ഡീ ഒരുമ്പെട്ടവളെ ഏതവന്റെ കൂടെ കിടക്കാൻ ആണെടീ നീ രാവിലെ എഴുന്നേറ്റ് ഇവിടെനിന്ന് അണിഞ്ഞൊരുങ്ങി പോകുന്നത്

(രചന: അംബിക ശിവശങ്കരൻ)

വൈകുന്നേരം സ്കൂൾ വിട്ടു വന്ന് പഠിക്കാൻ പുസ്തകം തുറന്നു വച്ചപ്പോഴാണ് പതിവുപോലെ അച്ഛൻ നാലു കാലിൽ വരുന്നത് അപ്പു കണ്ടത്. അവൻ അവിടെ നിന്നും എഴുന്നേറ്റ് വേഗം മുറിക്കകത്ത് ചെന്നിരുന്നു.

വാതിലില്ലാത്ത മുറി ആയിരുന്നതുകൊണ്ട് തന്നെ പുറത്തുള്ള സംസാരമെല്ലാം തന്റെ ശ്രദ്ധയെ ഇല്ലാതാകും എന്ന് അവന് അറിയാമായിരുന്നു. വന്നതും അയാൾ അമ്മയുമായി വഴക്ക് തുടങ്ങി കഴിഞ്ഞിരുന്നു.

“ഡീ ഒരുമ്പെട്ടവളെ ഏതവന്റെ കൂടെ കിടക്കാൻ ആണെടീ നീ രാവിലെ എഴുന്നേറ്റ് ഇവിടെനിന്ന് അണിഞ്ഞൊരുങ്ങി പോകുന്നത്?. ഞാൻ കുടിച്ചു ബോധമില്ലാതെ കിടന്നാൽ പിന്നെ നിനക്ക് സൗകര്യം ആയല്ലോ.. ഏതവനെ വിളിച്ച് അകത്ത് കേറ്റിയാലും ഞാൻ അറിയില്ലല്ലോ..” പതിവ് തെറിവിളികൾ തുടങ്ങി കഴിഞ്ഞിരുന്നു.

അമ്മ എന്തോ എതിർത്ത് പറഞ്ഞതും രണ്ടുമൂന്ന് അടി അമ്മയുടെ ചെകിട് നോക്കി പൊട്ടിച്ചു.
അവൻ ഓടിച്ചെന്ന് അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചതും അമ്മ അവന് നേരെ തിരിഞ്ഞു.

” നീ ഇതിൽ ഇടപെടേണ്ട അച്ഛന് നേരെ ആണോടാ കൈ ഉയർത്തുന്നത്? “എത്ര കിട്ടിയാലും, എന്ത് ചെറ്റത്തരം കാണിച്ചാലും, പറഞ്ഞാലും മുതിർന്നവരെ തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ പാടില്ല എന്ന അമ്മ അടക്കം ഉള്ളവരുടെ ചിന്താഗതി തന്നെയല്ലേ ഇത്തരക്കാർക്ക് വളം വെച്ച് കൊടുക്കുന്നത്?

“അവൻ എന്നെ തല്ലട്ടെടി.?? നിന്റെയല്ലേ വിത്ത്.. ഇവൻ എനിക്ക് തന്നെ ഉണ്ടായതാണെന്ന് ആർക്കറിയാം..” അവന്റെ രക്തം തിളച്ചു വന്നെങ്കിലും ഒന്നും മിണ്ടിയില്ല.

“എനിക്ക് നാളെ പരീക്ഷയാണ്. പഠിക്കണം. നിങ്ങൾ ഇങ്ങനെ കിടന്നു ഒച്ച വെച്ചാൽ ഞാൻ എങ്ങനെ പഠിക്കാനാണ്?” അവൻ നിസ്സഹായനായി പറഞ്ഞു.

” ഓ പഠിച്ചിട്ട് അവൻ കളക്ടർ ആകാൻ പോകുകയല്ലേ..നീയൊന്നും എവിടെയും എത്താൻ പോകുന്നില്ല കഴിവേറിടെ മോനെ.. ”

അതു പറഞ്ഞതും അവന്റെ ബുക്കുകൾ പുറത്തേക്കു വലിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു. അവന് അത് കണ്ടതും കരച്ചിൽ വന്നു.ഓടിച്ചെന്ന് അതെല്ലാം പെറുക്കി എടുക്കുമ്പോൾ അമ്മ പോലും തനിക്ക് വേണ്ടി ഒരു വാക്ക് പറയുന്നില്ല എന്നത് അവനെ ഏറെ നോവിച്ചു.

എല്ലാ ബഹളവും കഴിഞ്ഞ് അയാൾ ഉറങ്ങിയ നേരമാണ് അവൻ പഠിക്കാനിരുന്നത്. തന്റെ സഹപാഠികൾ എല്ലാം എത്ര സുരക്ഷിതമായ അവസ്ഥയിൽ ഇരുന്നാകും പഠിക്കുന്നുണ്ടാവുക? ഇവിടെ തന്റെ മാതാപിതാക്കൾ തന്നെ തന്റെ വിദ്യാഭ്യാസത്തിന് ഒരു വെല്ലുവിളി ആയിരിക്കുകയാണ്.

“അപ്പു നേരം കുറെ ആയല്ലോ നീ കിടക്കുന്നില്ലേ?” രാത്രി ഏറെ വൈകിയപ്പോൾ അവർ അവന്റെ അരികിൽ വന്നു.

“ഞാനിപ്പോൾ പത്തിലാണ് ആ ഒരു ചിന്ത എങ്കിലും നിങ്ങൾക്കുണ്ടോ അമ്മേ? എന്നും ഇങ്ങനെ ഒച്ചയും ബഹളവും വഴക്കും ആയാൽ എങ്ങനെയാണ് ഞാൻ സമാധാനത്തോടെ പഠിക്കുന്നത്? അമ്മ അച്ഛന്റെ തെമ്മാടിത്തരങ്ങളൊക്കെ അംഗീകരിച്ചു കൊടുക്കുന്നത് കൊണ്ടല്ലേ അച്ഛൻ എന്നും ഇത് ആവർത്തിക്കുന്നത്?” അവന്റെ കണ്ണ് നിറഞ്ഞു.

” അച്ഛൻ മദ്യപിക്കുമ്പോൾ മാത്രമല്ലേ മോനേ ഇങ്ങനെയൊക്കെ പ്രശ്നമുള്ളൂ.. അത് നമ്മൾ അങ്ങ് കണ്ടില്ലെന്നു നടിച്ചാൽ പോരെ? എത്ര ദുഷ്ടനായാലും കൊള്ളരുതാത്തവൻ ആയാലും ഒരു പെണ്ണിന് അവളുടെ കഴുത്തിൽ

താലികെട്ടിയ പുരുഷൻ തന്നെയാണ് വലുത്.അയാളെ കഴിഞ്ഞെ അവൾക്ക് മറ്റെന്തും ഉണ്ടാകുകയുള്ളൂ. ഒരു പെണ്ണിന് ആണ് തുണയില്ലാതെ ജീവിക്കുക എന്ന് പറഞ്ഞാൽ അത് അത്ര എളുപ്പമല്ല. ”

തന്റെ അമ്മയോട് ഇനി എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല എന്ന് തോന്നിയതിനാൽ അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

പരീക്ഷക്ക് താൻ വിചാരിച്ചത് പോലൊരു പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിൽ അവന് വല്ലാത്ത നിരാശ തോന്നി. സത്യം പറഞ്ഞാൽ തന്റെ വീട് നരകത്തിന് തുല്യമാണെന്ന് അവൻ തിരിച്ചറിഞ്ഞു.

വർഷങ്ങൾ കടന്നുപോയി ഇഷ്ടപ്പെട്ട വിദ്യാഭ്യാസം നേടാനോ ആഗ്രഹിച്ച തരത്തിൽ ഒരു ജോലി നേടാനോ അവന് സാധിച്ചില്ല.ഇന്ന് അവന് ഇരുപത്തി മൂന്നു വയസ്സാണ്. അവന്റെ രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റങ്ങൾ സംഭവിച്ചു

എങ്കിലും മാറ്റമില്ലാതെ തുടർന്നത് വീട്ടിലെ അവസ്ഥയ്ക്ക് മാത്രമാണ്. അച്ഛൻ ഇപ്പോഴും മൂക്കുമുട്ടെ കുടിക്കുന്നു, നാലുകാലിൽ വീട്ടിൽ വരുന്നു, അമ്മയെ അസഭ്യം പറയുന്നു, അടിക്കുന്നു, വഴക്കിടുന്നു.

ഈ കാരണങ്ങളാൽ തന്നെ തന്റെ അച്ഛൻ എന്ന ആ മനുഷ്യനോട് അടങ്ങാത്ത അറപ്പും വെറുപ്പും ആയിരുന്നു അവന്റെ ഉള്ളിൽ. അയാളുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ മുതിർന്ന ഒരാൺകുട്ടി എന്ന നിലയ്ക്ക് കൈ തരിച്ചു

വരാറുണ്ട്. പക്ഷേ അവൻ പ്രതികരിക്കാൻ തുനിയുമ്പോഴൊക്കെയും അമ്മ അവനെ ശാസിക്കും. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞ് എത്തിയ ഉടൻ സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയാൽ രാത്രി ഏറെ വൈകിയാണ് അവൻ വീട്ടിൽ തിരിച്ചെത്തിയിരുന്നത്.

“എടാ ഇന്നെങ്കിലും നീയൊരു പെഗ്ഗ് കഴിക്കെടാ അപ്പു…എന്റെ ഒരു സന്തോഷത്തിനു വേണ്ടിയല്ലേ.. വേറൊരു ദിവസവും ഞാൻ നിന്നെ നിർബന്ധിച്ചിട്ടില്ല ല്ലോ..ഇന്നൊരു ദിവസം നീ ഞങ്ങളോടൊപ്പം കൂടെടാ..”

സുഹൃത്ത് അനൂപിന്റെ വിവാഹ തലേന്ന് സുഹൃത്തുക്കളൊക്കെ ചേർന്ന് മദ്യപിക്കുമ്പോൾ അനൂപ് പറഞ്ഞെങ്കിലും അവനത് സ്നേഹപൂർവ്വം നിരസിച്ചു.മറ്റൊന്നും കൊണ്ടല്ല അച്ഛൻ ചെയ്യുന്ന ദുഷ്ടതരങ്ങൾക്കൊക്കെ കാരണം മദ്യം ആണെന്ന് ചെറുപ്പത്തിലെ

മനസ്സിലാക്കിയ താൻ ജീവിതത്തിൽ ആദ്യമായി വെറുത്തത് ഈ ലഹരിയെ ആയിരുന്നു. അന്നേ മനസ്സിൽ ശപഥം എടുത്തതാണ് ജീവിതത്തിൽ ഒരിക്കലും മദ്യം രുചിച്ചു പോലും നോക്കില്ലെന്ന്. തന്റെ മരണം വരെ താനത് പാലിക്കുകയും ചെയ്യും. അവൻ മനസ്സിൽ ഉറപ്പിച്ചു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി അന്ന് ഒരു പ്രവർത്തി ദിവസം ആയിരുന്നുവെങ്കിലും നല്ലതുപോലെ തലവേദന തോന്നിയിരുന്നതുകൊണ്ട് തന്നെ അവൻ ലീവ് എടുത്തു. അച്ഛന്റെ

രാവിലെ തന്നെ പണിക്ക് പോകുന്നത് കണ്ടാണ് സമാധാനത്തോടെ മുറിയിൽ വന്നു കിടന്നതെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ പണിയില്ലാതെ തിരിച്ചു വന്ന അച്ഛനെ കണ്ട് അവന്റെ തലവേദന കൂടി.

പണിയില്ലാതെയാണ് വന്നതെങ്കിലും രാവിലെ തന്നെ നല്ലപോലെ മദ്യപിച്ചിരുന്നു. വന്നതും അമ്മയോട് തോന്നിവാസം പറയാൻ തുടങ്ങി. അമ്പലത്തിൽ പോകാൻ ഒരുങ്ങുന്ന അമ്മയെ നോക്കി അതും ഇതും പറയുന്നത് കേട്ട് കുറെ നേരം അവൻ മിണ്ടാതെ കിടന്നെങ്കിലും അയാളുടെ ഓരോ വാക്കുകളും അവന്റെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു.

“ഞാൻ പണിക്ക് ഇറങ്ങിയതും അവൾ ഇറങ്ങിപ്പുറപ്പെട്ടു ഒരുമ്പെട്ടവള്… ഞാനിപ്പോ കേറി വന്നതുകൊണ്ട് അവളുടെ അഴിഞ്ഞാട്ടം കാണാൻ പറ്റി. ഇന്ന് ആരെ വശീകരിക്കാനാണെടി തേവിടിശി നിന്റെ ഒരുക്കം. ഓഹ് നാല്പത്

കഴിഞ്ഞെങ്കിൽ എന്താ ആരെയും വീഴ്ത്താൻ പറ്റിയ ശരീരം അല്ലേ.. നാലാണുങ്ങളെ കാണിക്കാൻ അല്ലേടി നീ ഈ വയറും പുറത്തിട്ട് രാവിലെ തന്നെ സാരിയും ചുറ്റി ഇറങ്ങുന്നത്?”

ക്ഷമയുടെ നെല്ലിപ്പലക കടന്നതും അവൻ അവിടെ നിന്ന് ചാടി എഴുന്നേറ്റു. ഉമ്മറത്ത് ആടിയാടി നിന്നിരുന്ന അയാളെ കണ്ടതും അവന്റെ കോപം തീ ജ്വാലയായി ആളിക്കത്തി. സർവ്വ ശക്തിയുമെടുത്ത് അയാളുടെ കഴുത്ത് ഞെരിച്ച് ചുമരോട് ചേർത്ത് നിർത്തിയതും അയാളുടെ

കണ്ണുകൾ തുറിച്ചു. കഴുത്തിലെ പിടുത്തത്തിന്റെ ശക്തി മുറുകുംതോറും അയാൾ ശ്വാസത്തിനുവേണ്ടി പരാക്രമം കൊണ്ടു അപ്പോഴേക്കും അവർ ഓടി വന്ന് അവനെ പിടിച്ചുമാറ്റി.

“എടാ വിടെടാ അയാൾ ചത്തുപോകുമെടാ.” അവർ പിടിച്ചുതള്ളിയതും ഒരു നിമിഷം അവൻ അയാളുടെ പിടിവിട്ടു.

” എന്താ അപ്പു നിനക്ക് ഭ്രാന്തായോ? സ്വന്തം അച്ഛനാണെന്ന് വിചാരമില്ലാതെ ആയോ നിനക്ക്? ” അവർ അവനെ ശകാരിച്ചു.

” മിണ്ടരുത്.. നിങ്ങൾ ഒറ്റ ഒരാളാണ് ഇയാളുടെ തോന്നിവാസങ്ങൾക്കിങ്ങനെ വളം വച്ചുകൊടുത്തത്. അച്ഛനായാൽ എന്താ എല്ലാ ചെറ്റത്തരങ്ങളും കണ്ടു മിണ്ടാതെ നിൽക്കണം എന്നാണോ? അതിന് ജന്മം നൽകിയത് കൊണ്ട് ഒരാളും അച്ഛനാകില്ല. ചെറുപ്പം മുതലേ

അനുഭവിക്കുന്നതാണ് ഇയാളെ… എന്റെ ബാല്യകാലം ഇത്രമേൽ നശിപ്പിച്ചത് നിങ്ങൾ രണ്ടുപേരും അല്ലേ? ഒരു കുട്ടിയെ ഉണ്ടാക്കിയാൽ മാത്രം പോരാ ആ കുഞ്ഞിനെ സന്തോഷം നൽകി വളർത്താനും ഒരച്ഛനും അമ്മയ്ക്കും കഴിയണം. ഇല്ലെങ്കിൽ നിങ്ങൾ അതിന് മുതിരരുത് ആയിരുന്നു. ”

” നിങ്ങൾ അന്നേ ഇയാൾക്കെതിരെ ശബ്ദിച്ചിരുന്നുവെങ്കിൽ എന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആയിത്തീരില്ലായിരുന്നു. ഒരു പെണ്ണിന് ആണ് തുണയില്ലാതെ ജീവിക്കാൻ സാധിക്കില്ലത്രേ….

ആരാണ് നിങ്ങളോട് ഈ വിഡ്ഢിത്തരം വിളമ്പിത്തന്നത്? ഭർത്താക്കന്മാർ മരിച്ചുപോയ എത്രയോ അമ്മമാർ അന്തസായി ജോലി ചെയ്തു കുടുംബം നോക്കുന്നു. അതുപോലെ കരുതിയാൽ പോരെ ഇതും?ഇയാളൊക്കെ ജീവിക്കുന്നതിലും ഭേദം അതാണ്.”

അവന്റെ വാക്കുകൾക്കൊന്നും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല അവർ തികഞ്ഞ മൗനം പാലിച്ചു.

” നിങ്ങൾ എന്നെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കൂട്ടിനൊരു കൂടപ്പിറപ്പില്ലാതെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കരഞ്ഞിരുന്ന എന്റെ ബാല്യത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?

നിങ്ങൾ കാരണം ഇല്ലാതായ എന്റെ നല്ല ഭാവിയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നാളെ ഇവിടെ ഒരു പെൺകുട്ടി കയറി വരേണ്ടതാണ് അന്നും നിങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കുമോ? ഇനിയെങ്കിലും ഇങ്ങനെ നാണംകെട്ട് ജീവിക്കാതെ കുറച്ചെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്ക് അമ്മേ..

ഭർത്താവിനെ ബഹുമാനിക്കേണ്ട എന്നല്ല പക്ഷേ ആ ബഹുമാനം തിരികെ കിട്ടുന്നുണ്ടോ എന്നുകൂടി നോക്കണം എന്നാലേ ഒരു പുരുഷൻ നല്ലൊരു ഭർത്താവ് ആകുന്നുള്ളൂ.. അല്ലാത്തപക്ഷം താൻ പോയി പണി നോക്കെടോ എന്ന് പറയാനുള്ള ചങ്കൂറ്റം എങ്കിലും കാണിക്ക്. അല്ലെങ്കിൽ പിന്നെ ജീവിക്കുന്നതിന് പോലും എന്താണ് അർത്ഥമുള്ളത്? ”

അത്രയും പറഞ്ഞ് അവൻ തളർന്നിരിക്കുന്ന അയാളുടെ നേരെ തിരിഞ്ഞു. ആ പിടുത്തത്തിന്റെ ശക്തിയിൽ തന്നെ അയാളുടെ കണ്ണിൽ അവനോടുള്ള ഭയം നിറഞ്ഞു നിന്നിരുന്നു.

” ഇനി മേലിൽ മദ്യപിച്ച് വന്ന് ഇത്തരം തോന്നിവാസങ്ങൾ വിളിച്ചു പറഞ്ഞാൽ അച്ഛനാണെന്ന ഒരു പരിഗണനയും ഞാൻ തരില്ല കൊന്നുകളയും കേട്ടല്ലോ..

ആ ഭീഷണിക്ക് മുന്നിൽ അയാൾ ഒന്നു പകച്ചു. അതവൻ ഒരിക്കലും വെറുതെ പറഞ്ഞതല്ല എന്ന് അയാൾക്ക് മനസ്സിലായിരുന്നു. അന്ന് മുതൽ പിന്നീട് സ്ഥിരം കേൾക്കാറുള്ള തെറിവിളികൾ ആ വീട്ടിൽ എവിടെയും മുഴങ്ങി കേട്ടില്ല.

ചാഞ്ഞ കൊമ്പിലെ ആരായാലും ഓടിക്കയറു എന്ന് പറയും പോലെ പ്രതികരിക്കാതിരിക്കുന്നിടത്തെ ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടുകയുള്ളൂ എന്ന് അതോടെ അവർക്കും ബോധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *