(രചന: J. K)
“” എത്രയും പെട്ടെന്ന് എന്റെ മോന്റെ കുഞ്ഞിനെ താലോലിക്കണമെന്നാ എന്റെ മോഹം “”
എന്ന് അമ്മായിയമ്മ പറഞ്ഞതും അവരെ ഒന്ന് നോക്കി നന്ദന.. ഏതൊരു അമ്മയുടെയും ആഗ്രഹമാണ് മക്കളുടെ വിവാഹം കഴിഞ്ഞ് പേരക്കുട്ടികളെ കാണണം കൊഞ്ചിക്കണം എന്നൊക്കെ അത്രയേ അതിനെ അവൾ എടുത്തിരുന്നുള്ളൂ
പക്ഷേ അതിന്റെ പിന്നിലെ കൂടിലത അവൾക്ക് മനസ്സിലായിരുന്നില്ല..
അതുകൊണ്ടുതന്നെ അവരോട് ഒന്ന് ചിരിച്ച് കാണിച്ചു നന്ദന..
രാത്രിയിൽ അശോകിനും അത് തന്നെ പറയാൻ ഉണ്ടായിരുന്നുള്ളൂ എത്രയും പെട്ടെന്ന് നമ്മൾക്ക് ഒരു കുഞ്ഞു വേണമെന്ന് പക്ഷേ നന്ദന അതിനെ എതിർത്തു…
വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ച ആയല്ല എന്നുപോലും നോക്കാതെ അശോക് അവളോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്… അവൾ ആകെ വല്ലാതെയായി കാരണം ഇങ്ങനെയൊന്നുമല്ല അവർ പറഞ്ഞിരുന്നത്…
പിന്നീട് അപ്പൊ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതിയാവണം അശോക് നല്ലപോലെ അവളോട് പേരുമാറിയത്.
നന്ദനക്കെന്തോ ആകെക്കൂടി വല്ലായ്മ തോന്നി..
പിറ്റേദിവസം താൻ കുളിക്കാൻ കയറിയപ്പോൾ അമ്മയും മകനും കൂടിയുള്ള സംഭാഷണം കേട്ടതും കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി അവൾക്ക്..
കുളിക്കാൻ കയറിയപ്പോൾ ടവൽ എടുക്കാൻ മറന്നതും പുറത്തേക്കിറങ്ങി അത് എടുക്കാൻ വേണ്ടി എന്നതായിരുന്നു അപ്പോഴാണ് അമ്മയും മകനും കൂടി സംസാരിക്കുന്നത് കേട്ടത്…
“”” എടാ ഈ പെൺകുട്ടികൾ അധികം പഠിച്ചിട്ടുണ്ടെങ്കിൽ പിന്നെ അവർക്ക് നമ്മളെ ഒന്നും ഒരു വേലയും ഉണ്ടാവില്ല ഇപ്പോൾ അത്യാവശ്യത്തിന് നീ പണിയെടുക്കുന്നുണ്ടല്ലോ പിന്നെ
അവള് പഠിച്ചു ജോലിക്ക് പോകേണ്ട ആവശ്യമെന്താ ഇവിടെ.. അവളോട് പഠിക്കാൻ പോണ്ട എന്ന് നമ്മൾ പറഞ്ഞാൽ അവൾ കേൾക്കും എന്ന് ഒന്നും എനിക്ക് തോന്നുന്നില്ല….
ഒരു കുഞ്ഞു വന്നാല് പിന്നെ അതിനെ നോക്കി അവൾ അങ്ങ് ഇരുന്നോളും പിന്നെ നിന്റെ ചൊൽപ്പടിയിൽ നിൽക്കും… അല്ലേ മോനെ നോക്കിക്കോ പെണ്ണ്
കൈവിട്ടു പോകും.. ഇതൊക്കെ നിന്നോട് പറഞ്ഞു മനസ്സിലാക്കി തരാൻ ഈ ഞാൻ തന്നെ വേണമല്ലോ എന്റെ ഓരോ കഷ്ടകാലം…”””
അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി..
അതിനെന്തു മറുപടിയാണ് എന്റെ പ്രിയപ്പെട്ട ഭർത്താവ് കൊടുക്കുന്നത് എന്നറിയാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു അതുകൊണ്ടാണ് അവിടെത്തന്നെ ഞാൻ നിന്നത്..
“” അത് എനിക്കും അറിയാം അമ്മേ.. പയ്യെ ഞാൻ അവൾ കോളേജിൽ പോകുന്നത് നിർത്തിക്കും.. പക്ഷേ ഇപ്പോ അവളോട് ഒന്നും പറയാൻ പറ്റില്ല കാരണം ഞാൻ അവളെ കല്യാണം കഴിച്ചത് തന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടല്ലേ…
പിന്നെ പെട്ടെന്ന് മാറ്റി പറയുമ്പോൾ അത് പ്രശ്നമാകും അത് അവളുടെ വീട്ടിൽ അവൾ പോയി പറഞ്ഞിട്ടുണ്ടെങ്കിൽ അവർ ചോദിക്കാനും മറ്റും വരും.
അത് നമുക്ക് ക്ഷീണമാണ് അതുകൊണ്ട് സാവകാശം അവൾ അറിയാതെ നമുക്ക് എല്ലാം ശരിയാക്കാം അമ്മ സമാധാനമായിരിക്ക് “”‘
അയാളുടെ മറുപടി കേട്ട് ഞാൻ അവിടെ നിന്ന് പോയി ഏതു നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത് എന്ന് തോന്നി..എനിക്കാകെ തലയൊക്കെ പുകയുന്ന പോലെ തോന്നി..
അത്യാവശ്യം നന്നായി തന്നെയാണ് ഞാൻ പഠിച്ചിരുന്നത് അച്ഛന് എന്നെ പഠിപ്പിക്കാൻ വളരെ മോഹമായിരുന്നു ഞാൻ നല്ലൊരു നിലയിലായി കാണാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു
പക്ഷേ അതൊന്നും കാണാൻ നിൽക്കാതെ ഞാൻ എട്ടാം ക്ലാസിൽ എത്തുമ്പോൾ അച്ഛൻ ഞങ്ങളെ വിട്ടുപോയി പിന്നെ ഞങ്ങളെ നോക്കിയത് അച്ഛമ്മയും അമ്മയും ചേർന്നാണ് അച്ഛമ്മക്ക് പെൻഷൻ ഉണ്ടായിരുന്നതുകൊണ്ട് അല്ലലില്ലാതെ ഞങ്ങൾ ജീവിച്ചു..
പെൺകുട്ടികളെ ഒരു പ്രായം കഴിഞ്ഞാൽ വിവാഹം കഴിച്ചു കൊടുക്കണം എന്ന അഭിപ്രായക്കാരിയായിരുന്നു അച്ഛമ്മ അച്ഛമ്മയെ മറികടന്ന് അവിടെ അമ്മയ്ക്ക് ഒന്നും പറയാൻ പറ്റുമായിരുന്നില്ല
അതുകൊണ്ടുതന്നെയാണ് ഞാൻ പഠിക്കണം എന്ന് ആ വാശിപിടിച്ചപ്പോൾ പഠിപ്പിക്കുന്ന ഒരു കൂട്ടരെ നോക്കി കല്യാണം കഴിച്ചു കൊടുക്കാം എന്ന് അച്ചമ്മ തീരുമാനിച്ചത് അങ്ങനെയാണ് ഇവർ വന്നത്…
പെണ്ണുകാണാൻ വന്നപ്പോൾ എന്നോട് തനിച്ച് സംസാരിക്കാൻ വന്നയാളോടും ഞാൻ പറഞ്ഞത് അത് തന്നെയായിരുന്നു എനിക്ക് വിവാഹം കഴിഞ്ഞാലും പഠിക്കണം കുഞ്ഞ് എന്നൊക്കെ പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് എന്ന്.
അപ്പോൾ എല്ലാത്തിനും ചിരിച്ചു സമ്മതം മൂളിയവരാണ് ഇപ്പോൾ ഇത്തരത്തിൽ പറയുന്നത് എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി എല്ലാം
ഇട്ടേറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നി പക്ഷേ എല്ലാം സംയമനത്തോടെ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ കൈവിട്ടു പോകും എന്ന് മനസ്സിലായി…
ഇനിയും ഒരു സെമസ്റ്റർ കൂടിയുണ്ട് എനിക്ക് ഡിഗ്രി അത് കഴിഞ്ഞ് പിജി ഇതൊക്കെയായിരുന്നു എന്റെ മനസ്സിലെ ആഗ്രഹങ്ങൾ അത് കഴിഞ്ഞാലും ജീവിതം കിടക്കുകയാണല്ലോ…
ഒരു കുഞ്ഞു വേണമെങ്കിൽ അത് കഴിഞ്ഞു ആവാമല്ലോ എന്റെ ആവശ്യം ന്യായമാണ് എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു ഇതൊക്കെ ഞാൻ
ആദ്യമേ പറഞ്ഞതും ആണ് എല്ലാം സമ്മതിച്ചാണ് അവർ ഈ വിവാഹം നടത്തിയത് എന്നിട്ട് ഇപ്പോൾ ഇതുപോലുള്ള കാലുമാറ്റം ഒരിക്കലും സഹിക്കാൻ പറ്റില്ല…
ഞാൻ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല..
നല്ല രീതിയിൽ തന്നെ പറഞ്ഞു എനിക്ക് എന്റെ വീട്ടിലേക്ക് പോണം എന്ന്..
എന്റെ വീടിൽ അല്ലെങ്കിലും പോവാൻ നിൽക്കുക തന്നെയായിരുന്നു ഞങ്ങൾ കാരണം അവിടെ ഒരുപാട് പേര് ഞങ്ങളെ വിരുന്ന് വിളിച്ചിരുന്നു കല്യാണം കഴിഞ്ഞാൽ ഓരോ വീട്ടിലേക്ക് ഓരോ വിഭവങ്ങൾ ഉണ്ടാക്കി വിരുന്നു ഊട്ടുന്ന പതിവുണ്ട് ഈ ഭാഗത്തേക്ക്….
അതിനായി വിളിച്ച ഇടത്തേക്ക് ഒക്കെ പോണം എന്ന് കരുതി ഇരിക്കുകയായിരുന്നു അങ്ങനെ ഞങ്ങൾ വീട്ടിലെത്തി ഞാൻ അമ്മയോട് അവിടെ
നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു അമ്മ നിസ്സഹായ ആണ് എന്ന് പറഞ്ഞ് എന്റെ മുന്നിൽ കൈമലർത്തി എനിക്ക് അത് കേട്ട് ദേഷ്യമാണ് വന്നത്..
ഇതുപോലെ നിസ്സഹായയായി അച്ഛമ്മയുടെ ചെലവിൽ കഴിഞ്ഞതുകൊണ്ടാണ് അച്ഛമ്മ പറഞ്ഞത് കേട്ട് എന്നെ ഇപ്പോൾ വിവാഹം കഴിച്ചു കൊടുക്കേണ്ടി വന്നത് അമ്മയ്ക്ക് അത് ഇഷ്ടമല്ലായിരുന്നെങ്കിൽ പോലും..
അങ്ങനെ ഒരാളുടെ ചെലവിന് നിന്നാൽ അവർ പറയുന്നത് ജീവിതകാലം മുഴുവൻ കേൾക്കേണ്ടിവരും നമുക്ക് നമ്മുടേതായ തീരുമാനങ്ങൾ ഉണ്ട് സ്ത്രീകള് ആണെന്ന് വെച്ച് എല്ലായിടത്തും അടിച്ചമർത്തേണ്ട പെടേണ്ടവരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല
അങ്ങനെ നമ്മളുടെ അഭിപ്രായം തുറന്നു പറയണമെങ്കിൽ നമുക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയണം സ്വന്തമായി ഒരു അഭിമാനം തോന്നണം ഇതില്ലാത്തടത്തോളം കാലം നമ്മൾ അടിമകൾ തന്നെയാവും..
അമ്മ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടിരുന്നു അമ്മയ്ക്ക് ഞാൻ പറയുന്നതിലും സത്യമുണ്ടെന്ന് മനസ്സിലായി ഒരിക്കൽപോലും അമ്മ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ അല്ലെങ്കിൽ സ്വന്തം കാലിൽ നിൽക്കാനോ ശ്രമിച്ചിരുന്നില്ല..
അച്ഛൻ മരിച്ചതിനുശേഷം അച്ഛമ്മയുടെ വാക്കും കേട്ട് അച്ഛമ്മയുടെ ചിലവിലാണ് നിന്നിരുന്നത് അമ്മയ്ക്ക് എന്തെങ്കിലും സ്വയം ചെയ്യാൻ തന്റേടം ഇല്ലായിരുന്നു ഒരു
അഭിപ്രായം പോലും പറയാൻ അമ്മയ്ക്ക് ഭയമായിരുന്നു… അതാണ് ജീവിതം എന്നായിരുന്നു അമ്മയുടെ വിചാരം അല്ല എന്ന് മനസ്സിലാക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്..
“”” നന്ദന ഇനി ഇവിടെ നിന്ന് പഠിച്ചോട്ടെ എന്ന് എന്റെ ഭർത്താവിന്റെ മുഖത്തുനോക്കി അമ്മ പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി””
അത് പറ്റില്ല എന്ന് പറഞ്ഞ് ആള് വാശിപിടിക്കുന്നുണ്ടായിരുന്നു പക്ഷേ അമ്മ തറപ്പിച്ചു പറഞ്ഞു അവളെ പഠിപ്പിക്കണം എന്നത് അവളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് പഠിപ്പിക്കുക തന്നെ ചെയ്യണം എന്ന്..
അഛമ്മയ്ക്കും അത് അറിയാമായിരുന്നു അച്ഛനെ ഏറെ സ്നേഹിച്ച അവർക്ക് അച്ഛന്റെ ആഗ്രഹം നടക്കണമെന്ന് മോഹമുണ്ടായിരുന്നു അതുകൊണ്ട് അച്ഛമ്മയും അന്നേരം ഞങ്ങളുടെ ഭാഗം നിന്നു…
അവളുടെ പഠിപ്പ് തീരുന്നത് വരെ അവളിവിടെ നിന്നോട്ടെ എന്ന് പറഞ്ഞതും അയാളുടെ യഥാർത്ഥ സ്വഭാവം പുറത്തേക്ക് വന്നു..
ആദ്യം കടുത്തു പറഞ്ഞു പിന്നെ ഭീഷണിയുടെ സ്വരവും അയാൾ എടുത്തു…
അതോടെ അച്ഛമ്മക്കും അമ്മയ്ക്കും മനസ്സിലായിരുന്നു ഈ തേനിൽ പൊതിഞ്ഞുകൊണ്ട് നടക്കുന്ന ആളുടെ ഉള്ളിലെ പൊതിഞ്ഞുപിടിച്ച സ്വഭാവത്തെപ്പറ്റി അതോടെ അച്ഛമ്മ പറഞ്ഞിരുന്നു അവൾ ഇനി ഇവിടെയേ നിൽക്കുന്നുള്ളൂ എന്ന്..
വിവാഹം രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് കെട്ടിയ താലിയും പൊട്ടിച്ച് അയാൾ പോയി..എനിക്കതൊരു ആശ്വാസമായാണ് തോന്നിയത്..
ഭാര്യ എന്നാൽ കാൽക്കുവട്ടിൽ കിടക്കേണ്ടവളാണ് എന്ന് വിശ്വസിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ഇതാണ് മെച്ചം എന്ന് തോന്നി….
“” ഇനി നിന്റെ പഠിപ്പ് കഴിഞ്ഞിട്ടെ നിനക്ക് മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കൂ.. “””
എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ ഞാൻ സ്നേഹത്തോടെ അച്ഛമ്മയെ ചേർത്തു പിടിച്ചിരുന്നു അപ്പോഴേക്കും പണ്ട് പഠിച്ച തയ്യൽ ഒക്കെ ഒന്നുകൂടി പൊടി തട്ടി എടുക്കുന്ന തിരക്കിലായിരുന്നു അമ്മ…