ജ്വാലയായ്
(രചന: Jainy Tiju)
കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ.
കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ ഡോറിനരികെ കാത്തു നിൽക്കുകയായിരുന്നു ഞാൻ.
ഒരു നിമിഷത്തേക്ക് അദ്ദേഹം അടുത്ത് വന്നതും ഹാൻഡ് ഷേക്ക് ചെയ്യാനായി കൈനീട്ടിയതും ഒന്നും അറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി.
അടുത്ത് നിന്ന മാനേജർ സുധീപ് തട്ടിവിളിച്ചപ്പോഴാണ് ഞാൻ പരിസരബോധം വീണ്ടെടുത്തതും അദ്ദേഹത്തെ കൈ കൊടുത്തു സ്വീകരിച്ചതും.
എന്നെ അമ്പരപ്പിച്ചുകൊണ്ട് കാറിൽ നിന്നൊരു കുട്ടി കൂടി ഇറങ്ങി. കൂടിപ്പോയാൽ ഏഴോ എട്ടോ വയസ്സുണ്ടാവും.
” എന്റെ സെക്രട്ടറി ആണ്, ക്രിസ്റ്റി. അത് അവളുടെ മകൻ അലൻ.”വീണ്ടും ഞാൻ അവരെത്തന്നെ തന്നെ നോക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം പരിചയപ്പെടുത്തിയത്. ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി. എന്നിട്ട് അവരെയും ആനയിച്ചുകൊണ്ട് ഞാൻ എന്റെ ഓഫീസിനകത്തേക്ക് കേറി.
അതിനിടയിൽ സുധീപ്, സ്റ്റെനോഗ്രാഫർ ലിജിയോട് കുട്ടിയെ ശ്രദ്ധിക്കണം എന്ന് പറയുന്നതും ലിജി വിളിച്ചപ്പോൾ അവൻ അമ്മയുടെ മുഖത്ത് നോക്കി സമ്മതം വാങ്ങി ലിജിയോടൊപ്പം പോകുന്നതും കണ്ടു.
ക്രിസ്റ്റി, ഒരിക്കൽ എന്റെ പേർസണൽ സെക്രട്ടറി ആയിരുന്നവൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാനാവാത്തമാറ്റം. തീക്ഷണമായ ഭാവം.
അവളിതെങ്ങനെ ഇയാളുടെ കൂടെ. എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു.
വല്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലാണ് ദുബായ് ബേസ്ഡ് ഫിനാൻസിങ് കമ്പനിയായ ജിസി ഗ്രൂപ്പിന്റെ എംഡി ജോർജ് സാറിനെ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ടതും കമ്പനിയുടെ 46% ഷെയർ അദ്ദേഹം വാങ്ങുന്നതും എന്നെ രക്ഷിക്കുന്നതും.
അങ്ങനെയിരിക്കെയാണ് അദ്ദേഹം കമ്പനി വിസിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്.
അദ്ദേഹത്തിന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ അത് എന്റെ നിലനിൽപ്പിനെവരെ ബാധിക്കുമെന്നതിനാൽ ഏറ്റവും നല്ല സ്വീകരണവും താമസവും തന്നെയാണ് ഞാൻ ഒരുക്കിയത്.
ആകെ തകർന്ന എനിക്ക് പിടിച്ചു കയറാനുള്ള പിടിവള്ളിയാണ് അദ്ദേഹം. അദ്ദേഹം ഒന്ന് എതിർത്താൽ പിന്നെ ഈ ഡയറക്ടറുടെ കസേരയിൽ ഞാനുണ്ടാവില്ല എന്നെനിക്ക് നന്നായറിയാം. പക്ഷെ, ക്രിസ്റ്റി, അവൾ എങ്ങനെ ഇയാളുടെ….
എന്റെ മാനേജർ പറഞ്ഞു കേട്ടിരുന്നു ജോർജ് സർ ന്റെ സെക്രട്ടറി മലയാളിയാണെന്ന്. സുദീപിന്റെ ഭാഷയിൽ ഒരു ഒരു അഡാർ ഐറ്റം. പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിച്ചില്ല..
സാറിനോടൊപ്പം ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സ്റ്റാഫിനെ പരിചയപ്പെടുത്തുമ്പോഴും എനിക്ക് ശ്രദ്ധ പാളിപ്പോകുന്നുണ്ടായിരുന്നു. പക്ഷെ, അവൾക്ക് എന്നെ അറിയാവുന്ന ഭാവം പോലുമുണ്ടായിരുന്നില്ല.
” സാറിന് ഇതെന്ത് പറ്റി? ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട. അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം. ”
സുദീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമെന്റ് എന്റെ ചെവിയിൽ.. എനിക്ക് സാധാരണ ഗതിയിൽ രസിക്കാറുള്ളതാണ് അവന്റെ ഭാഷ.
പക്ഷെ, ഇത് എനിക്ക് എന്തോ സഹിച്ചില്ല. ഞാൻ അവനെ തീക്ഷ്ണമായി നോക്കി. പിന്നെ അവൻ ശബ്ദിച്ചില്ല.
ക്രിസ്റ്റി, ഒൻപത് വർഷങ്ങൾക്ക് മുൻപ് എന്റെ സെക്രട്ടറി ആയിരുന്നവൾ, അല്ല എന്റെ ആരോ ആയിരുന്നവൾ.. തെറ്റ്, എനിക്ക് അവൾ ആരുമായിരുന്നില്ല. പക്ഷെ, വിഡ്ഢിയായ പെണ്ണ്, അവൾക്ക് ഞാൻ ആരൊക്കെയോ ആയിരുന്നു.
ഒന്നിച്ചുള്ള സമയങ്ങളിലെല്ലാം പെണ്ണിന്റെ കണ്ണുകളിലെ ആരാധനയും കൗതുകവും ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാനും അത് ആസ്വദിച്ചു. എനിക്ക് അവൾ ഒരു ഇരയെ അല്ലായിരുന്നു..
ഈ മുംബൈയിൽ എന്റെ കൈകളിലൂടെ കടന്നുപോകുന്ന അനേകം മോഡേൺ സുന്ദരികൾക്കിടയിൽ ഒരു സാദാ നാട്ടിൻപുറത്തുകാരിക്കെന്ത് പ്രത്യേകത.. പക്ഷെ അവളെന്നെ സ്നേഹിച്ചിരുന്നിരിക്കണം..
ഒരിക്കൽ ഒരാഴ്ചത്തെ ഒരു ബിസിനസ് ടൂറിനിടയിൽ, ഒന്നിച്ചുള്ള യാത്രയിലും താമസത്തിനിടയിലും ഞങ്ങൾ ശരീരം കൊണ്ട് ഒന്നായി. മുൻകയ്യെടുത്തത് അവളായിരുന്നു. വന്നു കിട്ടുന്നത് കളയാൻ ഞാനും പുണ്യവാളൻ ഒന്നുമായിരുന്നില്ലല്ലോ.
ടൂർ കഴിഞ്ഞു തിരിച്ചു വന്നു ഉടനെ ഡാഡിയുടെ ഒരു സുഹൃത്തിന്റെ മകളുമായി എന്റെ കല്യാണം ഉറപ്പിച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ..
ഗ്രീഷ്മ, എഡ്യൂക്കേറ്റഡ്, കാണാൻ സുന്ദരി, എന്തുകൊണ്ടും എന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ.. ഉറപ്പിച്ചതിന് ശേഷമാണ് സ്റ്റാഫിനോടെല്ലാം പറഞ്ഞത്, ക്രിസ്റ്റിയോടും.. അവളാകെ ഞെട്ടിയത് പോലെ തോന്നി..
” സാറിന്റെ കല്യാണം ഉറപ്പിച്ചോ? “അവിശ്വസനീയതയോടെയായിരുന്നു ചോദ്യം.
” അതെ, അടുത്ത മാസം ആണ് മാര്യേജ്.. എല്ലാക്കാര്യങ്ങളും ഓർഗനൈസ് ചെയ്യാൻ നീ മുന്നിലുണ്ടാവണം.”
ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.” എനിക്ക് സാറിനോട് സംസാരിക്കാനുണ്ട്. വളരെ അത്യാവശ്യം ആണ്. ഞാൻ രാവിലെ മുതൽ വിളിക്കുന്നതാ സാർ കോൾ എടുത്തില്ല. ”
” ഞാൻ തിരക്കിലായിരുന്നു. ഇനി അധികം ദിവസമില്ല.. ഒരുപാട് കാര്യങ്ങൾ ചെയ്യാനില്ലേ. ” ഞാൻ നിസ്സാരമാക്കി പറഞ്ഞു.
അവളെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ബെഞ്ചമിൻ വന്നു, ബെന്നിച്ചൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
ഞാൻ അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഭ്രാന്തെടുത്ത പോലെ ഇറങ്ങിപ്പോയി. കൊറിയറുകാരൻ കൊണ്ടുവന്ന പാക്കെറ്റുമായി അവൾ വീണ്ടും വന്നു. എന്റെ ഇൻവിറ്റേഷൻ കാർഡ് ആയിരുന്നു അത്.
ഞാനും ഗ്രീഷ്മയും ഒന്നിച്ചു സെലക്ട് ചെയ്ത, ഞങ്ങളുടെ ഫോട്ടോ പതിപ്പിച്ച കാർഡ്..അതിലൊരെണ്ണം അവൾക്ക് നേരെയും നീട്ടിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു.
” അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലെ? “” ഞാൻ നിന്നെ ചതിച്ചോ, എങ്ങനെ? നിന്നെ കല്യാണം കഴിക്കാമെന്നു ഞാൻ പറഞ്ഞോ, അറ്റ്ലീസ്റ്റ് നിന്നോട് സ്നേഹമാണെന്നെങ്കിലും? ”
എന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പതറി.. ബെഞ്ചമിൻ നിൽക്കുന്നതിന്റെ വല്ലായ്മ അവളിൽ കണ്ടെങ്കിലും എനിക്ക് സഹതാപം തോന്നിയില്ല..
“അല്ലെങ്കിലും നീയെന്തൊരു വിഡ്ഢിയാ. എന്നെപോലൊരാൾക്ക് നിന്നെ കെട്ടേണ്ട ആവശ്യമെന്താ. ഏത് തരത്തിലാ നീയെനിക്ക് ചേരുക, പണമുണ്ടോ, സൗന്ദര്യം, കുടുംബമഹിമ? നിന്റെ നാട്ടിൽ പോയി ചോദിച്ചാൽ നാലുപേര് കേട്ടാലറിയുന്ന മേൽവിലാസമെങ്കിലും ഉണ്ടോടി നിനക്ക്? ”
ഞാൻ പരിഹസിച്ചു.” അപ്പോ അന്ന് നമ്മൾ തമ്മിൽ സംഭവിച്ചത്… “പൂർത്തിയാക്കാനാവാതെ അവൾ വിക്കി.
” ഓ അത്. അത് എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ടാണെന്നാണോ നീ കരുതിയത്? അതെന്റെ ജീവിതത്തിൽ പുതിയ അനുഭവം അല്ല.
സാധാരണ കാര്യം കഴിഞ്ഞാൽ അതിനുള്ള കൂലി കൊടുക്കുകയാണ് പതിവ്. നിനക്ക് ഞാനൊന്നും തന്നില്ലായിരുന്നു അല്ലെ? സോറി. എത്രയാ നിനക്ക് വേണ്ടത് പറഞ്ഞോ ”
ഞാൻ പൊട്ടിച്ചിരിച്ചു.” എന്നെയും നിങ്ങൾ ഒരു വേശ്യയായാണോ കണ്ടത്? ” അവളുടെ ശബ്ദം തളർന്നിരുന്നു.
” ഞാൻ അങ്ങനെ കരുതിയിട്ടില്ല. എനിക്കറിയാം നിന്റെ ആദ്യത്തെ അനുഭവം ആണെന്ന്. സാരമില്ല. ഇതാ ഇതൊരു ബ്ലാങ്ക് ചെക്കാണ് എത്രയാണെന്ന് വെച്ചാൽ എഴുതി എടുത്തോ.”
അഹങ്കാരത്തോടെ ഒരു ചെക്ക് ലീഫ് എടുത്ത് സൈൻ ചെയ്ത് അവൾക്ക് നേരെ നീട്ടി.
അവളൊരു സ്വപ്നത്തിൽ എന്നപോലെ എന്നെ നോക്കികൊണ്ട് കൈനീട്ടി ചെക്ക് വാങ്ങി, അതേപോലെ ഇറങ്ങിപ്പോയി.
” റോഷീ, ഇതുവരെ നീ ചെയ്ത എല്ലാ തെമ്മാടിത്തരത്തിനും കൂട്ടു നിന്നിട്ടുണ്ട് ഞാൻ. പക്ഷെ, ഇവളെ നിനക്ക് വെറുതെ വിടാമായിരുന്നു. “ബെന്നിച്ചൻ പരുഷമായി പറഞ്ഞു.
” ബെന്നിച്ചാ, അതിനു ഞാനല്ല, അവളാ ഇങ്ങോട്ട്… “പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവനിറങ്ങിപ്പോയി.
ഒരുനിമിഷം വല്ലാതായെങ്കിലും വരാനുള്ള നല്ല നിമിഷങ്ങളുടെ ഓർമയിൽ ഞാനത് വിട്ടു..
ഒരു റെസിഗ്നേഷൻ ലെറ്റർ മാനേജരെ ഏൽപ്പിച്ചു ആരോടും യാത്ര പോലും പറയാതെ അവൾ നാട്ടിലേക്ക് പോയി.
കല്യാണത്തിരക്കുകൾക്കിടയിൽ എനിക്കതൊന്നും അന്വേഷിക്കാൻ സമയം ഉണ്ടായില്ല. താല്പര്യം ഉണ്ടായില്ലെന്നതാണ് സത്യം. പിന്നീട് വിരുന്നുകൾ, ഹണിമൂൺ യാത്രകൾ അങ്ങനെ ഒരുപാട് സന്തോഷങ്ങൾ.
എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബെഞ്ചമിനെ കണ്ടു. അവൻ അവളെ പറ്റി അന്വേഷിച്ചിരുന്നത്രെ. പണ്ടും അവനു അവളോടൊരു സോഫ്റ്റ് കോർണർ ഉണ്ട്.
അവന്റെ നാട്ടുകാരി എന്ന ലേബലിൽ അവന്റെ ഏതോ ഫ്രണ്ട് ന്റെ റെക്കമെന്റെഷനിലാണ് അവൾക്ക് അന്ന് ജോലി കൊടുത്തത്. വീട്ടിലെ സ്ഥിതി മോശമാണ്.
രണ്ടാനമ്മയും മക്കളുമാണ് ഉള്ളത്. അപ്പൻ സുഖമില്ലാത്തതാണ് എന്നൊക്കെ സെന്റിമെന്റ്സും പറഞ്ഞിരുന്നു.
” റോഷീ, ക്രിസ്റ്റി; അവൾ പ്രെഗ്നന്റ് ആയിരുന്നെന്നോ വീട്ടിൽ അവളെ കേറ്റിയില്ലെന്നോ പിന്നീട് ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നോ ഒക്കെ കേട്ടു. ഇപ്പോൾ വിവരം ഒന്നുമില്ല. ”
തലയിൽ ഒരു ഇടിമുഴക്കം. കുറ്റബോധത്തേക്കാൾ സത്യത്തിൽ ആ നിമിഷം മനസ്സിലേക്ക് വന്നത് അവളെന്റെ കുടുംബം തകർക്കുമോ എന്നായിരുന്നു.
” റോഷീ, നീ ടെൻഷൻ ഒന്നുമാവണ്ട. അവളാ കുഞ്ഞിനെ നശിപ്പിച്ചു കാണും. അന്തസ്സായി വേറൊരുത്തനെ കെട്ടി ജീവിക്കുകയും ചെയ്യും. ഞാൻ കരുതിയത് നീ ചെക്ക് കൊടുത്തപ്പോ അവളത് നിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോകുമെന്നാണ്.
അത് അവൾ വാങ്ങിയ സ്ഥിതിക്ക് അവൾ പ്രാക്ടിക്കൽ തന്നെ ആണ്. എത്രയാണെന്ന് വെച്ചാൽ എടുക്കട്ടെ. അവളുടെ ജീവിതത്തിനുള്ളത്. ഒരു പ്രായശ്ചിത്തം ആയി കരുതിയാൽ മതി. ”
അവനെന്നെ ആശ്വസിപ്പിച്ചു. പക്ഷെ, കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽ നിന്നും പണമൊന്നും കട്ടായില്ല. പിന്നെ എപ്പോഴോ ഞാനത് മറന്നു.
അതിനിടയിൽ ബിസിനസ്സിൽ ചില പാളിച്ചകൾ.. പൂർണമായും വിശ്വസിച്ചിരുന്ന മാനേജർ ദിലീപ് ചതിച്ചു. കണക്കിൽ കുറെ വെട്ടിപ്പുകൾ, ടാക്സ് യഥാസമയം ഓഡിറ്റ് നടത്തി തീർത്തിരുന്നില്ല.
അവസാനം എല്ലാം കൂടെ കോടികളുടെ നഷ്ടം. എല്ലാം എന്റെ പിടിപ്പുകേടാണ് എന്നായി.
തിരിച്ചു പറയാൻ എന്റെ കയ്യിൽ ഉത്തരവുമില്ലായിരുന്നു. ഇതിനിടയിൽ കുടുംബം തകർന്നു. അവളാഗ്രഹിച്ച ഒരു ലൈഫ് ആയിരുന്നില്ലത്രേ അവൾക്ക് കിട്ടിയത്. എന്റെ തകർച്ചയിൽ കൂടെ നിൽക്കുന്നതിനു പകരം അവൾ എന്നെ ഉപേക്ഷിച്ചു പോയി.
ഡയറക്ടർ ബോർഡ്, പ്രശ്നം ചർച്ചക്ക് വെച്ച് എന്നെ എംഡിയുടെ സ്ഥാനത്ത് നിന്നു ഒഴിവാക്കുമെന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഷെയർ വാങ്ങാൻ ജോർജ് സാറിന് താല്പര്യം ഉണ്ടെന്ന് ദുബായിൽ ഉള്ള ഒരു സുഹൃത്ത് വഴി അറിയുന്നത്.
അതെനിക്കൊരു പിടിവള്ളിയായിരുന്നു. അടച്ചുപൂട്ടേണ്ടിവരുമെന്ന് കരുതിയിടത്ത് നിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്.
ദുബായ് ഉപേക്ഷിച്ചു നാട്ടിൽ വരാൻ ആഗ്രഹിക്കുന്നുവെന്നോ അതിനു മുന്നോടിയായാണ് ഇന്ത്യയിൽ കുറച്ചു ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് എന്നൊക്കെ സാർ പറഞ്ഞു.
അദ്ദേഹം കുറച്ചു പ്രായമുള്ള ആളാണ്, മക്കളോ അവകാശികളോ അങ്ങനെ ആരുമില്ല.
അതുകൊണ്ട് അധികാരത്തിലേക്ക് നോട്ടമുണ്ടാവില്ല എന്ന് ബെന്നിച്ചനും പറഞ്ഞു.. ഡയറക്ടർ ബോർഡിലെ മറ്റുള്ളവർ കയ്യിലെടുക്കുന്നതിന് മുന്പേ അദ്ദേഹത്തെ എന്റെ പക്ഷത്ത് നിർത്താനായി എന്റെ ശ്രമങ്ങൾ.
അത് ഫലം കാണുകയും ചെയ്തു. അവർ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ കമ്പനിയുടെ തലപ്പത്ത് ഞാനുണ്ടാവണം എന്നദ്ദേഹം ആവശ്യപ്പെട്ടു. അതിനുള്ള നന്ദി പ്രകടനം കൂടെയായിരുന്നു ഈ ക്ഷണവും അദ്ദേഹത്തിന്റെ സന്ദർശനവും.
ഇപ്പോൾ ചിത്രം വ്യക്തമാകുന്നുണ്ട്. ക്രിസ്റ്റി. അപ്പോൾ അവളാണ് ഇതിനു പുറകിൽ. എന്ന് വെച്ചാൽ അവളെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നർത്ഥം..
പക്ഷെ, അവളെങ്ങനെ അയാളുടെ അടുത്തെത്തി? എന്താണ് അവൾക്ക് അയാളുമായുള്ള ബന്ധം. ആ കുട്ടി ആരുടേതാണ്, എന്നിങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
ബെന്നിച്ചന്റെ നിർദ്ദേശപ്രകാരം രണ്ടും കല്പ്പിച്ചു ഞാനും ബെന്നിച്ചനും കൂടെ അവൾ താമസിക്കുന്ന ഹോട്ടലിൽ പോയി. ചെന്നപ്പോൾ വാതിൽ തുറന്നത് മോനായിരുന്നു.
” അപ്പാപ്പനാണെന്നു വിചാരിച്ചു. “അവന്റെ സ്വരത്തിൽ നിരാശ.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു. അപ്പോ ജോർജ് സാറിനെ ഇവൻ അപ്പാപ്പൻ എന്നാണ് വിളിക്കുന്നത്.
അപ്പൊ എന്തായാലും അദ്ദേഹത്തിന്റെ കുഞ്ഞല്ല . ഇനി ഇവൻ എന്റെ കുഞ്ഞാണോ.” മോന്റെ പേരെന്താ? ” ബെന്നിച്ചനാണ് ചോദിച്ചത്.” അലൻ ക്രിസ്റ്റി. ” ഉറച്ച സ്വരം.
” മമ്മി കുളിക്കുകയാണ്. വെയിറ്റ് ചെയ്യൂ. അല്ലെങ്കിൽ അപ്പാപ്പനെ വിളിക്ക്. “കാര്യഗൗരവത്തോടെയുള്ള സംസാരം. ഓഫീസിൽ വെച്ചു കണ്ടത് കൊണ്ടാവാം അവൻ പരിചയഭാവത്തിൽ തന്നെയാണ് സംസാരിച്ചത്.
ഞാൻ പതുക്കെ അവനരികിൽ മുട്ടുകുത്തി ഇരുന്നു.” മോന്റെ ഡാഡിയുടെ പേരെന്താ? അതെന്താ മോന്റെ പേരിന്റെ കൂടെ ഡാഡിയുടെ പേര് ഇല്ലാത്തെ? ”
ചളിപ്പോടെയാണ് ചോദിച്ചത്. ആ കുഞ്ഞിനോട് ഇതിൽ കൂടുതൽ എങ്ങനെ ചോദിക്കാൻ.
” എനിക്ക് . മമ്മി മാത്രമേ ഉള്ളു. പിന്നെ എന്റെ അപ്പാപ്പനും.”” കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ അത് അവനോടല്ല എന്നോട്, എന്നോടാണ് ചോദിക്കേണ്ടത്. ”
പുറകിൽ നിന്നു കനത്ത സ്വരം. ക്രിസ്റ്റി. അവളെ കണ്ടതും മോൻ റൂമിൽ കയറി ഡോർ അടച്ചു.
” അകത്തേക്ക് ഇരിക്കാം. “ഞങ്ങൾ പതിയെ ലോഞ്ചിലെ സോഫയിലിരുന്നു..” ക്രിസ്റ്റി. അന്ന് ഇവന് ഒരു തെറ്റുപറ്റി. അത് തിരുത്താൻ അവനിപ്പോ തയ്യാറാണ്. അലൻ റോഷന്റെ മോനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നിന്നെയും മോനെയും സ്വീകരിക്കാൻ.. ”
ബെന്നിച്ചൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപ് അവൾ പൊട്ടിച്ചിരിച്ചു.” ആരു പറഞ്ഞു അലൻ റോഷന്റെ മകനാണെന്ന്. ഞാൻ പറഞ്ഞോ. ”
” ക്രിസ്റ്റി, അതുപിന്നെ. നമുക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. പിന്നെന്തിനാ വെറുതെ.. ”
ബെന്നിച്ചൻ വിക്കി.
” മിസ്റ്റർ ബെഞ്ചമിന് എന്തറിയാം? എന്നെപ്പറ്റി അറിയാമോ. ഞാൻ പണത്തിനു വേണ്ടി പലരുടെയും കൂടെ പോകുന്നവളായിരുന്നു. അവരെല്ലാം പ്രതിഫലം തന്നിട്ടുമുണ്ട്. ചിലർ പണമായിട്ടും ചിലർ ചെക്കായിട്ടും. ”
അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്. ഞാൻ തലകുനിച്ചിരുന്നു.
” അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ “ബെന്നിച്ചൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചു.
” അതെ. കഴിഞ്ഞ കാര്യങ്ങളാണ്.. അന്ന് പിഴച്ചു ഗർഭിണിയായ എന്നെ വീട്ടുകാർ സ്വീകരിച്ചില്ല. അവിടെ നിന്നു കോട്ടയത്തുള്ള ഒരു അകന്ന ബന്ധുവീട്ടിലേക്ക്.
അവിടെ നിന്ന് ജോർജ് സാറിന്റെ സുഖമില്ലാതിരുന്ന ഭാര്യയെ നോക്കാൻ ഒരു ജോലിക്കാരിയായി ദുബായിലേക്ക്. അവിടെ വെച്ചു ഞാൻ പ്രസവിച്ചു. അതിനിടയിൽ ഞാൻ സാറിനും അമ്മച്ചിക്കും മകളായി.
എന്റെ മകന് അവർ അപ്പാപ്പനും അമ്മാമയുമായി. ഞാൻ അവരുടെ സ്വത്തിന്റെ അവകാശിയായി. പതുക്കെ പതുക്കെ പപ്പയുടെ ബിസിനസ് കാര്യങ്ങൾ നോക്കിതുടങ്ങി.
അമ്മച്ചി മരിച്ചതോടെ ഞാൻ പൂർണമായും ബിസിനസിലേക്കിറങ്ങി. തളർന്നു പോകുമെന്ന് തോന്നിയപ്പോഴൊക്കെ എന്നെ പിടിച്ചു നിർത്തിയതെന്താണന്നറിയാമോ, അത് ആ ചെക്കാണ്.
നിങ്ങൾ എനിക്കിട്ട വില. ഇന്നും എന്റെ കയ്യിലുണ്ട് അത്. വേണമെങ്കിൽ നിന്റെ തലവര നിശ്ചയിക്കാൻ പാകത്തിന്, ഡേറ്റോ സംഖ്യയൊ എഴുതാത്ത ഒരു ചെക്ക് ലീഫ്.”
അവളൊന്നു ചിരിച്ചു.”നിനക്ക് എന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്നു എനിക്കറിയാം. അല്ലെങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നീയെന്നെ സഹായിക്കില്ലായിരുന്നല്ലോ. ”
ഞാൻ ആർദ്രമായി പറഞ്ഞു.
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.” നിന്റെ കമ്പനി നഷ്ടത്തിലായതും നിന്റെ സ്ഥാനം നഷ്ടപ്പെടാൻ തുടങ്ങിയതും അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ട് തന്നെയാണ് പപ്പാ ഷെയർ വാങ്ങിയത്. അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല..
നിന്നെയെന്റെ കാൽച്ചുവട്ടിൽ ഇങ്ങനെ കിട്ടാനാ. ഇന്ന് നിന്റെ കമ്പനിയിൽ വരെ നിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ഞാനാണ്. ഇപ്പോൾ പറ, ഞാൻ എഴുതട്ടെ നിന്റെ ചെക്കിൽ ഞാൻ എന്റെ വില.. തന്നു തീർക്കാനുള്ള ആസ്തിയുണ്ടോടാ നിനക്ക്? ”
അവളുടെ ശബ്ദം ഉയർന്നു.” ക്രിസ്റ്റി. ഞാൻ ചെയ്തതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു. നീ മോനെയും കൊണ്ട് എന്റെ കൂടെ വരണം. നിനക്കൊരു ജീവിതം വേണ്ടേ. നമ്മുടെ മോനു അവന്റെ അച്ഛനെ വേണ്ടേ? ”
ഞാൻ ആത്മവിശ്വാസത്തിലായിരുന്നു.” എന്റെ മോനു അപ്പനെ വേണ്ട. അവനു ഞാനുണ്ട്. അതുമതി. പിന്നെ അവൻ വളരുമ്പോൾ അവനോട് ഞാൻ പറയും അവൻ ഉണ്ടായത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വഴിയാണെന്ന്.
ബീ ജം ദാനം ചെയ്യുന്നവരുടെ അഡ്രസ് ആരും സൂക്ഷിച്ചു വെക്കാറില്ലെന്ന്. പിന്നെ, എനിക്കൊരു കൂട്ട് വേണമെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല..
തോന്നുമ്പോൾ ആണാണെന്ന് എനിക്ക് തോന്നുന്ന ഒരുത്തനെ ഞാൻ കൂടെക്കൂട്ടും. ജിസി ഗ്രൂപ്പിന്റെ അവകാശിയെ ആഗ്രഹിക്കാൻ എന്താണ് തന്റെ യോഗ്യത? ”
ഞാൻ എണീറ്റു പുറത്തേക്ക് നടന്നു. ബെന്നിച്ചൻ അവളെ ഒന്നുകൂടി നോക്കിയിട്ട് എന്റെ പുറകെ വന്നു. അപ്പോഴേക്കും പുറകിൽ വാതിലടഞ്ഞിരുന്നു.
അന്ന് വൈകിട്ട് പതിവില്ലാതെ ഞാൻ അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് ചെന്നു. കുറച്ചു നാളായി ആ വീട്ടിൽ അങ്ങനെ ഒരു മനുഷ്യജീവി ഉണ്ടെന്നു ഓർക്കാറെ ഇല്ലായിരുന്നു..
ആ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്നു എനിക്കൊന്നു കരയണമെന്ന് തോന്നി. ഇവിടെ അല്ലാതെ മറ്റെവിടെവിടെയാനെനിക്ക് കുമ്പസാരിക്കാനുള്ളത്? എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു,
” റോഷീ, മോൻ പോയി ഗ്രീഷ്മ മോളെ കൂട്ടിക്കൊണ്ട് വായോ. ചെറുപ്പത്തിന്റെ വിവരക്കേടിൽ എന്തൊക്കെയോ ചെയ്തെങ്കിലും അതിനിപ്പോ പശ്ചാത്താപം ഉണ്ട്.
നീ ക്ഷമിക്കപെടണമെന്ന് ആഗ്രഹിക്കുമ്പോൾ ക്ഷമിക്കാൻ നീയും പഠിക്കണ്ടേ? ”
” അമ്മേ, പക്ഷെ, ക്രിസ്റ്റി. എന്റെ മോൻ. അവനെ ഒന്ന് തൊടാൻ പോലും അവൾ അനുവദിക്കില്ല. അമ്മയൊന്നു സംസാരിക്കാമോ അവളോട്. അമ്മയല്ലേ പറഞ്ഞിട്ടുള്ളത്, ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഏറ്റവുമധികം കൊടുത്തിട്ടുള്ളത് പെണ്ണിനാണെന്ന്. ”
“അതെ. പക്ഷെ, വെറുത്തുപോയാൽ ഏറ്റവും അങ്ങേയറ്റം വെറുക്കാനും പെണ്ണിന് തന്നെയാണ് പറ്റുക. അതും അവളുടെ മാനത്തിന് വിലയിട്ടവനെ.
അവളെ തിരുത്താൻ കഴിയില്ല മോനെ എനിക്കെന്നല്ല ആർക്കും. അവളെ തോൽപ്പിക്കാനും ശ്രമിക്കേണ്ട. നടക്കില്ല.”
അമ്മയുടെ അടുത്ത് നിന്നു എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ബെന്നിച്ചന്റെ വാക്കുകൾ എന്റെ ചെവിൽ മുഴങ്ങുന്നുണ്ടായിരുന്നു.
“ചില തെറ്റുകൾ തിരുത്താൻ കഴിയാറില്ല. ചില മുറിവുകൾ ഉണക്കാനും. അതിങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും, പ്രാണൻ വിട്ടകലുന്ന നിമിഷം വരെ….”