കള്ളു കുടിച്ച് തെണ്ടി നടക്കുന്ന അയാൾക്ക് ഇതൊന്നും അറിയേണ്ട. വല്ലാത്ത കഷ്ടമാണ് വീട്ടിലെ കാര്യം.

വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് ആ വീട്ടിൽ ജോലിക്ക് പോകുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമാണ്. എന്തോ കട്ടെടുക്കാൻ വരുന്ന ഒരാളെപ്പോലെയാണ് തന്നോടുള്ള പെരുമാറ്റം. ജോലി എല്ലാം ചെയ്തു കഴിഞ്ഞ് അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കയ്യിൽ എന്താ, കവറിൽ എന്താ എന്നെല്ലാം ചോദിച്ചത് പരിശോധിക്കും. വല്ലാത്ത ഒരു സങ്കടമാണ് അപ്പോൾ. നിസ്സഹായയായ ഒരു പെണ്ണിന്റെ സങ്കടം. പോരാത്തതിന് അവരുടെ വായിലിരിക്കുന്നതും കേൾക്കണം. തൂത്തുവാരിയത് അവിടെ ശരിയായില്ല, ഇവിടെ ശരിയായില്ല. എത്ര നന്നായി ചെയ്താലും കുറ്റം മാത്രം. എന്നിട്ട് തരുന്നതോ ഉള്ളതും പിശുക്കിയിട്ട്. ആഹാരം എത്ര ബാക്കി വന്നാലും തരില്ല. അത് ഫ്രിഡ്ജിൽ കേറ്റും. എന്നിട്ട് മനുഷ്യന്മാർക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആകുമ്പോൾ കൊണ്ടു പോയ്ക്കോളാൻ പറഞ്ഞു തരും. എത്ര തവണ അങ്ങനെ വാങ്ങിക്കൊണ്ടുവന്ന് ആർക്കും ഉപകാരമില്ലാതെ തെങ്ങിൻ ചോട്ടിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട് എന്നറിയാമോ.

 

എല്ലാം കഴിഞ്ഞ് ഇനി വീട്ടിൽ ചെന്നാൽ അവിടെയും കാണും പിടിപ്പത് പണി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒരു ഇലപോലും എടുത്തു വയ്ക്കില്ല പെണ്ണ്. പിന്നെയും ആറാം ക്ലാസിൽ പഠിക്കുന്ന ചെറുതാണ് എന്തെങ്കിലുമൊക്കെ സഹായം ചെയ്യുക. ഞാൻ ഈ രണ്ടുമൂന്ന് വീട്ടിലൊക്കെ കയറി പണിയെടുത്ത് കിട്ടുന്നത് കൊണ്ട് വേണം ആ വീട് കഴിയാൻ. കള്ളു കുടിച്ച് തെണ്ടി നടക്കുന്ന അയാൾക്ക് ഇതൊന്നും അറിയേണ്ട. വല്ലാത്ത കഷ്ടമാണ് വീട്ടിലെ കാര്യം. അയാൾ കുടിച്ചു വന്ന് ബഹളം ഉണ്ടാക്കും. വേറെ ഒരു പ്രയോജനവും അയാളെക്കൊണ്ട് ഇല്ല. ഈയിടെ കഞ്ചാവും വലിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നിട്ട് ആരുടെയെങ്കിലുമൊക്കെ മേക്കിട്ട് കയറി തല്ലും കിട്ടി വീട്ടിൽ വന്നു കിടക്കും. ദിവസവും കുടിയും വലിയുമുണ്ട്, അതിനെല്ലാം പൈസ എവിടുന്നാണാവോ ഒപ്പിക്കുന്നത്. അങ്ങനെ ഓരോന്നാലോചിച്ച് വീട്ടിൽ ചെന്ന് കയറി, അംബിക.

 

വീടിന്റെ ഉമ്മറത്ത് തന്നെ അയാൾ കഞ്ചാവ് അടിച്ച് കിറുങ്ങി കിടപ്പുണ്ട്. വീടിനുള്ളിൽ കയറിയപ്പോൾ അവിടെയിരുന്ന് ഭയങ്കര കരച്ചിൽ. ആദ്യം എന്തെങ്കിലും ആകും എന്ന് കരുതി മൈൻഡ് ചെയ്തില്ല. പിന്നെയും അവളുടെ കരച്ചിലിന് ഒരു ആക്കവും ഇല്ല എന്ന് കണ്ടപ്പോഴാണ് അവളോട് ‘എന്താടി’ എന്ന് ചോദിച്ചത്. ഒന്നുമില്ല എന്ന് പറഞ്ഞു, വീണ്ടും പെണ്ണ് കരച്ചിൽ തുടങ്ങി. എല്ലാംകൂടി ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. “നിന്റെ ആരെങ്കിലും ചത്തോ? മര്യാദയ്ക്ക് പറയെടി എന്തിനാണ് നീ കരയുന്നത്?” എന്ന് ചോദിച്ചു അവളോട്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പതിയെ അവൾ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിപ്പോയി. സ്വന്തം അച്ഛൻ മകളെ… ശ്വാസം വിലങ്ങി ഞാൻ അവിടെ ഇരുന്നു. എന്തു ചെയ്യണമെന്ന് അപ്പോൾ ഒരു രൂപവുമില്ലായിരുന്നു. അവളെയും കൂട്ടിപ്പിടിച്ച് കുറച്ച് നേരം ഞാൻ ഇരുന്ന് കരഞ്ഞു.

 

അയാളുടെയും മകളുടെയും കൂടി വയറു നിറയ്ക്കാനാണ് ഞാൻ രാവിലെ ഇറങ്ങി പോകുന്നത്. അപ്പോഴും ഏക ആശ്വാസം അയാൾ ഇവിടെ മക്കൾക്ക് കാവലായി ഉണ്ടല്ലോ എന്നാണ്. ആ അയാൾ തന്നെ. എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. ആളുകൾ അറിഞ്ഞാൽ മകളുടെ ഭാവി. എല്ലാ ചിന്തകളും ഒരു നിമിഷം മനസ്സിലൂടെ പാഞ്ഞു പോയി. ഒടുവിൽ ഒരു തീരുമാനം ഞാൻ തന്നെ എടുത്തു. എന്റെ കുഞ്ഞിനെ മറ്റൊരു കണ്ണിലൂടെ ജനങ്ങൾ ഇനി കാണരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സ്വന്തം അച്ഛൻ എച്ചിൽ ആക്കിയവൾ എന്ന് അവളെക്കുറിച്ച് ആരും പറയരുത് എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ അയാൾക്ക് ശിക്ഷ കിട്ടേണ്ടത് അനിവാര്യമായിരുന്നു, ഒരിക്കലും ഒരാളോടും ഇത്തരത്തിൽ ഒരു അക്രമം അയാൾ ഇനിമേലിൽ കാണിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.

 

മോളോട് വൃത്തിയായി ഒന്ന് കുളിക്കാൻ പറഞ്ഞു. ഒന്നു കുളിച്ചാൽ പോകുന്ന വൃത്തികേട് മാത്രമേ ഇപ്പോൾ മോളുടെ ദേഹത്ത് ഉള്ളൂ എന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി. പാവം കുട്ടി ഞാൻ പറഞ്ഞത് കേട്ട് തലകുലുക്കി സമ്മതിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊടിഞ്ഞു. എങ്ങനെ അയാൾക്ക് തോന്നി ഈ പാവം കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ എന്നായിരുന്നു അപ്പോഴും എന്റെ ചിന്ത. അവളെ മെല്ലെ അനുനയിപ്പിച്ച് അപ്പുറത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു. അപ്പോഴും ഞാൻ ഉറപ്പിച്ചിരുന്നു ഒരു വിധിക്കും അയാളെ ഞാൻ വിട്ടുകൊടുക്കില്ല എന്ന്. അയാളുടെ ശിക്ഷ ഞാൻ തീരുമാനിക്കും, അത് മുഴുവനായി അയാൾ അനുഭവിക്കും. വെയിൽ പെയ്തിറങ്ങിയെങ്കിലും ഉള്ളിൽ വല്ലാത്ത ഒരുതരം കരുത്ത് എനിക്ക് കൂട്ടായി വന്നിരുന്നു.

 

പിന്നെ കയ്യിൽ കിട്ടിയത് ഒരു കമ്പിപ്പാര ആയിരുന്നു. അതുവച്ച് അയാളുടെ കൈയും കാലും എല്ലാം ഞാൻ തച്ചുടച്ചു, ജീവൻ മാത്രം ബാക്കി നിർത്തി. കൊന്നില്ല, കൊന്നാൽ അയാൾക്ക് അത് വലിയൊരു ശാപമോക്ഷം ആകും, അത് പാടില്ല. അങ്ങനെ കയ്യില്ലാതെ, കാലില്ലാതെ അയാൾ ജീവിക്കണം, ഒരു പുഴുവിനെ പോലെ. ഓരോ അടിയിലും അയാളുടെ നിലവിളി എന്റെ കാതിൽ വന്നു പതിച്ചു. ഒരു പോറൽ പോലും സ്വന്തം കുഞ്ഞുങ്ങളുടെ ദേഹത്ത് വീഴരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാവണം അച്ഛൻ. പകരം സ്വന്തം കുഞ്ഞിന്റെ ദേഹത്ത് പോലും കാമം തീർത്ത അയാളോടുള്ള വെറുപ്പ് വീണ്ടും വീണ്ടും അയാളെ അടിക്കാൻ എനിക്ക് പ്രേരണയായി. ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അയാളെ വലിച്ച് വഴിയരികിൽ കൊണ്ടിട്ടു.

 

ആരൊക്കെയോ ചേർന്ന് ആശുപത്രിയിലേക്ക് അയാളെ എടുത്തിട്ട് ഓടുന്നത് ഞാൻ ഉള്ളിലിരുന്ന് കണ്ടിരുന്നു. മദ്യപിച്ച് വഴക്കിട്ടപ്പോൾ ആരോ പക തീർത്തതാവാം എന്ന് ജനങ്ങൾ വിശ്വസിച്ചു. അയാളുടെ രണ്ട് കയ്യും കാലും മുറിച്ചു മാറ്റേണ്ടിവന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ ഏറ്റെടുക്കാൻ എനിക്ക് വയ്യ എന്ന് ഞാൻ അറുത്തുമുറിച്ച് തന്നെ പറഞ്ഞു. ഇന്നയാൾ ഉണ്ട് ഏതോ ഒരു റെയിൽവേ സ്റ്റേഷനിൽ ആളുകളുടെ കാരുണ്യവും കാത്ത്. ഇട്ടുകൊടുക്കുന്ന നാണയത്തുണ്ടിന് ആർത്തിയോടെ. ചിലപ്പോൾ മുഴു പട്ടിണിയിൽ, ചിലപ്പോൾ അര വയർ നിറഞ്ഞ്. നരകിച്ച് നരകിച്ച് ഈ ജീവൻ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച്. അയാൾ ചെയ്തതിന് ഒരു ശതമാനം പോലും ആകുന്നില്ല അത് എങ്കിലും. അയാൾ അങ്ങനെ അനുഭവിക്കട്ടെ.

 

ഇന്ന് എന്റെ കുഞ്ഞിന്റെ ആദ്യത്തെ ദിവസമാണ്, ടീച്ചറായി. അവൾ പഠിച്ച സ്കൂളിൽ തന്നെ അവൾ ടീച്ചറായി കേറുമ്പോൾ എനിക്കും അവൾക്കും വല്ലാത്തൊരു അഭിമാനം ഉണ്ടായിരുന്നു. ജീവിതത്തിൽ അവൾക്ക് സംഭവിച്ച ആ ദുരന്തം പലപ്പോഴും അവളെ വേട്ടയാടിയിരുന്നു. ഉറക്കത്തിൽ പോലും ഭയന്ന് നിലവിളിച്ച് എന്റെ കുഞ്ഞ് ഉറക്കെ കരയുമായിരുന്നു. എന്റെ ചേർത്ത് പിടിക്കലാണ് എല്ലാത്തിൽ നിന്നും അവളെ തിരിച്ചുകൊണ്ടുവന്നത്. ഒരിക്കൽ ആരൊക്കെയോ വിശ്വസിച്ച് അവളെ അവിടെ ഇട്ടിട്ടു പോയതിന് ഉള്ളത് ഞാൻ പിന്നീട് അനുഭവിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് മക്കളുടെ എല്ലാം കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരുന്നു. അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒന്നുമല്ല എന്ന് അവൾ എപ്പോഴും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു, ഒരളവുവരെ ഞാൻ അതിൽ വിജയിക്കുകയും ചെയ്തു. അവൾ പഠിച്ച് ബിഎഡും നേടി, എന്റെ മോഹം പോലെ. ഇന്ന് സ്കൂളിൽ ഒത്തിരി കുഞ്ഞുങ്ങൾക്ക് ക്ലാസ്സെടുത്തു കൊടുക്കുമ്പോൾ, പണ്ടെങ്ങോ നഷ്ടപ്പെട്ട ആത്മാഭിമാനം അവർക്ക് തിരികെ ലഭിച്ചിരിക്കുന്നു.

 

J. K

Leave a Reply

Your email address will not be published. Required fields are marked *