(രചന: J. K)
“” ഏട്ടത്തി… മറ്റന്നാൾ മോളുടെ നൂലുകെട്ടാണ് ഏട്ടത്തി വരണം ചിന്നു മോളെയും കൊണ്ടുവരണം “”
ഹരിവന്നു ക്ഷണിച്ചപ്പോൾ എന്ത് വേണം എന്നറിയാതെ നിന്നു പ്രിയ.. പ്രതീക്ഷയോടെ എന്നെ തന്നെ നോക്കിയ അവനോട് വരില്ല എന്ന് പറയാൻ തോന്നിയില്ല വരാമെന്ന് പറഞ്ഞപ്പോൾ ചിന്നു മോള് അവിടെ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടായിരുന്നു
അവൾക്ക് കുഞ്ഞുവാവേ കാണണമെന്ന് പറഞ്ഞ് കുറെ നാളായിരുന്നു വാശിപിടിക്കാൻ തുടങ്ങിയിട്ട് എന്തോ അങ്ങോട്ട് പോകാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് അവളെയും കൂട്ടി പോകാതിരുന്നത് തനിക്കും കാണണം എന്നൊക്കെ ഉണ്ടെങ്കിൽ പോലും..
ചിന്നുമോൾക്കായി കൊണ്ടുവന്ന മിഠായി കവറും ലഡുവും എല്ലാം അവളെ ഏൽപ്പിക്കുമ്പോൾ വീണ്ടും ആ കുഞ്ഞുമുഖം സന്തോഷം കൊണ്ട് കവിയുന്നത് കണ്ടു..
അത് കാണെ എന്റെ ചൊടിയിലും ഒരു ചിരി വിടർന്നിരുന്നു അല്ലെങ്കിലും ഇപ്പോൾ എന്റെ സന്തോഷവും സങ്കടവും എല്ലാം ഇവൾ മാത്രമാണ്..
ചിന്നു മോളുടെ ഒരു പൊട്ടിയ വളയുണ്ടായിരുന്നു. അതുകൊണ്ട് പോയി മാറ്റി ഒരു നല്ല വള വാങ്ങി വെച്ചു വെറും കയ്യോടെ കേറി ചെല്ലാൻ പറ്റില്ലല്ലോ, അവിടെ ചെന്ന് കേറിയ ആദ്യ മരുമകൾ അല്ലേ താൻ..
ചിന്നു മോളുടെ കയ്യും പിടിച്ച് ഓട്ടോക്കൂലിയും കൊടുത്ത് അങ്ങോട്ടേക്ക് കയറി ചെല്ലുമ്പോൾ അവിടേക്ക് ആദ്യമായി വിനുവേട്ടന്റെ കയ്യും പിടിച്ച് കയറിവന്ന ആ ദിവസമാണ് ഓർമ്മയിൽ തെളിഞ്ഞത്…
“”” എടോ അമ്മയും ഹരിയും ഒക്കെ പാവങ്ങളാണ് തന്നെ ഒന്ന് നുള്ളി പോലും അവർ നോവിക്കില്ല താൻ തിരിച്ചും അങ്ങനെ തന്നെയാവും എന്ന് എനിക്കറിയാം.
ആ കാര്യത്തിൽ എനിക്ക് ഒരു ടെൻഷനും ഇല്ല.. എന്നാലും പറയാം അച്ഛനില്ലാത്ത കുട്ടിയെ എന്റെ ഹരി പൊന്നുപോലെ ഒന്ന് നോക്കിക്കോണേ.. പിന്നെ പാവം പിടിച്ച എന്റെ അമ്മയെയും “””
ഇതൊക്കെ എനിക്കറിയാമെന്ന് മട്ടിൽ കുസൃതിയോടെ നോക്കിയപ്പോൾ തിരിച്ച് ഒരു ചിരിയായിരുന്നു വിനു ഏട്ടനിൽ നിന്നും പകരം കിട്ടിയത്…
ആ വീട്ടിലെ ബഹളമാണ് ഓർമ്മകളിൽ നിന്ന് എന്നെ ഉണർത്തിയത് ഹരിയുടെ നിർബന്ധമാണത്രേ രേഷ്മയുടെ വീട്ടിൽ വച്ച് അല്ലാതെ ഇവിടെ വച്ച് തന്നെ നൂലുകെട്ട് നടത്താൻ കാരണം
അതുകൊണ്ട് ഇപ്പോൾ സമാധാനമായി രേഷ്മയുടെ വീട്ടിലേക്ക് പോകുന്നത് ഓർക്കാൻ കൂടി വയ്യ അങ്ങോട്ടേക്ക് കയറിച്ചെന്നപ്പോഴേ കണ്ടു രേഷ്മയുടെ അമ്മയെയും ആങ്ങളയെയും ഭാര്യയെയും എല്ലാം…
എന്നെ കണ്ടതും മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്… അത് കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു സങ്കടം പോലെ..
അപ്പോഴേക്കും വിനുവേട്ടന്റെ അമ്മ ഓടി വന്നിരുന്നു ചിന്നു മോളെ എടുത്ത് അവളുടെ മുഖം നിറച്ചും ഉമ്മ കൊണ്ട് മൂടി…
വിനുവേട്ടൻ പോയിട്ടും അമ്മയ്ക്ക് ഒരു സ്നേഹക്കുറവും ഞങ്ങളോട് ഉണ്ടായിട്ടില്ല പക്ഷേ ഈ സ്നേഹം അനുഭവിച്ച് ഇവിടെ നിൽക്കാനുള്ള യോഗം ഇല്ല എന്ന് മാത്രം ഇവിടെ നിന്നും പോകാനുള്ളത് തന്റെ മാത്രം തീരുമാനമായിരുന്നു…
ചടങ്ങ് നടക്കുമ്പോൾ വള കുഞ്ഞിന് ഇട്ടുകൊടുക്കാൻ ചെന്ന എന്നെ രേഷ്മയുടെ അമ്മയാണ് തടഞ്ഞത്…
“”” ചിന്നു മോളെ കൊണ്ട് ഇടീച്ചാൽ മതി ഈ ശുഭകാര്യങ്ങളൊക്കെ ആകുമ്പോൾ ഇങ്ങനെയുള്ളവരെ ഒക്കെ വിട്ടു നിർത്തണമെന്നാ…”’
ചങ്ക് മുറിഞ്ഞ് ചോര വാർന്നത് ഞാൻ മാത്രമേ അറിഞ്ഞുള്ളൂ…
മിഴികൾ നിറഞ്ഞത് ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു ഞാൻ വള മോളുടെ കയ്യിൽ നൽകി
കുഞ്ഞാവയ്ക്ക് ഇട്ടുകൊടുക്കാൻ പറഞ്ഞു. അവൾക്കത് കൂടുതൽ സന്തോഷമായി..
അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ രേഷ്മ മറ്റാരോടൊക്കെയോ സംസാരിക്കുകയായിരുന്നു..
എല്ലാവരോടും സംസാരിച്ചു അതിനിടയിൽ ഒക്കെ അമ്മ ഓടിവന്ന് എന്നോട് ഓരോ വിശേഷങ്ങളും തിരക്കുന്നുണ്ടായിരുന്നു..
സദ്യ കഴിക്കാൻ ഇരുന്നെങ്കിലും ഒരു വറ്റുപോലും ഇറങ്ങുന്നുണ്ടായിരുന്നില്ല എങ്കിലും ആൾക്കാരെ ബോധിപ്പിക്കാൻ ഒന്ന് ഇരുന്നു എന്ന് വരുത്തി എണീറ്റു കഴിഞ്ഞതും വീട്ടിലേക്ക് പോകാൻ തുടങ്ങി.
അപ്പോൾ അമ്മയാണ് തടഞ്ഞത് രണ്ടുദിവസം കഴിഞ്ഞിട്ട് പോകാം എന്ന്. അപ്പോഴേക്കും എന്റെ മിഴികൾ രേഷ്മയിൽ എത്തി നിന്നു അവളുടെ മുഖം കണ്ടപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല..
അപ്പോഴേക്ക് ഹരി കൂടി വന്നിരുന്നു ഹരി കൂടി പറഞ്ഞപ്പോൾ പിന്നെ ചിന്നു അതിൽ പിടിച്ചു തൂങ്ങി അവൾക്ക് കുഞ്ഞാവേ കണ്ട് മതിയായിട്ടില്ല…
ഞാനാകെ ധർമ്മസങ്കടത്തിൽ ആയിരുന്നു.. ഹരി തന്നെയാണ് വീട്ടിലേക്ക് വിളിച്ചു ഞാൻ ഇന്ന് വരുന്നില്ല എന്ന കാര്യം അറിയിച്ചത്…
വിനുവേട്ടന്റെ റൂമിലേക്ക് മോളേം കൂട്ടി പോകാൻ തുടങ്ങിയ ഞാൻ..””വീണ്ടും കേറി വരും മറ്റുള്ളോരടെ ജീവിതം തകർക്കാൻ ഓരോ നാശങ്ങള് “”എന്ന് രേഷ്മ പിറുപിറുക്കുന്നത് കേട്ടിരുന്നു…
എന്റെ നെഞ്ച് പൊള്ളി പിടയുന്നത് പോലെ തോന്നി ഞങ്ങളുടെ റൂമിലേക്ക് കയറി അവിടെ ചുമരിൽ എന്റെയും വിനുവേട്ടന്റെയും കല്യാണ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു അത് കണ്ടപ്പോൾ പിന്നെ പിടിച്ചുനിൽക്കാൻ പറ്റാതായി..
കിടക്കയിൽ മുഖം അമർത്തി കരയുമ്പോൾ ചിന്നു മോള് ആകെ പരിഭ്രമിച്ച് എന്താ അമ്മേ എന്ന് ചോദിച്ചിരുന്നു..
ഒന്നുമില്ല എന്ന് പറയുമ്പോൾ അവൾക്ക് അത് വിശ്വാസം ആവാതെ വീണ്ടും എന്റെ അടുത്ത് തന്നെ വന്നിരുന്നു..
അവളോട് പോയി കളിച്ചോളാൻ പറഞ്ഞു എനിക്കൊന്നു തനിച്ചിരിക്കണം ആയിരുന്നു..
ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വിനുവേട്ടന് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ദൈവം തട്ടിപ്പറിച്ച് കൊണ്ടുപോകുമ്പോൾ അറിഞ്ഞിരുന്നില്ല എല്ലാ സന്തോഷങ്ങളുടെയും അവസാനം അവിടെയാകും എന്ന്…
അന്ന് ചിന്നു മോൾക്ക് വെറും ഒന്നര വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ..
എനിക്കാകെ ഇരുപത്തി രണ്ടു വയസ്സും..
ജീവിതം ഒന്നും ആയിട്ടില്ലായിരുന്നു അതുകൊണ്ട് അമ്മ തന്നെയാണ് എന്നോട് പറഞ്ഞത് ഹരിയെ വിവാഹം കഴിക്കാൻ..
അത് കേട്ട് ഞാനും ഹരിയും ഒരുപോലെ ഞെട്ടിയിരുന്നു ഒരിക്കലും എനിക്ക് അവനെ അങ്ങനെ ഒരു സ്ഥാനത്ത് കാണാൻ കഴിയുമായിരുന്നില്ല അവൻ എനിക്കിപ്പോഴും ഒരു കുഞ്ഞ് അനിയൻ തന്നെയായിരുന്നു..
പ്രായംകൊണ്ട് എന്നെക്കാൾ മൂത്തതാണെങ്കിലും വിനുവേട്ടൻ കാണുന്ന പോലെ തന്നെയായിരുന്നു അവനെ ഞാനും കണ്ടിട്ടുള്ളത്..
ഹരിയേട്ടന്റെയും വിനുവേട്ടന്റെയും അമ്മാവന്റെ മകളാണ് രേഷ്മ.. ചെറുപ്പം മുതലേ അവൾക്ക് ഹരിയേട്ടൻ എന്ന് വെച്ചാൽ ജീവനായിരുന്നു.. അതുകൊണ്ടുതന്നെ ഞാനുമായി അമ്മ വിവാഹം കഴിപ്പിക്കാൻ നോക്കി എന്നറിഞ്ഞത് മുതൽ അവൾക്ക് എന്നോട് വിരോധമായിരുന്നു…
അമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കി എനിക്ക് വിനുവേട്ടന്റെ സ്ഥാനത്ത് ഹരിയെ എന്നല്ല ഒരാളെയും ഇനി കാണാൻ സാധിക്കില്ല എന്ന് പറഞ്ഞു..
അച്ഛൻ മരിച്ചിട്ടും രണ്ട് മക്കളെ നെഞ്ചോട് അടുക്കി പിടിച്ചു വളർത്തിയ അമ്മയ്ക്ക് എന്റെ മനസ്സ് മനസ്സിലാകുമായിരുന്നു…
സ്വന്തം ചേട്ടന്റെ മകളാവുമ്പോൾ ഹരി എന്നെ വിവാഹം കഴിച്ചാൽ ചിന്നു മോളെ സ്വന്തം പോലെ നോക്കും എന്ന് ആ പാവം അമ്മയ്ക്ക് തോന്നി അതിന്റെ പുറത്തു മാത്രമായിരുന്നു ഇങ്ങനെ ഒരു തീരുമാനം…
ഒടുവിൽ ഹരിയും അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടുകൂടി എനിക്ക് അവിടെ നിൽക്കാൻ പോലും വയ്യാതായി രേഷ്മയ്ക്ക് സംശയമായിരുന്നു എന്നെയും ഹരിയേയും..
അവൾ കിട്ടുന്ന അവസരങ്ങളിൽ എല്ലാം എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു പലപ്പോഴും ഹരിക്കും ഞാൻ അവിടെ നിൽക്കുന്നത്
ബുദ്ധിമുട്ടാണ് എന്ന് തോന്നിയ ഒരു നിമിഷത്തിലാണ് ചിന്നു മോളെയും എടുത്തുകൊണ്ട് ഞാൻ അവിടെ നിന്ന് എന്റെ വീട്ടിലേക്ക് ഇറങ്ങിയത്…
വിനുവേട്ടന്റെ സ്ഥാനത്ത് ചിന്നു മോളെ കാണുന്ന അമ്മയ്ക്ക് അത് വേദനയായിരിക്കും എന്ന് എനിക്കറിയാമായിരുന്നു പക്ഷേ ഹരിയുടെ ജീവിതം നല്ല രീതിക്ക് മുന്നോട്ട് പോകണമെങ്കിൽ എന്റെ ആ തീരുമാനം കൂടിയേ തീരുമായിരുന്നുള്ളൂ..
അങ്ങോട്ടേക്കുള്ള വരവ് പലപ്പോഴും ഞാൻ വേണ്ടെന്ന് വെച്ചു എന്റെ വിനുവേട്ടൻ ഉറങ്ങുന്ന ആ മണ്ണിലേക്ക് അദ്ദേഹത്തിന്റെ മണമുള്ള ആ
മുറിയിലേക്ക് വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ ഞാനും എന്റെ മോളും മറ്റൊരാൾക്കും ഒരു ബുദ്ധിമുട്ട് ആവാതിരിക്കാൻ..
“” ഏട്ടത്തി ഊണ് കഴിക്കാൻ വരൂ “”എന്ന് ഹരിവന്നു വിളിച്ചപ്പോഴാണ് നേരം ഒരുപാടായി എന്ന് ഞാൻ അറിഞ്ഞത്….
പുറത്തേക്കിറങ്ങിയതും കണ്ടിരുന്നു ദേഷ്യത്തിൽ ഞങ്ങളെ നോക്കുന്ന രേഷ്മയെ..
അവൾ ഓടിവന്ന് എന്നോട് ചോദിച്ചു എന്റെ കുഞ്ഞിന് അച്ഛനില്ലാതെ ആക്കുമോ എന്ന്??
അത് പറഞ്ഞതും ഹരിയുടെ കയ്യിൽ നിന്ന് അവളുടെ മുഖത്തേക്ക് ഒരു അടി വീണിരുന്നു…
പിന്നെയും അടിക്കാനായി ഭാവിച്ചപ്പോൾ ഞാൻ തടഞ്ഞു..
“” നാളെ രാവിലെ വരെ എന്നെ ഇവിടെ തുടരാൻ അനുവദിക്കണം അതുകഴിഞ്ഞ് ഞാൻ ഇറങ്ങി തന്നേക്കാം ഒരിക്കൽ പോലും നിങ്ങളുടെ ജീവിതത്തിൽ ഒരു നിഴലായി പോലും വരാതെ “””
എന്നും പറഞ്ഞ് ചിന്നു മോളെയും കൂട്ടി ഞാൻ ആ മുറിയിൽ കയറി വാതിലടച്ചു അവിടെ അമ്മയുടെ തേങ്ങൽ അപ്പോഴേക്കും കേൾക്കാൻ ഉണ്ടായിരുന്നു..
പിറ്റേദിവസം രാവിലെ മോളെയും കൂട്ടി ഞാൻ പോകുമ്പോൾ അമ്മയും പറഞ്ഞിരുന്നു..
“” ഇനി നീ ഇങ്ങോട്ട് വരണ്ട!! അവളുടെ വായിൽ ഇരിക്കുന്നത് കേട്ട് എന്റെ
കുഞ്ഞിന്റെ ആത്മാവ് പോലും സങ്കടപ്പെടും എന്ന്… എന്റെ കുഞ്ഞുമോളെ കാണാൻ തോന്നുമ്പോൾ അമ്മ അങ്ങോട്ട് വന്നോളാം എന്ന്…
അതുതന്നെയാണ് നല്ലത് എന്ന് എനിക്ക് തോന്നി..ചിലതൊക്കെ ഉപേക്ഷിക്കുമ്പോൾ ആയിരിക്കും നമുക്ക് സമാധാനം കിട്ടുക അത് എത്ര പ്രിയപ്പെട്ടതാണെങ്കിൽ പോലും….