രചന: Pratheesh
മാസമുറ തെറ്റിയിരിക്കുന്നു…,
ഗർഭിണിയാണോ എന്നോരു സംശയമുണ്ടെന്ന്…,
എന്റെ സ്ക്കൂളിൽ പഠിക്കുന്ന ശാലീനതക്ക് പേരുകേട്ട അവൾ എന്നോടു വന്നതു പറഞ്ഞപ്പോൾ…,
ഞാനൊന്നു ഞെട്ടി…..!
എങ്ങിനെ ഞെട്ടാതിരിക്കും
അവളുടെ അതെ പ്രായത്തിലുള്ള ഒരുത്തിയാണല്ലൊ ഞാനും….!
അതും പോരാതെ
പ്ലസ് വൺനു പഠിക്കുന്ന ഒരുത്തി ഗർഭിണിയായാൽ നമ്മുടെ നാട്ടിലെ ആരും ഒന്നു ഞെട്ടുമല്ലൊ…..?
അതാണല്ലോ കേരളവും മലയാളിയും….!
ഇനി എന്നെ പറ്റി ഞാൻ പറയാം…,ആ സ്ക്കൂളിലെ ഏറ്റവും തറയായ ഒരുത്തിയായിരുന്നു ഞാൻ….,
സാധാരണ ഒരു പെൺക്കുട്ടിക്ക് പേടി തോന്നുന്നതൊന്നും എനിക്കു ഭയമേ തോന്നിയിരുന്നില്ല….,
മുഖത്തു കുരു വരുന്നത്…,
മുഖം കരുവാളിക്കുന്നത്…,
ശരീരം തടിക്കുന്നത്….,
മുടി കൊഴിയുന്നത്….,
ടൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത്…,
കുളിക്കാതെ സ്പ്രേയടിച്ചു നടക്കുന്നത്….,
മുടി ചീകിയൊതുക്കാത്തത്.,
കമന്റെടിക്കുന്നവന്റെ തള്ളക്കു വിളിക്കുന്നത്…,
ബൈക്കിൽ ആണുങ്ങളോട് ലിഫ്റ്റടിച്ച് യാത്ര ചെയ്യുന്നത്…,
മനപ്പൂർവ്വം ദേഹത്തു കൈ വെക്കുന്നവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കുന്നത്…,
സേഫ്റ്റിക്കായി പോക്കറ്റിലെപ്പോഴും പെപ്പർ സ്പ്രേ കൊണ്ടു നടക്കുന്നത്….,
അങ്ങിനെ പലതും….,
എന്റെ സ്ക്കൂളിലെയും ക്ലാസ്സിലെയും പെൺക്കുട്ടികൾക്കാർക്കും പൊതുവേ എന്നെ താൽപ്പര്യമില്ല…,
അങ്ങോട്ടു പോയി ഒരു ബന്ധം ഞാനും സ്ഥാപിക്കാറില്ല….!
ഞാൻ ആ സ്ക്കൂളിലെ അനുസരണക്കേടുകളുടെ ഒറ്റയാനാണ്..,
പക്ഷെ എങ്ങിനെയൊക്കെ നടന്നാലും പഠിപ്പിൽ എന്നെ വെല്ലാൻ ഒരുത്തിയേയും ഞാൻ അനുവദിച്ചില്ല അതു കൊണ്ടു തന്നെ എന്റെ താൽപ്പര്യങ്ങളിൽ സ്ക്കൂൾ മാനേജ്മെന്റ് ഒരു തരത്തിലും ഇടപ്പെട്ടില്ല…,
ക്ലാരാ മേരി കുര്യൻ ”
എന്നു പറഞ്ഞാൽ ടീച്ചർമാർക്കു പോലും പേടിയാണ്….,
ഞാൻ ആളിത്തിരി പിശകാണെന്ന് അവർക്കെല്ലാം അറിയാം
കാരണം ഞാൻ ക്ലാസിലെക്ക് ബസ്സിൽ വന്നതിനേക്കാൾ കൂടുതലായി ബൈക്കിൽ ലിഫ്റ്റടിച്ചിട്ടാണ് വരാറുള്ളത്…,
എല്ലാറ്റിനും ഒരു കണക്കുണ്ടായിരിന്നിട്ടും ഞാൻ ഒരു കൂസലുമില്ലാതെ വലിയ പൊട്ടു ധരിച്ചാണ് ക്ലാസിൽ വരിക.
സ്കൂളിൽ യൂണിഫോം ആയതു ക്കൊണ്ടു മാത്രം അല്ലെങ്കിൽ ഞാൻ ഫാഷൻപരേഡ് നടത്തിയേനെ അവിടെ എന്നവർക്കറിയാം…!
ഞാനൊന്നും കുടയെടുത്ത് സ്കൂളിൽ പോയ ചരിത്രമേയില്ല.നിങ്ങളുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ മഹാതല്ലിപ്പൊളിയാണ് ഞാൻ….,
പക്ഷെ ഇവൾ അങ്ങനെ ആയിരുന്നില്ല എനിക്കവളെ അത്ര നന്നായി അറിയുകയില്ല പക്ഷെ കണ്ടിട്ടുണ്ട്
എന്നെ പിന്നെ നാട്ടിലെ വെളിച്ചപ്പാടിനെ പോലെ എല്ലാവർക്കും അറിയാമല്ലോ….ചിലപ്പോൾ അതായിരിക്കാം
ഇതു പോലൊന്ന് തുറന്നു പറയാൻ
അവൾ എന്നെ തിരഞ്ഞെടുത്തത്…,അപ്പോൾ എന്നെപ്പോലെ
എല്ലാവരാലും അകറ്റി നിർത്തപ്പെടുന്ന ഉപകാരപ്രദമല്ലാത്തവരും
ചില നേരം മരുന്നിനേക്കാൾ ഉപകാരപ്പെടുമെന്ന്
എനിക്കു അപ്പോൾ മനസ്സിലായി….!
അവൾക്ക്
എതോ കോളേജ് പയ്യനുമായി
പ്രണയവും ചുറ്റിക്കളിയും…,
പ്രണയത്തിന്റെ ആത്മാർത്ഥത കൂടിയപ്പോൾ…,
പ്രണയസമ്മാനം കൊണ്ട് മനസിനു പകരം വയറാണ് നിറയാൻ പോകുന്നത്…,
വിവരം അറിഞ്ഞ ഉടനെ അവൾ അവനെ വിളിച്ചെങ്കിലും സന്തോഷ വാർത്ത അറിഞ്ഞതിന്റെ അടുത്ത മിനുട്ടിൽ ഫോൺ ഒാഫാക്കിയതാണു കൊച്ചിന്റെ തന്ത….!
പിന്നെ ഇന്നേരം വരെ ആ ഫോൺ ശബ്ദിച്ചിട്ടില്ല…
ആള് മുങ്ങി
നല്ല സൂപ്പർ സ്ക്കൂട്ടാവൽ
ഇനി പൊന്തിയാൽ പൊന്തി…,
മഷിയിട്ടു നോക്കിയാൽ പോലും
ഇനി കുറെക്കാലത്തേക്ക്
ആ മഹാനെ കണ്ടു കിട്ടില്ല…!
പക്ഷെ എന്തു ചെയ്യും….?ഇതാണെങ്കിൽ പുറത്താരോടും ചോദിക്കാനോ പറയാനോ പറ്റിയഒരു കാര്യവുമല്ല…,
ഞാൻ തല പുകഞ്ഞു ആലോചിക്കുന്നതിനിടയിൽ
വഴി അവൾ തന്നെ പറഞ്ഞു….,
പ്രഗ്നെൻസി ടെസ്റ്റർ ”
(ഗർഭിണിയാണോ എന്നറിയുന്നതിനുള്ള ഉപകരണം)
വാങ്ങി നോക്കാന്ന്…”
അതു കേട്ടതും ഞാനവളെ ഒന്നു ഇരുത്തി നോക്കി മനസ്സിൽ പറഞ്ഞു ഇത്രയൊക്കെ അറിയാവുന്ന നിനക്ക് ഒരു പത്തു രൂപ മുടക്കി ഒരു പാക്കറ്റ് കുട്ടിക്കുപ്പായം വാങ്ങിച്ചിട്ടു ഇതിനു നിന്നാൽ പോരായിരുന്നോടീ…?
അതെങ്ങനാ
അപ്പോ ശുദ്ധവായു ശ്വസിക്കണം…!
എന്നിട്ട് വന്നു നിന്നോള്ളും ഇതുപോലെ മാസമുറയും തെറ്റിച്ച്….!
ഞാൻ മനസ്സിൽ പറഞ്ഞത് എന്റെ മുഖത്തു നിന്നു വായിച്ചെടുത്ത പോലെ അവളുടെ മുഖഭാവം പെട്ടന്നു മാറി
” പറ്റി പോയി വേറെ ഒരു വഴിയുമില്ലാത്തോണ്ടാണ് ”
എന്ന രൂപത്തിലേക്ക് മുഖം വഴിമാറി….!
അപ്പോൾ ആ പ്രഗ് നെൻസി ടെസ്റ്റർ വാങ്ങാനാണ് അവൾക്ക് സ്ക്കൂളിലെ ചട്ടമ്പിയായ എന്റെ ആവശ്യം….!
എന്തു ചെയ്യാൻ കൂടെ പഠിക്കുന്ന ഒരുത്തി ആയി പോയില്ലെ ഇങ്ങനെ ഒരവസ്ഥയിൽ കൈവിടുന്നതെങ്ങനെ..?
അത്യാവശ്യമായതു കൊണ്ട് യൂണിഫോമിൽ തന്നെ പോയി വാങ്ങണം
എനിക്കാണേൽ അവിഹിത ഗർഭത്തിന്റെ
ഒരു കുറവു കൂടിയേ ഉള്ളൂ ബാക്കി ഒക്കെയുണ്ട്…,
ഇനി ആ ചീത്ത പേരു കൂടി ഞാൻ കേൾക്കണം സാരമില്ല
ന്നാലും ചന്തുനെ തോൽപ്പിക്കാനാവില്ലല്ലോ…”
അങ്ങിനെ
ആ ഒരു പാപം കൂടി ചെയ്തു…!ഭാഗ്യം അവളുടെ കൂടെയായിരുന്നു…,
ചങ്കിടിപ്പോടെ ബാത്ത് റൂമിലെക്കു കയറിയ അവൾ പുഞ്ചിരിയോടെയാണു പുറത്തു വന്നത്….!
സങ്കടം സന്തോഷത്തിലേക്ക് വഴിമാറിയപ്പോൾ ഞാനവളോട് ചോദിച്ചു…,എന്താ നിന്റെ പേരെന്ന്ശാലിനി “പേരു കേട്ടതും ഞാൻ മനസ്സിൽ പറഞ്ഞു” അടിപൊളി സൂപ്പർ പേര്..!
നിന്റെ കൈയിലിരിപ്പു വെച്ചു നോക്കുമ്പോൾ
നിനക്ക് അതിലും കുറച്ചു കൂടി നല്ലത്
ബേബിശാലിനി ”
എന്ന പേരാണ്…!സന്തോഷത്തോടെയുള്ള അവളുടെ പോക്കു കണ്ട് എനിക്കു തോന്നി
എന്റെ കൺവെട്ടത്തു നിന്നു ഒന്ന് മറയേണ്ട താമസം ഒാഫായി കിടക്കുന്ന അവന്റെ ഫോണിലേക്കവൾ അപ്പോൾ തന്നെ sms അയക്കും
നമ്മൾ പേടിച്ച പോലെ ഒന്നും ഇല്ലാ ”
നമ്മൾ അത്ര ടെൻഷനടിച്ചതല്ലെ
അതു മറക്കാൻ നമുക്കൊന്നു കൂടി തമ്മിൽ കൂടിയാലോ എന്നു ചോദിച്ച്….,
അല്ലെങ്കിലും എന്തും ആദ്യാനുഭവത്തിൽ മാത്രമേ ഭയം ജനിപ്പിക്കുന്നുള്ളൂ….,
അവരിത് നിർത്താനൊന്നും പോണില്ല
പകരം ഗർഭിണി ആവാതിരിക്കാനുള്ള എന്തെങ്കിലും മാർഗ്ഗം കണ്ടെത്തും അത്രമാത്രം….!
പിന്നെയും ഞാൻ മനസിൽ പറഞ്ഞു..,സത്യത്തിൽ ഇതിലാരാണ് മലയാളി ഒാർമ്മ വെക്കുന്ന നാൾ മുതൽ മനസിൽ കൊണ്ടു നടക്കുന്ന ശാലീന സുന്ദരി അഥവാ ശാലീനതയുള്ളവൾ…?
വീട്ടുക്കാരെയും കൂട്ടുക്കാരെയും ചുറ്റുമുള്ളവരെയൊക്കെ പറ്റിച്ച് പ്രണയത്തിന്റെ പേരും പറഞ്ഞ്
സ്വന്തം സുഖം തേടി പോകുന്നവളോ…?അതോഎന്റെ ഹൃദയത്തിന്റെ വഴിയേ സഞ്ചരിക്കുന്ന…,ഞാനോ…?