(രചന: J. K)
“”സജു ബിസിനസ് ടൂർ കഴിഞ്ഞ് പപ്പ ഇന്ന് വന്നിട്ടുണ്ട് നീ മറക്കരുത് വൈകിട്ട് എന്തായാലും നീ വീട്ടിൽ വന്ന് കാര്യം പറയണം അല്ലെങ്കിൽ അറിയാലോ എല്ലാം കൈവിട്ടു പോകും
ആ വന്ന കല്യാണ ആലോചന ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടെ എല്ലാവരും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നീ പിന്നെ എന്നെ കാണില്ല അതുകൊണ്ട് നീ വരണം”””
ചേതന അയച്ച മെസ്സേജിലേക്ക് ഒന്നുകൂടി നോക്കി സജു… അറിയാം അവൾക്ക് താൻ ജീവനാണെന്ന് താനില്ലാതെ അവൾക്കൊരു ജീവിതമില്ലെന്ന്…
പക്ഷേ അവളുടെ വീട്ടുകാരും തന്റെ വീട്ടുകാരും തമ്മിലുള്ള അന്തരം വളരെ വലുതാണ് എന്നും സംഭവിക്കാം പക്ഷേ..
ആകെയുള്ള പ്രതീക്ഷ അവളുടെ പപ്പക്ക് അവളോട് ഉള്ള വാൽസല്യമാണ് ഏക മകൾ ആയതുകൊണ്ട് അവളുടെ പപ്പ അവളെ വളരെ കൊഞ്ചിച്ചാണ് വളർത്തിയിരിക്കുന്നത് അവൾക്ക് മൂന്ന് ആങ്ങളമാർ ആണുള്ളത്…
ഒരു പെൺകുഞ്ഞ് വേണം എന്നത് അവളുടെ പപ്പയുടെ വളരെ മോഹമായിരുന്നു. അങ്ങനെയാണ് ഏറ്റവും ഒടുവിൽ അയാളുടെ ഭാഗ്യം പോലെ അവൾ വന്നു പിറന്നത് പിന്നെ വെച്ചടി വെച്ചടി കേറ്റം ആയിരുന്നു അയാൾക്ക് ജീവിതത്തിൽ…
ചേതന എന്തുതന്നെ പറഞ്ഞാലും അവളുടെ പപ്പ അതെല്ലാം സാധിച്ചു കൊടുക്കും ഇതും അങ്ങനെ സാധിച്ചു തരും എന്നാണ് അവൾ പറഞ്ഞിരുന്നത്…
അവൻ മെല്ലെ ചേതനയെ പറ്റി ഓർത്തു ഒരു പാവം പെൺകുട്ടി അവളെ ആദ്യമായി കണ്ട ദിവസം ഓർത്തപ്പോൾ അവന് ചിരി വന്നു..
താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ വന്നതായിരുന്നു അവൾ.. അതും സ്വന്തം ഇഷ്ടപ്രകാരമല്ല കോളേജിൽ ബ്ലഡ് ഡൊണേഷൻ ഡേ ആചരിക്കുന്നതിന്റേ ഭാഗമായി ആരൊക്കെയോ നിർബന്ധിച്ചു കൊണ്ടുവന്നതാണ്….
അവളുടെ റെയർ ഗ്രൂപ്പായതു കാരണം അവൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല ഏതൊക്കെയോ കൂട്ടുകാർ പിടിച്ച പിടിയാലേ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..
ബ്ലഡ് എടുക്കാൻ വേണ്ടി അവളെ ടെസ്റ്റ് ചെയ്യാൻ ലാബിന്റെ അങ്ങോട്ടേക്ക് കൊണ്ട് വന്നു.
കാഷ്വാലിറ്റിയിലെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരത്തായിരുന്നു ഇത്..
ലാബിൽ നിന്ന് വല്ലാത്തൊരു കരച്ചിൽ കേട്ടതുകൊണ്ടാണ് ആ വഴിക്കൊന്നു ചെന്ന് നോക്കിയത്… അപ്പോൾ കണ്ടു കാറി പൊളിക്കുന്ന അവളെയും ഇഞ്ചക്ഷൻ വയ്ക്കാനുള്ള സിറിഞ്ചും പിടിച്ച് അവളെ തെറി വിളിക്കുന്ന നഴ്സിനെയും…
ഒരു ചെറിയ കുഞ്ഞിന്റെ ഓമനത്തത്തോടെയുള്ള അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി വന്നു.. എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ നേഴ്സ് പറഞ്ഞിരുന്നു…
“‘ഡോക്ടറെ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ വന്ന ആളാണ് ഒരു ചെറിയ നീഡിൽ കണ്ടപ്പോഴേക്ക് പേടിച്ച് വല്ലാത്ത കരച്ചിൽ…. ഇങ്ങനെയുണ്ടോ ആളുകൾ. ഇത്രേം വലുപ്പം വച്ചില്ലേ…””
ദേഷ്യത്തോടെ സിസ്റ്റർ പറയുമ്പോൾ ഞാൻ അവളെ ഒന്ന് നോക്കി. ചമ്മിയ മുഖത്തോടെ എനിക്കൊരു ചിരി സമ്മാനിച്ചു… എന്തോ എനിക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു..
എങ്കിലും പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നും നടന്നു…
അത് അവിടെ തീർന്നു എന്ന് കരുതി പക്ഷേ ദൈവം ഞങ്ങളെ വീണ്ടും കണ്ടുമുട്ടിച്ചു അതൊരു ചെറിയ ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ ആയിരുന്നു…
അവൾ പോയിരുന്ന ടു വീലർ മറ്റേതോ ഒരു വണ്ടിയുമായി ഇടിച്ച് നിസ്സാരമായ പരിക്കുകളോടെ അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
കയ്യിന്റെ തോല് പോയിട്ടേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വാവിട്ട് കരയുന്ന അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ചിരി വന്നിരുന്നു..””വേദന ഒട്ടും സഹിക്കാൻ പറ്റില്ല ല്ലേ “”
എന്ന് ചോദിച്ചപ്പോൾ സ്വിച്ച് ഇട്ട പോലെ നിന്നു അവളുടെ കരച്ചിൽ… അപ്പോഴേക്കും അവളുടെ വീട്ടുകാർ എത്തിയിരുന്നു അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇവൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്ന്….
വെറും ഒരു ബാൻഡേജ് കയ്യിൽ ഇട്ടവളെ എന്തോ വലിയ അസുഖക്കാരിയെ പോലെയാണ് അവർ കൊണ്ട് നടന്നത്…
അവൾ അതിനനുസരിച്ച് കൊഞ്ചുന്നും ഉണ്ട്…
പിറ്റേദിവസം ആണ് അവളെ ഡിസ്ചാർജ് ചെയ്തത്… അതും കുഴപ്പമൊന്നും ഇല്ലാതിരുന്നിട്ട് കൂടി അവരുടെ നിർബന്ധം സഹിക്കാഞ്ഞിട്ട്…
അന്ന് രാത്രി മുഴുവൻ എനിക്ക് ആയിരുന്നു ഡ്യൂട്ടി… ഇടയ്ക്കുള്ള ചെറിയ നോട്ടവും മറ്റും ഞങ്ങളെ തമ്മിൽ വല്ലാതെ അടുപ്പിച്ചിരുന്നു… മൗനമായി…
പിന്നെ പിന്നെ അവൾ കൂടെ കൂടെ അവിടെ വരാൻ തുടങ്ങി. എന്നെ കാണാൻ വേണ്ടി മാത്രം.. ആദ്യം ഒരു സുഹൃത്ത് ബന്ധത്തിൽ തുടങ്ങി അത് വളർന്ന് വലുതായി പരസ്പരം പിരിയാൻ പറ്റാത്ത വിധം..
ഒരു സാധാ എംബിബിഎസ് ഡോക്ടർ എന്നതിലുപരി അവരുടെ കൂടെ നിൽക്കാൻ യാതൊരുവിധ യോഗ്യതയും എനിക്ക് ഇല്ലായിരുന്നു..
അതുകൊണ്ടുതന്നെ ചെറിയ ഭയവും ഉണ്ടായിരുന്നു അവളെ നഷ്ടപ്പെടുമോ എന്ന്..
അവളുടെ നിർബന്ധം കൂടി ആയപ്പോൾ രണ്ടും കൽപ്പിച്ച് അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാനായി ചെന്നു…
എന്റെ ഉപ്പയുടെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു… അമ്മ ക്രിസ്ത്യനും അച്ഛൻ മുസ്ലിമും..
റഹ്മാന്റെയും എലീനയുടെയും മകൻ ഡോക്ടർ സജയ്…
പുച്ഛത്തോടെയാണ് അവർ അങ്ങനെ പറഞ്ഞത്..
ഒപ്പം അവരുടെ തറവാട്ട് മഹിമയും അവിടെയുള്ളവരുടെ എല്ലാം യോഗ്യതകളും പറഞ്ഞു എന്നെ അപമാനിച്ച വിട്ടു..
പോകാൻ നേരം എല്ലാവരെയും പോലെ ഞാൻ അവളെ വിളിച്ചിരുന്നു എന്റെ കൂടെ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇറങ്ങി വരാൻ പറഞ്ഞു….
പക്ഷേ അവൾ അവിടെ നിന്നു ഓടി പോയി… ഒന്നും മിണ്ടാതെ… അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഞാൻ വിളിച്ചാൽ അവൾ എന്റെ കൂടെ ഇറങ്ങി വരും എന്നാണ് കരുതിയിരുന്നത് അവളുടെ ഈ പെരുമാറ്റം എന്നെ വല്ലാതെ തളർത്തി കളഞ്ഞു…
ഹയർ സ്റ്റഡീസിന് പോണം എന്ന് വച്ചിരുന്നു പക്ഷേ അവളാണ് വിവാഹം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ് എന്നെ തടഞ്ഞത്… അവളെ മറക്കാൻ എനിക്കൊരു മാറ്റം ആവശ്യമായിരുന്നു അതുകൊണ്ടുതന്നെ ഉപ്പയുടെ ഒരു സുഹൃത്ത് വഴി യുഎസ്സി ലേക്ക് പോയി…
ഉപ്പ വളരെ മുന്നേ തന്നെ ഞങ്ങളെ വിട്ടു പോയിരുന്നു അമ്മയെ കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുവന്നു നാട്ടിലുള്ള ആരെപ്പറ്റിയും അന്വേഷിച്ചില്ല അന്വേഷിക്കാൻ തോന്നിയില്ല…
കുറച്ചുകാലം ഇവിടെ തന്നെ ജോലി ചെയ്തു പിന്നെ അമ്മയുടെ ആഗ്രഹപ്രകാരമാണ് നാട്ടിലേക്ക് വന്നത്..
നാട്ടിലേക്ക് വന്നതും വലിയൊരു ഹോസ്പിറ്റലിൽ തന്നെ കയറി… കാർഡിയോളജി ഡിപ്പാർട്ട്മെന്റിൽ…
ഒരിക്കൽ ഒരു പേഷ്യന്റ് ഹൃദയാഘാതം വന്ന് അവിടെ വന്നു.. സംഗതി കുറച്ച് എമർജൻസി ആയിരുന്നു. വേഗം കേസ് ചെയ്യാനായി ഐസിയുവിയിലേക്ക് കേറ്റി..
കേസ് ചെയ്തു കഴിഞ്ഞ് ആൾക്ക് സുഖപ്പെട്ടതിനുശേഷം മാത്രമാണ് ഞാൻ ആളെ പോലും ശ്രദ്ധിച്ചത് അതേ അവളുടെ പപ്പാ…
ഒരു രോഗി എന്ന നിലയിൽ അല്ലാതെ കൂടുതൽ ഒന്നും ഞാൻ അയാളോട് സംസാരിച്ചില്ല.. സംസാരിക്കാനും തോന്നിയില്ല.. എന്റെ കടമകൾ മാത്രം ഞാൻ നിർവഹിച്ചു.. ഒടുവിൽ ഡിസ്ചാർജ് ചെയ്യുന്ന അന്ന് അയാൾ എന്റെ ക്യാബിനീലേക്ക് കാണാൻ വന്നിരുന്നു….
അന്ന് അയാൾക്ക് തോന്നിയ അവിവേകത്തിന് മാപ്പ് പറഞ്ഞു.. ഒരു ഫോർമാലിറ്റി പോലെ ഞാൻ ചോദിച്ചു, ചേതനയും ഫാമിലിയും എല്ലാം സുഖമായി ഇരിക്കുന്നുവോ എന്ന്….
പെട്ടെന്ന് അയാളുടെ കണ്ണുകളിൽ നീർത്തിളക്കം കണ്ടു എന്താണെന്നറിയാതെ ഞാൻ അയാളെ നോക്കി…
“” രണ്ടു വർഷത്തെ ഭ്രാന്താശുപത്രിയിലെ ജീവിതം കഴിഞ്ഞ് അവൾ ഇപ്പോൾ വന്നിട്ടുണ്ട് “”എന്ന് പറഞ്ഞപ്പോൾ ഞാൻ അയാളെ തന്നെ നോക്കിയിരുന്നു…
അന്ന് മോൻ പോയതിനുശേഷം അവൾ ആകെ ഡിപ്രഷനിലേക്ക് പോയി… ഒന്നു മനസ്സിലാക്കാതെ ഞങ്ങൾ മറ്റൊരു വിവാഹം ഉറപ്പിച്ചു…. അത് അവൾക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല…
വിവാഹത്തിന്റെ തൊട്ടുതലേദിവസം അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.. അതിൽ നിന്നും രക്ഷപ്പെടുത്തി എങ്കിലും തിരിച്ചു കിട്ടിയ ചേതന ഞങ്ങൾക്ക് പരിചയമില്ലാത്ത ഒരാളായിരുന്നു..
പലപ്പോഴും ആരോടും മിണ്ടാതെ ഇരിക്കുന്ന ചില സമയത്ത് അക്രമാസക്തയാകുന്ന ചേതന….
അവളുടെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ… ഞങ്ങൾക്ക് അവളെ തന്നെ നഷ്ടമായി..
മോൻ അറിയോ നിന്റെ കൂടെ അവൾ ഇറങ്ങി വരും എന്ന് പേടിച്ച്, ഒരു വിഷക്കുപ്പി കാണിച്ച് അവളോട് അന്ന് ഞാൻ പറഞ്ഞിരുന്നു നിന്റെ കൂടെ അവൾ ഇറങ്ങി വന്നാൽ അടുത്ത നിമിഷം ഞാൻ ഇത് കുടിക്കും എന്ന് അതാണ് അന്ന് അവൾ അങ്ങനെയെല്ലാം നിന്നോട് പെരുമാറിയത്….
എന്റെ കുട്ടിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ… ആ സ്നേഹമാണ് ഞാൻ മുതലെടുത്തത്… അതുകൊണ്ടാണ് ഇങ്ങനെയൊരു വിധി…
എല്ലാം കേട്ട് സ്ഥബ്ധനായി ഇരിക്കാൻ മാത്രമേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ…
എത്രയും പെട്ടെന്ന് അവളെ കാണണം എന്ന് തോന്നി ഞാൻ അവരുടെ വീട്ടിലേക്ക് ചെന്നു…
“”ചേതനാ…”””എന്ന് ഇരുട്ട് മുറിയിൽ അടച്ചിരിക്കുന്നവളെ ഞാൻ വിളിച്ചു… അത് മതിയായിരുന്നു എന്റെ പെണ്ണിന് എന്നെ തിരിച്ചറിയാൻ ഓടിവന്ന് അവൾ എന്നെ കെട്ടിപ്പിടിച്ചു..
പണ്ടത്തെ ചേതനയുടെ ഒരു നിഴല് മാത്രമാണ് അവളിപ്പോൾ..എല്ലാവരോടും കൂടി ഞാൻ പറഞ്ഞു ഇവളെ ഞാൻ കൊണ്ടുപോകുകയാണ് എന്ന്… ആരും എതിർത്തില്ല പകരം അനുഗ്രഹിച്ചു..
പോകാൻ നേരം ഞാൻ അവളുടെ പപ്പയോട് ചോദിച്ചിരുന്നു അന്ന് ആ വാശി കാണിച്ചില്ലായിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവിതം എത്ര നല്ലതായേനെ എന്ന്…
കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കാനേ അപ്പോൾ അയാൾക്ക് കഴിഞ്ഞുള്ളൂ..
അവളുടെ കൈകളിൽ കൈകോർത്ത് പിടിച്ച് ഞങ്ങൾ ഞങ്ങളുടെതായ ലോകത്തിലേക്ക് ചേക്കേറി…..