക്കയാണെന്ന് തോന്നി…..
ധ്രുപതിൽ നിന്നൊരു മോചനമാഗ്രഹിക്കാത്ത വണ്ണമവനിൽ സ്വയം തളച്ചിടുമ്പോഴും നിളയിൽ ഒരു കാത്തിരിപ്പ് മാത്രമായിരുന്നു…
അവന്റെ മിഴികൾ തന്നിലേക്ക് വീണ്ടും പ്രണയത്തോടെ നീളുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ്…
ഉച്ചയ്ക്ക് ആഹാരമുണ്ടാക്കേണ്ടത് നിളയുടെ ഊഴമായിരുന്നു….പച്ചക്കറി ടേബിളിൽ നിരത്തി വച്ച് അരിഞ്ഞു കറിക്കുള്ളത് റെഡി ആക്കുമ്പോഴും അവനവിടെക്കെത്തിയില്ല..
അത്രമേലാ സാനീധ്യമാവളാഗ്രഹിച്ചിട്ടും അവനിൽ നിന്നൊരു നോട്ടം പോലും പകരമായി കിട്ടിയില്ല…തന്നോടിത്ര മാത്രം വെറുപ്പ് കാട്ടാൻ ധ്രുപതിന് കഴിയുന്നുവോയെന്ന ഞെട്ടലായിരുന്നു ഉള്ളു നിറയെ…..
ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് മുതൽ പരസ്പരം കളിയാക്കിയും കലഹിച്ചും തമ്മിൽ തല്ലിയും അടുക്കളയലങ്കാരമാക്കി ഭക്ഷണം ഉണ്ടാക്കാൻ ഉത്സാഹമാണ്….
അവന്റെ തോളിൽ തല ചേർത്ത്…. കൈകൾ വയറിനു കുറുകെ അമർത്തി വച്ച്…. മുതുകിലെ ടാറ്റുവിലമർത്തി ചുംബിച്ചു കൊണ്ട് അവനോട് ചേർന്ന് നിന്നു പാകം ചെയ്യാൻ ഏറെ ഇഷ്ട്ടമാണ് ..
അവനിൽ നിന്നുതിരുന്ന പെർഫ്യൂമിന്റെ മാസ്മരിക ഗന്ധം നാസികയിലേക്ക് കഷണിച്ചുകൊണ്ട് അവനിൽ ഒതുങ്ങി കൂടുന്നതിന്റെ ഹരം ആസ്വദിക്കാൻ ഏറെ കൊതിക്കാറുണ്ട് ഞാൻ …….. ഒന്നിടവിട്ട ദിവസങ്ങളിൽ ഞാനാണ് ഭക്ഷണം ഉണ്ടാക്കുന്നതെങ്കിലുംഅവനെന്നുമുണ്ടാകുമെന്റെ ചാരെ….
വെറുതെ ഓരോന്നു സംസാരിക്കും …പരാതിയും പരിഭവവും…. ജോലിയും… സ്വപ്നങ്ങളും വീക് എൻഡിൽ വാങ്ങാനുള്ളതും പോകാനുള്ളതുമായ സ്ഥലങ്ങളും സാധനങ്ങളും ലിസ്റ്റ് ചെയ്യും….
ഉണ്ടാക്കുന്നതിനൊക്കെ തന്റെ കുശുമ്പ് കാണാൻ വേണ്ടി മാത്രമായി കുസൃതി നിറഞ്ഞ മുഖത്തോടെ കുറ്റം ചാർത്തുമ്പോൾ പുറത്തേക്കുന്തുന്ന തന്റെ ചുണ്ടുകളെ കയ്യാലൊന്ന് തട്ടും…. അവസാനം ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ തനിക്കായി നീളുന്നൊരു ഉരുളയുണ്ട്….
അതിനോളം രുചി സ്വയം കഴിച്ചാൽ ലഭിക്കാറില്ല… ഇടയ്ക്ക് ഇന്നത്തെ ഉരുള തരില്ലെന്ന് പറഞ്ഞു വാശി കയറ്റുമ്പോൾ തരാൻ നിർബന്ധിക്കാറുണ്ട്…. അതിലുമൊരു സുഖം ഞാനറിയാറുണ്ടായിരുന്നു…. കരുലിന്റെ… പ്രണയത്തിന്റെ… വാത്സല്യത്തിന്റെ… സുഖം…
“”” ദ്രുപത്…. എനിക്ക് നിന്നിലേറെ ഇഷ്ടമെന്താണെന്നോ…..?””ബാൽക്കണിയിൽ നക്ഷത്രങ്ങളെ കൂട്ട് പിടിച്ചവന്റെ മടിയിൽ കയറിയിരുന്നു നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ടവൾ ചോദിക്കുമ്പോൾ അവനിലൊരാകാമക്ഷ മുള പൊന്തിയിരുന്നു….
എന്താ??ഒരിളം ചിരിയോടെ ആരായുമ്പോൾ അവളൊന്നുകൂടി മടിയിലേക്ക് ചേർന്നിരുന്നു….. തണുത്ത കാറ്റിൽ ദേഹം വിറ കൊള്ളുമ്പോൾ ഒരു ചൂടുള്ള കൈതലം അവളെയൊന്നാകെ പൊതിഞ്ഞു പിടിക്കുന്നുണ്ടായിരുന്നു…..
“””.നിന്റെയി കണ്ണുകൾ….. ഈ പീലി നിറഞ്ഞ കണ്ണുകൾ എനിക്ക് ഭയങ്കരിഷഷ്ട്ടാ….. എന്തോ… എന്തോ അതിനോട് വല്ലാത്തതൊരു അസൂയയാ എനിക്ക്….. ഒരു തരം കൊതിയാ…..”””
അവന്റെ കണ്ണുകളെ തഴുകികൊണ്ട് പറഞ്ഞു നിര്ത്തുമ്പോൾ മറുപുറത്തൊരു പൊട്ടിച്ചിരി ഉയർന്നിരുന്നു…
“””ഹ…. ഹ… നിനക്ക് പ്രാന്താ പെണ്ണെ…. എന്റെ കണ്ണിനെന്ത് പ്രത്യേകതയാ ഉള്ളെ എല്ലാരുടേം പോലെയല്ലേ…മ്മ്..?”””
ചിരിയടക്കിക്കൊണ്ട് ചോദിക്കുമ്പോൾ അവളിലൊരു കപട ദേഷ്യം പിറവികൊണ്ടിരുന്നു…. ചുണ്ട് ചുളുക്കിക്കൊണ്ടവന്റെ നെഞ്ചിൽ നിന്നടർന്നു മാറി പോവാനൊരുങ്ങിയതും കയ്യിൽ പിടിച്ചു വീണ്ടുമാ മടിയിലേക്കിട്ടു….
“””ഹാ അങ്ങനങ്ങു പോകാതെ പറഞ്ഞിട്ട് പോ..ന്ത് പ്രത്യേകതയാ…. ഇത്രേം ഇഷ്ട്ടാവാനെന്താ കാരണം??””
അത്രമേൽ പ്രണയത്തോടെയവൻ ചോദിക്കുമ്പോൾ അലകളിളകുന്ന ആ കുഞ്ഞ് കണ്ണിൽ അടിമപ്പെട്ടു പോയിരുന്നു അവൾ…..ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്ത വണ്ണം…..
“”പറയടോ കേൾക്കട്ടെ….”””””അറിയില്ല ദ്രുപത് എന്നെ നോക്കുമ്പഴൊക്കെ നിന്റെ കണ്ണുകൾ ചിരിക്കുന്നതായി തോന്നും….
അതിനൊരു പ്രത്യേക ചേലുള്ളത് പോലെ മറ്റു കാഴ്ചകളെയൊക്കെ വിസ്മരിച്ചുകൊണ്ട് നിന്റെ മിഴികളിലെന്നെ സ്വയം മറന്നു പണയപ്പെടുത്താൻ തോന്നാറുണ്ട്….. മറ്റൊന്നുമതിൽ നിറയാതെ ഞാൻ മാത്രമായിരുന്നെങ്കിൽ എന്ന് കൊതിക്കും….
ഞാൻ എന്നെ ഇത്രമേൽ സുന്ദരിയായി കാണുന്നത് നിന്റെ കൃഷ്ണ മണികളിലേക്ക് നോട്ടമേറിയുമ്പഴാണ് … നിന്നോളം തന്നെ പ്രണയമാണ് ഈ മിഴികളോട്…… ഒരിക്കലുമടങ്ങാത്ത… ഒരിക്കലും മൃതി തേടാൻ ഞാൻ ആഗ്രഹിക്കാത്ത പ്രണയം…””
ഒരൂ കിതപ്പോടെ പറഞ്ഞു നിർത്തിയതും ആവേശത്തോടെയാവളാ കണ്ണുകൾ രണ്ടിലും മാറി മാറി ചുംബിച്ചിരുന്നു…. ഭ്രാന്തമായി…. അവളുടെ ഇഷ്ട്ടമത്രയും ചൊരിഞ്ഞു കൊണ്ട്….
അവനെ വേദനിപ്പിക്കാതെയാ മിഴികളെ പുണർന്നു കൊണ്ടിരുന്നു…..ഉമിനീരിന്റെ തണുപ്പ് അവയിലാകെ പടർന്നിട്ടും വിട്ടുമാറാൻ ഒരുക്കമല്ലാതെ ….. എന്നും തനിക്കവ സ്വന്തമായിരുന്നെങ്കിലെന്ന സ്വാർത്ഥത പോലും അവളിൽ ഉടലെടുത്തു
അവസാനം തന്നോട് ചേർന്ന് നിൽക്കുന്നവനെയോർക്കേ ഞെട്ടലോടെ പിന്മാറി…. ധ്രുപതിന്റെ മുഖത്തേക്ക് നോക്കാതെ പിൻ തിരിഞ്ഞു നടക്കാനാഞതും അവന്റെ വിളിയുയർന്നു….
“””നിളാ….. “”കാറ്റുപോലെ ആർദ്രമായ സ്വരം അവളെ തരളിതയാക്കി…. ശീതക്കാറ്റേറ്റ പോലെയൊന്നാകെ ഉലഞ്ഞുപോയി ഉടൽ മുഴുവൻ….
ദേഹമാകെ തളരത്താൻ പാകത്തിന് ആ വിളിയാവളിൽ തറഞ്ഞു കയറി…. പിൻ തിരിഞ്ഞു നോക്കാൻ തോന്നിയിട്ടും അതിനു കഴിയാതെയാവിടെ ശീല കണക്കെ നിന്നു…..
ഒടുക്കമവൻ മുന്നിൽ ചെന്ന് നിന്നതും കണ്ണുകൾ പലയിടത്തേക്ക് യാത്ര തിരിച്ചു…. വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു… അവനെയൊന്ന് നോക്കാൻ ശേഷിയില്ലാത്ത വണ്ണം അവളിലൊരു ലജ്ജ ഉണർന്നിരുന്നു….””നിളാ……!!
നിനക്കുള്ള അസൂയ പോലും എനിക്കിഷ്ട്ടമാണെടോ…… താൻ പറഞ്ഞില്ലേ….മറ്റൊരു കാഴ്ചയുമതിൽ ഇടയാതെ താൻ മാത്രമായിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ടന്ന്….
എന്നാൽ അത് തന്നെയാണ് സത്യവും തന്നോളം ചന്തമുള്ളതൊന്നുമെന്റെ മിഴികളിൽ നിറയാറില്ല…. തന്നോളം തീക്ഷണമായതൊന്നുമെന്റെ കൃഷ്ണ മണികളെ ലഹരി പിടിപ്പിച്ചിട്ടില്ല……. തന്നോളമൊരു കാഴ്ചയ്ക്കും ഞാനിത്രമേൽ കീഴ്പ്പെട്ടിട്ടുമില്ല…..”””
ശാന്തമായവൻ പറയുമ്പോൾ കണ്ണുകൾ പെയ്യാൻ തയ്യാറെടുക്കുകയായിരുന്നു അവനോടുള്ള പ്രണയത്തിന്റെ മധുരവും പേറി…. പക്ഷെ അതിലൊരു നീർതുള്ളി പോലും കവിളിനെ പുണരാനോരുങ്ങും മുൻപേ നെഞ്ചോടു ചേർത്തടക്കി നിർത്തിയിരുന്നു അവൻ…….
ഏതോ ഒരോർമയിൽ നിളയുടെ മിഴികൾ ഈറനണിഞ്ഞു…… ഇന്നുമതുപോലെ ബാൽകണിയിലവനിരിപ്പുണ്ട്… കാവലായി നിലാവും നക്ഷത്രങ്ങളും…….
കയ്യിലെ പുസ്തകത്തിലേക്ക് മിഴിനാട്ടുമ്പോൾ അവൻ മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാറില്ല അത് വ്യക്തമായി അറിയാമെങ്കിലും അവന്റെയരികിലിരുന്നുകൊണ്ട് മുടിയിൽ വലിച്ചും….
കയ്യിലും മൂക്കിലും പിച്ചി പറിച്ചും കുസൃതിയൊപ്പിക്കുന്നതാണ് തന്റെ പ്രിയപ്പെട്ട വിനോദം…. താൻ ശല്യപ്പെടുത്തുമ്പോൾ ചുവക്കുന്ന മൂക്കും ചുണ്ടിനിടയിൽ ഞെരിഞമരൂന്ന പല്ലും… ചുരുളുന്ന മുഷ്ട്ടിയുമൊക്കെ ചേർന്ന അവന്റെ മുഖം കാണാൻ പ്രത്യേക ചേലാണ്….
അത് കാണാൻ മാത്രമാണി കാട്ടികൂട്ടലുകളെന്നവനും അറിയാം….. പുറമെ ദേഷ്യം കാട്ടിയാലും ആ കണ്ണുകൾ ചുവക്കാറില്ല…. അതിനെന്നും പത്തര മാറ്റ് തിളക്കമാണ് …..അവന്റെ മനസ് പോലെ…..
പക്ഷെ ഇന്നവനിലാ കുസൃതിയില്ല… കണ്ണുകൾ തന്നെ തിരയുന്നില്ല….തനിക്കായ് പ്രണയം പകരുന്നില്ല………
താൻ അടുത്തുണ്ടെങ്കിലെന്ന് ആശിക്കുന്നില്ല…. ഒരു തരം നിർവികാരത മാത്രം…. തന്നോടുള്ള കോപത്തെ ശമിപ്പിക്കാൻ എടുത്തണിഞ്ഞ മൂട് പടമെന്ന പോലെ…..
ചിന്തകൾ മനസിനെ കാർന്നെടുക്കവേ നിള അവന്റെയടുത്തേക്ക് ചെന്നു…. അവന്റെ മൗനം അവളെയാകെ ശ്വാസം മുട്ടിച്ചിരുന്നു…. അവന്റെ നോട്ടത്തിനായി ദാഹിക്കുന്ന മനസിനെ… അവന്റെ വാക്കിനായി വെമ്പുന്ന കാതുകളെ അടയടക്കി നിർത്താനാവാതെ പാട് പെടുകയായിരുന്നു…
ഇനിയൊരു നിമിഷം പോലും വയ്യെന്ന മട്ടിൽ കൂട്ടി പിടിച്ച ചൊടികൾ വിടരാനൊരവസരം കാത്ത് നിൽക്കയാണെന്ന് തോന്നി… അവന്റെ സാമീപ്യമേൽക്കാതെ അനുസരണക്കേട് കാട്ടുന്ന കുട്ടിയായി തീർന്നിരുന്നു ഉള്ളം…
പേരു ചൊല്ലി വിളിക്കാൻ മനസ് പറഞ്ഞിട്ടും ബുദ്ധിയതിനെ വിലക്കിക്കൊണ്ടിരുന്നു…. ഉള്ളിലൊരപകർഷതാ ബോധം വേരിട്ടിരുന്നു…..
അവന്റെ പ്രതികരണമൊർത് വേവലാതിപ്പെടുമ്പോഴും മനസിന്റെ മറുപാതിയവനിലേക്ക് ചായാൻ ഒരുക്കമായിരുന്നു…. അവസാനം ബുദ്ധിയും മനസും തമ്മിലെ മൽപിടുത്തിനോടുവിലവളിൽ നിന്നുമാ പേര് ഊർന്നു വീണു …..””ദ്രുപത്…..””
“”സൊ … സോറി നിള ഞാൻ തന്നെ അത്രയ്ക്കിഷ്ട്ടമായത് കൊണ്ട് ചോദിച്ചു പോയതാ….താൻ പറഞ്ഞതൊക്കെ ശരിയാ പരസ്പരമൊരു നിബന്ധനയും പാടില്ലെന്ന വ്യവസ്ഥിതി നമ്മൾ തമ്മിലുണ്ടായിരുന്നു…. ഒരു നിമിഷം ഞൻ സ്വാർഥനായിപ്പോയി എന്നെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ സോറി…….””
ഒന്ന് വിളിക്കാൻ കാത്ത പോലെ കുറ്റസമ്മതം കണക്കെയെല്ലാം തന്നിലേക്ക് തുറന്നു വിടുന്നവനെ നിള അത്ഭുതത്തോടെ നോക്കി…..
അവനോട് പറയാൻ കരുതി വച്ച ക്ഷമാപണം തിരികേ ലഭിക്കുന്നതിന്റെ ഞെട്ടലുമതിൽ കലർന്നിരുന്നു….
“””എടൊ…. ഞാനിത്രയും കാലം തന്നോടത് ചോദിച്ചത് ഒരിക്കലും താനൊരൂ ബാധ്യതയാവുമെന്ന ചിന്തയോടെ അല്ലായിരുന്നു… അത്രയും ഇഷ്ട്ടമായിട്ട് തന്നെയാ…
പക്ഷെ തന്റെ ഭാഗത്തുന്നു കൂടി ചിന്തിക്കണ്ടേ…. ഒരു കെട്ടു പാടുകളെയും പേറാത്തൊരു ജീവിതമാഗ്രഹിക്കുന്നവളെ എന്നിൽ ഒതുക്കുന്നത് ശരിയല്ലല്ലോ…. ഐ ആം സോറി…”””
പറഞ്ഞു തീർന്നതും തന്നെയൊന്ന് തലയുയർത്തി നോക്കാൻ കൂടി മുതിരാതെ പോകാനൊരുങ്ങുന്നവനെ കാണെ അവളിലൊരു നൊമ്പരമുണർന്നു…..
ഇത്രനേരവും ദേഷ്യത്താൽ മറച്ചതവന്റെയുള്ളിലെ സംഘർഷങ്ങളാണെന്നോർക്കേ എന്തിനോ കണ്ണുകൾ നിറഞ്ഞു……….
“””ദ്രുപത് ഒരു നിമിഷം….. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…..””തീരീഞ്ഞു നടക്കാൻ തുനീഞ്ഞവനെ മറുവാക്കിനാൽ കെട്ടി നിർത്തുമ്പോൾ അവനുമാ പിൻ വിളി കൊതിച്ചെന്ന് തോന്നി….
ബാൽകണിയിൽ സെറ്റ് ചെയ്ത ചെയറിന് ഇരുവശത്തായി സ്ഥാനമുറപ്പിക്കുമ്പോൾ ആരാദ്യം പറഞ്ഞു തുടങ്ങുമെന്ന സംശയം കൂട് കെട്ടിയിരുന്നു ഇരുവർക്കുമിടയിൽ…. എറേനേരം പരസ്പരം മൗനം കുടിച്ചിരുന്നോടുവിൽ നിള തന്നെ പറഞ്ഞു തുടങ്ങി….
“””ദ്രുപത്….. തനിക്കറിയാലോ രണ്ട് വർഷമായി നമ്മൾ തമ്മിലിങ്ങനൊരു ബന്ധം……. പരസ്പരമൊന്നിനും നിർബന്ധിക്കില്ലെന്നുറപ്പ് നൽകിക്കൊണ്ട് തുടങ്ങിയതാണ്….. പണ്ട് തൊട്ടേ വിവാഹജീവിതമെന്നൊരു ഏട് എന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു…
അമ്മയും അച്ഛനും നിർബന്ധിച്ചിട്ടും ഞാൻ അതിന് തുനിഞ്ഞിട്ടില്ല… ഒരുപക്ഷെ കണ്ടു വന്ന കാഴ്ചകളൊക്കെ അങ്ങനയായതിനാലാവാം…. അച്ഛനെയൊരു യജമാനനായി കാണുന്നവളായിരുന്നെന്റെ അമ്മ…..
അച്ഛൻ പറയുന്നതെന്തും കെട്ടും അനുസരിച്ചും…. ചെയ്തും പോന്ന ഒരാൾ… ചെറിയ കാര്യത്തിന് പോലും വഴക്കുണ്ടാക്കാറുണ്ട്… ചെയ്യാത്ത തെറ്റ് സ്വയം ഏറ്റെടുത്തിട്ടുണ്ട്… നല്ലൊരു ജോലി ഉണ്ടായിരുന്നത് ഭർത്താവിന്റെ ആഞ്ജ പ്രകാരം ഉപേക്ഷിച്ചു….
വെറും വച്ചുണ്ടാക്കലും തറ തുടയ്ക്കലും കുട്ടികളെ നോക്കലുമൊക്കയായി ഒതുങ്ങി…. വീട്ടിലുള്ളവരെല്ലാം കുത്തുവാക്കുകൾക്ക് കൊണ്ട് നോവിച്ചാലും മറുത്തൊരക്ഷരം മിണ്ടാറില്ല…. അത്രയ്ക്കും സങ്കടം വരുമ്പോ കരഞ്ഞ
ൊരു മൂലയ്ക്കിരിക്കും… എന്തിന് വീട്ടിലൊരു തീരുമാനമെടുക്കുമ്പോൾ പോലും ആരും അമ്മയോട് അഭിപ്രായം ചോദിക്കുന്നത് കണ്ടിട്ടില്ല….. സ്നേഹത്തോടെയൊരു വാക്ക് പോലും പറഞ്ഞു കണ്ടിട്ടില്ല……
ഇഷ്ട്ടാനിടങ്ങളോ ആഗ്രഹങ്ങളോ… സ്വപ്നങ്ങളോ പ്രതീക്ഷകളോ കേൾക്കാൻ കാത് കൊടുത്തിട്ടില്ല….. എല്ലാവർക്കും ആവശ്യമൊരു വേലക്കാരിയെ ആയിരുന്നു…. അടിമയെ ആയിരിന്നു… വിളക്കുമ്പോൾ വിളിപ്പുറത്തുണ്ടാകുന്നോരു അടിമയെ…””
“””.പഠിച്ചു ജോലി നേടി ഇവിടെക്കെത്തിയപോഴേക്കും എന്റെ നേരെയും വീണു കഴുകൻ കണ്ണുകൾ….
പെൺകുട്ടിയാണെന്നും ദൂരെ ജോലിക്ക് വിടാതെ കല്യാണം കഴിപ്പിക്കാൻ നോക്കെന്നുമൊക്കെ വിഷം പുരട്ടിയ നാവാൽ മുത്തശ്ശിയും അച്ഛനെ വരുത്തിയിലാക്കാൻ ശ്രമം ആരംഭിച്ചപ്പോഴാണ് ഇങ്ങോട്ട് പോന്നത്….
ന്റെ ജീവിതം ഞാൻ തീരുമാനിക്കുമെന്ന് പറഞ്ഞിവിടേക്ക് വീണ്ടും വണ്ടി കയറുമ്പോൾ വീട്ടുകാർക്ക് ഞാനൊരു തല തെറിച്ചവളും തന്നിഷ്ടക്കാരിയുമായി മാറിയിരുന്നു…. നാട്ടിൽ എനിക്കായ് ചെല്ല പേരുകൾ വേറെയും ജനിച്ചു വീണു…..
അവിടം തൊട്ടല്ലേ ദ്രുപത് നീയെന്റെ ജീവിതത്തിലേക്ക് വന്നത്…?? സഹപ്രവർത്തകനിൽ നിന്ന് സുഹൃത്തിലേക്കും ഒടുക്കം ഇഷ്ട്ടങ്ങൾ സമമായപ്പോൾ നാം സ്വയം ഇങ്ങനൊരു തീരുമാനത്തിലെത്തിയതും…. ഇതിങ്ങനെതന്നെ മുൻപോട്ട് പോയാൽ പൊരേ…..ഇരുവർക്കും മടുക്കും വരെ?
ചോദ്യം അവനിലേക്ക് നീളുമ്പോൾ മൗനമായിരുന്നു ഉത്തരം ….””‘ഇപ്പോ നിന്റെ മനസിലൊരു ചോദ്യമുണ്ടാകാം എല്ലാ ആണുങ്ങളെയും ഒരേ തുലാസിൽ അളക്കണോ എന്ന്…. ന്യായമായ ചോദ്യമാണ് എല്ലാവരും ഇങ്ങനാവില്ല…. എല്ലാവരിലുമി പഴകിയ ചിന്താഗതിയുമുണ്ടാവില്ല….
എങ്കിലും ആൺ മേൽക്കോയ്മയുടെ അഴുകിയ സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടു മടുത്തിട്ടാവണം താലിയെന്ന കുഞ്ഞ് ചരടിലെന്റെ സ്വപ്നങ്ങൾക്ക് ഊരാക്കുടുക്കിടാൻ എനിക്ക് ഇഷ്ടമില്ല…
അതുകൊണ്ടാ ഞാൻ തന്നെയെതിർത്തതും…. ചോദിക്കുമ്പഴൊക്കെ ഒഴിഞ്ഞു മാറിയതും……”””ശ്വാസമൊന്നാഞ്ഞു വലിച്ചു കൊണ്ടവൻ മറുപടിയേകി….
“””ശരിയാണ്… ഞാൻ എന്റെയൊരാഗ്രഹം പറഞ്ഞതാണ് നിള…. തന്നെ കൂടെ കൂട്ടാൻ അത്രമേൽ ഇഷ്ട്ടമാണ്….
പെട്ടെന്നെന്തോ അങ്ങനെ കേട്ടപ്പോൾ താനെന്നെ ഇത്രകാലവും മോശപ്പെട്ടൊരുത്തനായിട്ടാണോ കണ്ടതെന്ന സങ്കടം കൊണ്ടാ ദേഷ്യപ്പെട്ടത് അല്ലാതെ അതൊരിക്കലും താനെനിക്ക് സമ്മതം മൂളാത്തതിനല്ല….
പിന്നീട് ആലോചിച്ചപ്പോൾ തോന്നി ഇതൊക്കെ തന്നോട് പറയാനും ദേഷ്യം പ്രകടിപ്പിക്കാനും ഞാൻ ആരാണ്…. എന്റെ കൂടെ ജീവിക്കാൻ ഒരുക്കമല്ലാത്തതിന് എന്തിന് വെറുക്കണം…
തന്റെ ജീവിതമല്ലേ താനല്ലേ തീരുമാനിക്കെണ്ടത്…. അതിലേവിടെയും മറ്റൊരാൾ കൈ കടത്തേണ്ടതില്ലല്ലോ…. തന്നോടിത്ര നേരവും മിണ്ടാതിരുന്നത് എങ്ങനെ ഫേസ് ചെയ്യുമെന്നറിയാത്തത് കൊണ്ട് മാത്രമാണ് .. അല്ലാതെ നീയെനിക്ക് വഴങ്ങണമെന്ന വാശിയല്ല….””
“””താൻ എന്നിലേക്കോതുങ്ങണമെന്ന് ഒരിക്കലും ഞാൻ പറയില്ല… നിള എന്നും നിളയായിരിക്കണം…മറ്റൊരാളുടെ താക്കോലിൽ കറങ്ങുന്ന പാവയാകുന്നതിലും ഭേദമാടോ സ്വയമൊരു സാമ്രാജ്യത്തിന്റെ ഉടമയാകുന്നത്…..
ഞാനിത്രയും കാലം ചോദിച്ചത് തന്നെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ സോറി…. ഇനിയൊരിക്കലുമത് ഉണ്ടാകില്ല….”””
എന്നുമുള്ള പതിഞ്ഞ പുഞ്ചിരിയിൽ ചാലിച്ചവൻ പറയുമ്പോൾ ഇടയ്ക്കവളുടെ കണ്ണ് നിറയാൻ മുതിരുന്നുണ്ടായിരുന്നു…. എങ്കിലും അതിനെ പിടിച്ചു നിർത്താൻ പോരാടിക്കൊണ്ടിരുന്നു… ഒരു പാഴ് ശ്രമം പോലെ..
“””പിന്നേ…. ഈ ബന്ധമുണ്ടല്ലോ ഇതിങ്ങനെ തന്നെ തുടരാട്ടോ… രണ്ടിലൊരാൾക്ക് മടുക്കും വരെ…. രണ്ടിലൊരാൾ വെറുക്കും വരെ…. മതിയെന്നുരിയാടും വരെ ഇതിങ്ങനെ പോകട്ടെ…..””””
അത് കേട്ടതും നിളയിലൊരു ചിരി പൊടിഞ്ഞു…. കേൾക്കാൻ കൊതിച്ചതെന്തോ കേട്ട പോലൊരു നിർവൃതി….
ദിവസങ്ങളോടി മറഞ്ഞു….. കുറുമ്പുകളും കുസൃതിയും മെമ്പോടിയായിക്കൊണ്ട് ജീവിതം സുഖകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിന്നു….. അതിന് ശേഷമൊരിക്കൽപോലും അവനിൽ നിന്നാ ചോദ്യമുയർന്നില്ല…… വഴക്കുകളും പരിഹാസങ്ങളും കൂട്ടായി പോന്നു….
നിലവിനെയും താരകങ്ങളെയും സാക്ഷിയാക്കി പ്രണയം പകർന്നു….. നോവും നൊമ്പരങ്ങളും ഇറക്കി വച്ചു… കണ്ണുകൾ തമ്മിൽ കഥ ചൊല്ലാനും പരസ്പരം പുണരാനും മത്സരിച്ചു…. ഒന്നിച്ചുള്ള യാത്രകൾ അത്രമേലാനന്ദകരമാക്കി….
അസ്തമയവും ഉദയവുമാസ്വദിച്ചു….അങ്ങനെയങ്ങനെ നിളയ്ക്കും ധ്രുപതിനുമിടയിൽ തഴച്ചു വളരാൻ ഒരുങ്ങിയ മൂകതയുടെ കൊടും കാടുകളെ അഗ്നിക്കിരയാക്കിക്കൊണ്ട് കാലത്തിന്റെ കുടക്കീഴിലവരിരുവരും ഹൃദയം കയ്മാറി…..
“””നിളാ കുറച്ചു ദിവസത്തേക്ക് ഞാനൊന്ന് മാറി നിൽക്കുവാണ്…”””പതിവ് സംസാരത്തിനിടയിൽ അവൻ പറയുമ്പോൾ നിളയൊന്ന് അമ്പരന്നു
“”എങ്ങോട്ടേക്ക്??എപ്പോ വരും…. എന്താ ഇത്ര പെട്ടെന്ന്…. എന്തിനാ പോണേ….?? “”ഒന്നിനു പിറകെ ഒന്നായ് ചോദ്യ ശരങ്ങൾ എയ്യുമ്പോഴും അവൻ മൗനി ആയിരുന്നു….. വെറുതെയൊന്ന് ചിരിച്ചുകൊണ്ട് അവൻ പുറത്തേക്കിറങ്ങി….
മറു വിളിയിൽ പിടിച്ചു നിർത്താൻ ആഗ്രഹമുണ്ടായിട്ടുമതിന് കഴിയാതെ വന്നു…… അവൻ നടന്നകലും തോറും പ്രിയപ്പെട്ടതെന്തോ കയ്പ്പിടിയിൽ നിന്നഴഞ്ഞു വീഴും പോലൊരു തോന്നലായിരുന്നു….. ഹൃദയം വല്ലാതെ വിങ്ങുന്നു…..
അതിൽ ആഴത്തിൽ വരകൾ വീഴുന്നു…… രക്തം കിനിയുന്നു… ഇനിയൊരിക്കലും തന്നിലക്കൊരു മടക്കമില്ലാത്ത യാത്രയണിതെന്ന് ഉള്ളിനുള്ളിൽ നിന്നാരോ മൊഴിയും പോലെ… തന്റെ ശ്വാസം വിട്ടകന്നെന്ന തോന്നൽ നെഞ്ചകമാകെ പൊള്ളിക്കുന്നു……””ദ്രുപത്… വേഗം വരുവോ….”””
ചിലമ്പിച്ച സ്വരത്തിൽ ഒരിക്കൽ കൂടി ചോദിച്ചു…. അവനൊന്നു കണ്ണ് ചിമ്മുക മാത്രം ചെയ്തു….. നടന്നകലവേ ഒരു തിരിഞ്ഞു നോട്ടത്തിന് ആശിച്ചെങ്കിലും അതുണ്ടായില്ല….. ഓരോ അടിയവൻ അകലുമ്പോഴും തന്നിൽ നിന്നൊരുപാട് ദൂരെയാണെന്ന് തോന്നി… പോകരുതെന്നലറീ കരയാൻ തോന്നി…..
എന്തോ നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടതും അവനിനി തിരിച്ചേത്തില്ലെന്ന ചിന്ത ഉള്ളിൽ നിറഞ്ഞതും തല ശക്തിയിൽ കുടഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു…… മടങ്ങി വരണമേയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു….
പിറ്റേന്ന് വിളിച്ചു നോക്കി…. തിരക്കായതിനാൽ പിന്നെ വിളിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചു ഫോൺ വെച്ചു…. രാത്രിയിലും ഇതേ പല്ലവി ആവർത്തിച്ചു….. അന്നു മുതൽ ബാൽകാണിയിലവൾ അവൾ അനാഥയായി….. അവന്റെയൊർമ്മകൾ അവളെ വീർപ്പു മുട്ടിച്ചു….
അവനെയൊന്ന് കാണാൻ കാണനുള്ളം കൊതിച്ചു…. അവനോട് ചേരാൻ…..ആ സംസാരം കേൾക്കാൻ തോളിൽ ചായാൻ… ഏറെയിഷ്ട്ടമുള്ള ചായ അവന്റെ ചുണ്ടിലെ മധുരം ചാലിച് കുടിക്കാൻ… കുറുമ്പ് കാട്ടാൻ… തന്റെയേറ്റവുമിഷ്ടമുള്ള കണ്ണുകളെ നോട്ടത്താൽ വരുതിയിലക്കാൻ….
തനിക്ക് മാത്രം സ്വന്തമാണവയെന്ന് അവന്റെ നെഞ്ചിൽ തല ചായിച്ചുകൊണ്ട് പറയാൻ…… മതിവരുവോളം പരിഹസിക്കാൻ കുസൃതി കാട്ടാൻ ഒക്കെയാവാനേ വേണമെന്ന് തോന്നി…. അന്നാദ്യമായി ആ നാല് ചുവരുകളിലെ എകാന്തതയ്ക്ക് നിള ഉപമയായി….
വിയർപ്പിനാൽ കുതിർന്നയാ നെഞ്ചിൽ വിരൽകൊണ്ട് ചിത്രം വരച്ച് കണ്ണുകളെ മടുക്കുവോളം പുണരാൻ തോന്നി….
ഇരുട്ട് വിഴുങ്ങിയ ചുവരുകൾക്കുള്ളിൽ ആദ്യമായി അവന്റെ ചോദ്യം കേൾക്കാൻ നെഞ്ച് തുടിച്ചു…. എന്റേത് മാത്രമായിbകൂടെയെന്ന പ്രണയപൂർവമുള്ള ചോദ്യത്തെ ഗൗരവത്താൽ വിലക്കാൻ തോന്നി….
മൗനം പൂകാൻ മോഹിച്ചു…. ഒക്കെ വ്യർത്ഥമാണെന്നറിയവേ വീണ്ടുമാ കണ്ണ് നിറഞ്ഞു… ഫോണിൽ അവന്റെ പേര് തെളിയുന്നുണ്ടോഎന്ന് ഇടയ്ക്കിടെ നോക്കി… വാതിൽ പടിയിൽ കാല് പെരുമാറ്റം കേൾക്കുന്നുണ്ടോയെ കാതോർത്തു ….
ഒക്കെ തന്റെ തോന്നലാണെന്നറിയാവേ തൊണ്ടക്കുഴിയിലൊരു ഗദ് ഗദം പൊതിയും…. തുറന്ന് വിടാനോരുങ്ങാതെ മറച്ചു പിടിക്കും… കണ്ണുനീരിന്റ ഉപ്പുരസം കവിളിൽ പടരാതെ കാത്ത് വയ്ക്കും…
ദിവസങ്ങൾ കൊഴിഞ്ഞു… പോയതിൽ പിന്നെ അവന്റെ വിവരങ്ങളൊന്നും അറിഞ്ഞില്ല……ഒന്ന് രണ്ട് വട്ടം ഫോൺ റിങ് ചെയ്തെങ്കിലും പിന്നീട് അതുമുണ്ടായില്ല… സ്വിച്ച് ഓഫ് എന്നു പറഞ്ഞു കൊണ്ടിരുന്നു…
നിളയ്ക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….അവന്റേതെന്ന് പറയാൻ ഒന്നും ബാക്കി വയ്ക്കാതെ പോയിരിക്കുന്നു….
ഒരുപാടൊര്മകൾ മാത്രം പകർന്നിട്ട് ഒരു ദിവസം പെട്ടെന്നങ്ങു പോയി എന്തിന്…. എന്തിൻ വേണ്ടിയാ അങ്ങനെ ചെയ്തത്…. ഇനിയവന് എന്നെ മടുത്തോ രണ്ടിലൊരാൾക്ക് മടുക്കും വരെ ഇത് തുടരമെന്ന് ഉറപ്പ് നൽകിയിട്ടാവസാനം അവൻ തന്നെ മടുത്തുപേക്ഷിച്ചതാണോ….
ചിന്തകൾ കാട് കയറിയപ്പോൾ അവളൊന്ന് അലറി കരഞ്ഞു…. തൊണ്ട പൊട്ടുമാറുച്ചത്തിൽ…. അവന്റെയാഭാവം അവളെയത്രമേൽ തളർത്തിയിരുന്നു… ഓർക്കുന്ന നിമിഷമോരോന്നിലും
“”നിള…. “” എന്നാ അവന്റെ ലോല സ്വരം കാതുകളെ കീഴ്പ്പെടുത്തുന്നു… ചെവിയിറുക്കെ അടച്ചിട്ടും പിന്നെയും പിന്നയുമാ വിളി കാതിൽ വന്നലയ്ക്കുന്നു…. ഒടുവിൽ രാത്രിയുടെ അന്ത്യ യാമങ്ങളിൽ നിദ്രയെ പുല്കുമ്പോഴും അവളിലൊരു ചോദ്യമുയർന്നിരുന്നു…
“”നിള ധ്രുപതിനെ പ്രണയിക്കുന്നുണ്ടോ….. “””?അവളൊന്നു ഞെട്ടി… നിളയ്ക്കും ധ്രുപത്തിനെ ഇഷ്ടമാണോ… അവൻ അടുത്ത് വേണമെന്നാഗ്രഹിച്ചിരുന്നോ… അവൻ അകന്നു പോകുമ്പോൾ നോവുന്നുണ്ടോ….
ഇല്ല നിളയ്ക് അവനോട് ഒന്നുമില്ല…. അങ്ങനെയൊരു പ്രണയത്തിലേക്ക് വീഴാൻ നിള ഇഷ്ടപ്പെടുന്നില്ലല്ലോ…. അവനിലേക്കൊതുങ്ങാൻ താല്പര്യമില്ലാഞ്ഞിട്ടല്ലേ അവന്റെ ചോദ്യങ്ങളെ പോലും തടഞ്ഞത്….
വിവാഹമെന്ന മൂന്നാക്ഷരത്തിൽ ജീവിതം തളച്ചിടാൻ ഒരുക്കമല്ലാത്തളല്ലേ…. നിളയ്ക്കതിന് കഴിയില്ല…. നിള ആരെയും സ്വന്തമാകണമെന്ന് വാശിപിടിക്കില്ല…. അവൾക്ക് പറക്കാനല്ലേ കൊതി ചിറകൊതുക്കാനല്ലല്ലോ….
മനസിൽ മുള പൊന്തിയ ചോദ്യങ്ങൾക്കൊക്കെ സ്വയം ഉത്തരം കണ്ടെത്തി ന്യായികരിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു സംശയം നാമ്പിട്ടിരുന്നു….
പിന്നെയെന്തിനാ അവനടുത്ത് ഇല്ലാത്തപ്പോൾ ഇത്ര നോവ്…. ഇത്ര നൊമ്പരം… ദിനങ്ങളെണ്ണി കാത്തിരിക്കുന്നത് എന്തിനാ….. യാത്ര പറഞ്ഞു പോയപ്പോൾ ഒരു തിരിഞ് നോട്ടത്തിന് കൊതിച്ചതെന്തിനാ…. പോകല്ലേയെന്ന് പറയാൻ ഉള്ളം തുടിച്ചത് എന്തിനാ…
അവന്റെ പേര് സ്‌ക്രീനിൽ കാണിക്കുന്നത് കാത്തിരിക്കുന്നത് എന്തിനാ….. അവനോട് തനിക്കും പ്രണയമില്ലേ…… അവന്റയൊപ്പം ജീവിക്കണമെന്ന് ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലേ…
ഓരോ തവണ എന്റേതാവാമോ എന്ന് ചോദിക്കുമ്പോൾ ദേഷ്യപ്പെട്ടപ്പോൾ പോലും അകതാരിൽ എവിടെയോ താനും കൊതിച്ചിട്ടില്ലേ വീണ്ടും വീണ്ടുമത് കേൾക്കാൻ…. അവന്റെയാ ചോദ്യത്തിന് മറുപടിയായി ചെന്ന മൗനം പോലും കാപട്യമല്ലേ…. തന്റെ ഉള്ളിലുറങ്ങുന്ന ആഗ്രഹത്തെ അവനറിയരുതെന്ന സ്വാർത്ഥത മാത്രമായിരുന്നില്ലേ…
അവസാനം ഇനിയൊരിക്കലുമത് ചോദിച്ചു ബുദ്ധിമുട്ടിക്കില്ലന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതെന്തിനാ…. താനും അവനേ ആഗ്രഹിക്കുന്നെന്ന തെളിവല്ലെയത്…?അവന്റേതാവാൻ ഒരിക്കലെങ്കിലും താനും മോഹിച്ചിട്ടില്ലേ…..
ചോദ്യങ്ങൾ മാത്രം ബാക്കി നിൽക്കെ അവളിൽ ഒരു തേങ്ങലുണർന്നു… പ്രിയപ്പെട്ടവന്റെ വിടവിൽ തളർന്ന നെഞ്ച് അവനെന്ന വൈദ്യനെ തേടിക്കൊണ്ടിരുന്നു വേറെയുതെയാണെന്നറിഞ്ഞിട്ടും….”””നിള എനിക്ക് തന്നെയൊന്ന് കാണണം “””
കാലങ്ങൾക്കിപ്പുറം അവളാഗ്രഹിച്ചതുപോലെ അവന്റെ മെസ്സേജ് വന്നു…..അപ്രതീക്ഷിതമായി….. എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു ….. വീണ്ടും വീണ്ടും അത് അവൻ അയച്ചത് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തി….
നെഞ്ച് വല്ലാതെ മിടിക്കുന്നു… ഇനിയൊരിറ്റ് ഇടം ബാക്കിയില്ലാത്തവണ്ണം നിറഞ്ഞു കവിയുന്ന പോലെ… പലപ്രാവശ്യം അവന്റെ പേരും പേറി ചുണ്ടുകൾ ചലിച്ചു… ഇപ്പോ തന്നെ കാണാൻ തോന്നി…
തന്നെ ഒറ്റയ്ക്കാക്കിയത് ശിക്ഷിക്കാൻ തോന്നി… നെഞ്ചിൽ കിടന്ന് പതം പറയാൻ ആഗ്രഹിച്ചു…. ഒടുക്കം ഇനിയൊരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന് ഉറപ്പ് വാങ്ങാൻ മോഹിച്ചു…. എങ്കിലും നാളെയെന്നൊരു ദിനത്തിനായവൾ നിമിഷങ്ങൾ എണ്ണി കാത്തിരുന്നു…..
പിറ്റേന്ന് ഉറക്കമുണർന്നതും ഇത്രനാളും ഒളിവിലായിരുന്ന ഉത്സാഹം അവളിൽ തിരിച്ചെത്തി… എത്രയൊരുങ്ങിയിട്ടും മതിയാകാത്ത പോലെ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തി….
ഡ്രസ്സ് മാറി മാറി ധരിച്ചു…. ഒടുക്കം തൃപ്തി തോന്നിയപ്പോൾ വണ്ടിയുമെടുത്തിറങ്ങി…. ഇടയ്ക്കിടെ കയ്യിലെ വാച്ചിലും ഫോണിലും കണ്ണേറിഞ്ഞു കൊണ്ടിരുന്നു….
ദൂരമൊരുപാട് കൂടിയത് പോലെ അനുഭവപ്പെട്ടു… നെഞ്ച് വല്ലാതെ പിടക്കുന്നു… കയ്യും കാലും തളരുന്നു… അവസാനം ടൗണിലെ കോഫി ഷോപ്പിലേക്ക് കയറുമ്പോൾ കാലുകൾ കാറ്റിന്റെ വേഗത്തിൽ പാഞ്ഞു… അവനേ തിരയാൻ കണ്ണുകൾ മത്സരിച്ചു…….
അവിടത്തേ അവസാന നിരയിലെ ടേബിളിൽ അവനേ കണ്ടെത്തുമ്പോൾ കവിളിനെ കവച്ചു വെച്ച് കണ്ണീർ ഒഴുകി പരന്നിരുന്നു… അവന്റെ എതിർ വശത്ത് സ്ഥാനം പിടിച്ചു കൊണ്ട് നോക്കി ചിരിക്കുമ്പോൾ നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അവളിൽ…
“‘”നിള…..””ഏറെ നേരത്തെ മൗനത്തെ ദഹിപ്പിച്ചു കൊണ്ടവന്റെ സ്വരം കേൾക്കേ അവളൊന്നു പിടഞ്ഞു പോയി… കണ്ണുകൾ പതറുന്നു…..ഒരിക്കൽ കൂടിയത് കേൾക്കാൻ കൊതിച്ചിട്ടും വേണ്ടെന്ന് വച്ചു…
തനിക്കെതിരെ ഇരിക്കുന്നവനെ കണ്ണെടുക്കാതെ നോക്കാൻ തോന്നി…. ചോദ്യങ്ങളാൽ വീർപ്പുമുട്ടിക്കാൻ തോന്നി…. എന്നിട്ടും ഒക്കെ അടക്കി നിർത്തിക്കൊണ്ട് അവനേ ശ്രവിക്കാൻ കാത്തിരുന്നു….
“””നിള… ഞാൻ ഇത്രയും കാലമൊരു ഒളിച്ചോട്ടം നടത്തിയിട്ട് ഇപ്പൊ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് എന്തിനാവാമെന്ന് ചിന്തിക്കുന്നുണ്ടാവും ചിലപ്പോൾ വെറുപ്പും വന്നു കാണും…
അതിനൊന്നും ഞാൻ കുറ്റം പറയില്ല…. പക്ഷെ ഞാൻ അന്നവിടെ നിന്ന് യാത്ര ചോദിക്കുമ്പോൾ തിരികേ വരുമെന്നൊരു പ്രതീക്ഷ തന്നിൽ വിതച്ചിരുന്നില്ലേ അതിനു വേണ്ടിയാണ് വന്നത്…”””
ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ… അത് കേൾക്കാൻ താൻ ക്ഷമ കാണിക്കണം..അതിന് ശേഷം തനിക്കെന്നെ എന്തും പറയാം… ചെയ്യാം പക്ഷെ ഇത് കേൾക്കണം……പറയ്…..
അവനു പറയാൻ അനുവാദം നൽകുമ്പോൾ ഈ കഴിഞ്ഞ കാലത്തിലെന്നെങ്കിലും താൻ ധ്രുപതിനെ വെറുത്തിരുന്നോ എന്നു ചികയുന്ന തിരക്കിലായിരുന്നു അവൾ…
നിള….. ഞാനന്ന് പോയത് വെറുതെയല്ല ചില തീരുമാനങ്ങളോട് കൂടിയായിരുന്നു….ഒന്നും മനസിലാകാതെ ഉറ്റു നോക്കിയപ്പോൾ വീണ്ടും തുടർന്നു…..
ഞാൻ ചോദിചിട്ടില്ലേ എന്റേത്രമായിക്കൂടെന്ന്…. അത് ആത്മാർത്ഥമായി തന്നെയായിരുന്നു താൻ പറഞ്ഞപ്പോൾ നിർത്തിയതും തന്നോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെ…
പക്ഷെ പുറമെയ്ക്ക് എത്രയില്ലെന്ന് പറഞ്ഞാലും എന്റെയുള്ളിൽ വളർന്ന ആഗ്രഹത്തെ കെടുത്തി കളയാനാവില്ലല്ലോ…. ഇനിയും തന്റെയൊപ്പം നിൽക്കുമ്പോൾ അതെ ചോദ്യം തന്നോട് ചോദിച് പോയാലോ…
എന്റെ സ്വാർത്ഥത അതിന് മുതിർന്നാലോ…. തനിക്കത് ഒരു വിഷമമാകും അതുകൊണ്ടാണ് ഞാൻ ഒന്നും പറയാതെ അവിടെ നിന്നിറങ്ങിയത്…. ഇന്നുമെന്റെ ആ ചോദ്യം ഉള്ളിലുണ്ട് അതുപോലെ തന്നോടുള്ള പ്രണയവും പക്ഷെ അത് വേണ്ടാ……
എന്റെ മാത്രമിഷ്ട്ടങ്ങളിൽ ചലിക്കേണ്ടവൾ അല്ലല്ലോ…. നിനക്ക് സ്വന്തമായൊരു ആകാശമില്ലേ… പറക്കണം… ലക്ഷ്യങ്ങൾ നേടണം…. അതിനടയിലൊരു തടസം പോലെ ഞാനുമെന്റ. പ്രണയവും അത് ശരിയാവില്ല…..
സൊ നമുക്കിത് നിർത്താം അന്നേ പറഞ്ഞിരുന്നതല്ലെ…. ഏതെങ്കിലും ഒരാൾക്കു മടുക്കുമ്പോൾ ഉപേക്ഷിക്കാമെന്ന് അതങ്ങനെ തന്നെയാവട്ടെ…. എല്ലാം അവസാനിപ്പിക്കാം.. ഞാനുമെന്റെയാ ചോദ്യവും എന്നിലൊതുങ്ങട്ടെ…..
പറഞ്ഞവസനിപ്പിച്ച് അവൻ പുഞ്ചിരിയോടെ കൈ നീട്ടുമ്പോൾ ലോകം കിഴ്മേൽ മറിഞ്ഞ പോലെ തോന്നി നിളയ്ക്ക്….
കയ്യെത്തി പിടിക്കാൻ ഒരുങ്ങുമ്പഴേക്കും കയ്യേത്താ ദൂരത്തേക്ക് പറക്കുന്ന പട്ടത്തിലേക്ക് കണ്ണേറിയും പോലെയവൾ ധ്രുപതിനെ ഒരുവേള നോക്കി… ഇത്രയടുത്തായിട്ടും അവനൊരുപാട് അകലെയാണെന്ന് തോന്നി… നീട്ടിയ കൈ പിൻ വലിചിട്ടില്ല… കണ്ണുകളിൽ ആ തിളക്കം ഇന്നുമുണ്ട്…
പക്ഷെ അവയിനി തനിക്ക് സ്വന്തം അല്ലല്ലോ….. മടുക്കുവോളം അവയെ നോക്കിയിരിക്കാനും ചുംബിക്കാനും കഴിയില്ലല്ലോ….. കണ്ണിൽ നീര് ഉരുണ്ടു കൂടിയത് സമർത്ഥമായി മറച്ചു കൊണ്ട് തണുത്ത് ഉറഞ്ഞ കൈതലം അവന്റെ കയ്യോട് ചേർത്ത് വെച്ചു…..
അവനെയൊന്ന് നോക്കാനോ മറുപടി പറയാനോ ത്രാണി ഇല്ലാതെ നിർജീവമായിരിക്കുമ്പോഴും സ്വയം തോറ്റു പോയെന്ന ചിന്ത മനസിനെ കീഴ്പ്പെടുത്തിയിരുന്നു…
സ്വന്തമെന്നു കരുതിയിട്ടും നഷ്ട്ടപെട്ടവയുടെ കണക്കിലേക്ക് പ്രിയമുള്ളൊരാളുടെ പേര് കൂടെ ചേരുന്നു…. ദ്രുപത്….
അവിടെന്ന് ഇറങ്ങി ഒരു യാത്ര പറച്ചില് പോലുമില്ലാതെ നടക്കുമ്പോൾ കാലുകൾ ഇടറിയിരുന്നു…… എന്നിട്ടും ശ്രമപ്പെട്ട് ചലിക്കുമ്പോൾ കാലം തെറ്റിയ മഴയും കൂട്ട് വന്നിരുന്നു… കണ്ണുനീരിനൊപ്പം ആർത്തലച്ച് ഒഴുകിയിരുന്നു….. അവളുടെ നൊമ്പരങ്ങളുടെ മൂക സാക്ഷിയെന്ന പോൽ….