(രചന: Jainy Tiju)
ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്.
പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു.
എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. പിന്നെ, രമേഷേട്ടൻ ഉണ്ടല്ലോ എനോർത്തു. വാർഡ് ഇൻചാർജിനോട് മാത്രം വിവരം പറഞ്ഞ്, ഹാഫ് ഡേ ലീവും എഴുതി വെച്ച് ഞാനിറങ്ങി..
ഓട്ടോയിലിരിക്കുമ്പോഴും എന്തിനായിരിക്കും എന്ന ചോദ്യം എന്നെ അലട്ടുന്നുണ്ടായിരുന്നു. വിളിച്ചിട്ടാണെങ്കിൽ രമേഷേട്ടൻ ഫോൺ എടുക്കുന്നുമില്ല. റെവെന്യൂ ഡിപ്പാർട്മെന്റിലാണ് രമേഷേട്ടന് ജോലി .
ഇനിയിപ്പോ വല്ല കൈക്കൂലിക്കേസും? ശ്ശേ, ഞാനെന്തൊക്കെയാണ് ചിന്തിക്കുന്നത്. ആദർശം വിട്ടു പെരുമാറുന്നവനല്ല അദ്ദേഹം. അതുകൊണ്ട് തന്നെ ശത്രുക്കൾ ഒട്ടും കുറവല്ല താനും.ആരെങ്കിലുമായും ഇനി വഴക്കിട്ടോ എന്തോ.
എന്തായാലും നേരിട്ടല്ലേ പറ്റൂ. ഞാൻ ധൈര്യം അവലംബിച്ചിരുന്നു.സ്റ്റേഷനിൽ ഒരു ബെഞ്ചിൽ എല്ലാം തകർന്നവനെപ്പോലെ, കണ്ണുകളടച്ചു രമേഷേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഓടി അങ്ങോട്ട് ചെല്ലാനൊരുങ്ങിയപ്പോഴേക്കും ഒരു വനിതാ കോൺസ്റ്റബിൾ എന്നേ തടഞ്ഞു. സാർ വിളിക്കുന്നുണ്ടെന്നു പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. ഞാൻ അദ്ദേഹത്തെ അന്ധാളിപ്പോടെ നോക്കിയിട്ട് അവരോടൊപ്പം പോയി.
” മിസിസ് സുനിതയല്ലേ? ഇരിക്കൂ. ” സൗമ്യമായിരുന്നു എസ് ഐ ടെ സ്വരം.” സർ, എന്താ കാര്യം? എന്തിനാ എന്നേ വിളിപ്പിച്ചത്? എന്താ അദ്ദേഹത്തിന് പറ്റിയത്? ”
ടെൻഷൻ കൊണ്ടാവണം ഒരുപാട് ചോദ്യങ്ങൾ ഒരേസമയം ഞാൻ ചോദിച്ചത്. ഒരു നിമിഷം എന്നേ നോക്കിയതിന് ശേഷം അദ്ദേഹം ചോദിച്ചു.
” സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശ്രീലക്ഷ്മി നിങ്ങളുടെ മകൾ അല്ലെ? ”
ഞാനൊന്നു ഞെട്ടി.”അതെ സർ, എന്റെ മോൾക്കെന്താ പറ്റിയത്?” ഞാൻ വിറയലോടെ ചോദിച്ചു.
” നിങ്ങൾ, ആത്മസംയമനത്തോടെ കേൾക്കണം. നിങ്ങളുടെ മകൾ സ്കൂളിലെ കൗൺസിലിംഗ് സെക്ഷനിൽ ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ് ലൈം ഗികമായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും
ലൈം ഗിക ചുവയുള്ള ഭാഷയിൽ സംസാരിക്കാറുണ്ടെന്നും അമ്മയോട് ഇതെപ്പറ്റി പറഞ്ഞാൽ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു.
അതേതുടർന്നു അവർ ചൈ ൽഡ് ലൈ ൻ പ്രവർത്തകരെ വിവരം അറിയിക്കുകയും അവർ കംപ്ലയിന്റ് ഞങ്ങൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തു. ആ പരാതിയിന്മേൽ അന്വേഷണം നടത്താനാണ് ഞങ്ങൾ നിങ്ങളെ ഇവിടെ വിളിപ്പിച്ചിരിക്കുന്നത്.”
അദ്ദേഹം ഒരുനിമിഷം നിർത്തി. തലയിൽ ഒരു ഇരുമ്പുകൂടം കൊണ്ടു പ്രഹരമേറ്റ പോലെ ഞാൻ തരിച്ചിരുന്നു. വീഴാതിയ്ക്കാൻ ഇരുന്ന കസേരയിൽ ഞാൻ മുറുകെ പിടിച്ചു. അദ്ദേഹം തുടർന്നു.
” രമേഷിനെ ഞാൻ ചോദ്യം ചെയ്തു. ഇനി നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.. അതിന് ശേഷമേ വ്യക്തമായ നടപടിയിലേക്ക് പോകൂ. ”
“സർ, അദ്ദേഹം അങ്ങനെ ഒന്നും ചെയ്യില്ല , അദ്ദേഹം അത്തരക്കാരനല്ല . സാറിന് അറിയാലോ നല്ലൊരു പൊസിഷനിൽ ഇരിക്കുന്ന ആളാണ്…”
ഞാൻ വാക്കുകൾക്ക് പരതി.” പൊസിഷനൊന്നും പറയണ്ട. ഇത്തരം കേസുകളിൽ പെടുന്ന ഇതിലും വലിയ ഉദ്യോഗസ്ഥരെ ദിവസവും കാണുന്നവരാണ് ഞങ്ങൾ. അല്ലാതെ നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ? ”
.
എസ് ഐ യുടെ ശബ്ദം പരുക്കനായി.” സാർ, ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബമാണ് . രമേശേട്ടന് മോളെന്നു വെച്ചാൽ ജീവനാണ്. മോൾക്കെന്തോ അബദ്ധം പറ്റിയതാവും . അല്ലാതെ അവളിങ്ങനെയൊന്നും.. ”
” രമേഷ് നിങ്ങളുടെ രണ്ടാം ഭർത്താവ് അല്ലെ? എന്ന് വെച്ചാൽ കുട്ടിയുടെ അച്ഛൻ അയാളല്ലല്ലോ എന്ന്? ”
എന്നേ പൂർത്തിയാക്കാൻ അനുവദിക്കാതെ ആയിരുന്നു അടുത്ത ചോദ്യം. ഞാനൊരു നിമിഷം പകച്ചു.” അതെ സർ, പക്ഷെ അദ്ദേഹം… ”
” നിങ്ങൾ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴും മറ്റും ഇയാളും കുട്ടിയും മാത്രമല്ലെ വീട്ടിൽ ഉണ്ടാവൂ. അപ്പോൾ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ”
അദ്ദേഹത്തിന്റെ ശബ്ദത്തിന് മൂർച്ചയേറുന്നുണ്ടായിരുന്നു.എന്റെ തലയിൽ ഒരു കടന്നൽ കൂട്ടം ആർക്കുന്നത് പോലെ തോന്നുണ്ടായിരുന്നു. ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്.
” നോക്കൂ, നിങ്ങളുടെ ഭർത്താവിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ഇനി നിങ്ങളുടെ ഭാഗം കൂടി കേട്ടതിനു ശേഷം നിങ്ങളെ രണ്ടുപേരെയും
ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. അതാണ് കേസിന്റെ രീതി.. അതുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് വ്യക്തമായി ഇപ്പോൾ പറയണം. ”
കൂടെയുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ വാക്കുകളിൽ ഒരു സഹാനുഭൂതി.
” മാഡം, ഞാൻ പറഞ്ഞത് സത്യമാണ്. പന്ത്രണ്ടു വർഷമായി എന്നോടൊപ്പം ജീവിക്കുന്ന അദ്ദേഹത്തെ എനിക്ക് നന്നായറിയാം. അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല.”ഞാൻ വികാരാധീനയായി.
” അതിപ്പോ, ഇവിടെ സാഹചര്യം കൂടി കണക്കിലെടുക്കണ്ടേ ?ഒന്നാമത് അയാൾ ആ കുട്ടിയുടെ സ്വന്തം അച്ഛനല്ല. പിന്നെ ആണുങ്ങളുടെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പറയാൻ കഴിയില്ലല്ലോ.
മകളെ മനസ്സിലാക്കാൻ സ്വന്തം അമ്മപോലുമില്ലാത്ത അവസ്ഥ ഭയങ്കരമാണെടോ. “അവർ സമചിത്തതയോടെ പറഞ്ഞു നിർത്തി.
” ഞാനൊരു നേഴ്സാണ് മാഡം. അതിലുപരി ഒരമ്മയും. എന്റെ മകൾ അങ്ങനെ ഒരു ബുദ്ധിമുട്ട് അവിടെ അനുഭവിക്കുന്നുണ്ടെങ്കിൽ എനിക്ക് അത് മനസിലാക്കാൻ കഴിയും.
എന്തൊക്കെ സംഭവിച്ചാലും കൂടെ നിൽക്കുകയും ചെയ്യും. പക്ഷെ, എനിക്കറിയാം, അദ്ദേഹത്തിനു അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ലെന്ന്. ”
” നിങ്ങൾക്ക് എന്താണുറപ്പ്? വ്യക്തമായി കാരണം പറയൂ. അയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഞങ്ങൾക്കും അയാൾ തെറ്റു ചെയ്തതായി തോന്നിയില്ല.
ഇവിടെ നിങ്ങളുടെ മൊഴിക്ക് വലിയൊരു സ്ഥാനമുണ്ട്. പക്ഷെ, സത്യത്തിനു നേരെ കണ്ണടക്കുകയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. അത് മനസ്സിലാക്കുന്നത് നല്ലതാ. ”
കേട്ടിരുന്ന എസ് ഐ പറഞ്ഞു.”സർ, ഒരു കുഞ്ഞുള്ള എന്നേ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം വീട്ടുകാർ അദ്ദേഹത്തിന് എതിരായതാണ്.
അന്ന് ഒരു കയ്യിൽ എന്റെ കയ്യും മറുകയ്യിൽ രണ്ടു വയസ്സുള്ള മോളെയും എടുത്തു ജീവിതത്തിലേക്കിറങ്ങിയതാണ് ആ മനുഷ്യൻ. ആ കൈ ഈ നിമിഷം വരെ അദ്ദേഹം വിട്ടിട്ടില്ല.
ഇതിലപ്പുറം ഞാനെങ്ങനെയാണ് സർ ഞാനെന്റെ ഭർത്താവിന് വേണ്ടി സാക്ഷി പറയുക? അദ്ദേഹം ഒരു തെറ്റെ ചെയ്തുള്ളു. ആവശ്യത്തിലധികം അവളെ ലാളിച്ചു. സ്വന്തം അച്ഛനില്ലാത്തതിന്റെ ദുഃഖം അവൾക്കൊരിക്കലും തോന്നരുതെന്നു ശഠിച്ചു.”
” പിന്നെ എങ്ങനെ ഇങ്ങനെ ഒരു പരാതി ഉണ്ടായി? അതിനൊരു മറുപടി ഉണ്ടോ നിങ്ങൾക്ക്? വെറുതെ ഒരു കുട്ടിയും അച്ഛനെതിരെ പരാതി കൊടുക്കില്ലല്ലോ? “എസ് ഐ യുടെ ശബ്ദം ഉയർന്നു.” അത് സാർ… ” ഞാനൊന്നു പരുങ്ങി.
” സാർ, ആരോടും പറയരുതെന്ന് കരുതിയതാണ് പക്ഷെ, ഇവിടെ എനിക്കിനി പറയാതെ വയ്യ. എന്റെ മോൾക്കൊരു പ്രണയം ഉണ്ടായിരുന്നു.
ഒരിക്കലും ഒരു പതിനാലുകാരിക്ക് ചേരാത്ത പ്രണയം.ആ പയ്യന് ടൗണിലൊരു മൊബൈൽ ഷോപ്പുണ്ട്. അതറിഞ്ഞപ്പോൾ രമേഷേട്ടൻ അവളെ ശാസിച്ചിരുന്നു.
ആ പയ്യനെ പോയെന്നു പേടിപ്പിക്കുകയും ചെയ്തു. ആ വൈരാഗ്യം തീർക്കാൻ അവനായിരിക്കണം അവളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. സാർ, ഞാനവളെക്കൊണ്ട് സത്യം പറയിച്ചോളാം. ദയവുചെയ്ത് ഇത് കേസാക്കരുത്. ”
ഞാൻ കരഞ്ഞു പോയിരുന്നു. അവർ എന്നോട് പുറത്തേക്കിരിക്കാൻ പറഞ്ഞു. രമേശേട്ടന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ വീണുപോയിരുന്നു. തളർന്ന കൈകൊണ്ടു അദ്ദേഹം എന്നേ ചേർത്ത് പിടിച്ചു.
“ഏട്ടാ, എന്റെ.. അല്ല, നമ്മുടെ കുട്ടി. അവൾക്കിത് എന്താ പറ്റിയെ? അവൾക്കെങ്ങനെ ഇതിനൊക്കെ ….”
പറഞ്ഞപ്പോഴേക്കും ഞാൻ വിങ്ങിപൊട്ടിയിരുന്നു.”രണ്ടുപേരെയും സർ വിളിക്കുന്നു “.
കോൺസ്റ്റബിൾ വന്നു പറഞ്ഞു. അദ്ദേഹം എന്നെയും പിടിച്ചു കൊണ്ടു അകത്തേക്ക് നടന്നു.
” ഹാ, നിങ്ങൾക്ക് രണ്ടുപേർക്കും ഇപ്പോൾ പോകാം. നാളെ പത്തുമണിക്ക് നിങ്ങളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കും. അപ്പോഴും കുട്ടി അതേ വാദത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും.
പിന്നെ, കുട്ടിയെ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി മാറ്റിക്കാൻ ശ്രമിച്ചു എന്ന് കുട്ടി പരാതിപ്പെട്ടാൽ കേസിന്റെ ഗതി മാറും.
അമ്മയോടൊപ്പം കുട്ടി സുരക്ഷിതയല്ല എന്ന് കോടതിക്ക് തോന്നിയാൽ കുട്ടിയെ അടുത്ത ബന്ധുവിനോ അങ്ങനെ ആരുമില്ലെങ്കിൽ ബാലമന്ദിരത്തിനോ കൈമാറാൻ കഴിയും എന്ന് കൂടി ഓർമിപ്പിക്കുന്നു. ഇപ്പോൾ പൊക്കൊളു.”
എസ് ഐ പറഞ്ഞു.വരുന്ന വഴിയിൽ അമ്പലത്തിനടുത്ത് രമേഷേട്ടൻ വണ്ടി ഒതുക്കി.
” നീ വീട്ടിലേക്ക് പൊക്കോ. എനിക്ക് കുറച്ചു സമയം ഒറ്റക്കിരിക്കണം. പിന്നെ എനിക്ക് വേണ്ടി നീ അവളെ തള്ളിക്കളയരുത്. അങ്ങനെ അവൾക്ക് തോന്നിയാൽ എന്തെങ്കിലും ബുദ്ധിമോശം കാണിക്കാനും മടിക്കില്ല.
ഇപ്പോഴത്തെ കുട്ടികളുടെ കാര്യം നിനക്കറിയാലോ. മാത്രമല്ല, നീ അവളുടെ ഭാഗത്തല്ല എന്നെങ്ങാനും അവൾ നാളെ പോലീസിനോട് പറഞ്ഞാൽ അവര് പറയുന്നത് കേട്ടില്ലേ അവർ മോളെ കൊണ്ടുപോകുമെന്ന്..
നമുക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലാത്തത് കൊണ്ടു അവരെതെങ്കിലും ഷെൽട്ടർ ഹോമിൽ കൊണ്ടു ചെന്നാക്കിയാൽ, എനിക്ക് പേടി തോന്നുന്നു സുനീ.മാത്രമല്ല.
ഇപ്പോൾ നിന്റെ സാന്നിധ്യം വേണ്ടത് എനിക്കല്ല മോൾക്കാ. അവൾ സ്കൂളിൽ നിന്ന് വരാറായി. നീ ചെല്ല്. ഞാൻ വന്നോളാം. ”
സംശയത്തോടെ നോക്കിയ എന്നേ ഒന്നുകൂടി ആശ്വസിപ്പിച്ച് അദ്ദേഹം ഡ്രൈവിംഗ് സീറ്റിൽ ചാരിക്കിടന്നു.
ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടി തന്നെയാണ് ഞാൻ വീട്ടിലേക്ക് നടന്നത്. വീട്ടിലെത്തുമ്പോൾ മോൾ സ്കൂളിൽ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല.
അവൾ വന്നതും ഞാൻ ചായ വെച്ചു, അവൾക്ക് കഴിക്കാൻ പലഹാരങ്ങൾ എടുത്തു വെച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ അഭിനയിക്കാൻ ഞാൻ പാടുപെട്ടു. അവളെന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
അവൾ ഒരു പൊട്ടിത്തെറിയായിരിക്കണം പ്രതീക്ഷിച്ചത്. കണ്മുന്നിൽ ഒരു ജീവൻ പിടഞ്ഞു അവസാനിക്കുമ്പോൾ പോലും ആ സാഹചര്യം സമചിത്തതയോടെ നേരിടുന്ന എനിക്ക് ഇതും അതിജീവിക്കാൻ കഴിയുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
അടുക്കളയിൽ അത്താഴം ഒരുക്കുമ്പോഴാണ് അവൾ പുറകിൽ വന്നു നിന്നത്…
” അമ്മേ, ഇന്നെന്തെങ്കിലും ഉണ്ടായോ? ” പരുങ്ങി പരുങ്ങിയായിരുന്നു ചോദ്യം.” എന്തുണ്ടാവാൻ?” തീക്ഷണമായ എന്റെ നോട്ടത്തിന് മുന്നിൽ അവൾ ഒന്ന് ചൂളി.
” അല്ല, പൊലീസ് എങ്ങാനും ഇവിടെ വന്നിരുന്നൊന്ന്…. “അവളുടെ ശബ്ദത്തിന് വല്ലാത്ത പതർച്ച. കരണം തികച്ചൊന്നു കൊടുക്കാൻ എന്റെ കൈ തരിച്ചു, പക്ഷെ, എന്റെ ഗതികേടോർത്തു ഞാൻ സ്വയം നിയന്ത്രിച്ചു.
“ഇല്ലല്ലോ, പോലീസ് ഇങ്ങോട്ട് വരാൻ ഇവിടെ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തോ?”എന്റെ നോട്ടം അവളുടെ കണ്ണുകളിൽ തുളച്ചു കയറി.
” ഏയ്, ഒന്നുമില്ല. ” എന്നും പറഞ്ഞവൾ തിരിച്ചു നടന്നു. രമേഷേട്ടൻ വരുന്ന നേരത്തോടടുത്തപ്പോൾ അവൾ ടെൻഷൻ ആവുന്നത് ഞാൻ കണ്ടു.
പഠിക്കാനിരുന്നിട്ടും ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നു, എണീറ്റു നടക്കുന്നു. തെറ്റ് ചെയ്ത ഒരു കുട്ടിയുടെ വെപ്രാളം എനിക്കവളിൽ കാണാമായിരുന്നു.ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അടുത്തിരുന്നു.
” മോളെ, നിന്നോട് ഞാനൊരു കഥ പറയട്ടെ. അച്ഛനുമമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരു പെൺകുട്ടി ആരുടെയൊക്കെയോ കരുണയിൽ വളർന്നു, പഠിച്ചു നഴ്സായി.
അവളെ സ്നേഹിച്ച ഒരു അനാഥചെറുക്കനെ വിവാഹവും കഴിച്ചു.അവർക്കൊരു കുഞ്ഞുമുണ്ടായി. കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു ആക്സിഡന്റിൽ മരണപ്പെട്ടു.
ആ പെൺകുട്ടി വീണ്ടും ഒറ്റക്കായി. ഇനി കുഞ്ഞിന് വേണ്ടി ജീവിക്കാമെന്നു കരുതിയപ്പോഴാണ് ജോലി സംബന്ധമായി വേറൊരു നാട്ടിൽ നിന്ന് വന്നു അടുത്ത വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ഒരു വ്യക്തി അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയുന്നത്.
അവൾ ഒരു കുഞ്ഞിന്റെ അമ്മയായതുകൊണ്ടും ആരോരുമില്ലാത്തവളായത് കൊണ്ടും അയാളുടെ വീട്ടുകാർ ആ ബന്ധത്തെ അംഗീകരിച്ചില്ല. പക്ഷെ, അദ്ദേഹം പിന്തിരിഞ്ഞില്ല. ആ അമ്മയെയും മകളെയും നെഞ്ചോട് ചേർത്തു പിടിച്ചു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ… ”
“അമ്മേ, ഇതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത്? എനിക്കറിയാവുന്ന കഥകളല്ലേ?”
അവൾക്കെന്റെ മുഖത്തു നോക്കാൻ കഴിയുന്നില്ല എന്നെനിക്ക് മനസ്സിലായി. എന്നിട്ടും അവളൊന്നും തുറന്നു പറയുന്നില്ലല്ലോ. ഇത്രയ്ക്കു കള്ളത്തരം എന്റെ മകളുടെ മനസ്സിലുണ്ടോ?
” ഇനി മോൾക്ക് അറിയാത്ത കുറച്ചു കഥ കൂടി അമ്മ പറഞ്ഞു തരട്ടെ? അമ്മയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞപ്പോൾ അമ്മ അദ്ദേഹത്തോട് വിചിത്രമായൊരു ആവശ്യം പറഞ്ഞു.
ഇനിയൊരു കുഞ്ഞിനെ അമ്മ പ്രസവിക്കില്ലെന്ന്. അതീ അമ്മയുടെ സ്വാർത്ഥതയായിരുന്നു. അയാളുടെ രക്തത്തിൽ ഒരു കുഞ്ഞുണ്ടായാൽ നിന്നെ അയാൾ അന്യയായി കണ്ടാലോ എന്നൊരു പേടി.
ആ പാവം അതും സമ്മതിച്ചു. അന്നുതൊട്ട് ഈ നിമിഷം വരെ അദ്ദേഹം നമുക്ക് വേണ്ടിയാ ജീവിച്ചത്. സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവന്നിട്ടും ആരോടും ഒരു പരാതിയും പറയാതെ….
പക്ഷെ മോളെ, സ്വന്തമല്ലാത്ത അച്ഛനെ സ്വന്തം പോലെ സ്നേഹിക്കാൻ ഈ മക്കൾക്കും കഴിയാറില്ലെന്ന് അന്ന് എന്നോടാരും പറഞ്ഞുതന്നില്ല… കഴിയുമായിരുന്നില്ലെങ്കിൽ ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ വാക്കും കേട്ടു ഈ നെറികേട് നീയാ മനുഷ്യനോട് ചെയ്യില്ലായിരുന്നല്ലോ…
നിങ്ങളുടെ ബന്ധത്തിനെ എതിർത്ത അച്ഛനെ ഒഴിവാക്കാൻ, അമ്മയെക്കൊണ്ട് അദ്ദേഹത്തെ വെറുപ്പിച്ചു നിന്റെ ഇഷ്ടത്തിന് നിർത്താൻ ഇത്രയും വളഞ്ഞ വഴി പറഞ്ഞു തന്ന അവന്റെ മുഖത്തടിച്ചു ഇറങ്ങി പോന്നേനെ നീ. പക്ഷെ മോളെ നീ…. ”
പൊട്ടിക്കരയാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
അവൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
” ഇപ്പോൾ ഞാൻ നിന്നോടൊപ്പം നിൽക്കുന്നതും അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ്. ഈ സമയത്ത് നിന്നെ ഒറ്റപ്പെടുത്തിയാൽ നീ വല്ല കടുംകൈയ്യും ചെയ്യുമോ എന്ന് പേടിച്ചിട്ട്.
പിന്നെ മോളെ, നിനക്ക് അദ്ദേഹത്തെ ഒഴിവാക്കാനാണെങ്കിൽ,നിന്റെ അമ്മയുടെ സ്നേഹം ഒറ്റക്ക് അനുഭവിക്കാനാണെങ്കിൽ, അദ്ദേഹം എങ്ങനെ വേണമെങ്കിലും ഒഴിഞ്ഞു പോകാൻ തയ്യാറാണെന്നു നിന്നോട് പറയാൻ പറഞ്ഞു.
ഒരു പേടിയേയുള്ളു അദ്ദേഹത്തിന്. അച്ഛൻ കൂടിയില്ലാതിരുന്നാൽ നിന്നെ ചുറ്റിപറക്കുന്ന ആ കഴുകന്മാരിൽ നിന്ന് നിന്നെ രക്ഷിക്കാൻ ആരാണുണ്ടാവുക എന്ന്.”
ഞാൻ പറഞ്ഞു തീർത്തപ്പോഴേക്കും കരഞ്ഞു കൊണ്ടു അവളെന്റെ കാലിലേക്ക് വീണിരുന്നു..
” അമ്മേ, എനിക്ക് തെറ്റുപറ്റി അമ്മേ. അരുൺചേട്ടൻ അങ്ങനെ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ.. അച്ഛൻ ഒരിക്കലും നമ്മുടെ ബന്ധം സമ്മതിക്കില്ലെന്നും സ്വന്തം അച്ഛനായിരുന്നെങ്കിൽ എന്റെ മനസ്സ് കണ്ടേനെ എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും അങ്ങനെ തന്നെ വിചാരിച്ചു പോയമ്മേ.
പിന്നെ അരുൺചേട്ടൻ പറയുന്ന പോലെ ചെയ്തില്ലെങ്കിൽ എന്നേ ഒരിക്കലും സ്നേഹിക്കില്ലെന്നും എന്റെ ഫോട്ടോ നെറ്റിലിട്ട് നാണംകെടുത്തുമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ…
ഞാൻ എവിടെയും വരാം. ഇപ്പോ തന്നെ പോകാം പോലീസുകാരോട് പറയാം ഞാൻ നുണപറഞ്ഞതാണെന്ന്. എന്റെ അച്ഛൻ പാവമാണെന്ന്.”
ഞാനവളെ ചേർത്തണച്ചു.” എനിക്കറിയാം മോളെ നിനക്കത്ര മോശമാകാനൊന്നും കഴിയില്ലെന്ന്. എന്റെ മോൾക്കൊരു തെറ്റുപറ്റിയാൽ ഞങ്ങളല്ലാതെ ആരാ ക്ഷമിക്കുക?
നാളെ പൊലീസ് മോളുടെ മൊഴിയെടുക്കാൻ വരും അപ്പോ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞാൽ മതി.
പിന്നെ മോളെ,നിനക്ക് ഞങ്ങളോട് പറയാരുന്നല്ലോ. ഇത്രയും ചെറിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാത്തവരാണ് ഞങ്ങൾ എന്ന് കരുതിയോ നീ.
ഈ പ്രായത്തിൽ ആരോടും ആകർഷണം തോന്നാം അത് സ്വാഭാവികം. പക്ഷെ, അത് ജീവിതത്തെയോ പഠിപ്പിനെയോ ബാധിക്കുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്. എത്ര ദുരന്തങ്ങൾ കണ്മുന്നിൽ കണ്ടാലും നിന്റെ തലമുറ മനസ്സിലാക്കുന്നില്ലല്ലോ. ”
അവളെ അശ്വസിപ്പിച്ചിട്ട് ഞാൻ വേഗം ഫോണെടുത്ത് പുറത്തേക്ക് നടന്നു. രമേശേട്ടനെ വിളിക്കണം. നടന്നതെല്ലാം പറയണം. അശ്വസിപ്പിക്കണം..
ലൈൻ ബിസിയാണ്.വെറുതെ ഫേസ്ബുക്കൊന്നു സ്ക്രോൾ ചെയ്തതാണ്. രമേശേട്ടന്റെ ഫോട്ടോ സഹിതം പോസ്റ്റുകൾ. ” പോ ക് സോ കേസ്, ഗവണ്മെന്റ് ഉദ്യോഗസ്ഥനായ രണ്ടാനച്ഛൻ കസ്റ്റഡിയിൽ. ” ആരൊക്കെയോ ഷെയർ ചെയ്തിരിക്കുന്നു.
പോസ്റ്റിനടിയിൽ കമെന്റുകളിൽ കൊലവിളികൾ കൂടി കൂടി വരുന്നു. ഈശ്വര, ഇതെങ്ങനെ… ചതിച്ചത് അവൻ തന്നെ ആവണം. ഈ വിവരം ചോർന്നത് സ്കൂളിൽ നിന്നാവുമോ അതോ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെയോ.
എന്തായാലും കേട്ടപാടെ തെറിവിളിക്കുന്നവർ പലരും സത്യം തിരക്കാറില്ലല്ലോ. ഇവരാരും തന്നെ സത്യം അതായിരുന്നില്ല എന്ന് നാളെ അറിഞ്ഞാലും തിരുത്താരുമില്ലല്ലോ.
ഈശ്വര, എന്റെ രമേഷേട്ടൻ ഇത് കണ്ടിട്ടുണ്ടാവുമോ? വഴിയിൽ ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കുമോ? അദ്ദേഹം ഇങ്ങെത്തിയിരുന്നെങ്കിൽ പറയാമായിരുന്നു ഈ ലോകം മുഴുവൻ അദ്ദേഹത്തെ എതിർത്താലും ഞാൻ കൂടെയുണ്ടാവുമെന്ന്, ഇനിമുതൽ മോളും…
ഇരുളിന് കനം കൂടിവരുന്നതനുസരിച്ചു എന്റെ ആപത്ശങ്ക കൂടിക്കൂടി വരുന്നുണ്ട്.ഞാൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ ഒരു മനുഷ്യൻ,
അപമാനമേൽക്കുന്നതിലും ഭേദം മരണമാണെന്ന് ചിന്തിച്ച ഒരു പാവം മനുഷ്യൻ , തൊട്ടടുത്ത റയിൽവെ പാളത്തിൽ പൊലീസ് ഇൻക്വ സ്റ്റി നായി കാത്തു കിടപ്പുണ്ടെന്നറിയാതെ; ഞാൻ വിളിച്ചു കൊണ്ടേയിരുന്നു….