സ്വന്തം പുരുഷൻ വേറെയൊരു പെണ്ണുമായി മണിയറയിൽ മധു നുകരുമ്പോൾ കണ്ണീർ തുടച്ചു കരച്ചിൽ അടക്കിപ്പിടിച്ചു തേങ്ങി അവൾ.

നിലാവ്
രചന: Navas Amandoor

തൊട്ടുടുത്ത മുറിയിൽ ഒരിക്കലും പങ്കു വെക്കാൻ ഒരു പെണ്ണും ഇഷ്ടപ്പെടാത്ത സ്വന്തം പുരുഷൻ വേറെയൊരു പെണ്ണുമായി മണിയറയിൽ മധു നുകരുമ്പോൾ കണ്ണീർ തുടച്ചു കരച്ചിൽ അടക്കിപ്പിടിച്ചു തേങ്ങി അവൾ.

പുതുപെണ്ണ് അവളുടെ ഇക്കയുടെ ചുണ്ടിൽ ചുംബിക്കും. അവളെ ഇക്ക ചേർത്ത് പിടിക്കും. ഉടയാടകളില്ലാതെ അവർ കെട്ടിപുണരും.ഇക്ക അവളിലും പുതുപെണ്ണ് ഇക്കയിലും ഒന്നായി തീരാൻ മത്സരിക്കും.

“പടച്ചോനെ !!! ഇന്നലെ വരെ എന്റെ ഇക്കയുടെ നെഞ്ചിൽ തലവെച്ചു ഉറങ്ങിയതല്ലെ ഞാൻ.ഇന്ന്‌ ഞാൻ ഒറ്റയ്ക്ക്. ഈ പുതപ്പിലും വിരിയിലും എന്റെ ഇക്കയുടെ മണമുണ്ട്. എന്തിനാ റബ്ബേ ഇങ്ങനെയൊരു പരിക്ഷണം എന്റെ തലയിൽ വിധിയായി വരച്ചു വെച്ചത്..?”

സമ്മതം ചോദിച്ചപ്പോൾ ഇക്കയോട് പറ്റില്ല..എന്റെ ഇക്കയെ ആർക്കും വിട്ട് കൊടുക്കില്ല,

പങ്ക് വെക്കാൻ എനിക്ക് കഴിയില്ല എന്നൊക്ക മനസ്സ് പറഞ്ഞുകൊണ്ടിരിന്നിട്ടും സമ്മതിക്കേണ്ടി വന്നു.

പത്തു കൊല്ലം കഴിഞ്ഞിട്ടും ഒരു കുട്ടി ഉണ്ടാവത്തതിൽ ഇക്കയെക്കാൾ സങ്കടം ഷഹനാക്കുണ്ട്.കാരണങ്ങളോ പ്രശ്നങ്ങളോ കണ്ടെത്താൻ ഡോക്ടർമാർക്ക് ആയില്ല. പ്രതിക്ഷയോടെ ഞങ്ങൾ കാത്തിരുന്നതാണ്.

കുത്ത് വാക്കും കുറ്റപ്പെടുത്തലും പരിഹാസവും ചുറ്റും നിന്നവരിൽ നിന്നും കേട്ടു മടുത്ത നേരത്ത്‌ ഇങ്ങനെ ഒരു നിർദേശം വെച്ചത് ഇക്കയുടെ ഉമ്മയാണ്.

“ഹാഷിം വേറെയൊരു നിക്കാഹ് കൂടി കഴിക്കുക.”ഉമ്മ പറയുന്നത് കേട്ടപ്പോൾ ഷഹനയുടെ തല കറങ്ങുന്ന പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. വീഴാതിരിക്കാൻ വാതിലിൽ മുറുക്കി പിടിച്ചു. ഇക്ക വല്ലതും പറയുന്നതിന് മുൻപേ ഷഹന ബെഡ് റൂമിലേക്ക് ഓടി.

“മോളെ എന്റെ പെണ്ണ് നീയാണ്. വേറെയൊരു പെണ്ണ് വേണ്ട. മക്കൾ ഇല്ലങ്കിൽ വേണ്ട. വിധിയെന്ന് കരുതി സമാധാനിക്കാം. ”

ഇക്കാടെ കണ്ണ് നിറയുന്നുണ്ട്. അവളെ നെഞ്ചോട് ചേർത്ത് കൈ കൊണ്ട് ചുറ്റി കെട്ടിപ്പിടിച്ചു മുടിയിൽ തലോടി.”വേണം ഇക്കാ.. ഇക്ക..വേറെ… ”

അവൾക്കു പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ല. ഷഹന ഇക്കയെ മുറുകെപിടിച്ചു കരഞ്ഞു. ആ കരച്ചിൽ വിട്ട് കൊടുക്കാനുള്ള അവളുടെ വേദനയായി മുറിയിൽ പെയ്തു.

ഉമ്മ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ഷഹന ഇക്കയെ പറഞ്ഞു സമ്മതിപ്പിച്ചു. സമ്മതിച്ചില്ലങ്കിൽ മരിക്കും വരെ പഴി കേൾക്കേണ്ടി വരും.

“ഞാൻ സമ്മതിക്കാം. പക്ഷെ എപ്പോഴും നീ കൂടെ വേണം. നീ ഇല്ലാതെ ഞാൻ ഉണ്ടോ ഷാഹി. ”

“ഉണ്ടാവും എന്നും എന്റെ ഇക്കയുടെ ഒപ്പം . അല്ലെങ്കിലും ഷാഹി ഈ ഇക്കയെ വിട്ട് എവിടെ പോകാൻ. എന്റെ ഇക്കയല്ലേ എന്റെ ലോകം. ”

കിടന്നിട്ട് ഉറക്കം വരുന്നില്ല. നോവ് നീറി കനലുകൾ എരിയുന്ന മനസ്സിന്റെ മുൻപിൽ ഉറക്കം അടുക്കില്ല.കുറച്ച് നേരം ജനൽ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി നിന്നു. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി. ഇക്കാക്ക് വേണ്ടി ഉദിച്ചു ഈ പതിനാലാം നിലാവ് ഇക്ക കാണുന്നില്ലായിരിക്കും.

“നീയും ഞാനും ഒറ്റക്കായല്ലൊ നിലാവേ.. “കസേരയിൽ വന്നിരുന്നു.ഗ്ലാസിൽ വെള്ളം ഒഴിച്ചു. വെള്ളം നിറഞ്ഞു മേശയുടെ മുകിളിലൂടെ താഴെക്ക് ഒലിച്ചു.

കുറച്ചു കുടിച്ചു വീണ്ടും കിടന്നു.മരിച്ചാലോ….?ഇക്ക വേറെ ഒരു പെണ്ണിനെ നിക്കാഹ് ചെയ്ത നേരത്ത്‌ ഷാഹി പാതി മരിച്ചു.

ജീവനെ പകുത്തു മാറ്റിയ നോവിലും പുഞ്ചിരിച്ചു.പൊരുത്തപെടാനാവാതെ നെഞ്ചിലെ നോവ് തിരമാലകളായി ആർത്തിരുമ്പുന്നു. കണ്ണ് കാണാത്ത കൂരിരുട്ടിൽ ഇടിയും മിന്നലുമായി പേമാരിയായി പെയ്ത രാത്രി മഴയിൽ ഒറ്റപ്പെട്ടപോയ ഷഹന.

കറങ്ങി തിരിയുന്ന ഫാനിൽ കെട്ടിയ ഷാളിൽ കണ്ണുകൾ തുറിച്ചു കൈകൾ തുടയിൽ അമർത്തി ജീവനറ്റ് തൂങ്ങിയാടുന്ന അവളെ അവൾ മനസ്സിൽ കണ്ടു.

കട്ടിലിൽ നിന്നും എണീറ്റു. കഴിഞ്ഞ വിവാഹ വാർഷികത്തിനു ഇക്ക വാങ്ങി തന്ന പിങ്ക് ചുരിദാറിന്റെ ഷാൾ എടുത്ത് കട്ടിലിൽ ഇട്ടു.

അലമാരയിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് അവൾ എഴുതി വെച്ചു.”ഇക്കാ… എന്റെ ഇക്കാനെ പങ്ക് വെക്കാനുള്ള ക്ഷമയൊന്നും എനിക്ക് ഇല്ലാ. പിരികയല്ലാതെ വേറെ വഴിയില്ല. ജീവൻ ഉണ്ടങ്കിലേ സങ്കടം ഉള്ളു. ഇക്കാടെ ഷാഹി പോട്ടെ. പറഞ്ഞ വാക്ക് പാലിക്കാൻ കഴിയില്ലെനിക്ക്. എന്നോട് ക്ഷമിക്ക്. എന്റെ ഇക്കയാണ്. എന്റെ മാത്രം. ”

പേപ്പർ മടക്കി,കുടിച്ചു ബാക്കിയാക്കി വെച്ച ഗ്ലാസ്സ് അതിന് മുകളിൽ വെച്ചു.കട്ടിലിൽ കസേര ഇട്ട് കയറി നിന്ന് ഷാൾ ഫാനിൽ കെട്ടി.

ജനലിന്റെ ചില്ലിലൂടെ അവളുടെ കൂട്ടിനായി അരികിൽ എന്ന പോലെ നിലാവെളിച്ചം മുറിയിൽ.

ഷാൾ കൊണ്ട് ഉണ്ടാക്കിയ കുടുക്കിലേക്ക് തല കടത്തി കുടുക്ക് മുറുക്കി,കസേര കാല് കൊണ്ട് തട്ടി തെറിപ്പിച്ചു.

ഷാൾ കഴുത്തിൽ മുറികിയപ്പോൾ ഷഹന പിടഞ്ഞു. കാലുകൾ കുടഞ്ഞു. മരണ വേദനയിൽ കാലിന്റെ കുടച്ചിൽ വേഗത്തിലായി.

കാല് അടുത്ത് കിടന്ന് ഉറങ്ങി കൊണ്ടിരുന്ന ഇക്കയുടെ മേൽ കൊണ്ട്. ഉറക്കത്തിൽ ചവിട്ട് കൊണ്ട് ഹാഷിം ഞെട്ടി ഉണർന്നു.

“ഇക്കാ… ഇക്ക എന്റെയാണ്. എന്റെ ഇക്കയെ ആർക്കും വിട്ട് കൊടുക്കില്ല ഞാൻ . ”

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഇക്ക അവളെ തട്ടി വിളിച്ചു.”എന്താ ഷാഹി.. “ഷാഹി കണ്ണുകൾ തുറന്നു. അവൾ കണ്ട സ്വപ്നത്തിന്റെ ചിത്രങ്ങളുമായി അവൾ ഉണർന്നു.

“ഞാനൊരു സ്വപ്നം കണ്ടതാ…. “”നീ എന്നെ ചവിട്ടുന്നതാണോ കണ്ടത്. “”അല്ല ഇക്കാ.. ഇങ്ങളെ ഉമ്മ പറഞ്ഞത് പോലെ ഇക്കാ വേറെ പെണ്ണിനെ കെട്ടോ…? ”

“നിനക്ക് വട്ടാണ്… കിടന്ന് ഉറങ്ങാൻ നോക്ക്. അല്ലെങ്കിൽ തന്നെ നിന്റെ ചവിട്ട് കൊണ്ട് ഉറക്കവും നടുവും പോയി.. എന്നിട്ട് വേണം അതിന്റെ കൂടെ ചവിട്ട് കൊളളാൻ. നീ ഉറങ്ങു ഷാഹി. ”

പറഞ്ഞതിനൊപ്പം ചിരി വന്നുപോയ ഹാഷിമിന്റെ ചിരിയിൽ ഷഹനയും ചിരിച്ചു. ഷാഹി അവളുടെ ഇക്കയുടെ കൈ തണ്ടയിൽ തല വെച്ച് മുഖം നെഞ്ചിൽ ചേർത്ത് വെച്ച് കെട്ടിപിടിച്ചു കിടന്നു. ഒരു കൈ കൊണ്ട് ഇക്ക അവളുടെ മുടിയിൽ തലോടി.

“എന്റെ ഷാഹി… എനിക്ക് നീ മതി. മക്കളെ പടച്ചോൻ തരും… നമ്മുക്ക് ഇനിയും ഒരുപാട് സമയമുണ്ട് മുത്തേ. ”

“ഉം…ഈ പഞ്ചാര ഇക്കയെ എങ്ങിനെയാ വേറെയൊരു പെണ്ണിന് ഞാൻ വിട്ട് കൊടുക്കുക. ”

അവർ രണ്ട് പേരും ഉറങ്ങി. വീണ്ടും കണ്ട സ്വപ്നത്തിൽ വിരുന്ന് വന്നത് മോണ കാട്ടി കൊഞ്ചി ചിരിക്കുന്ന ഒരു കുഞ്ഞി പാത്തു.

 

Leave a Reply

Your email address will not be published. Required fields are marked *