കാത്തിരിപ്പ്
(രചന: Nisha Pillai)
ബാരിസ്റ്റർ നാരായണപിള്ള മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് . സെക്രട്ടറി ചന്ദ്രനും ട്രഷറർ ഐസക്കും കൂടിയിരുന്ന് സംസാരിക്കുകയാണ്.
ട്രസ്റ്റി ആയ മാലിനിയുടെ രോഗത്തെക്കുറിച്ചാണ് സംസാരം.കിടപ്പിലായിട്ട് കുറെ നാളായി.ഐസക്കിൻ്റെ സങ്കടം പറച്ചിലായിരുന്നു.
“പാവം മാലിനിയമ്മ എത്ര നാളായി ഉണ്ണിയെ കാത്തിരിക്കുന്നു.പാവത്തിനെ ഇങ്ങനെ കിടത്തി കഷ്ടപ്പെടുത്താതെ വിളിച്ചു കൂടെ ദൈവമേ.
ഈ ഉണ്ണി ആരാണ് ചന്ദ്രേട്ടാ?മകനല്ലേ?
ആ അമ്മയെ കാണാൻ ഒന്ന് വന്നാലെന്താ , മരിക്കാൻ കിടക്കുന്ന ആളുടെ അവസാനത്തെ ആഗ്രഹമല്ലേ .”
” ഉണ്ണി മാലിനിയമ്മയുടെ മകനല്ല ,മാലിനിയമ്മയ്ക്ക് മക്കളില്ല,ഉണ്ണിയാണ് സർവസവും.ഉണ്ണി ഭർത്താവിന്റെ അനിയന്റെ മകനാണ് .
ഇവരാണ് അവനെ വളർത്തിയത് .അവന് മാലിനിയമ്മയെന്നു വച്ചാൽ ജീവനാണ് ,അവൻ അങ്ങ് ജർമ്മനിയിൽ ആണ് .അവിടെ കൊറോണ വളരെ കൂടുതലാണ് ,ഇന്ത്യയിലേയ്ക്ക് വരാൻ പ്രത്യേക പെർമിഷൻ വേണം .
വന്നാലും പതിനാലു ദിവസം ക്വാറൻ്റൈൻ വേണം .ഇന്നറിയാം അവർക്ക് പെർമിഷൻ കിട്ടുമോയെന്ന് . ഉന്നതങ്ങളിൽ പിടിപാടുണ്ടായത് കൊണ്ട് കിട്ടുമായിരിക്കും.അതാണൊരു പ്രതീക്ഷ.”
അകത്തെ കിടപ്പു മുറിയിലെ ഉയരം കൂടിയ കട്ടിലിൽ മരണം കാത്ത് കിടക്കുന്ന മാലിനി .ബാരിസ്റ്റർ നാരായണ പിള്ളയുടെ മൂത്ത മകൻ മാധവന്റെ ഭാര്യ ,ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി ,നടത്തിപ്പുകാരി.അതിലുപരി പൊതുപ്രവർത്തക.
ചന്ദ്രേട്ടൻ അവരുടെ കഥപറയാൻ തുടങ്ങി .ബാരിസ്റ്റർ നാരായണ പിള്ളക്ക് എട്ടു മക്കൾ ആയിരുന്നു.നാല് ആണും നാല് പെണ്ണും.
പെൺകുട്ടികളെയൊക്കെ മാന്യമായി ,സർക്കാർ ഉദ്യോഗസ്ഥരെ തന്നെ കണ്ടെത്തി കെട്ടിച്ചു വിട്ടു.മൂത്ത മകൻ മാധവൻ കുട്ടി പഠിക്കാൻ മണ്ടനായിരുന്നു.അവനിഷ്ടപ്പെട്ടത് കൃഷിപ്പണിയായിരുന്നു .
അവനു വേണ്ടി ഒരു ദരിദ്രകുടുംബത്തിൽ നിന്നും സുന്ദരിയും വിദ്യാസമ്പന്നയുമായ മാലിനിയെ നാരായണ പിള്ള കണ്ടെത്തി.ബാക്കി മൂന്നാണ്മക്കളും വിദ്യാഭ്യാസം കഴിഞ്ഞു ഗൾഫ് നാടുകളിലേക്ക് പറന്നു.
ആരും അദ്ദേഹത്തെ പോലെ വക്കീൽ പണി ചെയ്തില്ല.അവർ കുടുംബ സമേതം വിദേശത്തങ്ങ് കഴിച്ചു കൂട്ടി.നാരായണ പിള്ളയെയും ഭാര്യ സുഭദ്രാമ്മയെയും സംരക്ഷിക്കാൻ മാധവനും മാലിനിയും മാത്രമായി.
മാലിനി പാവപ്പെട്ട വീട്ടിലെ കുട്ടിയായത് കൊണ്ട് സുഭദ്രാമ്മയ്ക്കു അവളെ തീരെ കണ്ടു കൂടായിരുന്നു.
എന്നാൽ നാരായണ പിള്ളയ്ക്കാകട്ടെ അയാളുടെ അറിവുകളും വിവരങ്ങളും പങ്കു വയ്ക്കാനും, സന്ധ്യ സമയങ്ങളിൽ അക്ഷര ശ്ലോകം ചൊല്ലാനുമൊക്കെയുള്ള ഒരേയൊരു കമ്പനി മാലിനിയായിരുന്നു.
മാധവനാകട്ടെ ആരുടെയും ഒരു കാര്യത്തിലും ഇടപെടാത്ത നല്ലൊരു മനുഷ്യൻ .അയാൾക്കെല്ലാം അച്ഛന്റെയും അമ്മയുടെയും വാക്കുകളായിരുന്നു.
ഒരു ഉറുമ്പിനെ പോലും നുള്ളി നോവിക്കാതെ പ്രകൃതം.സുഭദ്രാമ്മയാകട്ടെ അച്ഛനെയും മകനെയും ഏഷണി കൂട്ടി ,മാലിനിയുമായി ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
“ഒരു വകയ്ക്കും കൊള്ളാത്ത ഒരു മൂധേവി,എന്റെ മോന്റെയൊരു വിധി.ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവനില്ലല്ലോ ഈശ്വരന്മാരെ .”
അവളെ കാണുമ്പോളൊക്കെ പ്രാകിയും പതം പറഞ്ഞും അവർ സമയം പോക്കി.”നിന്നെ എന്നാത്തിന് കൊള്ളാമെടി.? നീ എന്താണ് കുടുംബത്തൂന്ന് കെട്ടി പൊതിഞ്ഞ് കൊണ്ട് വന്നത് ,ആകെ പതിനഞ്ചു പവനും .ഇരുപതു സെന്റ് പാടവും.
എന്റെ ഇളയ മരുമക്കളൊക്കെ രാജാത്തികൾ ആണ്.പൊന്നും പണ്ടവും കൊണ്ട് ദേഹം മൂടിയിട്ടാണ് അവര് വന്നു കയറിയത്.അല്ലാതെ നിന്നെ പോലെ കയ്യും വീശിയല്ല.”
കാണുമ്പോഴൊക്കെയുള്ള ശകാരം കേട്ട് കേട്ടവൾക്കു ശീലമായി.അതൊക്കെ കേട്ട് തന്നെയാണ് നാരായണ പിള്ളക്ക് അവളോട് കൂടുതൽ വാത്സല്യം .ഭാര്യ കൊടുക്കുന്ന ശകാരത്തിനു പകരം അദ്ദേഹം അവളെ സ്നേഹം കൊണ്ട് മൂടി.
സന്ധ്യ സമയത്തു അദ്ദേഹത്തിന് കുഴമ്പു പുരട്ടി കൊടുക്കുന്നത് മാധവനോ മാലിനിയോ ആയിരിക്കും.ആരും കേൾക്കാതെ അദ്ദേഹം അവളെ ആശ്വസിപ്പിക്കാൻ ശ്രമിയ്ക്കും.
“മോൾക്ക് മതിയായോ ഈ വീട്ടിലെ പൊറുതി.അവളങ്ങനെയൊരു ജന്മം.മാധവൻ നല്ല കുട്ടിയാണ്.നിങ്ങള് ഡോക്ടറെ പോയി കണ്ട വിവരം അവനെന്നോട് പറഞ്ഞു.
നീ അവനെ വെറുക്കരുത്.ഞാൻ അവനെ എവിടെ കൊണ്ട് പോയി വേണേലും ചികിൽസിക്കാം.പണം ഒരു പ്രശ്നമല്ല മോളെ.ഒരു കുഞ്ഞ് നിങ്ങളുടെ ജീവിതത്തിന് ആവശ്യമാണിപ്പോൾ.
നിന്റെ മനസ്സ് വേദനിക്കുന്നത് കാണാൻ ഈ അച്ഛന് വയ്യ .നീയില്ലാതെ അവനിനിയൊരു ജീവിതം ഉണ്ടാകില്ല.അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ആലോചിക്കാം.”
കിടപ്പു മുറിയിൽ കലങ്ങിയ കണ്ണുമായി പലരാത്രികളും കയറി വരുന്ന മാലിനിയെ സഹതാപത്തോടെ നോക്കിയിരുന്നിട്ടുണ്ട് മാധവൻ. ഇന്ന് വെറുമൊരു കരച്ചിലല്ല.
അവൾ വല്ലാണ്ട് തേങ്ങി കരയുകയാണ്.ഇടത്തെ കൈ അവൾ സാരിയിൽ പൊതിഞ്ഞു ഒളിച്ചു പിടിച്ചിരിക്കുകയാണ്.അയാൾ അവളെ തന്നോട് ചേർത്ത് നിർത്തി.
“എന്നതാ മാലൂ? ഇന്നെന്തായിരുന്നു അമ്മയുടെ സാഹസം? “അയാളവളുടെ കൈ പിടിച്ചപ്പോഴേക്കും അവൾ വേദന കൊണ്ട് പുളഞ്ഞു.അയാൾ അവളുടെ കൈ പരിശോധിച്ചപ്പോളാണ്.ചുവന്ന പൊള്ളൽ പാടുകൾ.
“അയ്യോ ,ഇതെന്തു പറ്റി.അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത്.”അവൾ മറുപടിയൊന്നും പറഞ്ഞില്ല.എല്ലാം സഹിക്കുകയാണ്. സ്വന്തമെന്നു പറയാൻ ഒന്നുമില്ല. കഴുത്തിൽ കിടക്കുന്ന താലി മാത്രമാണ് സ്വന്തം. ഭർത്താവോ? അയാൾ സർവരുടെയുമാണ്.ഏതു സ്ത്രീയും ആഗ്രഹിക്കുന്ന പോലെ സ്വന്തം കുഞ്ഞ്.
അതിനുമൊരു ഭാഗ്യമില്ല. സ്വന്തം വീട്ടിലേയ്ക്കു മടങ്ങാമെന്ന് വിചാരിച്ചാൽ ആ വീടിപ്പോൾ ആങ്ങളയുടെയും കുടുംബത്തിന്റേതുമാണ്. ഒന്നുമില്ല!! ,തനിക്കാരുമില്ല!!.
“മാലൂ ,നമുക്ക് ആശുപത്രിയിൽ പോകാം.”അയാൾ ഒന്നാം നിലയിലെ തടി കൊണ്ടുള്ള പടിക്കെട്ടുകൾ ചാടിയിറങ്ങി.അച്ഛന്റെയും അമ്മയുടെയും വാതിലിൽ മുട്ടി.നാരായണ പിള്ള വാതിൽ തുറന്നു.
“എന്താ മോനെ ,ഈ രാത്രിയിൽ.”ആദ്യമായി ക്ഷോഭിച്ച് സംസാരിക്കുന്ന മാധവനെ അയാൾ കണ്ടു.
“അച്ഛാ സഹിക്കുന്നതിനും ഒരു അതിരുണ്ട്. അതുമൊരു മനുഷ്യ ജീവനല്ലേ .ഞാൻ അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയ്ക്കോളാം.
നേരം വെളുക്കുന്നതു തൊട്ട് പാതിരാത്രി വരെ ഈ വീട്ടിലെ സകല മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി കഷ്ടപ്പെടുന്നത് അച്ഛനും കാണുന്നില്ലേ . എന്നിട്ടും ആ പാവത്തിനെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച എന്റെ അമ്മ ഒരു സ്ത്രീ തന്നെയാണോ?.”
നാരായണ പിള്ള ഉടനെ തന്നെ ആരെയോ ഫോൺ ചെയ്തു.”അവളോട് താഴേയ്ക്ക് വരാൻ പറയൂ .ഇപ്പോൾ കാർ വരും അവളെ ആശുപത്രിയിൽ കൊണ്ട് പോകൂ.കൈ ഭേദപ്പെടുന്നത് വരെ അവിടെ കഴിഞ്ഞാൽ രണ്ടു പേരും .
ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.ഇവിടെ ഒരു ശുദ്ധികലശം ആവശ്യമുണ്ട്.”തിരിഞ്ഞു സുഭദ്രാമ്മയോടു ചോദിച്ചു.
“അവൻ പറഞ്ഞത് നേരാണോ? ആണോയെന്ന്. ഞാൻ തീർപ്പാക്കും ഈ കേസ്.സുഭദ്രാമ്മക്കു നാരായണ പിള്ളയെ ശരിക്കു അറിഞ്ഞൂടാ. മാലിനി ഇന്ന് മുതൽ എന്റെ മരുമകളല്ല ,മകളാണ് .
അവളുടെ മേൽ ഇനിയൊരാളും ഒരു നുള്ള് മണ്ണ് വാരിയിട്ടെന്നറിഞ്ഞാൽ നാരായണ പിള്ള ആരാണെന്നവർ ആ നിമിഷം അറിയും.”
അദ്ദേഹത്തിന്റെ വലതു കൈ സുഭദ്രാമ്മയുടെ കവിളിൽ പതിഞ്ഞു.പിന്നത്തെ ഒരാഴ്ച വീട്ടിലെ എല്ലാ പണിയും സുഭദ്രാമ്മ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു.മറ്റു മക്കളൊക്കെ വിവരമറിഞ്ഞു ക്ഷോഭിച്ചെങ്കിലും അച്ഛനെ എതിർക്കാനുള്ള ധൈര്യം ആർക്കും ഉണ്ടായില്ല.
ഒരാഴ്ച കഴിഞ്ഞു മാലിനിയെ ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നു.നാരായണ പിള്ള മക്കളെയൊക്കെ വിളിച്ചു കൂട്ടി.ഗൾഫിലുള്ള ഒരു മകൻ ഒഴിച്ച് ബാക്കി മക്കളും മരുമക്കളും എത്തി ചേർന്നു.
ഇപ്പോൾ താമസിക്കുന്ന ഒന്നരയേക്കർ പറമ്പും നാലുകെട്ടും മാലിനിയുടെയും മാധവന്റെയും പേരിൽ എഴുതി വച്ചു.മരണം വരെ എന്നെയും എന്റെ ഭാര്യയെയും സംരക്ഷിക്കുന്നതിന്റെ പ്രത്യുപകാരമായിട്ടാണ് ഈ വീട് മാധവന് കൊടുക്കുന്നത്.
മറ്റു സ്വത്തുക്കളൊക്കെ മുൻപ് പറഞ്ഞിരുന്ന പോലെ മക്കൾക്കൊക്കെ തുല്യമായി ഭാഗിച്ചു. പരാതിയുമായി വന്ന ഇളയമകനോട് നീ ജോലി രാജി വച്ചു എന്നെയും അമ്മയെയും മരണം വരെ സംരക്ഷിക്കാമെങ്കിൽ വീടും പറമ്പും നിന്റെ പേരിൽ എഴുതി തരാമെന്നായി.
മാധവന്റെ അനുജനായ മഹാദേവന്റെ മൂന്നു ആണ്മക്കളിൽ രണ്ടാമത്തേതായ ഉണ്ണിയെ മാധവനും മാലിനിക്കും ദത്തെടുക്കാൻ താല്പര്യമുണ്ടെന്നറിയിക്കുകയും ചെയ്തു.
ആദ്യ എതിർത്തെങ്കിലും മാധവന്റെ സ്വത്തും സംരക്ഷണവും തന്റെ മകന് ലഭിക്കുമെന്ന അറിവിൽ ഉണ്ണിയുടെ മാതാവ് ശ്രീദേവി സമ്മതം അറിയിക്കുകയും ചെയ്തു.
ഉണ്ണിയുടെ വളർത്തമ്മയായി മാറിയതോടെ മാലിനിയുടെ ജീവിതം മാറി.എന്തിനും ഏതിനും മാലിനിയോട് വഴക്കിടാൻ നിന്ന സുഭദ്രാമ്മ നല്ല നടപ്പിലായി.
മാലിനിയാകട്ടെ മുഴുവൻ സമയവും ഉണ്ണിയോടൊപ്പമായി. അവളുടെ മാറ്റം കണ്ടു സന്തോഷവാനായിട്ടാണ് നാരായണ പിള്ള അദ്ദേഹം ഒരു സന്ധ്യാനേരത്തു സ്വർഗ്ഗസ്ഥനായത്.
മാലിനി കൊണ്ട് കൊടുത്ത പാൽകാപ്പി ആസ്വദിച്ച് കുടിച്ചു ഉമ്മറത്തെ ചാര് കസേരയിൽ കിടന്നു “ദീനാകരുണാകരനെ നീലകണ്ഠനെ ” എന്ന ത്യാഗരാജ ഭാഗവതരുടെ കീർത്തനം കേട്ടതാണ്.ഒന്ന് മയങ്ങി പോയി.പിന്നെ കണ്ണ് തുറന്നില്ല.സന്തോഷകരമായ മരണം.
സുഭദ്രാമ്മയുടെ ദുഖത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.വീണ്ടും മാലിനിയോട് കൊമ്പു കോർക്കാൻ തുടങ്ങിയ അവരെ മാലിനി മയത്തിൽ ഒതുക്കി.
“‘അമ്മയ്ക്ക് ഞങ്ങളുടെ കൂടെ ബുദ്ധിമുട്ടാണെങ്കിൽ ഇടക്കിടക്ക് മറ്റു മക്കളോടൊപ്പവും പോയി നില്ക്കാമല്ലോ.രണ്ടു പെണ്മക്കളോടൊപ്പം പോയ അമ്മ ഒരാഴ്ചപോലും തികയ്ക്കാതെ മടങ്ങി.പിന്നെ എല്ലാം മാലിനിയുടെ നിയന്ത്രണത്തിലായി.
മാലിനി പോലും അത്ഭുതപെടുന്ന വിധത്തിലായിരുന്നു സുഭദ്രാമ്മയുടെ മാറ്റം .”എന്റെ മാലിനി ,നിന്റെ മുടിയൊക്കെ ഒന്ന് ശ്രദ്ധിക്കൂ .ഒക്കെ കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു .”
“നിന്റെ നിറമാകെ കരുവാളിച്ചു .ആ മുഖത്തു എന്തെങ്കിലും ചെയ്യണേ .ആരോഗ്യം ശ്രദ്ധിക്കണേ .
വൈദ്യരോട് പറഞ്ഞു കുറച്ചു കൂശ്മാണ്ട രസായനം കൊണ്ട് വരുത്തിക്കാം ,അല്ലേൽ ഞാനിത്തിരി ഉള്ളി ലേഹ്യം ഉണ്ടാക്കി തരട്ടെ നിനക്ക് ,നീ കഴിക്കുമോ .നല്ല നിറം വരും ”
“ഉണ്ണി ഭാഗ്യമുള്ളവനാ ,നിന്നെ പോലെ ഒരമ്മയെ കിട്ടിയില്ലേ അവന് ,ശ്രീദേവി അവന്റെ കാര്യം ഒന്നും നോക്കില്ലായിരുന്നു .മഹാദേവന് മൂത്ത മകനോടും ,ശ്രീദേവിക്ക് ഇളയമകനോടുമായിരുന്നു കൂടുതൽ സ്നേഹം . ഉണ്ണീടെ കാര്യം നോക്കാൻ നീയെങ്കിലുമുണ്ടായല്ലോ മാലിനി .”
വീടാകെ മാറി .അമ്മയുടെയും ഉണ്ണിയുടെയും കളിചിരികൾ മുഴങ്ങി.ചിരിക്കാൻ മറന്ന മാധവേട്ടൻ പോലും ചിരിക്കാൻ തുടങ്ങിയ സമയം .
അമ്മയ്ക്ക് ഏത് മഴയത്തും മഞ്ഞിലും പുലർച്ചെ എണീറ്റ് കുളിക്കുന്ന ശീലമുണ്ട് .ഉണ്ണി പത്താം ക്ലാസ്സിലായിരുന്നു .രാവിലത്തെ ട്യൂഷന് വേണ്ടി അവനു നേരത്തെ പ്രാതൽ തയാറാക്കി നല്കാൻ അടുക്കളയിൽ കയറി .
ചായ കൊണ്ട് വച്ചിട്ടും അമ്മ കുളിമുറിയിൽ നിന്ന് പുറത്തേയ്ക്കു ഇറങ്ങി വന്നില്ല .കുറെ കാത്തു നിന്നു,പിന്നെ വിളിച്ചു .അപ്പോഴേക്കും മാധവേട്ടൻ ഉണ്ണിയേയും കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നു
അടുത്ത വീട്ടിലെ ശാന്തേച്ചിയെയും മകനെയും കൊണ്ട് വാതിൽ തല്ലി പൊളിച്ചു .പാവം അമ്മ .ഒരു വശം തളർന്നു പോയിരുന്നു .പിന്നെ മരണം വരെ ഒരേ കിടപ്പ്.ഉണ്ണിയെയും അമ്മയെയും ഒരു കുറവും വരുത്താതെ മാലിനി പരിചരിച്ചു .
അവസാനകാലത്തു അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മരുമകളായി മാലിനി മാറിയിരുന്നു .അച്ഛന്റെ ഫോട്ടോയിലും മാലിനിയുടെ മുഖത്തും നോക്കി കണ്ണീർ പൊഴിച്ചു അവർ കാലം കഴിച്ചു .
ഒരു മകരമാസത്തിലെ സായാഹ്നം .അമ്മക്ക് പാൽ കഞ്ഞി കൊടുത്തു ,സാരി തുമ്പ് കൊണ്ട് ചുണ്ടു തുടച്ചു എഴുന്നേൽക്കാൻ ശ്രമിച്ച മാലിനിയുടെ കയ്യിൽ ബലമായി പിടിച്ചു സുഭദ്രാമ്മ .
ഒന്നും മിണ്ടാൻ കഴിയാത്തതിനാൽ കണ്ണീർ തൂകി .കുറെ നേരം ഒരേയിരുപ്പിരുന്നു മാലിനി അമ്മയോട് സംസാരിച്ചു കൊണ്ടേയിരുന്നു,തിരികെ സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചു .
എത്ര നേരം അങ്ങനെയിരുന്നു എന്നറിയില്ല .മാധവേട്ടനു കഞ്ഞി വിളമ്പാൻ നേരമായപ്പോൾ ഉണ്ണിയെ പിടിച്ചു അടുത്തിരുത്തി .
അവനും അമ്മക്ക് ഇഷ്ടമുള്ള പാട്ടുകൾ പാടി അടുത്തിരുന്നു .ഇടയ്ക്കു ഉണ്ണിയുടെ നിലവിളി കേട്ട് ഓടി ചെന്നപ്പോഴേക്കും അമ്മയുടെ കൃഷ്ണമണികൾ പുറകോട്ടു മറിഞ്ഞ് തുടങ്ങിയിരുന്നു .
ശ്വാസോച്ഛാസം ക്രമരഹിതമായി .മാധവേട്ടനോട് കയ്യിൽ നിന്നും കുറച്ചു വെള്ളം നാവിൽ ഇറ്റിക്കാൻ ആവശ്യപ്പെട്ടു .അത് നുണഞ്ഞ് കൊണ്ട് അമ്മ കണ്ണുകളടച്ചു ,എന്നന്നേക്കുമായി.
തൊടിയിൽ അമ്മക്കായി മാറ്റി നിർത്തിയിരുന്ന ഒരു വലിയ നാട്ടുമാവുണ്ടായിരുന്നു .അതിന്റെ ശാഖകൾ വെട്ടിയിടുന്നത് കണ്ടു മനസ്സ് പിടച്ചു .തെക്കേ മുറിയിലെ ജനലിലൂടെ ചിത ആളിക്കത്തുന്ന കാഴ്ച കണ്ടു തളർന്ന മാലിനിയെ ഉണ്ണി താങ്ങി പിടിച്ചു .
അമ്മ പോയപോഴാണ് തന്റെ ശക്തി ചോർന്നത് മാലിനിയ്ക്കു മനസിലായത് .ആ അമ്മക്കരുത്തായിരുന്നു തന്റെ പെൺക്കരുത്തിന്റെ അടിസ്ഥാനമെന്ന് .
മക്കളും മരുമക്കളും തറവാട്ടിൽ ഒത്തു കൂടി .അമ്മയുടെ ചടങ്ങുകൾ കഴിഞ്ഞു മടങ്ങാൻ എല്ലാവർക്കും ധൃതിയായി .സുഭദ്രാമ്മയുടെ ഏക സഹോദരനായ രാമനാമ്മാവന്റെ അധ്യക്ഷതയിൽ കുടുംബ യോഗം കൂടി .
“പതിനാറ് കഴിഞ്ഞു ഇനി അസ്ഥി നിമഞ്ജനം ചെയ്യണം .ഞങ്ങൾക്കെല്ലാം മടങ്ങേണ്ടതാണ് . ലീവൊക്കെ തീർന്നു .അച്ഛനും അമ്മയും പോയി .അങ്ങനെ നാടുമായുള്ള ബന്ധങ്ങൾ തീർന്നു .”
മാധവേട്ടന്റെ ഏറ്റവും ഇളയ സഹോദരനായ മഞ്ജുനാഥൻ പറഞ്ഞു .
“അതെ ,ഇവിടെയങ്ങു കൂടിയാൽ മതിയോ ? പോയിട്ട് കുറച്ചു ജോലിയുണ്ട് .”പിന്നെ വാക് വാദങ്ങളായി.ഒടുവിൽ ക്ഷമകെട്ട് മാലിനി ഇടപ്പെട്ടു.
“രാമനമ്മാവൻ എന്നോട് ക്ഷമിക്കണം. ഇവരുടെയൊക്കെ തിരക്ക്, അവരുടെ സ്വകാര്യ പ്രശ്നങ്ങളാണ്. അമ്മയെന്നത് എട്ട് പേർക്കും തുല്യവകാശമുള്ളതാണ്.ഇവരൊക്കെ പൊയ്ക്കോട്ടേ.
അമ്മയുടെ ആഗ്രഹപ്രകാരം അസ്ഥി കലശം ഒരു വർഷം വീട്ടിൽ വച്ച് വിളക്ക് കത്തിച്ച്, അതിന് ശേഷം ആചാരപ്രകാരം കർമ്മങ്ങൾ ചെയ്ത് യഥാവിധി സമുദ്രത്തിൽ നിമജ്ജനം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.അല്ലേ മാധവേട്ടാ,”
മാധവൻ ആദ്യം ഒന്നന്തിച്ചെങ്കിലും പിന്നെ അതേയെന്ന് തലയാട്ടി.അയാൾ ധൈര്യം സംഭരിച്ച് പറഞ്ഞു.
“ഇവരൊന്നും അമ്മ ജീവിച്ചിരുന്നപ്പോഴും അമ്മയ്ക്ക് വേണ്ടി ഒരു ദിവസം ചെലവിട്ടിട്ടില്ല.പിന്നല്ലേ മരിച്ചിട്ട്.”
“അത് ഏട്ടൻ പറയുന്നത് തെറ്റാണ്.ഞങ്ങളോടാരും ആവശ്യപ്പെട്ടിട്ടില്ലല്ലോ അമ്മയെ നോക്കണമെന്ന്.ഞങ്ങളങ്ങ് കൊണ്ട് പോയേനെ ഗൾഫിലേക്ക്.”
മറുപടി പറഞ്ഞത് രാമനമ്മാവനായിരുന്നു.”സ്വന്തം അമ്മയെ നോക്കണമെന്ന് നിനക്കറിയില്ലേ, ഇത്രേം വയസ്സുള്ള പോത്തനോട് ആരാ ഇതൊക്കെ പറഞ്ഞ് തരേണ്ടത്.
എന്തായാലും ഇതൊന്നും മര്യാദയല്ല. സുഭദ്രേച്ചിയുടെ അസ്ഥി കലശം മാലിനി പറഞ്ഞത് പ്രകാരം ഒരു വർഷം വീട്ടിൽ യഥാവിധി സൂക്ഷിച്ചു അതിന് ശേഷം കർമ്മങ്ങൾ ചെയ്യാം.”
“അത് പിന്നെ.മകളുടെ കല്യാണമാണ് അടുത്ത ചിങ്ങത്തിൽ , അതിന് മുമ്പ്.”രണ്ടാമത്തെ പെങ്ങളുടെ ഭർത്താവാണ്.
“ബാലകൃഷ്ണൻ വിഷമിക്കേണ്ട.കല്യാണവും ഈ ചടങ്ങുകളും തമ്മിൽ ഒരു ബന്ധവുമില്ല.നാളെ തന്നെ എല്ലാവരും തിരക്കുകളിലേയ്ക്ക് മടങ്ങി കൊള്ളൂ.”
മാലിനി വീണ്ടും എന്തോ പറയാനായി തുനിഞ്ഞു.എല്ലാവരും ദേഷ്യത്തോടെ അവളെ നോക്കി.
” ഈ വീടും ഒരേക്കർ സ്ഥലവും ഞങ്ങൾ അച്ഛൻ്റെ പേരിൽ ഒരു ട്രസ്റ്റാക്കാൻ ആഗ്രഹിക്കുന്നു.അച്ഛനെ പോലെ ഒരു വക്കീലാകാൻ ഇവർക്കാർക്കും കഴിഞ്ഞില്ല.
അതിലച്ഛന് നല്ല വിഷമം ഉണ്ടായിരുന്നു.അത് കൊണ്ട് ഈ വീടിൻ്റെ ഒരു ഭാഗത്തായി ഒരു ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങണം.താമസിയാതെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കായി ഒരു സ്പെഷ്യൽ സ്കൂൾ തുടങ്ങാനും പ്ലാനുണ്ട്.”
മഹാദേവൻ ചാടിയെണീറ്റു.”അതെങ്ങനെ ശരിയാകും.ഇതൊക്കെ നൽകാമെന്ന് പറഞ്ഞല്ലേ എൻ്റെ മകനെ ദത്തെടുത്തത്.”
“ഇത് മാത്രമേ ട്രസ്റ്റിന്റെ കീഴിൽ ഉള്ളൂ.ബാക്കി സ്വത്തൊക്കെ ഞങ്ങളുടെ മരണശേഷം ഉണ്ണിയ്ക്കാണ്.അവന് ജീവിക്കാൻ അത് ധാരാളമല്ലേ.ഞാനും മാധവേട്ടനും പിന്നെ മേജറാകുന്ന മുറയ്ക്ക് ഉണ്ണിയും ട്രസ്റ്റിൻ്റെ ആജീവനാന്ത മെമ്പർമാരാകും.”
മഹാദേവൻ ചാടിയെണീറ്റു.”ഞാനെൻ്റെ മകനെ കൂടെ കൊണ്ട് പോകുന്നു.””അങ്ങനെ പറഞ്ഞാലെങ്ങനെയാ.മുദ്രപത്രത്തിൽ അച്ഛൻ്റെ സാന്നിധ്യത്തിൽ ഒപ്പിട്ടതല്ലേ.”
മാധവൻ തേങ്ങി.”എന്നാൽ ഏട്ടൻ കൊണ്ട് കേസ് കൊടുക്ക്.”മാധവൻ മഹാദേവൻ്റെ കാലുപിടിക്കാനൊരുങ്ങി.മാലിനി മാധവനെ തടഞ്ഞു.
“മാധവേട്ടാ, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മതിയായില്ലേ.ഇനിയെങ്കിലും നിങ്ങൾക്ക് വേണ്ടി നിങ്ങളൊന്ന് ജീവിക്കൂ.”
മഹാദേവനെ നോക്കി പറഞ്ഞു.”ശ്രീദേവി പ്രസവിച്ചു എന്നേയുള്ളൂ, ഞാനാണവൻ്റെ അമ്മ.നീയെത്ര അകലെ കൊണ്ട് പോയാലും അവൻ ഞങ്ങളെ തേടി വരും.”
അന്ന് ആ വീടിന്റെ പടിയിറങ്ങിയ മഹാദേവനും കുടുംബവും പിന്നെ മടങ്ങി ആ വീട്ടിലേക്ക് വന്നില്ല.
പക്ഷെ അച്ഛൻ്റേയും അമ്മയുടേയും കണ്ണ് വെട്ടിച്ച് ഫോണിലൂടെയും കത്തിലൂടെയും ഉണ്ണി വലിയച്ചനും വലിയമ്മയുമായുള്ള ബന്ധം നിലനിർത്തി.മുതിർന്നപ്പോൾ അവൻ കൂടെ കൂടെ അവരെ കാണാൻ വരുമായിരുന്നു.
മാധവേട്ടൻ മരിച്ചപ്പോൾ ഒരു മാസത്തോളം മാലിനിയമ്മയുടെ കൂടെ കഴിയുകയും ഒരു മകൻ ചെയ്യേണ്ടുന്ന കടമകൾ ചെയ്യുകയും ചെയ്തു.ട്രസ്റ്റ് സെക്രട്ടറി ചന്ദ്രൻ ഇതൊക്കെ ഐസക്കിനോട് പറഞ്ഞു നിർത്തി
അപ്പോഴാണ് ഗേറ്റ് കടന്നു ഒരു ടൂറിസ്റ്റ് കാർ ട്രസ്റ്റ് ഓഫീസിന്റെ മുന്നിൽ നിന്നു.”ഉണ്ണിയും അവൻ്റെ ജർമ്മൻകാരിയായ ഭാര്യ കാതറീനുമാണ്.രണ്ട് പേരും പി പി റ്റി കിറ്റ്
ധരിച്ചിരുന്നു.അവരെ കണ്ട്,കോവിഡിനെ പേടിച്ച് മറ്റുള്ളവർ പിന്മാറി.ചന്ദ്രൻ അവരെയും കൂട്ടി മാലിനിയുടെ മുറിയിൽ എത്തി.മൂക്കിലും കയ്യിലും ഘടിപ്പിച്ച ട്യൂബുകൾ.
മെലിഞ്ഞ് ഒട്ടിയ ശരീരത്തിന്റെ നെഞ്ചിൻ്റെ ഭാഗത്തെ ചെറിയ ചലനം കൊണ്ട് ജീവനുണ്ടെന്ന് മനസ്സിലാക്കാമെന്ന് മാത്രം.ഉണ്ണി വിതുമ്പി പോയി.അമ്മേയെന്നുറക്കെ വിളിച്ചു.ആരും വിളി കേട്ടില്ല.മെല്ലെ കണ്ണ് തുറന്നു.പകച്ച് ചുറ്റും നോക്കി.ഉണ്ണിയെ മനസ്സിലായില്ല.
ആരെ കാണാനാണോ ആ ജീവൻ കാത്തിരുന്നത് അയാളുടെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ശരീരം അവർ മനസ്സിലാക്കിയില്ല.അത് തൻ്റെ പ്രിയപ്പെട്ട ഉണ്ണിയാണെന്ന് ഒരു സൂചനയും കിട്ടിയില്ല.അവർ മൂന്ന് പേരും കരഞ്ഞ് പോയി.
ചന്ദ്രൻ ചുറ്റും നോക്കി.പിന്നെ പറഞ്ഞു.”ഞാൻപുറത്ത് പോയി കാവൽ നിൽക്കാം .നിങ്ങൾ രണ്ട് പേരും ഇതൊക്കെ ഊരി മാറ്റി അമ്മയുടെ അടുത്തേക്ക് ചെല്ലൂ.
നിന്നെ മനസ്സിലായി കാണില്ല.എത്ര നാളെന്ന് വച്ചാണ് നിനക്ക് വേണ്ടി ജീവൻ പിടിച്ചു നിർത്തുന്നത്.കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായി.അമ്മ സമാധാനത്തോടെ മരിച്ചോട്ടെ.”
കുറച്ച് കഴിഞ്ഞ് പി പി റ്റി കിറ്റ് ധരിച്ച് രണ്ട് പേരും പുറത്ത് വന്നു.”എന്തായി.””അമ്മ പോയി ചന്ദ്രേട്ടാ.”
നാട്ട് മാവിൻ്റെ ശിഖരങ്ങൾ മുറിഞ്ഞ് വീഴുന്നത് കണ്ട്,അതിന്റെ കനത്ത കമ്പുകൾ കൊണ്ട് ചിത തീർക്കുന്നത് കണ്ട്, കർപ്പൂരവും നെയ്യും കൊണ്ട് ചിത ആളി കത്തിക്കുന്നത് കണ്ട് ,
ചിതയ്ക്ക് ചുറ്റും നീർകുടമെടുത്ത് വലം വയ്ക്കുന്ന ഉണ്ണിയെ കണ്ട് കാതറിൻ നെടുവീർപ്പിട്ടു.അമ്മയുടേയും മകൻ്റേയും സ്നേഹത്തിന്റെ ഇഴയടുപ്പങ്ങൾ.