അവിചാരിതം
(രചന: Vandana M Jithesh)
” ചാരുലതയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്??? “അവളുടെ തിളങ്ങുന്ന കണ്ണുകളിൽ ഉറ്റുനോക്കി കൊണ്ട് സുമംഗല ചോദിച്ചു..
” എന്റെ അമ്മയെ കരയാതെ നോക്കണം മാഡം.. അത്രയേ ഉള്ളൂ.. ”
സുമംഗല, അവരുടെ കട്ടിക്കണ്ണട ഒന്ന് ശരിക്കും വെച്ചു.. മുന്നിലിരിക്കുന്ന കുഞ്ഞിനെ നോക്കി..
അവൾക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടാവൂ.. ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺകുട്ടി..
കാഴ്ചയിൽ പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ല.. പിന്നെ എന്താണ് അവളെ തന്റെ മുന്നിൽ എത്തിച്ചത്? അവളുടെ വജ്രം പോലെ തെളിഞ്ഞ മൂർച്ചയുള്ള ഭാഷ!
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന യുവജനോത്സവത്തിൽ നടന്ന മലയാളം ഉപന്യാസത്തിലും, മലയാളം തത്സമയ പ്രസംഗതിലും ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയാണ് അവൾ!
പ്രസംഗമത്സരത്തിൽ മുഖ്യ വിധികർത്താവായി ഇരിക്കുമ്പോളാണ് ആദ്യമായി അവളെ കണ്ടത്! അവളുടെ ചടുലമായ ഭാഷ! തീപ്പൊരി ചിന്തും പോലെയുള്ള സംസാരം!
കയ്യടക്കത്തോടെ അവൾ പറഞ്ഞു നിർത്തിയ കാര്യങ്ങൾ! അവളുടെ ഊഴം കഴിഞ്ഞിട്ടും ആ സ്വരം കാതിൽ അങ്ങനെ അലയടിച്ചു..
അവളെ ഒന്നുകൂടി കാണാൻ ഒരു മോഹം..! പ്രിയപ്പെട്ട ആരെയോ പോലെ.. ഒരുപക്ഷെ അവളിൽ തന്നെ തന്നെ കണ്ടത് കൊണ്ടാവാം..
വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചപ്പോൾ അവർ അതിനുള്ള ഏർപ്പാടുകൾ ചെയ്തു.. അപ്പോളാണ് അവൾക്ക് ഉപന്യാസത്തിലും സമ്മാനം ലഭിച്ച കാര്യം അറിഞ്ഞത്.. ഇത്തവണ അതിശയം തോന്നിയില്ല..
അങ്ങനെ അവളെ കാണാനായി വന്നതാണ്.. അവളുടെ കണ്ണിൽ കൂടുതൽ തിളക്കമുണ്ട്..
ഒരുപക്ഷെ പുസ്തകത്തിലും പത്രത്തിലും മാത്രം കണ്ടിട്ടുള്ള പ്രശസ്ത എഴുത്തുകാരി സുമംഗലാ ദേവിയെ നേരിട്ട് അടുത്ത് കാണുന്നത് കൊണ്ടാവാം..
അവളോട് എന്താണ് ചോദിക്കേണ്ടത്? അതറിയില്ല.. എന്തൊക്കെയോ ചോദിച്ചു..
അവളുടെ ഇഷ്ടവിഷയത്തെ കുറിച്ച്.. ഇഷ്ടപ്പെട്ട എഴുത്തുകാരെ കുറിച്ച് പഠിത്തത്തെ കുറിച്ച്.. എന്തൊക്കെയോ ചോദിച്ചു.. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോൾ അവൾ നേർമയായി ചിരിച്ചു..
” അത്.. എനിക്ക് അമ്മ മാത്രമേയുള്ളൂ മാഡം.. കൂടുതലൊന്നും ചോദിക്കരുത്.. ”
അത് അപേക്ഷ ആയിരുന്നില്ല.. സ്വന്തം ദുഃഖങ്ങൾ എന്നും സ്വകാര്യതയായിരിക്കുമെന്ന ഉറച്ചൊരു തീരുമാനം ആയിരുന്നു..
അപ്പോളും തന്നെ അതിശയപ്പെടുത്തിയത് ഈ പതിനാല് വയസ്സിൽ ഈ കനലെങ്ങനെ അവളുടെ ഉള്ളിൽ വീണുവെന്നാണ്..
അവളുടെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് പറഞ്ഞപ്പോൾ തിളങ്ങിയ കണ്ണുകളിൽ സുമംഗല ഒരു തിരിനാളം കണ്ടു.. യാത്ര പറഞ്ഞു അവൾ പോകുന്നത് സുമംഗല നോക്കി നിന്നു..
” മാഡം.. അടുത്ത തിരിവിലാണ് ആ കുട്ടിയുടെ വീട്.. അതിന്റെ അമ്മയെ കുറിച്ചൊന്നും ആർക്കും അത്ര നല്ല അഭിപ്രായം ഇല്ലാട്ടോ.. വഴി ചോദിക്കുമ്പോ നമ്മളെയും ഒരു വല്ലാത്ത നോട്ടം ”
സുമംഗലയുടെ ഡ്രൈവർ ബേബി പറഞ്ഞു. സുമംഗല ഒന്നും പറഞ്ഞില്ല..
” ആ സ്ത്രീയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയതാണെന്ന്.. ഇവരെന്തോ പണിക്കൊക്കെ പോകുന്നുണ്ട്.. പക്ഷേ ആളത്ര വെടിപ്പല്ല എന്നാണ് സംസാരം..”
മറുപടി കിട്ടാഞ്ഞതും ബേബി സംസാരം നിർത്തി..അല്പം പഴക്കം തോന്നിക്കുന്ന ഒറ്റനില വാർപ്പ് വീടിനു മുന്നിൽ കാർ നിന്നപ്പോൾ സുമംഗല പുറത്തിറങ്ങി. മതിലിനു അപ്പുറത്ത് നിന്നും പാളിനോട്ടങ്ങൾ വരുന്നുണ്ടായിരുന്നു..
” മാഡം…. “ചാരുലത ഓടി വരുന്നുണ്ടായിരുന്നു.. മാഡം എന്നേ കാണാൻ വന്നതാണോ??”
ചെറുതായി അണച്ചു കൊണ്ട് അവൾ ചോദിക്കുമ്പോളും അവളുടെ കണ്ണുകളിൽ തിളക്കമുണ്ടായിരുന്നു.. സുമംഗല അവളെ അരുമയായി തലോടി..
” ചാരൂ “ആ വിളിയ്ക്ക് പിറകിലേക്ക് നോക്കിയ സുമംഗല ഒരു നിമിഷം നോക്കി നിന്നു..
” അമ്മേ.. ഞാൻ പറഞ്ഞില്ലേ.. എന്നേ വിളിപ്പിച്ച ആ മാഡം.. സുമംഗലാ ദേവി ”
ചാരു അമ്മയോട് സ്വകാര്യം പറഞ്ഞപ്പോൾ അവർ ബഹുമാനത്തോടെ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു… സുമംഗല ചാരുവിനെ ചേർത്തു പിടിച്ചു..
” ചാരുവിന്റെ അമ്മയുടെ പേരെന്താ?? “ചായ കൊണ്ടുവന്നപ്പോൾ സുമംഗല ചോദിച്ചു..
” യമുന ” അവർ ചിരിയോടെ പറഞ്ഞു..യമുനാ.. ഞാൻ വന്ന കാര്യം പറയാം.. അന്നത്തെ കലോത്സവത്തിന് ഇവളുടെ പെർഫോമൻസ് കണ്ടപ്പോൾ ഇവളോട് ഒരു അടുപ്പം തോന്നി..
സംസാരിച്ചപ്പോൾ അത് കൂടി.. അതാണ് തിരഞ്ഞു വന്നത്.. ഇവൾക്ക് നല്ല ഒരു ഭാവിയുണ്ട്.. ”
യമുനയുടെ കണ്ണുകൾ നിറഞ്ഞു.. ചാരു സുമംഗല നൽകിയ പുസ്തകങ്ങളുമായി അകത്തേക്ക് നടന്നു
” ഇവളുടെ അച്ഛൻ..?? “അദ്ദേഹവും ഇതുപോലെ ഒരു എഴുത്തുകാരൻ ആയിരുന്നു.. ബാലശങ്കർ.. ഈ പ്രദേശത്തെ ഉത്സവത്തെ പറ്റിയൊക്കെ പഠിക്കാനായി വന്നതായിരുന്നു..
ഇവിടെ അടുത്താണ് താമസിച്ചത്.. എപ്പോളോ.. ഇഷ്ടപ്പെട്ടു.. തിരിച്ചു വരാമെന്നു പറഞ്ഞു പോയതാണ്.. പിന്നെ വന്നില്ല.. അപ്പോളേക്കും.. ചാരു.. ”
യമുനയുടെ കണ്ണുകൾ നിറഞ്ഞു..” എല്ലാവരും പറഞ്ഞു അദ്ദേഹം ചതിച്ചു പോയതാണ് എന്ന്.. എന്തോ.. അത് വിശ്വസിക്കാൻ തോന്നിയില്ല.. എന്നെങ്കിലും തിരിച്ചു വരുമെന്ന ഒരു പ്രതീക്ഷ..
അതിലു ജീവിച്ചു.. അവൾക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ഒക്കെ കിട്ടിയിട്ടുണ്ട്..
എന്നെങ്കിലും അദ്ദേഹം തെരഞ്ഞു വന്നാൽ എനിക്ക് അഭിമാനത്തോടെ മുന്നിലേക്ക് നിർത്തണം.. ”
യമുനയുടെ കണ്ണുകൾ തിളങ്ങി..” യമുന എന്ത് ചെയ്യുന്നു?? “” ഞാൻ ഇവിടെ ഒരു നഴ്സറിയിൽ ടീച്ചർ ആണ്.. പിന്നെ കുറച്ചു കോഴിയും ആടും പച്ചക്കറിയും ഒക്കെയുണ്ട്..
” യമുനയുടെ പേരെന്റ്സ്?? ” അമ്മയും അച്ഛനും ഉണ്ടായിരുന്നു.. അമ്മ ചാരുവിനു നാല് വയസുള്ളപ്പോൾ പോയി.. അച്ഛൻ മരിച്ചിട്ടിപ്പോൾ അഞ്ചു വർഷമായി..”
” ചാരുവിന്റെ അച്ഛനെ പറ്റി അന്വേഷിച്ചില്ലേ പിന്നെ?? “സുമംഗലയ്ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
” ഇല്ലാ മാഡം.. അച്ഛൻ തെരഞ്ഞു പോകാൻ ഇറങ്ങിയതാണ്.. ഞാൻ സമ്മതിച്ചില്ല..
അങ്ങനെ ചെല്ലുമ്പോൾ അരുതാത്ത വല്ലതും കണ്ടാൽ.. അറിഞ്ഞാൽ.. അതിനു വയ്യ.. അതിലും സുഖം വരുമെന്നുള്ള ഈ കാത്തിരിപ്പാണ്.. ”
യമുനയോടൊപ്പം സുമംഗലയുടെ മിഴികളും നിറഞ്ഞു.. എന്ത് ആവശ്യത്തിനും വിളിക്കണം.. ഒരു അമ്മയെ പോലെ കരുതിയാൽ മതി.. കേട്ടോ.. ”
യമുനയുടെ കൈകളിൽ പിടിച്ചു സുമംഗല പറഞ്ഞു.. ചാരുവിനെ കെട്ടിപിടിച്ചൊരു ചുംബനം നൽകി അവർ മടങ്ങി..
” കണ്ണാ ബാലൂ…. നീ ഒളിപ്പിച്ചു വെച്ച നിന്റെ സുന്ദരിക്കുട്ടിയെയും കൂടെ ഒരു കൊച്ചു മിടുക്കിയെയും അമ്മ കണ്ടു പിടിച്ചെടാ..
പക്ഷെ അമ്മ ഒന്നും പറഞ്ഞില്ലാട്ടോ.. അവരെങ്കിലും എന്റെ കണ്ണനെ കാത്തിരുന്നോട്ടെ
ഫോണിൽ തെളിഞ്ഞ ചിത്രം നോക്കി മൗനമായി പറഞ്ഞു സുമംഗല മിഴികൾ പൂട്ടി..
അവരുടെ മനസ്സിലപ്പോൾ പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നോട് വന്നു കൂടെ കൂട്ടാനൊരു സുന്ദരിക്കുട്ടിയെ കണ്ടു പിടിച്ചെന്ന് പറഞ്ഞ ഏകമകൻ ബാലുവിന്റെ മുഖമായിരുന്നു..
അതാരാണെന്ന് തന്നോട് പറയാതെ കളിപ്പിച്ചു നടന്ന അവന്റെ കുസൃതി..
ഒടുക്കം ഒന്നും പറയാതെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ എല്ലാവരെയും പറ്റിച്ചു മാഞ്ഞു പോയ അവൻ!!
അവൻ പറയാതെ പോയ ആ പെൺകുട്ടിയെ ഒരുപാട് അന്വേഷിച്ചിട്ടും കിട്ടിയില്ല.. ഒടുവിൽ ഇതാ.. ഇപ്പോൾ കണ്ടു.. അവളെ.. അവളിൽ ഉരുവായ തന്റെ മകന്റെ രക്തത്തെ…
അവർക്കൊരു കാവലായും തണലായും ഇനി എന്നുമുണ്ടാകുമെന്ന് സുമംഗല മനസ്സിലുറപ്പിച്ചപ്പോൾ,
പണ്ടൊരിക്കൽ പ്രിയപ്പെട്ടവൻ കാണിച്ചു തന്ന അവന്റെ അമ്മയുടെ ചിത്രം ഓർത്തു യമുനയുടെ മിഴികളിലും നീർതുള്ളികൾ തിളങ്ങി..