സ്വന്തം ഇണയെ വഞ്ചിക്കാത്ത ഒരു ഭര്‍ത്താവിനെ മതിയായിരുന്നു എന്ന്….!! എനിക്കിപ്പോള്‍ നിങ്ങളോട് ഒന്ന്

(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ)

പ്രിയപ്പെട്ട ഭര്‍ത്താവിന്”,….
എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില്‍ കണ്ടത് കൊണ്ട് ‘നിങ്ങളില്‍’ ചോദ്യം ഉയര്‍ത്തിയേക്കാം….

ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്‍റെ വിളി നമുക്കിടയില്‍ അകല്‍ച്ചയുടെ ‘നിങ്ങള്‍’ എന്ന വാക്ക് എങ്ങനെ രൂപപ്പെട്ടു എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം….. ഇത് മുഴുവന്‍ വായിക്കാതെ നിങ്ങളെനിക്ക് കോള്‍ ബട്ടണ്‍ അമര്‍ത്തില്ല എന്ന് വിശ്വസിക്കുന്നു….!

മിനിഞ്ഞാന്ന് എന്‍റെ വീട്ടിലേക്ക് രണ്ട് ദിവസം നില്‍ക്കാന്‍ പോകണം എന്ന് ഞാന്‍ പറയുമ്പോള്‍ മറുത്ത് ഒന്നും പറയാതെ ‘അതിനെന്താ ഞാന്‍ കൊണ്ടാക്കിത്തരാലോ’ എന്ന് മാത്രം പറഞ്ഞ് എന്നെ എന്‍റെ വീട്ടിലാക്കി പോകുമ്പോള്‍ നിങ്ങളുടെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു….

അന്നേരം എന്‍റെ കണ്ണിലെ നനവ്‌ നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ല… എന്‍റെ ചങ്കിന്‍റെ പിടച്ചില് നിങ്ങള്‍ കേള്‍ക്കാന്‍ വഴിയില്ല.എന്‍റെ നെഞ്ചിലെ തീ അണക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എത്രയോ വട്ടം…. പക്ഷെ നിങ്ങളതിന് ശ്രമിച്ചില്ല….

നിങ്ങളോട് മുഖത്ത് നോക്കി ഇതെല്ലാം പറയാന്‍ ഭയം ഉള്ളത് കൊണ്ടല്ല ഇങ്ങനെ ഒരു എഴുത്ത്… മറിച്ച് ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിച്ച ഒരു ഭാര്യക്കും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി ചോദിക്കാന്‍ മനസ്സനുവദിക്കില്ല. എന്നതുകൊണ്ടാണ്….അതികം നീട്ടി വലിച്ച് എഴുതുന്നില്ല…….

ഇക്കാ,…. അങ്ങനെത്തന്നെ വിളിച്ചോട്ടെ ഈ പൊട്ടത്തിപെണ്ണ്‍…. ‘നിങ്ങള്‍’ എന്ന് എഴുതുമ്പോള്‍ ചങ്കിലൊരു മുള്ള് തറക്കുന്നപോലെ,…. നാല് മാസം പ്രായമായ നിങ്ങളുടെ ബീജം എന്‍റെ വയറില്‍ വേദന തീര്‍ക്കുന്നത് പോലെ… അതുകൊണ്ട്…. അതുകൊണ്ട് മാത്രം ഞാന്‍… ഇക്കാ എന്ന് തന്നെ വിളിക്കുന്നു…..

അവിചാരിതമായിട്ടാണ് ഇക്കാടെ ഫോണിലേക്ക് വന്ന ആ മെസ്സേജ് ഞാന്‍ വായിച്ചത്…. ഇന്നുവരെ ഇക്കാടെ സ്വകാര്യതയിലേക്ക് ഞാനൊരിക്കലും കണ്ണും കാഴ്ചയും നല്‍കിയിട്ടില്ല…

അതിനുള്ള കാരണം ഇക്കാനോടുള്ള അമിതമായ വിശ്വാസമായിരുന്നു…. കല്യാണം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്….നമ്മളെത്ര കനവ്‌ കണ്ടിരിക്കുന്നു ഇക്കാ,… നമുക്കൊരു മാലാഖപോലോത്ത പെണ്‍കുഞ്ഞിനേ വേണമെന്ന്…

രണ്ട് തവണ അബോര്‍ഷനായി നമുക്ക് കിട്ടാതെപോയ രണ്ട് ചോരക്കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നടുവില്‍ നില്‍ക്കാന്‍ ഒരു മോളെ വേണമെന്ന്,…
പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്‍റെയും നീണ്ട നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഇക്കാടെ ചോരയാണ് എന്‍റെ വയറ്റില്‍ കുരുക്കുന്നത്…

എന്നിട്ടും എങ്ങനെ കഴിയുന്നു ഇക്കാ.. ഇങ്ങനെയൊന്ന് എന്നോട് ചെയ്യാന്‍…. ?
പലവട്ടം അതേ നമ്പറില്‍ നിന്നും മിസ്സ്കോള്‍ വന്നപ്പോളും മെസ്സേജ് വന്നപ്പോളും കൂട്ടുകാരിയാണ്‌ എന്ന് പറഞ്ഞ് ഈ പൊട്ടത്തിപെണ്ണിനെ ഇക്ക എത്ര പറ്റിച്ചിരിക്കുന്നു……

രാത്രിയില്‍ ഏറെ നേരം നമ്മുടെ ടറസിന്‍റെ മുകളില്‍ കയറി കമ്പനിയുടെ ആവിശ്യത്തിനുള്ള കോളാണ് എന്ന് പറഞ്ഞ് എത്രയോ വട്ടം ഞാനറിയാതെ ആ നമ്പറിലേക്ക് വിളിച്ച് സല്ലപിച്ചിരിക്കുന്നു…..
അന്ന് ആ മെസ്സേജ് വായിച്ചപ്പോള്‍ എന്‍റെ റൂഹ് എന്ത് വേദനയിലാണെന്നോ പിടഞ്ഞത്….

എന്‍റെ ചങ്കില്‍ നിന്നും ഉമിനീര് ഇറങ്ങാതെ ഞാനെത്ര നേരമാണെന്നോ നിര്‍വികാരതയില്‍ കണ്ണ് നനയിച്ച് നിന്നത്….. നമ്മുടെ ബാത്ത്റൂമിലേ ഷവറ് തുറന്നിട്ട്‌ എത്ര വട്ടമാണെന്നോ ഞാന്‍ പൊട്ടിക്കരഞ്ഞത്…. ഇത് വായിക്കുമ്പോള്‍ ഇക്കാടെ പൊട്ടത്തിയായ ഭാര്യയുടെ നിറഞ്ഞ കണ്ണ് ഇക്കാക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ…..

എത്ര വൃത്തികെട്ട വരികളും കാര്യങ്ങളുമാണ് വര്‍ഷങ്ങളായി ഇക്കയും ആ പെണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നത്….. അന്ന് വായിച്ച ആ ഒരു മെസ്സേജില്‍ നിന്നാണ് ബാക്കിയുള്ള ചാറ്റ് ഹിസ്റ്ററി മുഴുവന്‍ എന്‍റെ കൂട്ടുകാരിയുടെ സഹായത്തോടെ ഞെനെടുത്ത് വായിച്ചത്…

അവളോട്‌ ഇതെങ്ങനെ എടുക്കും എന്ന് ചോദിക്കുമ്പോള്‍പോലും ആര്‍ക്കാണ് എന്ന ചോദ്യത്തിന് എന്‍റെ കുടുംബത്തിലെ ഒരു പാവം പെണ്ണിനാണ് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ… എന്‍റെ ഇക്കാനെക്കുറിച്ച് ഞാനെങ്ങനെയാ മോശമായി അവളോട്‌ പറയാ…. ?

ഇക്കാടെ ഗുണങ്ങള്‍ പറഞ്ഞ് പറഞ്ഞ് അവളെത്രയോ വട്ടം പറഞ്ഞിരിക്കുന്നു ‘നിന്‍റെ ഭാഗ്യം ഇങ്ങനെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍’ എന്ന്…!! പക്ഷെ ഇങ്ങനെയൊരു നിമിഷത്തിലേക്കാണ് എന്‍റെ ഭാഗ്യം എന്നെകൊണ്ടെത്തിക്കുക എന്ന് ഞാനറിഞ്ഞിരുന്നില്ല…

ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു ഇക്കാ…… അതികം സ്നേഹമില്ലെങ്കിലും കര്‍ക്കശക്കാരനാണെങ്കിലും സ്വന്തം ഇണയെ വഞ്ചിക്കാത്ത ഒരു ഭര്‍ത്താവിനെ മതിയായിരുന്നു എന്ന്….!!
എനിക്കിപ്പോള്‍ നിങ്ങളോട് ഒന്ന് ചോദിക്കാന്‍ തോന്നുന്നു…

നിങ്ങള്‍ നല്‍കിയ ഓരോ ചുംബനങ്ങള്‍ക്കും അവളുടെ ഓര്‍മകള്‍ക്ക് മുകളിലുള്ള നിങ്ങളുടെ ചേര്‍ത്ത് വേക്കലായിരുന്നോ ഉണ്ടായിരുന്നത്… എന്‍റെ കൂടെ കിടക്കുമ്പോളും അവളായിരുന്നോ ഇക്കാടെ മനസ്സില്….. !!
ആ പെണ്‍കുട്ടിയോട് എത്ര മോശമായിട്ടാണ് ഇക്ക എന്നെ പരിചയപ്പെടുത്തിയത്…
“കിടക്ക വിരിക്കാനും ഭക്ഷണം പാചകം ചെയ്ത് ഒരുക്കിവെക്കാനും…

പ്രായമായ ഉമ്മയേയും ഉപ്പയേയും സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിക്കാനും അഞ്ച് പവന്‍ കൊടുത്ത് വാങ്ങിയ വേലക്കാരി എന്നതില്‍ അപ്പുറം ഒരു സ്നേഹവും ഞങ്ങള്‍ക്കിടയില്‍ ഇല്ല” എന്ന് എത്ര നിസ്സാരമായാണ് അവളെ സന്തോഷിപ്പിക്കാന്‍ ഇക്ക എന്നെക്കുറിച്ച് എഴുതി അയച്ചത്…

ആ നാല് വരികളിപ്പോഴും എന്‍റെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു ഇക്കാ,………… ഞാന്‍ അന്ന് തന്നെ സ്വയം തീര്‍ക്കുമായിരുന്നു… ഇക്കാക്ക് എനിക്ക് പകരം എന്‍റെ സ്ഥാനത്ത്,.. എന്‍റെ ഈ അവസ്ഥയില്,.. ഇക്കാനെ ചിന്തിക്കാന്‍ കഴിയുമോ….

ഞാനാണ് ഇങ്ങനെ ഓരോ മെസ്സേജും വാക്കുകളും മറ്റൊരു പുരുഷന് അയച്ചിരുന്നെങ്കില്‍ എന്ന് ,… ഇക്കയാണ്‌ അത് വായിക്കുന്നത് എങ്കില്‍…… ഇല്ല ഇക്കാ,…. നിങ്ങള്‍ക്കതിന് കഴിയില്ല….. ഈ പൊട്ടത്തിപെണ്ണിന് മാത്രമേ അങ്ങനെയുള്ള വരികളൊക്കെ വായിച്ചിട്ടും നിങ്ങളുടെ പെണ്ണായി തുടരാനുള്ള തീരുമാനമെടുക്കാന്‍ കഴിയൂ…..

കല്യാണം കഴിഞ്ഞ ഉടനെ കൂട്ടുകാരികളേയും കൂട്ടുകരന്മാരേയും ഒഴിവാക്കണം എന്ന നെറികെട്ട നീതി ഒരിക്കലും ഈ പൊട്ടത്തിപെണ്ണ്‍ ഇക്കാട് പറഞ്ഞിട്ടില്ല… അവരോടൊക്കെ നല്ലപോലെ പഴയ സൗഹൃദവും സ്നേഹവും ഉണ്ടാവണം എന്ന് തന്നെയായിരുന്നു ഭാര്യയായ എന്‍റെ അഭിപ്രായം…

വെറും പ്ലസ്.ടൂ മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് ഡിഗ്രിയൊക്കെ കഴിഞ്ഞ ഇക്കാടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഇഷ്ടമില്ലായിരുന്നു… പക്ഷെ ഇത് സൗഹൃദമായിരുന്നില്ലല്ലോ ഇക്കാ…. വെറും കാമവും വികാര പൂര്‍ത്തീകരണവുമായിരുന്നല്ലോ….

ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്ണുമായി ഇതെല്ലാം പങ്കുവെക്കുന്ന ഇക്കാനെ ഞാനെന്ത് പറഞ്ഞാണ് വിളിക്കുക……. ഇന്നുവരെ മറ്റൊരു പുരുഷനോടും എനിക്ക് ആഗ്രഹവും സ്നേഹവും തോന്നിയിട്ടില്ല… തോന്നുകയുമില്ല… പക്ഷെ നിങ്ങളുടെ ഈ “നീതി”ക്ക് നെറികേട് എന്ന് മാത്രം പറഞ്ഞാല്‍ അത് കുറഞ്ഞ് പോകുകയല്ലേ ഉള്ളൂ……

പൊരുത്തപ്പെടുമായിരുന്നു കോളേജ് സമയത്ത് എന്‍റെ ഇക്കാക്ക് പറ്റിയ കാര്യങ്ങളാണ് ഇതൊക്കെ എങ്കില്‍,… കല്യാണത്തിന് മുന്പ് ഉണ്ടായ കാര്യങ്ങളാണ് അതൊക്കെയെങ്കില്‍,…
പക്ഷെ ഇതങ്ങനെയാണോ ഇക്കാ…. ?

എന്നെ വീട്ടിലാക്കി തിരിച്ച് പോകുമ്പോള്‍ എനിക്കറിയാം അവളുമായി സംസാരിക്കാനുള്ള ഇക്കാടെ ധൃതി…. എന്‍റെ ലോകം ഇക്കയും ഇക്കാടെ വീടും നമ്മുടെ പൈതലും ഇക്കാടെയും എന്‍റെയും വീട്ടുകാരും മാത്രമായിരുന്നു…

പക്ഷെ ഇക്കാടെ ലോകത്തില്‍ ഞാനില്ലാ എന്ന് തിരിച്ചറിയാന്‍ ഞാനൊരുപാട് വൈകി………. എന്‍റെ ഉമ്മാട് ഇതൊക്കെ പറഞ്ഞ് ഒന്ന്കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്… പക്ഷെ ചെയ്യുന്നില്ല ഞാന്‍… ഇത് എന്നില്‍ തീരട്ടെ,…. മറ്റൊരു പെണ്ണും ഇങ്ങനെ ചങ്ക് പൊട്ടാതിരിക്കട്ടെ….

നാളെ നമുക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ആ ചോരക്കുഞ്ഞിനെ ആദ്യം തൊടുന്നത് ‘നിങ്ങളാവരുത്’ എന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു…..
കഴിയുമെങ്കില്‍ ഈ എഴുത്ത് വായിച്ച് എനിക്ക് വിളിക്കുന്നതിന് മുന്നേ നിങ്ങളാ കാമുകിക്ക് വിളിക്കുക.. എന്നിട്ട് അവളോട്‌ ഒന്ന് മാത്രം ചോദിക്കുക…

എനിക്ക് പകരം അവള്‍ക്കാണ് ഇങ്ങനെ ഒരു അവസ്ഥ വരുക എങ്കില്‍ എന്ത് ചെയ്യുമെന്ന്….. അവള്‍ക്കുമുണ്ടല്ലോ എന്നെപോലെ പറ്റിക്കപ്പെടുന്ന ഒരു ഭര്‍ത്താവും,.. ഇതൊന്നുമറിയാത്ത അവളുടെ കുഞ്ഞുങ്ങളും…. അവരോടെന്താണ് ഈ അവസ്ഥയില്‍ പറയുക എന്ന്…. !!

അവളുടെ മറുപടി എന്തുമാവട്ടെ… അത് കേട്ട്കൊണ്ട് ഇക്കാക്ക് എന്നോട് അടുത്ത നുണ പറയാന്‍ കഴിയുമെങ്കില്‍ നിസ്സംശയം എനിക്ക് വിളിക്കാം….. നിങ്ങളുടെ പറയാന്‍ പോകുന്ന അടുത്ത നുണയും ഞാന്‍ വിശ്വസിച്ചു എന്ന് നിങ്ങള്‍ കരുതുക….!!!

അതല്ല അവളുടെ മറുപടികേട്ട് ഇക്കാക്ക് മനസ്സ് പിടയുന്നുവെങ്കില്‍ എനിക്ക് വിളിക്കാതിരിക്കുക… ഇനിയാതെറ്റ് എന്‍റെ ഇക്ക ആവര്‍ത്തിക്കില്ലാ എന്ന വിശ്വാസത്തില്‍ പഴയ നിങ്ങളുടെ പൊട്ടത്തിയായ ഭാര്യയായി ഞാന്‍ തിരിച്ച് വരും……..!!എന്ന്,…..

‘നിങ്ങളെ മാത്രം വിശ്വസിച്ച് വഞ്ചിക്കപ്പെട്ട നിങ്ങളുടെ മാത്രം പൊട്ടത്തിയായ ഭാര്യ’
(ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ചേര്‍ത്ത് വായിച്ച എഴുത്താണ് ഇത്… എല്ലാ ഭര്‍ത്താക്കന്മാരും ഇങ്ങനെയല്ല.. എല്ലാ ഭാര്യമാരും ഇങ്ങനെയല്ല…

പക്ഷെ ഇങ്ങനെ ഉള്ളവര്‍ ഉണ്ടുതാനും… ഇത് അവര്‍ക്ക് വേണ്ടിയാണ്… മഹര്‍ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവന്നവളെക്കാളും വലുതായി ഒരു കൂട്ടുകാരിയുമില്ല…ഉമ്മയെന്ന കൂട്ടുകാരിയല്ലാതെ… !!

മഹര്‍ സ്വീകരിച്ച് ഭര്‍ത്താവിനെ ഇണയാക്കിയ ഒരു ഭാര്യക്കും തന്‍റെ ഭര്‍ത്താവിനെക്കാളും സ്നേഹമുള്ള ഒരു കൂട്ടുകാരനും ഉണ്ടാവാതിരിക്കട്ടെ,.. അവളുടെ ഉപ്പയെന്ന കൂട്ടുകാരനല്ലാതെ… !

അവിഹിതമാല്ലാത്ത എല്ലാ സൗഹൃദവും എല്ലാ കാലത്തും നിലനില്‍ക്കട്ടെ… ഒരു ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കണ്ണും ജീവിതവും ഇങ്ങനെ നനയാതിരിക്കട്ടേ…)

Leave a Reply

Your email address will not be published. Required fields are marked *