(രചന: AK Khan)
കെട്ട്യേൾക്കൊരു സർപ്രൈസ് ആയിക്കൊട്ടെ എന്ന് കരുതി നാട്ടിലെത്തുന്ന വിവരം അറിയിക്കാതെയാണ് നെടുമ്പാശ്ശേരി വന്നിറങ്ങിയത്. രണ്ടു വർഷത്തിനു ശേഷം കാണുന്നത് അല്ലേ,,, ഒന്ന് ഞെട്ടിച്ചേക്കാം.
ദുബായിക്കാരൻ്റെ പത്രാസ് വിളിച്ചോതുന്ന മൂന്നാല് ആഡംബര പെട്ടികളും, അതിൽ നിറയെ ദുബായ് ലേബലിലുള്ള സാധങ്ങളും കുത്തി നിറച്ച് വിമാനത്താവളത്തിൻ്റെ ഒരു മൂലയിൽ നിന്ന് കൊണ്ട് പ്രിയതമയ്ക്ക് ഒരു ഫോൺ കോൾ……
റിങ്ങ് കേട്ട് മറുതലത്തിൽ ഹലോ കേട്ടതും ഞാനൊരു അഭിനയം വച്ചങ്ങു കാച്ചി.” ഹലോ ഏട്ടാ….”” ആ മോളെ…. എന്നാ ഉണ്ട് വിശേഷം??? നീ ഓഫീസീന്ന് വീട്ടിൽ എത്തിയില്ലെ??”
” ഓ ഏട്ടാ…എത്തി”” പിന്ന മായേ… എന്നാ ചെയ്യാനാ, ലീവ് ഒന്നും കിട്ടുന്ന ലക്ഷണമില്ല, മുതലാളി ഭയങ്കര സ്‌ട്രിക്ട് ആണ്…അടുത്തൊന്നും വരാൻ പറ്റുമെന്ന് തോന്നണില്ല ……..”
എനിക്ക് ചിരി വന്നു.”ഉം…” മറുഭാഗത്ത് നിന്ന് ഒരു മൂളൽ മാത്രം.”അമ്മയും പിള്ളേരുമോക്കെ എന്ത്യെ….?”
” ഓ അവരൊക്കെ രാവിലെ തന്നെ പ്രസാദേട്ടൻ്റെ വീട്ടിൽ പോയി. അമ്മയ്ക്ക് അവിടെ പോണം എന്ന്. അത് കണ്ടതും വലിയച്ഛൻ്റെ വീട്ടിൽ പോവാൻ പിള്ളേർക്കും വാശി….നാളെ വൈകിട്ടെ ഉള്ളൂ ഇനി മടക്കം…”
“അത്ശെരി എന്നാ പിന്നെ നിനക്കും കൂടെ അങ്ങ് പോയ്ക്കൂടായ്ർന്നോ….?
അവിടെ ഒറ്റയ്ക്ക്…..”
” ദേ മനുഷ്യ, എൻ്റേ വായിലുള്ളത് കേൾക്കല്ലു…ഇവിടെ ഓഫീസിൽ നൂറ് കൂട്ടം പണി ഉള്ളപ്പഴാ….”
ഇനി നിന്നാ ചീത്ത വിളി കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.
എൻ്റെ മനസ്സിൽ പെട്ടന്ന് ഒരു ലഡ്ഡു പൊട്ടി.എന്തായാലും എല്ലാരും പോയത് നന്നായി. കെട്ട്യേളെ ഒറ്റയ്ക്ക് കിട്ടുമല്ലോ ഇന്ന്….എന്തൊക്കെയോ കിനാവു കണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു.
പെട്ടികളോക്കെ കയറ്റി വച്ച് ഞാൻ പുറകിൽ കയറി ഇരുന്നു. മുന്നിലിരുന്ന ഡ്രൈവർ എന്നെ നോക്കി എങ്ങോട്ടാ പോകേണ്ടത് എന്നുള്ള ആംഗ്യം!ഞാൻ വഴി പറഞ്ഞു കൊടുത്തു.പെട്ടന്ന് എൻ്റെയുള്ളിൽ ഒരു ചിന്ത.
അല്ല! എനിക് ലീവ് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവൾക്ക് യാതൊരു ഭാവഭേദവും ഇല്ലാത്തത് എന്താവാം..?
സാധാരണ പ്രസദേട്ടൻ്റെ വീട്ടിലേക്ക് പോകാൻ മുട്ടി നിക്കുന്നവൾ അല്ലേ ലവൾ….? ഏട്ടത്തിയെ കാണാൻ….!
ഇനി അവൾക്ക് വല്ല രഹസ്യ കാമുകനും ഉണ്ടാവോ….? രണ്ടു കൊല്ലം ഞാനില്ലാത്തത് കൊണ്ട് എങ്ങാനും അവൾ…..?!??
ദ്രോഹി… കൊല്ലും ഞാൻ രണ്ടിനേം.
എൻ്റെയുള്ളിൽ പല സംശയങ്ങളും ഉയർന്നു
ദൈവമേ, ഇന്ന് അവൾ ഒറ്റയ്ക്ക് ആണല്ലോ വീട്ടില് …ഓഹോ അപ്പോ അതാണ് പിള്ളേരെ കൂടി കേറ്റിവിട്ടത്. അവളുടെ ജാരൻ വരാമെന്ന് പറഞ്ഞ് കാണും.
ഇനി ശെരിക്കും അങിനെ ഒരാള് ഉണ്ടാവുമോ? ഉണ്ടാവും ഉണ്ടാവും… ഈയിടെയായി താൻ വിളിക്കുമ്പോൾ ഒന്നും അവൾക്ക് വലിയ ഇൻ്ററസ്റ്റില്ല….
അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അവൻ ഏതായാലും ഇന്ന് വരാതിരിക്കില്ല.
രണ്ടിനെയും കയ്യോടെ പൊക്കണം.
ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു. എൻ്റെ ചോര തിളയ്ക്കുന്നുണ്ടായിരുന്നു.” ഡ്രൈവർ, വണ്ടി ഹോട്ടൽ പ്ലാസയിലേക്ക് വിടൂ…” രാത്രി ചെന്ന് രണ്ടിനെം കയ്യോടെ പോക്കാം എന്ന് കരുതി ഞാൻ പറഞ്ഞു.
ആരാടോ തൻ്റെ ഡ്രൈവർ എന്ന ഭാവത്തോടെ അയാൾ എന്നെ രൂക്ഷമായി നോക്കി.ഞങ്ങൾ ഹോട്ടൽ പ്ലാസയിൽ എത്തി.” ഡ്രൈവർ ഒരു രണ്ട് മണിക്കൂർ താങ്കൾ ഇവിടെ വെയ്റ്റ് ചെയ്യണം….കൂലി തരാം ”
ഇതും പറഞ്ഞ് ഞാൻ ഇറങ്ങി. അയാൾ വീണ്ടും എന്നെ രൂക്ഷമായി നോക്കി.ഞാൻ മുറിയെടുത്തു. കുളിച്ചു ഫ്രഷ് ആയി. ബാഗ് തുറന്ന് ഒരു മുണ്ട് എടുത്ത് ഉടുത്തു. മൊബൈൽ നോക്കിയപ്പോ സമയം 9 കഴിഞ്ഞു…. പ്രിയതമയുടെ നമ്പർ എടുത്ത് ഒരു വിളി…
എന്താണെന്ന് അറിയണമല്ലോ….”ഹലോ…” ഞാൻ ഗൗരവം വിട്ടില്ല.” ദേ….മനുഷ്യ നിങ്ങൾക്ക് വേറേ പണി ഒന്നും ഇല്ലെ അവിടെ…. എപ്പഴും ഇങ്ങനെ വിളിക്കണത് എന്തിനാണ്….?”
എടീ…നിനക്കിപ്പൊ എൻ്റെ വിളി ശല്യമായല്ലേഡീ…. ഓ നിൻ്റെ ജാരൻ വന്ന് കാണുമായിരിക്കും…ഞാൻ പല്ലിറുക്കി കൊണ്ട് ചിന്തിച്ചു.
” സോറി മോളെ… നീ ഫുഡ് കഴിച്ചോ എന്നറിയാൻ വിളിച്ചത്…”” ഏട്ടാ, അതൊക്കെ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്…ഫുഡ് കൊണ്ട് ആളിപ്പോ വരും”
അമ്പടി കേമി…അപ്പോ അവൻ ഇന്ന് വരുന്നുണ്ട്….എൻ്റെ ഊഹം തെറ്റിയില്ല. അയൽക്കാർക്ക് ഒന്നും ഡൗട്ട് അടിക്കാതിരിക്കാൻ ഡെലിവറി ബോയ്ഡെ വേഷത്തിൽ ആണല്ലേ അവൻ വരണത്… വഞ്ചകി..
ദുബായിൽ കിടന്ന് ഞാൻ എല്ലുമുറിയെ പണിയെടുക്കുന്നു…നീ ഇവിടെ കണ്ടവൻ്റെ കൂടെ അഴിഞ്ഞാടുന്നു…. നടക്കില്ലെടി, രണ്ടിനേം ഞാൻ കയ്യോടെ പോക്കും ഇന്ന്….
ഞാൻ ഫോൺ വച്ചു. പത്തു മണി ആയപ്പോൾ റൂം വെക്കേറ്റ് ചെയ്തു ടാക്സിക്ക് അടുത്തെത്തി. ഡ്രൈവർ സീറ്റിൽ ഇരുന്നു ഉറങ്ങുന്നു.
ഞാൻ തൊണ്ട ഒന്ന് കനപ്പിച്ച് സൗണ്ട് ഉണ്ടാക്കി. അയാൾ ചാടി എഴുന്നേറ്റു.” ഡ്രൈവർ വണ്ടിയെടുക്കൂ….” ഞാൻപിറകിൽ കയറി ഇരുന്നു പറഞ്ഞു.
ഇത്തവണ, അയാൾ തിരിഞ്ഞു കൊണ്ട് അരിശത്തോടെ പറഞ്ഞു.”അതെ, എൻ്റെ പേര് ഡ്രൈവർ എന്നല്ല…കേട്ടോ, എനിക്ക് ഒരു പേരുണ്ട് സോമൻ ! ”
” എന്നാല് സോമൻ വണ്ടിയെടുക്കൂ….” ഞാനൊരു കൂസലും ഇല്ലാതെ പറഞ്ഞു
എന്താണെന്ന് അറിയില്ല ,അയാൾ ദേഷ്യത്തോടെ മുഖം തിരിച്ച് കളഞ്ഞു…അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഇന്ന് എന്തെങ്കിലുമൊക്കെ നടക്കും. ഞാൻ മനസ്സിൽ കണക്കു കൂട്ടി. വീട് എത്തുന്നതിനു ഒരു അമ്പത് മീറ്റർ ഉള്ളപ്പോൾ ഞാൻ വണ്ടി നിറുത്താൻ പറഞ്ഞു.
വീടിനു മുന്നിൽ നിറുത്തിയാൽ വണ്ടിയുടെ ശബ്ദം കേട്ട് അവൻ ഓടി കളഞ്ഞാലോ….? എൻ്റെ ബുദ്ധി വിമാനം പോലെ പറന്നു.
സോമൻ പെട്ടിയിറക്കി വച്ചിട്ട് കൂലി ചോദിച്ചു..കൂലിയും കൊടുത്ത് അയാളെ പറഞ്ഞ് വിട്ടു.
ദൈവമേ, ഈ പെട്ടിയോക്കെ ഞാൻ ചുമക്കണമല്ലോ…..മര്യാദയ്ക്ക് അയാളോട് പറഞ്ഞാൽ മതിയായിരുന്നു..ഒരു 50 രൂപ എക്സ്ട്രാ കൊടുക്കായിരുന്ന്. ഒരു വിധേന അതും ചുമന്ന് ഗേറ്റിനു മുന്നിലെത്തി.
ഞാൻ സൂക്ഷിച്ചു നോക്കി. അതാ ബെഡ്റൂമിൽ ലൈറ്റ് ഒണ്ട്…ഓഹോ, അപോ അവൻ വന്നിട്ടുണ്ട്…രണ്ടും കൂടി അകത്ത് പരിപാടി തുടങ്ങി കാണും….
എൻ്റെ ഞരമ്പ് കിടന്ന് പിടച്ചു..ഞാൻ ചുറ്റിനും നോക്കി. അയൽവീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ആണ്…
ഞാൻ ഗേറ്റ് തുറന്ന് പതിയെ ബെഡ്റൂമിൻ്റെ ജനാല ലക്ഷ്യം വച്ച് നടന്നു…അകത്ത് നിന്ന് അവളുടെ ശബ്ദം കേൾക്കുന്നുണ്ട്, പക്ഷേ അവൻ്റെ ശബ്ദം ഇല്ല…
ഞാൻ ജനാലയോട് ചേർത്ത് ചെവി വച്ചു. ഇല്ല! അവൻ്റെ ശബ്ദം ഇല്ല…പക്ഷേ കെട്ട്യേൾടെ ചിരിയും ബഹളവും കേൾക്കാം…..
പെട്ടന്നാണ് അത് സംഭവിച്ചത്.
കെട്ട്യേൾ എന്തോ കളയാൻ വേണ്ടി ജനാല തുറന്നപ്പോഴാണ് ഇരുട്ടത്ത് നിഴൽ പോലെ നിക്കുന്ന എന്നെ കണ്ടു കീറി വിളിച്ചത് ….
എന്ത് ചെയ്യണം എന്നറിയാതെ ഞാനാകെ പരിഭ്രമിച്ചു നിന്നു.
അവൾ കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി….
നാശം..അവളുടെ വിളി കേൾക്കാൻ കാത്തിരുന്നെന്നോണം അയലത്തെ പ്രഭകരെട്ടനും, കിഷോർ അണ്ണനും, എന്തിന് ജോലിയും കൂലിയുമില്ലാത്ത പശുപതി വരെ ഓടി അവിടെ എത്തി.
ഇവനൊക്കെ ഇത് എവിടേന്ന് വന്നത്…എന്തെങ്കിലും ആവശ്യത്തിന് ഒന്ന് ഫോൺ വിളിച്ചാൽ പോലും വരാത്ത കൂട്ടങ്ങൾ ആണ്…. അയലത്തെ ലൈറ്റുകൾ എല്ലാം തെളിഞ്ഞു.
ഇനി ഇവിടെ നിക്കുന്നതു ബുദ്ധി അല്ല….
സ്വന്തം വീട്ടിൽ ഒളിഞ്ഞു കേറി
എന്ന് നാട്ടുകാർ അറിഞ്ഞാൽ അതിലും
വലിയ നാണക്കേട് വരാനില്ല… ദുബായിക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. അന്തസ്സ് ആണ് വലുത്.
ഞാൻ പതുക്കെ പുറത്തെ കുളിമുറിക്ക് സൈഡിലേക്ക് ഒളിഞ്ഞു നിന്നു.കെട്ട്യേൾ ഓടി ഉമ്മറത്തെത്തി അവരോടൊക്കെ വലിയ വായിൽ എന്തൊക്കെയോ പറയാണ്… “ആഹാ എന്നാ അവനെ പിടിക്കണമല്ലോ” എന്ന മട്ടിൽ അവർ ചുറ്റും പരതാൻ തുടങ്ങി. നാലഞ്ച് പേരും കൂടെ പുതുതായി എത്തി…
ഈശ്വരാ! എല്ലാം കയ്യിന്ന് പോവോ? കാലമാടന്മാരു!! ഗുണം പിടിക്കില്ല ഒന്നും. ഞാൻ ദേഷ്യത്തിൽ പിറുപിറുത്ത്.പശുപതി നേര അങ്ങോട്ട് വരുന്നത് കണ്ട് ഞാൻ മാക്സിമം സൈഡിലോട്ടു ഒതുങ്ങി.
ഇവന് ആരെങ്കിലും കുളിമുറിയില് കൈവശം കൊടുത്തിട്ടുണ്ടോ? പഹയൻ!
വെറുതെയല്ല, ഇവൻ്റെ കെട്ട്യേൾ ഇവനെ ഇട്ടേച്ച് പോയത്. ഹും!
ഇരുട്ടത്ത് അവിടെ നിന്നിട്ടും തന്നെ കാണാതെ പോകുന്ന പശുപതിയ നോക്കി ചിരിക്കുമ്പോൾ ആണ് അടുത്തുള്ള ഒരു സ്റ്റീൽ ബക്കറ്റ് എൻ്റെ പെട്ടിയിൽ ഇടിച്ച് മറിഞ്ഞ് വീണത്.
തിരിഞ്ഞ് നടന്ന പശുപതി വാണം വിട്ട പോലെ തിരിച്ച് വന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഞാൻ പതുങ്ങി നിക്കുന്ന്. പിന്നെ പറയാൻ ഒണ്ടോ കാര്യം.
” പ്രഭാകരെട്ടാ, കിഷോറണ്ണ…ഓടി വാ ആളെ കിട്ടിയിട്ടുണ്ട്…. കുമാരേട്ടോ ഓടി വാ….” ഇതും പറഞ്ഞ് പഹയൻ എൻ്റെ മേലോട്ട് ഒരു ചാട്ടം ….
” എടാ ഇത് ഞാനാ, പശു….”പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല. അതിനു മുമ്പ് അവൻ്റെ കയ്യ് എൻ്റെ മൂക്കാം മണ്ടയ്ക്ക് ആയിരുന്നു വീണത്.
“ഹമ്മെ…” കയ്യിൽ പെട്ടിയുള്ളത് കൊണ്ട് എനിക്ക് ഒന്ന് അനങ്ങാൻ പോലും ആയില്ല….അപ്പഴേക്കും വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുമായി പട എത്തിയിരുന്നു. ഇതിനിടയിൽ ആ നായിൻ്റെ മോൻ എൻ്റെ മുണ്ട് പറിച്ച് തലയിൽ കെട്ടി…..
തലമണ്ടയ്ക്കിട്ട് രണ്ടെണ്ണം തന്ന് ….
കണ്ണു കാണാതെ കയ്യിൽ പെട്ടികളും പിടിച്ച് ഇരിക്കുന്ന എന്നേ പെപ്പട്ടികളുടെ ഇടയിലേക്ക് ഇറച്ചി കഷ്ണം എറിഞ്ഞു കൊടുക്കുന്നത് പോലെ ആ ദ്രോഹി എറിഞ്ഞു കൊടുത്തു.
പിന്നെ മാരക ഇടിയായിരുന്നു.ചടപറ നാല് ഭാഗത്തു നിന്നും കിട്ടി. ഉടുതുണി ഇല്ലാതെ ഞാൻ മണ്ണിൽ കിടന്ന് ഞെരങ്ങി. ഇടയ്ക്ക് സാമാനത്തിലിട്ടും ചവിട്ടു കിട്ടുന്നുണ്ടായിരുന്നു. എൻ്റെ കിളി പോയി….
എന്തോരം പ്രതീക്ഷകൾ ആയിരുന്നു…കയ്യ് രണ്ടും അണ്ടർവയറിലോട്ട് പൊത്തി പിടിച്ചു.
ഇതിനിടയിൽ ആരോ പറയണത് കേട്ട്:
” കണ്ടില്ലേ അവൻ്റെ കൈ നിറയെ പെട്ടികളാ….ഇതെതോ കൂടിയ ടീമാ…മോഷ്ടിക്കാൻ ആയിരുന്നു ഉദ്ദേശം.
ഇവൻ ഒറ്റയ്ക്കായിരിക്കില്ല…
കൂട്ടിന് വേറെയും കാണും..
കുമാരോ നീ പോലീസിനെ വിളി…”
ഇത് കേട്ടതും ഞാൻ ഒന്ന് ഞരങ്ങി.അപ്പോഴേക്കും എൻ്റെ പ്രിയ പത്നി അങ്ങോട്ടേക്ക് വന്നിരുന്നു. അവന്മാരെല്ലരും കൂടി എൻ്റെ പെട്ടി കുത്തി കീറി സാമാനങ്ങൾ പുറത്തിട്ട്….
ദുബായ് മുട്ടായിയും ശാമ്പൂവും സ്പ്രെയും സോപ്പും കണ്ട് അവർ അന്തം വിട്ട് കാണണം….എന്തോ സംശയം തോന്നി ആരോ എൻ്റെ തലയിൽ നിന്ന് മുണ്ട് മാറ്റി….” അയ്യയ്യോ…പ്രകാശേട്ടൻ…..?!!!”
കെട്ട്യേൾടെ അലർച്ച കേട്ടതും അവിടെ കൂടിയിരുന്നവർ അമ്പരന്നു എന്നെ നോക്കി.
മൂക്കും തടവി തലയിൽ കയ്യ് വച്ച് അവിടെ കുത്തിയിരിക്കുന്ന എന്നെ കണ്ട് അക്ഷരാർത്ഥത്തിൽ എല്ലാരും ഞെട്ടി എന്ന് തന്നെ പറയാം….
ഞാൻ എല്ലാവരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു… ചിരി വരണില്ല, അമ്മാതിരി ഇടിയല്ലെ ഇടിച്ചത്.. എൻ്റെ കണ്ണുകൾ പശുപതിയെ തിരയുന്നുണ്ടായിരുന്നു. അവൻ്റെ പൊടി പോലുമില്ല!
” അല്ല!!? ഇതാരു പ്രകാശനോ…? നീ എപ്പഴാ ദുബായ്ന്ന് വന്നേ… അല്ല!! അതൊക്കെ പോട്ടെ നീ എന്തിനാ കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും വന്നത്…?” പ്രഭാകരെട്ടൻ ആയിരുന്നു അത്…ഞാൻ ആകെ ചമ്മി നാറി…
‘” അത് പിന്നെ പ്രഭാകരെട്ടാ…, അത്… കെട്ട്യേൾക്കൊരു… സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ഞാൻ………”‘
ഇത് കേട്ടതും എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി. പെട്ടന്ന് അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി. കള്ളക്കൂട്ടങ്ങൾ, ഒരാളെ അടിച്ച് അവശനാക്കിയിട്ട് നിന്ന് ചിരിക്കേയാണ്…
“ഹമ്മേ …” എനിക്ക് ദേഷ്യം വന്നു.കെട്ട്യേൾ അപ്പഴും വായും തുറന്ന് എന്നെയും നോക്കി നിക്കുവാണ്…..
ഞാൻ ഷർട്ടിൻ്റെ തുമ്പ് കൊണ്ട് മാനം മറയ്ക്കാൻ ശ്രമിച്ച് ചമ്മലോടെ അവളെ നോക്കി. താടിക്ക് കൈയ്യും കൊടുത്ത് നിക്കാനെ അവൾക്ക് കഴിഞ്ഞുള്ളൂ …
ഏതായാലും അണ്ടെർവേയർ ഇട്ടത് നന്നായി…മാനം പോയില്ലാലോ! മുണ്ട് പറിച്ചൂരിയ പശുപതിയുടെ തന്തയെ നൂറാവർത്തി ഞാൻ മനസ്സിൽ സ്മരിച്ചു….. എന്തായാലും കെട്ട്യേൾ ഞെട്ടിയല്ലോ.. എനിക്കതുമതി…..